Current Date

Search
Close this search box.
Search
Close this search box.

സംഘടിത സകാത്തിനെതിരെ ദുര്‍ബല ന്യായങ്ങള്‍

സകാത്ത് ഇസ്‌ലാമിക ഗവണ്‍മെന്റിനു കൊടുക്കല്‍ അനുവദീയമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇസ്‌ലാമിക ഗവണ്‍മെന്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ സകാത്തു സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടി മുസ്‌ലിംകള്‍ മഹല്ലടിസ്ഥാനത്തില്‍ രൂപവല്‍കരിക്കുന്ന കമ്മിറ്റികളും ഗവണ്‍മെന്റ് പോലെത്തന്നെയാണ്. കാരണം ഖുര്‍ആന്റെ വീക്ഷണത്തില്‍ ഇസ്‌ലാമിക ഗവണ്‍മെന്റിന്റെ രണ്ടു പ്രഥമ ബാധ്യതകളാണ് നമസ്‌കാരം നിലനിര്‍ത്തുന്നതിനാവശ്യമായ സംവിധാനമുണ്ടാക്കലും സകാത്തു സംഭരിച്ചു വിതരണം നടത്തലും. ഖുര്‍ആന്‍ പറയുന്നു: ”നാം അവര്‍ക്കു ഭൂമിയില്‍ അധികാരം നല്‍കിയാല്‍ അവര്‍ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്തു നല്‍കുകയം നന്‍മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യും ” (അല്‍ഹജ്ജ് 41)

ഗവണ്‍മെന്റില്ലെങ്കിലും നമസ്‌കാരം നാം മഹല്ലടിസ്ഥാനത്തില്‍ സംവിധാനിച്ചിട്ടുണ്ട്. അതുപോലെത്തന്നെയാണ് സകാത്തും സംവിധാനിക്കേണ്ടത്. ഗവണ്‍മെന്റിനു പകരമാണ് കമ്മിറ്റി. ഗവണ്‍മെന്റിനാവുമ്പോഴും അത് ഭരണാധികാരിക്കാണ് നല്‍കുന്നത്. എങ്കിലും യഥാര്‍ഥത്തില്‍ നല്‍കുന്നത് ഭരണകൂടം എന്ന സ്ഥാപനത്തിനാണ്. വ്യക്തിയല്ല കമ്മിറ്റി, അതുകൊണ്ട് കമ്മിറ്റിക്ക് നല്‍കിയാല്‍ സാധുവാകില്ല എന്ന് വാദിക്കുന്നതും ഒരു നിലക്കും ശരിയല്ല. കാരണം ഗവണ്‍മെന്റ് പോലെത്തന്നെയാണ് കമ്മിറ്റിയും. ഗവണ്‍മെന്റില്‍ സുല്‍ത്താനോ, പ്രസിഡന്റോ, പ്രധാനമന്ത്രിയോ ഉള്ളതുപോലെ കമ്മിറ്റിക്കുമുണ്ട് ഒരു പ്രസിഡന്റ്. അതിനാല്‍ ദുര്‍ബലമായ ഈ ന്യായം കമ്മറ്റിക്ക് സകാത്ത് നല്‍കുന്നത് നിരാകരിക്കാന്‍ ശക്തമല്ല. കമ്മിറ്റിക്കാര്‍ അത് വിശ്വസ്തതയോടെ കൈകാര്യം ചെയ്തില്ലെങ്കിലോ എന്നാണ് ചിലരുടെ സംശയം. സകാത്ത് കൊടുക്കുന്ന വ്യക്തിയെ സംബന്ധിച്ചേടത്തോളം അതില്‍ അത്ര വലിയ ഉറപ്പൊന്നും ലഭിക്കേണ്ടതില്ലെന്നാണ് നബിയുടെ ചര്യയില്‍ നിന്നു മനസ്സിലാവുന്നത്. അനസി(റ)ല്‍ നിന്നു ഇമാം അഹ്മദ് ഉദ്ധരിക്കുന്നു: ”ഒരാള്‍ വന്നു റസൂലിനോട് ചോദിച്ചു: ഞാന്‍ എന്റെ സകാത്ത് അങ്ങയുടെ ദൂതനെ ഏല്‍പിച്ചാല്‍ അല്ലാഹുവിന്റെയും റസൂലിന്റെയും മുമ്പില്‍ ഞാന്‍ കുറ്റ മുക്തനായോ? നബി(സ) പറഞ്ഞു: അതെ. നിനക്കതിന്റെ പ്രതിഫലം കിട്ടി. കുറ്റം അതില്‍ കൃത്രിമം ചെയ്തവര്‍ക്കാണ്.”

ചില സ്വഹാബികളുടെ നടപടികള്‍ ഈ കാര്യം ഒന്നുകൂടി ഊന്നി ഉറപ്പിക്കുന്നു: ഇമാം നവവി അല്‍ മജ്മൂഇല്‍ ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെ വായിക്കാം: ”മുഗീറത്തുബ്‌നു ശുഅ്ബ(റ) ത്വാഇഫില്‍ തന്റെ കൃഷി നോക്കാന്‍ ഏല്‍പിച്ചിരുന്ന ആശ്രിതനോട് ചോദിച്ചു: എന്റെ സമ്പത്തിന്റെ സകാത്ത് നീ എങ്ങനെയാണ് ചെയ്യാറുള്ളത്? അദ്ദേഹം പറഞ്ഞു: അതില്‍ ഒരു ഭാഗം ഞാന്‍ അധികാരിക്ക് നല്‍കും. ഒരു ഭാഗം ഞാന്‍ സ്വന്തമായി നല്‍കുകയും ചെയ്യും. മുഗീറ(റ) ചോദിച്ചു: എന്തിനാണ് നീ അങ്ങനെ ചെയ്യുന്നത്? അദ്ദേഹം പറഞ്ഞു: അവര്‍ അതുകൊണ്ടു ഭൂമി വാങ്ങുകയും പെണ്ണുകെട്ടുകയുമൊക്കെ ചെയ്യുകയാണ്. മുഗീറ (റ) പറഞ്ഞു: അത് അധികാരികള്‍ക്കു തന്നെ നല്‍കുക. കാരണം അല്ലാഹുവിന്റെ റസൂല്‍ അതവര്‍ക്കു കൊടുക്കാനാണ് ഞങ്ങളോട് കല്‍പിച്ചിരിക്കുന്നത്.”

മറ്റൊരു റിപ്പോര്‍ട്ട് ഇങ്ങനെ: ”സഹ്‌ലുബ്‌നു സഅ്ദ് തന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: സകാത്ത് ബാധകമാവുന്നത്ര സമ്പത്ത് ഒരിക്കല്‍ എന്റെ കൈയില്‍ ഒരുമിച്ചു കൂടി. ഞാന്‍ അത് തനിച്ചു വിതരണം ചെയ്യുകയോ അതല്ല അധികാരികള്‍ക്കു കൊടുക്കുകയോ ഏതാണ് വേണ്ടതെന്ന് സഅ്ദ്ബ്‌നു അബീവഖാസ്, ഇബ്‌നു ഉമര്‍, അബൂഹുറയ്‌റ, അബൂസഊദില്‍ ഖുദ്‌രി (റ) എന്നിവരോടൊക്കെ ചോദിച്ചു നോക്കി. ഞാന്‍ പറഞ്ഞു: ഈ അധികാരികള്‍ ചെയ്യുന്നത് നിങ്ങള്‍ കാണുന്നുണ്ടല്ലോ. എന്റെ സകാത്ത് ഞാന്‍ അവര്‍ക്കു കൊടുക്കണമോ? കൊടുക്കണമെന്നാണ് അവരെല്ലാവരും നല്‍കിയ മറുപടി.”

അതിനാല്‍ അതി ദുര്‍ബലമായ ന്യായങ്ങള്‍ പറഞ്ഞു ഇന്നിപ്പോള്‍ കേരളത്തിന്റെ നാനാഭാഗങ്ങളിലും ശക്തി പ്രാപിച്ചു വരുന്ന സംഘടിത സകാത്ത് വിതരണ സംരംഭങ്ങളെ നിരുല്‍സാഹപ്പെടുത്തുന്നത് മിതമായി പറഞ്ഞാല്‍ മതവിരുദ്ധവും സമുദായ ദ്രോഹവുമാണ്. എന്നാല്‍ താല്‍ക്കാലികമായി നമ്മുടെ നാട്ടില്‍ ഇതു സംബന്ധിച്ചു ചില പ്രശ്‌നങ്ങള്‍ നിലവിലുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. പല മഹല്ലുകളിലും ഇപ്പോഴും സംഘടിത സകാത്ത് വിതരണം നിലവില്‍ വന്നു കഴിഞ്ഞിട്ടില്ല. സകാത്ത് ദായകനായ ഒരു വ്യക്തിയുടെ ഏറക്കുറെ അടുത്ത ബന്ധുക്കള്‍ സംഘടിത സകാത്തു വിതരണമില്ലാത്ത അടുത്ത മഹല്ലിലാണ് താമസമെന്നു വരാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അയാള്‍ക്ക് ഒന്നുകില്‍ തന്റെ ബന്ധുക്കളെ വിസ്മരിക്കുകയോ അല്ലെങ്കില്‍ ഭാഗികമായി മാത്രം സംഘടിത സകാത്ത് വിതരണത്തോട് സഹകരിക്കുകയോ ചെയ്യേണ്ടി വരില്ലേ എന്ന് ചോദിക്കാം. ഇത്തരം ചില താല്‍ക്കാലിക സന്ദര്‍ഭങ്ങളില്‍ സകാത്തിന്റെ ഭാഗിക വിതരണം സ്വയം ഏറ്റെടുക്കുന്നതിന് വിരോധമില്ലെന്നാണ് നബി(സ)യുടെ കാലത്തും ഖുലഫാഉര്‍റാശിദുകളുടെ കാലത്തും ഉണ്ടായ പല സംഭവങ്ങളും തെളിയിക്കുന്നത്. അതിനാല്‍ ബന്ധുക്കള്‍ക്കു വേണ്ടി ഒരു ഭാഗം മാറ്റിവെച്ചു മറ്റൊരു ഭാഗം കമ്മിറ്റിക്ക് നല്‍കുക മാത്രമേ ഇത്തരം സന്ദര്‍ഭങ്ങളില്‍ നിര്‍വാഹമുള്ളൂ. എന്നാല്‍ ബന്ധുക്കള്‍ക്കു അങ്ങനെ സകാത്തില്‍ നിന്ന് ഒരു ഭാഗം കൊടുക്കേണ്ടതില്ലെന്നു മാത്രമല്ല, കൊടുക്കാന്‍ ശരീഅത്തില്‍ അനുവാദം തന്നെയില്ല എന്ന് ചിലര്‍ വാദിക്കാറുണ്ട്. ഇത് പക്ഷെ ശരിയാണെന്ന് തോന്നുന്നില്ല. കാരണം ബന്ധുക്കള്‍ക്കു സകാത്ത് നല്‍കുമ്പോള്‍ രണ്ടു പ്രതിഫലമുണ്ടെന്ന് നബി(സ) പഠിപ്പിച്ച ഹദീസുകള്‍ പ്രബലമായി വന്നിട്ടുണ്ട്. ഇബ്‌നു മസ്ഊദിന്റെ പത്‌നി സൈനബ് തന്റെ ഭര്‍ത്താവിനും സഹോദരപുത്രിമാരായ അനാഥകള്‍ക്കും സകാത്തു നല്‍കുന്നതിനെ കുറിച്ച് പ്രവാചകനോട് ചോദിക്കുകയും അദ്ദേഹം അതനുവദിക്കുകയും ചെയ്തതായി ബുഖാരി റിപ്പോര്‍ട്ട് ചെയ്തത് ഇതിലൊന്നാണ്.

ബന്ധുക്കള്‍ക്കു സകാത്ത് നല്‍കാന്‍ പറ്റുമെങ്കില്‍ അവരെ ഖുര്‍ആന്‍ സകാത്തിന്റെ അവകാശികളായി എണ്ണാതിരുന്നതെന്ത് എന്നാണ് മറ്റൊരു ചോദ്യം. ഇതിന്റെ മറുപടി വ്യക്തമാണ്. അവരെ അവകാശികളായി എണ്ണിയിരുന്നെങ്കില്‍ പണക്കാരായ ബന്ധുക്കള്‍ക്കും സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണെന്ന് പറയേണ്ടി വരും. യഥാര്‍ഥമാവട്ടെ അടിസ്ഥാനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാത്ത ദരിദ്രര്‍ക്കാണ് സകാത്ത് വാങ്ങാന്‍ അര്‍ഹതയുള്ളത്. ബന്ധുവായത് കൊണ്ട് മാത്രം ഈ അവകാശം നിഷേധിക്കപ്പെട്ടു കൂടാ. സകാത്തു കൊടുക്കാനില്ലെങ്കിലും അവരെ സഹായിക്കല്‍ നിര്‍ബന്ധ ബാധ്യതയാണെന്നു പറയാന്‍ തെളിവുമില്ല.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles