Current Date

Search
Close this search box.
Search
Close this search box.

ഇതര മതാഘോഷങ്ങളിലെ മുസ്ലിം പങ്കാളിത്തം

മുസ്ലിമേതര വിഭാഗങ്ങളുടെ ആഘോഷങ്ങള്‍ക്ക് അനുമോദനവും ആശംസയും അര്‍പ്പിക്കാമോ എന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചിലര്‍ തീവ്രമായ സൂക്ഷ്മത പുലര്‍ത്തുന്നു. മറ്റു ചിലര്‍ ഉദാരമായ നിലപാട് സ്വീകരിക്കുന്നു. ആശംസയര്‍പ്പിക്കുന്നതും ഇതര മാതാഘോഷങ്ങളില്‍ പങ്കെടുക്കുന്നതും രണ്ടായി പരിഗണിക്കേണ്ടതിനാല്‍ രണ്ടും വ്യവഛേദിച്ച് ചര്‍ച്ച ചെയ്യുന്നതായിരിക്കും നന്നാവുക. ആ അര്‍ഥ ത്തിലുള്ള ഒരു പഠനമാണിത്.

‘മവദ്ദത്തും’ ‘മുവാലാത്തും’ / ‘ബിര്‍റും’ ‘ഇഹ്സാനും’
മുസ്ലിമേതര വിഭാഗങ്ങളുമായി മവദ്ദത്തും മുവാലാത്തും (അകമഴിഞ്ഞ സ്നേഹവും അടുപ്പവും) നിരോധിച്ച ഖുര്‍ആൻ അവരോട് ബിര്‍റും ഇഹ്സാനും (പുണ്യം, നന്മ) വേണമെന്ന് നിര്‍ദേശിച്ചിരിക്കുന്നു. അവ വേര്‍തിരിച്ച് മനസ്സിലാക്കുന്നതോടെ ഈ വിഷയകമായി എന്തുനിലപാടാണ് സ്വീകരിക്കേണ്ടതെന്ന് മനസ്സിലാവും.

ഖറാഫി തന്‍റെ അല്‍’ഫുറൂഖി’ല്‍ എഴുതുന്നു:
‘ഇസ്ലാമിക രാഷ്ട്രത്തിലെ അമുസ്ലിം പ്രജകളോട് ഇഹ്സാൻ പുലര്‍ത്താൻ കല്‍പിക്കപ്പെട്ടിരിക്കുന്നു. അതേ സമയം മവദ്ദത്തും മുവാലാത്തും നിരോധി ച്ചിരിക്കുന്നു. ഇവ രണ്ടിലും ആശയക്കുഴപ്പമുള്ളതിനാല്‍ അവ രണ്ടും വേര്‍തിരിച്ചു മനസ്സിലാക്കണം.’

ബിര്‍റും ഇഹ്സാനും / മവദ്ദത്തും മുവാലാത്തും ഇങ്ങനെ വേര്‍തിരിച്ചു മനസ്സിലാക്കാം. ബിര്‍റും ഇഹ്സാനും മുസ്ലിം, അമുസ്ലിം എന്ന വ്യത്യാസമില്ലാതെ ആരോടുമാവാം. സന്ദര്‍ശനം, പാരിതോഷികം നല്‍കല്‍, വായ്പ നല്‍കല്‍ പോലെ ബാഹ്യമായി കാണാവുന്ന പ്രവൃത്തികളാണ് ഈ ഗണത്തില്‍ വരിക. എന്നാല്‍, മവദ്ദത്തിന്‍റെയും മുവാലാത്തിന്‍റെയും വിവക്ഷ, അപരരോടുള്ള ആദര്‍ശ വിരുദ്ധമായ, ഹൃദയംഗമമായ സ്നേഹവും തൃപ്തിയും അംഗീകാരവുമാണ്. ഇബ്നു ആശൂര്‍ എഴുതുന്നു:
‘മവദ്ദത്ത് എന്നത് ഹൃദയത്തിന്‍റെ അവസ്ഥയാണ്. ഹൃദയവുമായി ബന്ധെപ്പട്ടതായതിനാല്‍ തഖിയ്യ സാധ്യമല്ല’ (ശീഈയേതര ഭരണകാലത്ത് വിപല്‍ സാധ്യത ഭയന്ന് സ്വവിശ്വാസവും സത്യംപോലും മറച്ചു വെക്കുകയും മുഖസ്തുതി രക്ഷാകവചമാക്കുകയും ചെയ്യുന്ന ശീഈ ത ന്ത്രം – ഭവിഷ്യത്ത് ഭയന്ന് സത്യവും വിശ്വാസവും മറച്ചുവെക്കല്‍ എന്നര്‍ഥം- വിവ:)

‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവരോട് സ്‌നേഹബന്ധം സ്ഥാപിക്കുന്നതായി നിനക്ക് കാണാനാവില്ല. ആ വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ സ്വന്തം പിതാക്കന്മാരോ പുത്രന്മാരോ സഹോദരന്മാരോ മറ്റു കുടുംബക്കാരോ ആരായിരുന്നാലും ശരി. അവരുടെ മനസ്സുകളില്‍ അല്ലാഹു സത്യവിശ്വാസം സുദൃഢമാക്കുകയും തന്നില്‍നിന്നുള്ള ആത്മചൈതന്യത്താല്‍ അവരെ പ്രബലരാക്കുകയും ചെയ്തിരിക്കുന്നു. അവന്‍ അവരെ താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അതിലവര്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹു അവരില്‍ സംതൃപ്തനായിരിക്കും. അല്ലാഹുവിനെ സംബന്ധിച്ച് അവരും സംതൃപ്തരായിരിക്കും. അവരാണ് അല്ലാഹുവിന്റെ കക്ഷി. അറിയുക; ഉറപ്പായും അല്ലാഹുവിന്റെ കക്ഷിക്കാര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍.’ (മുജാദല: 22) എന്ന സൂക്തം സത്യനിഷേധികളോടുള്ള ഹൃദയംഗമമായ സ്നേഹം ഉപേക്ഷിച്ചവരെ സംബന്ധിച്ചാണ്. ഇതില്‍നിന്ന് ‘മവദ്ദ ത്ത്’ എന്നത് ബാഹ്യമായ നിലപാടല്ലെന്നും ഹൃദയവുമായി ബന്ധെപ്പട്ട തൃപ്തിയാണെന്നും മനസ്സിലാക്കാം.

അമുസ്ലിംകളുടെ ആഘോഷങ്ങളില്‍ പങ്കാളിത്തം
1. അമുസ്ലിംകളുമായി ബന്ധെപ്പട്ട വ്യക്തിപരമോ സാമൂഹികമോ ദേശീയമോ ആയ സന്തോഷങ്ങളിലെ മുസ് ലിം പങ്കാളിത്തമാണ് ഒന്നാമെത്ത ഇനം. ശിശു, ജനനം, വിവാഹം, ബിരുദം നേടല്‍, ജോലി ലഭ്യത, സ്വാതന്ത്ര്യദിനം, മാതൃദിനം, ശിശുദിനം മുതലായവ ഉദാഹരണം. ഇത്തരം പങ്കാളിത്തം സംബന്ധിച്ച് രണ്ട് വീക്ഷണങ്ങളുണ്ട്. അനുവദനീയമാണെന്നും അല്ലെന്നും. മേല്‍ രണ്ടഭിപ്രായങ്ങളും പണ്ടു മുതല്‍ക്കെ ഉദ്ധരിച്ചു വന്നിട്ടുണ്ട്. മര്‍ദാവി, അഹ്മദില്‍നിന്ന് രണ്ട് റിപ്പോര്‍ട്ടു കള്‍ ഉദ്ധരിച്ചിട്ടുണ്ട്. തന്‍റെ ‘അൽ ഇൻസ്വാഫ് ഫീ മഅ് രിഫത്തിര്‍റാജിഹ് മിനല്‍ ഖിലാഫ്’ എന്ന കൃതിയില്‍ മര്‍ദാവി എഴുതുന്നു: ‘അമുസ്ലിംകളെ അനുമോദിക്കുക, അനുശോചനമറിയിക്കുക, സന്ദര്‍ശിക്കുക പോലുള്ളവയെ ക്കുറിച്ച് രണ്ട് അഭിപ്രായങ്ങളുണ്ട്. ഇ ത്തരം സാമൂഹിക, ദേശീയ ആഘോഷാവസരങ്ങളില്‍ അനുമോദനമര്‍പ്പിച്ചോ, പാരിതോഷികം നല്‍കിയോ പങ്കാളികളാവുന്നതില്‍ വിരോധമില്ലെന്നതാണ് ശരിയായ അഭിപ്രായം. അത് അല്ലാഹു നമ്മോട് കല്‍പ്പിച്ച സല്‍സ്വഭാവത്തിന്‍റെ ഗണത്തില്‍ വരുന്ന നിലപാടാണ്. യുക്തിദീക്ഷയോടെയും സദുപദേശത്തോടെയും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിന്‍റെ ഭാഗമായുള്ള ക്രിയാത്മകമായ സമീപനമാണ്. ഇതില്‍ ശരീഅത്ത് വിരുദ്ധതയില്ല. താഴെ പറയുന്ന തെളിവുകള്‍ അതിനെ സാധൂകരിക്കുന്നു.

– മുംതഹന 8-ാം സൂക്തത്തിന്‍റെ പൊതുതാല്‍പര്യത്തിനു കീഴില്‍ വരുന്നതാണാ നിലപാട്. സൂക്തം ഇങ്ങനെ:
‘മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.
‘ (മുംതഹന: 8).

– ഇത്തരം പ്രവൃത്തികള്‍ മുസ്ലിംകളെ സംബന്ധിച്ച് ഇതര വിഭാഗങ്ങള്‍ക്കിടയില്‍ നല്ലൊരു ചിത്രം നല്‍കുന്നു. അല്ലാഹുവിലേക്ക് യുക്തിജ്ഞതയോടെ ക്ഷണിക്കുന്നതിന്‍റെ ഒരു രൂപവുമാണിത്.

– ഇത്തരം പങ്കാളിത്തങ്ങള്‍ നല്ല അയല്‍പക്ക ബന്ധത്തിന്‍റെ ഭാഗമാണ്. അമുസ്ലിം അയല്‍വാസിക്ക് മുസ് ലിം അയല്‍വാസിയില്‍നിന്ന് ലഭിക്കേണ്ട നല്ല അയല്‍പക്ക ബന്ധത്തിന്‍റെ തേട്ടമാണത്. ഒരിക്കല്‍ പ്രമുഖ സ്വഹാബി അബ്ദുല്ലാഹിബ്നു അംറിന്‍റെ വീട്ടില്‍ ഒരു ആടിനെ അറുക്കുകയുണ്ടായി. വീട്ടിലെത്തിയ അദ്ദേഹം വീട്ടുകാരോടായി ചോദിച്ചു: ‘നിങ്ങള്‍ യഹൂദിയായ നമ്മുടെ അയല്‍വാസിക്ക് (മാംസം) നല്‍കിയോ?’, നിങ്ങള്‍ യഹൂദിയായ നമ്മുടെ അയല്‍വാസിക്ക് (മാംസം) നല്‍കിയോ? ‘ജിബ്രീല്‍ അയല്‍വാസിയുടെ കാര്യത്തില്‍ എന്നെ ഉപദേശിച്ചുകൊണ്ടേയിരുന്നു. ജിബ്രീല്‍ അയല്‍ വാസിയെ അനന്തരാവകാശിയാക്കും എന്നുപോലും ഞാൻ വിചാരിച്ചുപോയി’ എന്ന് നബി(സ) പറയുന്നത് ഞാൻ കേട്ടിരിക്കുന്നു.

– ദേശീയാഘോഷങ്ങള്‍ പോലുള്ളവയില്‍ ശര്‍ഇന്നു വിരുദ്ധമായി ഒന്നുമില്ലെങ്കില്‍ അമുസ്ലിംകളുമായി പങ്കാളികളാവുന്നതില്‍ വിലക്കില്ല.

സന്തോഷ വേളകളില്‍ അമുസ്ലിം ദേവാലയങ്ങളില്‍ പ്രവേശനം
അമുസ്ലിം ദേവാലയങ്ങളില്‍ മുസ്ലിംകള്‍ക്ക് പ്രവേശിക്കാമോ ഇല്ലയോ എന്നതുസംബന്ധിച്ച് നിഷിദ്ധം, അനഭിലഷണീയം, അനുവാദം എന്നിങ്ങനെ മുന്നഭിപ്രായങ്ങളുണ്ട്. ഫിഖ്ഹ് വിജ്ഞാനകോശമായ ‘അല്‍മൗസൂഅ ഫിഖ്ഹിയ്യ’യില്‍ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണത്തില്‍ മുസ് ലിംകള്‍ ചര്‍ച്ചില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല എന്ന് രേഖെപ്പടുത്തിയിരിക്കുന്നു.

അലി (റ) മുസ്ലിംകളെയുമായി ഒരു ക്രൈസ്തവ ചര്‍ച്ചില്‍ കയറിയെന്നും അവിടത്തെ ചിത്രങ്ങള്‍ നോക്കിക്കണ്ടെന്നും മുസ്ലിംകള്‍ക്കും നടന്നുപോകുന്നവര്‍ക്കും സൗകര്യപ്പെടുമാറ് ചര്‍ച്ചുകളുടെ വാതിലുകള്‍ വീതികൂട്ടണമെന്ന് ഉമര്‍(റ) ആവശ്യെപ്പട്ടതായും ‘മുഗ്നി’യുടെ കര്‍ത്താവ് രേഖെ പ്പടുത്തിയിട്ടുണ്ട്. നബിപത്നി ആഇശയില്‍നിന്ന് ബുഖാരി ഉദ്ധരിച്ച താഴെ ഹദീസാണ് ഇതിന് തെളിവ് .

നബി (സ) രോഗബാധിതനായഘട്ടത്തില്‍, അവിടുത്ത ചില ഭാര്യമാര്‍ മുമ്പ് അബ്സീനിയയില്‍ അവര്‍ കണ്ട ‘മാരിയ’ എന്ന പേരുള്ള ക്രിസ്ത്യൻ ചര്‍ ച്ചിനെ സംബന്ധിച്ച് സംസാരിക്കുകയുണ്ടായി. ഉമ്മുസലമയും ഉമ്മുഹബീബയും അബ്സീനിയയില്‍ പോയിരുന്നതാണ്. ഇരുവരും ചര്‍ച്ചിന്‍റെ ഭംഗിയെയും അതിലെ ചിത്രങ്ങളെയും പറ്റി സംസാരിച്ചു. ഇതുകേട്ട നബി(സ) പക്ഷെ, അവരെ വിലക്കിയില്ല. അബൂമൂസല്‍ അശ്അരി ദമസ്കസിലെ നഹ് യാ എന്നു പേരുള്ള ഒരു ചര്‍ച്ചില്‍ വെച്ച് നമസ്കരിച്ചതായി അസ് ഹറുല്‍ ഹര്‍റാനിയെ ഉദ്ധരിച്ച് ഇബ്നു അബീശൈബ രേഖെപ്പടുത്തിയിട്ടുണ്ട്.

ഇസ്മാഈലുബ്നു റാഫിഇല്‍നിന്ന് ഇബ്നു അബീ ശൈബ ഉദ്ധരിക്കുന്ന മറ്റൊരു സംഭവം ഇങ്ങനെ:
‘ഉമറുബ്നു അബ്ദില്‍ അസീസ് ശാമിലെ ഒരു ചര്‍ച്ചില്‍ ജനങ്ങള്‍ക്ക് ഇമാമത്ത് നില്‍ക്കുന്നത് ഞാൻ കാണുകയുണ്ടായി.’

ഇബ്നു ആഇദ് ‘ഫുതൂഹുശ്ശാമി’ല്‍ എഴുതിയതായി ഇബ്നു ഖുദാമ ‘മുഗ്നി’യില്‍ ഉദ്ധരിക്കുന്നു:
‘ഉമര്‍(റ) ശാമില്‍ വന്നപ്പോള്‍ ക്രൈസ്തവര്‍ ഉമറിനെ ഭക്ഷണം പാകം ചെയ്ത് വിരുന്നിന് ക്ഷണിച്ചു. ഉമര്‍ ചോദി ച്ചു: ‘എവിടെയാണ് തയാറാക്കിയിട്ടുള്ളത്?’ അവര്‍: ‘ചര്‍ച്ചില്‍.’ പോകാൻ വിസമ്മതിച്ച ഉമര്‍(റ) അലി(റ)യോട് പറഞ്ഞു: ‘നിങ്ങള്‍, ആളുകളെയും കൊണ്ടുപോയി ഭക്ഷ ണം കഴിച്ചോളൂ!’ അതുപ്രകാരം അലി(റ) ആളുകളെയും കൊണ്ട് ചര്‍ച്ചിലേക്ക് പോയി. അലി(റ)യും കൂടെയുള്ളവരും ഭക്ഷണം കഴിച്ചു. അദ്ദേഹം ചര്‍ ച്ചിലെ ചിത്രങ്ങള്‍ നോക്കിക്കണ്ടു. തദവസരം അലി(റ) പറഞ്ഞു:

നസത്യവിശ്വാസികളുടെ ‘നേതാവിന് എന്തുകൊണ്ട് അവിടെ വരികയും ഭക്ഷണം കഴിക്കുകയും ചെയ്തുകൂടാ?’ ചിത്രങ്ങളുള്ള ദേവാലയങ്ങളില്‍ പ്രവേശിക്കുന്നത് അനുവദനീയമാണെന്നാണ് ഇത്തരം നടപടികളില്‍നിന്ന് മനസ്സിലാവുന്നത്.

ഇതര മതവിഭാഗങ്ങളുടെ മതാഘോഷങ്ങളില്‍ പങ്കെടുക്കല്‍
അതേസമയം അമുസ്ലിംകളുടെ മതപരമായ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്നാണ് ശര്‍ഈ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. അ ത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കാൻ അനുവദിക്കുന്ന പരിഗണനീയമായ പണ്ഡിതാഭിപ്രായങ്ങള്‍ ഇല്ല. താഴെ തെളിവുകള്‍ ഇതര മതാഘോഷങ്ങളിലെ പങ്കാളിത്തം നിഷിദ്ധമാണെന്ന് തെളിയിക്കുന്നു.

1. എല്ലാ മതങ്ങളിലും ആഘോഷങ്ങളും ഉത്സവങ്ങളും മതപരമായ ചിഹ്നങ്ങളാണ്. അതിനാല്‍ തന്നെ ഇതരമതാഘോഷങ്ങളിലെ മുസ്ലിം പങ്കാളിത്തം നിഷിദ്ധമാണ്. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസില്‍ ഇങ്ങനെ കാണാം:
നബി(സ) പറഞ്ഞു:
തീര്‍ച്ചയായും എല്ലാ സമുദായത്തിനും ആഘോഷമുണ്ട്. ഇത് (പെരുന്നാള്‍) നമ്മുടെ ആഘോഷമാണ്.’ ഇതിന്‍റെ വ്യാഖ്യാനത്തില്‍ ഇബ്നു ഹജര്‍ എഴുതുന്നു: മേല്‍ നബിവചനത്തിന്‍റെ വെളിച്ചത്തില്‍, ബഹുദൈവ വിശ്വാസികളുടെ ആഘോഷങ്ങളില്‍ സന്തോഷിക്കുന്നതും അവരുമായി സദൃശരാവുന്നതും അനഭിലഷണീയമാണെന്ന് നിയമ നിര്‍ധാരണം ചെയ്യെപ്പട്ടിരിക്കുന്നു.’

2. മുസ്ലിം സമുദായത്തിന് അല്ലാഹു മറ്റെല്ലാ ജനവിഭാഗങ്ങള്‍ക്കുമില്ലാത്ത ആഘോഷങ്ങള്‍ നിയമപരമായി സാധുവാക്കിയിരിക്കുന്നു. ഇമാം അഹ്മദ് നബി(സ) യിൽ നിന്നുദ്ധരിക്കുന്നു-
തീര്‍ ച്ചയായും അല്ലാഹു അവ രണ്ടിനും പകരം നിങ്ങള്‍ക്ക് അവയേക്കാള്‍ ഉത്തമമായത് പകരം തന്നിരിക്കുന്നു. ചെറുപെരുന്നാള്‍, ബലി പെരുന്നാള്‍.’

3. യാതൊരു തെളിവുമില്ലാതെ, പില്‍ക്കാലത്ത് ജനങ്ങള്‍ ആവിഷ്കരിച്ചുണ്ടാക്കിയ പുത്തനാചാരമാണ് ഇതരമതാഘോഷങ്ങളിലെ പങ്കാളിത്തം. മതപരമായ വിഷയങ്ങളില്‍ പുത്തനാവിഷ്കാരം പാടില്ല.

നമ്മുടെ ഈ കാര്യത്തില്‍ -ഇസ്ലാമില്‍- അതിലില്ലാത്തത് പുത്തനായി ആവിഷ്കരിച്ചാല്‍ അത് തള്ളെപ്പടേണ്ടതാണ്.’

4. നബി(സ) നിരോധിച്ച ഇതരരുമായി സദൃശരാവുക എന്നതിന്‍റെ ഗണത്തില്‍ വരുന്നതാണ് ഇത്തരം പങ്കാളിത്തങ്ങള്‍.

ആരെങ്കിലും (ആദര്‍ശ ഭിന്നതയുള്ള) ഒരു ജനതയോട് സദൃശനായാല്‍ അയാള്‍ അവരില്‍പെട്ടവനാണ്’. അബ്ദുല്ലാഹിബ്നു അംറില്‍നിന്ന് ബൈഹഖി ഉദ്ധരിക്കുന്നു:
‘ആരെങ്കിലും അനറബികളുടെ നാടുകളില്‍ അഥവാ അമുസ്ലിം നാടുകളില്‍ താമസിക്കുകയും അവരുടെ ആഘോഷങ്ങളായ നൈറൂസും മിഹ്റജാനും സംഘടി പ്പിക്കുകയും അയാള്‍ മരിക്കുന്നതുവരെ അവരുമായി സദൃശനാവുകയും ചെയ്താല്‍ അന്ത്യനാളില്‍ അയാള്‍ അവരോടൊ പ്പം സമ്മേളിപ്പിക്കപ്പെടുന്നതായിരിക്കും’

5. ആഘോഷവിഷയങ്ങളില്‍ അമുസ്ലിംകളുമായി വിയോജനം നിര്‍ബന്ധമാണ്. ഇബ്നു അബ്ബാസില്‍നിന്ന് അഹ്മദ് ഉദ്ധരിക്കുന്നു:
‘നബി(സ) മറ്റു ദിവസങ്ങളെക്കാൾ കുടുതലായി ശനി, ഞായര്‍ ദിവസങ്ങളില്‍ നോമ്പു നോല്‍ക്കാറുണ്ടായിരുന്നു. ആ രണ്ടു ദിവസങ്ങളും ബഹുദൈവവിശ്വാസികളുടെ രണ്ട് ആഘോഷ നാളുകളാണ്. ഞാൻ അവരോട്
വിയോജിക്കാൻ ഇഷ്ടപ്പെടുന്നു.’

6. ഇസ്ലാമേതര ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ബഹുദൈവ സമൂഹങ്ങളുമായി ആത്മാര്‍ഥമായ സ്നേഹബന്ധവും തൃപ്തിയും പ്രകാശി പ്പിക്കുന്നതായാണ് പരിഗണിക്കപ്പെടുക. ഇത് വിലക്കപ്പെട്ടതാണ്.

വിശ്വാസികളേ, നിങ്ങള്‍ എന്‍റെയും നിങ്ങളുടെയും ശത്രുവിനോട് സ്നേഹബന്ധം സ്ഥാപിച്ചുകൊണ്ട് നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്.’ (മുംതഹന; 1)

7. ‘വ്യാജത്തിന് സാക്ഷി നില്‍ക്കാത്തവരും, അനാവശ്യ വൃത്തികള്‍ നടക്കുന്നേടത്തു കൂടി പോവുകയാണെങ്കില്‍ മാന്യന്മാരായിക്കൊണ്ടു കടന്നുപോകുന്നവരുമാകുന്നു അവര്‍ (സത്യവിശ്വാസികള്‍) (ഫുര്‍ഖാൻ 72).

സൂക്തത്തിലെ ‘വ്യാജം’ എന്നതിന്‍റെ വിവക്ഷ ബഹുദൈവവിശ്വാസികളുടെ ഉത്സവങ്ങളാണെന്ന് ഇബ്നു അബ്ബാസ് പ്രസ്താവിച്ചതായി ഖുര്‍ത്വുബി രേഖപ്പെടുത്തിയിട്ടുണ്ട്.

അമുസ്ലിം ആഘോഷദിനങ്ങളില്‍ അവരുടെ അങ്ങാടികളില്‍ ഹാജറാവല്‍
മുസ്ലിമേതര ആഘോഷ ദിനങ്ങളില്‍ അവരുടെ ചരക്കുകള്‍ വാങ്ങുന്നതിനോ വിപണിയിലെ ഇളവാനുകൂല്യങ്ങള്‍ സ്വീകരിക്കുന്നതിനോ വിരോധമില്ല. ഇബ്നു തൈമിയ്യ ‘ഇഖ്തിദാഇ’ല്‍ എഴുതുന്നു:

അബുൽ ഹസൻ അൽ ആമുദി പറയുന്നു- അമുസ് ലിം ആഘോഷാവസരങ്ങളിൽ അവരുടെ ചന്തകളില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതിന് വിരോധമില്ല. ഇമാം അഹ് മദ് അത് ഖണ്ഡിതമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: മുസ്ലിംകള്‍ (അത്തരം സന്ദര്‍ഭങ്ങളില്‍) ക്രൈസ്തവ ചര്‍ച്ചുകളിലും യഹൂദരുടെ ദേവാലയങ്ങളിലും പ്രവേശിക്കുന്നതിനാണ് വിലക്കുള്ളത്. അങ്ങാടികളില്‍ വില്‍ക്കപ്പെടുന്ന ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിന് വിലക്കില്ല. അതേസമയം അവര്‍ക്കുവേണ്ടി അത് വര്‍ധിപ്പിച്ചുകൊടുക്കുക, നന്നാക്കുക എന്ന ലക്ഷ്യേത്താടെയാണെങ്കില്‍ അതും അനുവദനീയമാണെന്നു പറയാൻ സാധ്യത നല്‍കുന്നു അബുല്‍ ഹസൻ ആമുദിയുടെ വാചകങ്ങള്‍. മാര്‍ക്കറ്റില്‍ വരുന്നതിനെ നിരുപാധികം ക്രേതാവ്- വിക്രേതാവ് എന്ന വ്യത്യാസമില്ലാതെ അനുവദിച്ചിരിക്കുന്നു അദ്ദേഹം. കാരണം, അവരുടെ ചര്‍ച്ചുകളില്‍ പ്രവേശിക്കുന്നില്ലെങ്കില്‍, അഥവാ മാര്‍ക്കറ്റില്‍ പോവുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ വിരോധമില്ലെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇതാകട്ടെ, വില്‍ക്കുന്നവനും
വാങ്ങുന്നവനും ഒരുപോലെ ബാധകമാണ്.’

മതാഘോഷങ്ങളില്‍ അമുസ്ലിംകളെ അനുമോദിക്കല്‍
ഇതുസംബന്ധമായി അനുവദനീയമാണെന്നും നിഷിദ്ധമാണെന്നും രണ്ടു വീക്ഷണങ്ങളുണ്ട്.
അമുസ്ലിംകള്‍ വിശ്വസിച്ചംഗീകരിച്ചവ അംഗീകരിക്കുന്ന വിധത്തിലും തൃപ്തിെപ്പടുന്ന തരത്തിലുമുള്ള അനുമോദനവും ആശംസയും നിഷിദ്ധമാണ്. സത്യനിഷേധത്തെ അംഗീകരിക്കുന്നതും തൃപ്തിെപ്പടുന്നതും നിരോധിതമാണ്. അത്തരം നടപടികള്‍ ഇസ്ലാമില്‍നിന്ന് പുറത്തുപോകാൻ കാരണമാവും. സത്യനിഷേധത്തെയും ബഹുദൈവവിശ്വാസത്തെയും ചെറിയ അളവിലോ വലിയ അളവിലോ അംഗീകരിക്കുന്നതും തൃപ്തിപ്പെടുന്നതും സ്വീകാര്യമല്ല.

അംഗീകരിച്ചും തൃപ്തിപ്പെട്ടുമുള്ളതല്ലാത്ത അനുമോദനങ്ങളെക്കുറി ച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അനുമോദനം നിഷിദ്ധമാണെന്നാണ് ഒരു പക്ഷം. അവ രുടെ തെളിവുകള്‍:

1. അനുമോദനവും ആശംസയും സത്യനിഷേധികളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന്‍റെ ഒരു രൂപമാണ്. അതിനാല്‍ അത് നിഷിദ്ധമാണ്.
2. ആഘോഷങ്ങളുടെ പേരിലുള്ള അനുമോദനവും ആശംസയും അവരുമായി അടുത്ത സ്നേഹവും ചങ്ങാത്തവുമാണ്.
3. മതാഘോഷങ്ങള്‍ നടത്തുന്നവരുടെ സത്യനിഷേധത്തെയും വ്യാജങ്ങളെയും അംഗീകരിക്കലാണ്.
4. ഇസ്ലാമേതര വിഭാഗങ്ങളുമായി സദൃശരാവുക എന്നതിന്‍റെ ഭാഗമായുള്ള നടപടിയാണത്.
5. ‘നമ്മുടെ ഈ (ദീനീ) കാര്യത്തില്‍ ആരെങ്കിലും പുത്തനാചാരം നടപ്പിലാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്.’ എന്ന നബിവചനത്തിന്‍റെ അടിസ്ഥാന ത്തില്‍ പരിശോധിക്കുമ്പോള്‍ ഇസ്ലാമേതര മതാഘോഷങ്ങളിലെ പങ്കാളിത്തം പുത്തനാചാരമാണ്.
6. (മദീനയില്‍ നിലവിലുണ്ടായിരുന്ന) ‘ആ രണ്ട് ആഘോഷങ്ങള്‍ക്കു പകരം അല്ലാഹു നിങ്ങള്‍ക്ക് രണ്ട് ആഘോഷങ്ങള്‍, ഈദുല്‍ ഫിത്വ് റും ഈദുല്‍ അദ്ഹായും നിശ്ചയിച്ചു തന്നിരിക്കുന്നു’ എന്ന നബിവചനം പ്രകാരം മുസ്ലിംകള്‍ക്ക് ഇതര മതാഘോഷങ്ങള്‍ വര്‍ജ്യമാണ്.

7. ‘വ്യാജത്തിന് സാക്ഷിയാകാത്തവരും അനാവശ്യ കാര്യങ്ങളുടെ അടുത്തുകൂടി നടന്നുപോകുമ്പോള്‍ മാന്യമാരായി നടന്നുപോകുന്നവരുമാണവര്‍ (സത്യവിശ്വാ സികള്‍). എന്ന സൂക്തത്തിലെ ‘വ്യാജം’ എന്നതിന്‍റെ ഗണത്തിലാണ് ഇതര മതാഘോഷങ്ങള്‍ വരിക എന്നത് പരിഗണിക്കണം.

8. ‘നിങ്ങള്‍ യഹൂദികള്‍ക്കും ക്രൈസ്തവര്‍ക്കും അങ്ങോട്ട് സലാം പറഞ്ഞ് സംസാരത്തിന് തുടക്കമിടരുത്. (യുദ്ധസമാന സാഹചര്യത്തില്‍) നിങ്ങള്‍ അവരെ ഏതെങ്കിലും വഴിയില്‍ കണ്ടാല്‍ നിങ്ങള്‍ അവരെ ഇടുങ്ങിയ ഇടത്തേക്ക് തള്ളിയിടുക.’

9. ആഘോഷങ്ങളോടനുബന്ധിച്ച് ആര്‍ക്കും അജ്ഞാതമല്ലാത്ത പലതരം നിഷിദ്ധങ്ങള്‍ നടക്കുന്നു. ഇത്തരം സാഹചര്യത്തില്‍ നാം എങ്ങനെ ആശംസകളര്‍പ്പിക്കും?

10. ഈ വിഷയകമായി ഇബ്നുല്‍ ഖയ്യിം ഉദ്ധരിച്ച ‘ഇജ്മാഅ്’ വാദം.

ആശംസയും അനുമോദനവുമാകാം എന്നു വാദിക്കുന്നവരുടെ തെളിവുകള്‍
തന്നില്‍നിന്ന് പുറത്തുവരുന്ന ഒരു വാക്കോ, ആശംസയോ, ഇതര മതസ്ഥരുമായുള്ള സങ്കലനമോ ദുര്‍ബലനാക്കാൻ മാത്രം നിസ്സാരനല്ല സത്യവിശ്വാസി എന്നും ഏതു സാഹചര്യത്തിലും തന്‍റെ ആദര്‍ശം കാത്തു സൂ ക്ഷിക്കാൻ താൻ ബാധ്യസ്ഥനാണെന്ന ബോധം അയാള്‍ക്ക് ഉണ്ടായിരിക്കുമെന്നും ഇവര്‍ വാദിക്കുന്നു. അതിനു തെളിവായി അവര്‍ നിരത്തുന്ന വാദങ്ങള്‍ ഇങ്ങനെയാണ്:

1. ആശംസയര്‍ പ്പണം ഫിഖ്ഹീപരവും കര്‍മപരവും ക‍ർമപരവുമായ വിഷയമാണ്, വിശ്വാസപരമല്ല. ശാഖാപരമാണ്; മൗലികമല്ല. ഇസ്ലാമിനു കീഴില്‍ വന്ന രാജ്യങ്ങളിലെ അമുസ്ലിംകളുമായി ഇടപഴകിജീവിച്ച സ്വഹാബികള്‍ ഇത് ആദര്‍ശപരമായ വിഷയമായി കണ്ടില്ല എന്നത് പരിഗണിക്കെപ്പടണം.

2. ആശംസയര്‍പ്പിക്കല്‍ ഇബാദത്തല്ല, സാധാരണ സമ്പ്രദായം മാത്രമാണ്. സാധാരണ സമ്പ്രദായങ്ങള്‍ വിശാലമായ നിലപാടിനു സാധ്യതകള്‍ നല്‍കുന്നതാണ്. ഇതനുസരി ച്ച് ആശംസയര്‍പ്പണം അനുവദനീയമാണ്.

3. ഈ വിഷയത്തില്‍ ഖണ്ഡിതവും വ്യക്തവുമായ വിലക്ക് സ്ഥാപിക്കുന്ന തെളിവ് ലഭ്യമല്ല. സാധുവാണെന്ന് തോന്നുന്നവയൊന്നും വ്യക്തമല്ല. വ്യക്തമെന്നു തോന്നുന്നവയൊന്നും സാധുവുമല്ല.

4. ‘നിങ്ങള്‍ അവര്‍ക്ക് -ശത്രുതപുലര്‍ത്താത്ത അമുസ്ലിംകള്‍ക്ക്- നന്മ ചെയ്യുന്നതും നീതി ചെയ്യുന്നതും (നിരോധിതമല്ല) തീര്‍ച്ചയായും അല്ലാഹു നീതിചെയ്യുന്നവരെ ഇഷ്ടപ്പെടുന്നു’ (മുംതഹന 8) എന്ന സൂക്തത്തിന്‍റെ വെളിച്ചത്തില്‍ ആശംസയര്‍പ്പണം അവരോടുള്ള നന്മേഛയാണ്.

5. ആശംസ പ്രാര്‍ഥനയാണ്. അവര്‍ക്കായി പ്രാര്‍ ഥിക്കുന്നതിനു വിരോധമില്ല. നബി(സ) പ്രാര്‍ഥിച്ചതായി അബ്ദുല്ലാഹിബ്നു ഉമറില്‍നിന്ന്. അഹ്മദ് ഉദ്ധരിക്കുന്നു: പ്രാര്‍ഥന ഇങ്ങനെ:
അല്ലാഹുവേ,അബൂജഹ് ല് , ഉമറുബ്നുല്‍ ഖത്ത്വാബ് എന്നീ രണ്ടു പേരില്‍ നിനക്ക് ഏറ്റവും ഇഷ്ടമുള്ളവനെക്കൊണ്ട് നീ ഇസ്ലാമിന് പ്രതാപം നല്‍കേണമേ!’
ദൗസ് ഗോത്രത്തിനും നബി(സ) പ്രാര്‍ഥിക്കുകയുണ്ടായി:
ത്തഅല്ലാഹുവേ, ദൗസ് ഗോത്രത്തെ നീ സന്മാര്‍ഗത്തിലാക്കി, അവരെ നീ എന്‍റെ അടുത്തെത്തിക്കേണമേ!’
ഇബ്നു അബീശൈബ, ഇബ്റാഹീമില്‍നിന്ന് ഉദ്ധരിക്കുന്നു:
ഒരു യഹൂദി നബി(സ)യുടെ അടുത്തുവന്നുകൊണ്ട് പറഞ്ഞു: ‘നിങ്ങള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം’ നബി(സ) പ്രാര്‍ഥിച്ചു: ‘അല്ലാഹു നിങ്ങളുടെ സമ്പത്തും സന്താനങ്ങളെയും വര്‍ധിപ്പിക്കുകയും, നിങ്ങളുടെ ശരീരത്തിന് ആരോഗ്യം നല്‍കുകയും, ആയുസ്സ് നീട്ടുകയും ചെയ്യട്ടെ!’

6. ആശംസയര്‍പ്പിക്കുക എന്നതിന്‍റെ വിവക്ഷ ഇസ്ലാമേതര ആദര്‍ശങ്ങളെ തൃപ്തിപ്പെടുക എന്നോ, അവര്‍ ചെയ്യുന്ന തെറ്റുകളെ അംഗീകരിക്കുക എന്നോ അല്ല. അതൊരു സൗഹൃദപൂര്‍ണമായ നിലപാടു മാത്രമാണ്. തന്‍റെ ആദര്‍ശം പരമസത്യമാണെന്നും മറ്റുള്ളവയെല്ലാം മിഥ്യയാണെന്നും തദവസരങ്ങളില്‍ സത്യവിശ്വാസിക്ക് ഉത്തമബോധ്യമുണ്ടായിരിക്കണം.

7. എല്ലാ ആശംസയര്‍പ്പണങ്ങളും പൂര്‍ണസംതൃപ്തിയോടെ നടത്തപ്പെടുന്നവയല്ല. അമുസ്ലിംകള്‍ രണ്ടു പെരുന്നാളുകളില്‍ മുസ്ലിംകള്‍ക്ക് ആശംസയര്‍പ്പിക്കുന്നതും പൂര്‍ണ തൃപ്തിയോടെയല്ല. ഔപചാരികമായ നടപടികള്‍ മാത്രമാണ്.

8. അമുസ്ലിംകള്‍ക്ക് സലാം പറയാമെങ്കില്‍, എന്തു കൊണ്ട് ആശംസയര്‍പ്പിച്ചു കൂടാ എന്നതും പരിഗണിക്കേണ്ട വശമാണ്. അബൂ ഉമാമയില്‍നിന്ന് ശുറഹ്ബീലു ബ്നു മുസ്ലിമില്‍നിന്ന് ഇബ്നു അബീശൈബ (25751) ഉദ്ധരിക്കുന്നു:
നബി(സ) മുസ്ലിമിന്‍റെയോ യഹൂദിയുടെയോ നസ്റാനിയുടെയോ സമീപത്തു കൂടി കടന്നുപോവുമ്പോള്‍ സലാം കൊണ്ടു
തുടങ്ങാതെ കടന്നുപോകാറുണ്ടായിരുന്നില്ല.’ അബ്ദുല്ലയും അബുദ്ദര്‍ദാഉം ഫദാലത്തുബ്നു ഉബൈദും ബഹുദൈവവിശ്വാസികള്‍ക്ക് സലാം പറഞ്ഞ് തുടങ്ങുമായിരുന്നു എന്ന് ഇബ്നു ഇജ് ലാൻ ഉദ്ധരിക്കുന്നു. ഇമാം ഔസാഈ പറയുന്നു: ‘നിങ്ങള്‍ അമുസ്ലിംകള്‍ക്ക് സലാം പറയുന്നുവെങ്കില്‍ മുൻകാല സ്വാലിഹുകള്‍ സലാം പറഞ്ഞിട്ടുണ്ട്. പറയുന്നില്ലെങ്കില്‍ മുൻകാല സ്വാലിഹുകള്‍ പറയാതിരുന്നിട്ടിട്ടുണ്ട്’ (പറയുകയും പറയാ
തിരിക്കുകയുമാവാം).

9. ആശംസയര്‍ പ്പിക്കുന്നത് ‘നിങ്ങള്‍ ജനങ്ങളോട് നല്ലത് പറയുക’ (ബഖറ: 83) എന്നതിന്‍റെ പരിധിയിലാണ് വരിക. മേല്‍ സൂക്തപ്രകാരം നാമെല്ലാം ജനങ്ങളോട് നല്ലത് പറയാൻ കടപ്പെട്ടവരാണ്.

10. ബന്ധുക്കള്‍, അയല്‍വാസികള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി നല്ല ബന്ധം പുലര്‍ത്തുന്നതിന്‍റെ പരിധിയിലാണ് ആശംസയര്‍പ്പണം വരിക. ശരീഅത്തിന്‍റെ വിശാല ലക്ഷ്യങ്ങളിലൊന്നാണിത്. അസ്മാഇ(റ)ല്‍നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നു:

നബി (സ) യുടെ കാലത്ത് ബഹുദൈവ വിശ്വാസിനിയായ എന്‍റെ ഉമ്മ എന്‍റെ അടുത്തുവന്നു. അപ്പോള്‍ ഞാൻ നബി(സ)യോട് ഉമ്മയുടെ വിഷയ ത്തില്‍ ഫത് വ ചോദിച്ചു. ഞാൻ പറഞ്ഞു: ‘അവര്‍ ആഗ്രഹിച്ചു വന്നതാണ്. ഉമ്മയുമായി എനിക്ക് ബന്ധം ചേര്‍ക്കാമോ? നബി(സ): ‘അതെ, നീ ഉമ്മയുമായി ബന്ധം ചേര്‍ത്തു കൊള്ളുക!’

11. ആശംസയര്‍ പ്പിക്കല്‍, ‘നിങ്ങള്‍ക്ക് അഭിവാദ്യം അര്‍ പ്പക്കപ്പെട്ടാല്‍ അതിനേക്കാള്‍ നല്ലതുകൊണ്ട് നിങ്ങള്‍ പ്രത്യഭിവാദ്യം അര്‍പ്പിക്കുക’ (നിസാഅ്: 86) എന്ന സൂക്തത്തിന്‍റെ പരിധിയില്‍ വരുന്ന വിഷയമാണ്. അമുസ്ലിംകള്‍ നമുക്ക് ആശംസ യര്‍പ്പിക്കുമ്പോള്‍ എന്തുകൊണ്ട് അതേക്കാള്‍ നല്ലതുകൊണ്ട് നമുക്ക് അങ്ങോട്ട് തിരിച്ച് ആശംസയര്‍പ്പിച്ചുകൂടാ?

12. ആശംസയര്‍പ്പിക്കുന്നതിലൂടെ അമുസ്ലിമിന്‍റെ സന്തോഷത്തില്‍ പങ്കുചേരുകയാണ് നാം. അല്ലാതെ അയാളുടെ അവിശ്വാസെത്ത അനുമോദിക്കുകയല്ല. നാം അയാളുടെ സന്തോഷത്തോടൊപ്പമാണ്; സത്യനിഷേത്തോടൊപ്പമല്ല.

13. അമുസ്ലിംകള്‍ തങ്ങളുടെ ഉത്സവങ്ങള്‍ക്ക് അറു ത്തവയില്‍നിന്ന് ഭക്ഷിക്കുന്നതുമായി ആശംസയര്‍പ്പിക്കുന്നതിനെ തുലനം ചെയ്തു മനസ്സിലാക്കാം. ഈ വിഷയകമായി പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ഇബ്നു തൈമിയ്യ ‘മജ്മൂഉല്‍ ഫതാവാ’യില്‍ എഴുതുന്നു:

അമുസ്ലിംകള്‍ തങ്ങളുടെ ഉത്സവങ്ങള്‍ക്കായും ബലിയായും അറുത്തവ മുസ്ലിംകള്‍ ഭക്ഷിക്കുന്നതിനെ അല്ലാഹു അല്ലാത്തവരുടെയോ പ്രതിഷ്ഠകളുടെയോ പേരില്‍ അറക്കെപ്പട്ടതായി പരിഗണിച്ച് ഭൂരിപക്ഷപണ്ഡിതന്മാരും നിഷിദ്ധമായോ അനഭിലഷണീയമായോ ആണ് കാണുന്നത്.

ഇബ്നു റുശ്ദ് ‘ബിദായത്തുല്‍ മുജ്തഹിദി’ല്‍ എഴുതുന്നു:

അവർ – അമുസ് ലിംകൾ- തങ്ങളുടെ ആഘോഷങ്ങൾക്കും ആരാധനാലയങ്ങള്‍ക്കുമായാണ് അറുത്തതെങ്കില്‍ മൂന്നു നിലപാടുകളാണ് സ്വീകരി ക്കപ്പെട്ടിട്ടുള്ളത്. മാലികിനെ പോലുള്ളവര്‍, ഭക്ഷിക്കുന്നത് അനഭിലഷണീയം എന്ന പക്ഷക്കാരാണ്. അശ്ഹബിനെ പോലുള്ളവര്‍ അനുവദനീയം എന്ന പക്ഷത്താണ്. ശാഫിഈ നിഷിദ്ധം എന്ന പക്ഷക്കാരനാണ്.

ഇമാം അഹ്മദ്, അമുസ്ലിംകള്‍ അറുത്തവ അനുവദനീയമാണെന്ന അഭിപ്രായക്കാരനാണെന്ന് ‘മുഗ്നി’യില്‍ ഇബ്നു ഖുദാമ രേഖപ്പെടുത്തുന്നു. ‘അമുസ്ലിംകള്‍ തങ്ങളുടെ ദേവാലയങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കുമായി അറുത്തവ- അവ അറുത്തത് മുസ്ലിമാണെങ്കില്‍- ഖണ്ഡിതമായും അനുവദനീയമാണെന്ന് അഹ്മദ് രേഖപ്പെടുത്തിയിരിക്കുന്നു.

അഗ്നിയാരാധക വിഭാഗങ്ങള്‍ തങ്ങളുടെ ദൈവത്തിന്നായി ബലിയര്‍പ്പിക്കുന്നതിന്നായി അറുക്കാനായി മുസ്ലിമിനെ ഏല്‍പിക്കുകയും അയാള്‍ ബിസ്മി ചൊല്ലി അറുക്കുകയുമാണെങ്കില്‍ അതില്‍നിന്ന് ഭക്ഷിക്കാവുന്നതാണെന്ന് ഇമാം അഹ്മദും സുഫ്യാനുസ്സൗരിയും പ്രസ്താവിക്കുന്നു.

ഇസ്മാഈലുബ്നു സഈദ് ഉദ്ധരിക്കുന്നു: അമുസ്ലിംകള്‍ക്ക് തങ്ങളുടെ ദൈവങ്ങള്‍ക്കായി അര്‍പ്പിക്കാനായി മുസ്ലിം അറുത്തു നല്‍കുന്നവയില്‍നിന്ന് ഭക്ഷിക്കുന്നതിന് വിരോധമില്ലെന്ന്, ഞാൻ ചോദിച്ചപ്പാോള്‍ ഇമാം അഹ്മദ് എന്നോട് പറയുകയുണ്ടായി. അറുക്കുന്നത് യഹൂദിയോ ക്രിസ്ത്യാനിയോ ആവുകയും അയാള്‍ അല്ലാഹുവിന്‍റെ പേരുമാത്രം ഉച്ചരിക്കുകയുമാണെങ്കില്‍ അത് ഭക്ഷ്യയോഗ്യമാണ്. കാരണം, ഭക്ഷ്യയോഗ്യമാകാനുള്ള ഇസ്ലാമികോപാധി തികഞ്ഞിരിക്കുന്നു.

ആശംസകള്‍ അര്‍പ്പിക്കുന്നതിന്‍റെ ഉപാധികള്‍
1. ഇസ്ലാമിക ശരീഅത്തിനു വിരുദ്ധമായി അമുസ്ലിംകള്‍ ചെയ്യുന്ന പ്രവൃത്തികളെ ഹൃദയംഗമമായി തൃപ്തിപ്പെട്ടാവരുത് ആശംസകള്‍.
ഇതേക്കുറിച്ച് ഇബ്നുല്‍ ഖയ്യിം ‘അഹ്കാമു അഹ് ലിദ്ദിമ്മയില്‍ എഴുതുന്നു:

വിവരമില്ലാത്തവര്‍ അന്യമതങ്ങളെ തൃപ്തിപ്പെടുന്നതരം വാക്കുകള്‍ ഉപയോഗിക്കുന്നതുപോലെ ഉപയോഗിച്ചു പോകുന്നത് ജാ​ഗ്രതയോടെ ശ്രദ്ധിക്കണം.

2. ഇത്തരം ആശംസയര്‍പ്പണങ്ങളിലൂടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ജോലി, അയല്‍പക്കം, വിദ്യാഭ്യാസം, ചികിത്സ മുതലായവ പോലെ ഭൗതികമോ, കുടുംബബന്ധം, പ്രബോധനം പോലുള്ള മതപരമോ ആയ താല്‍പര്യങ്ങള്‍.

3. ഖുര്‍ആൻ സൂക്തത്തിലൂടെ പ്രബോധനം ചെയ്യുക എന്ന ഉദ്ദേശ്യമില്ലെങ്കില്‍ ആശംസകളില്‍ ഖുര്‍ആൻ സൂക്തം ഉപയോഗിക്കാതിരിക്കുക.

4. ആശംസകളില്‍ ഇസ്ലാമിക വിശ്വാസത്തിന് നിരക്കാത്തവ ഉണ്ടാവാതിരിക്കുക, നിശ്ചിത വാചകം തന്നെ ആശംസയില്‍ ഉണ്ടാവണമെന്ന് നിര്‍ബന്ധിക്കാതിരിക്കുക. ഹൃദയങ്ങളെ ഇണക്കുന്നതും സദ്സ്വഭാവങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നയും ശരീഅത്തു വിരുദ്ധവുമല്ലാത്ത ആശംസാ വാചകങ്ങള്‍ തെരഞ്ഞെടുക്കുക.

5. ആശംസയര്‍പ്പിക്കേണ്ട പ്രത്യേക സാഹചര്യമില്ലെങ്കില്‍ അതിന്‍റെ ആവശ്യമില്ല.

വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles