Current Date

Search
Close this search box.
Search
Close this search box.

ഇണയോടുള്ള ഇടപെടൽ

ഖുറൈശി സമൂഹം തങ്ങളുടെ സ്ത്രീകളെ എപ്പോഴും അവരുടെ അധികാര പരിധിക്കുള്ളിൽ തളച്ചിട്ടിരുന്നു. ഇസ്ലാമിന്റെ ആവിർഭാവത്തിന് ശേഷം അതിന് മാറ്റങ്ങൾ വന്നുതുടങ്ങി. മദീനയിലേക്ക് പലായനം ചെയ്ത സമയത്ത് മദീനക്കാരായ അൻസാരിവനിതകൾ അവരുടെ ഇണയുമായുള്ള ഇടപെടലുകളിൽ കാതലായ മാറ്റമുണ്ടായിരുന്നു. അവർ തമ്മിൽ കൂടിയാലോചിക്കുകയും അഭിപ്രായങ്ങൾ പങ്കുവെക്കുന്നതായും കാണാനിടയായ ഖുറൈശി സ്ത്രീകൾ പതിയെ അവരെ അനുകരിച്ചു തുടങ്ങി. അങ്ങനെയിരിക്കെ ഒരിക്കൽ സംസാരത്തിനിടെ ആത്തിഖ ബീവി ഉമർ (റ ) വിനോട് തർക്കിച്ചു, ഇത് കണ്ട് അദ്ദേഹം ദേഷ്യപ്പെടുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തു. നിങ്ങളോട് തർക്കിക്കുന്നതിൽ നിന്ന് എന്നെ എന്താണ് തടയുന്നത്? മാത്രമല്ല പ്രവാചക പത്നിമാർ പോലും പ്രവാചകരോട് ഇങ്ങനെ സംസാരിക്കാറുണ്ടെന്ന് അവർ പ്രതിവചിച്ചു. ഉടനെ ഉമർ മകൾ ഹഫ്സയുടെ അടുത്തേക്ക് പോയി, നീ റസൂലിനോട് തർക്കികാറുണ്ടോയെന്ന് ചോദിച്ചു, അതെയെന്ന് ബീവി മറുപടി പറഞ്ഞു. പകലന്തിയാവോളം അദ്ദേഹത്തെ വെടിഞ്ഞ് ഇരിക്കാറുണ്ടോ എന്ന് ഉമർ തങ്ങൾ വീണ്ടും ചോദിച്ചു, വീണ്ടും അതേന്ന് ബീവി ഹഫ്സ മറുപടി പറയുകയും ഉടനെ അദ്ദേഹം നിങ്ങളിൽ പ്രവാചകനോട് അത്തരത്തിൽ പെരുമാറുന്നവരെല്ലാം പരാജയപ്പെടെട്ടെയെന്ന് പറയുകയും മകളോട് പ്രവാചകനുമായുള്ള അത്തരം പെരുമാറ്റത്തെ വിലക്കുകയും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്നോട് ചോദിക്കണമെന്നും പ്രവാചകനെ ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്ന് നിർദേശിക്കുകയും ചെയ്ത ശേഷമാണ് ആ പിതാവ് മകളെ കണ്ടു പിരിഞ്ഞത്.

ഈ സംഭവം ഒരുപാട് കാര്യങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഒന്നാമതായി മക്കാഖുറൈശികളുടെ ദാമ്പത്യബന്ധങ്ങളെക്കുറിച്ച് വ്യക്തമായൊരു ചിത്രം അത് വരച്ചുവെക്കുന്നുണ്ട്. ബാഹ്യമായി തന്നെ പുരുഷാധിപത്യ വ്യവസ്ഥിതിയുടെ രൂപമാണവിടെ തെളിഞ്ഞു വരുന്നത്. അവിടെ വീടകങ്ങളിലുയർന്ന് വരുന്ന ശബ്ദം പുരുഷന്റേത് മാത്രമാണ്. അവൻ ചെയ്യുന്ന പ്രവർത്തികളിലോ കൈകൊള്ളുന്ന തീരുമാനങ്ങളിലോ സ്ത്രീജനങ്ങൾക്ക് യാതൊരു അഭിപ്രായസ്വാതന്ത്ര്യവും അവർ വകവെച്ച് നൽകിയിരുന്നില്ല.

എന്നാൽ, മദീനാനിവാസികളുടെ നിലപാട് വിത്യസ്തമായിരുന്നു. അൻസാരി സമൂഹം സ്ത്രീകൾക്ക് അവരുടെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും തനതായ ഇടം നൽകി വന്നു. തന്റെ ഇണയോടുള്ള കടപ്പാട് പരസ്പരം നിറവേറ്റി. അൻസാരികൾ തങ്ങളുടെ സ്ത്രീകളോട് കാണിച്ച മാന്യത അവരെ ദീനി വിജ്ഞാന ലോകത്ത് തികവുള്ള പണ്ഡിതകളാക്കി വളർത്തിയെടുത്തു. ദീനിലെ വിധി വിലക്കുകളെ കുറിച്ചും സ്ത്രീ സംബന്ധമായ വിഷയങ്ങളെക്കുറിച്ചും അറിവുള്ളവരോട് അഭിപ്രായങ്ങൾ ചോദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും അൻസ്വാരി സ്ത്രീകൾ മുൻപന്തിയിലുണ്ടായി. ഒരിക്കൽ ഒരു ഖുറൈശീ സ്വഹാബി വനിത അൻസാരി സ്ത്രീകളെ കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി; “അൻസ്വാരി സ്ത്രീകൾ എത്ര ഗുണം ചെയ്തവരാണ്, ദീനിനറിയാനും പഠിക്കാനും ലജ്‌ജ അവരെ തടയുന്നേയില്ല!”.

പിന്നീട്, മദീനയിലേക്ക് പലായനം ചെയ്ത മുഹാജിറുകളായ ഖുറൈശി വനിതകൾ അൻസാരി സ്ത്രീകളെ അത്യധികം സ്വാധീനിക്കാനും അവരെ പിന്തുടരാനും തുടങ്ങി. അൻസാരി സ്ത്രീകളെ കണ്ട് കുടുംബ കാര്യങ്ങളിലും മറ്റും അഭിപ്രായങ്ങളും തീരുമാനങ്ങളും കൈക്കൊള്ളാൻ അവർ പ്രാപ്തരായി തുടങ്ങി. പ്രവാചകന്റെയും സഹധർമ്മിണിമാരുടെയുമിടയിലും അൻസാരി സ്ത്രീകളുടേതുപോലെ സുദൃഢമായ ബന്ധമായിരുന്നു. പ്രവാചകൻ തന്റെ എല്ലാ നിലപാടുകളിലും തന്റെ ഇണയോട് കൂടിയാലോചിച്ചു. അവർ പരസ്പരം ആവശ്യങ്ങളുന്നയിക്കുകയും നിർദേശങ്ങൾ കൊടുക്കുകയും പങ്കുവെക്കുകയും പിണങ്ങുകയും ഇണങ്ങുകയും ചെയ്യാറുണ്ടായിരുന്നു. ആത്തിഖ ബീവിയും പ്രവാചക പത്നിമാരെ അനുകരിച്ചു. പ്രവാചക പത്നിയായ തന്റെ മകൾ ഹഫ്സ ബീവിയിൽ നിന്നുമായിരുന്നു അവർ ഓരോ കാര്യങ്ങളും പഠിച്ചെടുത്തത്. വഴിയെ, ഉമർ തങ്ങളുടെ ഓരോ കാര്യങ്ങളിലും അഭിപ്രായങ്ങൾ പറയാനും വിയോജിപ്പറിയിക്കാനും അവർ ധൈര്യപ്പെട്ടു.

ചുരുക്കത്തിൽ, പരസ്പരം വിട്ടുവീഴ്ച ചെയ്തും ആദരിച്ചും അഭിപ്രായങ്ങളെ മാനിച്ചും പ്രവാചകപത്നിമാരും അൻസ്വാരി വനിതളും ജീവിച്ചു കാണിച്ച മാതൃക മഹനീയമാണ്. അറേബ്യൻ ലോകത്ത് പുരുഷാധിപത്യ വ്യവസ്ഥിതിക്ക് മേൽ സ്ത്രീകൾ കൈവരിച്ച അത്യുന്നതമായ വിജയം കൂടിയാണിത്. എന്നാലും, സ്ത്രീ വർഗ്ഗത്തെ അടിച്ചമർത്തിയും തങ്ങളുടെ അഭിപ്രായങ്ങൾ അടിച്ചേൽപ്പിച്ചും നിലനിന്നുപോരുന്ന പുരുഷാധിപത്യ വ്യവസ്ഥിതി ഇന്നും വിവിധ സമൂഹങ്ങളിൽ നിലനിന്നുപോരുന്നുണ്ട്.

വ്യക്തിപരമായും സാമൂഹികപരമായും ഇത്തരം പുരുഷാധിപത്യ വ്യവസ്ഥിതിയോട് ഇഴുകി ചേർന്നൊരാൾക്ക് ആ രീതിയിൽ നിന്നും മാറി നിൽക്കാനും മറ്റൊന്നിനെ ഉൾക്കൊള്ളാനും പെട്ടന്നങ്ങ് സാധിച്ചെന്നു വരില്ല. ഭാര്യ തന്നോട് കാണിച്ച പെരുമാറ്റരീതിയെ ഉൾക്കൊള്ളാനാവാത്ത ഉമറിനെ മേലുദ്ധരിച്ച സംഭവത്തിൽ നമുക്ക് കാണാം. തന്റെ മകൾ ഹഫ്സ പുലർത്തിപ്പോന്ന പ്രവാചകനുമായുള്ള പെരുമാറ്റത്തിലും അദ്ദേഹം സമാനമായ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ആയിഷ ബീവി പറയുന്നു : നബിതങ്ങൾ ഒരിക്കൽ പറയുകയുണ്ടായി; നിങ്ങളിൽ ഏറ്റവും ഉത്തമർ തന്റെ വീട്ടുകാരോട്ട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്, നിങ്ങളിൽ വീടകങ്ങളിൽ ഏറ്റവും നന്നായി പെരുമാറുന്നവൻ ഞാനാണ്”. അഥവാ, ഓരോരുത്തരുടെയും ഉന്നതിയുടെയും ശ്രേഷ്ഠതയുടെയും അളവുകോൽ വീടകങ്ങളിലുള്ള ഓരോരുത്തരുടെയും പെരുമാറ്റരീതി ആണെന്ന് ചുരുക്കം.

വിവിധ പദവികളും ചുമതലകളും ആയി നിരന്തരം സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തന നിരതരാകുന്ന ഒരുപാട് സഹോദരങ്ങളെ നമുക്ക് കാണാനാവും. കൂട്ടുകാരുമായും പ്രവർത്തകരുമായും കറകളഞ്ഞ ബന്ധവും ഊഷ്മളമായ സ്നേഹവും അവർ കാത്തുസൂക്ഷിക്കും. എന്നാൽ വ്യക്തി ജീവിതങ്ങളിൽ സന്തോഷത്തിന്റെ തണൽ വിരിക്കാൻ അവർക്ക് കഴിയാതെ പോകുന്നു. വീടകങ്ങളിൽ പരസ്പരം ഉൾക്കൊള്ളാനാവാതെ തിരക്കുകളുടെ ചുഴിയിൽ അകപ്പെട്ട് ബന്ധങ്ങൾക്ക് വിള്ളലേൽക്കുന്നതിനെക്കുറിച്ച് അവർ തീർത്തും അശ്രദ്ധരായിപ്പോകുന്നു .തന്റെ അഭിപ്രായങ്ങളും തീരുമാനങ്ങളും അടിച്ചേൽപ്പിച്ച് പരുക്കമായി പെരുമാറുമ്പോൾ മാത്രമാണ് പുരുഷത്വം പൂർണ്ണമാകുന്നതെന്ന മിഥ്യാധാരണക്കുള്ളിലാണ് ഇന്നും ഏറെ പുരുഷജനങ്ങളും ജീവിക്കുന്നത്. പെണ്ണ് തന്നെ തിരുത്തുന്നതും ചെറിയ കാര്യങ്ങളിൽ പോലും അവളെ കേൾക്കുന്നതും തന്റെ ന്യൂനതയായി അവർ കാണുന്നു.

അവളുടെ ആഗ്രഹങ്ങൾക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങളെ ത്യജിക്കാൻ അവൾക്ക് തണലിന്റെ ചിറകു വിരിക്കാൻ എന്നിങ്ങനെ തുടങ്ങി സ്ത്രീ വർഗ്ഗത്തെ മാനിക്കുന്നതിലും ചേർത്തു വയ്ക്കുന്നതിനും തന്റെ ബലഹീനത മാത്രമായി കാണുന്ന പുരുഷ സമൂഹം ഇന്നും നമുക്കു ചുറ്റുമുണ്ട്. പ്രവാചക തിരുമേനി(സ്വ) തങ്ങൾക്ക് പുറമേ ആദ്യകാല പ്രവാചകന്മാരിലും സുവ്യക്തമായ മാതൃകകൾ നമുക്ക് കാണാനൊക്കും. വിശുദ്ധ ഖുർആൻ മൂസ നബി(അ)നെ കുറിച് പറയുന്നു;മദിയനിലേക്ക് യാത്രപോയ മൂസാപ്രവാചകൻ ഒരു ജലാശയത്തിനടുത്തെത്തിയപ്പോൾ അവിടെ ഒരു കൂട്ടം ആളുകൾ തങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കുന്നതു കണ്ടു. അവരിൽ നിന്ന് വിട്ടുമാറി രണ്ടു സ്ത്രീകൾ ആടുകളെ തടഞ്ഞുനിർത്തുന്നതായി അദ്ദേഹം ശ്രദ്ധിച്ചു. ഉടനെയദ്ദേഹം കാരണമന്വേഷിച്ചു: “നിങ്ങളുടെ പ്രശ്നമെന്താണ്?” അവരിരുവരും പറഞ്ഞു: “ആ ഇടയന്മാർ അവരുടെ ആടുകളെ തിരിച്ചുകൊണ്ടുപോകുംവരെ ഞങ്ങൾക്ക് വെള്ളം കുടിപ്പിക്കാനാവില്ല. ഞങ്ങളുടെ പിതാവാണെങ്കിൽ അവശനായ ഒരു വൃദ്ധനാണ്. ഉടനെ അദ്ദേഹം അവർക്കുവേണ്ടി ആടുകളെ വെള്ളം കുടിപ്പിച്ചു.

സ്ത്രീകളെ അടിക്കാനുള്ള അനുമതി

ഈയൊരു സാഹചര്യത്തിൽ, പുരുഷന് തന്റെ ഇണയെ അടിക്കാനനുമതി നൽകുന്ന ഖുർആൻ അധ്യാപനത്തെ വിശകലനം ചെയ്യൽ കൂടി അത്യന്താപേക്ഷിതമാണ്. ഖുർആൻ പറയുന്നു: അതിനാൽ നല്ലവരായ സ്ത്രീകൾ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം(പുരുഷൻമാരുടെ) അഭാവത്തിൽ(സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്‌. എന്നാൽ അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങൾ ശങ്കിക്കുന്ന സ്ത്രീകളെ നിങ്ങൾ ഉപദേശിക്കുക. കിടപ്പറകളിൽ അവരുമായി അകന്നു നിൽക്കുക. അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക. എന്നിട്ടവർ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങൾ അവർക്കെതിരിൽ ഒരു മാർഗവും തേടരുത്‌. തീർച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.മേൽപ്രസ്താവിച്ച ഖുർആനിക വചനം തന്റെ ഇണയെ അടിക്കാനുള്ള അനുമതി പുരുഷന് നൽകുകയാണ്, എന്നിരിക്കേ തന്റെ ഇണയോട് പെരുമാറേണ്ട രീതിശാസ്ത്രത്തെ ഇതുമായി എങ്ങനെ താതാത്മ്യ പെടുത്തും എന്നത് ഗൗരവതരമായ ചർച്ചക്ക് വിധേയമാക്കേണ്ട ഒന്നാണ്.

ഇവിടെ കാര്യം വളരെ ലളിതമായി കൈക്കൊള്ളുക എന്നതാണ് പ്രധാനം. അടിസ്ഥാനപരമായി ഖുർആനിന്റെ ഏറ്റവും സുവ്യക്തമായ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ഏതൊരു മുസ്ലിമും സ്വാംശീകരിക്കുന്നത് ആദ്യം പ്രവാചകരിൽ നിന്നാണ് എന്നതിൽ തർക്കമില്ല. ഈ പ്രവാചകൻ പത്തു സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്, വൈവിധ്യങ്ങളായ രൂപത്തിലും ഭാവത്തിലും പ്രായത്തിലുള്ളവർ. പ്രവാചകന്റെ പത്നിമാരിൽ ഏറ്റവും ശ്രേഷ്ഠമായി എണ്ണുന്നവരാണ് സയ്യിദത്ത് ആഇശാ ബീവി, മഹതി പറയുന്നു; “യുദ്ധത്തിൽ ആയിട്ട് അല്ലാതെ പ്രവാചകൻ ഒരിക്കലും തന്റെ കൈകൊണ്ട് ഒരു പെണ്ണിനേയും സേവകനെയോ എന്നല്ല ഒരു ജീവിയെയും അടിച്ചിട്ടില്ല”.

പെണ്ണിനെ അടിക്കാനുള്ള അനുമതി നൽകുന്ന ഖുർആനികാധ്യാപനം മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്, അതും കഴിഞ്ഞ് നാലാമത്തെ അവസരത്തിൽ മാത്രമാണ് അവരെ അടിക്കാനുള്ള അനുമതി പുരുഷനുള്ളത്. ഗുരുതരമായ വല്ല ഇടർച്ചയും ദാമ്പത്യബന്ധത്തിൽ വന്നുചേരുമെന്ന സാധ്യത നിലനിൽക്കുമ്പോഴാണ് നുശൂസ് അഥവാ പിണക്കം ഉണ്ടാകുന്നത്. ചെറിയ അസ്വാരസ്യങ്ങളോ മറ്റോ പിണക്കമായി പരിഗണിച്ചുകൂടാ എന്നർത്ഥം.ഇളക്കം പറ്റിയ ബന്ധത്തെ വിളക്കിചേർക്കാൻ ഉപദേശ നിർദേശങ്ങൾ നൽകലാണ് ആദ്യപടി. വിജയിച്ചില്ലെങ്കിൽ കിടപ്പറയിൽ നിന്ന് വെടിയാനാണ് ഖുർആൻ നിർദ്ദേശിക്കുന്നത്. അതും കഴിച്ചാണ് മുറിവാവാത്ത വിധം നന്മയുദ്ദേശിച്ച് കൊണ്ടാണെങ്കിൽ മാത്രം അവളെ അടിക്കാനുള്ള അവകാശമുള്ളൂ.

ഒരാൾക്കും മറ്റൊരാളെ ഭരിക്കാനോ അടിച്ചമർത്താനോ ഉള്ള അവകാശം മതം വകവെച്ച് നൽകുന്നില്ല. ജീവിതത്തിന്റെ സകല മേഖലകളിലും പരസ്പരം ഉൾകൊള്ളാനും പൊറുക്കാനും ഇരുമെയ്യും തയ്യാറാവുന്നിടത്താണ് വിജയമെന്ന് സാരം.

വിവ: ഫഹ്മിദ സഹ്റാവിയ്യ തറയിട്ടാൽ

Related Articles