Current Date

Search
Close this search box.
Search
Close this search box.

Quran, Shari'ah

ഖുർആനിലെ നാറാണത്ത് ഭ്രാന്തി

وَلَا تَكُونُوا كَالَّتِي نَقَضَتْ غَزْلَهَا مِن بَعْدِ قُوَّةٍ أَنكَاثًا – ٩٢ النحل

പിരിമുറുക്കി ഉറപ്പുണ്ടായശേഷം തന്റെ നൂല്‍ പിരി ഉടഞ്ഞ തുണ്ടങ്ങളായി ഉടച്ചുകളയുന്ന ഒരുവളെപ്പോലെ നിങ്ങള്‍ ആയിത്തീരരുത്; ( 16:92 )

ഖുർആൻ പേരെടുത്ത് പറഞ്ഞ ഒരുപാട് സ്ത്രീകളൊന്നുമില്ല. കൃത്യമായ പേരും വിശദാംശങ്ങളുമടക്കം ഖുർആൻ പറയുന്ന ഒരു സ്ത്രീ രത്നമാണ് മർയം ബീവി. അവരല്ലാത്ത ഒരുപാട് സ്ത്രീകൾ നന്മയുടെ രൂപകങ്ങളായും തിന്മയുടെ ഉപമകളായും ചില സൂചനകൾ നൽകിയത് ഖുർആൻ്റെ വിശദമായ വായനയിലും അന്വേഷണത്തിലും കണ്ടെത്താൻ കഴിയും. അക്കൂട്ടത്തിലെ ഒരു നെഗറ്റീവ് കഥാപാത്രമാണ് സൂറ: നഹ്ൽ ഈ സൂക്തത്തിൽ പറഞ്ഞുപോവുന്ന കൈത്തറിക്കാരി.

ഈ ശ്രേഷ്ഠമായ വാക്യത്തിൽ പരാമർശിച്ചിരിക്കുന്ന ആ കൈത്തറിക്കാരി ആരാണ്. റൈത്വ ബിൻത് അംറ് എന്നായിരുന്നുവത്രെ അവരുടെ പേര്. മക്കത്തെ നബിയുടെ കുടുംബമായ ഖുറൈശി ഗോത്രത്തിലെ അവാന്തര തറവാട് അസദ് കുടുംബക്കാരിയായ കെട്ടിലമ്മ. സ്വന്തം അധ്വാനിച്ചുണ്ടാക്കിയതല്ലാതെ ഭുജിക്കാറില്ലായിരുന്ന തറവാട്ടിൽ പിറന്നവൾ . പ്രസിദ്ധ തുന്നൽ , കൈത്തറി, കരകൗശല വിദഗ്ദ . നേരം പുലരുമ്പോൾ മുതൽ വൈകിട്ട് വരെ എല്ലാം സ്വന്തം കൈകൊണ്ടുണ്ടാക്കി ചന്തയിൽ കൊണ്ട്പോയി പൊന്നും വിലക്ക് വിറ്റുപോന്നിരുന്ന
റൈത്വക്ക് ഒരു പ്രഭാതത്തിൽ അക്ഷരാർത്ഥത്തിൽ പിരിയിളകി. അവർ ശീലിച്ചു വന്ന ദിനചര്യകൾ മുടങ്ങിയില്ല. നേരം പുലരുമ്പോൾ മുതൽ വൈകിട്ട് വരെ എല്ലാം സ്വന്തം കൈകൊണ്ടുണ്ടാക്കും. എന്നിട്ട് മോന്തിയാവുമ്പോൾ അതിൻ്റെ അവസാന പിരി ഒറ്റവലിയാണ്. എടുത്തപണിയെല്ലാം പാഴായി പോകുന്ന ആ ദൃശ്യമാണ് ഖുർആൻ ഇവിടെ അതി മനോഹരമായ ഭാഷയിൽ ചിത്രീകരിച്ചിട്ടുള്ളത്. രാവിലെ മുതൽ വൈകിട്ട് വരെ വെള്ളം കോരി വൈകിട്ട് കുടം തല്ലിപ്പൊട്ടിക്കുന്ന ഭ്രാന്തൻ സമീപനം. അല്പം കൂടി വ്യക്തമാക്കി പറഞ്ഞാൽ നാറാണത് ഭ്രാന്തനെ പോലെ രാവിലെ മുതൽ വൈകുന്നേരം വരെ പാറ ഉരുട്ടിക്കയറ്റി വൈകുന്നേരം അത് താഴോട്ട് ഉരുട്ടി ഇട്ട് ആ രംഗം കണ്ട് കൈ കൊട്ടി ചിരിക്കുന്ന ഒരു അറേബ്യൻ നാറാണത്ത് ഭ്രാന്തി.

റമദാൻ മുഴുവൻ പാടുപെട്ട് ബോധപൂർവ്വം ഉണ്ടാക്കിയെടുത്ത എല്ലാ നന്മകളും പെരുന്നാൾ രാവിന് തന്നെ പൊട്ടിച്ചു കളയുന്ന നമ്മുടെ നാട്ടിലെ യുവത്വത്തെ ചിത്രീകരിക്കാൻ ഇതിനെക്കാൾ മികച്ച ഉപമയില്ല.

ഇത്തരം പല കഥകളും കഥാപാത്രങ്ങളും സാഹചര്യങ്ങളും അനുവാചകർക്ക് പാഠവും ഓർമപ്പെടുത്തലുമാണ്. അവരുടെ നിലപാടിനെ ലോകാന്ത്യം വരെയുള്ളവർക്ക് അടയാളപ്പെടുത്തലും പാഠവുമാക്കാൻ ശക്തമായ ഭാഷയിൽ സൂചിപ്പിച്ചു കൊണ്ട് ഖുർആൻ തുടരുന്നു : “നിങ്ങളുടെ (കരാറുകളിലെ) സത്യങ്ങളെ നിങ്ങള്‍ക്കിടയില്‍ (കടന്നുകൂടുന്ന) ഒരു ചതി മാര്‍ഗ്ഗമാക്കിക്കൊണ്ട്; ഒരുസമൂഹം ഒരു സമൂഹത്തെക്കാള്‍ വളര്‍ന്നതു [പെരുപ്പമുള്ളതു] ആയിരിക്കുന്നതിനാല്‍. അതു മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണു ചെയ്യുന്നത്. യാതൊരു കാര്യത്തില്‍ നിങ്ങള്‍ ഭിന്നാഭിപ്രായത്തിലായിക്കൊണ്ടിരിക്കുന്നുവോ അതു ഖിയാമത്തുനാളില്‍ അവന്‍ നിങ്ങള്‍ക്കു വ്യക്തമാക്കിത്തരുക തന്നെ ചെയ്യുന്നതാണ്.” എന്നതാണ് ആ ആയതിൻ്റെ തുടർച്ച.

റമദാനിൽ രാവും പകലും നാം നമ്മുടെ റബ്ബുമായി ഒരു കരാർ പുതുക്കുകയായിരുന്നു. നാം റബ്ബിന്റെയാളുകളായി (റബ്ബാനിയ്യുകളായി) ശിഷ്ട ജീവിതം കഴിച്ചു കൂട്ടിക്കോളാമെന്ന്. പക്ഷേ പുണ്യ മാസം കഴിയുന്ന മുറക്ക് നാം ആ കരാറെല്ലാം മറക്കുന്നു. ശീലങ്ങളിൽ വെള്ളം ചേർക്കുന്നു. റമദാനിൽ പാലിച്ച വാക്കിലേയും നോക്കിലേയും സൂക്ഷ്മത ഇല്ലാതാവുന്നു. റമദാനിന് മുമ്പ് ഏത് അവസ്ഥയിലാണോ ഉണ്ടായിരുന്നത് അതുപോലെ , അല്ലെങ്കിൽ അതുക്കും മോശം അവസ്ഥയിലേക്ക് തരം താഴുന്നു. തനി റമദാൻ സ്പെഷ്യൽ സർവീസുകാരെ പോലെ പള്ളിയോടും ഖുർആനോടും ഭക്തി നിർഭരമായ ജീവിതത്തോടും അവസാന വെള്ളിയാഴ്ച ഖതീബ് സലാം ചൊല്ലുന്നതോടെ നാമും സലാം ചൊല്ലിയിറങ്ങുന്നു. അടുത്ത വർഷം കാണാമെന്ന മൂഡ പ്രതീക്ഷയിൽ . എല്ലാ വർഷവും ഇത് തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ സീസണൽ മതം നബി (സ) പഠിപ്പിച്ചതല്ല. റമദാനിൽ നാം ശീലിച്ച നല്ല ശീലങ്ങളെ ചുരുങ്ങിയ നിലയിലെങ്കിലും തുടരാൻ കഴിയുന്നില്ലെങ്കിൽ മനസ്സിലാക്കുക. നാമും റമദാനിനെയാണ് ആരാധിച്ചിരുന്നത്. റമദാനിൻ്റെ നാഥൻ ശവ്വാലിൻ്റെയും നാഥനാണ്. നാം റബ്ബിൻ്റെയാളുകളാവുമെന്ന കരാർ പ്രകാരം മുന്നോട്ടു പോകാൻ തീരുമാനിച്ചിട്ടില്ലെങ്കിൽ വാഗ്ദത്ത ലംഘനമെന്ന മഹാ അപരാധമാണ്ന മ്മൾ ചെയ്യുന്നത്. കരാർ ലംഘനം ശുദ്ധ കപടതയായാണ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്.

അവലംബം :
معجم أعلام النساء في القرآن الكريم لعماد الهلالي

Related Articles