Quranshariah

വിജയ പരാജയത്തിന്റെ അടിസ്ഥാനങ്ങള്‍

നാം ജീവിതത്തില്‍ വിജയിച്ചുകൊണ്ടിരിക്കുന്നവരെയും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നവരെയും കാണുന്നു. പരാജയപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ വിജയിച്ചവരെ നോക്കി സ്വന്തം വിലയിരുത്തുന്നു, അവരുടെ വിജയത്തിന് കാരണം അവരുടെ അനുകൂല സാഹചര്യങ്ങളാണ്, നമ്മുടെ സാഹചര്യമോ തികച്ചും ഭിന്നം, കാരണം നമുക്ക് അതിനുള്ള യോഗ്യതയില്ല. ഭൂമിയിലെ 90-95 ശതമാനം ആളുകളും ഈ രണ്ടാം വിഭാഗത്തില്‍ പെട്ടവരാണ്. ഏറ്റവും ദുഖകരമായ കാര്യം, നിങ്ങളാണ് ഏറ്റവും ഉന്നതര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട മുസ്ലിം ഉമ്മത്തില്‍പ്പെട്ടവര്‍ നെഗറ്റീവ് ചിന്തയുടെ കാര്യത്തില്‍ മറ്റുള്ളവരുടെ കൂടെ മത്സരിച്ചുകൊണ്ടിരിക്കുന്നതായി നാം കാണുന്നു. വിശുദ്ധ ഖുര്‍ആന്‍ അവരോട് പറയുന്നു, ‘നിങ്ങള്‍ ദുര്‍ബലരാകരുത്, ദുഃഖിക്കരുത്, നിങ്ങളാണ് ഏറ്റവും ഉന്നതര്‍’ (3:139).

എന്താണിതിന്റെ അര്‍ഥം ? ദുര്‍ബലമാകുക, ദുഖിക്കുക എന്നത് നമ്മുടെ വിശേഷണങ്ങളില്‍ പെട്ടതല്ല എന്നല്ലേ ? പിന്നെ ആരുടെ വിശേഷണങ്ങളാണ് ?
മനുഷ്യരുടെ ഹൃദയങ്ങളില്‍ ഭയം, നിരാശ, ദുഃഖം, ദാരിദ്ര്യത്തെക്കുറിച്ചുള്ള ആശങ്ക, കഴിഞ്ഞുപോയ കാലത്ത് നടന്ന പ്രതികൂലമായ കാര്യങ്ങളെക്കുറിച്ചുള്ള ഒരു പ്രയോജനവുമില്ലാത്ത ആലോചനകള്‍, ചിന്തകള്‍, ഭാവിയെക്കുറിച്ചുള്ള ആവശ്യമില്ലാത്ത ആശങ്ക എന്നിവ ഉണ്ടാക്കിയെടുക്കലാണ് പിശാചിന്റെ ജോലി. ഖുര്‍ആന്‍ തന്നെ പറയട്ടെ: ‘പിശാച് പട്ടിണിയെപ്പറ്റി നിങ്ങളെ പേടിപ്പിക്കുന്നു, നീച വൃത്തികള്‍ നിങ്ങളോടനുശാസിക്കുകയും ചെയ്യുന്നു ( അല്‍ ബഖറ : 268 )യ

ഒരു മനുഷ്യന് സ്വപ്നങ്ങളുണ്ടാകണം എന്ന് ഖുര്‍ആന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങൂ, നിങ്ങളുടെ ജീവിതം സുന്ദരമാകും. സ്വപ്നങ്ങളില്ലാത്തവന്‍ ഭൂമിയില്‍ ജീവിക്കുന്നു എന്ന് മാത്രമേയുള്ളു, ജീവിതം ആസ്വദിക്കുന്നില്ല. പണം എല്ലാമല്ല, പണമുള്ള എത്രയോ ആളുകളുണ്ട് അവര്‍ ഭൂമിയില്‍നിന്ന് പിരിഞ്ഞു പോകുന്നത് അവരുടേതായ വ്യക്തിത്വം ഭൂമിയില്‍ സ്ഥാപിക്കാതെയാണ്. ജീവിതത്തിന് ലക്ഷ്യബോധം ഉണ്ടാകണമെങ്കില്‍ സ്വപ്നങ്ങളുണ്ടാകണം, ഇത് നമ്മെ പാശ്ചാത്യര്‍ പഠിപ്പിക്കേണ്ടതില്ല, ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുണ്ട്. ‘നിങ്ങളാണ് ഏറ്റവും ഉന്നതര്‍ നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍’ എന്ന ഖുര്‍ആന്‍ വാക്യം മതി ഈ കാര്യം മനസ്സിലാക്കാന്‍.

എത്ര എത്ര വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളുമാണ് ഒന്നുമില്ലാത്തതില്‍നിന്ന് വളര്‍ന്നു വന്ന് ലോകത്ത് ഉന്നത അവസ്ഥകളില്‍ എത്തിയത്! സ്വപ്നങ്ങളുള്ളവന് യോഗ്യതയുടെ ആവശ്യമില്ല. അടിസ്ഥാന യോഗ്യത താല്പര്യവും ലക്ഷ്യത്തിലേക്കെത്താനുള്ള തീവ്രമായ ആഗ്രഹവും അത് നേടിയെടുക്കുവാനുള്ള തുടര്‍ച്ചയായ അധ്വാനവും ആസൂത്രണവും മാത്രം, അവ സാഹചര്യങ്ങളെ മാറ്റും, അതാണ് ചരിത്ര സത്യം.
2002 ല്‍ ലോകത്തിന്റെ സാമ്പത്തിക പട്ടികയില്‍ 111ാം സ്ഥാനത്ത് നിന്നിരുന്ന തുര്‍ക്കി ഇന്ന് എവിടെ എത്തി നില്‍ക്കുന്നു ? ഇനിയും ഞങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന ഉറച്ച ആത്മ വിശ്വാസത്തോടെയാണ് ആ രാഷ്ട്രം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

ഉപരോധത്തിന് വിധേയമായ ഖത്തര്‍ അതേ പാത പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. പാല്‍ ഇറക്കുമതി ചെയ്തിരുന്ന രാജ്യം 2018 പകുതി ആയപ്പോഴേക്കും ആ മേഖലയില്‍ സ്വയം പര്യാപ്തത നേടി ഇനി അടുത്ത ലക്ഷ്യം പാല്‍ കയറ്റുമതി ചെയ്യുകയാണ്! പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോഴും ആത്മവിശ്വാസം കൈവിടാതിരിക്കുക എന്നതാണ് വിജയത്തിന്റെ അടിസ്ഥാനം.
എന്ത് കൊണ്ട് ഭൂരിപക്ഷം ആളുകള്‍ക്കും, സമൂഹങ്ങള്‍ക്കും, രാഷ്ട്രങ്ങള്‍ക്കും അതിന് കഴിയുന്നില്ല, ഇവിടെയാണ് സ്വപ്നങ്ങളുടെ പ്രസക്തി. പ്രവാചകന്റെ ജീവിതം ഈ അടിസ്ഥാനതില്‍ വിലയിരുത്തുമ്പോള്‍ നമുക്ക് പല ചിന്തകളും ലഭിക്കും. എണ്ണസംഖ്യയുടെ കാര്യത്തിലും, സാമ്പത്തിക വിഷയത്തിലും സ്വാധീനത്തിലും ഒന്നുമല്ലാതിരുന്ന കാലത്ത്, പ്രവാചകന്‍ തന്റെ അനുയായികളെ പഠിപ്പിക്കുന്നു ‘നിങ്ങള്‍ അല്ലാഹു അല്ലാതെ ദൈവം ഇല്ല എന്ന് പ്രഖ്യാപിക്കുക, അറബികളും അനറബികളും നിങ്ങള്‍ക്ക് കീഴ്‌പ്പെടും’. ഭൂമിയിലെ ഏറ്റവും വലിയ പോസിറ്റീവ് ചിന്തയാണ് അദ്ദേഹം നല്‍കിയത്.സാഹചര്യങ്ങളെ പാടെ മറക്കൂ, സ്വപ്നങ്ങള്‍ കാണൂ, ലക്ഷ്യത്തിലേക്കു കുതിക്കൂ, എല്ലാം നേടിയെടുക്കാം. നിങ്ങള്‍ക്ക് വേണ്ടത്, ലക്ഷ്യം നേടാന്‍ കഴിയും എന്ന ഉറച്ച വിശ്വാസം മാത്രം, ബാക്കി കാര്യങ്ങള്‍ നിങ്ങളുടെ നാഥന്‍ നോക്കിക്കൊള്ളും.

Facebook Comments
Related Articles
Show More
Close
Close