Current Date

Search
Close this search box.
Search
Close this search box.

അഹ്ലുൽ കിതാബും കിതാബ് നല്കപ്പെട്ടവരും

അഹ്‌ലുൽ കിതാബ് أهل الكتاب അഥവാ വേദത്തിൻ്റെ ആളുകളും വേദം നൽകപ്പെട്ടവരും الذين أوتوا الكتاب (അല്ലദീന ഊതുൽ കിതാബ് ) എന്നിങ്ങനെ രണ്ടു പ്രയോഗം ഖുർആനിൽ കാണാം. രണ്ടാമത് പറഞ്ഞത് الذين أوتوا نصيبا من الكتاب വേദത്തിൻ്റെ നല്ല വിഹിതം ലഭിച്ചവർ എന്നും الَّذِينَ آتَيْنَاهُمُ الْكِتَابَ നാം വേദം നല്കിയവർ എന്ന നിലയിലും കാണാം.

ഇതിനെയെല്ലാം ഒരുപോലെ വേദക്കാർ എന്ന് വ്യാഖ്യാനിച്ചു പോവുന്ന ഒരു രീതി പരമ്പരാഗത മുഫസ്സിറുകളിൽ കാണുന്നു. എന്നാൽ നാലും നാല് അവസ്ഥാന്തരങ്ങളെ സൂചിപ്പിക്കുന്നു എന്നാണ് എന്റെ പഠനത്തിൽ നിന്നും മനസ്സിലായത്. മനുഷ്യസമൂഹത്തെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ പ്രവാചകന്മാര്‍ മുഖേന അല്ലാഹു വിവിധ കാലഘട്ടങ്ങളില്‍ വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ വേദഗ്രന്ഥങ്ങളുടെയെല്ലാം അടിസ്ഥാനപാഠങ്ങള്‍ ഒന്നുതന്നെയായിരുന്നു. ഏകദൈവത്വം, പ്രവാചകത്വം, മരണാനന്തരജീവിതം എന്നിവയാണ് ഈ അടിസ്ഥാനപാഠങ്ങള്‍. പല ദേശങ്ങളില്‍ പല കാലങ്ങളില്‍ പല ഭാഷകളില്‍ വേദഗ്രന്ഥങ്ങള്‍ അവതരിക്കപ്പെട്ടിട്ടുണ്ട്. പൂര്‍വകാലത്തുണ്ടായിരുന്ന മൂന്ന് വേദഗ്രന്ഥങ്ങളുടെ പേരുകള്‍ ഖുര്‍ആനില്‍ പറയുന്നുണ്ട്. തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍ എന്നിവയാണവ.

മൂസാ (മോശെ) എന്ന പ്രവാചകന് അവതരിച്ച വേദഗ്രന്ഥമാണ് തൗറാത്ത് (തോറ). ഈസാ (യേശു) പ്രവാചകന് ദൈവത്തില്‍നിന്ന് അവതീര്‍ണമായ വേദമാണ് ഇഞ്ചീല്‍. ദാവൂദ് (ദാവീദ്) പ്രവാചകന് ലഭിച്ച വേദമാണ് സബൂര്‍. ഖുര്‍ആനില്‍ പരാമര്‍ശിച്ച വേദഗ്രന്ഥങ്ങളെ പിന്‍പറ്റുന്നവരെന്ന നിലയ്ക്ക് ജൂതമതക്കാരെയും ക്രിസ്ത്യാനികളെയും ‘അഹ്‌ലുല്‍ കിതാബ്’ (വേദക്കാര്‍) എന്ന് ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നു.

ഒരു കാലത്ത് നിലനിന്നിരുന്ന വേദങ്ങള്‍ നശിച്ചുപോവുകയോ അവയിലെ അധ്യാപനങ്ങളില്‍ മനുഷ്യരുടെ കൈകടത്തലുകള്‍ ഉണ്ടാവുകയോ ചെയ്യുമ്പോള്‍ ആ വേദത്തിന്റെ ദൈവികത നഷ്ടമാകുന്നു. അപ്പോള്‍ പ്രവാചകന്മാര്‍ വഴി ദൈവം പുതിയ വേദം മനുഷ്യര്‍ക്കു നല്‍കുന്നു. ഇങ്ങനെ കഴിഞ്ഞുപോയ പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ട വേദങ്ങളിലെല്ലാം മനുഷ്യന്റെ കൈകടത്തല്‍ സംഭവിച്ചപ്പോഴാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി വഴി ദൈവത്തില്‍നിന്നും ദൈവിക സന്ദേശങ്ങളുടെ അവസാന പതിപ്പായ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്.

ഖുർആനിൽ വേദക്കാർ أهل الكتاب എന്നു വിശേഷിപ്പിക്കപ്പെട്ടവർ പൊതുവെ ക്രിസ്ത്യാനികളും ജൂതന്മാരുമാണ്. 31 തവണയാണ് ഈ പ്രയോഗം തന്നെ ഖുർആനിൽ വന്നിട്ടുള്ളത്. സൊറോസ്‌ട്രിയൻമാർ ( മജൂസ്) സാബിയൻസ് (സ്വാബികൾ) എന്നിവരും “ഗ്രന്ഥത്തിൻ്റെ ആളുകൾ” എന്ന പ്രയോഗത്തിൽ ഉൾപ്പെടുന്നു എന്ന വാദം പണ്ടുമുതലേ നിലനില്ക്കുന്നുണ്ട്.തോറ , ഇഞ്ചീൽ , അവെസ്ത , സങ്കീർത്തനങ്ങൾ എന്നിവയെല്ലാം ദിവ്യപ്രോക്ത ഗ്രന്ഥങ്ങളാണെന്ന പരികല്പനയിലാണ് വേദക്കാരുടെ വൃത്തം വികസിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഖുർആനിൽ വന്ന ആ നാലു പ്രയോഗങ്ങളും തമ്മിൽ ചില സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ട്. വേദക്കാർ എന്ന പ്രയോഗം പൊതുവെ
ഇസ്‌ലാമിന് മുമ്പുള്ള മുൻ ഏകദൈവ മതങ്ങൾ പിന്തുടരുന്ന ജനങ്ങളാണ്. ഒരേയൊരു ദൈവവും ദൂതന്മാരും ഉണ്ടെന്നുള്ള വിശ്വാസം വേദക്കാൾ പങ്കിടുന്നു, എന്നാൽ മതപരമായ വിശദാംശങ്ങളിലും വിശ്വാസങ്ങളിലും അവരെല്ലാം വ്യത്യസ്തരാണ്.

വേദം നൽകപ്പെട്ടവർ الذين أوتوا الكتاب എന്ന പദം 17 തവണയാണ് ഖുർആനിൽ കാണുന്നത്. ഈ പ്രയോഗവും വേദക്കാർ എന്ന അർഥത്തിൽ ദിവ്യപ്രോക്ത ഗ്രന്ഥങ്ങൾ സ്വീകരിക്കുകയും അതിലെ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്ത വ്യക്തികളെയും അവയല്ലാത്ത സ്മൃതിയായും ശ്രുതിയായും ഋഗ്വേദം, സാമവേദം, യജുർവേദം, അഥർവ്വവേദം എന്നിവ ലഭിച്ചവരും അതിലുൾപ്പെടുന്നു എന്ന അഭിപ്രായം ശൈഖ് മുഹമ്മദ് അബ്ദു , റശീദ് രിദ എന്നിവരിൽ നിന്നും റിപ്പോർട്ട് ചെയ്തു കാണുന്നുണ്ട്. അഥവാ ഏകദൈവ വിശ്വാസത്തെ അംഗീകരിക്കുന്ന മതാധ്യാപനങ്ങളാൽ സ്വാധീനിക്കപ്പെടുകയും അവ സ്വീകരിക്കുകയും ചെയ്ത വ്യക്തികളും അവരിൽ ഉൾപ്പെടുന്നു എന്നതാണ് എൻ്റെയും ധാരണ. അഥവാ അഹ്‌ലുൽ കിതാബ് എന്ന പ്രയോഗത്തേക്കാൾ ലേശം കൂടി വലിയ ഒരു വൃത്തമാണ് الذين أوتوا الكتاب വരക്കുന്നതെന്നർഥം.

രണ്ടു വിഭാഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ

1. മതകീയ ബന്ധം: വേദക്കാർ നാം പറഞ്ഞത് പോലെ ക്രിസ്ത്യാനികളും ജൂതന്മാരുമാണെങ്കിൽ വേദം നൽകപ്പെട്ടവരിൽ അവരുടെ യഥാർത്ഥ മതപരമായ ബന്ധം പരിഗണിക്കാതെ ഏതെങ്കിലും തരത്തിലുള്ള ദിവ്യ പ്രോക്ത ഗ്രന്ഥങ്ങൾ ലഭിച്ച വ്യക്തികളും ഉൾപ്പെടുന്നു.

2. ഗ്രന്ഥവുമായുള്ള ഇടപെടൽ: വേദക്കാർ എന്നത് ബൈബിളിനെ തങ്ങളുടെ പൈതൃകത്തിൻ്റെ ഭാഗമായി കണക്കാക്കുകയും അതുമായി ബന്ധപ്പെട്ട മതം ആചരിക്കുകയും ചെയ്യുന്ന ആളുകളെയാണ് പൊതുവെ സൂചിപ്പിക്കുന്നത്. അതേസമയം ” വേദം നൽകപ്പെട്ടവർ” എന്നത് ബൈബിളിനും പുറമെയുള്ള പൂർവ്വകാല ഗ്രന്ഥങ്ങൾ ലഭ്യമായവരെയും ഉൾകൊള്ളുന്നു.

3. സമൂഹവുമായുള്ള ഇടപഴകൽ: വേദക്കാർ സാധാരണയായി ഒരു പ്രത്യേക മത സമൂഹമോ ഗ്രൂപ്പോ ആയി കണക്കാക്കപ്പെടുന്നു, അതേസമയം വേദം നൽകപ്പെട്ടവർ വൈവിധ്യമാർന്ന സമൂഹത്തിലോ മതസമൂഹങ്ങളിലോ പെട്ട വ്യക്തികളായിരിക്കാം.

Dr മുസ്തഫ ശഹ്റൂർ, അദ്നാൻ ഇബ്റാഹീം എന്നീ ലിബറൽ ചിന്തകർ പ്രമാണങ്ങളുടെ അക്ഷര വായനക്കാർ أهل الكتاب/الذين أوتوا الكتاب/الذين أوتوا نصيبا من الكتاب ആണെന്നും ശരിയായ വേദജ്ഞാനം നല്കപ്പെട്ടവർ الَّذِينَ آتَيْنَاهُمُ الْكِتَابَ ആണെന്നും പറഞ്ഞത് എന്ത് പരിഗണനകളാണെന്ന് കുറിപ്പുകാരന് മനസ്സിലായിട്ടില്ല.

ഖുർആനിലെ അഹ്‌ലുൽ കിതാബ് എന്ന ആശയം ആക്ഷേപിക്കാനാണ് ഖുർആനിൽ വന്നിട്ടുള്ളത്.

താഴെ ആയതുകൾ ശ്രദ്ധിക്കുക :-

{يَا أَهْلَ الْكِتَابِ لِمَ تَكْفُرُونَ بِآيَاتِ اللّهِ وَأَنتُمْ تَشْهَدُونَ} آل عمران70
{يَا أَهْلَ الْكِتَابِ لِمَ تَلْبِسُونَ الْحَقَّ بِالْبَاطِلِ وَتَكْتُمُونَ الْحَقَّ وَأَنتُمْ تَعْلَمُونَ} آل عمران71
{قُلْ يَا أَهْلَ الْكِتَابِ لِمَ تَكْفُرُونَ بِآيَاتِ اللّهِ وَاللّهُ شَهِيدٌ عَلَى مَا تَعْمَلُونَ} آل عمران98
{قُلْ يَا أَهْلَ الْكِتَابِ لِمَ تَصُدُّونَ عَن سَبِيلِ اللّهِ مَنْ آمَنَ تَبْغُونَهَا عِوَجاً وَأَنتُمْ شُهَدَاء وَمَا اللّهُ بِغَافِلٍ عَمَّا تَعْمَلُونَ} آل عمران99
{وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْراً لَّهُم مِّنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ} آل عمران110
{قُلْ يَا أَهْلَ الْكِتَابِ هَلْ تَنقِمُونَ مِنَّا إِلاَّ أَنْ آمَنَّا بِاللّهِ وَمَا أُنزِلَ إِلَيْنَا وَمَا أُنزِلَ مِن قَبْلُ وَأَنَّ أَكْثَرَكُمْ فَاسِقُونَ} المائدة59

വേദം നല്കപ്പെട്ടവർ എന്ന പ്രയോഗവും ഖുർആൻ വിമർശനാർഥം പ്രയോഗിച്ചതാണ്;
ചില ഉദാഹരണങ്ങൾ കാണാം:-
{إِنَّ الدِّينَ عِندَ اللّهِ الإِسْلاَمُ وَمَا اخْتَلَفَ الَّذِينَ أُوْتُواْ الْكِتَابَ إِلاَّ مِن بَعْدِ مَا جَاءهُمُ الْعِلْمُ بَغْياً بَيْنَهُمْ وَمَن يَكْفُرْ بِآيَاتِ اللّهِ فَإِنَّ اللّهِ سَرِيعُ الْحِسَابِ} آل عمران19
{وَإِذَ أَخَذَ اللّهُ مِيثَاقَ الَّذِينَ أُوتُواْ الْكِتَابَ لَتُبَيِّنُنَّهُ لِلنَّاسِ وَلاَ تَكْتُمُونَهُ فَنَبَذُوهُ وَرَاء ظُهُورِهِمْ وَاشْتَرَوْاْ بِهِ ثَمَناً قَلِيلاً فَبِئْسَ مَا يَشْتَرُونَ} آل عمران187
{يَا أَيُّهَا الَّذِينَ أُوتُواْ الْكِتَابَ آمِنُواْ بِمَا نَزَّلْنَا مُصَدِّقاً لِّمَا مَعَكُم مِّن قَبْلِ أَن نَّطْمِسَ وُجُوهاً فَنَرُدَّهَا عَلَى أَدْبَارِهَا أَوْ نَلْعَنَهُمْ كَمَا لَعَنَّا أَصْحَابَ السَّبْتِ وَكَانَ أَمْرُ اللّهِ مَفْعُولاً} النساء47

വേദഗ്രന്ഥം നൽകപ്പെട്ടവർ الذين أوتوا الكتاب എന്ന ആശയം, അറിവ് ലഭ്യമായിട്ടും അത് ചില താല്പര്യങ്ങൾക്ക് വേണ്ടി തങ്ങളുടെ പുറകിൽ ഉപേക്ഷിക്കുകയും ചെയ്യുന്നവരെയാണ് സൂചിപ്പിക്കുന്നത്. الذين أوتوا نصيبا من الكتاب വേദത്തിൻ്റെ നല്ല വിഹിതം ലഭിച്ചവർ എന്ന പ്രയോഗവും ആക്ഷേപ ഹാസ്യപരമാണ് .

ഉദാ:-
﴿أَلَمۡ تَرَ إِلَى ٱلَّذِینَ أُوتُوا۟ نَصِیبࣰا مِّنَ ٱلۡكِتَـٰبِ یُدۡعَوۡنَ إِلَىٰ كِتَـٰبِ ٱللَّهِ لِیَحۡكُمَ بَیۡنَهُمۡ ثُمَّ یَتَوَلَّىٰ فَرِیقࣱ مِّنۡهُمۡ وَهُم مُّعۡرِضُونَ ۝٢ آل عمران

എന്നാൽ ഖുർആൻ الَّذِينَ آتَيْنَاهُمُ الْكِتَابَ (നാം വേദം നല്കിയവർ) എന്ന നിലയിൽ പ്രയോഗിച്ചത് വേദക്കാരിലെയും വേദം നല്കപ്പെട്ടവരിലേയും
സുകൃതവന്മാരായ ആളുകളെ പ്രശംസിക്കാൻ വേണ്ടിയാണ്.

ٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ يَتْلُونَهُۥ حَقَّ تِلَاوَتِهِۦٓ أُوْلَٰٓئِكَ يُؤْمِنُونَ بِهِۦ ۗ وَمَن يَكْفُرْ بِهِۦ فَأُوْلَٰٓئِكَ هُمُ ٱلْخَٰسِرُونَ 121 البقرة
الَّذِينَ آتَيْنَاهُمُ الْكِتَابَ مِن قَبْلِهِ هُم بِهِ يُؤْمِنُونَ 52 القصص

أهل الكتاب/الذين أوتوا الكتاب/الذين أوتوا نصيبا من الكتاب എന്ന് ഉപയോഗിച്ചത് പോലെ നിഷേധാത്മക സമീപനമല്ല الَّذِينَ آتَيْنَاهُمُ الْكِتَابَ എന്ന നിലയിൽ ഉപയോഗിക്കുമ്പോൾ വരുന്നത്. അവരിൽ പ്രബോധക ഗ്രന്ഥമെന്ന നിലക്ക് ഖുർആന് ഏറെ പ്രതീക്ഷകളുണ്ടെന്നും അവർക്ക് വേദം പഠിപ്പിച്ചത് അല്ലാഹു തന്നെയാണെന്നുമുള്ള നിർമാണാത്മക ശൈലിയാണ് അവിടങ്ങളിലുള്ളതെന്നും ഇബ്നുൽ ഖയ്യിം മിഫ്താഹു ദാറിസ്സആദയിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. أهل الكتاب/الذين أوتوا الكتاب/الذين أوتوا نصيبا من الكتاب എന്നിവ സംവാദ ഭാഷയും الَّذِينَ آتَيْنَاهُمُ الْكِتَابَ എന്നത് പ്രബോധക ഭാഷയും ശൈലിയും എന്ന് ചുരുക്കി പറയാം. ( ആയതുകൾ അർഥം കൊടുക്കാതെ പറഞ്ഞ് പോയത് ദൈർഘ്യം ഭയന്നാണ്)

നിഗമനം : ഇസ്‌ലാമിൽ, “വേദക്കാർ” എന്ന പദം ക്രിസ്ത്യാനികളെയും യഹൂദന്മാരെയും പ്രത്യേകമായി പൊതു മുസ്ലിം സമൂഹത്തിൽ അംഗീകരിക്കപ്പെട്ടു പോരുന്നു. അതേസമയം “ഗ്രന്ഥം നൽകപ്പെട്ടവർ” എന്നത് അവരുടെ മതപരമായ ബന്ധം പരിഗണിക്കാതെ തന്നെ ദിവ്യ പ്രോക്ത ഗ്രന്ഥങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളെയാണ് സൂചിപ്പിക്കുന്നത്. പ്രയോഗങ്ങളിലെ ഈ വ്യത്യാസങ്ങൾ ഇസ്ലാമിക ലോകത്തെ മതപരവും സാംസ്കാരികവുമായ ഇടപെടലുകളുടെ വൈവിധ്യം ഉയർത്തിക്കാട്ടുകയും വിവിധ മത ഗ്രന്ഥങ്ങൾ തമ്മിലുള്ള അടിസ്ഥാന ബന്ധത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.

Related Articles