Current Date

Search
Close this search box.
Search
Close this search box.

സുകൃതങ്ങളുടെ നറുമണം പരന്നുതുടങ്ങുന്നു, അഹ്‌ലന്‍ യാ റമദാന്‍

മനോഹരമായൊരു ചന്ദ്രപിറവിക്കായി ആകാശം വീണ്ടും അണിഞ്ഞൊരുങ്ങുകയാണ്. ഭൂമിയിലേക്ക് പെയ്തിറങ്ങുന്ന റബ്ബിന്റെ കാരുണ്യത്തെ ചേര്‍ത്തുപിടിക്കാന്‍ മണ്ണൊരുങ്ങുകയാണ്. സ്വര്‍ഗ്ഗീയ സുഗന്ധവുമായി വന്നിറങ്ങുന്ന മാലാഖമാരെ വരവേറ്റുകൊണ്ട് ചുറ്റിലും സുകൃതങ്ങളുടെ നറുമണം പരന്നുതുടങ്ങിയിട്ടുണ്ട്. ദിവ്യവെളിപാട് കൊണ്ട് അല്ലാഹുവിന്റെ കാരുണ്യം ഭൂമിയെ ചുംബിച്ചതിന്റെ ഓര്‍മപ്പെടുത്തലുമായി റമദാന്‍ വാതില്‍ തുറക്കുകയാണ്.

ഭൗതിക ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ പലപ്പോഴും നമ്മളെല്ലാം അല്ലാഹുവിനെ മറന്നുപോയിട്ടുണ്ടാകും. അവന്റെ വഴിയില്‍ നിന്നും തെന്നിമാറി പല വഴികളിലൂടെ നടന്നുപോയിട്ടുണ്ടാകും. അവനിഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരുപാട് ദൂരം നമ്മളകന്ന് പോയിട്ടുണ്ടാകും. അങ്ങിനെയൊക്കെയാണെങ്കിലും അവന്‍ നമ്മെ കൈവെടിയുന്നില്ല. ജീവിതത്തിലിടക്കിടക്ക് അവന്‍ നമുക്ക് ചില അവസരങ്ങള്‍ നല്‍കും. അവനെ മറന്നുപോയവര്‍ക്ക് അവന്റെ ഓര്‍മകള്‍ നിറച്ചുകൊടുക്കാന്‍, അവനില്‍ നിന്ന് ഒരുപാടകലത്തേക്ക് പോയവരെ അരികിലേക്ക് ചേര്‍ത്തുപിടിക്കാന്‍, തെറ്റിപ്പോയ വഴികളില്‍ നിന്നെല്ലാം കൈപിടിച്ച് അവന്റെ വഴിയിലേക്ക് തിരിച്ചെത്തിക്കാന്‍…അവന്റെ കാരുണ്യം അത്രമേല്‍ വലുതാണ്.

റമദാന്‍ നമുക്ക് സമ്മാനിക്കേണ്ട ഒന്നാമത്തെ അനുഭൂതി അല്ലാഹുവിന്റെ കാരുണ്യം നമ്മെ എത്രമാത്രം കെട്ടിപ്പുണരുന്നുണ്ടെന്നതാണ്. അല്ലാഹുവിന്റെ വഴിയില്‍ വിശ്വാസി ഏറെ പ്രിയത്തോടെ നടന്നുശീലിക്കുന്നൊരു മാസം. നന്മയുടെ സുഗന്ധവും അനുഭൂതിയും ഭൗതികാലങ്കാരങ്ങളുടെ പൊലിമ കുറയുന്നൊരു കാലം. അല്ലാഹുവോടുള്ള സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും നനവ് ഉള്ളനുഭവിക്കും. കരുണയുടെയും വിട്ടുവീഴ്ചയുടെയും തുറന്നിട്ട വാതിലുകള്‍ കടന്ന് അവനോട് നമ്മള്‍ ചേര്‍ന്നിരിക്കും.

പ്രലോഭനങ്ങളും പ്രകോപനങ്ങളും തട്ടിമാറ്റി അവനിലേക്ക് ഓടിയടുക്കാന്‍ തിടുക്കം കാട്ടും. നന്മകളൊക്കെയും അതെത്ര ചെറുതാണെങ്കിലും പെറുക്കിയെടുത്ത് കൂട്ടിവെക്കും. ഒരണുമണിയില്‍ നിന്ന് അരനേകം കതിര്‍മണികള്‍ പെരുകുന്ന പോല്‍ ഒരുപാടിരട്ടിയായി തിരിച്ചുകിട്ടുമെന്ന വാഗ്ദാനത്തില്‍ പ്രതീക്ഷകള്‍ നിറച്ചുവെക്കും. ഒരു പകലിന്റെ ത്യാഗം അസ്തമയത്തിലേക്കെത്തുമ്പോള്‍ നാഥന്റെ ഇഷ്ടത്തിനായി ജീവിച്ച ഒരു ദിനത്തിന്റെ നിര്‍വൃതി മനസ്സിലനുഭവിച്ച് നോമ്പ് തുറക്കും. വരണ്ടുണങ്ങിയ ഞരമ്പുകള്‍ നനയിച്ച നാഥനെ സ്തുതിക്കും. അവന്റെ കാരുണ്യത്തിന്റെ ചിറക് സ്വീകാര്യമായ നന്മയാകാന്‍ ദുആ ചെയ്യും. പ്രിയപ്പെട്ടവരെയും അര്‍ഹതപ്പെട്ടവരെയും വിളിച്ച് ഇഫ്താറൂട്ടി സുകൃതങ്ങള്‍ക്ക് മേല്‍ സുകൃതങ്ങള്‍ ചേര്‍ത്തുവെക്കും.

പ്രിയപ്പെട്ടവരോടും കൂട്ടുകാരോടുമൊപ്പം, ദൈവപ്രേമത്തിന്റെ അനുഭൂതികള്‍ പങ്കുവെച്ച് ഒരുമിച്ചിരിക്കും. സ്നേഹത്തിന്റെയും സഹായത്തിന്റെയും പൊതികളുമായി വീടുകളിലേക്കും തെരുവുകളിലേക്കുമിറങ്ങും. ഖുര്‍ആനിന്റെ വെളിച്ചത്തിലൂടെ നാഥന്റെ തണലിലേക്ക് നടന്നടുക്കും. വിശുദ്ധ ഖുര്‍ആനാണ് റമദാനിനെ ഇങ്ങനെ ചമയിച്ചൊരുക്കിയത്. മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ അനുഗ്രഹമാണ് ഖുര്‍ആന്‍. കാരണം, ആത്യന്തിക വിജയത്തിന്റെ അടിസ്ഥാനം ഹിദായത്താണ്. ആ ഹിദായത്തിലേക്കുള്ള വഴിയാണ് ഖുര്‍ആന്‍. നോമ്പും തഖ്‌വയും ഖുര്‍ആനും തമ്മിലൊരു ബന്ധമുണ്ട്. ഖുര്‍ആന്‍ ഇറങ്ങിയ മാസമായതിനാല്‍ റമദാനില്‍ നോമ്പ് നോല്‍ക്കാന്‍ പറഞ്ഞു. നോമ്പ് നോല്‍ക്കുന്നതാകട്ടെ തഖ്‌വ ആര്‍ജിക്കാനാണെന്ന് പറഞ്ഞു. ഇനി എന്തിനാണ് തഖ്‌വ എന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ”ഇത് അല്ലാഹുവിന്റെ വേദമാകുന്നു. ഇതില്‍ സംശയമില്ല തന്നെ. മുത്തഖികള്‍ക്ക് സന്മാര്‍ഗ ദര്‍ശനമത്രെ ഇത്.” (2:02)

ഖുര്‍ആന്‍ മുഴുവന്‍ മനുഷ്യര്‍ക്കും സന്മാര്‍ഗമാണെന്ന് പറയുമ്പോഴും മുത്തഖികള്‍ക്ക് വഴികാട്ടിയാണെന്ന് പ്രത്യേകം പറയുന്നു. അതിനര്‍ത്ഥം ഖുര്‍ആനില്‍ നിന്ന് കാര്യങ്ങളെ മനസ്സിലാക്കാനും പഠിക്കാനും അറിവ് നേടാനും ഏതൊരാള്‍ക്കും കഴിയുമെങ്കിലും ആശയങ്ങള്‍ ജീവിതത്തില്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുന്നത് മനസ്സില്‍ തഖ്വയുള്ളവര്‍ക്കാണ്. ഖുര്‍ആന്‍ ജീവിതത്തിന്റെ വെളിച്ചമായിത്തീരാനുള്ള മാനസിക-ശാരീരിക തയാററെടുപ്പാണ് റമദാന്‍ എന്നര്‍ത്ഥം. മറ്റൊരു ഗ്രന്ഥത്തെയും സമീപിക്കുന്ന പോലെയല്ല ഖുര്‍ആനിനെ സമീപിക്കേണ്ടത്. അല്ലാഹുവിന്റെ വചനങ്ങള്‍ ബുദ്ധിയോടും മനസ്സിനോടും ഖുര്‍ആന്‍ സംവദിക്കുമ്പോള്‍ ഈ വിശാലമായ പ്രപഞ്ചത്തെയും മനുഷ്യനടക്കമുള്ള സകല ജീവജാലങ്ങളുടെയും സൃഷ്ടാവാണ് സംസാരിക്കുന്നതെന്ന ബോധം മറ്റേത് ഗ്രന്ഥത്തെയും സമീപിക്കുന്നതിനേക്കാള്‍ ഗൗരവം നമ്മളില്‍ രൂപപ്പെടുത്തും.

എല്ലാവരും ഒരേ രീതിയിലല്ല ഖുര്‍ആനിനെ അനുഭവിക്കുക. ഓരോരുത്തരും സമീപിക്കുന്ന രീതികള്‍ക്കനുസരിച്ചാകും അതവരില്‍ സൃഷ്ടിക്കുക. ചിലര്‍ക്കതൊരു വഴികാട്ടിയാണ്. അസ്ഥിത്വത്തിന്റെ യാഥാര്‍ത്ഥ്യവും ജീവിതത്തിന്റെ അര്‍ത്ഥവും മനസ്സിലാക്കാനാകാതെ അന്തിച്ചുനില്‍ക്കുന്നവര്‍ക്ക് യാഥര്‍ത്ഥ്യം മനസ്സിലാക്കാനുള്ള വഴികാട്ടി. ചിലര്‍ക്ക് വെളിച്ചമായിരിക്കും, വിശ്വാസവൈകല്യങ്ങളും അന്ധവിശ്വാസവും ഇരുള്‍പടര്‍ത്തിയ മനസ്സുകള്‍ക്ക് സത്യത്തിലേക്കും യാഥാര്‍ത്ഥ്യത്തിലേക്കും വഴികാണിക്കുന്ന ദിവ്യപ്രകാശം. ചിലര്‍ക്കതൊരു തണലാണ്. ഭൗതികപ്രത്യയശാസ്ത്രങ്ങളുട വിമോചന സങ്കല്‍പ്പങ്ങളുടെ വെയിലേറ്റ് തളര്‍ന്നവര്‍ക്കുള്ള ആശ്വാസത്തിന്റെ തണല്‍. മറ്റു ചിലര്‍ക്കത് ശാന്തിയും ശമനവുമാണ്.

കാലത്തിന്റെ കലങ്ങിമറിച്ചിലില്‍ ചെന്നുപതിക്കുന്ന പരീക്ഷണങ്ങളില്‍ വീണുപോകാതെ മനസ്സിനെ താങ്ങിനിര്‍ത്തുന്ന സമാധാനവും ആശ്വാസവും, ഇനിയും ചിലര്‍ക്കത് പ്രചോദനമാണ്. ദൈവിക ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ മുന്നോട്ടുകുതിക്കുന്നവര്‍ക്ക് പ്രതിസന്ധികളെ സധീരം നേരിടാന്‍ കരുത്ത് നല്‍കുന്ന പ്രചോദനം. പോരാളികള്‍ക്കത് ദൈവിക സ്നേഹവായ്പുകള്‍ അനുഭവിച്ചറിയാനുള്ള ഉറവയാണെങ്കില്‍ ദൈവപ്രേമത്തിന്റെ പ്രകൃതി കേന്ദ്രീകൃത വഴികളിലൂടെ മാത്രം മുന്നോട്ടുപോകുന്നവര്‍ക്ക് വിമോചനപോരാട്ടങ്ങള്‍ക്കായുള്ള സംഘടിത നേതൃത്വത്തില്‍ പങ്കാളിത്തം വഹിക്കുന്നതിന്റെ സാധ്യതയെ ഓര്‍മപ്പെടുത്തുന്ന വെളിപാടാണത്. ചിലര്‍ക്കത് പ്രതീക്ഷയുടെ ഭാവനയാണ്. ഈ ലോകത്ത് പുലരാനിരിക്കുന്ന ക്ഷേമത്തിന്റെയും നീതിയുടെയും പുതുലോക നിര്‍മിതിയെകുറിച്ച ഉറച്ച പ്രതീക്ഷ നല്‍കുന്ന ഭാവന. ജീവിതത്തില്‍ വല്ലപ്പോഴും മാത്രം ലഭിക്കുന്ന അവസരങ്ങളിലൊന്നായി കണ്ട് റമദാനിനെ നമുക്ക് സ്വീകരിക്കാം.

റമദാനിലേക്ക് പ്രവേശിക്കും മുന്‍പ് ചില ശുദ്ധീകരണങ്ങള്‍ നമ്മള്‍ നടത്തണം. പരസ്പര ബന്ധത്തില്‍ എനിക്കാരോടും പ്രശ്നങ്ങളില്ല, ആരോടും പകയും വിദ്വേഷവും അകല്‍ച്ചയുമില്ല, അങ്ങിനെയുണ്ടെങ്കില്‍ അതെല്ലാം പരിഹരിച്ചാവണം റമദാനിലേക്കെത്തേണ്ടത്. അല്ലെങ്കില്‍ നമ്മളെടുക്കുന്ന എല്ലാ നന്മകളും നഷ്ടപ്പെട്ടേക്കാം. സാമ്പത്തിക കാര്യങ്ങളും അങ്ങിനെയാണ്. ഹലാലല്ലാത്ത ഒരു വിഹിതവും എന്റെ സമ്പാദ്യത്തിലില്ല. കൈയിലൊരുപാടുണ്ടായിട്ടും കൊടുത്തുവീട്ടാനുള്ളതെല്ലാം നല്‍കാതെ അവനിലേക്ക് കൈയുയര്‍ത്തിയാല്‍ അത് സ്വീകരിക്കപ്പെടില്ല.

ഏത് നന്മയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സീസണാണ് റമദാന്‍. നമ്മളില്‍ കുറവുള്ള ശീലങ്ങളും നന്മകളും ജീവിതത്തിന്റെ ഭാഗമാക്കാന്‍ കഴിയുന്നൊരു കാലം നമ്മളില്‍ നിന്നെടുത്ത് കളയേണ്ട തിന്മകള്‍ ഒഴിവാക്കി ശീലിക്കാനുള്ള സന്ദര്‍ഭം. റമദാനിലേക്ക് പ്രവേശിക്കും മുന്‍പ് നമ്മളെക്കുറിച്ച് നമ്മോട് തന്നെ ചോദിച്ചാല്‍ കിട്ടുന്ന ചില ഉത്തരങ്ങളുണ്ടാകും. ആ ഉത്തരങ്ങളില്‍ പടച്ചോനോടുള്ള ബന്ധത്തില്‍ പൂരിപ്പിക്കേണ്ട ചില ഭാഗങ്ങളുണ്ടാകും. പടപ്പുകളോടുള്ള കാഴ്ചപ്പാടുകളില്‍ ചേരുംപടി ചേര്‍ക്കേണ്ട, ചിലതൊക്കെ കാണും. അതൊക്കെ കൂട്ടിയോജിപ്പിക്കാന്‍ ഇതിലും നല്ല ഒരു അവസരമുണ്ടാകില്ലെന്ന ചിന്തയില്‍ റമദാനിനെ ആലിംഗനം ചെയ്യാന്‍ നമുക്കൊരുങ്ങാം.

Related Articles