ഖിയാം എന്നതിന് അറബിയില്‍ നില്‍ക്കുക എന്നാണ് അര്‍ത്ഥം. ഖിയാമുല്ലൈല്‍ എന്നാല്‍ രാത്രിയിലുള്ള നിര്‍ത്തം. ഇസ്ലാമിന്റെ ആവിര്‍ഭാവം മുതല്‍ ഭക്തിയോടെ അനുഷ്ടിച്ചുപോരുന്ന പ്രാര്‍ത്ഥനയാണിത്. പ്രവാചകന്‍ സ്ഥിരമായി ഇത് അനുഷ്ടിക്കുകയും അനുയായികളോട് അനുഷ്ടിക്കാന്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
രാത്രിയില്‍ നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് തഹജ്ജുദ് നമസ്‌കരിക്കുക. ഇത് നിനക്ക് കൂടുതല്‍ അനുഗ്രഹം നേടിത്തരുന്ന ഒന്നാണ്. അതുവഴി നിന്റെ നാഥന്‍ നിന്നെ സ്തുത്യര്‍ഹമായ സ്ഥാനത്തേക്കുയര്‍ത്തിയേക്കാം. (17:79)
മൂടിപ്പുതച്ചുകിടക്കുന്നവനേ, രാത്രിയില്‍ നീ എഴുന്നേറ്റ് നമസ്‌കരിക്കുക -കുറച്ചുനേരമൊഴികെ, അതായത് രാവിന്റെ പാതി. അല്ലെങ്കില്‍ അതില്‍ അല്‍പം കുറക്കുക. അല്ലെങ്കില്‍ അല്‍പം വര്‍ധിപ്പിക്കുക. ഖുര്‍ആന്‍ നിര്‍ത്തി നിര്‍ത്തി സാവധാനം ഓതുക. നിനക്കു നാം ഭാരിച്ച വചനം അവതരിപ്പിക്കുന്നതാണ്. രാത്രിയില്‍ ഉണര്‍ന്നെഴുന്നേറ്റുള്ള നമസ്‌കാരം ഏറെ ഹൃദയസാന്നിധ്യം ഉളവാക്കുന്നതാണ്. സംസാരം സത്യനിഷ്ഠമാക്കുന്നതും. (73:16)
ഖിയാമുലൈലിന്റെ ഗുണങ്ങളെക്കുറിച്ചും അത് പ്രോത്സാഹിപ്പിച്ചും നിരവധി തവണ പ്രവാചകന്‍ പറഞ്ഞിന്റെ വിവിധ ഹദീസുകളില്‍ കാണാം.
നബി (സ) പറഞ്ഞു: നിര്‍ബന്ധമായ (ഫര്‍ദ്) നമസ്‌കാരങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും നല്ല നമസ്‌കാരം രാത്രിയിലെ നമസ്‌കാരവും റമദാന്‍ മാസത്തിന് ശേഷമുള്ള ഏറ്റവും നല്ല നോമ്പ് മുഹര്‍റവുമാണ്. (നസാഈ 1614)
ഒരിക്കല്‍ പ്രവാചകനോട് ചോദിക്കപ്പെട്ടു ‘അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും നിങ്ങള്‍ അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുകയും അഞ്ച് നേരം നമസ്‌കരിക്കുകയും (റമദാന്‍) മാസം നോമ്പെടുക്കുകയും റമദാനില്‍ ഖിയാം നമസ്‌കരിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു? പ്രവാചകന്‍ പറഞ്ഞു. ‘അങ്ങിനെ ചെയ്തുകൊണ്ട് മരിക്കുന്നവന്‍ സിദ്ദീഖുകളിലും രക്തസാക്ഷികളിലും പെട്ടവരായിരിക്കും.’
ഖിയാമുല്ലൈല്‍ (രാത്രി നമസ്‌കാരം)ശീലം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന 5 വഴികള്‍ ആണ് ഇവിടെ പരാമര്‍ശിക്കുന്നത്.
1. നമസ്‌കാരത്തെക്കുറിച്ച് സ്വന്തത്തെ ബോധവല്‍ക്കരിക്കുക
ഖിയാമുല്ലൈല്‍ നമസ്‌കാരം അല്ലാഹുവിന് വളരെ പ്രിയപ്പെട്ടതാണ്, പ്രവാചകന്‍ (സ) താഴെ പറയുന്ന ഹദീസില്‍ അതിന്റെ പുണ്യത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
എല്ലാ ദിവസവും രാത്രിയുടെ മൂന്നിലൊന്ന് അവശേഷിക്കുമ്പോള്‍ അല്ലാഹു സ്വര്‍ഗത്തിന്റെ താഴെത്തട്ടിലേക്ക് ഇറങ്ങും. എന്നിട്ട് പറയും. ആര്‍ എന്നെ വിളിക്കുന്നുവോ ഞാന്‍ അവന് ഉത്തരം നല്‍കും. ആര്‍ എന്നോട് ചോദിക്കുന്നോ ഞാന്‍ അവന് നല്‍കും. ആര്‍ എന്നോട് പാശ്ചാതാപം തേടുന്നുവോ ഞാന്‍ അവന് പൊറുത്തുകൊടുക്കും. (ബുഖാരി, മുസ്ലിം)
രാത്രിയുടെ അവസാന സമയത്ത് തന്നെ അഭിസംബോധന ചെയ്യുന്ന തന്റെ സൃഷ്ടികളോട് ക്ഷമിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു എന്നതാണ് ഖിയാമുലൈലിന്റെ മനോഹാരിത്.
ഖിയാമുല്ലൈലിനെക്കുറിച്ച് ഒരാള്‍ അവനെ/അവളെത്തന്നെ ബോധവല്‍ക്കരിച്ചാല്‍ എല്ലാ രാത്രിയിലും സുഖപ്രദമായ കിടക്കയില്‍ നിന്ന് എഴുന്നേറ്റ് നമസ്‌കരിക്കാനുള്ള പ്രചോദനം നല്‍കും. രണ്ട് റക്അത്ത് കൊണ്ട്, ഒരാളുടെ വിധി തന്നെ മാറ്റാന്‍ ഖിയാമിന് ശക്തിയുണ്ട്.
ഖിയാമിനെക്കുറിച്ച് കൃത്യമായ പഠനം ഇന്ന് ഇന്റര്‍നെറ്റില്‍ യഥേഷ്ടം ലഭ്യമാണ്. ഖിയാമിനെക്കുറിച്ചുള്ള അറിവ് നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക എന്നതേ ലക്ഷ്യത്തിലേക്കുള്ള നിങ്ങളുടെ ആദ്യ ചവിട്ടുപടിയാകട്ടെ!
2. ഉദ്ദേശ്യലക്ഷ്യമുണ്ടായിരിക്കുക
ഇസ്ലാമില്‍ ഒരു പ്രത്യേക ദൗത്യം ആരംഭിക്കുന്നതിന് മുമ്പ് ശരിയായ നിയ്യത്ത് ഉണ്ടാക്കേണ്ടതിന്റെ പ്രാധാന്യത്തിന് എപ്പോഴും ഊന്നല്‍ നല്‍കുന്നുണ്ട്. അല്ലാഹു അവന്റെ സൃഷ്ടികളെ വിലയിരുത്തുത് അവരുടെ ഉദ്ദേശ്യങ്ങളെ അടിസ്ഥാനമാക്കിയാണ്, അല്ലാതെ പുറംകാഴ്ചയോ പരിണിതഫലമോ നോക്കിയല്ല.
നമ്മുടെ സഹപാഠികള്‍/അധ്യാപകര്‍/മാതാപിതാക്കള്‍ എല്ലാം നമ്മുടെ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലമനുസരിച്ച് നമ്മെ വിലയിരുത്തുമ്പോള്‍, സര്‍വ്വശക്തനായ അല്ലാഹു മനുഷ്യനെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് വിലയിരുത്തുന്നതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. വിജയവും പരാജയവും സര്‍വ്വശക്തന്റെ കൈകളിലാണെന്ന് എപ്പോഴും ഓര്‍ക്കുക
നമ്മുടെ ഓരോ പ്രവൃത്തിയുടെയും പിന്നിലെ ഉദ്ദേശ്യം അവന്‍ കാണുകയും അതിനനുസരിച്ച് നമ്മെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഇസ്ലാമിലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം ഉദ്ദേശശുദ്ധിയാണ് !
3. ശീലം ഉണ്ടാക്കുക
ഏത് ശീലവും നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗം അത് ക്രമേണ ക്രമേണ ആരംഭിക്കുക എന്നതാണ്, അതിനാല്‍ നിങ്ങള്‍ സ്വയം കീഴടങ്ങരുത്. ഖിയാമുല്ലൈലും ഈ രീതിയില്‍ ആരംഭിക്കാം. ഏറ്റവും കുറഞ്ഞ റക്അത്തുകളില്‍ (2) ആരംഭിക്കുക എന്നത് നിര്‍ണായകമാണ്, തുടര്‍ന്ന് നിങ്ങള്‍ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന അത്രയും റക്അത്തുകളിലേക്ക് പതുക്കെ മാറുക.
എന്നിരുന്നാലും, റക്അത്തുകളുടെ യഥാര്‍ത്ഥ എണ്ണം മനസ്സില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ്, അതിനാല്‍ നിങ്ങള്‍ക്ക് മടുപ്പ് അനുഭവപ്പെടില്ല.
ഈ ശീലം പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതിനെ തടയാനും ഇതുകൊണ്ടാകും. പ്രവാചകന്‍ പറഞ്ഞു: ‘ഓ അബ്ദുല്ല, നീ രാത്രിയില്‍ നമസ്‌കരിക്കുകയും പിന്നീട് രാത്രി നമസ്‌കാരം നിര്‍ത്തുകയും ചെയ്തവരെ പോലെയാകരുത്’ (ബുഖാരി)
ഇതുവഴി നിങ്ങള്‍ക്ക് ഖിയാമുലൈലിനെ ഒരു ഭാരമായി കരുതുന്നത് ഒഴിവാക്കാനും ഖിയാം നമസ്‌കാരം പതുക്കെ നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന സന്തോഷവും സമാധാനവും ആത്മാര്‍ത്ഥമായി അനുഭവിച്ചു തുടങ്ങാനും സാധിക്കും.
ഖിയാമില്‍ ഒരാള്‍ക്ക് നിസ്‌കരിക്കാവുന്ന റക്അത്തുകളുടെ എണ്ണത്തിന് പരിമിതികളില്ല, എന്നാല്‍ എല്ലാ രാത്രിയും 8 നമസ്‌കരിക്കുന്നത് അല്ലാഹുവിന്റെ റസൂലിന്റെ (സ) സുന്നത്തായിരുന്നു. വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ സ്ഥിരതയുള്ള സല്‍കര്‍മ്മങ്ങളെയാണ് അല്ലാഹു ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
4. അല്‍പനേരം ഉറങ്ങുക
ഖിയാമുല്ലൈല്‍ നിര്‍വഹിക്കുമ്പോള്‍, നിങ്ങളുടെ ഉറക്കം കുറയ്ക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ല, അങ്ങിനെ ചെയ്താല്‍, അത് അടുത്ത ദിവസം നിങ്ങളെ മന്ദഗതിയിലാക്കിയേക്കാം. അത് നിങ്ങളുടെ ജോലിയിലെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കും. ഖിയാമിന് വേണ്ടി നിങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഉറക്കത്തിന്റെ അളവ് നികത്താന്‍ ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ നേരം ഉറങ്ങുന്നത് നന്നാവും. അത് നിങ്ങളെ പിറ്റേന്ന് രാവിലെ നിങ്ങളെ മന്ദഗതിയിലാക്കാതെ ഉന്മേഷത്തോടെ നിര്‍ത്താനും സഹായിക്കും.
ദുഹ്റിന് മുമ്പ് ഒരു ചെറിയ മയക്കം അല്ലാഹുവിന്റെ പ്രവാചകന്റെ (സ) സുന്നത്താണ്. സൂര്യന്‍ അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരിക്കുമ്പോള്‍ ഉറക്കത്തോടുകൂടിയോ അല്ലാതെയോ എടുക്കുന്ന വിശ്രമമാണിത്, നിങ്ങള്‍ ഈ സമയത്ത് ഉറങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് കൂടുതല്‍ പ്രതിഫലമായി കണക്കാക്കും, അതിനാല്‍ നിങ്ങള്‍ക്ക് രാത്രിയില്‍ ഖിയാമുല്ലൈല്‍ കൃത്യമായി നിര്‍വഹിക്കുകയും ചെയ്യാം.
5. നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കെതിരെ പോരാടുക
ഈ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദവും സുഖവുമാണ് ഉറക്കം. വളരെ കുറഞ്ഞ ഉറക്കം ഒരു വ്യക്തിയെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നത് പോലെ തന്നെ അമിതമായ ഉറക്കം നമ്മെ അലസന്മാരും ഉത്പാദനക്ഷതയില്ലാത്തവരുമാക്കുന്നു.
ഖിയാം നമസ്‌കാരത്തിനായി ഗാഢമായ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് നിങ്ങളുടെ ആഗ്രഹങ്ങളെ നന്നായി നിയന്ത്രിക്കാനും നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വഴങ്ങാതെ സ്വയം അച്ചടക്കമുണ്ടാക്കാനും നിങ്ങളെ സഹായിക്കും. ഇത് നിങ്ങളെ നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്താക്കുകയും നിങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത കൈവരിക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.
ഇത് സല്‍കര്‍മ്മങ്ങള്‍ ചെയ്യാനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തും. മാത്രമല്ല, വിജയികളായ ഓരോ വ്യക്തിയും തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ തങ്ങളുടെ കംഫര്‍ട്ട് സോണ്‍ വിട്ടുപോകുമ്പോള്‍ ഈ ഐഹിക ജീവിതത്തില്‍ വിജയികളാകാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.
പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘നമ്മുടെ കാര്യത്തില്‍ സമരം ചെയ്യുന്നവരെ നാം നമ്മുടെ വഴികളിലൂടെ നയിക്കുക തന്നെ ചെയ്യും. സംശയമില്ല; അല്ലാഹു സച്ചരിതരോടൊപ്പമാണ്.’ (29:69)
വിജയത്തിലേക്കുള്ള വഴി
രാത്രിയില്‍ നിര്‍വ്വഹിക്കുന്ന നഫീല്‍ നമസ്‌കാരങ്ങളില്‍ ഒന്നാണ് ഖിയാം. എന്നാല്‍ അത് കേവലം പ്രാര്‍ത്ഥിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല; ഖുര്‍ആനും ദിക്‌റും പാരായണം ചെയ്യുന്നതും ഈ ആരാധനയില്‍ ഉള്‍പ്പെടുന്നു.
ലോകം മുഴുവനും ഉറങ്ങുമ്പോള്‍ രാത്രിയില്‍ എണീറ്റ് പ്രാര്‍ത്ഥിക്കുന്നത് അവരുടെ സൃഷ്ടാവിനോടുള്ള ഭക്തിയും സ്‌നേഹവും പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.
അല്ലാഹുവിന്റെ പ്രവാചകന്‍ (സ) പറഞ്ഞു: ‘ഫര്‍ള് നമസ്‌കാരങ്ങള്‍ക്ക് ശേഷം ശേഷം ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥന രാത്രിയിലെ പ്രാര്‍ത്ഥനയാണ്.’ (മുസ്ലിം)
നിങ്ങളെ അനുഗ്രഹിക്കുന്നതിനായി നിങ്ങള്‍ അല്ലാഹുവിനെ വിളിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. അല്ലാഹു നിങ്ങളെ വിളിക്കുന്നതായി നിങ്ങള്‍ക്ക് ഖിയാമുല്ലൈല്‍ നിര്‍വ്വഹിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. തീര്‍ച്ചയായും അവന് നമ്മുടെ ആരാധന ആവശ്യമില്ല, എന്നാല്‍ അവനെ ആരാധിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.
അവലംബം: islamonline.net
വിവ: പി.കെ സഹീര്‍ അഹ്‌മദ്
💬 🖇️ കൂടുതല്‍ വായനക്ക് : https://whatsapp.com/channel/0029VaAuUdUJP20xSxAZiz0r