Current Date

Search
Close this search box.
Search
Close this search box.

റജബ് മാസത്തിലെ അഞ്ച് ചരിത്ര സംഭവങ്ങള്‍

ഏഴാം മാസമായ റജബ് (ഹിജ്‌റ വര്‍ഷം 1444), പുണ്യ റമദാനിലേക്ക് അടുക്കുന്നുവെന്നത് മാത്രമല്ല, വിവിധ ചരിത്ര സംഭവങ്ങളെയും അനുസ്മരിപ്പിക്കുന്നുണ്ട്. ‘ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം മുതല്‍ അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു.’ (അത്തൗബ: 36) ഈ നാല് മാസങ്ങളിലൊന്നാണ് റജബ്. അബൂ ബക്റത ബിന്‍ നുഫൈഅ് ബിന്‍ ഹാരിസില്‍ നിന്ന് നിവദേനം: ‘ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം പോലെ കാലം കറങ്ങികൊണ്ടിരിക്കുന്നു. ഒരു വര്‍ഷമെന്നത് പന്ത്രണ്ട് മാസങ്ങളാണ്. അതില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ട മാസങ്ങളാണ്. തുടര്‍ച്ചയായി വരുന്ന ദുല്‍ഖഅദയും ദുല്‍ഹിജ്ജയും മുഹര്‍റവും ജുമാദക്കും ശഅ്ബാനുമിടയില്‍ വരുന്ന റജബ് മുദറുമാണത്.’ (ബുഖാരി, മുസ്‌ലിം)

പ്രാര്‍ഥനകളും ദിക്റുകളും വര്‍ധിപ്പിച്ചും ഖിയാമുല്ലൈല്‍ നിര്‍വഹിച്ചും നോമ്പെടുത്തും വിശ്വാസികള്‍ ആവേശത്തോടെ റജബില്‍ വിശുദ്ധ റമദാന് വേണ്ടി തയാറെടുക്കുന്നു. ജാഹിലിയ്യ കാലത്ത് ആളുകള്‍ ഈ സമയത്ത് പ്രത്യേക ബലി (അതീറ) നടത്തിയിരുന്നു. ഇസ്‌ലാം അതിനെ നിഷിദ്ധമാക്കി. റജബില്‍ പ്രത്യേക ആരാധനയില്ലെന്ന് അല്ലാഹുവിന്റെ റസൂല്‍ വിശ്വാസികളെ പഠിപ്പിച്ചു. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യ പറയുന്നു: ‘റജബുമായി ബന്ധപ്പെട്ട് അല്ലാഹുവിന്റെ റസൂലില്‍ നിന്ന് ഹദീസുകള്‍ സ്ഥിരപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അല്ലാഹുവിന്റെ റസൂലില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നതെല്ലാം കള്ളമാണ്.’ ഇബ്നു ഹജര്‍ അല്‍അസ്ഖലാനി പറയുന്നു: ‘റജബ് മാസത്തിലെ ശ്രേഷ്ഠതയെ കുറിച്ചും നോമ്പിനെ കുറിച്ചും യാതൊന്നും വന്നിട്ടില്ല. അതില്‍ പ്രത്യേകമായ നോമ്പോ ഖിയാമുല്ലൈലോ (രാത്രി നമസ്‌കാരമോ) ഇല്ല.’

റജബ് മാസത്തിലെ പ്രധാന ചരിത്ര സംഭവങ്ങള്‍

ഒന്ന്: തബൂക് യുദ്ധം

അല്ലാഹുവിന്റെ റസൂല്‍ മുഹമ്മദ്(സ) പങ്കെടുത്ത അവസാനത്തെ യുദ്ധമാണ് തബൂക്. ഹിജ്‌റ ഒമ്പതാം വര്‍ഷം റജബ് മാസത്തില്‍ (ക്രിസ്തുവര്‍ഷം 630) നടന്ന യുദ്ധത്തില്‍ വിശ്വാസികള്‍ക്കായിരുന്നു വിജയം. ആറു മാസത്തെ ത്വാഇഫ് ഉപരോധത്തിന് ശേഷമാണ് അല്ലാഹുവിന്റെ റസൂല്‍ തബൂക് യുദ്ധത്തിന് പുറപ്പെടുന്നത്. തങ്ങളുടെ മേഖലകള്‍ക്ക് മുസ്‌ലിംകള്‍ ഭീഷണിയാണെന്ന് കണ്ട റോമക്കാര്‍ ഇസ്‌ലാമിക ശക്തിയെ ഇല്ലാതാക്കണമെന്ന തീരുമാനത്തോടെ പുറപ്പെടുകയായിരുന്നു. 40000ത്തോളം വരുന്ന അറബ്, റോമക്കാരായ റോമന്‍ സൈന്യവും 30000ത്തോളം വരുന്ന മുസ്‌ലിം സൈന്യവും തമ്മിലായിരുന്നു യുദ്ധം. എന്നാല്‍, ഏറ്റുമുട്ടലില്ലാതെ യുദ്ധം അവസാനിച്ചു. കാരണം, റോമക്കാര്‍ ഏറ്റുമുട്ടാന്‍ ഭയന്ന് പിന്മാറുകയായിരുന്നു.

രണ്ട്: എത്യോപ്യന്‍ രാജാവ് നജ്ജാശിയുട മരണം

ഹിജ്‌റ ഒമ്പതാം വര്‍ഷം എത്യോപന്‍ (ഹബശ) രാജാവ് നജ്ജാശി അല്ലാഹുവിലേക്ക് യാത്രയായി. അല്ലാഹുവിന്റെ റസൂലിന്റെ(സ) നിര്‍ദേശ പ്രകാരം, ജഅ്ഫര്‍ ബിന്‍ അബൂ ത്വാലിബിന്റെ(റ) നേതൃത്തില്‍ ഒരു സംഘം വിശ്വാസികള്‍ അഭയം തേടിയെത്തിയത് നല്ല സ്വഭാവത്തിനുടമയായിരുന്ന നജ്ജാശിയുടെ അടുത്തേക്കായിരുന്നു. അവര്‍ അദ്ദേഹത്തിന് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. നജ്ജാശി മരിച്ചപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ഗാഇബായി നമസ്‌കരിച്ചു.

മൂന്ന്: ഖലീഫാ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ മരണം

ഹിജ്‌റ വര്‍ഷം 101ല്‍ റജബ് കഴിയാന്‍ അഞ്ച് ദിവസം ബാക്കിനില്‍ക്കെ 38-ാം വയസ്സില്‍ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്ലാഹുവിലേക്ക് യാത്രയായി. പണ്ഡിതനും ഭൗതികാസക്തികള്‍ വെടിഞ്ഞ ‘സാഹിദു’മായിരുന്നു ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്. മിമ്പറുകളില്‍ അലി(റ)വിനെ ചീത്ത വിളിക്കുന്നതിനെതിരെ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് രംഗത്തുവന്നു. ഹസന്‍ ബിന്‍ അലിക്ക് ശേഷമുള്ള ആറാമത്തെ ‘സച്ഛരിതനായ ഖലീഫ’യാണ് (ഖലീഫുത്തുര്‍റാശിദ) ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്.

നാല്: ഇമാം ശാഫിഈയുടെ മരണം

ഹിജ്റ 204 റജബ് മാസത്തില്‍ 54-ാം വയസ്സില്‍ ഇമാം ശാഫിഈ അല്ലാഹുവിലേക്ക് യാത്രയായി. ഈജിപ്തിലായിരുന്നു ഖബറടക്കം. പ്രശസ്തമായ നാല് മദ്ഹബുകളില്‍ ഒന്നിന്റെ ഇമാം. ഫലസ്തീനില്‍ ജനിച്ച ഇമാം ഇറാഖിലും ഈജിപ്തിലുമായി ജീവിച്ചു. ഈജിപ്തില്‍ മരിച്ച ഇമാമിനെ അവിടെതന്നെ മറവ് ചെയ്തു.

അഞ്ച്: ഇസ്റാഉം മിഅ്റാജും

റജബ് 17ന് മക്കയിലെ ഉമ്മു ഹാനിയുടെ വീട്ടില്‍ നിന്ന് അല്ലാഹുവിന്റെ റസൂല്‍ മുഹമ്മദ്(സ) മസ്ജിദുല്‍ അഖ്സയിലേക്ക് നിശായാത്ര നടത്തി. മിഅറാജില്‍, മുഴുവന്‍ പ്രവാചകന്മാര്‍ ഒരുമിച്ചുകൂടുകയും അവര്‍ക്ക് ഇമാമായി മുഹമ്മദ്(സ) നമസ്‌കരിക്കുകയും ചെയ്തു.

വിവ: അര്‍ശദ് കാരക്കാട്
അവലംബം: mugtama.com

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles