Current Date

Search
Close this search box.
Search
Close this search box.

പോരാളിയായ ഉമ്മു അമ്മാറ

മാസിന്‍ ഗോത്രത്തിലെ കഅ്ബ് ബിന്‍ അംറിന്റെ മകളായ ഉമ്മു അമ്മാറയുടെ യഥാര്‍ത്ഥ നാമം നുസൈബ എന്നാണ്. ഉമ്മയുടെ പേര് റബാബ് ബിന്‍ത് അബ്ദില്ല. ആസിം ബിന്‍ കഅ്ബിന്റെ പുത്രന്‍ സൈദാണ് അവരെ ആദ്യം വിവാഹം ചെയ്തത്. കള്ളപ്രവാചകനായ മുസൈലിമ കൊന്നുകളഞ്ഞ ഹബീബിന്റെ പിതാവ് ഈ സൈദാണ്. പിന്നീട് അംറ് ബിന്‍ അത്വിയ്യയുടെ പുത്രന്‍ ഗസിയ്യ അവരെ വിവാഹം ചെയ്തു. അഖബാ ഉടമ്പടിയിലും ഉഹുദിലും അദ്ധേഹം പങ്കെടുത്തിരുന്നു.

അല്ലാഹുവിന്റെ ദീനില്‍ അംഗത്വമെടുത്ത നുസൈബ പോര്‍ക്കളത്തിലേക്ക് ഇറങ്ങിച്ചെന്നു. ദീനിനെ സഹായിക്കാതെ വെറുതെയിരിക്കാനായി ഒരു കാരണവും നുസൈബ കണ്ടില്ല. വിശ്വാസത്തിന്റെ ചൈതന്യവത്തായ പരംപൊരുളിനെ വളരെ ആഴത്തില്‍ നിന്നും അവര്‍ അനുഭവിച്ചറിഞ്ഞു. പ്രബോധന പ്രവര്‍ത്തനങ്ങളെ വലയം ചെയ്തു നിന്ന അപകടങ്ങളില്‍ ഒട്ടൊക്കെ അടുത്തറിഞ്ഞു. മദീനയിലെ ഇസ്‌ലാമിക ദഅ്‌വത്തിന്റെ വഴിയിലും, മക്കയിലെ പ്രബോധനത്തിന്റെ വര്‍ത്തമാനങ്ങളിലും നുസൈബ കൂടെ നടന്നു. അത് കൊണ്ടാണ് അഖബയില്‍ പോയി ബൈഅത്തില്‍ (അനുസരണ പ്രതിജ്ഞ) സന്നിഹിതയായത്. ദൂതരോട് ബൈഅത്ത് ചെയ്തത് മുതല്‍ തന്റെ ബാദ്ധ്യതകള്‍ അവര്‍ സ്വയം ഏറ്റെടുത്തു, സന്നിഹിതയായ സര്‍വ്വ മേഖലകളിലും പങ്കാളിത്തം വഹിച്ചു.

ഉഹുദ് യുദ്ധക്കളത്തില്‍ നുസൈബയും, അവരെ വലയം ചെയ്ത് വിശ്വാസികളും ക്ഷമാലുക്കളുമായ ചെറു സംഘത്തോടൊപ്പം തന്റെ ആണ്‍കുട്ടികളും പ്രവാചകന് വേണ്ടി, നാലുപാടും നിന്ന് പ്രതിരോധം തീര്‍ത്തു.
സഈദ് ബിന്‍ സൈദ് നിവേദനം ചെയ്യുന്നു: സഅ്ദ് ബിന്‍ റബീഇന്റെ മകള്‍ ഉമ്മു സഅ്ദ് പറഞ്ഞു: ഞാന്‍ ഉമ്മു അമ്മാറയോട് ചോദിച്ചു: എളാമ്മാ, താങ്കളുടെ കഥ എനിക്ക് പറഞ്ഞു തരുമോ? ഉമ്മു അമ്മാറ പറഞ്ഞു: ജനങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ ഞാന്‍ കാലത്തേ തന്നെ ഇറങ്ങിത്തിരിച്ചു. എന്റെ കൈയ്യില്‍ തോല്‍ പാത്രത്തില്‍ അല്‍പം വെള്ളമുണ്ടായിരുന്നു. ഞാന്‍ റസൂല്‍ തിരുമേനിയുടെ അടുക്കലെത്തി. തിരുമേനി അനുചരരുടെ കൂടെയാണുള്ളത്. യുദ്ധത്തിന്റെ ഗതിയും നിയന്ത്രണവും മുസ്‌ലിംകള്‍ക്കായിരുന്നു. വിശ്വാസികള്‍ക്ക് പരാജയം നേരിട്ടപ്പോള്‍ ഞാന്‍ അവിടെ കുതിച്ചെത്തി വാളെടുത്ത് പൊരുതിത്തുടങ്ങി. ഞാന്‍ അമ്പുകളെ തട്ടിത്തെറിപ്പിച്ചു കൊണ്ടിരുന്നെങ്കിലും എനിക്ക് അമ്പേറ്റു.

ഉമ്മു സഅദ് പറഞ്ഞു: ഉമ്മു അമ്മാറയുടെ ചുമലില്‍ ആഴമേറിയ ഒരു മുറിവ് കണ്ട് ഞാന്‍ ചോദിച്ചു: ഇത് ആരാണ് ചെയ്തത്?
ഉമ്മു അമ്മാറ പറഞ്ഞു: ഇബ്‌നു ഖംഅയാണ്. അവനെ അല്ലാഹു നിന്ദ്യനാക്കട്ടെ. ആളുകള്‍ പ്രവാചകന്റെ അടുക്കല്‍ നിന്നും പിന്തിരിഞ്ഞപ്പോള്‍, ‘മുഹമ്മദിനെ കാണിച്ചു തരൂ, മുഹമ്മദ് രക്ഷപെട്ടാല്‍ എനിക്ക് രക്ഷയില്ല’ എന്ന് പറഞ്ഞുകൊണ്ട് ഇബ്‌നു ഖംഅ മുന്നോട്ട് വന്നു. അപ്പോള്‍ ഞാനും മുസ്അബ് ബിന്‍ ഉമൈറും പ്രവാചക തിരുമേനിയുടെ കൂടെ ഉറച്ചു നിന്ന ഒരു പറ്റം ആളുകളും അവനെ തടഞ്ഞു. അപ്പോള്‍ അവന്‍ എന്നെ വെട്ടിയതാണിത്. ഞാന്‍ പലവട്ടം അവനെ വെട്ടിയിരുന്നു, പക്ഷെ അല്ലാഹുവിന്റെ ശത്രു രണ്ട് പടയങ്കി ധരിച്ചിട്ടുണ്ടായിരുന്നു.

ഇതാണ് നുസൈബ. പരിഭ്രമിച്ചില്ല, പേടിച്ചില്ല, വിരണ്ടോടിയില്ല, വീണുപോയില്ല. ധീരയായി ആവേശത്തോടെ ഉറച്ചു നിന്നു. ഈമാനിന്റെയും, ഇസ്‌ലാമിലൂടെ മൂര്‍ച്ച കൂട്ടിയ അര്‍പ്പണ ബോധത്തിന്റെയും തൂക്കത്തിനൊത്ത ശക്തമായ ആവിഷ്‌കാരമായിരുന്നു അത്. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനത്തിന് നുസൈബ നല്‍കിയ പ്രാമുഖ്യവും, പ്രബോധന സുരക്ഷക്കും പ്രവാചകനെ സംരക്ഷിക്കുന്നതിലുമുള്ള അവരുടെ ഉത്തരവാദിത്ത ബോധവും, പ്രവാചക സഖാക്കളിലെ പുരുഷ കേസരികളുടെ ആവേശത്തേക്കാള്‍ ഒട്ടും കുറവല്ലായിരുന്നു. വിശ്വാസികളായ ചെറു സംഘത്തോടൊപ്പം ഉറച്ചു നിന്ന നിലപാടിന് പര്‍വത സമാനം ദൃഢതയുണ്ടായിരുന്നു.

ഇങ്ങിനെയൊരു സന്ദര്‍ഭത്തില്‍ ഒരു വനിതക്ക് ഉമ്മു അമ്മാറയേക്കാള്‍ കൂടുതല്‍ ചെയ്യാനാകുമോ? അല്ല, ഉമ്മു അമ്മാറ ചെയ്തതിനേക്കാള്‍ ഒരു പുരുഷന് കഴിയുമോ?
ആയുധങ്ങളും പടയങ്കികളും കൊണ്ട് കവചം തീര്‍ത്ത ഇബ്‌നു ഖംഅ, പതാക വാഹകനായിരുന്ന ധീര പോരാളി മുസ്അബ് ബിന്‍ ഉമൈറിനെ കൊന്നു. അവശേഷിക്കുന്ന മുസ്‌ലിംകളെ വെട്ടിയും കുത്തിയും അയാള്‍ നേതൃനിരയുടെ അടുത്തെത്തി. അണിഞ്ഞിരിക്കുന്ന പരിചയും ഇരട്ട പടയങ്കിയും കൊണ്ട് അവരുടെ വെട്ടുകളെ നേരിട്ടു. അതാ പോരാളിയായ നുസൈബയും ഇബ്‌നു ഖംഅയും നേര്‍ക്കുനേര്‍ നിന്ന് പൊരുതുന്നു. നുസൈബയുടെ വെട്ടുകള്‍ തടുക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. പടയങ്കികളുള്ളത് കൊണ്ട് കൊല്ലപ്പെട്ടില്ല എന്ന് മാത്രം. അയാളുടെ അതിശക്തമായ ഒരു പ്രഹരം നുസൈബയുടെ ചുമലില്‍ ആഴത്തിലുള്ള മുറിവേല്‍പിച്ചു. കൈപ്പടം കടത്താനാവുന്നത്ര ആഴമുള്ള, നിണമൊഴുകുന്ന ഈ മുറിവുമായി പോരാട്ടത്തെ നേരിടാന്‍ എങ്ങിനെ കഴിഞ്ഞു. അതിശയം തന്നെ!

ലോകത്തിലെ സകല നാടുകളിലും ഇസ്‌ലാം പൊരുതിക്കൊണ്ടിരിമ്പോള്‍, ജനതതികളുടെ മസ്തിഷ്‌കങ്ങളിലും മനസ്സുകളിലും ചെറുനാളമായി കടന്നു കയറുമ്പോള്‍, സമര്‍പ്പിത ജനത സത്യസന്ധരും സംരക്ഷകരുമായി മുന്നിട്ടിറങ്ങുമ്പോള്‍, ദൈനംദിന നിലപാടുകള്‍ സകലകാല ജനതയും അവലംബിക്കുന്ന മാതൃകകളാകുമ്പോള്‍ ഇങ്ങിനെയൊക്കെയാണ് ആദര്‍ശത്തെ നമുക്ക് ദര്‍ശിക്കാനാവുക.

ദാഹിക്കുന്നവര്‍ക്ക് വെള്ളം കൊടുത്തും, മുറിവേറ്റവരെ ശുശ്രൂഷിച്ചും പോരാളികള്‍ക്ക് ആവേശം പകര്‍ന്നും, അടിയന്തര സഹായം ചെയ്തും, യുദ്ധത്തില്‍ നേരിട്ടിടപെട്ടും ഉമ്മു അമ്മാറ കഴിഞ്ഞു കൂടി. ഉഹുദ് പടയോട്ടം അവസാനിക്കുമ്പോള്‍ മുറിവേറ്റ മുസ്‌ലിംകളുടെ കൂട്ടത്തിലായി ഉമ്മു അമ്മാറയും ഉണ്ടായിരുന്നു. ഉമ്മു അമ്മാറയുടെ പുത്രന്‍ അബ്ദുല്ല ബിന്‍ സൈദിനോട് നബി തിരുമേനി അവരെ പ്രശംസിച്ച് പറഞ്ഞു: അല്ലാഹു നിങ്ങളുടെ കുടുംബത്തിന് പ്രത്യേകം അനുഗ്രഹം ചൊരിയട്ടെ. ഇന്നയിന്ന വ്യക്തികളേക്കാള്‍ ഉത്തമമാണ് നിന്റെ ഉമ്മയുടെ സ്ഥാനം. അപ്പോള്‍ ഉമ്മു അമ്മാറ പറഞ്ഞു: സ്വര്‍ഗത്തില്‍ അങ്ങയുടെ സഹവാസം ലഭിക്കാനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും. നബി തിരുമേനി പറഞ്ഞു: അല്ലാഹുവേ, ഇവരെ സ്വര്‍ഗത്തില്‍ എന്റെ ആത്മ മിത്രങ്ങളാക്കേണമേ. അപ്പോള്‍ ഉമ്മു അമ്മാറ പറഞ്ഞു: ഇനി എനിക്കെന്ത് ഭവിച്ചാലും പ്രശ്‌നമില്ല.

ഉഹുദിന് ശേഷം ഒരു സ്ഥലത്തും റസൂല്‍ (സ)ന്റെ കൂടെ ഉമ്മു അമ്മാറ ഹാജരാകാതിരുന്നില്ല. അവര്‍ പ്രബോധനത്തിന്റെ ഭാഗമായിരുന്നു. മുന്തിയ പരിഗണന ഇസ്‌ലാമിനായിരുന്നതിനാല്‍ എന്നും അതിന്റെ കൂടെ ചരിച്ചു, വിശേഷങ്ങളുടെ പിന്നാലെ കൂടി. ചുറ്റുപാടും ശത്രുക്കള്‍ ഒരുക്കിയ കെണികളും ഗൂഢാലോചനകളും നോക്കിക്കണ്ട്, ഇസ്‌ലാമിക പ്രബോധനത്തിന്റെ കാവലാളായി.

വിപത്തുകള്‍ക്ക് മുമ്പില്‍ എന്നും ഉമ്മു അമ്മാറ പ്രതിഫലേഛയോടെ ക്ഷമിച്ചു നിന്നിട്ടേയുള്ളൂ. റസൂല്‍ തിരുമേനി(സ) കള്ള പ്രവാചകനായ മുസൈലിമയെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തുമായി ഉമ്മു അമ്മാറയുടെ പുത്രന്‍ ഹബീബിനെ അയച്ച സന്ദര്‍ഭം. മുസൈലിമ അദ്ദേഹത്തെ തുണ്ടം തുണ്ടമായി വധിച്ച് കളഞ്ഞു. ഈ കൊടും പാതകത്തെ ഉമ്മു അമ്മാറ എന്ന നുസൈബ സ്വീകരിച്ചത് അടിയുറച്ച ക്ഷമയോടെയായിരുന്നു. ഒന്നുകില്‍ മുസൈലിമയുടെ മുമ്പില്‍ മരിക്കും അല്ലെങ്കില്‍ അവനെ കൊന്ന് പുത്രന്റെ രക്തസാക്ഷിത്വത്തിന് പകരം വീട്ടും എന്ന് അല്ലാഹുവിനോട് കരാര്‍ ചെയ്തു. യമാമയിലേക്കുള്ള സൈനിക നീക്കം കാത്തിരുന്ന ഉമ്മു അമ്മാറ, ഖാലിദ്(റ) വിന്റെ നേതൃത്വത്തിലുള്ള സൈന്യത്തില്‍ പുത്രന്‍ അബ്ദുല്ലയുടെ കൂടെ യാത്ര തിരിച്ചു.

യുദ്ധം രൂക്ഷമായി. ആഞ്ഞടിച്ച ആദ്യ സേനയുടെ പരാജയത്തോടെ മുസൈലിമയും അയാളുടെ സഹായികളും വ്യാഘ്രങ്ങളായി. പക്ഷെ, ഖാലിദ്(റ) നയിച്ച സേന അസത്യത്തിന്റെ മുള്ള് വലിച്ചു പറിക്കാനായി സുനിശ്ചിത വിജയം ഉറപ്പിച്ചിറങ്ങിയതായിരുന്നു. യുദ്ധം ആളിപ്പടര്‍ന്നു. അനേകം മുസ്‌ലിംകള്‍ രക്തസാക്ഷികളായി നിലംപതിച്ചു. അല്ലാഹു അക്ബര്‍….. വിശ്വാസത്തിന്റെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു കേട്ടു. ബദറിലും ഉഹ്ദിലും പങ്കെടുത്ത സ്വഹാബികള്‍ മത പരിത്യാഗികളുടെ അണികള്‍ക്കിടയില്‍ നുഴഞ്ഞു കയറി. അവരുടെ സംഘബലം പിച്ചിച്ചീന്തി. മുസൈലിമയും ബാക്കി വന്ന ആയിരക്കണക്കില്‍ സൈനികരും രക്ഷ തേടി കോട്ടയില്‍ കയറി വാതിലടച്ചു.

ചരിത്രം സാക്ഷിയായി നിന്നു കണ്ട ചില ധീര കര്‍മങ്ങള്‍ ഇവിടെയുണ്ടായി. കൂട്ടത്തില്‍ ഒരാളെ വാതില്‍ തുറക്കാനായി ഉള്ളിലേക്കിട്ട് മുസ്‌ലിംകള്‍ ഇരച്ചു കയറി. മുസ്‌ലിം സംഘത്തോടൊപ്പം നുസൈബയും മരണത്തോപ്പിലേക്ക് തള്ളിക്കയറുന്നുണ്ടായിരുന്നു. യുദ്ധം തുടര്‍ന്നു കൊണ്ടിരിക്കുന്നു. നുസൈബ അല്ലാഹുവിന്റെ ശത്രുവിനെ തിരയുകയാണ്. അവന്റെ മുമ്പില്‍ അതിശക്തരായ സൈനിക സംഘങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നു. എങ്കിലും രണശൂരരുടെ സംഘത്തില്‍ നുഴഞ്ഞു കയറാന്‍ നുസൈബ നിരന്തര പരിശ്രമം നടത്തി. മുസൈലിമയുള്ള സ്ഥലം തിരിച്ചറിഞ്ഞ അവര്‍ അവന്റെ ചുറ്റുമുണ്ടായിരുന്ന സംഘത്തില്‍ തന്റെ പുത്രനോടൊപ്പം നുഴഞ്ഞു കയറി. അവസാനം അവര്‍ അവിടെ എത്തുക തന്നെ ചെയ്തു. പുത്രന്‍ അബ്ദുല്ലായുടെ വെട്ടും വഹ്ശിയുടെ ചാട്ടുളി പ്രയോഗവും അല്ലാഹുവിന്റെ ശത്രുവിനെ വീഴ്ത്തി. നുസൈബയുടെ മനസ്സിന് അല്ലാഹു ശമനം നല്‍കി. അല്ലാഹുവിന്റെയും തന്റെയും ശത്രുവിനോട് പകരം വീട്ടി.

ഈ ഘോര യുദ്ധത്തില്‍ പങ്കെടുത്ത്, പുത്രന്റെ മരണത്തിലെ പ്രതികാരവും വീട്ടി മദീനയിലേക്ക് മടങ്ങി പോകുമ്പോള്‍ ശരീരത്തില്‍ പന്ത്രണ്ട് മുറിവുകളുണ്ടായിരുന്നു. കൈ മുറിഞ്ഞു പോയിരുന്നു. വീട്ടിലിരുന്ന് മുറിവ് ചികിത്സിക്കുമ്പോളും അടുത്ത പോരാട്ടം അവര്‍ കാത്തിരിക്കുകയായിരുന്നു. കൈ മുറിഞ്ഞതും മുറിവ് പറ്റിയതും അറിഞ്ഞ് അബൂബക്ര്‍(റ) നുസൈബയെ സന്ദര്‍ശിക്കാനെത്തി, വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മുസ്‌ലിംകളുടെ ഖലീഫ, പ്രവാചകന്റെ സതീര്‍ത്ഥ്യന്‍, അന്‍സ്വാറുകളിലെ ഒരു പെണ്ണിന്റെ വിവരങ്ങള്‍ ചോദിച്ചറിയാനായി അവരുടെ അടുക്കലെത്തുന്നു…… ഇങ്ങിനെയൊക്കെയാണ് ഇസ്‌ലാം അതിന്റെ അംഗങ്ങളെ ഉയര്‍ത്തുന്നത്.
അല്ലാഹു അവരില്‍ തൃപ്തനാകട്ടെ. ആ പാത പിന്തുടരാന്‍ അല്ലാഹു നമുക്ക് ഉതവിയേകട്ടെ.

Related Articles