Current Date

Search
Close this search box.
Search
Close this search box.

ഇറാന്റെ ആക്രമണം എങ്ങനെയാണ് ഇസ്രായേലിന്റെ ബലഹീനതയെ തുറന്നുകാട്ടിയത് ?

രണ്ടാഴ്ച മുമ്പ് ദമസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമിക്കാനും മുതിര്‍ന്ന ഐ.ആര്‍.ജി.സി നേതാവ് റിസ സഹീദിയെ കൊലപ്പെടുത്തിയുള്ള ആക്രമണത്തിന് ഉത്തരവിട്ടപ്പോള്‍ താന്‍ എന്താണ് ചെയ്യുന്നതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കൃത്യമായി അറിയാമായിരുന്നു. ലെബനാനിലെ ഹിസ്ബുള്ളക്ക് ലഭിക്കുന്ന ആയുധ പ്രവാഹം പരിമിതപ്പെടുത്തുകയോ അല്ലെങ്കില്‍ ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളെ തങ്ങളുടെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്തിരിപ്പിക്കുകയോ ചെയ്യുക എന്ന തന്ത്രങ്ങള്‍ക്കപ്പുറമായിരുന്നു ഈ ആക്രമണം.

സിറിയയിലെ ഇറാന്‍ നേതൃത്വത്തെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു ഇത്. ആറ് മാസം പിന്നിടുമ്പോഴും ഗസ്സയില്‍ യുദ്ധം തുടരുകയാണ്. കനത്ത നാശനഷ്ടങ്ങള്‍ക്കും പലായനങ്ങള്‍ക്കുമൊടുവിലും കീഴടങ്ങാന്‍ തയാറാകാത്ത ഫലസ്തീനി പ്രതിരോധം ഇസ്രായേലിന് തലവേദനയാണ്.

എന്തു തന്നെയാണെങ്കിലും, ഹമാസ് പോരാളികളുടെ മാനസികാവസ്ഥ കഠിനമായിരിക്കുന്നു. തങ്ങള്‍ ഏറ്റവും മോശമായ അവസ്ഥയെ അതിജീവിച്ചുവെന്നും നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും അവര്‍ കരുതുന്നു. ഗസ്സയിലെ ജനങ്ങള്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞിട്ടില്ല, റഫയുടെ അധിനിവേശം തങ്ങള്‍ക്ക് ഒരു മാറ്റവും വരുത്തില്ലെന്നും അവര്‍ അവകാശപ്പെടുന്നു. ഹമാസിന്റെ സൈനിക ശക്തിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവര്‍ ഇസ്രായേലിനെ പരിഹസിക്കുന്നു. ഇസ്രായേലി സേനക്ക് റിക്രൂട്ടുകളുടെയും ആയുധങ്ങളുടെയും പരിധിയില്ലാത്ത വിതരണമുണ്ട്.

ഒന്നിലധികം സന്ദേശങ്ങള്‍

ഗസ്സയിലെ ഇസ്രയേലിന്റെ ആക്രമണം നിലച്ചതോടെ, ബന്ദികളെ ജീവനോടെ തിരികെ കൊണ്ടുവരാനുള്ള കരാറില്‍ ഏര്‍പ്പെടാന്‍ വേണ്ടി നെതന്യാഹുവിന്റെ നേതൃത്വത്തോടുള്ള എതിര്‍പ്പും സമ്മര്‍ദ്ദവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നെതന്യാഹുവിന്റെ പ്രധാന പിന്തുണക്കാരനായ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇപ്പോള്‍ പരസ്യമാണ്, അദ്ദേഹത്തിന് ലോകത്തിന്റ പിന്തുണ അതിവേഗം നഷ്ടപ്പെടുകയാണ്. നെതന്യാഹുവിന് കീഴില്‍ ഇസ്രായേല്‍ ഒരു പരിഹാസ രാഷ്ട്രമായി മാറിയിരിക്കുകയാണ്.

തങ്ങളുടെ നിലനില്‍പ്പിന് വേണ്ടി പോരാടുന്നു എന്ന മിഥ്യാധാരണ നിലനിര്‍ത്താന്‍ ഇസ്രയേലിന് ഒരിക്കല്‍ കൂടി ഇരവാദം കളിക്കേണ്ടി വന്നു. ചൂതാട്ടക്കാരനായ നെതന്യാഹുവിന് തന്റെ പകിടകള്‍ എറിയാനും ഇറാനിയന്‍ കോണ്‍സുലേറ്റിനെ ആക്രമിക്കാനും ഇതിലും നല്ല സമയം എന്താണ് ? 14 വര്‍ഷത്തിനിടെ മൂന്നാമത്തെ തവണയും ഇറാനെതിരായ ആക്രമണത്തിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കാന്‍ ശ്രമിച്ച നെതന്യാഹു എന്താണ് ചെയ്യുന്നതെന്ന് യു.എസിനും അറിയാമായിരുന്നു.

അതുകൊണ്ടാണ് ആക്രമണവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും വിമാനങ്ങള്‍ ആകാശത്തിലൂടെ പോകുമ്പോള്‍ മാത്രമാണ് തങ്ങള്‍ ഇതിനെക്കുറിച്ച് അറിയുന്നതെന്നുമാണ് അമേരിക്ക ഇറാനോട് പറഞ്ഞത്. കോണ്‍സുലേറ്റ് ആക്രമണത്തെ അപലപിച്ച് റഷ്യ തയ്യാറാക്കിയ പ്രസ്താവന യു.എസും യു.കെയും ഫ്രാന്‍സും വീറ്റോ ചെയ്തപ്പോള്‍ സുരക്ഷാ കൗണ്‍സിലില്‍ സംഭവിച്ചത് നാം കണ്ടതാണ്. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉണ്ടായാല്‍ തന്നെ ഇസ്രായേലിനെ ആക്രമിക്കില്ലെന്നാണ് അവര്‍ അറിയിച്ചത്. ഇതും അവഗണിക്കപ്പെട്ടു. പിന്നീട് ഇറാനോട് ഇസ്രായേലിനെ ആക്രമിക്കരുതെന്ന് എല്ലാ പാശ്ചാത്യ രാജ്യങ്ങളും ആവശ്യപ്പെട്ടു. ‘അരുത്’ എന്നായിരുന്നു ബൈഡന്‍ ഇറാന് നല്‍കിയ ഉപദേശം.

ഈ ആക്രമണം കൊണ്ട് യു.എസിലേക്കും ഇസ്രായേലിലേക്കും അറബ് മേഖലയിലേക്കും നിരവധി സന്ദേശങ്ങള്‍ കൈമാറാനായി. ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് തുടക്കമിടാതെ നേരിട്ട് ഇസ്രായേലിനെ ആക്രമിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ഇറാന്‍ ആഗ്രഹിച്ചു. ഇസ്രയേലിനെ ആക്രമിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് അവര്‍ പറയാന്‍ ആഗ്രഹിച്ചു. ഗള്‍ഫിലെ ഒരു ശക്തിയാണ് താനെന്നും ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിച്ചിരുന്നത് തങ്ങളാണെന്നും അവര്‍ യു.എസിനോട് പറയാന്‍ ആഗ്രഹിച്ചു. ഇസ്രയേലിനോട് കൂറുപുലര്‍ത്തുന്ന ഓരോ അറബ് ഭരണകൂടത്തിനും ഇങ്ങിനെ സംഭവിക്കുമെന്ന് പറയാനും അവര്‍ ഇതിലൂടെ ആഗ്രഹിച്ചു. വിരലിലെണ്ണാവുന്ന റോക്കറ്റുകള്‍ മാത്രമാണ് അവരുടെ ലക്ഷ്യത്തിലേക്ക് കടന്നത്, പക്ഷേ അവര്‍ അയച്ച എല്ലാ സന്ദേശങ്ങളും ഇതിലൂടെ അവര്‍ കൈമാറി. ഈ ആക്രമണം ഇറാന്റെ തന്ത്രപരമായ വിജയവും മേഖലയിലെ പ്രധാന ചട്ടമ്പി തങ്ങളാണെന്ന ഇസ്രായേലിന്റെ പ്രശസ്തിക്ക് തിരിച്ചടിയുമായി.

MSC ഏരീസ് എന്ന പോര്‍ച്ചുഗീസ് പതാകയുള്ള കണ്ടെയ്നര്‍ കപ്പല്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ പിടിച്ചെടുത്തതോടെയാണ് ഇത്തരം സന്ദേശം അറിയിക്കാന്‍ വിതരണം ആരംഭിച്ചത്,
ഇസ്രായേല്‍ വംശജനായ ശതകോടീശ്വരന്‍ ഇയാല്‍ ഒഫര്‍ ചെയര്‍മാനായ ഒരു കമ്പനിയുടേതായിരുന്നു ഈ കപ്പല്‍. പിന്നാലെയാണ് ഇസ്രായേലിലേക്ക് ചെറിയ വിലയുള്ള ഡ്രോണുകളുടെ കൂട്ടം തൊടുത്തുവിട്ടത്. ഇതിനെതിരായി പ്രതിരോധ സംവിധാനം ഒരുക്കാന്‍ ഇസ്രായേലിന് 1 ബില്യണ്‍ ഡോളറിലധികമാണ് ചിലവായത്.

അമേരിക്ക, യുകെ, ഫ്രാന്‍സ്, ജോര്‍ദാന്‍ എന്നീ നാല് രാജ്യങ്ങളാണ് ഇറാന്റെ ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്താന്‍ ഇസ്രായേലിനെ സഹായിച്ചത്. തെക്കന്‍ ഇറാഖില്‍ നിന്ന് ഇസ്രായേലിലേക്കുള്ള വ്യോമപാതയുള്ളതിനാല്‍ അഞ്ചാമത്തേത് സൗദി അറേബ്യയും ആറാമത്തേത് ഈജിപ്തും ആയിരിക്കാം. ഇറാന്‍ 170 വിലകുറഞ്ഞ ഡ്രോണുകളാണ് ഉപയോഗിച്ചത്. 30 ക്രൂയിസ് മിസൈലുകളില്‍ 25 എണ്ണം ഇസ്രായേല്‍ വെടിവച്ചിട്ടു. ബാലിസ്റ്റിക് മിസൈലുകളില്‍ കുറച്ച് എണ്ണം ഇസ്രായേലിന്റെ പ്രതിരോധ സംവിധാനവും കടന്ന് തെക്കന്‍ ഇസ്രായേലിലെ നെവാറ്റിം വ്യോമതാവളത്തില്‍ പതിച്ചു. ഈ മിസൈലുകള്‍ ചെറിയ കേടുപാടുകള്‍ വരുത്തിയതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.

എന്നാല്‍, ഹിസ്ബുള്ളയെയോ യെമനിലെ അന്‍സാറുള്ളയെയോ ഇറാഖിലെ സഖ്യകക്ഷികളോ ഉപയോഗിക്കാതെ ദൂരെ നിന്ന് തന്നെ ഇസ്രായേലിനെ ആക്രമിക്കാന്‍ ശേഷിയുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ ഇറാന്‍ ഇസ്രായേലിന് കൈമാറിയത്. ഇസ്രായേല്‍ സമാനമായ രീതിയില്‍ മറുപടി നല്‍കിയാല്‍, ഇറാഖിലെയും ഗള്‍ഫ് മേഖലയിലെയും അവരുടെ താവളങ്ങള്‍ ആക്രമിക്കപ്പെടുമെന്ന് ഇറാന്‍ യുഎസിന് മുന്നറിയിപ്പ് നല്‍കി. ബൈഡന് നേരിട്ടുള്ള മുന്നറിയിപ്പ് ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിക്കാനും പടിഞ്ഞാറിനെ വെല്ലുവിളിക്കാനും ഇറാന്‍ തയ്യാറാണ്. ഗള്‍ഫ് മേഖലയിലെ യുഎസിന്റെ എല്ലാ സഖ്യകക്ഷിക്കെതിരെയും അവര്‍ക്ക് ഇത് ചെയ്യാന്‍ കഴിയും എന്നതടക്കം യു.എസിനുള്ള ഇറാന്റെ സന്ദേശവും ഇതിലൂടെ വ്യക്തമാണ്.

ഇറാന്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ പ്രതികരിക്കാന്‍ അവര്‍ പ്രാപ്തരാണ്. അതിനാല്‍, ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കില്‍, യു.എസ് ഇത്രയും കാലം മാതാപിതാക്കളെ പോലെ ലാളിച്ച തങ്ങളുടെ പിഞ്ചുകുട്ടിയെ നിയന്ത്രിക്കണം എന്നാണ് യു.എസിനുള്ള സന്ദേശം.

വിദേശനയത്തിലെ പിഴവുകള്‍

നെതന്യാഹു ഇപ്പോള്‍ ആകെ ആശയക്കുഴപ്പത്തിലാണ്. തീവ്ര വലതുപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ ഇറാനെതിരെ ശക്തമായ പ്രത്യാക്രമണം നടത്താന്‍ അദ്ദേഹത്തിന് തീരുമാനിക്കാമായിരുന്നു. എന്നാല്‍, അങ്ങിനെ ചെയ്യാന്‍ അദ്ദേഹത്തിന് അമേരിക്കയുടെ സഹായം ഉണ്ടാകില്ല. മാത്രവുമല്ല, ഇസ്രായേലിനും ഇറാനുമിടയിലുള്ള നീണ്ട വ്യോമാതിര്‍ത്തി ഗതിനിയന്ത്രം അല്‍പ്പം ബുദ്ധിമുട്ടുള്ളതായി അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടാകാം. നെതന്യാഹു ഇറാനെ ആക്രമിച്ചാല്‍, യു.എസുമായുള്ള അദ്ദേഹത്തിന്റെ ഇപ്പോള്‍ തന്നെ ഉലഞ്ഞ ബന്ധം കൂടുതല്‍ വഷളാകും. നെതന്യാഹു ഒന്നും ചെയ്യുന്നില്ലെങ്കില്‍, അദ്ദേഹം ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ദുര്‍ബലനായി കാണപ്പെടും. മാത്രമല്ല, ഇറാനെതിരെ നയതന്ത്ര ആക്രമണത്തെക്കുറിച്ച് ഞായറാഴ്ച സംസാരിച്ച പ്രതിപക്ഷ നേതാവും യുദ്ധ മന്ത്രിസഭയിലെ സഹ അംഗവുമായ ബെന്നി ഗാന്റ്സിന് മുന്‍തൂക്കം നല്‍കുകയും ചെയ്യുന്നു. ഓരോ തവണയും ഇസ്രയേലില്‍ നിന്ന് കനത്ത സൈനിക പരാജയം ഏറ്റുവാങ്ങുമ്പോഴും അറബ് രാജ്യങ്ങള്‍ ഉപയോഗിച്ച അതേ ഫോര്‍മുലയാണിത്.

മൂന്ന് പതിറ്റാണ്ടിനിടെ അഞ്ചാം തവണയും യു.എസിന്റെ വിദേശനയത്തിന്റെ ഒരു പ്രധാന നയപരിപാടി തങ്ങളുടെ കൈകളില്‍ വെച്ച് തന്നെ പൊട്ടിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ താലിബാനെ താഴെയിറക്കാനുള്ള തീരുമാനം, ഇറാഖ് അധിനിവേശം, ലിബിയയുടെ മുഅമ്മര്‍ ഗദ്ദാഫിയെ അട്ടിമറിക്കല്‍, ബശ്ശാര്‍ അല്‍-അസ്സദിനെ അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങി പരാജയപ്പെട്ട വിദേശനയ ദുരന്തങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തെ പിന്തുണയ്ക്കാനുള്ള തീരുമാനവും എഴുതിചേര്‍ക്കപ്പെടും.

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രയേലിനെ പിന്തുണക്കുന്നതില്‍ അവര്‍ വരുത്തിയ തെറ്റായ വിലയിരുത്തലിന്റെ വ്യാപ്തി മനസ്സിലാക്കുന്നത് മന്ദഗതിയിലാണ്. ഇറാഖ് അധിനിവേശത്തില്‍ വരുത്തിയ തെറ്റിന്റെ വ്യാപ്തി മനസ്സിലാക്കാനും അവര്‍ സമയമെടുത്തു.

ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തിയതിന് യു.എസിന്റെ പക്കല്‍ തെളിവുകളൊന്നുമില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ കോണ്‍ഗ്രസിനോട് സാക്ഷ്യപ്പെടുത്തിയത് മുന്‍പ് സദ്ദാം ഹുസൈന്റെ പക്കല്‍ കൂട്ട നശീകരണ ആയുധങ്ങള്‍ ഉണ്ടെന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് യു.എന്നില്‍ കോളിന്‍ പവല്‍ അവകാശപ്പെട്ടതിന് സമാനമാണ്. 2003ലെ പവലിന്റെ പ്രസംഗം യുഎസിന്റെ അന്താരാഷ്ട്ര വിശ്വാസ്യത നഷ്ടപ്പെടുന്നതിന്റെ സുപ്രധാന നിമിഷമായിരുന്നു. താന്‍ പറഞ്ഞതില്‍ പവല്‍ പിന്നീട് ഖേദം രേഖപ്പെടുത്തിയ ഓസ്റ്റിനും അത് തന്നെ ചെയ്യാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്.

നരകക്കുഴി

ഇസ്രായേല്‍ ഇപ്പോള്‍ തങ്ങളുടെ കൂട്ടാളികളെയെല്ലാം ഒരു നരകക്കുഴിയിലേക്ക് ആനയിക്കുകയാണ്. അതില്‍ സമാധാനമോ ഒരാളുടെ പ്രതീക്ഷയോ പോലും ഇല്ല, ഹമാസിന്റെ പരാജയവുമില്ല.
യുദ്ധാനന്തര സര്‍ക്കാരിന്റെ സാധ്യതയില്ല, മേഖലയിലെ മറ്റെല്ലാ സായുധ ഗ്രൂപ്പുകളോടും ഉള്ള പ്രതിരോധം കുറയുന്നു, ഇസ്രായേലിന്റെ എല്ലാ അതിര്‍ത്തികളിലും ഒരേസമയം പ്രാദേശിക യുദ്ധത്തിനുള്ള സാധ്യതയും ഉയര്‍ന്നു. ഇറാന്റെ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും വെടിവച്ചു വീഴ്ത്താന്‍ സഹായിച്ച ജോര്‍ദാന്‍ വ്യോമസേനയില്‍ നിന്ന് ലഭിച്ച സഹകരണത്തെക്കുറിച്ച് പരസ്യമാക്കിയതാണ് ഇസ്രായേലി സുരക്ഷാ സ്രോതസ്സുകള്‍ ഞായറാഴ്ച ചെയ്ത ഏറ്റവും വലിയ മണ്ടത്തരം.

ജറുസലേമിലേക്ക് നീങ്ങിയ മിസൈലുകള്‍ ജോര്‍ദാന്‍ താഴ്വരയുടെ ജോര്‍ദാന്‍ ഭാഗത്തുനിന്നും മറ്റുള്ളവ സിറിയന്‍ അതിര്‍ത്തിയില്‍ വെച്ചും തടഞ്ഞതായി ഇസ്രായേല്‍ വൃത്തങ്ങള്‍ അവകാശവാദമുന്നയിച്ചിരുന്നു. ജോര്‍ദാന്‍ പണ്ട് ഇരുമുഖങ്ങളായിരുന്നിരിക്കാം, ഹുസൈന്‍ രാജാവ് തന്റെ സുഹൃത്ത് അന്തരിച്ച മുന്‍ പ്രധാനമന്ത്രി യിത്സാക് റാബിന് രഹസ്യാന്വേഷണം കൈമാറി. എന്നാല്‍ ഒട്ടോമന്‍ സാമ്രാജ്യത്തില്‍ നിന്ന് മോചിതമായ കാലം മുതല്‍ ‘അറബ് ആര്‍മി’ എന്ന പേരില്‍ ഇപ്പോഴും അതിന്റെ യഥാര്‍ത്ഥ പേര് വഹിക്കുന്ന ജോര്‍ദാന്‍ സൈന്യം യഥാര്‍ത്ഥത്തില്‍ ഇസ്രായേലിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി യുദ്ധത്തില്‍ പങ്കെടുത്തത് ഇതാദ്യമായിട്ടായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്.

ഇതൊരു വലിയ തെറ്റാണ്. ജോര്‍ദാനിലെ ജനസംഖ്യ, പ്രത്യേകിച്ച് ഫലസ്തീനികളും ഈസ്റ്റ് ബാങ്കര്‍മാരും, ഇറാന്റെ മിസൈലുകളെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നത് കണ്ട് ആഹ്ലാദിച്ചപ്പോള്‍, ജോര്‍ദാന്‍ സൈന്യം ഇസ്രായേലിന് വേണ്ടി അവ വെടിവച്ചു വീഴ്ത്തി. തങ്ങളുടെ ജനഹിതം ധിക്കരിക്കുകയും അവിടെ അഴിമതി ഭരണം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന അറബ് നേതാക്കളുമായി മാത്രമേ ഇസ്രായേലിന് ബന്ധമുള്ളൂ. ജോര്‍ദാന്റെ നടപടി ഇസ്രായേലിന് ഹ്രസ്വകാല സഹായം നല്‍കിയേക്കാം, എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇസ്രായേലിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ അതിര്‍ത്തിയില്‍ പ്രശ്നമുണ്ടാക്കും. ഇറാന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി, അതിന്റെ ഫലമെന്നോണം ഇസ്രായേല്‍ ദുര്‍ബലമാണ്.

യുദ്ധത്തിന് തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന പ്രതീതി നല്‍കി ഹമാസിനെ പോലെ ഇസ്രായേലിനെ ഇറാന്‍ നേരിട്ട് ആക്രമിക്കുന്നത് ഇതാദ്യമാണ്. തിരിച്ചടിക്കരുതെന്ന് ബൈഡന്‍ ഇസ്രായേലിനോട് പറയുന്നതും ഇതാദ്യമാണ്. എന്നാല്‍ ആക്രമണത്തിന് ശേഷം കാര്യങ്ങള്‍ മോശമായി കാണപ്പെടുന്നു. ഇസ്രായേലിന് അതിനെ പ്രതിരോധിക്കാന്‍ മറ്റുള്ളവരുടെ സഹായം ആവശ്യമുണ്ട്, എങ്ങനെ തിരിച്ചടിക്കണമെന്ന് തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമില്ല. പ്രത്യാക്രമണത്തിനായി തങ്ങളുടെ സംരക്ഷകനായ യു.എസിനെ നയപരമായ അനുമതിക്കായി കാത്തുനില്‍ക്കേണ്ടി വരുന്നു.

 

വിവ: സഹീര്‍ അഹ്‌മദ്

അവലംബം: മിഡിലീസ്റ്റ് ഐ

 

Related Articles