Current Date

Search
Close this search box.
Search
Close this search box.

എന്താണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ രാഷ്ട്രീയ അജണ്ട?

‘ഹാന്‍ഡ് മില്ലുകള്‍ സൃഷ്ടിക്കുന്നത് ഫ്യൂഡല്‍ വ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹത്തെയാണെങ്കില്‍ സ്റ്റീം മില്ലുകളുടെ ഫലമായുണ്ടാകുന്നത് വ്യാവസായിക മുതലാളിത്തത്തിന്റെ ഉത്പന്നമായ സമൂഹമാണ്” കാള്‍ മാര്‍ക്‌സ് ഒരിക്കല്‍ പറഞ്ഞതിങ്ങനെയാണ്. അതിനെ ശരിവെക്കുന്നതാണ് ചരിത്രത്തില്‍ നടന്നിട്ടുള്ളതും. സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ എങ്ങനെയാണ് പ്രബലമായ ഉല്‍പ്പാദനരീതിയെയും ഒരു സമൂഹത്തിലെ രാഷ്ട്രീയാധികാരത്തിന്റെ സ്വഭാവത്തെയും നിര്‍ണ്ണയിക്കുന്നത് എന്ന് ചരിത്രത്തിലുടനീളം നാം പലതവണ കണ്ടുകഴിഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നമുക്ക് എന്ത് വാഗ്ദാനം ചെയ്യുന്നു എന്ന ചോദ്യം നമ്മുടെ മുമ്പിലുണ്ട്. ഒരു കാലത്ത് ഹാന്‍ഡ് മില്ലും ആവി മില്ലും ഉണ്ടായിരുന്നത് പോലെ നമ്മുടെ സമൂഹങ്ങളില്‍ പ്രബലമായൊരു ഉല്‍പ്പാദന ശക്തിയായി മാറുന്നതിനപ്പുറം, വാര്‍ത്തകളില്‍ നാം കാണുന്നത് പോലെ ‘നമ്മുടെ നിയന്ത്രണത്തില്‍ നിന്നും വഴുതിനീങ്ങുന്ന’ ഈ പുതിയ സാങ്കേതികവിദ്യ ആരാണ് ശരിക്കും മുതലെടുക്കുക എന്നതും വലിയ ആശങ്കയായി നിലനില്‍ക്കുന്നു.

പലരും വിശ്വസിക്കുന്നത് പോലെ AI (artificial intelligence ) ക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാനും നമ്മുടെ ചരിത്രത്തിന്റെ ഗതി ഒറ്റക്ക് തീരുമാനിക്കാനും സാധിക്കുമോ? അതോ ഒരു പ്രത്യേക അജണ്ടയെ സഹായിക്കുകയും മനുഷ്യരിലെ ഒരു പ്രത്യേക ഉപവിഭാഗത്തിന് മാത്രം പ്രയോജനകരമായിത്തീരുകയും ചെയ്യുന്ന മറ്റൊരു സാങ്കേതിക മുന്നേറ്റമായി ഇത് മാറുമോ?

2013 ലെ ദാരുണമായ സ്‌കീയിംഗ് അപകടത്തിന് ശേഷം മാധ്യമങ്ങളോട് ഇതുവരെയും സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മുന്‍ ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കറുമായുള്ള അഭിമുഖം പോലെയുള്ള ഹൈപ്പര്‍ റിയലിസ്റ്റിക്കായ AI- ജനറേറ്റഡ് കണ്ടന്റുകള്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ന്യൂയോര്‍ക്കില്‍ അറസ്റ്റ് ചെയ്തതായി കാണിക്കുന്ന ഫോട്ടോകള്‍, ഓപ്പണ്‍ AI യുടെ പ്രസിദ്ധമായ ചാറ്റ്‌ബോട്ട് ചാറ്റ്ജിപിടി ‘എഴുതിയ’ ഒറിജിനലെന്ന് തോന്നിക്കുന്ന ലേഖനങ്ങള്‍ തുടങ്ങി ഈ പുതിയ സാങ്കേതികവിദ്യ നമ്മുടെ സമൂഹത്തില്‍ വിതച്ചേക്കാവുന്ന അപകടങ്ങളുടെ ഉദാഹരണങ്ങള്‍ അനേകമാണ്. ഇക്കാര്യം ബുദ്ധിജീവികള്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും അക്കാദമിക് വിദഗ്ധര്‍ക്കുമിടയില്‍ വലിയ ആശങ്കകളാണ് ഉയര്‍ത്തിയിട്ടുള്ളത്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍, ആപ്പിളിന്റെ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്നിയാക്, AI ഹെവിവെയ്റ്റ് യോഷുവ ബെന്‍ജിയോ, ടെസ്ല/ട്വിറ്റര്‍ സിഇഒ എലോണ്‍ മസ്‌ക് തുടങ്ങിയ അനേകം പേര്‍ ഇതെപ്പറ്റി തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിരുന്നു. സ്രഷ്ടാക്കള്‍ക്ക് പോലും മനസ്സിലാക്കാനോ പ്രവചിക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത കൂടുതല്‍ ശക്തമായ ഡിജിറ്റല്‍ മനസ്സുകളെ വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുകയാണ് AI ലാബുകളെന്നും അവര്‍ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ഒരു തുറന്ന കത്തില്‍ ഒപ്പുവെക്കുകയുണ്ടായി. ഇതിന് പുറമേ, AI സാങ്കേതികവിദ്യയുടെ മൂന്ന് ഗോഡ്ഫാദര്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍, അടുത്തിടെ AI യുടെ അപകടങ്ങളെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാന്‍ ഗൂഗിളില്‍ നിന്ന് രാജി വെക്കുകയും ഈ മേഖലയിലുള്ള തന്റെ സംഭാവനകളില്‍ ഖേദം പ്രകടിപ്പിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

യുഗങ്ങളെ മാറ്റിമറിച്ചിട്ടുള്ള എല്ലാ സാങ്കേതികവിദ്യകളെയും പോലെ കാര്യമായ ദൂഷ്യവശങ്ങളും അപകടങ്ങളും അതിനുണ്ടെന്ന് നമുക്ക് പറയാം. എന്നാല്‍ വോസ്നിയാക് ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടതു പോലെ, ചരിത്രത്തിന്റെ ഗതി സ്വന്തമായി നിര്‍ണ്ണയിക്കാന്‍ അതിന് കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കാരണം, മനുഷ്യരില്‍ നിന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്ലാതെ അത് സാധ്യമാവുകയില്ല. മറ്റുള്ള സാങ്കേതികോപകരണങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തിലെന്നപോലെ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക അജണ്ടകളും AI സാങ്കേതികവിദ്യകളിലും മനുഷ്യര്‍ക്ക് കൂട്ടിച്ചേര്‍ക്കാനാകും. പ്രമുഖ തത്വചിന്തകയായ ഡോണ ഹാരാവേ വ്യക്തമാക്കിയതുപോലെ, ”സാങ്കേതികവിദ്യ ഒട്ടും ന്യൂട്രല്‍ അല്ല. നമ്മള്‍ ഉണ്ടാക്കുന്നതിന്റെ ഉള്ളിലാണ് നമ്മള്‍, അത് നമ്മുടെ ഉള്ളിലും.’

AI യുടെ കടന്നുവരവിനെ നമ്മള്‍ ഭയപ്പെടേണ്ടതില്ല എന്നതിന്റെ കാരണം വിശദീകരിക്കുന്നതിന് മുമ്പ്, AI യഥാര്‍ത്ഥത്തില്‍ എന്താണെന്ന് വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. എന്നാല്‍ ഈ ഉല്‍പ്പന്നത്തിന്റെ സങ്കീര്‍ണ്ണതയും ഇതിനെ ഒരു മിത്താക്കി മാറ്റാനുള്ള മാധ്യമങ്ങളുടെ ശ്രമവുമെല്ലാം ഈ ദൗത്യത്തെ ഏറെ ശ്രമകരമാക്കുന്നു.

2001: എ സ്പേസ് ഒഡീസി, ബ്ലേഡ് റണ്ണര്‍, ദി മാട്രിക്സ് തുടങ്ങിയ സിനിമകളില്‍ ചിത്രീകരിച്ചിരിക്കുന്നതിനോട് സമാനമായ ലോകത്തേക്ക് നമ്മുടെ ലോകം അധികം വൈകാതെ എത്തിച്ചേരുമെന്നും, ബോധപൂര്‍വം പെരുമാറുന്ന മെഷീനുകള്‍ ഉടന്‍ പുറത്തിറങ്ങുമെന്നുമുള്ള വാര്‍ത്തകള്‍ ഏറെ പ്രചരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഇത് തെറ്റായൊരു കാഴ്ചപ്പാടാണ്. കൂടുതല്‍ ശേഷിയുള്ള കമ്പ്യൂട്ടറുകളും കാല്‍ക്കുലേറ്ററുകളും നിര്‍മ്മിക്കാന്‍ നമുക്കാവുന്നു എന്നുള്ളത്, ശരിക്കും ‘ചിന്തിക്കാന്‍’ കഴിയുന്ന ഒരു ഡിജിറ്റല്‍ ബുദ്ധിയെ നമ്മള്‍ സൃഷ്ടിച്ചുവെന്നോ അല്ലെങ്കില്‍ ഉടന്‍ സൃഷ്ടിക്കുമെന്നതിനോ ഉള്ള സൂചനയല്ല.

നോം ചോംസ്‌കി അടുത്തിടെ എഴുതിയതിങ്ങനെ: ‘ഭാഷാശാസ്ത്രത്തില്‍ നിന്നും വിജ്ഞാനത്തിന്റെ ഫിലോസഫിയില്‍ നിന്നും നമുക്കറിയാവുന്നത് പ്രകാരം ChatGPT പോലുള്ള മെഷീന്‍ ലേണിംഗ് പ്രോഗ്രാമുകളുടെ പ്രവര്‍ത്തനത്തിന് മനുഷ്യരുടെ ചിന്താരീതിയില്‍ നിന്നും അവന്‍ ഭാഷ ഉപയോഗിക്കുന്നതില്‍ നിന്നും വലിയ വ്യത്യാസമുണ്ട്. മനുഷ്യരില്‍ നിന്നുള്ള വിവിധ ചോദ്യങ്ങള്‍ക്ക് അത്ഭുതകരമാം വിധം വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, ChatGPT എന്നത് അതിന് നല്‍കിയിട്ടുള്ള നൂറുകണക്കിന് ടെറാബൈറ്റ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തി സയന്റിഫിക് ചോദ്യത്തിന്റെ ഏറ്റവും സാധ്യതയുള്ള ഉത്തരത്തെ/ അല്ലെങ്കില്‍ ഏറ്റവും സൗഹൃദപരമായ സംഭാഷണത്തെ അനുമാനിക്കുന്ന, പാറ്റേണുകള്‍ മാച്ച് ചെയ്യുന്ന ഒരു ലംബറിംഗ് സ്റ്റാറ്റിസ്റ്റിക്കല്‍ എഞ്ചിന്‍ ആണ്. ജര്‍മ്മന്‍ തത്ത്വചിന്തകനായ മാര്‍ട്ടിന്‍ ഹൈഡെഗറിനെ അനുകരിച്ച് നമുക്ക് ഇങ്ങനെ പറയാം: ‘AI-ക്ക് ചിന്തിക്കാനാവില്ല. അത് കണക്കുകൂട്ടുക മാത്രമാണ് ചെയ്യുന്നത്.’

ആദ്യത്തെ വാണിജ്യാധിഷ്ഠിത മൈക്രോപ്രൊസസ്സറായ ഇന്റല്‍ 4004-ന്റെ ഉപജ്ഞാതാവായ ഫെഡറിക്കോ ഫാഗിന്‍, 2022-ല്‍ പുറത്തിറങ്ങിയ തന്റെ പുസ്തകമായ Irriducibile-ല്‍ ഇത് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്: ‘സിംബോളിക് മെഷീന്‍’ ഉല്‍പാദിപ്പിക്കുന്ന’അറിവും’ മനുഷ്യന്റെ ഭാഷാശാസ്ത്രപരമായ അറിവും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. ആദ്യത്തേത് പകര്‍ത്താനും പങ്കിടാനും കഴിയുന്ന വസ്തുനിഷ്ഠമായ വിവരങ്ങളാണ്; എന്നാല്‍ രണ്ടാമത്തേത് ആത്മനിഷ്ഠവും സ്വകാര്യവുമായ അനുഭവവും. ബോധമുള്ള ഒരു വ്യക്തിയുടെ അടുപ്പത്തിലാണത് സംഭവിക്കുക.

ക്വാണ്ടം ഫിസിക്സിന്റെ ഏറ്റവും പുതിയ സിദ്ധാന്തങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട്, പുരാതന നിയോപ്ളാറ്റോണിസവുമായി കൗതുകകരമാംവിധം യോജിക്കുന്ന ഒരു ദാര്‍ശനിക നിഗമനത്തിലേക്കാണ് ഫാഗിന്‍ എത്തിച്ചേര്‍ന്നത്. ഒരു കണ്ടുപിടുത്തക്കാരന്‍ എന്ന നിലയില്‍ അദ്ദേഹം വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ടുമാത്രം ശാസ്ത്ര വൃത്തങ്ങളില്‍ എന്നെന്നേക്കും അദ്ദേഹം അനഭിമതനായി.

എന്നാല്‍ നമ്മുടെ ഭാവിയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അര്‍ത്ഥമാക്കുന്നതെന്താണ്? അതിബുദ്ധിമാനെന്ന് ഗണിക്കപ്പെടുന്ന കൃത്രിമ ബുദ്ധിക്ക് യഥാര്‍ത്ഥത്തില്‍ ‘ചിന്തിക്കാന്‍’ കഴിയുന്നില്ലെങ്കില്‍, ആര്‍ക്കാണത് കൃത്യമായി പ്രയോജനം ചെയ്യുകയും രാഷ്ട്രീയ അധികാരം നല്‍കുകയും ചെയ്യുക? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അതിന്റെ തീരുമാനങ്ങള്‍ എന്ത് മൂല്യങ്ങളെ ആശ്രയിച്ചിരിക്കും?

ചോംസ്‌കിയും സഹപ്രവര്‍ത്തകരും ChatGPT-യോട് സമാനമായ ഒരു ചോദ്യം ഉന്നയിക്കുകയുണ്ടായി.

അതിന് മറുപടിയായി ചാറ്റ്‌ബോട്ട് അവരോട് പറഞ്ഞതിങ്ങനെയാണ്: ‘ഒരു AI എന്ന നിലയില്‍, എനിക്ക് ധാര്‍മ്മിക വിശ്വാസങ്ങളോ ധാര്‍മ്മികമായ വിധികള്‍ നടത്താനുള്ള കഴിവോ ഇല്ല, അതിനാല്‍ എന്നെ അധാര്‍മ്മികനോ ധാര്‍മ്മികനോ ആയി കണക്കാക്കാനാവില്ല. എനിക്ക് ധാര്‍മ്മിക വിശ്വാസങ്ങളില്ലാത്തത് ഒരു മെഷീന്‍ ലേണിംഗ് മോഡല്‍ എന്ന നിലയില്‍ എന്റെ സ്വഭാവത്തിന്റെ ഫലമാണ്.’

ഈ നിലപാട് നമ്മള്‍ക്ക് നേരത്തെ തന്നെ പരിചിതമാണ്. ഹാര്‍ഡ്കോര്‍ ലിബറലിസം മുന്നോട്ടുവെക്കുന്ന ധാര്‍മ്മികമായ നിഷ്പക്ഷ ദര്‍ശനവുമായി ഇതിന് വളരെ സാമ്യതയില്ലേ? എല്ലാ മത, സിവില്‍, രാഷ്ട്രീയ മൂല്യങ്ങളെയും സ്വകാര്യവും വ്യക്തിപരമായ ഇടത്തില്‍ പരിമിതപ്പെടുത്താന്‍ ലിബറലിസം ആഗ്രഹിക്കുന്നു. സമൂഹത്തിന്റെ എല്ലാ വശങ്ങളും പ്രത്യേകമായൊരു യുക്തിയുടെ രൂപമായ മാര്‍ക്കറ്റിനാല്‍ നിയന്ത്രിക്കപ്പെടണമെന്ന് അത് ആഗ്രഹിക്കുന്നു.

നിഗൂഢ യുക്തി എന്ന രീതിയിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രചരിപ്പിക്കപ്പെടുന്നത്. മനുഷ്യരില്‍ നിന്ന് തൊഴിലവസരങ്ങള്‍ മോഷ്ടിക്കുന്ന, ആഗോള ‘വന്‍കിട ബിസിനസ്സ്’ കണ്ടുപിടുത്തമായി ഇത് ഉയര്‍ന്നുവരുന്നു എന്നതാണ് സത്യം. പുതിയ ബോട്ടുകളുടേത് മാര്‍ക്കറ്റിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് സമാനമാണ്. സാധ്യമായേക്കാവുന്ന എല്ലാ സംഭവവികാസങ്ങളെയും ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ പ്രയാസമാണെങ്കിലും ഭയാനകരമായ ഒരു സാഹചര്യമാണ് ഉയര്‍ന്നുവരുന്നതെന്നു പറയാം.

കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ മെഷീന്‍ ലേണിംഗ് അധ്യാപകനായ ഡേവിഡ് ക്രൂഗര്‍ ഈയിടെ എഴുതിയതിങ്ങനെ: ‘ഞാനടക്കം മിക്കവാറും എല്ലാ AI ഗവേഷകരും വന്‍കിട ടെക് കമ്പനികളില്‍ നിന്ന് ധനസഹായം സ്വീകരിച്ചിട്ടുണ്ട്. ഭാവിയില്‍, ഈ കമ്പനികളുമായി ശക്തമായ ബന്ധമുള്ള ഗവേഷകരില്‍ നിന്നുമുള്ള ആശ്വാസവാക്കുകളില്‍ ജനം വീഴാതിരിക്കുന്ന അവസ്ഥ വരാന്‍ സാധ്യതയുണ്ട്. AI അപകടങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പുകള്‍ ഇക്കൂട്ടര്‍ തള്ളിക്കളയുകയാണെങ്കില്‍ ജനങ്ങള്‍ മറുവാദങ്ങള്‍ എന്നതിനേക്കാളുപരി വെറും ഗിമ്മിക്ക് മാത്രമായി കാണുകയായിരിക്കും ചെയ്യുക.’

AI-ക്കും അതിന്റെ പ്രയോക്താക്കള്‍ക്കും എതിരെ സമൂഹം ഒന്നിക്കുകയാണെങ്കില്‍, അത് മാര്‍ക്സിന്റെ സിദ്ധാന്തത്തിന് വിരുദ്ധമായിരിക്കും. രാഷ്ട്രീയ അധികാരത്തെ നിര്‍ണ്ണയിക്കുന്നതില്‍ നിന്ന് പുതിയ സാങ്കേതിക പുരോഗതിയെ അത് തടയുകയും ചെയ്യും. എന്നാല്‍, AI ഇനിയും ഇവിടെ തുടരുമെന്നാണ് തോന്നുന്നത്. സ്വതന്ത്ര കമ്പോള മുതലാളിത്തവുമായി പൂര്‍ണ്ണമായും ചേര്‍ന്നുപോകുന്നതാണ് അതിന്റെ രാഷ്ട്രീയ അജണ്ട. അതിന്റെ പ്രധാന (അപ്രഖ്യാപിത) ലക്ഷ്യവും ഏത് തരത്തിലുള്ള സാമൂഹിക ഐക്യദാര്‍ഢ്യത്തെയും സമൂഹത്തെയും ഇല്ലാതാക്കുക എന്നതാണ്.

AI-യുടെ അപകടം എന്നത് അത് സൃഷ്ടിക്കുന്ന ‘വ്യാജ’ ചിത്രങ്ങള്‍, ലേഖനങ്ങള്‍, വാര്‍ത്തകള്‍, ചരിത്രങ്ങള്‍ എന്നിവയിലൂടെ നമ്മുടെ ആത്മബോധത്തെയും സത്യത്തെയും നശിപ്പിക്കാന്‍ കഴിയുന്ന നിയന്ത്രണാതീതമായൊരു ഡിജിറ്റല്‍ ഇന്റലിജന്‍സായി അത് മാറുമെന്നതല്ല. അതിന്റെ എല്ലാ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും ചൂഷണാത്മക മുതലാളിത്തത്തെ നയിക്കുന്ന അതേ വിനാശകരവും അപകടകരവുമായ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായി തോന്നുന്നു എന്നതാണ് അതില്‍ പതിയിരിക്കുന്ന വലിയ അപകടം.

വിവ. മുഹമ്മദ് അഫ്സൽ പി. ടി

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles