Current Date

Search
Close this search box.
Search
Close this search box.

തുർക്കി പ്രാദേശിക തെരെഞ്ഞെടുപ്പ്: പരാജയ കാരണങ്ങൾ

2024 മാർച്ച് 31ാം തിയ്യതി തുർക്കിയിൽ നടന്ന പ്രാദേശിക തെരെഞ്ഞെടുപ്പിൽ എ.കെ പാർട്ടിക്ക് കനത്ത പരാജയമാണ് നേരിട്ടത്. ഇസ്താംബുൾ, അങ്കാറ നഗരങ്ങളുടെ കെമാലിസ്റ്റ് സ്ഥാനാർഥികളായ എക്രം ഇമാമോഗ്ലു, മൻസൂർ യവാഷ് എന്നിവരുടെ വിജയം എ.കെ പാർട്ടിക്ക് പുതിയ മുന്നറിയിപ്പുകൾ നൽകുന്നതാണ്. ദേശീയ തലത്തിൽ എ.കെ പാർട്ടിക്ക് 35.48 ശതമാനം മാത്രം വോട്ടു ലഭിച്ചപ്പോൾ കെമാലിസ്റ്റ് പാർട്ടി സി.എച്ച്.പിക്കു 37.76 ശതമാനം വോട്ടു നേടാൻ കഴിഞ്ഞു. എ.കെ പാർട്ടിയുടെ സഖ്യകക്ഷിയായ നാഷണലിസ്റ്റ് എം.എച്ച്.പി വെറും 4.98 ശതമാനം നേടിയപ്പോൾ മുൻ പ്രധാനമന്തിയും തുർക്കിഷ് മുസ്‌ലിം രാഷ്ട്രീയത്തിന്റെ അമരക്കാരനുമായിരുന്ന നജ്‌മുദ്ദിൻ എർബകാനിന്റെ പുത്രൻ ഫാതിഹ് എർബകാൻ സ്ഥാപിച്ച യെനിദാൻ റെഫാ പാർടിസി (വൈ.ആർ.പി) 6.19 ശതമാനം വോട്ടു നേടി രാജ്യത്തു മൂന്നാം സ്ഥാനം നേടിയത് പുതിയ രാഷ്ട്രീയ ഗതിമാറ്റത്തിന് കാരണമായിട്ടുണ്ട്.

2019 -ലെ പ്രാദേശിക തെരെഞ്ഞെടുപ്പിൽ 52 ശതമാനത്തിലധികം വോട്ട് (എ.കെ പാർട്ടിക്ക് 42.55 ശതമാനവും എം.എച്.പിക്ക് 10.38 ശതമാനവും) നേടിയിരുന്ന എ.കെ പാർട്ടിയുടെ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഈ തകർച്ച 2028 ലെ പൊതു തെരെഞ്ഞെടുപ്പിൽ കനത്ത വെല്ലുവിളികളുയർത്തും എന്നതിൽ സംശയമില്ല. കൂടാതെ സഖ്യകക്ഷിയായ എം.എച്.പിയുടെ പ്രകടനം വളരെ മോശമായതിനാൽ വരുംകാലങ്ങളിൽ സഖ്യ രാഷ്ട്രീയത്തിന്റെ പ്രസക്തിയെക്കുറിച്ചു എ.കെ പാർട്ടി പുനരാലോചന നടത്താനും സാധ്യതയേറെയാണ്. എം.എച്.പിയുടെ ദേശീയവാദ നിലപാടുകൾ കുർദിഷ് രാഷ്രീയത്തിനോടുള്ള എ.കെ പാർട്ടിയുടെ സമീപനങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തിയ പശ്ചാത്തലത്തിൽ ഇരുപാർട്ടികൾക്കുമിടയിൽ അഭിപ്രായഭിന്നതകൾ രൂക്ഷമാകാനുമിടയുണ്ട്.
പുതിയ കുർദിഷ് രാഷ്ട്രീയ പരീക്ഷണമായ ദേം പാർട്ടിക്ക് കഴിഞ്ഞ തെരെഞ്ഞെടുപ്പിനേക്കാൾ വോട്ടു പങ്കാളിത്തം വർധിപ്പിക്കാൻ (4.52% നിന്നും 5.70% ലേക്ക് ) സാധിച്ചത് കുർദിഷ് ജനത സമീപകാലങ്ങളിൽ നേരിട്ട ആഭ്യന്തര പ്രതിസന്ധികളോടുള്ള അവരുടെ പ്രതികരണവും കൂടിയാണ്. വൈ.ആർ.പിയുടെ വിജയം എ.കെ പാർട്ടിയുടെ വോട്ടുബാങ്കിൽ സാരമായ വിള്ളൽ വീഴ്ത്തിയിരിക്കുന്നു.

2023 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ എ.കെ പാർട്ടിക്കൊപ്പം നിലകൊണ്ട വൈ.ആർ.പി, ഭരണകൂടത്തിന്റെ ഫലസ്തീൻ ഇസ്രായേൽ വിഷയത്തിൽ വിമതശബ്ദയുർത്തിയാണ് മത്സരിച്ചത്. ഭരണകക്ഷിയുടെ അധികാരകേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ സാധിച്ചതിലൂടെ എ.കെ പാർട്ടി അനുകൂലയിടങ്ങളിലെ ഫലസ്തീൻ വിഷയത്തിലുള്ള ഭരണകൂട വിമർശനം വ്യക്തമാകാൻ കാരണമായി. ഇസ്രയേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുക, ഉഭയകക്ഷി ബന്ധം നിർത്തുക, ഇസ്രായേൽ അംബാസഡറെ പുറത്താക്കുക, ഗസ്സയിലേക്ക് തുർക്കി സൈന്യത്തെ അയക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നിൽ വെച്ച് തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ ഫാതിഹ് എർബകാന് എ.കെ പാർട്ടിയുടെ അണികൾക്കിടയിൽ ശക്തമായ വിള്ളൽ വീഴ്ത്താൻ സാധിച്ചു.

തെരെഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണം താറുമാറായിരിക്കുന്ന സാമ്പത്തിക മേഖല തന്നെയാണ്. 2023 ലെ പ്രെസിഡൻഷ്യൽ തെരെഞ്ഞെടുപ്പിനു ശേഷം പോലും സാമ്പത്തിക പ്രയാസങ്ങൾ തുർക്കിക്കു മറികടക്കാൻ സാധിച്ചില്ല. സെൻട്രൽ ബാങ്കിന്റെ അശ്രാന്ത പരിശ്രമങ്ങൾക്ക് ശേഷവും പണപ്പെരുപ്പം 67 ശതമാനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. ജനജീവിതത്തിന് തീഷ്ണമായ ആഘാതം ഏല്പിച്ച ഈ സാമ്പത്തിക പരാധീനതയെ എല്ലാ പാർട്ടികൾക്കും തെരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താൻ സാധിച്ചു. തീവ്ര കുർദിഷ് വിഘടനവാദികളായ പി.കെ.കെ യുടെ ഭീഷണി ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ഭരണകൂടം സ്വീകരിക്കുന്ന സുരക്ഷാനയങ്ങളിലും ഭരണ നിയന്ത്രണങ്ങളിലും കുർദിഷ് ജനതയുടെ വിശ്വാസം ആർജിക്കാൻ കഴിയാതെ പോകുന്നതിനാൽ ഈ ജന സമൂഹം ഭൂരിപക്ഷമായി താമസിക്കുന്നയിടങ്ങളിൽ കനത്ത പരാജയം ഏറ്റുവാങ്ങാൻ കാരണമായി.

തുർക്കിഷ് ജനാധിപത്യം അതിന്റെ രാഷ്ട്രീയ പക്വത തെളിയിച്ചു എന്ന റജബ് ത്വയ്യിബ് എർദോഗാനിന്റെ പ്രസ്താവന സ്വേഛാധിപത്യ ആരോപണങ്ങൾക്കെതിരെയുള്ള ഒളിയമ്പും കൂടിയാണ്. ഭരണകൂട നയങ്ങളെ വിലയിരുത്തുന്നതിൽ ജനതയുടെ സ്വാതന്ത്ര്യം വ്യക്തമാക്കുന്നത് തെരെഞ്ഞെടുപ്പ് ഫലം എന്നതാണ് എ.കെ പാർട്ടിയുടെ നിലപാട്. ജനഹിതം മനസ്സിലാക്കികൊണ്ടുതന്നെ പണപ്പെരുപ്പം നന്നേകുറച്ചു കൊണ്ട് സാമ്പത്തികമേഖലയിൽ കാതലായ മാറ്റം വരുത്തുമെന്ന ധനകാര്യമന്ത്രി മെഹ്മെത് സിംസകിന്റെ വാഗ്ദാനം ശ്രദ്ധേയമാണ്. എ.കെ പാർട്ടി നേരിട്ട വിള്ളലുകളും മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞു പോകലുമെല്ലാം ഈ തെരഞ്ഞെടുപ്പിലും ബാധിച്ചു, അതുകൊണ്ട് തന്നെ ഉൾപാർട്ടി രാഷ്ട്രീയവും സംഘാടനവും സുഭദ്രമാക്കണം എന്ന എർദോഗാനിന്റെ അവലോകനം പ്രസക്തമാണ്.

ഈ പ്രാദേശിക തെരെഞ്ഞെടുപ്പിൽ പരാജയം നേരിട്ടെങ്കിലും എർദോഗാനിന്റെ അധികാരത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കുകയില്ല. 2028 വരെ നിയമസഭാ- പ്രെസിഡെൻഷ്യൽ തെരഞ്ഞെടുപ്പുകളൊന്നും നടക്കാനില്ല എന്നത് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയനയങ്ങൾ അവലോകനം ചെയ്യുന്നതിൽ സാവധാനം നൽകുന്നുണ്ട്. ഈ തെരെഞ്ഞെടുപ്പ് ഫലം അന്ത്യത്തെ കുറിക്കുന്നതല്ല, പകരം ഒരു വഴിത്തിരിവാണിതെന്ന് പ്രസിഡന്റിന്റെ പ്രസ്താവന ആത്മവിമരർശനം ഉൾക്കൊള്ളുന്നതാണെന്ന് പ്രതീക്ഷിക്കാം. പതിനാറ് മില്യൺ വോട്ടുകൾ ഈ തെരെഞ്ഞെടുപ്പിൽ കുറഞ്ഞത് പ്രധാന കാരണങ്ങളിൽ ഒന്നായി എ.കെ പാർട്ടി കണക്ക്കൂട്ടുന്നു.
കേന്ദ്ര തെരെഞ്ഞെടുപ്പ് കൗൺസിലിൻറെ കണക്കു പ്രകാരം 2019 ലെ പ്രാദേശിക തെരെഞ്ഞെടുപ്പിനേക്കാൾ (84.67% വും പ്രെസിഡെൻഷ്യൽ തെരെഞ്ഞെടുപ്പിൽ 87.04%) ഈ തവണ 78.11% മാത്രമേ വോട്ടു ചെയ്തുള്ളൂ.

എ.കെ പാർട്ടി അനുകൂലികളുടെ വോട്ടുകളാണ് നഷ്ടപെട്ടതെന്നും ഇതിന്റെ പിന്നിലെ കാരണങ്ങൾ പഠിക്കാൻ പാർട്ടി സന്നദ്ധമെന്നും എർദോഗാൻ പറയുന്നുണ്ട്. സംഘാടനത്തിലെ പിഴവുകൾ, സ്ഥാനാർഥികളും ജില്ലാ- പ്രവിശ്യാ നേതൃത്വവും തമ്മിലുള്ള പ്രശ്നങ്ങൾ, മേയർ സ്ഥാനാർഥികളുടെ തെരെഞ്ഞെടുപ്പ് പ്രചരണങ്ങളിലെ അനാസ്ഥകൾ എന്നിവയെല്ലാം മറ്റു കാരണങ്ങളായി പാർട്ടി വിലയിരുത്തുന്നുണ്ട്. എർദോഗാനിനു ശേഷം ആര് എന്ന ചോദ്യം എ.കെ പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പാർട്ടി നേതൃത്വത്തിലേക്ക് ശക്തമായ നേതാക്കളെ ഉയർത്തിക്കൊണ്ടു വരികയും രാജ്യം നേരിടുന്ന വെല്ലുവിളികൾക്ക് അനുയോജ്യമായ രാഷ്ട്രീയ പരിഹാരങ്ങൾ മുന്നോട്ടു വെക്കാനും സാധിച്ചില്ലെങ്കിൽ 2028 ലെ തെരഞ്ഞെടുപ്പോടെ എ.കെ പാർട്ടിയുഗത്തിന് അന്ത്യം കുറിക്കപ്പെടും എന്നതിൽ സംശയമില്ല.

Related Articles