Current Date

Search
Close this search box.
Search
Close this search box.

ചൈനീസ് മുസ്ലീംകൾ ഒരു പ്രശ്നമല്ല

ബെയ്ജിംഗ് വിന്റർ ഒളിമ്പിക്‌സ്, പാരാലിമ്പിക് ഗെയിംസ് എന്നിവയ്ക്കുമേലുള്ള യുഎസിറെയും അവരുടെ സഖ്യകക്ഷികളുടെയും നയതന്ത്ര ബഹിഷ്‌കരണം യുഎസും അതിന്റെ ചില സഖ്യകക്ഷികളും ചൈനയും തമ്മിലുള്ള ശീതയുദ്ധത്തിന്റെ ഔദ്യോഗിക തുടക്കമായി ചരിത്രത്തിൽ ഇടംപിടിച്ചേക്കാം. എന്നിരുന്നാലും, ‘മനുഷ്യാവകാശ’ത്തിന്റെ പേരിൽ ബെയ്ജിംഗിനെ സമ്മർദ്ദത്തിലാക്കാൻ ബഹിഷ്‌കരണത്തെ ഉപയോഗിക്കുന്ന അമേരിക്കൻ തന്ത്രം ഭാവിയിൽ യുഎസിന് വലിയ വില നൽകേണ്ടി വരും.

2022-ൽ ബീജിംഗിൽ നടക്കുന്ന വിന്റർ ഒളിമ്പിക് ഗെയിംസിലേക്ക് നയതന്ത്ര പ്രതിനിധികളെയൊന്നും അയക്കില്ലെന്ന് ഡിസംബർ 6-ന് വാഷിംഗ്ടൺ പ്രഖ്യാപിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ, യുകെ, കാനഡ , ഓസ്‌ട്രേലിയ എന്നിവരും ഇത് പിന്തുടർന്നുകൊണ്ട് തങ്ങളുടെ പ്രതിനിധികളെ അയക്കില്ലെന്ന് അറിയിക്കുകയുണ്ടായി.

“സിൻജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ” പ്രതിഷേധിച്ച് യുഎസ് നയതന്ത്രജ്ഞർ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഔദ്യോഗിക അമേരിക്കൻ വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും 2008 ബെയ്ജിംഗ് സമ്മർ ഒളിമ്പിക്‌സിൽ യുഎസ് പങ്കെടുത്തത് വെച്ച് നോക്കുമ്പോൾ ആ അവകാശവാദം എത്രയും എളുപ്പത്തിൽ അവർക്ക് നിരാകരിക്കാനാവും എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

പിന്നെ, ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങൾ അമേരിക്കക്കാർക്ക് വലിയ പ്രാധാന്യം നൽകുന്ന കാര്യമായിരുന്നില്ല, പക്ഷെ ഒരൊറ്റ കാരണത്താലാണ് അവർ അങ്ങനെ ചെയ്തത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണമില്ലായ്മയും അമേരിക്കയിലെ വലിയ ബാങ്കിംഗ് സ്ഥാപനങ്ങളുടെ തെറ്റായ പ്രവർത്തനങ്ങളും കാരണം തകർന്നു കൊണ്ടിരുന്ന ആഗോള സമ്പദ്‌വ്യവസ്ഥയെ തകർച്ചയിൽ നിന്ന് രക്ഷിച്ച പ്രതിരോധത്തിന്റെ അവസാന നിരയായിരുന്നു അഭിവൃദ്ധി പ്രാപിച്ച ചൈനീസ് സമ്പദ്‌വ്യവസ്ഥ എന്നതായിരുന്നു അത്.

2008-ൽ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം മുതൽ, ആഗോള സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാൻ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ഒരു രാജ്യം ‘ഭാരിച്ച ലിഫ്റ്റിംഗ്’ നൽകിയിട്ടുണ്ട് എന്ന് സ്റ്റീഫൻ കിംഗ് 2015 ഓഗസ്റ്റിൽ ഫിനാൻഷ്യൽ ടൈംസിൽ എഴുതിയിരുന്നു.

അതിനുശേഷം കാര്യങ്ങൾക്ക് വലിയ മാറ്റം സംഭവിച്ചു. ചൈന ഒരു ആഗോള സാമ്പത്തിക ശക്തിയായി ഉയർന്നു, അത് ലോക വേദിയിൽ യുഎസിനെയും സഖ്യകക്ഷികളെയും അവരുടെ സ്ഥാനങ്ങളെ നിരന്തരമായി മാറ്റിസ്ഥാപിക്കുന്നു. അനന്തമായി തുടരുന്ന യുദ്ധങ്ങൾക്കുള്ള തടസ്സമില്ലാത്ത സൈനിക ചെലവിനാൽ വഷളായ തങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് കരകയറാനുള്ള വ്യഗ്രതയിൽ – അമേരിക്ക ചൈനയ്‌ക്കെതിരെ മറ്റൊരു തരത്തിലുള്ള യുദ്ധം നടത്തുകയാണ്. 2012-ൽ ബരാക് ഒബാമയുടെ ഭരണത്തിൻ കീഴിൽ ആരംഭിച്ച ഈ സാമ്പത്തിക യുദ്ധം, ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിന് കീഴിൽ സജീവമാവുകയും ജോ ബൈഡന്റെ ഭരണത്തിന് കീഴിലും തുടരുകയാണ്.

എങ്കിലും, ചൈനയെ പോലെയുള്ള വലിയ ഒരു രാജ്യത്തെ അതിന്റെ സാമ്പത്തിക വളർച്ചയിൽ വിട്ടുവീഴ്ച ചെയ്യാൻ നിർബന്ധിക്കുന്നത് വാഷിംഗ്ടണിനെ അതിന്റെ ആഗോള ആധിപത്യം നിലനിർത്താൻ അനുവദിക്കുന്നതിന് വേണ്ടി മാത്രമാണ്.ഇത് തികച്ചും അന്യായവുമാണ്.

വാഷിംഗ്ടണിന് ഇപ്പോഴും ധാരാളം ഓപ്ഷനുകൾ ഉണ്ടെന്ന് കാണിക്കാൻ സ്പോർട്സ് ബഹിഷ്കരണം ഉപയോഗിച്ചത് യഥാർത്ഥത്തിൽ വിപരീത ഫലത്തിലേക്കാണ് നയിക്കുന്നത്. മറ്റ് മൂന്ന് രാജ്യങ്ങൾ മാത്രമാണ് അമേരിക്കൻ നയതന്ത്ര ബഹിഷ്കരണത്തിൽ ചേരാൻ സമ്മതിച്ചത്, ന്യൂസിലൻഡർ പങ്കാളിത്തത്തിൽ പ്രതിഷേധിച്ച് 1976 ലെ മോൺട്രിയൽ സമ്മർ ഗെയിംസിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിന്ന ഇരുപത് ആഫ്രിക്കൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് നിസ്സാരമായ സംഖ്യയാണ്. അതേ വർഷം തന്നെ അവരുടെ റഗ്ബി ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ വർണ്ണവിവേചന ഭരണകൂടത്തെ സാധൂകരിച്ചതിന് അവർ വിമർശിക്കപ്പെട്ടിരുന്നു.

നേരത്തെ, 1968-ലെ മെക്സിക്കോ സിറ്റി ഒളിമ്പിക്സിൽ, ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സിൽ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് 38 രാജ്യങ്ങൾ പങ്കെടുക്കാൻ വിസമ്മതിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ പങ്കാളിത്തം അനുവദിക്കാനുള്ള ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രാരംഭ തീരുമാനം ഉണ്ടായിരുന്നിട്ടും ആഫ്രിക്കൻ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സമ്മർദ്ദം വർണ്ണവിവേചന രാജ്യത്തെ പുറത്താക്കുന്നതിൽ വിജയിച്ചു – ഇത് 1992-ൽ വീണ്ടും പ്രവേശനം നേടുന്നതുവരെ അന്താരാഷ്ട്ര ഇവന്റിൽ അവർ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.

യുഎസിന്റെയും അതിന്റെ മൂന്ന് സഖ്യകക്ഷികളുടെയും നയതന്ത്ര ബഹിഷ്‌കരണം തത്ത്വങ്ങളാൽ പ്രചോദിപ്പിക്കപ്പെട്ടതാണെന്ന് ഞങ്ങൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്നു. അതായത് ചൈനയിലെ ഉയ്ഗൂർ മുസ്‌ലിംകൾക്കുള്ള പ്രതിരോധത്തിന് മാത്രമായി അല്ല അത്. അങ്ങനെയാണെങ്കിൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മുസ്‌ലിം രാജ്യങ്ങൾക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന യുദ്ധങ്ങളെക്കുറിച്ച് എന്താണ് പറയേണ്ടത്? 2001-ൽ അഫ്ഗാനിസ്ഥാനെതിരെ യുദ്ധം ചെയ്യുകയും 2003-ൽ ഇറാഖ് ആക്രമിക്കുകയും ചെയ്തപ്പോൾ വാഷിംഗ്ടൺ എന്ത് തരത്തിലുള്ള മനുഷ്യാവകാശ മാനദണ്ഡങ്ങളാണ് പ്രയോഗിച്ചത്? വിരോധാഭാസമെന്നു പറയട്ടെ, അതേ മൂന്ന് രാജ്യങ്ങൾ – യുകെ, കാനഡ, ഓസ്‌ട്രേലിയ – എണ്ണമറ്റ മുസ്‌ലിംകളുടെ ജീവൻ അപഹരിക്കുകയും മുഴുവൻ രാജ്യങ്ങളെയും നശിപ്പിക്കുകയും ചെയ്ത അമേരിക്കയുടെ സൈനിക സാഹസങ്ങളിൽ സജീവമായി പങ്കെടുത്തവയുമാണ്.

നയതന്ത്ര ബഹിഷ്‌കരണത്തിനുള്ള അമേരിക്കൻ ആഹ്വാനം മറ്റ് മൂന്ന് രാജ്യങ്ങൾ മാത്രമേ പാലിച്ചിട്ടുള്ളൂ എന്നതും അന്താരാഷ്ട്ര കാര്യങ്ങളിൽ വാഷിംഗ്ടണിന്റെ ദുർബലമായ പിടിയെ വ്യക്തമാക്കുന്നു. യൂറോപ്യൻ യൂണിയൻ അതിന്റെ ഏറ്റവും പുതിയ വിദേശ നയ ഗൂഢാലോചനയിൽ യുഎസുമായി ചേരാൻ വിസമ്മതിച്ചു എന്നത് എടുത്തുപറയേണ്ടതാണ്

പ്രത്യയശാസ്ത്രപരമായ മുൻവിധികളാൽ പ്രചോദിതവും നുണകളുടെയും കിംവദന്തികളുടെയും അടിസ്ഥാനത്തിലാണ് ബഹിഷ്‌കരണം എന്ന് അതിന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്റെ വാക്കുകളിലൂടെ ചൈന വാഷിംഗ്ടണിന്റെ നിലപാടിനെ വിമർശിച്ചു.

ചരിത്രപരമായി, അന്താരാഷ്ട്ര കായിക മത്സരങ്ങൾ രണ്ട് വ്യത്യസ്ത രീതികളിൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ടിട്ടുണ്ട്: ഒന്ന്, ദക്ഷിണാഫ്രിക്കൻ വർണ്ണവിവേചന ബഹിഷ്‌കരണം പോലെയുള്ള ധാർമ്മിക അജണ്ടയെ അടിസ്ഥാനമാക്കിയുള്ള ധാർമ്മികമായ ബഹിഷ്‌കരണങ്ങൾ; രണ്ടാമത്തത്, ഒരു രാഷ്ട്രീയ അജണ്ടയെ സേവിക്കുന്നതിനോ അല്ലെങ്കിൽ സാമ്പത്തിക സമ്മർദ്ദത്തിന്റെ ഒരു രൂപമെന്ന നിലയിൽ ആതിഥേയ രാജ്യങ്ങളെ ഒറ്റപ്പെടുത്തുന്നതിനോ വേണ്ടി സ്ഥാപിതമായ തികച്ചും രാഷ്ട്രീയ ബഹിഷ്കരണങ്ങൾ. 1980-ലെ മോസ്‌കോ സമ്മർ ഒളിമ്പിക്‌സിന്റെ യുഎസ് നേതൃത്വത്തിലുള്ള ബഹിഷ്‌കരണം ഇതിന്റെ ഒരു ഉദാഹരണമാണ്, 1984-ലെ ലോസ് ഏഞ്ചൽസ് സമ്മർ ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ചുകൊണ്ട് സോവിയറ്റ് യൂണിയനും അവരുടെ സഖ്യകക്ഷികളും അതിന് പ്രതികാരം ചെയ്‌തിരുന്നു.

വരാനിരിക്കുന്ന ചൈനീസ് ഒളിമ്പിക്‌സിന്റെ അമേരിക്കൻ നയതന്ത്ര ബഹിഷ്‌കരണം രാഷ്ട്രീയ പ്രേരിത ബഹിഷ്‌കരണത്തിന്റെ ഉദാഹരണമാണ്. സമ്പൂർണ്ണ ബഹിഷ്‌കരണത്തിന് മുതിരാതെ നയതന്ത്രപരമായ ബഹിഷ്‌കരണം മാത്രമാണെന്നത് , ഒരു സമ്പൂർണ്ണ ബഹിഷ്‌കരണം അന്താരാഷ്ട്ര വേദിയിൽ സ്വന്തം ഒറ്റപ്പെടലിനെ ചിത്രീകരിക്കാൻ മാത്രമേ സഹായിക്കൂ എന്ന വാഷിംഗ്ടണിന്റെ ഭയത്താൽ രൂപപ്പെട്ടതാവാൻ സാധ്യതയുണ്ട്.

പരിസ്ഥിതി പ്രശ്നങ്ങൾ, മാരകമായ പാൻഡെമിക്കുകൾ, മറ്റുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ നിലവിലുള്ള ആഗോള വിഭജനങ്ങളും കൂട്ടായ പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള അന്താരാഷ്ട്ര ഐക്യത്തിന്റെ ആവശ്യകതയും മനസ്സിൽ വെച്ചു കൊണ്ട് ഒരു പുതിയ ശീതയുദ്ധത്തിലേക്ക് തിരിച്ചുവരുന്നത്, ചുറ്റുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ തെറ്റിനല്ലാതെ ദ്രോഹിക്കുന്നതല്ലാതെ ഒരു പ്രയോജനവും നൽകില്ല.എല്ലാ രാജ്യങ്ങൾക്കും വളരാനും അഭിവൃദ്ധി പ്രാപിക്കാനും തുല്യമായ അവസരങ്ങൾ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള സംഭാഷണമാണ് രജ്യങ്ങൾക്കിടയിൽ വേണ്ടത്.

അതായത്, ആഗോള മേധാവിത്വത്തിന്റെ യുഗം അവസാനിക്കുകയാണ്, സ്വയം സേവിക്കുന്ന ബഹിഷ്‌കരണങ്ങളാലോ വ്യാപാര യുദ്ധങ്ങൾ കൊണ്ടോ ഈ ഒഴിവാക്കാനാവാത്ത വസ്തുതയെ മറച്ചുവെക്കാനാവില്ല.

മൊഴിമാറ്റം :മുജ്തബ മുഹമ്മദ്‌

Related Articles