Current Date

Search
Close this search box.
Search
Close this search box.

പൊലിസ് കേസെടുക്കും വരെ അറിയപ്പെടാതിരുന്ന ഷര്‍ജീല്‍ ഇമാം

ജെ.എന്‍.യുവിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഇമാമിനെതിരെ ജനുവരി 25നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള യു.എ.പി.എയും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. ജനുവരി 16ന് അലീഗഢില്‍ വെച്ച് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്. അഞ്ചു ലക്ഷം ആളുകളെ ഒരുമിച്ചു കൂട്ടാന്‍ കഴിയുമെങ്കില്‍ ഇന്ത്യയെയും വടക്കുകിഴക്കിനെയും സ്ഥിരമായിട്ട് വിഭജിക്കണമെന്ന് ഇമാം പറഞ്ഞതായാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. പ്രസംഗം അക്രമത്തെയും വിഘടനവാദത്തെയും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പൊലിസ് പറയുമ്പോള്‍ താന്‍ ഉപരോധം ആവശ്യപ്പെടുകയാണുണ്ടായതെന്ന് ഇമാമും വ്യക്തമാക്കി.

ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനെ സുപ്രീം കോടതി അഭിഭാഷകര്‍ ചോദ്യം ചെയ്തു. ഞങ്ങള്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യാന്‍ തുടങ്ങിയാല്‍ രാഷ്ട്രീയ അധികാരവര്‍ഗ്ഗത്തില്‍ പകുതിയും ജയിലിലായിരിക്കും എന്നും അവര്‍ പ്രതികരിച്ചു. അറിയപ്പെടാതിരുന്ന ഒരു ജെ.എന്‍.യു വിദ്യാര്‍ത്ഥി എങ്ങിനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പൊലിസിന്റെ ലക്ഷ്യമായി മാറിയതെന്ന് പരിശോധിക്കുകയാണ് ഇവിടെ.

ആരാണ് ഷര്‍ജീല്‍ ഇമാം

ആധുനിക ഇന്ത്യാ ചരിത്രത്തില്‍ ഗവേഷണം നടത്തുന്ന ജെ.എന്‍.യുവിലെ പി.എച്ച്.ഡി വിദ്യാര്‍ഥിയാണ് 31കാരനായ ഷര്‍ജീല്‍. ബോംബെ ഐ.ഐ.ടിയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം കരസ്ഥമാക്കി. അദ്ദേഹമാണ് ഷഹീന്‍ ബാഗ് സമരത്തിന്റെ സഹ സംഘാടകന്‍ എന്നാണ് പൊലിസ് കേസെടുക്കുന്നതിന് മുന്‍പ് മണിപ്പൂര്‍ മുഖ്യമന്ത്രിയും അസം ധനമന്ത്രിയും പ്രസ്താവിച്ചത്.

പൗരത്വ ബില്ലിനെതിരെ 40 ദിവസമായി ഐതിഹാസിക സമരം നടക്കുന്ന ഷഹീന്‍ ബാഗിലെ ഒരു വളണ്ടിയര്‍ ആയിരുന്നു ഇമാം. പ്രതിഷേധവുമായി അദ്ദേഹത്തിന് ഹ്രസ്വകാല ബന്ധം മാത്രമാണുണ്ടായിരുന്നത്. ആക്രമണമുണ്ടാവുമെന്ന് മുന്‍കൂട്ടി പ്രതീക്ഷിച്ച് ഷഹീന്‍ ബാഗിലെ സമരം അവസാനിപ്പിക്കുന്നതായി ജനുവരി രണ്ടിന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ സമരരംഗത്തുള്ള സ്ത്രീകള്‍ ഇക്കാര്യം നിഷേധിച്ച് സമരം തുടര്‍ന്നു.

തങ്ങളുടെ സമരത്തിന് പിന്നില്‍ സംഘാടകനായി മാത്രം ഒരാളില്ല. ഷഹീന്‍ ബാഗിലെ സ്ത്രീകളാണ് സമരം ചെയ്യുന്നത്. അതിന് പിന്നില്‍ കേവലം ഒരാളെ മാത്രമാക്കി ചുരുക്കി വികലമായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അന്യായമാണെന്നും ജനുവരി 25ന് പുറത്തുവിട്ട പ്രസ്താവനയില്‍ ഷഹീന്‍ ബാഗിലെ സമരക്കാര്‍ പറഞ്ഞു.

ഇമാമിനെതിരെയുള്ള കേസുകള്‍

അദ്ദേഹത്തിനെതിരെ കേസെടുത്ത അഞ്ച് സംസ്ഥാനങ്ങളില്‍ നാലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. അസം,യു.പി,മണിപ്പൂര്‍,അരുണാചല്‍ പ്രദേശ് എന്നിവയാണത്. അഞ്ചാമത്തെ സംസ്ഥാനം കേന്ദ്രം ആഭ്യന്തരം കൈയാളുന്ന ഡല്‍ഹിയാണ്.

ജനുവരി 25ന് അസം പൊലിസ് ആണ് ആദ്യം രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മതവിദ്വേഷം വളര്‍ത്തുന്നു എന്നാരോപിച്ചാണ് യു.എ.പി.എ അടക്കം ചുമത്തിയത്. ഇതേ കാരണം ചൂണ്ടിക്കാണിച്ചാണ് അലീഗഢ് പൊലിസും അദ്ദേഹത്തിനെതിരെ കേസെടുത്തത്. സര്‍ക്കാരിനെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്‌തെന്നാരോപിച്ചാണ് മണിപ്പൂര്‍ പൊലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഗൂഢാലോചന നടത്തി,ഒരു പ്രത്യേക വിഭാഗത്തെ അപമാനിച്ചു, വടക്കുകിഴക്കന്‍ മേഖലകളെ ഉപരോധിക്കണമെന്ന ഇമാമിന്റെ ആഹ്വാനം മണിപ്പൂരിലെ ജനങ്ങളെ വേദനിപ്പിക്കുന്നതാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ ഉപദേശകനായ രാജത് സേതി പറഞ്ഞു.

ജനുവരി 26ന് ഡല്‍ഹി പൊലിസിന്റെ പ്രത്യേക അന്വേഷണ വിഭാഗവും ഇമാമിനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. രാജ്യദ്രോഹക്കേസുകള്‍ക്ക് പുറമെ കുഴപ്പം സൃഷ്ടിച്ചു എന്ന കുറ്റവും ഇവര്‍ ഉള്‍പ്പെടുത്തി. ഡിസംബര്‍ 13ന് ഇമാം ജാമിഅക്ക് പുറത്ത് തീവ്ര വിദ്വേഷ പ്രസംഗമാണ് നടത്തിയതെന്ന് പൊലിസ് പറഞ്ഞു.

ഒരു വിഭാഗത്തിനെതിരെ ആരോപണം ഉന്നയിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി 26ന് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ട്വീറ്റ് ചെയ്തു. ഇത്തരം പ്രസംഗങ്ങള്‍ സാമുദായിക വിദ്വേഷം വളര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അലീഗഢില്‍ ഇമാം നടത്തിയ പ്രസ്താവന യു.പിയല്ലാത്ത മറ്റു സംസ്ഥാനങ്ങളില്‍ ആക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് എങ്ങിനെയെന്ന് അവര്‍ തെളിയിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി അഭിഭാഷകനായ ചിത്രാന്‍ഷുല്‍ സിന്‍ഹ പറഞ്ഞു. കുറ്റകൃത്യം നടക്കുന്ന മേഖലയിലെ പൊലിസിനാണ് ഇക്കാര്യത്തില്‍ കേസെടുക്കാന്‍ നിലവില്‍ അധികാരമുള്ളൂ.

ഇമാം എന്താണ് യഥാര്‍ത്ഥത്തില്‍ അലീഗഢില്‍ പറഞ്ഞത് ?

കേസിനാസ്പദമായ വീഡിയോ എന്നത് ജനുവരി 16ന് ഇമാം അലീഗഢില്‍ നടത്തിയ പ്രസംഗമാണ്. ‘നമ്മള്‍ക്ക് അഞ്ച് ലക്ഷം പേരെ അണിനിരത്താന്‍ കഴിഞ്ഞെങ്കില്‍ നമുക്ക് ഇന്ത്യയും വടക്കുകിഴക്കും നമുക്ക് സ്ഥിരമായി തടസ്സപ്പെടുത്താന്‍ സാധിക്കും, സ്ഥിരമായി കഴിഞ്ഞില്ലെങ്കില്‍ ഒരു മാസമെങ്കിലും അതിന് സാധിക്കും’ ഇതാണ് ആ വീഡിയോവില്‍ അദ്ദേഹം പറയുന്നത്. ഇമാമിനെതിരെ കേസെടുത്തതിന് ശേഷമാണ് വീഡിയോ വൈറലായതും. 40 മിനിട്ടുള്ള വീഡിയോവില്‍ ഇമാം കോണ്‍ഗ്രസ്,ആം ആദ്മി,മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ എന്നിവര്‍ക്കെതിരെയും ആഞ്ഞടിക്കുന്നുണ്ട്. പൗരത്വ നിയമത്തിനെതിരെ വിശാലമായ പ്രതിഷേധം വേണമെന്ന് ആവശ്യപ്പെട്ട ജെ.എന്‍.യു,ജാമിഅയിലെ വിദ്യാര്‍ത്ഥികളുമായും അദ്ദേഹം തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്.

അസമിലെ മുസ്ലിംകളിലേക്ക് ശ്രദ്ധ പതിക്കണമെങ്കില്‍ അവിടെ റോഡ് തടയണം,നിരത്തുകള്‍ ഉപരോധിക്കണം,അവിടേക്കുള്ള വിതരണങ്ങള്‍ അവസാനിപ്പിക്കണം. വടക്കുകിഴക്കിനെ ഇന്ത്യയുടെ ബാക്കി ഭാഗത്തേക്ക് ബന്ധപ്പെടുത്തുന്ന ചിക്കന്‍ നെക്ക് ഇടനാഴി ഉപരോധിക്കണം. അത് മുസ്ലിം ഭൂരിപക്ഷ പ്രദേശം കൂടിയാണ്. കനയ്യകുമാറിനെ പോലുള്ളവര്‍ അവിടെ പോയി ഇങ്ക്വിലാബ് മുദ്രാവാക്യങ്ങള്‍ വിളിച്ച് ഫോട്ടോയെടുത്ത് തിരികെ പോരുന്നു. നമ്മുടെ ആളുകള്‍ കൈയടിക്കും, പക്ഷേ അവന്റെ മുഖം മാത്രമാകും കാണുക’ ഇമാം പറഞ്ഞു.

അസം പൊലിസ് കേസെടുത്തതിന് ശേഷം ഇമാം ഇന്ത്യന്‍ എക്‌സ്പ്രസിനോട് അതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. അതായത് സമാധാനപരമായി നമുക്ക് സാധ്യമാവുന്ന തരത്തില്‍ റോഡുകള്‍ ഉപരോധിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ അസമിലേക്ക് പോകുന്ന റോഡുകള്‍ തടയണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഇമാം പ്രതികരിച്ചു.

പൊലിസ് കേസിന്റെ അനന്തര ഫലങ്ങള്‍ ?

26ന് ഡല്‍ഹി,യു.പി,ബിഹാര്‍ പൊലിസ് ഇമാമിനായി സംയുക്ത തിരച്ചില്‍ നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. അദ്ദേഹത്തിന്റെ രണ്ടു ബന്ധുക്കളെ പൊലിസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. തന്റെ മകന്‍ നിരപരാധിയാണെന്നും അവന്‍ കള്ളനോ പോക്കറ്റടിക്കാരനോ അല്ലെന്നും ഇമാമിന്റെ ഉമ്മ അഫ്‌സഹന്‍ റഹീം പറഞ്ഞു. അവന്‍ എവിടെയെന്ന് എനിക്കറിയില്ല എന്ന് ഞാന്‍ ദൈവത്തെ തൊട്ട് സത്യം ചെയ്യുന്നു. കേസുകളെക്കുറിച്ച് മനസിലാക്കിയാല്‍ അവന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരാകുമെന്നും അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുമെന്നും എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. അവന്‍ ഒരു കുട്ടി മാത്രമാണ്, ജനങ്ങളെ ഭിന്നിപ്പിക്കാന്‍ പ്രേരിപ്പിക്കാന്‍ അവന് കഴിയില്ല. അഫ്‌സഹന്‍ റഹീം പറഞ്ഞു.

അവലംബം: scroll.in
വിവ: സഹീര്‍ വാഴക്കാട്

Related Articles