Current Date

Search
Close this search box.
Search
Close this search box.

ഇത്തരം കാവല്‍ക്കാരുണ്ടാകുമ്പോള്‍ രാജ്യത്തിന് ഭയപ്പെടാനൊന്നുമില്ല

ട്വിറ്ററില്‍ സ്വന്തം പേരിന്റെ മുന്‍പില്‍ ‘ചൗകിദാര്‍ നരേന്ദ്ര മോദി’ എന്നു മാറ്റിക്കൊണ്ടാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ക്യാംപയിന് തുടക്കമിട്ടത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹ മന്ത്രിമാരും പാര്‍ട്ടി അണികളും ഈ ക്യാംപയിന്‍ ഏറ്റെടുത്തു. തുടര്‍ന്ന് ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും സോഷ്യല്‍ മീഡിയ ക്യാംപയിന്റെ ഭാഗമായി പുറത്തുവിട്ടു. ‘ചൗകിദാര്‍’ എന്ന വാക്കിന് ‘കാവല്‍ക്കാരന്‍’ എന്നാണ് അര്‍ത്ഥം. അതായത് നമുക്ക് സുരക്ഷ ഉറപ്പ് നല്‍കുന്നയാള്‍. അതിനാല്‍ തന്നെ ‘ചൗകിദാര്‍ നരേന്ദ്ര മോദി’യുടെ ട്രാക്ക് റെക്കോര്‍ഡുകള്‍ നമുക്ക് പരിശോധിക്കാം.

1. ഉനയിലെ ദലിതുകള്‍ക്ക് നേരെ നടന്ന അക്രമം

2016 ജൂലൈ 11നായിരുന്നു ഒരു കൂട്ടം ഗോരക്ഷ ഗുണ്ടകള്‍ ചേര്‍ന്ന് ബാലു സര്‍വയ്യക്കും കുടുംബത്തിനും നേരെ രൂക്ഷമായ ആക്രമണമഴിച്ചുവിട്ടത്. ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞതിന്റെ പേരിലായിരുന്നു ബാലുവിന് നേരെ ക്രൂരമായ ആക്രമണം നടന്നത്. പശുവിന്റെ തോല്‍ ഉരിഞ്ഞ് ഉപജീവനം മാര്‍ഗം തേടുന്നവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. കമ്പികൊണ്ടും ഇരുമ്പ് പൈപ്പ് കൊണ്ടും കത്തികൊണ്ടുമാണ് സംഘം ദലിത് കുടുംബത്തെ മര്‍ദിച്ചത്. തുടര്‍ന്ന് ഇവര്‍ നാലു പേരെ ആക്രമികള്‍ ഉന ടൗണിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ജനങ്ങള്‍ക്ക് മുന്‍പില്‍ വെച്ച് പരസ്യമായി വീണ്ടും മര്‍ദിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

രണ്ടു വര്‍ഷത്തിനു ശേഷം 2018 ജൂണില്‍ ഇരകള്‍ക്കു നേരെ വീണ്ടും ഇതേ ആക്രമി സംഘത്തില്‍ നിന്നും മര്‍ദനം നേരിടേണ്ടി വന്നു. ബുദ്ധ മതത്തിലേക്ക് മതം മാറിയതിന്റെ പേരിലായിരുന്നു ഇത്തവണ ആക്രമിച്ചത്. 43 പ്രതികളില്‍ 21 പേര്‍ക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു.

2. ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു

2017 ഡിസംബര്‍ 6നാണ് രാജസ്ഥാനിലെ രാജ്‌സമന്ദില്‍ ജോലി ചെയ്തിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്രസുല്‍ ഖാനെ കത്തികൊണ്ടി കുത്തിയ ശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. രാജ്‌സമന്ദ് സ്വദേശിയായ ശംഭുലാല്‍ ആണ് ലൗ ജിഹാദ് ആരോപിച്ച് ഈ ക്രൂരകൃത്യം നടത്തിയത്. തന്റെ ബന്ധുവായ ഹിന്ദു യുവതിയുമായി അഫ്രസുലിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊല. ആക്രമണം നടത്തുന്നതിന് മുന്‍പ് കൊലയെ ന്യായീകരിച്ച് മൊബൈലില്‍ വീഡിയോ പകര്‍ത്തുകയും തുടര്‍ന്ന് കൊലപാതക ദൃശ്യം മുഴുവനായി വീഡിയോവില്‍ പകര്‍ത്തുകയും ചെയ്തു.

നമ്മുടെ രാജ്യത്ത് ലവ് ജിഹാദ് നടത്തിയാല്‍ ഇതായിരിക്കും അവസ്ഥ എന്ന് വീഡിയോവില്‍ ശംഭുലാല്‍ മുസ്‌ലിംകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. 14കാരനെക്കൊണ്ടാണ് ശംഭുലാല്‍ താന്‍ തീ കൊളുത്തുന്നത് മൊബൈലില്‍ ചിത്രീകരിപ്പിച്ചത് എന്നതും ഈ സംഭവത്തിന്റെ പ്രത്യേകതയാണ്.

3. കന്നുകാലി വ്യാപാരികളെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

2016 മാര്‍ച്ച് 17നാണ് കന്നുകാലി കച്ചവടക്കാരായ 32കാരന്‍ മസ്‌ലും അന്‍സാരി, 13 വയസ്സ് മാത്രം പ്രായമുള്ള ഇംതിയാസ് ഖാന്‍ എന്നിവരെ ഒരു മരത്തില്‍ കൊന്ന് കെട്ടിത്തൂക്കിയ വാര്‍ത്ത പുറത്ത് വന്നത്. ജാര്‍ഖഢിലെ ജബറിനും ജേതനുമിടയിലായിരുന്നു സംഭവം.

ഇരുവരും വില്‍പനക്കായി വാങ്ങിയ കന്നുകാലികളുമായി ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഇവരെ തടഞ്ഞ് ഇരുവരെയും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. പണവും പശുക്കളെയും കവര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നു ആക്രമണമെന്നാണ് പൊലിസ് അറിയിച്ചത്. എന്നാല്‍ പ്രതികളില്‍ ഒരാള്‍ ഭാരതീയ ഗോ ക്രാന്തി മഞ്ചിലെ പ്രവര്‍ത്തകനായിരുന്നുവെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

4. കത്‌വയിലെ എട്ടു വയസ്സുകാരിയുടെ കൊലപാതകം

2018 ജനുവരിയിലായിരുന്നു ലോകത്തിന് മുന്‍പില്‍ ഇന്ത്യ നാണം കെട്ട ആ സംഭവം അരങ്ങേറിയത്. ജമ്മു കശ്മീരിലെ കത്‌വ താഴ്‌വരയില്‍ താമസിക്കുന്ന ആസിഫയെന്ന എട്ടു വയസ്സുകാരിയെ ഒരു സംഘം ഹിന്ദു തീവ്രവാദികള്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ബകര്‍വാള്‍ എന്ന മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ആസിഫയെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

സംഭവത്തിന്റെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് രണ്ട് പൊലിസ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് തീവ്രവലതുപക്ഷ ഹിന്ദു സംഘടനയായ ‘ഹിന്ദു ഏക്ത’ രംഗത്തു വന്നിരുന്നു. ഈ പ്രക്ഷോഭത്തില്‍ രണ്ട് ബി.ജെ.പി മന്ത്രിമാരും പങ്കെടുത്തിരുന്നു. കേസ് ഏറ്റെടുത്ത അഭിഭാഷക ദീപിക രജാവതിന് നേരെയും വധ ഭീഷണിയുയര്‍ന്നു. രാജ്യവ്യാപകമായി നടന്ന ശക്തമായ പ്രതിഷേധങ്ങള്‍ക്കും ദു:ഖാചരണത്തിനും ശേഷം പ്രധാനമന്ത്രി സംഭവത്തെ അപലപിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു.

5. കൊലപാതക പ്രതികളായ ഗോരക്ഷാ ഗുണ്ടകള്‍ക്ക് ഹാരാര്‍പ്പണം നടത്തി മന്ത്രി

 

2017 ജൂണ്‍ 29നാണ് ജാര്‍ഖണ്ഡിലെ രാംഖറില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് അലീമുദ്ദീന്‍ അലിയാസ് അന്‍സാരിയെ ഗോരക്ഷ ഗുണ്ടകള്‍ ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തിയത്. പ്രതികളില്‍ എട്ടു പേരും ബജ്‌റംഗ്ദള്‍,ബി.ജെ.പി പ്രവര്‍ത്തകരായിരുന്നു. അന്‍സാരിയുടെ വാനും സംഘം കത്തിച്ചു. എട്ടു പേര്‍ക്കും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രതികളെ ബി.ജെ.പി കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ മാലയിട്ട് സ്വീകരിക്കുകയും അദ്ദേഹത്തിന്റെ വീട്ടില്‍ വിരുന്ന് നടത്തുകയും ചെയ്തു.

6. ബി.ജെ.പി എം.പി പാര്‍ട്ടി എം.എല്‍.എയെ ഷൂ കൊണ്ട് മര്‍ദിച്ചു

ഈ വര്‍ഷം മാര്‍ച്ച് മാസത്തിലായിരുന്നു യു.പിയിലെ സന്ദ് കബീര്‍ നഗറില്‍ ആസൂത്രണ കമ്മിറ്റി യോഗത്തില്‍ വെച്ച് ബി.ജെ.പി എം.പി ശരത് ത്രിപാഠി തന്റെ പാര്‍ട്ടിയിലെ തന്നെ എം.എല്‍.എയെ ഷൂ ഊരി അടിച്ചത്. റോഡിന്റെ ഉദ്ഘാടന ചടങ്ങിലെ ശിലാസ്ഥാപന ചടങ്ങിലെ ബോര്‍ഡില്‍ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു മര്‍ദനം. പി.ഡബ്ല്യു.ഡി എന്‍ജീനിയറോട് യോഗത്തില്‍ ത്രിപാഠി ഇതു സംബന്ധിച്ച് വിശദീകരണം ചോദിച്ചപ്പോള്‍ അതിന്റെ മറുപടി ഞാന്‍ പറയാം ഞാനാണ് ബോര്‍ഡ് വെച്ചത് എന്ന് പറഞ്ഞ് രാഖേഷ് ബാഗല്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് എം.പി എം.എല്‍.എയെ ഷൂ ഊരി മുഖത്തടിക്കുകയും ഇരുവരും തമ്മില്‍ അടിപിടി കൂടുകയും ചെയ്തു. എം.എല്‍.എ തിരിച്ച് മുഖത്തടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. തുടര്‍ന്ന് മോദി ചൗകിദാര്‍ ക്യാംപയിന്‍ ആരംഭിച്ചപ്പോള്‍ ശരത് ത്രിപാഠിയും ക്യാംപയിന്‍ ഏറ്റു പിടിച്ച് ചൗകിദാര്‍ ശരത് ത്രിപാഠി എന്നാക്കി മാറ്റുകയും ചെയ്തു.

2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം  ഇന്ത്യയിലുടനീളം ഇത്തരത്തിലുള്ള 140 ഓളം വംശീയ-വിദ്വേശ അതിക്രമങ്ങള്‍ അരങ്ങേറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 41 സംഭവങ്ങളിലും ആളുകള്‍ കൊല്ലപ്പെടുകയുണ്ടായി.

എഴുത്ത്: റിഭു
അവലംബം: the wire.in
വിവര്‍ത്തനം: സഹീര്‍ അഹ്മദ്‌

Related Articles