Current Date

Search
Close this search box.
Search
Close this search box.

മുബാറക് തിരിച്ചെത്തി ; ബിന്‍ അലിയുടെ മടക്കം എപ്പോള്‍?

 

ഈജിപ്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ കേവലം നമസ്‌കരിക്കുന്നവരെ വധിക്കുകയും ഇസ്‌ലാമിക ചാനലുകളെ അടച്ചുപൂട്ടുകയും ചെയ്യുന്ന അതിക്രമകാരികളായ സൈനികരുടെ കേവല അട്ടിമറി മാത്രമല്ല. മറിച്ച്, സ്ഥാനഭ്രഷ്ഠനാക്കപ്പെട്ട മുന്‍ സേഛ്വാധിപതി ഹുസ്‌നി മുബാറക്കിന്റെ യുഗത്തിലേക്കുള്ള തിരിച്ചു പോക്കാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പക്ഷേ, അതിലും നീചമായ അവസ്ഥയിലേക്കായിരിക്കാം ഈജിപ്ത് പോയിക്കൊണ്ടിരിക്കുന്നത്.

സേഛ്വാധിപതിയായ മുബാറക്കിനും പിന്നണിയാളുകള്‍ക്കുമെതിരെ വിപ്ലവത്തിനിറങ്ങിയ ഈജിപ്തിലേക്ക് മുബാറക്കിന്റെ രാഷ്ട്രം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുകയാണ്. കപടമതേതര വാദികളായ പ്രതിപക്ഷത്തിനോ മാധ്യമത്തമ്പ്രാക്കന്മാര്‍ക്കോ ഇതില്‍ ഒരു പ്രതിഷേധവുമില്ല എന്നത് ശ്രദ്ദേയമാണ്. വിപ്ലവാനന്തരം നടന്ന സ്വതന്ത്രമായ ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഇസ്‌ലാമിസ്റ്റുകളെ അട്ടിമറിച്ചുകൊണ്ടാണ് സൈന്യം അധികാരത്തിലേറിയത്. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്താന്‍ സാധിക്കാത്തവര്‍ പുരോഗമന രാഷ്ട്രങ്ങളില്‍ നടക്കുന്നതുപോലെ തോക്കിന്‍ കുഴലിലൂടെ അധികാരത്തിലെത്തുകയാണ് ചെയ്തത്!

പ്രസിഡന്റ് മുഹമ്മദ് മുര്‍സി അധികാരത്തിലേറിയതു മുതല്‍ പ്രക്ഷോഭങ്ങളുമായി മുര്‍സിക്കെതിരെ തെരുവില്‍ ഒത്തുകൂടിയ എല്ലാ പ്രതിപക്ഷ കക്ഷികളെയും ചേര്‍ത്താണ് സൈന്യം പുതിയ ഗവണ്‍മെന്റ് രൂപവല്‍കരിച്ചിട്ടുള്ളത്. ആവിഷ്‌കാര സ്വാതന്ത്രത്തിന്റെയും ജനാധിപത്യ തത്വങ്ങളുടെയും പേരില്‍ തെരുവില്‍ ഒത്തുകൂടിയവരെ മുര്‍സി നിരവധി തവണ ചര്‍ച്ചക്ക് വിളിച്ചെങ്കിലും അവര്‍ എല്ലാം നിരാകരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് പന്ത് അവരുടെ കളത്തിലെത്തിയപ്പോള്‍ പ്രതിപക്ഷ സ്വരങ്ങളെ ബലപ്രയോഗത്തിലൂടെയും കൊലപ്പെടുത്തിയുമാണ് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. തഹ്‌രീര്‍ സ്‌ക്വയറില്‍ ഒത്തുകൂടിയ നൂറിലധികം വരുന്ന പ്രതിഷേധക്കാര്‍ക്കഭിമുഖമായി കഴിഞ്ഞ ഒരു വര്‍ഷത്തോളം കാമറ പിടിച്ചിരുന്ന മുബാറക്ക് ഭക്തന്മാരായ ചാനലുകള്‍ ഇപ്പോള്‍ ഭരണത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുന്ന പതിനായിരങ്ങളുടെ പ്രതിഷേധങ്ങള്‍ക്കുനേരെ കണ്ണയക്കുന്നില്ല എന്ന വിരോധാഭാസമാണ് അരങ്ങേറുന്നത്.

സ്ഥാനഭ്രഷ്ഠരാക്കപ്പെട്ട മുബാറക്ക് അനുയായികളെ രാഷ്ട്രഭരണത്തിന്റെ സുപ്രധാന തലങ്ങളിലെല്ലാം ഊര്‍ജിതമായി നിയമിച്ചുകൊണ്ടിരിക്കുകയാണ്. സിവില്‍ രാഷ്ട്രീയത്തിന്റെ വക്താക്കളെന്നവകാശപ്പെട്ടിരുന്ന ബറാദഗിയടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഇന്ന് സൈനിക ഭരണത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കായി അവരോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇതില്‍ നിന്നും അവരുടെ ലക്ഷ്യവും അജണ്ടയും എന്തായിരുന്നുവെന്ന് എളുപ്പത്തില്‍ വായിച്ചെടുക്കാന്‍ കഴിയുന്നതാണ്.

ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ പതനം ഇനി തുനീഷ്യയിലും ലിബിയയിലും യമനിലും ആവര്‍ത്തിക്കാനിരിക്കുന്നു. അമേരിക്കയും പശ്ചാത്യരും അതിനുള്ള ഗൂഢാലോചനകളിലേര്‍പ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. ജനാധിപത്യത്തിന്റെ മൊത്തം കുത്തക അവകാശപ്പെടുന്ന പശ്ചാത്യര്‍ ഈ സൈനിക അട്ടിമറിയെ അട്ടിമറി എന്നു വിശേഷിപ്പിക്കാന്‍ പോലും മടിച്ചുകൊണ്ട് സൈനിക ഗവണ്‍മെന്റിന് എല്ലാ പിന്തുണയും നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നുള്ള അഞ്ചു മന്ത്രിമാരെ ആദ്യം ഭരണത്തില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് അവരുടെ എണ്ണം ഒമ്പതാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നുവെങ്കില്‍ ഇസ്‌ലാമികാഭിമുഖ്യമുള്ള ഒരാളെ പോലും പുതിയ മന്ത്രിസഭയില്‍ നമുക്ക് കാണാന്‍ കഴിയില്ല.

നിയമാനുസൃതമായ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറിയ ഗൂഢാലോചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. താമസിയാതെ ഈജിപ്ഷ്യര്‍ക്കും ലോകത്തെ ജനാധിപത്യ വിശ്വാസികള്‍ക്കും തങ്ങളുടെ സ്വാതന്ത്ര്യം അപഹരിച്ചെടുത്ത് രാഷ്ട്രത്തെ കൂടുതല്‍ അധോഗതിയിലേക്കും ദാരിദ്ര്യത്തിലേക്കും നയിച്ച ശക്തികളെ തിരിച്ചറിയാനും തെരുവില്‍ കോമാളി വേഷം കെട്ടിയവര്‍ വിപ്ലവകാരികളോ അതോ ചതിയന്മാരോ എന്നു തിരിച്ചറിയാനും സാധിക്കും തീര്‍ച്ച!

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles