Current Date

Search
Close this search box.
Search
Close this search box.

ഗസയിലെ ഫലസ്തീൻ വിമോചനപോരാട്ടങ്ങൾ

ഉപരോധിത ഗസയിലെ എന്റെ 35 വർഷത്തെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ 2011 ലെ അറബ് വസന്തത്തിന്റെ ഓർമ്മകൾ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നായാണ് അനുഭവപ്പെടാറുള്ളത്. ലോകത്തെ നടുക്കിയ സംഭവങ്ങൾ നടന്ന് 10 വർഷങ്ങൾ പിന്നിട്ടിട്ടും അതിനുശേഷം നിരവധി ദുഃഖങ്ങളും നിരാശകളും ഉണ്ടായിട്ടുണ്ടെങ്കിലും, അറബ് വിപ്ലവങ്ങളെ അവയുടെ മഹത്വത്തിലും ചൈതന്യത്തിലും പ്രത്യാശയിലും ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്.

2010 ഡിസംബർ അവസാനത്തിൽ ടുണീഷ്യയിൽ ആദ്യത്തെ പ്രതിഷേധത്തിന് തുടക്കമായപ്പോൾ ടുണീഷ്യൻ രാഷ്ട്രീയത്തെക്കുറിച്ച് പരിമിതമായ അറിവുള്ള പല അറബികളെയും പോലെ ഞാനും കൂടുതൽ ഗൗനിച്ചിരുന്നില്ല.എന്നാൽ പ്രതിഷേധ പ്രസ്ഥാനം വളർന്ന് സൈനുൽ അബിദിൻ ബിൻ അലിയുടെ ഭരണത്തെ ഇളക്കിമറിച്ചപ്പോഴാണ് ഞാൻ ഇതിനെ കുറിച്ച് മനസിലാക്കാനും ശ്രദ്ധിക്കാനും തുടങ്ങിയത്.

2011 ജനുവരി 14 ന് ബിൻ അലിയുടെ ‘രക്ഷപ്പെടൽ’ വാർത്ത ഞങ്ങളെ അത്ഭുതപ്പെടുത്തി. ഭരണകൂട ഭീകരതയെ ചെറുക്കാനും ആക്രമവും ഭീതിയും മുഖമുദ്രയാക്കിയ ഒരു സ്വേച്ഛാധിപത്യ പ്രസിഡന്റിനെ പുറത്താക്കാനും വേണ്ടിയുള്ള ഒരു അറബ് രാഷ്ട്രത്തിന്റെ സമഗ്രമായ ഒത്തുചേരലും അവർ ഭയത്തെ പരാജയപ്പെടുത്തിയതും സമാനമായ അടിച്ചമർത്തൽ സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന അറബികളായ ഞങ്ങൾക്കെല്ലാം പ്രചോദനമാവുകയായിരുന്നു.

താമസിയാതെതന്നെ ഈ ടുണീഷ്യൻ ജ്വാല ഈജിപ്തിൽ വലിയ വിപ്ലവ വിസ്ഫോടനങ്ങൾക്ക് വഴിയൊരുക്കി.ജനുവരി 25 ന് ആയിരക്കണക്കിന് ആളുകൾ തഹ്‌രിർ സ്‌ക്വയറിൽ തടിച്ചുകൂടി പോലീസിന്റെ ക്രൂരതയെ അപലപിക്കുകയും പ്രസിഡന്റ് ഹൊസ്‌നി മുബാറക്കിന്റെ രാജിക്കായി ആഹ്വാനം ചെയ്യുകയും ചെയ്തു.ഇതെല്ലാം ഫലസ്തീനികളായ ഞങ്ങളെ പുളകിതരാക്കിയിരുന്നു.

ഈജിപ്തിന് ഞങ്ങൾക്കിടയിൽ ഒരു പ്രത്യേക പ്രാധാന്യമുണ്ട്. ഗാസയിൽ താമസിക്കുന്ന പലസ്തീൻകാർക്ക് പുറം ലോകത്തേക്കുള്ള ഒരു കവാടമെന്നതിലുപരി, ചരിത്രപരമായി പലസ്തീനിന്റെ അവകാശങ്ങൾ ഉറപ്പുനൽകുന്ന ഒരു ജാമ്യക്കാരൻ കൂടിയായിരുന്നു ഈജിപ്ത്.അറബ് ലോകത്തെ നേതൃത്വം കാരണം ഈജിപ്തിലേക്ക് നാം വിധിക്കപ്പെട്ടിരിക്കുന്നുവെന്നും അതിന്റെ ബലഹീനത ഞങ്ങളുടെ ബലഹീനതയാണെന്നും അതിന്റെ ശക്തി ഞങ്ങളുടെ കൂടി ശക്തിയാണെന്നുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

ഇസ്രായേലിന്റെ ഫലസ്തീനികളോടുള്ള അധിക്ഷേപങ്ങളും ആക്രമണവും വർധിച്ചു വരുന്നതിൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായുള്ള ഈജിപ്തിന്റെ ദുർബലവും ജനാധിപത്യവിരുദ്ധമായ നീക്കങ്ങൾക്ക് വലിയ പങ്കുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

അതിനാൽ, ഈജിപ്തിലെ പ്രതിഷേധം ശക്തമായപ്പോൾ അത് ഞങ്ങളുടെ വീട്ടുമുറ്റത്തെത്തിയ പ്രതീതിയായിരുന്നു.ഇവ മറ്റേതെങ്കിലും രാജ്യത്തിലെ സംഭവങ്ങളല്ല, മറിച്ച് നമ്മുടെ സ്വന്തം സംഭവങ്ങളാണെന്ന് ഞങ്ങൾക്ക് തോന്നി.ജനുവരി 25 നും ഫെബ്രുവരി 11 നുമിടയിൽ,ഈജിപ്തിൽ പുതിയതായി എന്താണ് സംഭവിക്കുന്നതെന്നറിയാൻ വേണ്ടി പ്രാദേശിക വാർത്തകൾ ഗൗനിക്കാതെ സോഷ്യൽ മീഡിയയിലും അൽ ജസീറയിലും ശ്രദ്ധ തിരിച്ച ദശലക്ഷക്കണക്കിന് അറബികളിൽ ഒരാളായി ഞാനും മാറിയിരുന്നു.

തഹ്‌രിർ സ്‌ക്വയറിലെ പ്രതിഷേധക്കാരുടെ എണ്ണം കൂടുന്നതും ആൽക്കൂട്ടത്തിന്റെ ശബ്ദഘോഷങ്ങൾ ഉച്ചത്തിലാകുന്നതും കാണുമ്പോഴെല്ലാം എന്റെ ഹൃദയം സന്തോഷപുളകിതനാവുകയും പ്രകടനക്കാരുടെ എണ്ണം കുറയുന്നത് കാണുമ്പോഴെല്ലാം ഞാൻ ശ്വാസം അടക്കിപ്പിടിക്കുകയുമായിരുന്നു.

ഈജിപ്തിലെ ജനങ്ങൾ വിജയികളാകണമെന്നും അവരുടെ രാജ്യം മോചിപ്പിക്കപ്പെടണമെന്നും ഒരു പുതിയ ഗവൺമെന്റ് വരികയും ജനങ്ങളുടെ ഇഷ്ടത്തിന് വിധേയമായിരിക്കണമെന്നും സ്വാതന്ത്ര്യത്തിനും നീതിക്കുമുള്ള ഫലസ്തീനുകാരായ ഞങ്ങളുടെ പോരാട്ടത്തിനു പിന്തുണയ്ക്കാൻ തയ്യാറാകണമെന്നും ഞാൻ പ്രാർത്ഥിക്കുമായിരുന്നു.

2011 ഫെബ്രുവരി 11 എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൊന്നാണ്.മുബാറക് സ്ഥാനമൊഴിഞ്ഞതായി കാണിക്കുന്ന വാർത്തകൾ അറിഞ്ഞപ്പോൾ ഞാൻ സുഹൃത്തുക്കളോടൊപ്പം സന്തോഷത്തോടെ തുള്ളിച്ചാടുകയും തെരുവുകളിൽ വിതരണം ചെയ്യാൻ മധുരപലഹാരങ്ങൾ വാങ്ങാൻ കടയിലേക്ക് ധൃതിയോടെ പോവുകയും ചെയ്തു.

ആ ദിനങ്ങളിലെ ഗാസയിലെ ആഘോഷങ്ങൾ പെരുന്നാളിനേക്കാൾ പ്രൗഢമായിരുന്നു.മുപ്പതുവർഷത്തെ സ്വേച്ഛാധിപത്യ ഭരണവും അഴിമതിയും ഈജിപ്തിൽ അവസാനിച്ചതിൽ ഈജിപ്ഷ്യൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആഘോഷമുഘരിതമാക്കി. അവരുടെ സ്വേച്ഛാധിപതിയും റാഫ അതിർത്തി അടച്ച് ഗാസയിൽ ഉപരോധം നടത്താൻ ഇസ്രായേലിനെ സഹായിച്ച ഞങ്ങളുടെ മർദ്ധകനും നിലം പതിക്കുന്ന രംഗങ്ങൾ ഞങ്ങൾ ആവേശത്തോടെ ആസ്വദിച്ചു.

തുടർന്നുള്ള ആഴ്ചകളിൽ ലിബിയ, ബഹ്‌റൈൻ, യെമൻ, സിറിയ എന്നിവിടങ്ങളിൽ വിപ്ലവങ്ങൾ പൊട്ടിപ്പുറപ്പെട്ടു.“ഭരണകൂടത്തിന്റെ പതനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്!”എന്ന വിപ്ലവമുദ്രാവാക്യം അറബ് ലോകത്താകമാനം പ്രതിധ്വനിച്ചു. സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുന്ന അറബ് തെരുവുകളിൽ പലസ്തീൻ പതാക ഒരു പതിവ് സവിശേഷതയായിരിക്കും.ഈ അറബ് വിപ്ലവങ്ങൾ അറബികളുടെ ഹൃദയത്തിൽ ഐക്യത്തിന്റെ വികാരം ഉണർത്തുകയായിരുന്നു. സൈക്ക്സ്-പിക്കോട്ട് കരാർ വഴി അറബികൾക്കിടയിൽ മതിലുകൾ കെട്ടിപ്പടുക്കുകയും ഞങ്ങളെ രാഷ്ട്രീയമായി ഭിന്നിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ അറബ് വസന്തത്തിന്റെ വിപ്ലവകരമായ മുന്നേറ്റങ്ങൾ അവരെ അനൽപമായി ഭീതിപ്പെടുത്തിയിട്ടുണ്ട്.

ഈ വിപ്ലവകാറ്റ് പലസ്തീനിലും വീശിയടിച്ചു.ഇസ്രായേലി അധിനിവേശക്കാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടർച്ചക്ക് ഫലസ്തീനികളായ യുവാക്കളിൽ ഇത്‌ നവോന്മേഷം നൽകുകയുണ്ടായി.

മുബാറക്കിന്റെ പതനത്തിന് തൊട്ടുപിന്നാലെ,ഞാൻ ഒരു കൂട്ടം സുഹൃത്തുക്കളുമായി സംസാരിച്ചു. “മറ്റ് അറബ് ജനതകളെപ്പോലെ തന്നെ അട്ടിമറിക്കാൻ നമുക്ക് ഒരു ഭരണസംവിധാനമില്ല.എന്നാൽ അതിലുപരിയായ ഒരു വലിയ പ്രശ്നമുണ്ട്.നമ്മുടെ സ്വന്തം നാട്ടിൽ നാം അഭയാർഥികളായിരിക്കുകയാണ്.നമ്മുടെ വീടുകളിലേക്ക് മടങ്ങാനാണ് നാം ആഗ്രഹിക്കുന്നത്.അതിനാൽ, ‘ജനങ്ങൾ പലസ്തീനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു’ എന്ന ആവശ്യമുന്നയിക്കാമെന്ന് ഞങ്ങൾ കൂട്ടത്തോടെ പറഞ്ഞു.

2011 ഫെബ്രുവരി 24 ന് അറബി ഓൺലൈൻ പത്രമായ എലാഫിൽ(Elaph) “15-5-2011: ഫലസ്തീൻ ചരിത്ര മാർച്ചിന്റെ തീയതി”എന്ന പേരിൽ എന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു.
പലസ്തീൻ അഭയാർഥികൾക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനുള്ള അവകാശം ആവശ്യപ്പെട്ട് സമാധാനപരമായ പ്രതിഷേധത്തിനുള്ള അവസരമായി പലസ്തീൻ ദുരന്തമായ നക്ബയെ അടയാളപ്പെടുത്തുന്ന ദിവസം ഞാൻ ഈ ഭാഗത്തിൽ നിർദ്ദേശിച്ചു.

“സ്വപ്നങ്ങളെ പിന്തുടരാനും സ്വപ്നങ്ങളുടെ സാക്ഷാൽകാരത്തിന് വേണ്ടി ശ്രമിക്കാനും പ്രേരിപ്പിക്കുന്ന ആഗ്രഹങ്ങൾ അതിവേഗം യാഥാർത്ഥ്യങ്ങളിലേക്ക് മാറുന്ന ഒരു കാലഘട്ടത്തിലാണ് നാമുള്ളത്. ജനങ്ങളുടെ അഭിനിവേശം എല്ലാ വെല്ലുവിളികളേക്കാളും ശക്തമാണെന്നും വിശ്വാസവും സ്ഥിരോത്സാഹവും ഉള്ളപ്പോൾ ഒന്നും അസാധ്യമല്ലെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നതിനാൽ, ഈ ആശയം സ്വീകരിച്ച് അതിന്റെ സാക്ഷാത്കാരത്തിലേക്ക് നയിക്കുന്ന ആളുകളെ വേഗത്തിൽ കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ”എന്ന് ഞാൻ ആ ലേഖനത്തിലെഴുതി.

ലേഖനത്തോടുള്ള പ്രതികരണം എന്റെ പ്രതീക്ഷകളേക്കാൾ വലുതായിരുന്നു.ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ, ലെബനൻ,സിറിയ,ജോർദാൻ,1948ലെ അധിനിവേശ പലസ്തീൻ എന്നിവിടങ്ങളിലെ പലസ്തീൻ അഭയാർഥികളുടെ സംഘങ്ങൾ ഈ ആഹ്വാനം സ്വീകരിച്ച് മെയ് 15 ന് ഒരു പ്രകടനം നടത്താൻ അണിനിരന്നു.

കൃത്യമായ സമയമെത്തിയപ്പോൾ പതിനായിരക്കണക്കിന് അഭയാർഥികൾ ലെബനൻ,സിറിയ,ജോർദാൻ,വെസ്റ്റ് ബാങ്ക്, ഗാസാ സ്ട്രിപ്പ് എന്നിവിടങ്ങളിലെ പലസ്തീന്റെ അതിർത്തിയോട് ഏറ്റവും അടുത്തുള്ള സ്ഥലത്ത് തടിച്ചുകൂടാൻ തുടങ്ങി.ഇത് അഭൂതപൂർവമായ സംഭവവും പ്രതീകാത്മകമായ നേട്ടവുമായിരുന്നു.

ഇസ്രായേൽ സൈന്യം അക്രമാസക്തമായാണ് ഇതിനോട് പ്രതികരിച്ചത്.ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയും നിരവധി പ്രതിഷേധക്കാരെ കൊലപ്പെടുത്തുകയും പരിക്കേൽപിക്കുകയും ചെയ്തു. അറബ് വസന്തത്തിന്റെ ബഹിസ്ഫുരണങ്ങൾ പലസ്തീൻ പ്രദേശങ്ങളിൽ എത്തിയിട്ടുണ്ടെന്ന് ആ ദിനങ്ങളിൽ ഇസ്രായേലിന് ബോധ്യപ്പെട്ടു.പലസ്തീൻ അധിനിവേശത്തിലും കോളനിവൽക്കരണത്തിലും അറബ് ജനതക്ക് ശക്തമായ എതിർപ്പുണ്ടെന്ന് അവർക്കറിയാമായിരുന്നു.അറബ് ലോകത്തിന്റെ ഈ ഉയർത്തിയെഴുന്നേൽപ്പ് സ്വാഭാവികമായും അവിടെയുള്ള കൊളോണിയൽ ആസൂത്രണങ്ങൾക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്ന് അവർ തിരിച്ചറിഞ്ഞു.

എന്നാൽ, ഞങ്ങളുടെ ഈ സന്തോഷനിമിഷങ്ങളുടെയും സ്വാതന്ത്ര്യബോധത്തിന്റെയും ആയുസ്സ് ഹ്രസ്വകാലം മാത്രമായിരുന്നു.അറബ് വിപ്ലവങ്ങൾ ഭരണകൂടങ്ങളെ ശിരഛേദം ചെയ്യുകയായിരുന്നുവെങ്കിലും അതിന്റെ വ്യത്യസ്തമായ സ്വാധീനങ്ങൾ ആ പ്രദേശങ്ങളിൽ അവശേഷിച്ചിരുന്നു.

ഭരണകൂടങ്ങളുടെ ശേഷിപ്പുകൾ ബാഹ്യ വിപ്ലവ ശക്തികളുമായി കൈകോർക്കുകയും അറബ് വസന്ത പ്രതിഷേധത്തിന്റെ സമാധാനപരവും ജനാധിപത്യപരവുമായ നീക്കത്തെ ആസൂത്രിതമായി ദുർബലപ്പെടുത്താൻ തുടങ്ങുകയും ചെയ്തു.സിറിയ,ലിബിയ,യെമൻ എന്നിവിടങ്ങളിൽ പ്രാദേശിക വർഗ്ഗീയ,ഗോത്ര വിഭാഗങ്ങളെ ഉപയോഗിച്ച് സമൂഹത്തിലുടനീളമുള്ള പ്രതിഷേധ കൂട്ടുകെട്ടുകൾ നശിപ്പിക്കാനും ഈ രാജ്യങ്ങളെ രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധങ്ങളിൽ മുക്കിക്കളയാനും ഈ ശക്തികൾക്ക് കഴിഞ്ഞു.

ഈജിപ്തിൽ, ബാഹ്യശക്തികളുടെ പിന്തുണയോടെ സൈന്യം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെയുള്ള അട്ടിമറിക്ക് നേതൃത്വം നൽകി.ഇത് ഈ മേഖലയിലുടനീളമുള്ള വിപ്ലവ ചൈതന്യം തടയാനും പുതിയ അറബ് അസ്തിത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കാനും കാരണമായി.

വിപ്ലവങ്ങളും വിപ്ലവകാരികളും തടവിലാക്കപ്പെടുകയും നിരന്തരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തതോടെ ഞങ്ങളുടെ നിരാശ അതേപടി തന്നെ തുടർന്നു. അതേസമയം,അറബ് വസന്തത്തിന്റെ പരാജയത്തിലും ബന്ധം സാധാരണ നിലയിലാക്കുന്നതിൽ അറബ് ഭരണകൂടങ്ങളിൽ നിന്നുള്ള പുതിയ താൽപ്പര്യത്തിലും ഇസ്രായേൽ മുന്നേറുകയായിരുന്നു. തങ്ങൾ നേരിടുന്ന നിയമസാധുത പ്രതിസന്ധികൾക്കിടയിൽ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേലി പിന്തുണ ആവശ്യമാണെന്ന് അറബ് സ്വേച്ഛാധിപതികൾക്ക് തോന്നി.

പലസ്തീനിൽ ഞങ്ങൾക്ക് ധാർമികവും ശാരീരികവുമായ വലിയ പ്രയാസങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നു. ജനറൽ അബ്ദുൽ ഫത്താഹ് എൽസിസി ഈജിപ്തിൽ അധികാരമേറ്റയുടനെ ഗാസ-ഈജിപ്ഷ്യൻ അതിർത്തിയിലെ എല്ലാ തുരങ്കങ്ങളും നശിപ്പിക്കാൻ അദ്ദേഹം ഉത്തരവിട്ടു. ഗാസയിലെ പലസ്തീനികൾക്ക് ഭക്ഷണം,നിർമാണ സാമഗ്രികൾ, മറ്റ് ആവശ്യവസ്തുക്കൾ എന്നിവ കൊണ്ടുവന്നിരുന്ന സുപ്രധാന ചാനലുകളായിരുന്നു ഇസ്രായേൽ തങ്ങളുടെ ഉപരോധത്തിലൂടെ നിരോധിച്ചത്.തുടർന്ന്,ഇസ്രായേൽ ഗാസയിൽ നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെ രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ട ക്രൂരമായ ആക്രമങ്ങൾ നടത്തുകയുണ്ടായി.

തൽഫലമായി, ഗാസയിലെ മാനുഷിക സാഹചര്യം വളരെ വേഗത്തിൽ വഷളാകാൻ തുടങ്ങി. സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ വക്കിലായിരുന്നു.വൈദ്യുതി, മലിനജലം, കുടിവെള്ളം തുടങ്ങിയ സേവനങ്ങൾ കൂടുതലും ഇല്ലാതായി.ഇതിന്റെ പ്രതിഫലമെന്നോണം 2020 ആകുമ്പോഴേക്കും ഈ പ്രദേശം “വാസയോഗ്യമല്ലാതാകാം” എന്ന തരത്തിൽ വരെ 2015 ൽ യുഎൻ ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.

ഗാസയിൽ കോപവും നിരാശയും ശക്തമായി വളരുകയും 2018 ഓടെ ഇത് പൊട്ടിത്തെറിക്കുകയും ചെയ്യുകയായിരുന്നു.ആ വർഷമാണ് ശ്വാസംമുട്ടലിനും അനാഥത്വത്തിനും ഇടയിൽ, മടക്കയാത്രയ്ക്കുള്ള ഞങ്ങളുടെ ആഹ്വാനം പുനരുജ്ജീവിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചത്.ഇസ്രായേൽ ഉപരോധവും അധിനിവേശവും ക്രൂരമായി ഞങ്ങളെ വേട്ടയാടുമ്പോഴും ഫലസ്തീനികൾ അവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം ഉപേക്ഷിക്കാൻ പോകുന്നില്ല എന്ന സന്ദേശം ഞങ്ങൾ ലോകത്തിനു മുന്നിൽ ധൈര്യപൂർവ്വം വിളിച്ചുപറഞ്ഞു.അറബ് സ്വപ്നം ഇപ്പോഴും സജീവമാണെന്ന പ്രഖ്യാപനമായിരുന്നു അത്.

പലസ്തീനിലെ ഈ വിപ്ലവജ്വാല മങ്ങിത്തുടങ്ങിയതിനു തൊട്ടുപിന്നാലെ മാസങ്ങൾക്കുശേഷം അത് സുഡാനിൽ ആളിക്കത്താൻ തുടങ്ങി.സുഡാൻ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളുടെ ദുരിതത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങളാരംഭിച്ചു. താമസിയാതെ തന്നെ അൾജീരിയയിലും ഈ വിപ്ലവകാറ്റ് ആഞ്ഞടിച്ചു. 2019ൽ വസന്തത്തിന്റെ അവസാത്തോടെ രണ്ട് അറബ് സ്വേച്ഛാധിപതികൾ കൂടി അട്ടിമറിക്കപ്പെടുകയായിരുന്നു.തുടർന്ന് ഇറാഖികൾക്കും ലെബനികൾക്കും ഈ വിപ്ലവപ്പന്തം ആത്മാഭിമാനത്തോടെ കൈമാറുകയും ചെയ്തു.

അറബ് വസന്തത്തിന്റെ “രണ്ടാം തരംഗം” എന്ന് വിളിക്കപ്പെടുന്ന പുതിയ വിപ്ലവങ്ങൾ അനവധി മരണത്തിനും നാശത്തിനും നിരാശയ്ക്കും കാരണമായിട്ടുണ്ട്. അപഹരിക്കപ്പെട്ട തങ്ങളുടെ വിപ്ലവങ്ങൾ അറബ് ജനതക്ക് ഭരണകൂടത്തിന്റെ ഹീനമായ നീക്കങ്ങൾക്കെതിരെ പോരാടാൻ കൂടുതൽ ഊർജ്ജം നൽകുകയാണ്. തങ്ങളുടെ പരാജയകാരണങ്ങൾ തിരിച്ചറിഞ്ഞ് അവയിൽ നിന്നും പാഠമുൾക്കൊണ്ട് ഭരണകൂടങ്ങളെ പരാചയപ്പെടുത്താൻ അവർ ശ്രമിക്കുന്നുണ്ട്.

അറബ് വസന്തകാലത്ത് ജീവിച്ച ആളുകൾക്ക്,അത് ഒരുപക്ഷെ ആവേശകരമായ ഓർമ്മയും മനോഹരമായ സ്വപ്നവും എന്നതിലുപരി ഒരു അതുല്യമായ അനുഭവസാക്ഷ്യമാണ്. 2011ലെ സംഭവങ്ങൾ അറബ് ലോകത്ത് ചില പുതിയ ഉണർവ്വുകളും പാഠങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇന്ന്, അറബ് തെരുവുകൾ നിശബ്ദമായി കാണപ്പെടാം.പക്ഷേ, അനീതിയുടെ തീക്ഷണതകൾക്കിടയിലും സ്വാതന്ത്ര്യത്തിനായുള്ള നീക്കങ്ങൾ ഇപ്പോഴും അവിടെയുണ്ട്.അറബ് സ്വേച്ഛാധിപതികളെയും അവരുടെ സഖ്യകക്ഷികളെയും വീണ്ടും തകർത്തെറിയാനും തൂത്തുവാരാനുമുള്ള ഒരുക്കത്തിലാണ് അവരെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

വിവ:മുജ്തബ മുഹമ്മദ്‌

Related Articles