Current Date

Search
Close this search box.
Search
Close this search box.

അനീതി തടയാൻ കഴിയുന്നില്ലെങ്കിൽ, അത് പരസ്യമാക്കുക!

2008 ജനവരി 26ന് ആഫ്രിക്കന്‍ നാഷണല്‍ കപ്പില്‍ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ടീം സുഡാനുമായാണ് ഏറ്റുമുട്ടിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഈജിപ്ത് വിജയിക്കുകയും ചെയ്തു. മത്സരത്തില്‍ പ്രശസ്ത ഈജിപ്ഷ്യന്‍ കളിക്കാരന്‍ മുഹമ്മദ് അബു തരീക സുഡാനെതിരെ ഗോള്‍ നേടിയ ശേഷം തന്റെ ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ച്, ഫലസ്ഥീന്‍ ജനതയുടെ കഷ്ടപ്പാടുകളും അധിനിവേശ ജൂതന്മാരാല്‍ അവര്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളും തുറന്നു കാട്ടുന്ന ഒരു സന്ദേശം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. ‘ഗസക്ക് ഐക്യദാര്‍ഢ്യം’ എന്ന് അദ്ദേഹത്തിന്റെ ഷര്‍ട്ടിലും അച്ചടിച്ചിട്ടുണ്ടായിരുന്നു. ഇതിനെതിരെ ഈജിപ്തിലും ആഫ്രിക്കയിലും മാത്രമല്ല ലോകം മുഴുവന്‍ പൊതുജനാഭിപ്രായം ആളിക്കത്തി.

അതേസമയം, ഗാസ പ്രവിശ്യയിലെ അധിനിവേശ പോരാട്ടങ്ങള്‍ക്കെതിരെ ഫലസ്ഥീനിന് പിന്തുണയായി കാണികള്‍ക്ക് നേരെ ‘ഗാസക്ക് ഐക്യദാര്‍ഢ്യം’ എന്ന വാക്യം ഉയര്‍ത്തിപ്പിടിച്ച ഉടനെ അബു തരീക്കക്ക് നേരെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചെന്നും കായിക മത്സരത്തിനിടയില്‍ രാഷ്ട്രീയ മുദ്രാവാക്യം വിളിച്ചുവെന്നും ആരോപിച്ച് റഫറി മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി. CAF(Confederation of African Football) നേരത്തെത്തന്നെ ഇതിന് വിലക്ക് ഏര്‍പ്പെടുത്തിയതായിരുന്നു.

അബു തരീകയുടെ ഈ പ്രതിഷേധം ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഉദ്യോഗസ്ഥരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. മുതിര്‍ന്ന ഈജിപ്ഷ്യന്‍ കായിക ഉദ്യോഗസ്ഥന്‍ മറ്റു ഈജിപ്ഷന്‍ കളിക്കാരോട് അബു തരീകയുടെ പാത പിന്തുടരരുതെന്നും പിന്തുടരുന്ന പക്ഷം കയ്‌റോയിലേക്കുള്ള ആദ്യ വിമാനത്തില്‍ തന്നെ തിരിച്ചയക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ആഫ്രിക്കന്‍ കോണ്‍ഫഡറേഷന്‍(CAF) അബു തരീകിന് സസ്‌പെന്‍ഷനും സാമ്പത്തിക പിഴയും ചുമത്തി. അത് ഈജിപ്ഷ്യന്‍ ജനതയെയും അറബ് ലോകത്തെയും ദോഷകരമായി ബാധിച്ചു. ഉടനെത്തന്നെ അബു തരീകയുടെ നിലപാടിനെ പിന്തുണച്ചും ശിക്ഷയെ അപലപിച്ചും മില്യണ്‍ കണക്കിന് സന്ദേശങ്ങള്‍ കാഫിലേക്ക്(CAF) ഒഴുകിയെത്തി. മത്സരങ്ങളില്‍ പങ്കെടുത്ത മറ്റു രാജ്യങ്ങളിലെ കായിക കാര്യ തലവന്മാര്‍(പ്രത്യേകിച്ചും മൊറോക്കോ, ടുണീഷ്യ, സുഡാന്‍ എന്നീ രാജ്യങ്ങളിലെ) ഈജിപ്ഷ്യന്‍ കളിക്കാരന് പിന്തുണയുമായി രംഗത്ത് വന്നതും ശിക്ഷ ഒഴിവാക്കാന്‍ കാഫിനെ നിര്‍ബന്ധിതരാക്കി. ഇതിനു സമാനമായി 2006ല്‍ ജര്‍മനിയില്‍ നടന്ന ലോകക്കപ്പില്‍ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച ശേഷം സയണിസ്റ്റ് പതാക ഉയര്‍ത്തിപ്പിടിച്ച ഹാപ്പോലിം ക്ലബിലെ പ്രഫഷണല്‍ കളിക്കാരന്‍ ജോണ്‍ ബെന്‍സലിന്റെ തെറ്റായ നടപടി പലരെയും ദേഷ്യപ്പെടുത്തിയെങ്കിലും അതിനെ ചോദ്യം ചെയ്യാനോ ശിക്ഷ നല്‍കാനോ ഫിഫ മുന്നിട്ടിറങ്ങിയിരുന്നില്ല.
പൊതുജനാഭിപ്രായത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ കുരുങ്ങി കാഫ് അബു തരീകയുടെ ശിക്ഷ റഫറിയുടെ മഞ്ഞക്കാര്‍ഡില്‍ മാത്രമായി ചുരുക്കി. ഇനി ഇത്തരം പെരുമാറ്റ രീതികളുമായി കളിക്കളത്തിലേക്ക് വരരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ താന്‍ ചെയ്തതില്‍ ഒട്ടും ഖേദിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് തരീക പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്: ‘2008ല്‍ ‘ഗാസയോട് ഐക്യദാര്‍ഢ്യം’ ഞാന്‍ ഉയര്‍ത്തിപ്പിടിച്ചത് ഒരിക്കലും ആളുകള്‍ കാണാന്‍ വേണ്ടിയോ എന്റെ കപട സ്‌നേഹം കൊണ്ടോ അല്ല. അതിലൂടെ ഒരു പ്രശസ്തിയും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. അതെല്ലാം പരലോകത്ത് പ്രതിഫലം ലഭിക്കാന്‍ വേണ്ടിയാണ് ഞാന്‍ ചെയ്തത്. അതിന് അല്ലാഹു പ്രതിഫലം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്’. മരിക്കുമ്പോള്‍ ഈയൊരു ഷര്‍ട്ടില്‍ തന്നെ എന്നെ മറമാടണമെന്ന് തരീക ശുപാര്‍ശ ചെയ്യുകയുമുണ്ടായി.

മറ്റൊരു സന്ദര്‍ഭത്തില്‍, അഖ്‌സാ പള്ളിക്ക് സമീപം ജൂത അധിനിവേശത്തിന്റെയും അധിവാസത്തിന്റെയും ഫലമെന്നോണം ഫലസ്ഥീന്‍ ജനത അനുഭവിക്കേണ്ടി വരുന്ന കഷ്ടതകളില്‍ തന്റെ ദേഷ്യവും ഖേദവും 2017 ജൂലൈ മാസം അബു തരീക ട്വിറ്ററില്‍ കുറിച്ചു. ഫലസ്ഥീനികളോട് ക്ഷമാശീലരായിരിക്കണമെന്നും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടിട്ടും മൗനം പാലിക്കുന്ന മുസ്‌ലിം സമൂഹത്തിന് മാപ്പ് നല്‍കണമെന്നും പറഞ്ഞ് അദ്ദേഹം എഴുതി: ‘ക്രൂരമായ അധിനിവേശത്തിനെതിരെ നിരായുധരായ ഒരു സമൂഹം പോരാടിക്കൊണ്ടിരിക്കുന്നു. രണ്ട് മില്ല്യണോളം വരുന്ന മുസ്‌ലിം സമൂഹം വെറും കാഴ്ചക്കാരായി നില്‍ക്കുന്നു. എന്റെ പ്രിയ ഫലസ്ഥീനികളെ, ഞങ്ങളോട് ക്ഷമിക്കുവിന്‍. നിയമവിരുദ്ധ അധിനിവേശത്തിനെതിരെ നിങ്ങളുടെ കാല്‍പാദങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാം’.

അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം സമൂഹത്തെ വലയം ചെയ്തിരിക്കുന്ന കടുത്ത അനീതി പരസ്യമായി തന്നെ ലോകം മുഴുവന്‍ കാണുമ്പോഴും അതിനെതിരെ പ്രതികരിക്കാതിരിക്കുന്നത് വലിയ വീഴ്ച തന്നെയാണ്. അത് അക്രമികള്‍ക്ക് അവരുടെ ദുഷ്‌ചെയ്തികളുമായി കൂടുതല്‍ മുന്നോട്ട് പോകാന്‍ സഹായകമാവുകയും ചെയ്യും. തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ മറന്നു കളയുകയും അതിനെത്തൊട്ടെല്ലാം അശ്രദ്ധരായിത്തീരുകയും ചെയ്ത നേതാക്കളെ അവരുടെ അശ്രദ്ധയെക്കുറിച്ച് ബോധവാന്മാരാക്കല്‍ അനിവാര്യമാണ്. അതാണ് തുര്‍ക്കിജര്‍മന്‍ കളിക്കാരനായ മസൂദ് ഓസില്‍ ചെയ്തത്. ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് ചൈന ചെയ്യുന്ന വംശീയ ഉന്മൂലന പ്രവര്‍ത്തികള്‍ക്കെതിരെയായിരുന്നു ഓസില്‍ രംഗത്ത് വന്നത്. ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് ചൈന നടത്തുന്ന ഉപരോധം, വിശ്വസത്തെ തകര്‍ത്തു കളയാനുള്ള അതിക്രമങ്ങള്‍, മസ്തിഷ്‌ക പ്രക്ഷാളനം നടത്താന്‍ വേണ്ടി വിശാലമായ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിക്കല്‍, മറ്റു പല വിഭാഗങ്ങമള്‍ക്കും കുടിയേറാന്‍ അവസരങ്ങള്‍ നല്‍കി ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ ഭൂമിശാസ്ത്രപരമായും വംശീയമായും നടത്തുന്ന ഉന്മൂലന പ്രവര്‍ത്തികള്‍, ഒരു നിലക്കും സ്വയം ഭരണാവകാശം ഇല്ലാതിരുന്നിട്ടും മുസ്‌ലിംകളുടെ ഐഡന്റിറ്റിയെ എടുത്ത് കളയാനുള്ള കമ്മ്യൂണിസ്റ്റ് ചൈനയുടെ കിരാത ശ്രമങ്ങള്‍ തുടങ്ങിയവക്കെതിരെയെല്ലാമായിരുന്നു ഓസില്‍ ശബ്ദമുയര്‍ത്തിയത്.

പ്രശസ്ത എഴുത്തുകാരനായിരുന്ന നജീബ് കീലാനിയാണ് ചൈന അധീനപ്പെടുത്തിയ സിന്‍ജിയാങ്ങ് എന്ന കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ആദ്യമായി പുറത്ത് പറയുന്നത്. നാല്‍പത് വര്‍ഷം മുമ്പ് അദ്ദേഹം എഴുതിയ ‘ലയാലി തുര്‍ക്കിസ്ഥാന്‍'(തുര്‍ക്കിസ്ഥാനിലെ രാത്രികള്‍) എന്ന നോവലില്‍ അദ്ദേഹം അവിടത്തെ മുസ്‌ലിംകള്‍ നേരിട്ട അടിച്ചമര്‍ത്തലുകളെയും പീഢനമുറകളെയും ചിത്രീകരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ കീലാനി അന്ന് പറഞ്ഞ പീഢനങ്ങളും കഷ്ടപ്പാടുകളും വളരെ നിസാരമാണ്. അതാണ് ആഴ്‌സനല്‍ കളിക്കാരന്‍ മസൂദ് ഓസിലും ലോകത്തോട് വിളിച്ചു പറഞ്ഞത്. സ്വേച്ഛാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ സാമ്പത്തികമായും ധാര്‍മ്മികമായും ഉന്മൂലനം ചെയ്യപ്പെടുന്ന ഒരു സമൂഹത്തിന്റെ ദുരന്തപൂര്‍ണ്ണമായ സാഹചര്യത്തിലേക്കാണ് ഓസില്‍ ലോക മനസ്സാക്ഷിയുടെ ശ്രദ്ധ ക്ഷണിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഉയ്ഗൂര്‍ മുസ്‌ലിംകളെക്കുറിച്ച് ‘പീഢനത്തിനെതിരെ പോര്‍വിളി മുഴക്കുന്ന പോരാളികള്‍’ എന്ന് വിശേഷിപ്പിച്ച ഓസില്‍ ചൈനയുടെ അക്രമങ്ങള്‍ക്കെതിരെ നിശബ്ദത പാലിക്കുന്ന മുസ്‌ലിംകളെ വിമര്‍ശിക്കുകയും ചെയ്തു. ‘ഓ കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍…മുസ്‌ലിം ഉമ്മത്തിന്റെ ശരീരത്തില്‍ രക്തം പൊടിയുന്ന മുറിവാണ് നീ. പരാക്രമികള്‍ക്കെതിരെ സധൈര്യം പോരാടുന്ന ധീര യോദ്ധാക്കളാണ് നിന്റെയകം മുഴുവന്‍. ഇസ്‌ലാമില്‍ നിന്ന് ബലമായി പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നവര്‍െക്കതിരെ ഒറ്റയ്ക്ക് പോരാടുന്ന ധീരരാണ് അവര്‍’ എന്നാണ് അവരെക്കുറിച്ച് ഓസില്‍ ട്വീറ്റ് ചെയ്തത്.

ഓസില്‍ തുടര്‍ന്നെഴുതുന്നു;’വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുന്നു. പള്ളികള്‍ അടച്ചിട്ടിരിക്കുന്നു. ഇസ്‌ലാമിക് സ്‌കൂളുകള്‍ നിരോധിച്ചിരിക്കുന്നു. ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഓരോരുത്തരായി കൊല്ലപ്പെടുന്നു. പുരുഷന്മാരെ തടങ്കല്‍ പാളയങ്ങളിലേക്കയക്കുന്നു. പകരം ക്രൂരന്മാരായ ചൈനീസ് പുരുഷന്മാരെ അവരുടെ കുടുംബങ്ങളില്‍ താമസിപ്പിക്കുന്നു. മുസ്‌ലിം സഹോദരിമാരെ ചൈനീസ് പുരുഷന്മാരുമായി ബലമായി വിവാഹം കഴിപ്പിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മുസ്‌ലിംകള്‍ നിശബ്ദരാണ്. അവരുടെ ശബ്ദങ്ങളൊന്നും കേള്‍ക്കാനില്ല. അവര്‍ക്കറിയില്ലേ, അക്രമങ്ങളോട് രാജിയാവല്‍ അതിക്രമമാണെന്ന്’.

ഓസില്‍ തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്; ‘അലി(റ) പറഞ്ഞതെത്ര ശിരയാണ്: അക്രമത്തെ നിനക്ക് തടുക്കാനോ പ്രിതിരോധിക്കാനോ കഴിയുന്നില്ലെങ്കില്‍, ജനങ്ങളെ അതിനെക്കുറിച്ച് ബോധവാന്മാരാക്കുക.പാശ്ചാത്യന്‍ മാധ്യമങ്ങള്‍ മാസങ്ങളോളമായി ഇതിനെക്കുറിച്ചാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. അപ്പോഴും എവിടെയാണ് മുസ്‌ലിം മാധ്യമങ്ങളെല്ലാം പോായി ഒളിച്ചിരിക്കുന്നത്? അവര്‍ക്കറിയില്ലേ, അനീതിയോടും അതിക്രമങ്ങളോടും നിഷ്പക്ഷത പുലര്‍ത്തുന്നത് തങ്ങളുടെ അഭിമാനത്തെത്തന്നെ ഇല്ലാതാക്കിക്കളയുമെന്ന്? മുസ്‌ലിം സഹോദരങ്ങളെ, നിങ്ങള്‍ക്ക് ശേഷം ഒരുപാട് തലമുറകള്‍ വരാനുണ്ട്. നിങ്ങളുടെ നിശബ്ദതയെ അടുത്ത തലമുറ ചോദ്യം ചെയ്യും. അല്ലാഹുവേ, കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ ഞങ്ങളുടെ സഹോദരങ്ങളുടെ മേല്‍ നിന്റെ സഹായം ചൊരിയണേ. അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവാണ് ഏറ്റവും വലിയ തന്ത്രജ്ഞാനി’. കിഴക്കന്‍ തുര്‍ക്കിസ്ഥാനെ സൂചിപ്പിക്കുന്ന നീല പശ്ചാത്തല ചിത്രത്തില്‍ ചന്ദ്രക്കലയും നക്ഷത്രവും ചേര്‍ത്ത ചിത്രത്തോട് കൂടെയാണ് ഓസില്‍ തന്റെ അഭിപ്രായം ട്വീറ്റ് ചെയ്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓസിലിന്റെ ശക്തമായ നിലപാട് ചൈനയില്‍ മാത്രമല്ല, ലോകം മുഴുവന്‍ വലിയ രീതിയിലുള്ള പ്രകോപനത്തിന് കാരണമായിരിക്കുകയാണ്. എല്ലായിപ്പോഴും സംഭവിക്കാറുള്ളത് പോലെ മുസ്‌ലിംകള്‍ക്ക് നേരെ നടക്കുന്ന പീഢനങ്ങളെ ചൈന വീണ്ടും നിഷേധിച്ചിട്ടുണ്ട്. 2019 ഡിസംബര്‍ 20ന് ചൈനീസ് ടെലിവിഷന്‍ 2020ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ മുന്നോടിയി നടന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ സംഭാഷണത്തിന്റെ തല്‍സമയ പ്രക്ഷേപണം തടസ്സപ്പെടുത്തി ഉയ്ഗൂര്‍ വംശജരെക്കുറിച്ച് ചോദിച്ചു. തുര്‍ക്കിസ്ഥാന്‍ മുസ്‌ലിംകള്‍ക്ക് അനുഭവിക്കേണ്ടി വന്ന പീഢനങ്ങളെയും അത് നിയന്ത്രിക്കുന്നതില്‍ ട്രംപിനുണ്ടായ പരാജയത്തെയും അവര്‍ ചോദ്യം ചെയ്തു. മാത്രമല്ല, ചൈനയുടെ ഇത്തരം ക്രൂര നടപടികള്‍ക്കെതിരെ മൗനം പാലിക്കരുതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരോട് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. ചൈനക്കെതിരെയുള്ള മൂര്‍ച്ചയേറിയ വിമര്‍ശനത്തിന്റെ ഫലമെന്നോണം ചൈനയിലെ ഇലക്ട്രോണിക് ഫുട്‌ബോള്‍ ഗെയിമിന്റെ സ്മാര്‍ട്ട് ഫോണ്‍ വേര്‍ഷനില്‍ നിന്ന് ചൈനീസ് കമ്പനിയും അമേരിക്കന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റുകളില്‍ ഒന്നായ നെറ്റ് ഈസ്(NetEase) എന്ന ചൈനീസ് കമ്പനി ഏഷ്യന്‍ രാജ്യങ്ങളിലുള്ള PES(Pro Evolution Soccer) ഗെയ്മിന്റെ സ്മാര്‍ട്ട് ഫോണ്‍ വേര്‍ഷനില്‍ നിന്നും ഓസിലിനെ ഒഴിവാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ, ഓസില്‍ കളിക്കളത്തിലിറങ്ങുന്നു എന്ന കാരണത്താല്‍ പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ ആഴ്‌സനല്‍മാഞ്ചസ്റ്റര്‍ സിറ്റി മാച്ച് ഔദ്യോഗിക ചൈനീസ് ചാനല്‍ പ്രക്ഷേപണം ചെയ്യാന്‍ തയ്യാറായില്ല. അതേസമയം, കമ്മ്യൂണിസ്റ്റ് ചൈനയുടെ പീഢനങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണകളില്‍ നിന്ന് വ്യത്യസ്ഥമായി ഓസിലിന് കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം മനസ്സിലാകുമെന്ന് പറഞ്ഞ് ചൈസീസ് വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തെ കിഴക്കന്‍ തുര്‍ക്കിസ്ഥാനിലേക്ക് ക്ഷണിച്ച് ഈ പ്രശ്‌നങ്ങളെയെല്ലാം മറച്ചു വെക്കാനുള്ള ശ്രമത്തിലാണ്.

മറുവശത്ത്, ചില ആഴ്‌സനല്‍ താരങ്ങള്‍ ഓസിലിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുകയും അദ്ദേഹത്തിന്റെ അഭിപ്രായ സ്വതന്ത്ര്യത്തെ മാനിച്ച് ക്ലബ്ബ് തന്നെ ഇത്തരം വിഷയങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം ലോകത്ത് ചിലയിടങ്ങളില്‍ കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ മുസ്‌ലിംകളോട് അനുഭാവം പ്രകടിപ്പിച്ച് പ്രക്ഷോപങ്ങളും പ്രതിഷേധങ്ങളും ആരംഭിച്ചിട്ടുണ്ട്. ‘നിശബ്ദ നിലവിളി’ എന്ന പേരില്‍ തുര്‍ക്കിയിലെ സുല്‍ത്താന്‍ അഹ്മദ് മസ്ജിദില്‍ നിന്ന് ആരംഭിച്ച ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ റാലി അതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടതാണ്. ‘മൃഗീയത അവസാനിപ്പിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചും ‘കൊലയാളി ചൈന കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ നിന്ന് പുറത്തുപോകുക’, ‘കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ തനിച്ചല്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് പ്രക്ഷോഭകര്‍ റാലിയെ മുന്നോട്ട് നയിച്ചത്. പ്രതിഷേധക്കാരില്‍ പെട്ട ആദം ആദില്‍ എല്ലാവരെയും അഭിസംബോധന ചെയ്ത് പറഞ്ഞു: ‘ഓസിലിനെപ്പോലെ നാം ഓരോരുത്തരും അനീതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ട’്. പാകിസ്ഥാനില്‍, ചൈനയുടെ ക്രൂരതയെ ആക്ഷേപിച്ചും ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ആള്‍ക്കൂട്ടം തലസ്ഥാന നഗരിയായ ഇസ്‌ലാമാബാദില്‍ പ്രതിഷേധ സംഗമം നടത്തി. കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ ഉയ്ഗൂറുകള്‍ക്കെതിരെ നടക്കുന്ന ബെയ്ജിങ്ങിന്റെ നരനായാട്ടിനെതിരെ ‘ഉയ്ഗൂര്‍ തുര്‍ക്കുകള്‍ക്ക് സ്വതന്ത്ര്യം നല്‍കുക’, ‘കൂട്ടക്കുരുതികള്‍ അവസാനിപ്പിക്കുക’ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് നൂറുകണക്കിന് ആളുകള്‍ ആസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ ചൈനീസ് എംബസിക്ക് മുന്നില്‍ പ്രതിഷേധിച്ചു.

ദുഖകരമെന്ന് പറയട്ടെ, അറബ് ലോകം ഇപ്പോഴും നിശബ്ദതയിലാണ്. നിര്‍ഭാഗ്യ വശാല്‍ ചില അറബ് വക്താക്കള്‍ കമ്മ്യൂണിസ്റ്റ് ചൈനയുടെ സ്വേച്ഛാധിപത്യത്തെയും കുറ്റകൃത്യങ്ങളെയും പിന്തുണക്കുന്നുണ്ട്. മിക്ക അറബ് രാജ്യങ്ങളും കമ്മ്യൂണിസ്റ്റ് ചൈനയുടെ പ്രൊഡക്റ്റുകള്‍ വലിയ അളവില്‍ തന്നെ സ്വീകരിക്കുന്നുമുണ്ട്. പരമാധികാരം സര്‍വ്വശക്തനായ അല്ലാഹുവിന് മാത്രമാണ്.

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍
അവലംബം. mugtama.com

Related Articles