Current Date

Search
Close this search box.
Search
Close this search box.

അർമേനിയൻ ആരോപണത്തിൽ ഒളിച്ചുവെക്കപ്പെട്ട സത്യങ്ങൾ

ഒട്ടോമൻ ഭരണകൂടത്തിന്റെ പതനത്തിന് മുമ്പ് നടന്ന അർമേനിയൻ കൂട്ടക്കൊല യഥാർത്ഥത്തിൽ വംശഹത്യയായിരുന്നെന്ന് പറഞ്ഞ് യുഎസ് പ്രസിഡന്റ് ബൈഡൻ തുർക്കിയെ പ്രകോപിപ്പിക്കുന്നു. യുഎസ്-തുർക്കി ബന്ധം തകരുമെന്ന ഭയത്താൽ അമേരിക്കൻ പ്രസിഡന്റുമാർ ദീർഘകാലമായി മൗനം പാലിച്ച ഒരു വിഷയമായിരുന്നു ഇത്. കോൺഗ്രസിലെയും അമേരിക്കൻ-അർമീനിയൻ സംഘടനകളിലെയും അംഗങ്ങൾ നടത്തിയ സമ്മർദ്ദ പ്രാചരണത്തെ തുടർന്നാണ് ബൈഡന് ഇത്തരത്തിലൊരു തീരുമാനം കൈകൊള്ളേണ്ടി വന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് വൈറ്റ് ഹൗസ് വളരെ ജാഗ്രതയോടെ സ്വീകരിച്ചു പോന്നിരുന്ന നയത്തിലെ സമൂലമായ മാറ്റമാണ് ഇൗ നടപടി.

യുഎസ് പ്രസിഡന്റിന്റെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് തുർക്കി പറയുന്നു: നിയമപരമായി യാതൊരു അടിസ്ഥാനവും അതിനില്ലെന്ന് മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ അത് ആഴത്തിലുള്ള മുറിവേൽപ്പിക്കുകയും ചെയ്യും. ഇരു രാജ്യങ്ങളം തമ്മിലുള്ള സൗഹൃദത്തിനും പരസ്പര വിശ്വാസത്തിനുമത് തുരങ്കം വെക്കും. തുർക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവന നിരസിക്കുകയും ഏറ്റവും ശക്തമായ രീതിയിൽ തന്നെ അതിനെ അപലപിക്കുകയും ചെയ്തിട്ടുണ്ട്.

പൊതുവെ ഇസ്ലാമിനോടും ഒട്ടോമൻ ഭരണകൂടത്തോട് പ്രത്യേകിച്ചുമുള്ള പഴയ ശത്രുത കാരണം അർമേനിയക്കാർക്ക് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും വളരെയധികം സഹായം ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് മനസ്സിലാകുന്നത്. തുർക്കിയും അറബ് ലോകവും ഉൾപ്പെടെ ലോക ജനതയുടെ വലിയൊരു വിഭാഗം ഇത് വിശ്വസിക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളുമായും ജൂതന്മാരുമായും സഖ്യം ചേർന്ന് ഒട്ടോമൻ ഭരണകൂടത്തെ ദുർബലപ്പെടുത്താൻ അർമേനിയക്കാർ നടത്തിയ വഞ്ചനാപരമായ ഗൂഢാലോചനയെയും വിഷയത്തിന്റെ വസ്തുതകളെ ശരിയായ രീതിയിൽ വെളിപ്പെടുത്തുന്ന വശങ്ങളൊന്നും തന്നെ നോക്കാതെ അർമേനിയൻ വീക്ഷണം മാത്രം അടിസ്ഥാനപ്പെടുത്തി ടർക്കിഷ്, അറബ് മതേതര ഗ്രന്ഥകാരന്മാർ പടച്ചുവിട്ട കള്ളക്കഥകളാണ് ഇതിന് കാരണം.

പാശ്ചാത്യ, അർമേനിയൻ രാഷ്ട്രീയം സൃഷ്ടിച്ച വിദ്വേഷ ഭാഷണത്തിനിടയിൽ തന്നെ അർമേനിയൻ വഞ്ചനയുടെയും ഒട്ടോമൻ ഭരണകൂടത്തിനെതിരെ അവർ നടത്തിയ കുറ്റകൃത്യങ്ങളുടെ വസ്തതുകളെയും വെളിപ്പെടുത്തുന്ന ചില അവലംബാർഹമായ പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുർക്കികളുടെ ഭീകരമായ കൂട്ടക്കുരുതിക്ക് കാരണമായ അർമേനിയൻ വഞ്ചനയെക്കുറിച്ച് ഇൗ പഠനങ്ങളിൽ വിശദമായി പറയുന്നുണ്ട്. അർമേനിയക്കാരെ അങ്ങേയറ്റം സ്വീകരിക്കുകയും അവരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തി തുർക്കികളുടെ ജീവിതവുമായി സമന്വയിപ്പിക്കുകയും ഉയർന്ന ജോലികൾ നൽകുകയും ഒട്ടോമൻ സാമ്രാജ്യത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയുള്ള നിക്ഷേപങ്ങൾ നൽകുകയും തുർക്കികൾക്കും ഇതര ഇസ്ലാമിക സമൂഹങ്ങൾക്കും സാധ്യമാകാത്തത്രയും ഇസ്താംബൂൾ നഗരി ആവോളം ആസ്വദിക്കാൻ അനുവദിക്കുകയും ചെയ്തതിന് അവർ നൽകിയ പ്രത്യപകാരമായിരുന്നു തുർക്കികളുടെ കൂട്ടക്കുരുതിക്ക് വേണ്ടിയുള്ള വഞ്ചനാപരമായ ഗൂഢാലോചന.

അമേരിക്കൻ ഗവേഷകനായ ജസ്റ്റിൻ മക്കാർത്തി തയ്യാറാക്കി സൗദി തുർക്ക്സ് അസോസിയേഷൻ പ്രസിദ്ധീകരിച്ച “ഒട്ടോമൻ മുസ്ലിംകളുടെ പതനവും ഉന്മൂലനവും, 1821-1922′ എന്ന സുദീർഘമായ പഠനത്തിൽ അർമീനിയക്കാർക്ക് വേണ്ടി ടർക്കിഷ് മുസ്ലിംകൾ അനുഭവിക്കേണ്ടി വന്ന ചരിത്രപരമായ അനീതിയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും വിശ്വസ്തരെന്ന് കരുതിയിരുന്ന അർമേനിയൻ ഉദ്യോഗസ്ഥർ കോക്കസിലെ മുസ്ലിം പ്രദേശങ്ങൾ ആക്രമിക്കാനും മുസ്ലിം ഭരണാധികാരികളെ അട്ടിമറിക്കാനും റഷ്യക്ക് വലിയ പിന്തുണ നൽകി. അവരിലധികവും മുസ്ലിം ഭരണാധികാരികൾക്കെതിരെ റഷ്യൻ ഭരണൂടത്തിന് വേണ്ടി ചാരപ്രവൃത്തി നടത്തുന്നവരായിരുന്നു.

ഉദാഹരണത്തിന്, ഒട്ടോമൻ നഗരമായിരുന്ന ഡാർബാൻഡ് 1796ൽ റഷ്യൻ ഉപരോധത്തിന് കീഴിലായിരുന്നു. നഗരത്തിലേക്കുള്ള ജലവിതരണത്തിന്റെ ഉറവിടങ്ങളെക്കുറിച്ച് റഷ്യൻ ആക്രമണകാരികൾക്ക് വിവരങ്ങൾ നൽകിയിരുന്നത് അവിടെ താമസിച്ചിരുന്ന അർമേനിയക്കാരായിരുന്നു. നീണ്ട ഉപരോധത്തിലൂടെ നഗരത്തിലെ ഒട്ടോമൻ ഭരണാധികാരിയെ പരാജയപ്പെടുത്തുന്നതിൽ റഷ്യ വിജയിക്കുകയും ചെയ്തു.

1890കളിൽ അർമേനിയൻ ആർച്ച് ബിഷപ്പ് അർഗോറ്റിൻസ്കി ഡോൽഗൊറൂകോവ് മുസ്ലിം ഭരണകൂടത്തിൽ നിന്ന് അർമേനിയൻ വിശ്വാസികളെ റഷ്യൻ ഭരണൂടം രക്ഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. മുസ്ലിം പ്രദേശങ്ങൾ പിടിച്ചെടുക്കാനും പീഢനത്തിൽ നിന്ന് അർമേനിയക്കാരെ രക്ഷിക്കാനും പ്രോത്സാഹിപ്പിച്ചുകൊണ്ട് അർമേനിയക്കാർ തന്നെ റഷ്യൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു.

1827-29 കാലയളവിൽ നടന്ന ക്രീമിയൻ യുദ്ധത്തിൽ റഷ്യൻ ഭരണകൂടത്തിന് കീഴിലുണ്ടായിരുന്ന അർമേനിയൻ പ്രജകൾക്ക് പുറമെ ഒട്ടോമൻ ഭരണകൂടത്തിന് കീഴിലുണ്ടായിരുന്ന അർമേനിയൻ പ്രജകളും ഒട്ടോമൻ ഭരണാധികാരിയെ പരാജയപ്പെടുത്താൻ പോർക്കളത്തിൽ റഷ്യക്കൊപ്പം നിന്നു. അവർ റഷ്യക്കായി ചാരപ്പണി നടത്തുകയും അനാത്തോലിയയിലെ ഒട്ടോമൻ സൈനിക പ്രദേശങ്ങളിലേക്ക് റഷ്യൻ സൈനികരെ കടത്തിവിടാൻ സഹായിക്കുകയും ചെയ്തു. സന്യാസിമാരുടെ തലവനായിരുന്ന വ്യക്തി ഒട്ടോമൻ-പേർഷ്യൻ അതിർത്തിയിലുള്ള ഒരു സന്യാസി മഠം ഒട്ടോമൻ ഭരണകൂടത്തിനെതിരെയുള്ള ആയുധപ്പുരയാക്കി മാറ്റുകയും ഒട്ടോമൻ ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്ന അർമേനിയൻ വിപ്ലവകാരികൾക്ക് അവിടങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ഒട്ടോമൻ നഗരമായിരുന്ന കാർസ് റഷ്യക്കാർ പിടിച്ചടക്കിയപ്പോൾ ഒട്ടോമൻ സൈന്യത്തിൽ നിന്നും പരിക്കേറ്റവരെ കൊല്ലാൻ അർമേനിയക്കാർ റഷ്യയെ സഹായിച്ചിരുന്നതായി ലേഖകൻ ചാൾസ് വില്യംസ് വ്യക്തമാക്കുന്നുണ്ട്. റഷ്യ എർസുറം പിടിച്ചടക്കുമ്പോൾ അവരുടെ പൊലീസ് മേധാവി ഒരു അർമേനിയക്കാരനായിരുന്നു. ലെയർഡ് അംബാസിഡർ പറയുന്നത് പോലെത്തന്നെ, അർമേനിയക്കാർ റഷ്യൻ സാന്നിധ്യം മുതലെടുത്ത് മുസ്ലിംകളോട് ക്രൂരമായി പെരുമാറുകയും പീഢിപ്പിക്കുകയും ചെയ്തു. എന്നാൽ, ഒട്ടോമൻ ഭരണകൂടം ആ നഗരം തിരിച്ചുപിടിച്ചപ്പോൾ, അവർക്ക് സ്ഥിതി സമാധാനപരമായി നിലനിർത്താൻ സാധിച്ചു. മാത്രമല്ല, ഒട്ടോമൻ അധികാരികൾ മുസ്ലിംകളുടെ പ്രതികാരത്തിൽ നിന്നും അർമേനിയക്കാരെ സംരക്ഷിക്കുകയും ചെയ്തു.

ജസ്റ്റിൻ മക്കാർത്തി പറയുന്നു: അർമേനിയൻ വിപ്ലവ പാർട്ടികൾ തങ്ങളുടെ ലക്ഷ്യ പൂർത്തീകരണത്തിനായി സാധാരണ അർമേനിയൻ, മുസ്ലിം പൗരന്മാരെ ബലിയാടുകളാക്കാൻ ശ്രമങ്ങൾ നടത്തിയവരായിരുന്നു. 1876ലെ വിജയകരമായ ബൾഗേറിയൻ വിപ്ലവത്തെ അനുകരിച്ച്, മുസ് ലിംകളെ ആക്രമിക്കാൻ പ്രാദേശിക അർമേനിയക്കാരെ പ്രേരിപ്പിക്കുക, അല്ലെങ്കിൽ അവർ സ്വയം അർമേനിയക്കാരെ കൊല നടത്തുക തുടങ്ങിയവയിലൂടെ അർമേനിയൻ രാഷ്ട്ര സംസ്ഥാപനത്തിനായി യൂറോപ്യൻ ഇടപെടലിന് ഇടയാക്കുകയെന്നതായിരുന്നു അവരുടെ പദ്ധതി. 1890ന് ശേഷം കിഴക്കൻ പ്രദേശങ്ങളിലുടെനീളം ഒട്ടോമൻ ഭരണകൂടത്തിനെതിരെ വ്യാപകമായ കലാപങ്ങൾ ഉയർന്നുവന്നു. മുസ്ലിംകളെ അറുകൊല നടത്താൻ അർമേനിയക്കാർ ചെറു സംഘങ്ങൾ രൂപീകരിച്ചു. ഇരുവശത്തു നിന്നും നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. 1905ൽ ഒട്ടോമൻ സുൽത്താനെ വധിക്കാൻ വരെ അർമേനിയക്കാർ ശ്രമം നടത്തിയിരുന്നു.

ക്രിസ്ത്യൻ പുരോഹിതനായ ബിഷപ്പ് മസ്റ്റാച്ന്റെ പ്രേരണയോടെ ഒരു സ്വതന്ത്ര അർമേനിയൻ രാഷ്ട്രം സ്ഥാപിക്കുകയെന്ന ഉദ്ദേശത്തിൽ 1909 ഏപ്രിൽ നാലിന് അർമേനിയൻ സംഘം മുസ്ലിംകൾക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ഇരുഭാഗത്തു നിന്നും ഇരുപതിനായിരത്തോളം ആളുകളാണ് മരിച്ചുവീണത്. ജസ്റ്റിൻ മക്കാർത്തി പറയുന്നു: 1915ലെ പ്രത്യേകമായ സ്ഥിതിവിശേഷം തയ്യാറാക്കുന്നതിൽ 1890, 1909 കാല സംഭവങ്ങൾക്ക് നിർണ്ണായക സ്വാധീനമുണ്ടായിരുന്നു.

1914ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. റഷ്യ ഒട്ടോമൻ ഭരണകൂടത്തിനെതരെ യുദ്ധം പ്രഖ്യാപിച്ചു. അതിന് മുമ്പ് തന്നെ അർമേനിയക്കാർ ചെറു സംഘങ്ങൾ രൂപീകരിച്ച് ഒട്ടോമനെതിരെ പടയൊരുക്കത്തിന് തയ്യാറെടുത്ത് തുടങ്ങിയിരുന്നു. റഷ്യയുടെ സാമ്പത്തിക സഹായം ഉപയോഗപ്പെടുത്തി അവർ കൂടുതൽ ആയുധങ്ങൾ ശേഖരിച്ചു. ലോകമഹായുദ്ധം പ്രഖ്യാപിച്ചതോടെ അനാത്തോലിയയിലെ അർമേനിയക്കാർ ഒട്ടോമൻ ഭരണകൂടത്തിൽ പ്രവേശിക്കുകയും ഗറില്ലാ സ്വ്കോഡുകളെ നയിക്കുകയും ചെയ്തു. ഒട്ടോമൻ സൈന്യത്തിൽ നിന്നും ഒാടിപ്പോയ അർമേനിയക്കാരെല്ലാം അർമേനിയൻ ഗറില്ലാ സംഘത്തോടൊപ്പം ചേർന്നു. അനാത്തോലിയയിൽ കൊള്ളയും കൊള്ളിവെപ്പുമായി ആക്രമണം അഴിച്ചുവിട്ടിരുന്ന അവർ അർമേനിയൻ, റഷ്യൻ സൈന്യത്തോടൊപ്പം നിലയുറപ്പിച്ചു. സിവാസ് പ്രവിശ്യയിൽ നിന്ന് മാത്രം മുപ്പതിനായിരത്തോളം പടയാളികൾ അർമേനിയൻ സൈന്യത്തിൽ ചേർന്നിട്ടുണ്ടായിരുന്നെന്ന് ഒട്ടോമൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മക്കാർത്തി പറയുന്നത് പോലെ, ദീർഘകാലത്തെ ആസൂത്രണത്തിനൊടുവിലുണ്ടായ വലിയ വിപ്ലവമായിട്ട് നമുക്കതിനെ കണക്കാക്കാം.

ഒട്ടോമൻ സൈനിക യൂണിറ്റുകൾ, സന്ദേശ വിതരണ വാഹനങ്ങൾ, സൈനിക താവളങ്ങൾ, വിവിധ പ്രദേശങ്ങളിലെ സൈനിക റിക്രൂട്ട്മെന്റ് കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യം വെച്ച് അർമേനിയക്കാർ ആക്രമണം ആരംഭിച്ചു. അർമേനിയൻ, ഒട്ടോമൻ സൈനികർക്കിടയിൽ ശക്തമായ ഏറ്റുമുട്ടലുകൾ നടന്നു. മുസ്ലിം ഗ്രാമങ്ങൾ അക്രമിച്ച അർമേനിയക്കാർ നിരവധി മുസ്ലിംകളെ കൂട്ടക്കൊല ചെയ്തു. യുദ്ധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ കിഴക്കൻ നഗരങ്ങൾ പിടിച്ചെടുക്കുകയെന്ന തന്ത്രം അവർ കൃത്യമായി നടപ്പിലാക്കി.

അർമേനിയക്കാരെ നാടുകടത്താൻ എന്തെങ്കിലും ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് വളരെ മുമ്പുതന്നെ അർമേനിയക്കാർ ആക്രമണം നടത്തിയതായി മനസ്സിലാക്കേണ്ടതുണ്ടെന്ന് ജസ്റ്റിൻ മക്കാർത്തി ചൂണ്ടിക്കാട്ടുന്നു. ഒട്ടോമൻ ഭരണകൂടം അർമേനിയക്കാരെ നാടുകടത്തുന്നതിന് മുമ്പേ വാൻ, സയ്തൂൻ, മൂഷ്, റഷാദിയ്യ, കുവാഷ് തുടങ്ങി അനേകം നഗരങ്ങളിൽ അവർ ആക്രമണം നടത്തിയിരുന്നു. ഒട്ടോമൻ സാമ്രാജ്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അർമേനിയക്കാരുടെ മുസ്ലിം വേട്ട 1915 ആയപ്പോഴേക്കും പതിന്മടങ്ങ് വർദ്ധിച്ചു. ഒട്ടോമൻ ഭരണകൂടത്തിന് ഒന്നാം ലോകമഹായുദ്ധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്ന സാഹചര്യം മുതലെടുത്തായിരുന്നു ഇത്. മക്കാർത്തി പറയുന്നത് പോലെ, എല്ലായിടങ്ങളിലും അവർ പരസ്യമായി കൊള്ളനടത്തി. കൊല ചെയ്യുന്നതിന് മുമ്പ് പീഢിപ്പിക്കുന്നത് അവർ പതിവാക്കിയിരുന്നു. ഒന്നാം ലോകമഹായുദ്ധ കാലത്ത് കിഴക്കൻ മുസ്ലിംകളെ ഒാടിപ്പോകാനോ പലായനം ചെയ്യാനോ സമ്മതിക്കാതെ വംശഹത്യ ചെയ്യാനായിരുന്നു അവർ ശ്രമിച്ചിരുന്നത്. അർമേനിയക്കാരുടെ കൂട്ടക്കൊലകളെയും ഒട്ടോമൻ മുസ്ലിംകൾക്കെതിരെയുള്ള അവരുടെ ക്രൂരതകളെയും പുറത്തുകൊണ്ടുവരുന്ന നിരവധി തെളിവുകൾ മക്കാർത്തി തന്റെ പഠനത്തിൽ കൊണ്ടുവരുന്നുണ്ട്.

മക്കാർത്തി പറയുന്നു: 1915 ഏപ്രിൽ 20ന് വാനിലെ അർമേനിയക്കാർ തദ്ദേശവാസികളായ മുസ്ലിംകളുടെ പാർപ്പിടങ്ങളിലേക്കും സൈനിക താവളങ്ങളിലേക്കും വെടിയുതിർത്തു. ഒട്ടോമൻ സുരക്ഷാ സേനയെ കീഴടക്കി മുന്നിൽ കണ്ട മുസ്ലിംകളെയെല്ലാം വധിക്കുകയും അവരുടെ പാർപ്പിടങ്ങൾക്ക് തീയിടുകയും ചെയ്തു. മുറിവേറ്റും രോഗിയായും ചികിത്സക്ക് വേണ്ടി വാനിലേക്ക് വന്ന ഒട്ടോമൻ സൈനികരും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. സഫെ, മുല്ലാ ഖാസിം, ശൈഖ് ഖർറ, ശൈഖ് അയ്ന, സോർയാദ് പാക്സ്, ഖളർ, അംഖ്, ആയാനിസ്, വറന്തസ്, ഹർവീൽ, ദൈർ, സീവാനാ, ഖർഖർ തുടങ്ങി അസംഖ്യം ഗ്രാമങ്ങൾ അവർ തീവെച്ചും അല്ലാതെയും നശിപ്പിച്ചു. വാനിലെ മൂന്ന് പുരാതന കെട്ടിടമൊഴികെ മറ്റെല്ലാ ഇസ്ലാമിക അടയാളങ്ങളും തകർക്കപ്പെട്ടു. എല്ലാ പള്ളികളും തീവെക്കുകയോ ഇടിച്ചു തർക്കുകയോ ചെയ്തു. മുസ്ലിം പാർപ്പിടങ്ങൾ പൂർണായും നശിപ്പിക്കപ്പെട്ടു. ഒട്ടോമൻ, അർമേനിയൻ സൈന്യത്തിനിടയിലെ പോരാട്ടവും അർമേനിയക്കാരുടെ ഗൂഢാലോചനക്കും ശേഷം ബാക്കിയായ വാൻ പട്ടണത്തിന് ഒരു നഗരത്തേക്കാൾ പുരാതന അവശിഷ്ടങ്ങളോടായിരുന്നു സാമ്യത ഉണ്ടായിരുന്നത്. കൊലപാതകത്തിൽ നിന്നും ഒാടി രക്ഷപ്പെടാൻ ശ്രമിച്ച പലരെയും അർമേനിയൻ ഗറില്ലാ പോരാളികൾ വഴിയിൽ വെച്ചു വധിച്ചു. മുന്നിൽ കാണുന്ന മുസ്ലിംകളെയെല്ലാം കൊല്ലുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒാടിപ്പോകുന്ന മുസ്ലിംകളെ വധിക്കുന്നതോടൊപ്പം അവരുടെ മുതൽ കൊള്ളയടിക്കുകയും ചെയ്തു. ധാരാളം സ്ത്രീകൾ ലൈംഗിക പീഢനത്തിന് ഇരകളായി.

അമേരിക്കൻ ചരിത്രകാരൻ ജസ്റ്റിൻ മക്കാർത്തി പറഞ്ഞത് പോലെ, അർമേനിയൻ വിപ്ലവത്തോടുള്ള ഒട്ടോമൻ ഭരണകൂടത്തിന്റെ പ്രതികരണം ഗറില്ലാ യുദ്ധം നേരിടുന്ന ഇരുപതാം നൂറ്റാണ്ടിലെ മറ്റു ഭരണകൂടങ്ങളെപ്പോലെ തന്നെയായിരുന്നു. അർമേനിയക്കാർക്ക് പ്രാദേശികമായി നൽകിയിരുന്ന പിന്തുണയെല്ലാം പിൻവലിക്കപ്പെട്ടു. അർമേനിയൻ ജനതയെ ഒട്ടോമൻ അധികാര പരിതിക്കപ്പുറത്തേക്ക് നാടുകടത്തി നാട്ടിൽ സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവന്നു. ഇൗ തീരുമാനം അർമേനിയൻ വിമതരുടെ ആക്രമണത്തിൽ വലിയ തോതിലുള്ള കുറവുണ്ടാക്കി. ശുദ്ധമായ സൈനിക തീരുമാന പ്രകാരം അർമേനിയക്കാരെ നാടുകടത്തുകയെന്ന നടപടി ശരി തന്നെയായിരുന്നു. പക്ഷെ, അത് ചില അതൃപ്തികൾക്കും പ്രശ്നങ്ങൾക്കും കാരണമാക്കി. എങ്കിൽപോലും ആ തീരുമാനം ഉദ്ദേശിച്ച ഫലത്തിലേക്ക് എത്തിയെന്നതാണ് സത്യം. അർമേനിയൻ വിപ്ലവകാരികളുടെ ആക്രമണം നന്നേ കുറഞ്ഞു. പക്ഷെ, റഷ്യൻ അധികാരികളുടെയും അർമേനിയൻ വിപ്ലവകാരികളുടെയും ദുരുദ്ദേശ്യം കാരണം ധാരാളം അർമേനിയക്കാർക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നു. നാടുകടത്തൽ സമയത്ത് അർമേനിയക്കാർക്ക് സംഭവിച്ചതായി കരുതപ്പെടുന്ന പ്രശ്നങ്ങളെല്ലാം മതേതര ഫെഡറേഷനുകളുടെ കാലത്താണ് സംഭവിച്ചതെന്ന് ചില ആന്റി-ഇസ്ലാമിസ്റ്റുകൾ വാദിക്കുന്നു. 1908ൽ അവർ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമനെതിരെ തിരിയുകയും അതിനെ വെറുമൊരു ആത്മീയാധികാരമാക്കി മാറ്റുകയും ചെയ്തു. ഒട്ടോമൻ ഭരണകൂടത്തെ പരിപൂർണമായും തകർക്കാനും സുൽത്താനെ ഒറ്റപ്പെടുത്താനും അവർക്ക് അധികം സമയം വേണ്ടി വന്നില്ല. എല്ലാ ഒട്ടോമൻ കുടുംബങ്ങളെയും അവർ അന്യ നാട്ടിലേക്ക് നാടുകടത്തി.

1917ൽ റഷ്യയിൽ നടന്ന ബോൾഷെവിക് വിപ്ലവകാലത്ത് റഷ്യൻ സൈന്യം വിഘടിക്കുകയും ഒട്ടോമൻ സൈന്യത്തിൽ നിന്നും പിന്മാറിയ അർമേനിയൻ സംഘത്തിന് ചില പ്രവിശ്യകളിൽ ആധിപത്യം ലഭിക്കുകയും ചെയ്തു. അധിനിവേശം നടത്തിയ നാടുകളെല്ലാം അവർ നശിപ്പിക്കുകയും അവിടെയുള്ളു മുസ്ലിംകളെ അറുകൊല നടത്തുകയും ചെയ്തു. ഒട്ടോമൻ സൈനിക നേതാവായിരുന്ന വഹീബ് പാഷ റിപ്പോർട്ട് ചെയ്യുന്നു: അർമേനിയക്കാർ നിരവധി മുസ്ലികംളെ കൊല്ലുകയും ചിലരുടെ മൃതദേഹങ്ങൾ കിണറ്റിലെറിയുകയും ചെയ്തു. മറ്റു ചിലരുടെ മൃതദേഹങ്ങൾ കരിച്ചുകളഞ്ഞു. ചിലരുടേത് അംഗവിച്ഛേധം നടത്തി. അറവുശാലകളിലെന്ന പോലെ മുസ്ലിംകളുടെ വയറ് കീറിമുറിച്ചു. കരളും തലയും പിച്ചിച്ചീന്തി. എല്ലാതരം പൈശാചിക പ്രവർത്തികൾക്കും ശേഷം സ്ത്രീകളുടെ മുടികളും അവർ പറിച്ചെറിഞ്ഞു.
ജസ്റ്റിൻ മക്കാർത്തി തന്റെ പഠനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: മുസ്ലിംകൾക്കെതിരായ അർമേനിയൻ വംശഹത്യ അപൂർവമായി മാത്രമേ രേഖപ്പെടുത്തപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളൂ. പകരം, മുസ്ലിംകൾ അർമേനിയക്കാരെ അക്രമിച്ചത് മാത്രം എല്ലാ ബുദ്ധിജീവികളും നിരന്തരം ചർച്ചചെയ്തു. മുസ്ലിംകളെ ആവശ്യാനുസരണം ക്രൂരന്മാരായി ചിത്രീകരിക്കാനും ക്രിസ്ത്യാനികളുടെ കൊലപാതകികളാക്കാനും ചരിത്ര വ്യാഖ്യാതാക്കൾക്ക് വളരെയധികം ഉത്സാഹമായിരുന്നു.

1915ലെ സംഭവവികാസത്തിന്മേലുള്ള അർമേനിയൻ ആരോപണങ്ങളെ നിരസിക്കുന്നതായി ഫ്രഞ്ച് ചരിത്രകാരൻ യെവ്സ് ബെനാർഡ് പ്രഖ്യാപിക്കുന്നുണ്ട്. ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ പോലെയുള്ള രാജ്യങ്ങൾ തങ്ങളുടെ ആർകൈ്കവുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾ നിരസിക്കുന്നതാണ് അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അർമേനിയക്കെതിരെ പറയത്തക്ക ഒരു വംശഹത്യയും തുർക്കി ചെയ്തിട്ടില്ലെന്ന സത്യം പുറത്തുവരുമോ എന്ന് അവർ ഭയപ്പെടുന്നുണ്ട്. “ടർക്കിഷ്-അർമേനിയൻ വീക്ഷണങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം’ എന്ന തന്റെ പുസ്തകത്തെക്കുറിച്ച് അനാത്തോലിയൻ ലേഖകനുമായി നടത്തിയ സംഭാഷണത്തിൽ ഗ്രന്ഥകാരൻ പറയുന്നുണ്ട്: 1915ലെ സംഭവത്തിൽ അർമേനിയക്കുള്ളത് ഒരു പാവം പൂച്ചയുടെ സ്ഥാനമല്ല. 1914-15 കാലയളവിൽ സാധ്യമാകുന്നത്രയും ആക്രമണങ്ങൾ അവർ മുസ്ലിംകൾക്കെതിരെ അഴിച്ചുവിട്ടിട്ടുണ്ട്. അനാത്തേലിയയിലെ അർമേനിയക്കാർ നടത്തിയ കൂട്ടക്കൊലയിൽ തുർക്കികൾ ഇരകളായിരുന്നതിന് ഉറച്ച തെളിവുകളുണ്ട്. അർമേനിയക്കാരെ വംശഹത്യ നടത്താൻ തുർക്കി ഒരിക്കലും തന്നെ ശ്രമിച്ചിരുന്നില്ല.

1915ലെ സംഭവങ്ങളെക്കുറിച്ച് ഫ്രഞ്ച് ജനതക്കിടയിൽ പ്രചരിക്കുന്ന തെറ്റായ ധാരണകളെയും അദ്ദേഹം ബെനാർഡ് ചൂണ്ടിക്കാണിക്കുന്നുണ്ട്. തദ്ദ്വിഷയകമായുള്ള ആരോപണത്തിൽ തങ്ങൾ പൂർണമായും ഉറച്ചുനിൽക്കുന്നുവെന്ന് അർമേനിയക്കാർ വാദിക്കുന്നുവെങ്കിൽ അർമേനിയൻ ഭരണകൂടത്തോട് വസ്തുതകൾ മനസ്സിലാക്കാൻ അവരുടെ ആർകൈ്കവുകൾ ചരിത്ര ഗവേഷകർക്കായി തുറന്നുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അദ്ദേഹം പറയുന്നു: അർമേനിയൻ ഭരണകൂടം പറയുന്നത് സത്യമല്ല, അതുകൊണ്ടാണ് അവർ അവരുടെ ആർകൈ്കവുകൾ ഗവേഷണങ്ങൾക്ക് വിട്ടുകൊടുക്കാത്തത്.

തുർക്കിയും അർമേനിയയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള അതിപ്രധാനമായ ചുവടുവെപ്പിന് 2009 സാക്ഷിയായി. നയതന്ത്രം പുനസ്ഥാപിക്കുന്നതിനും ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുമായി ഇരുരാജ്യങ്ങളും സ്വിസ് നഗരമായ സൂറിച്ചിൽ വെച്ച് ഒക്ടോബറിൽ രണ്ട് കരാറുകളിൽ ഒപ്പുവെച്ചു. പരസ്പര വിശ്വാസ്യത വളർത്തിയെടുക്കുന്നതിനും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇരുരാജ്യങ്ങൾ തമ്മിലുള്ള പൊതു അതിർത്തികൾ തുറന്നുകൊടുക്കുന്നതിനും ചരിത്രപരമായ റഫറൻസുകളും ആർകൈ്കവുകളും അടിസ്ഥാനമാക്കി നിഷ്പക്ഷമായ പഠനം നടത്താൻ ഇൗ കരാറിലൂടെ ധാരണയുണ്ടായി. തുർക്കി ഗവൺമെന്റ് രണ്ട് കരാറുകളും അംഗീകാരത്തിനായി നേരിട്ട് പാർലമെന്റിലേക്ക് അയച്ചു. അർമേനിയൻ ഗവൺമെന്റ് അവ രണ്ടും പഠന വിധേയമാക്കുന്നതിന് ഭരണഘടനാ കോടതിയെയും ചുമതലപ്പെടുത്തി. അവ രണ്ടും ഭരണഘടനയുടെ ആത്മാവിന്റെ ചൈതന്യത്തോട് പൊരുത്തപ്പെടുന്നവയല്ലെന്ന് കോടതി വിധിച്ചു. അതോടെ രണ്ട് കരാറുകളുടെയും അംഗീകാര പ്രക്രിയ മരവിപ്പിക്കുന്നതായി 2010 ജനവരിയിൽ അർമേനിയൻ ഗവൺമെന്റ് പ്രഖ്യാപിച്ചു. 2015 ്രെബഫുവരിയിൽ നടന്ന പാർലമെന്റ് അജണ്ടയിൽ നിന്ന് അത് ഒഴിവാക്കുകയും ചെയ്തു(നോക്കുക: റഅ്യുൽ യൗം ഒാൺലൈൻ പത്രം, 16/12/2017, ലിങ്ക്: http://www.raialyoum.com/?p=796411). നല്ലൊരു നേട്ടം പ്രതീക്ഷിച്ചാണ് അർമേനിയ ഇത് ചെയ്തതെന്നതിൽ ഒട്ടും സംശയമില്ല. എന്ത് ലക്ഷ്യമാണാവോ അവരെയിതിന് പ്രേരിപ്പിക്കുന്നത്!

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles