Current Date

Search
Close this search box.
Search
Close this search box.

യമന്‍ പ്രതിസന്ധിക്ക് പിന്നിലെ പ്രേരകങ്ങള്‍

യമനില്‍ സംഭവിച്ചത് നമുക്ക് ആശ്വാസമോ സന്തോഷമോ പകരുന്ന കാര്യമല്ലെന്ന് മാത്രമല്ല, ഏറെ ഞെട്ടലുണ്ടാക്കുന്നതും വേദനിപ്പിക്കുന്നതും കൂടിയാണ്. കാരണം സംഭവിച്ചിരിക്കുന്ന ‘അനിവാര്യമായ യുദ്ധം’ മോശപ്പെട്ട അവസ്ഥയെ അതിനേക്കാള്‍ ഭയാനകവും മോശപ്പെട്ടതുമായ ഒന്നു കൊണ്ടാണ് ചികിത്സിച്ചിരിക്കുന്നത്.

ആധുനിക അറബ് ചരിത്രത്തിന്റെ വേറിട്ട ഒരേടിലാണ് നാമുള്ളത്. അതില്‍ മുന്‍ഗണനാ ക്രമങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. നിലവിലെ സംഭവങ്ങളെ വിലയിരുത്താന്‍ ശ്രമിക്കുന്നതിന് മുമ്പ് അനിവാര്യമായും ചില അടിസ്ഥാന കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. കാര്യങ്ങളെ കുറിച്ച ശരിയായ കാഴ്ച്ചപാട് ലഭിക്കാന്‍ നമുക്കത് ഉപകരിക്കും. അവയാണ് ചുവടെ നല്‍കുന്നത്.

– ഏതൊരു സാഹചര്യത്തിലും അറബ് രക്തം അറബ് ആയുധങ്ങളാല്‍ ചിന്തപ്പെടരുത്. അറബ് സൈന്യങ്ങളുടെ ദൗത്യം അറബ് സമൂഹത്തിന്റെ ശത്രുക്കളെ പ്രതിരോധിക്കലായിരിക്കണം. അല്ലാതെ സ്വന്തം ജനതക്കെതിരെ അറബ് ഭരണകൂടങ്ങളെ സഹായിക്കാനാവരുത്.
– അറബ് സമൂഹത്തിന്റെ ഒന്നാമത്തെ നയതന്ത്ര ശത്രുവും, അവരുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നതും ഒറ്റ കേന്ദ്രം മാത്രമാണ്. ഇസ്രയേലും കൂട്ടാളികളുമാണത്. അവരല്ലാത്തവരുമായി വിയോജിപ്പുകളാവാം, എന്നാല്‍ ശത്രുത പാടില്ല.
– മിഡിലീസ്റ്റിന്റെ സുസ്ഥിരത പ്രദേശത്തെ മൂന്ന് വന്‍ രാഷ്ട്രങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നതിലാണ്. ഈജിപ്തും തുര്‍ക്കിയും ഇറാനുമാണ് അവ. ഏത് നയതന്ത്ര കാഴ്ച്ചപാടിന്റെ അടിസ്ഥാനത്തിലാണെങ്കിലും അവക്കിടയില്‍ തുറന്നതും ശക്തവുമായ ബന്ധങ്ങള്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്.
– ഇറാനോടുള്ള വിയോജിപ്പ് (ഏറ്റുമുട്ടല്‍ വരെ) അവരുടെ ശിയാ ബന്ധത്തിന്റെ പേരിലാവരുത്. രാജ്യത്തിന്റെ രാഷ്ട്രീയ ബന്ധങ്ങളെയും താല്‍പര്യങ്ങളെയും അതിന്റെ ഭാഗമായവര്‍ പുലര്‍ത്തുന്ന മദ്ഹബിന്റെ പേരിലാവരുത്.
– നിലവിലെ സംയുക്ത അറബ് മുന്നണി രൂപീകരിക്കുന്നതിന് നടത്തുന്ന മുന്നൊരുക്കത്തില്‍ ഒട്ടേറെ അബദ്ധങ്ങളുണ്ട്. 1948-ലെ ഫലസ്തീന്‍ യുദ്ധത്തിന് ശേഷം 1950-ല്‍ ഉണ്ടാക്കിയ കരാറിന് നിരക്കാത്തതാണ് നിലവിലെ ഈ ഒരുമിച്ചു കൂടല്‍ എന്നാണ് ഞാന്‍ പറയുക. പതിമൂന്ന് ഖണ്ഡികകളാണ് പ്രസ്തുത കരാറിലുണ്ടായിരുന്നത്. സംയുക്തമായി പ്രതിരോധിക്കുന്നതിന് അറബ് സൈന്യങ്ങളുടെ പ്രാതിനിധ്യത്തോടെ സ്ഥിരം സംയുക്ത സൈനിക സമിതി രൂപീകരിക്കുമെന്ന് അതിന്റെ അഞ്ചാം ഖണ്ഡിക പറയുന്നുണ്ട്. രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെയും പ്രതിരോധ മന്ത്രിമാരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള സംയുക്ത പ്രതിരോധ സമിതി രൂപീകരിക്കുമെന്ന് അതിന്റെ ആറാം ഖണ്ഡിക പറയുന്നു. നിലവില്‍ അതൊന്നും ഉണ്ടായിട്ടില്ല.

യമനിനെ നിലവിലെ ഈ അവസ്ഥയില്‍ എത്തിച്ചതിന് പിന്നില്‍ നിരവധി പ്രേരകങ്ങളുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി യമനിലെ പല പ്രമുഖരുമായും ചര്‍ച്ചകളും സംവാദങ്ങളും നടത്തി പ്രസ്തുത പ്രേരകങ്ങള്‍ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. യമനിലെ മുന്‍ പ്രധാനമന്ത്രിമാരായ മുഹ്‌സിന്‍ അല്‍ഐനി, അബ്ദുല്‍ കരീം അല്‍-ഇര്‍യാനി, സെപ്റ്റംബര്‍ 26 വിപ്ലവത്തിലെ പോരാളിയും ശൂറാ കൗണ്‍സില്‍ അംഗവുമായിരുന്ന മേജര്‍ ജനറല്‍ ഹമൂദ് ബൈദര്‍, അംബാസഡര്‍ അലി മുഹ്‌സിന്‍ അല്‍-ഹമീദ്, യൂണിവേഴ്‌സിറ്റി പ്രൊഫസറും ശൂറ കൗണ്‍സില്‍ അംഗവുമായ ഡോ. മത്ഹര്‍ അസ്സഈദി തുടങ്ങിയ പ്രമുഖര്‍ അക്കൂട്ടത്തിലുണ്ട്. നിലവിലെ ദുരന്തസമാനമായ അവസ്ഥക്ക് നാല് പ്രേരകങ്ങളാണുള്ളതെന്ന് മനസ്സിലാക്കാന്‍ അവരുമായുള്ള സംഭാഷണം സഹായിച്ചു.

ഇതില്‍ ഏറ്റവും അപകടകരമായ പങ്ക് വഹിച്ചിരിക്കുന്നത് മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹാണെന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. 33 വര്‍ഷം അധികാരത്തിലിരുന്ന അദ്ദേഹം തന്റെ വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ തന്നെ നടത്തിയിട്ടുണ്ട്. അതിനായി ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളിലും തന്റെ ബന്ധുക്കളെ നിയമിച്ചു എന്നുള്ളതാണ്. അപ്രകാരം തന്റെ ഗോത്രക്കാരെ (സന്‍ഹാന്‍) ഓഫീസര്‍മാരും സൈനികരുമാക്കി സൈന്യത്തിന്റെ കൂറും അദ്ദേഹം നേടി. അവസാനം യമന്‍ റിപബ്ലിക്കിന്റെ സൈന്യമെന്നത് അലി സാലിഹിന്റെയും കുടുംബത്തിന്റെയും സൈന്യമായി മാറിയെന്നതാണ് വസ്തുത. അദ്ദേഹത്തിന്റെ പകരക്കാരനായി വന്ന അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്ക് സൈന്യത്തിന് മേല്‍ യാതൊരു അധികാരവുമില്ലായിരുന്നതാണ് ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്.

അധികാരം മുറുകെ പിടിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം എപ്പോഴും പ്രകടമായിരുന്നു. അതിന് വേണ്ട എല്ലാ വാതിലുകളും അദ്ദേഹം മുട്ടി. യമന്‍ പ്രതിസന്ധിയെ കുറിച്ച് കഴിഞ്ഞ ദിവസം (3/29) ബ്രിട്ടനില്‍ നിന്നിറങ്ങുന്ന ‘ഡയലി ടെലഗ്രാഫ്’ ശ്രദ്ധേയമായ ഒരു റിപോര്‍ട്ട് പുറത്തുവിട്ടിരുന്നു. അല്‍-ഖാഇദ ഘടകങ്ങളെ വേട്ടയാടുന്നതിന് അലി സാലിഹ് തന്റെ രാജ്യകവാടങ്ങളും അന്തരീക്ഷവും അമേരിക്കന്‍ വിമാനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കൊടുത്ത സമയത്ത് സന്‍ആയിലെ തന്റെ ഓഫീസില്‍ അല്‍-ഖാഇദ നേതാവ് സാമി ദിയാനുമായി ഒരു കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നാണ് പ്രസ്തുത റിപോര്‍ട്ട് പറയുന്നത്. 2011-ല്‍ അദ്ദേഹത്തിനെതിരെ വിപ്ലവം നടക്കുന്ന സമയത്താണിത്. അല്‍-ഖാഇദക്ക് ഏദനിലേക്ക് പ്രവേശിക്കുന്നതിനും തെക്കന്‍ ഭാഗങ്ങളില്‍ സ്വാധീന വലയം വിപുലപ്പെടുത്തുന്നതിനും അബ്‌യന്‍ പ്രവിശ്യയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാമെന്ന് അലി സാലിഹ് വാഗ്ദാനം ചെയ്തു. ആ വാഗ്ദാനം നടപ്പാക്കുകയും ചെയ്തു. രക്ഷാസമിതിക്ക് പ്രമുഖര്‍ തയ്യാറാക്കി നല്‍കിയ റിപോര്‍ട്ടിനെ ആസ്പദമാക്കിയാണ് ടെലഗ്രാഫിലെ ലേഖനം.

യമനിലെ അവസ്ഥ വളരെ മോശമാവുകയും മറ്റൊരാള്‍ക്ക് അധികാരം കൈമാറാന്‍ ഗള്‍ഫ് നാടുകളുടെ നിര്‍ദേശമുണ്ടാവുകയും ചെയ്തപ്പോള്‍ തന്റെ പ്ലാനുകള്‍ തുടരുന്നതിന് രണ്ട് കാര്യങ്ങള്‍ ഉറപ്പാക്കുന്നതിലും അദ്ദേഹം വിജയിച്ചു എന്നതും ശ്രദ്ധേയമാണ്. സഹായികളോടും കുടുംബത്തോടും ഗോത്രത്തോടും ഒപ്പം സന്‍ആയില്‍ തന്നെ താമസം ഉറപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. താന്‍ ഒരുക്കുകുയം തന്റെ തന്നെ പരിധിയില്‍ നിലകൊള്ളുകയും ചെയ്ത സൈന്യത്തോടൊപ്പം നിലകൊള്ളാനും സാധിച്ചുവെന്നതാണ് അതിലേറെ പ്രധാനം. വിചാരണ ചെയ്യപ്പെടില്ലെന്ന ഉറപ്പാണ് രണ്ടാമത്തെ കാര്യം. അതിലൂടെ താന്‍ കവര്‍ന്നെടുത്ത മുഴുവന്‍ സമ്പത്തും തന്റെ തന്നെ സംരക്ഷണിത്തിലാക്കാന്‍ സാലിഹിന് കഴിഞ്ഞു. ഈ രണ്ട് ഉറപ്പുകള്‍ക്ക് മേല്‍ ക്രമേണ സന്‍ആയില്‍ അദ്ദേഹത്തിന്റെ ശക്തി അനുദിനം ഇരട്ടിച്ചു.

ഹൂഥികള്‍ക്കെതിരെ ആറ് വര്‍ഷക്കാലം (2004-2010) യുദ്ധം ചെയ്ത സാലിഹ് അവരുമായി സഖ്യത്തിലേര്‍പ്പെടാനും യമനിലെ അവരുടെ മുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കാനും ഒട്ടും മടികാണിച്ചില്ലെന്നുള്ളത് കടുത്ത വിരോധാഭാസമാണ്. സന്‍ആയിലെ ഭരണ നിര്‍വഹണ കാര്യാലയങ്ങള്‍ പിടിച്ചെടുക്കുന്നത് അവര്‍ക്ക് എളുപ്പമാക്കി കൊടുത്തത് അദ്ദേഹമായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ യമന്‍ ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. 2013 സെപ്റ്റംബര്‍ 21-ന് അദ്ദേഹത്തിന്റെ ആളുകള്‍ സൈനിക താവളങ്ങളും തലസ്ഥാനത്തെ കേന്ദ്രങ്ങളും അവരുടെ ആധിപത്യത്തിനായി വിട്ടുകൊടുക്കുകയായിരുന്നു. സന്‍ആ പിടിച്ചെടുക്കുന്നതിന് ഹൂഥികളുമായി സഖ്യത്തിലേര്‍പ്പെട്ട സാലിഹ് തന്നെയാണ് ഏദന്‍ പിടിച്ചെടുക്കാന്‍ അവര്‍ക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കിയതെന്നുമാണ് ഞാന്‍ സംസാരിച്ച പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന്റെ ‘സൈനികര്‍’ അതില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.

ഹൂഥികളോട് യുദ്ധം ചെയ്തയാള്‍ തന്നെ അവരോട് സഖ്യത്തിലായതാണ് നാം കാണുന്നത്. അതേസമയം അദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായ ശേഷം ഏറെക്കാലം അദ്ദേഹത്തെ സംരക്ഷിക്കുകയും പരിചരിക്കുകയും ചെയ്ത രാഷ്ട്രമാണ് സൗദി. എന്നാല്‍ ഇന്ന് സൗദിക്കെതിരെ ഹൂഥികള്‍ക്കൊപ്പമാണ് അദ്ദേഹമിന്ന്. അധികാരത്തിലേക്ക് മടങ്ങിയെത്താന്‍ അത് വഴിതുറക്കുമെന്നാണ് അദ്ദേഹം കരുതുന്നത്. എന്നാല്‍ ഹൂഥികള്‍ക്കെതിരെ സൗദി സൈനിക നീക്കം നടത്താനുദ്ദേശിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ തന്റെ മകനെ റിയാദിലേക്ക് അയച്ചു. തന്റെ വ്യക്തിപരമായ സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സന്ദേശവുമായിട്ടായിരുന്നു അത്. ഹൂഥികളെ നേരിടാന്‍ ഒരു ലക്ഷം ആളുകളെ ഒരുക്കി തരാമെന്നും വാഗ്ദാനം ചെയ്തു. സൗദി ഈ ഇടപാട് തള്ളിക്കളയുകയും മാര്‍ച്ച് 27-ന് അതിനെ പരിഹസിച്ചു കൊണ്ട് അറബിയ്യ ചാനല്‍ ചിത്രസഹിതം വിശദമായ റിപോര്‍ട്ട് പുറത്തുവിടുകയും ചെയ്തു.

പ്രതിസന്ധിയുടെ രണ്ടാമത്തെ ഘടകം ഹൂഥികളാണ്. സൈനിക സംവിധാനങ്ങളുള്ള പൗരേതര രാഷ്ട്രീയ പ്രസ്ഥാനം എന്നാണ് ഹൂഥികളെ ഡോ. അബ്ദുല്‍ കരീം അല്‍-ഇര്‍യാനി പരിചയപ്പെടുത്തുന്നത്. സൈനിക സംവിധാനത്തിലൂടെ അറിയപ്പെടാത്തതും അതിരുകളില്ലാത്തതുമായ അവരുടെ ലക്ഷ്യങ്ങള്‍ നേടാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. തുടക്കത്തില്‍ മര്‍ദിതരായിരുന്ന അവര്‍ മര്‍ദകരമായി. വളരെയേറെക്കാലം പാര്‍ശ്വവല്‍കരിക്കപ്പെട്ടവരും മാറ്റിനിര്‍ത്തപ്പെട്ടവരും പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരുമായിരുന്നു അവര്‍. പ്രത്യേകിച്ചും പ്രസിഡന്റ് അലി സാലിഹിന്റെ ഭരണത്തിന് കീഴില്‍. എന്നാല്‍ അവര്‍ ഉണരുകയും സഅ്ദയില്‍ നിന്നും പുറത്തു കടന്ന് സന്‍ആയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ കണക്കുകള്‍ക്കപ്പുറമുള്ള മോഹങ്ങളായിരുന്നു അവരുടെ മുന്നില്‍.

തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിലും തങ്ങളുടെ രാഷ്ട്രീയത്തിന് അംഗീകാരം നേടുന്നതിനും ഭരണത്തില്‍ പങ്കാളിത്വം നേടുന്നതിലും അവര്‍ വിജയിച്ചു. എന്നാല്‍ അവര്‍ അതുകൊണ്ട് തൃപ്തിപ്പെട്ടില്ല. കാരണം അവരുടെ ആര്‍ത്തി ഭരണകൂടത്തിന്‍ മേലുള്ള ആധിപത്യത്തിന് വേണ്ടിയായിരുന്നു. ആ യാത്രയില്‍ അവര്‍ കരാറുകളെല്ലാം ലംഘിക്കുകയും അനുരഞ്ജന ചര്‍ച്ചക്ക് വിസമ്മതിക്കുകയും ചെയ്തു. പിന്നീട് പരസ്പര ധാരണയുടെ കവാടങ്ങളെല്ലാം അടച്ച അവര്‍ തെക്കന്‍ ഭാഗങ്ങള്‍ അവരുടെ സായുധ സംഘങ്ങളെയും സഖ്യമായ മുന്‍ പ്രസിഡന്റിന്റെ സൈനികരെയും കൊണ്ട് നിറച്ചു. തങ്ങളുടെ ‘ഖുര്‍ആനിക’ പരിണതിയെ കുറിച്ച് അവര്‍ വാചാലരായി. പല അറബ് തലസ്ഥാനങ്ങളും മക്കയും മദീനയും അടക്കമുള്ള കേന്ദ്രങ്ങള്‍ ‘വിമോചിപ്പിച്ച്’ ഖുദ്‌സും ഫലസ്തീനും മോചിപ്പിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇടക്കെല്ലാം അവര്‍ പറയുകയും ചെയ്തു.

മൂന്നാമത്തെ ഉത്തരവാദി ഇറാനാണ്. ഹൂഥികളുമായുള്ള ചര്‍ച്ചകളിലെല്ലാം അവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. നിലവിലെ അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ ഇറാന്റെ പങ്ക് എത്രത്തോളമാണെന്ന് വ്യക്തമാക്കുന്ന നിരവധി കഥകളും തെളിവുകളും ഡോ. അബ്ദുല്‍ കരീം അല്‍-ഇര്‍യാനിയുടെ പക്കലുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ അവരുടെ പ്രമുഖ കൂടിയാലോചകരില്‍ ഒരാളായിരുന്നു അദ്ദേഹം. എല്ലായ്‌പ്പോഴും ഒമാന്‍ പ്രതിനിധിയാണ് ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നതെന്നത് ഒരു രഹസ്യമല്ല. ഒമാന്‍ രാജാവിന്റെ താല്‍പര്യ പ്രകാരം പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുമായി നേരിട്ട് സംഭാഷങ്ങള്‍ നടത്തിയായിരുന്നു അദ്ദേഹം നീങ്ങിയിരുന്നത്.

രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും പിന്നെ തീരുമാനം ഹൂഥികള്‍ക്ക് വിട്ടുകൊടുക്കുകയുമായിരുന്നു ഇറാന്‍ ചെയ്തിരുന്നതെന്നത് ശരിയാണ്. എന്നാല്‍ അതോടൊപ്പം തന്നെ ഹൂഥി പ്രതിനിധി സംഘങ്ങളെ സ്വീകരിക്കുകയും അവര്‍ക്ക് സാമ്പത്തിക സഹായവും റെവലൂഷന്‍ ഗാര്‍ഡിനെയും ലബനാനിലെ ഹിസ്ബുല്ലയെയും ഉപയോഗപ്പെടുത്തി പരിശീലനവും നല്‍കിയിരുന്നു.

ഇറാന്‍ അംബാസഡറും ഉദ്യോഗസ്ഥനും നിരന്തരം സഅ്ദയും ഏദനും സന്ദര്‍ശിച്ചിരുന്നുവെങ്കിലും യമനിലെ സങ്കീര്‍ണമായ അവസ്ഥയുടെ ശരിയായ ചിത്രം നല്‍കുന്നതില്‍ അവര്‍ വിജയിച്ചില്ല. അതിന്റെ ഫലമാണ് യമന്റെ കാര്യത്തില്‍ തെഹ്‌റാന് സംഭവിച്ചിരിക്കുന്ന വീഴ്ച്ച. ഇറാന്റെയും ലബനാന്റെയും പശ്ചാത്തലത്തിലാണ് അവരതിനെ വിലയിരുത്തിയത്. അവരുടെ തെറ്റായ വിലയിരുത്തല്‍ തെക്കും വടക്കും ആധിപത്യം വ്യാപിപ്പിക്കാന്‍ ഹൂഥികള്‍ക്ക് പ്രചോദനമായി. അതിര്‍ത്തിയില്‍ സൈനികാഭ്യാസ പ്രകടനം നടത്തുമെന്ന് സൗദിയെ ഭീഷണിപ്പെടുത്തുക വരെ അവര്‍ ചെയ്തു. അതിലെല്ലാം ഇറാന്‍ പ്രോത്സാഹിപ്പിക്കുകയോ മൗനം പാലിക്കുകയോ ചെയ്തു.

പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂറിന്റെ കാര്യക്ഷമത കുറവാണ് നാലാമത്തെ പ്രേരകം. അലി സാലിഹ് തന്റെ ആളുകളിലൂടെ സൈന്യത്തെ നിയന്ത്രിക്കുമെന്ന് തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തിനറിയാമായിരുന്നു. ജനങ്ങളെ കൂട്ടുപിടിച്ച് ആ വ്യവസ്ഥിതിക്ക് മാറ്റം വരുത്താന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു കാല്‍വെപ്പും അദ്ദേഹം നടത്തിയില്ല. പിന്നീട് നടത്തിയ പുനസംഘാടനത്തിനുള്ള ശ്രമം പ്രായോഗിക തലത്തിലെത്താതെ പ്രതീകാത്മകമായി ഒതുങ്ങുകയാണുണ്ടായത്. ഇംറാനിലേക്ക് ഹൂഥികളെ നേരിടുന്നതിന് സൈന്യത്തെ അയക്കാന്‍ പ്രതിരോധ മന്ത്രിയോട് നിര്‍ദേശിച്ചപ്പോള്‍ അദ്ദേഹമത് തള്ളിക്കളയുകയായിരുന്നു. പ്രവിശ്യ കൈവിട്ടു പോകുന്നതിനാണത് കാരണമായത്. പ്രസിഡന്റ് എത്രത്തോളം ദുര്‍ബലനായിരുന്നു എന്നതാണിത് സൂചിപ്പിക്കുന്നത്.

അവക്ക് പുറമെ പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങളും വലിയ ദോഷഫലങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രത്യേകിച്ചും പ്രസിഡന്റിന്റെ മകന്‍ ജലാലിന്റെ പേര് ഉയര്‍ന്നു വന്ന സന്ദര്‍ഭത്തില്‍. അപ്പോഴും തന്റെ ജോലിയുമായി പ്രസിഡന്റിന്റെ ആസ്ഥാനത്ത് തുടരുകയായിരുന്നു അദ്ദേഹം.

ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ ‘നിര്‍ണായക കൊടുങ്കാറ്റ്’ അനിവാര്യമായിരുന്നോ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. അപ്പോള്‍ അതിന് കിട്ടിയ മറുപടി അതിനെ ശരിവെക്കുന്നതായിരുന്നുവെന്നത് ദുഖകരമാണ്. കാരണം, രാഷ്ട്രീയമായി നേട്ടങ്ങളുണ്ടാക്കിയിട്ടും ഹൂഥികള്‍ ചര്‍ച്ചയുടെ വാതിലുകള്‍ അടക്കുകയാണ് ചെയ്ത്. മുന്‍ പ്രസിഡന്റ് അതിനവരെ സഹായിക്കുകയും ചെയ്തു. മാത്രമല്ല, നേരത്തെയുണ്ടാക്കിയ കരാറുകള്‍ ലംഘിച്ച സാഹചര്യത്തില്‍ അവരുമായി നടത്തുന്ന ചര്‍ച്ചകളുടെ ഗൗരവത്തിലും പ്രായോഗികതയിലും സംശയിക്കേണ്ടതുണ്ട്. ഒത്തുതീര്‍പ്പുകള്‍ ആധിപത്യമുറപ്പിക്കാനുള്ള തന്ത്രമായിട്ടാണ് അവര്‍ ഉപയോഗിച്ചത്.

ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബര്‍ 20-ന് സന്‍ആയിലെ പ്രധാനപ്പെട്ട രണ്ട് സൈനിക താവളങ്ങള്‍ക്ക് മേലുള്ള ഉപരോധം എടുത്തുകളയാന്‍ അവര്‍ തയ്യാറായത് അതിന് ഉദാഹരണമാണ്. തൊട്ടടുത്ത ദിവസം തന്നെ നഗരം പൂര്‍ണമായും അവരുടെ നിയന്ത്രണത്തിലാക്കുകയാണ് അവര്‍ ചെയ്തത്. അത് മാത്രമല്ല, സൗദിയുടെ സുരക്ഷക്ക് വെല്ലുവിളിയുയര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടത്തുകയും ചെയ്തു. അതിര്‍ത്തിയില്‍ നടത്തിയ സൈനികാഭ്യാസ പ്രകടനം അത്തരത്തിലുള്ള ഒന്നായിരുന്നു.

കൂടുതല്‍ വിദൂരത്തേക്ക് അവര്‍ നീങ്ങുകയും ഏദനില്‍ അധിനിവേശം നടത്തി ബാബുല്‍ മന്‍ദബിനോട് അടുത്തെത്തിയതോടെ അവരുടെ ആക്രമണം വളരെ പ്രകടമായി. സൈനിക നീക്കമല്ലാത്ത മറ്റൊരു ബദലും അവിടെയുണ്ടായിരുന്നില്ല. വളരെ വൈകി ആക്രമണം ആരംഭിച്ചതിന് ശേഷം അവര്‍ ചര്‍ച്ചയെയും രാഷ്ട്രീയ പരിഹാരത്തെയും കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. വഴിയെ ഉണ്ടാവേണ്ട ഒന്നു തന്നെയാണത്, എന്നാല്‍ മറ്റൊരു സാഹചര്യത്തിന്റെയും ഉറപ്പുകളുടെയും പശ്ചാത്തലത്തിലായിരിക്കണമത്.

മൊഴിമാറ്റം : നസീഫ്‌

Related Articles