Current Date

Search
Close this search box.
Search
Close this search box.

പ്രവാസി പിടിച്ചെടുക്കുന്ന രാഷ്ട്രീയം

passport.jpg

‘ജന്മനാട്ടില്‍ നിഷേധിക്കപ്പെട്ട രാഷ്ട്രീയ ഇടം അന്യനാട്ടില്‍ ചെന്ന് പ്രാമാണികമായിത്തന്നെ നേടി വരുകയാണ് പ്രവാസി. ഏതുരൂപത്തിലുള്ള രാഷ്ട്രീയ രൂപങ്ങളോടും പ്രതിപത്തിയില്ലാത്ത രാജ്യങ്ങളില്‍ നിന്നാണ് മലയാളി പ്രവാസി ഇത് നേടിപ്പോരുന്നതെന്നത് ചെറിയ കാര്യമല്ല.’

അറബ് ഗള്‍ഫ് പ്രദേശങ്ങളിലേക്കുള്ള കേരളീയരുടെ പ്രവാസം ആതിഥേയ രാജ്യങ്ങളില്‍ നാനാവിധത്തിലുള്ള അന്തര്‍-ദേശ രാഷ്ട്രീയ നങ്കൂരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയത്തിന്റെ സവിശേഷതകള്‍ക്കും രാഷ്ട്രീയ സങ്കീര്‍ണതകള്‍ക്കും അകത്തുള്ള ഏറ്റവും സൂക്ഷ്മമായ പ്രവാഹങ്ങളാല്‍ സ്വാധീനിക്കപ്പെടുകയും അതേസമയം ഗള്‍ഫില്‍ വ്യാപകമായി മലയാളികള്‍ എന്നറിയപ്പെടുന്ന കേരള കുടിയേറ്റക്കാരാല്‍ വളരെയധികം തിരിച്ചറിയപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു എന്ന അര്‍ത്ഥത്തിലാണ് അവ അന്തര്‍-ദേശ പരമായി മാറുന്നത്. ഒരു ‘അന്തര്‍ദേശ സ്വത്വം’ എന്ന നിലയില്‍ പ്രവാസി മലയാളികളാലും ഗള്‍ഫ് ഏകാധിപതികളുടെ രാഷ്ട്രീയ നിയന്ത്രണങ്ങള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്ന അവരുടെ വിവിധ സംഘടനകളാലും ഗ്രഹിക്കപ്പെടുകയും ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്ന കേരള രാഷ്ട്രീയത്തിന്റെ വിവിധ വഴികളെക്കുറിച്ചാണ് ഈ പ്രബന്ധം വിവരിക്കുന്നത്.

 

ഗള്‍ഫിലെ കേരള രാഷ്ട്രീയത്തിന്റെ നൈരന്തര്യത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ ഒരുപാട് മലയാളി സംഘടനകള്‍ തങ്ങളുടെ പങ്ക് നിര്‍വഹിക്കുന്നുണ്ട്. അറേബ്യന്‍ ഉപദ്വീപില്‍ കേരള കേന്ദ്രീകൃത രാഷ്ട്രീയത്തിന്റെ പ്രയോഗ വ്യാപ്തിയെ വികസിപ്പിച്ചുകൊണ്ട് പ്രാദേശിക രാഷ്ട്രീയവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഭൂപ്രദേശ ബോധത്തിന്റെ സാമ്പ്രദായിക സങ്കല്‍പങ്ങളെ തീവ്രമായ പുനര്‍വായനക്ക് വിധേയമാക്കുന്നുണ്ട് ഈ സംഘടനകള്‍. പ്രാദേശിക-ദേശീയ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് രാഷ്ട്രീയ വ്യവഹാരത്തിന്റെ കേവല വികസനം മാത്രമല്ല ഇവിടെ സംഭവിക്കുന്നത്. മറിച്ച് ഈ വികസനത്തിലൂടെ മറ്റു നിലയില്‍ രാഷ്ട്രീയമായി നിശ്ശബ്ദമാക്കപ്പെട്ട മലയാളി പ്രവാസികളുടെ ആവിഷ്‌കാര മാര്‍ഗങ്ങളുടെ ഉത്പാദനം കൂടിയാണ്. നവീനമായ രാഷ്ട്രീയ പര്യവേക്ഷണങ്ങളും സമുദായ ആചാരങ്ങളും കൊണ്ട് സൂക്ഷ്മമായ ശൈലിയില്‍ ഗള്‍ഫ് ഏകാധിപത്യങ്ങളുടെ രാഷ്ട്രീയ വിരസതകളെ മറികടക്കാന്‍ അവര്‍ പരിശ്രമിക്കുന്നു. വിദേശ പങ്കാളിത്തത്തിന് എതിരു നില്‍ക്കുകയും തീര്‍ത്തും പൗരാവകാശങ്ങളാല്‍ നിര്‍ണിതമാവുകയും ചെയ്ത ആതിഥേയ സമുദായങ്ങളിലെ രാഷ്ട്രീയം നിമിത്തം ഈ കേരള കേന്ദ്രീകൃത രാഷ്ട്രീയത്തിന്റെ വ്യാപനം ഒരു വലിയ കുടിയേറ്റ സമൂഹത്തെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഗുരുത്വാകര്‍ഷക ശക്തിയായി മാറുന്നു.
ജന്മനാട്ടിലെ സംഭവവികാസങ്ങളുമായി രാഷ്ട്രീയമായി ബന്ധപ്പെട്ടവരെന്ന നിലയില്‍ വിവിധ പ്രാദേശിക കുടുംബ വാഴ്ച ഭരണകൂടങ്ങള്‍ മറ്റു നിലയില്‍ നിഷേധിച്ച രാഷ്ട്രീയ പ്രമാണങ്ങളെയും പ്രത്യയ ശാസ്ത്രങ്ങളെയും പതിയെ കൊണ്ടുവരാനുള്ള ഒരു രാഷ്ട്രീയ ഇടം മലയാളി പ്രവാസികള്‍ രൂപീകരിച്ചിട്ടുണ്ട്. രസകരമായ കാര്യം, ഈ രാഷ്ട്രീയ ആവിഷ്‌കാരങ്ങളിലധികവും ഔദ്യോഗിക അംഗീകാരമുള്ളതല്ലാതിരുന്നിട്ടും മിക്ക ജി സി സി രാഷ്ട്രങ്ങളിലും ആതിഥേയ സമുദായത്തില്‍ നിന്ന് അസൗഹൃദപരവും അസഹിഷ്ണുതാപരവുമായ പ്രതികരണങ്ങള്‍ക്ക് പാത്രമാകുന്നില്ല എന്നതാണ്. ഏതു രൂപത്തിലുമുള്ള രാഷ്ട്രീയ സംഘടനാ ബന്ധങ്ങളും ജയില്‍തടവിനോ പെട്ടെന്നുള്ള കയറ്റിവിടലിനോ കാരണമാകുകയും ഏതു രൂപത്തിലുള്ള രാഷ്ട്രീയ സംഘടനകളും നിയമവിരുദ്ധമായി അവശേഷിക്കുകയും ചെയ്യുന്ന രാജ്യങ്ങളിലാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്നതും വളരെ പ്രധാനമാണ്.
ഒരു ഭാവനാത്മക പരിസരത്താണ് ഇത് നിര്‍മിക്കപ്പെട്ടിരിക്കുന്നതെങ്കിലും ആതിഥേയ രാഷ്ട്രങ്ങളിലെ രാഷ്ട്രീയ ഇടമില്ലായ്മക്ക് നഷ്ടപരിഹാരം കാണാനെന്നോണം സ്വന്തമെന്ന നിലയില്‍ ഒരു സമഗ്ര സ്വത്വത്തിന്റെയും ദേശീയ ആഖ്യാനത്തിന്റെയും നിര്‍മാണത്തിനു വേണ്ടിയാണ് ഈ പുനര്‍-ഭാവിത രാഷ്ട്രീയത്തെ പ്രവാസി മലയാളികള്‍ നോക്കിക്കാണുന്നത്. ആതിഥേയ രാജ്യങ്ങളിലെ രാഷ്ട്രീയ ആതിഥേയങ്ങളെ അതു നേരിട്ട് സംബോധന ചെയ്യുന്നില്ലായിരിക്കം. എന്നാല്‍ അന്തര്‍ദേശപരതയുടെ കീഴില്‍ ഗള്‍ഫിലും കേരളത്തിലും വൈവിധ്യമാര്‍ന്ന നവീന രാഷ്ട്രീയ പ്രയോഗങ്ങളെ ആനയിച്ചു കൊണ്ടുവരുന്ന ഒരു ചലനാത്മകതയെ അത് നിര്‍മിച്ചിട്ടുണ്ട്. ഈ ചലനാത്മകത പുതിയ രാഷ്ട്രീയ രൂപങ്ങളെ നിര്‍മിക്കുന്നു.
ഗള്‍ഫിലെ മലയാളി രാഷ്ട്രീയം ജന്മനാട്ടിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നിന്ന് പുതിയ രൂപത്തിലുള്ള രാഷ്ട്രീയ ഇടങ്ങളെ നിര്‍മിക്കാനുള്ള ശേഷി കൈവരിച്ച് ആതിഥേയ രാജ്യത്തിനകത്ത് വിശേഷ രാഷ്ട്രീയ വ്യവസ്ഥയായി രൂപാന്തരം പ്രാപിക്കുന്നു. ഔദ്യോഗിക സ്ഥാപനങ്ങളുടെ പുറത്താണ് ഈ രാഷ്ട്രീയ ഇടങ്ങള്‍ നിലകൊള്ളുന്നത് എന്നതിനാല്‍ ജനകീയ രാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട രൂപങ്ങളുടെ നിര്‍മാണത്തിന് ഇവ കാരണമാകുന്നു. ഈ ജനകീയ രാഷ്ട്രീയത്തിന്റെ ദൈനംദിന അനുഭവങ്ങളെ പൂര്‍ണമായി മനസ്സിലാക്കാന്‍ രാഷ്ട്രത്തിന് ഒരു നിലക്കും കഴിയുന്നില്ല. അനുവദനീയമായ നിയമാതിര്‍ത്തികള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങളൊരിക്കലും രാഷ്ട്രത്തിന് ഭീഷണിയാകുന്നുമില്ല. എത്രമാത്രം അന്തര്‍-ദേശ പരമായാണ് കേരള രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത് എന്നു മനസ്സിലാക്കണമെങ്കില്‍ ആഭ്യന്തര രാഷ്ട്രീയ സാമൂഹ്യ സ്ഥാപനങ്ങളുമായി നാമമാത്ര മിശ്രണം നടത്തുന്ന വിവിധ തരത്തിലുള്ള ഔദ്യോഗികവും അനൗദ്യോഗികവുമായ മലയാളി സംഘടനകളും അവരുടെ ശൃംഖലകളും കരഗതമാക്കുന്ന സുശക്തമായ പ്രാമുഖ്യത്തിലേക്ക് അന്വേഷിച്ചു പോകേണ്ടതുണ്ട്.

രാഷ്ട്രീയ ഇടത്തിന്റെ പുനര്‍ രൂപീകരണം
ജന്മനാടുമായി ബന്ധം പുലര്‍ത്താന്‍ സാധാരണ തൊഴിലാളികള്‍ക്ക് പ്രചോദനം നല്‍കുന്ന രാഷ്ട്രീയ ഗൃഹാതുരത്വത്തിന്റെ ആവിഷ്‌കാരം എന്ന നിലയില്‍ ഈ അന്തര്‍ദേശ- കേരള രാഷ്ട്രീയത്തെ കാണാന്‍ സാധിക്കും. പരുക്കന്‍ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു വിഭാഗത്തിന്റെ സാമൂഹ്യ-പ്രത്യുത്പാദനത്തിനാവശ്യമായ ഒരു ജൈവ ലോകമായി ഈ രാഷ്ട്രീയ ഗൃഹാതുരത്വം ചിലപ്പോള്‍ മാറുന്നു. ഗള്‍ഫിലെ മലയാളി കുടിയേറ്റക്കാരിലധികവും അവികസിതമായ, എന്നാല്‍ രാഷ്ട്രീയമായി ചലനാത്മകമായ മലബാര്‍ മേഖലയില്‍ നിന്നു വരുന്ന തങ്ങളുടെ ഇരുപതുകളിലോ മുപ്പതുകളിലോ ഉള്ള യുവാക്കളാണ്. തദ്ദേശീയരില്‍ നിര്‍ണായകമായ അനുരണനങ്ങളൊന്നും നിര്‍മിക്കുന്നില്ലെങ്കിലും ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അവര്‍ തങ്ങളുടെ രാഷ്ട്രീയ പൈതൃകങ്ങളെ മുന്നോട്ടു കൊണ്ടുപോവുകയും അവര്‍ വരുന്ന രാഷ്ട്രീയ ലോകത്തിന്റെ ഒരു മാതൃക ഇവിടെ നിര്‍മിക്കുകയും ചെയ്യുന്നു. ഈ രാഷ്ട്രീയം വളരെയധികം കേരള കേന്ദ്രീകൃതമാണ് എന്നതിനാല്‍ ഓരോ രഷ്ട്രീയ വികാസവും ഗള്‍ഫിലും ചുഴികള്‍ നിര്‍മിക്കുന്നു. ഇക്കാര്യം തെളിഞ്ഞുവരുന്നത് നവ സാമൂഹിക പ്രസ്ഥാനങ്ങളിലാണ്. കേരളത്തിലെ സവിശേഷമായ സാമൂഹിക രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്ക് കുറുകെയുള്ള ഏക പ്രശ്‌നങ്ങളില്‍ കേന്ദ്രീകരിക്കുന്ന അത്തരം പ്രസ്ഥാനങ്ങളും ഗള്‍ഫ് കേരളീയരുടെ ജനകീയ ഭാവനയെ ആകര്‍ഷിക്കുന്നു. തങ്ങളുടെ പ്രകടനങ്ങളുടെ വ്യാപ്തി പലപ്പോഴും തൊഴില്‍ ക്യാമ്പുകളുടെ നാലു ചുമരുകള്‍ക്കപ്പുറത്തേക്ക് പോവില്ലെന്നുറപ്പായിട്ടും കേരള കേന്ദ്രീകൃതമായ പരിസ്ഥിതി മനുഷ്യാവകാശ സംഘങ്ങള്‍ കേരളത്തിലെ വൈകാരിക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഒപ്പുശേഖരണം, പ്രതിഷേധ സംഗമങ്ങള്‍, തെരുവു നാടകങ്ങള്‍ തുടങ്ങിയ പ്രകടനങ്ങളിലൂടെ പുതിയ രാഷ്ട്രീയ രൂപങ്ങളെ നിര്‍മിച്ചെടുക്കുന്നു. അപൂര്‍വം ചില സന്ദര്‍ഭങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍- 1922-ല്‍ മലയാളി നാടകപ്രവര്‍ത്തകര്‍ അവതരിപ്പിച്ച ഒരു നാടകം മതനിന്ദയാരോപിക്കപ്പെട്ട് ഭരണകൂടത്തിന്റെ രോഷത്തിന് കാരണമായി- ജി സി സിയിലെ രാജ്യങ്ങള്‍ ഈ പ്രകടനങ്ങളുടെ ഗൗരവപൂര്‍ണമായ രാഷ്ട്രീയ ഉള്ളടക്കങ്ങളെക്കുറിച്ച് ബോധവാന്മാരല്ല.
ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും മലയാളി സംഘടനകളുടെ അജണ്ടയില്‍ സ്ഥാനം കണ്ടെത്തുന്നു. പഴയ പ്രസ്ഥാനങ്ങള്‍ക്കൊന്നും ഏറ്റെടുക്കാനാവാത്ത ഇന്ത്യന്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള പോരാട്ടം, കഴിഞ്ഞ ദശകത്തില്‍ ഉയര്‍ന്നുവന്ന ചില പ്രസ്ഥാനങ്ങള്‍ രഹസ്യമായി, എന്നാല്‍ ആത്മാര്‍ത്ഥമായി മുന്നോട്ടു കൊണ്ടുപോവുന്നുണ്ട്. പഴയ പ്രസ്ഥാനങ്ങളധികവും പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തികള്‍ക്കുള്ള വേദിയായിരുന്നപ്പോള്‍ പുതിയ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ വൈകാരികമായ മനുഷ്യാവകാശ വിഷയങ്ങള്‍ രഹസ്യമായി കൈകാര്യം ചെയ്യുന്നു. ഈ പ്രസ്ഥാനങ്ങള്‍ വിശിഷ്യാ ചൂഷണത്തിനും കുറഞ്ഞ വേതനത്തിനുമെതിരെ നടന്ന ദക്ഷിണ ഏഷ്യന്‍ തൊഴിലാളി പ്രക്ഷോഭത്തിനു ശേഷം തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വംശീയ ഭാഷാധിഷ്ഠിത അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വികസിപ്പിക്കാനും അതുവഴി ദക്ഷിണ ഏഷ്യന്‍ തൊഴിലാളികളുടെ പൊതു ഉത്കണ്ഠകളെ അഭിസംബോധന ചെയ്യാനും ആരംഭിച്ചിട്ടുണ്ട്.
രാഷ്ട്രീയമായി സംഘടിക്കുന്നതിനു പുറമെ ജാതിവരകള്‍ക്കു കുറുകെ സംഘടിക്കാനുള്ള ഒരു ശക്തമായ പ്രവണതയും ഉയര്‍ന്നു വരുന്നുണ്ട്. കേരളത്തിലെ ഓരോ സ്വത്വാധിഷ്ഠിത സംഘടനയ്ക്കും ഗള്‍ഫില്‍ മുന്നണി സംഘടനകളുണ്ട്. ഗള്‍ഫിലെ ഈ ജാത്യാധിഷ്ഠിത ശൃംഖലകള്‍ പലപ്പോഴും ഒരു ഏകീകരണ ശക്തിയാണ്; വിശിഷ്യാ പുതുമുഖങ്ങള്‍ക്ക്. കാരണം, ഇവയുമായുള്ള ബന്ധം ഗവണ്‍മെന്റ് ഓഫീസുകളിലെ വരേണ്യ സ്വകാര്യ സംഘടനകളില്‍ സ്ഥാനങ്ങള്‍ നേടിക്കൊടുക്കാന്‍ പര്യാപ്തമാണ്. ഈ ശൃംഖലയില്‍ ചിലത് അനൗദ്യോഗികമാണെന്നിരിക്കാം. എന്നാല്‍ പങ്കാളിത്ത ബിസിനസ് നടത്തുന്നതില്‍ മര്‍വാഡികളും ബനിയകളും സ്വീകരിച്ച വിജയകരമായ വ്യാപാര ശൃംഖലകളാണ് ഇവരും രൂപീകരിച്ചിട്ടുള്ളത്.
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേരി ചേരാതിരിക്കുന്നതോ അല്ലെങ്കില്‍ അവയില്‍ നിന്നു നേരിട്ട് പിതൃത്വം സ്വീകരിക്കുന്നതോ ആയ ഗള്‍ഫിലെ മലയാളി സംഘടനകള്‍ കേരളത്തിലും ഗള്‍ഫിലുമുള്ള പ്രസ്ഥാനങ്ങള്‍ക്കിടയിലെ ഒരു പാലമാണ്. കേരളത്തിലെ ഏതാണ്ടെല്ലാ രാഷ്ട്രീയ സംഘങ്ങള്‍ക്കും-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുതല്‍ നിയമവിരുദ്ധമാക്കപ്പെട്ട മാവോയിസ്റ്റുകള്‍ക്കു വരെ ഗള്‍ഫില്‍ മുന്നണി സംഘടനകളുണ്ട്. ആതിഥേയ രാജ്യത്തിന്റെ സെന്‍സര്‍ ശ്രദ്ധകളില്‍ നിന്ന് രക്ഷപ്പെട്ട് പാത്തും പതുങ്ങിയും അനൗദ്യോഗികമായും ഇവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഗള്‍ഫില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോലുള്ള ദേശീയ പാര്‍ട്ടികളെക്കാള്‍ കൂടുതല്‍ ജനകീയത ലഭിക്കുന്നു. കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍(KMCC) എന്ന മുസ്‌ലിം ലീഗിന്റെ ഒരു മുന്നണി സംഘടനയാണ് ഏറ്റവും കൂടുതല്‍ യൂണിറ്റുകളുള്ള ഏറ്റവും വലിയ മലയാളി സംഘടന. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(CPIM) വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ തങ്ങളുടെ സംഘടനകളെ കേരളത്തിലെ വിവിധ ജില്ലാ കമ്മിറ്റികള്‍ക്ക് സമാനമായാണ് കാണുന്നത്. രസകരമായ കാര്യം സി പി എമ്മിനകത്തെ പോരടിക്കുന്ന രണ്ടു നേതാക്കള്‍. വി എസ് അച്യുതാനന്ദനും പിണറായി വിജയനും നയിക്കുന്ന രണ്ടു ചേരികള്‍ക്കും ഗള്‍ഫ് രാഷ്ട്രീയത്തില്‍ സ്ഥാനം ലഭിച്ചിട്ടുണ്ട് എന്നതാണ്.

കേരള രാഷ്ട്രീയത്തിലെ അനുരണനങ്ങള്‍
കേരളത്തിലേക്ക് തിരിച്ചുവരാം. ഗള്‍ഫ് മലയാളി രാഷ്ട്രീയത്തിന് പ്രവര്‍ത്തിക്കാനുള്ള ബഹുമുഖ പ്രസ്ഥാനങ്ങള്‍ ഇവിടെയുണ്ട്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ സംഘങ്ങളെല്ലാം ഗള്‍ഫില്‍ താമസിക്കുന്ന തങ്ങളുടെ പ്രവര്‍ത്തകരില്‍ നിന്നു വളരെകൂടുതല്‍ ധാര്‍മിക സാമ്പത്തിക രാഷ്ട്രീയ പിന്തുണ തേടുന്നു. കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരും രാഷ്ട്രീയ പ്രചോദിതരായ മത നേതാക്കളും വിദേശ മലയാളികളെ ഇടക്കിടക്ക് ചെന്നു കാണുകയും സാമ്പത്തിക ധാര്‍മിക പിന്തുണക്കായി അപേക്ഷിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ കുടിയേറ്റക്കാരോട് നാട്ടില്‍ വരാനും കേരള രാഷ്ട്രീയത്തില്‍ ഇടപെടാനും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
അതേസമയം, ഗള്‍ഫ് മലയാളികള്‍ തങ്ങളുടെ ജനസംഖ്യാ അധികാരം കേരള രാഷ്ട്രീയത്തില്‍ നേരിട്ടുപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്. അതിന്റെ ഫലമായി ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുമായി സ്ഥിരമായ ബാന്ധവത്തിലേര്‍പെടാന്‍ വല്ലാണ്ടാഗ്രഹിക്കാത്ത ഒരു പറ്റം ചഞക(None Resident Indian) രാഷ്ട്രീയക്കാരുടെ സൈന്യം ഉണ്ടായിവരുന്നു.
കേരള നിയമസഭയിലെ എന്‍ആര്‍ഐ ആയി മാറിയ രണ്ടു എം എല്‍ എമാര്‍ – കുവൈത്ത് ചാണ്ടി എന്ന് ജനകീയമായി അറിയപ്പെടുന്ന തോമസ് ചാണ്ടിയും മഞ്ഞളാംകുഴി അലിയും കേരള രാഷ്ട്രീയത്തിലെ ഈ പുതിയ ഗണത്തെ പ്രതിനിധീകരിക്കുന്നവരാണ്. പാര്‍ട്ടി ഫണ്ടുകളെയോ സംസ്ഥാന ഫണ്ടുകളെയോ ഇവര്‍ രണ്ടുപേരും കൂടുതലാശ്രയിക്കുന്നില്ല. മറിച്ച് സ്വകാര്യ ഫണ്ടുകളിലൂടെ നടപ്പിലാക്കപ്പെടുന്ന വിവിധ ക്ഷേമപാക്കേജുകള്‍ വഴി അവര്‍ തങ്ങളുടെ വോട്ടര്‍മാര്‍ക്കിടയില്‍ അപാരമായ ജനകീയതയും സ്വാധീനവും നേടിയെടുക്കുന്നു. തദ്ദേശ സ്വയം ഭരണത്തിന്റെ സമാന്തര രൂപങ്ങളെന്ന പോലെയാണ് ഇവര്‍ രണ്ടുപേരും പ്രവര്‍ത്തിക്കുന്നത്. എം എല്‍ എമാര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനായി ഗവണ്‍മെന്റ് അനുവദിക്കുന്ന എം എല്‍ എ ഫണ്ടില്‍ തീരെ ആശ്രയിക്കാതെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിനായി രണ്ടുപേരും സ്വന്തമായി ഒരുപാട് ചെലവഴിക്കുന്നു. പാവപ്പെട്ട കര്‍ഷകര്‍ ധാരാളമുള്ള നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികളെന്ന നിലയില്‍ ചാണ്ടിയുടെയും അലിയുടെയും സംഭാവനകളും അതുപോലെ അവര്‍ നാട്ടുകാര്‍ക്ക് ഗള്‍ഫില്‍ ഒരുക്കിക്കൊടുക്കുന്ന തൊഴിലവസരങ്ങളും എല്ലായ്‌പ്പോഴും തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതിഫലിക്കുന്നു.
ഗള്‍ഫ് മലയാളികളിലെ സമ്പന്നര്‍ക്ക് സ്വീകാര്യതയും സാമൂഹിക ദൃഢീകരണവും ഒരുക്കിക്കൊടുക്കുന്നത് രാഷ്ട്രീയ ബന്ധങ്ങളാണ്. പുതുതായി നേടിയെടുത്ത സാമ്പത്തിക ഖ്യാതി കൊണ്ട് ഇടതും വലതുമുള്ള രാഷ്ട്രീയക്കാരെ അവര്‍ തങ്ങളുടെ കീശയിലാക്കുകയും അത് സാമ്പത്തിക രാഷ്ട്രീയ താത്പര്യങ്ങളെ മുന്നോട്ടു കൊണ്ടുപോവാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു. മലയാളി ഗള്‍ഫ് ബിസിനസുകാര്‍ക്ക് കേരള രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുണ്ട്. സി പി എം നയിക്കുന്ന ഇടതു ജനാധിപത്യ മുന്നണിക്കും ഐ എന്‍ സി നയിക്കുന്ന ഐക്യജനാധിപത്യ മുന്നണിക്കും ഇടയില്‍ വിവിധ സമയങ്ങളില്‍ പിന്തുണ മാറ്റുന്ന ഈ മുതലാളിമാര്‍ തങ്ങളുടെ രാഷ്ട്രീയ നയതന്ത്രം തീര്‍ത്തും പ്രായോഗികവാദപരമാണെന്ന് തെളിയിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു അന്തര്‍-ദേശ മലയാളി രാഷ്ട്രീയത്തിന്റെ ഊര്‍ജങ്ങളെ തിരിച്ചറിയാന്‍ തുടങ്ങി എന്നാണ് സമകാലിക വികസനങ്ങള്‍ ഉയര്‍ത്തികാണിക്കുന്നത്. എങ്ങനെയാണെങ്കിലും പ്രവാസി പരിതസ്ഥിതിയിലെ കേരള രാഷ്ട്രീയത്തിന്റെ ഈ പുനരുത്പാദനം ആതിഥേയ സമൂഹങ്ങളില്‍ എത്രത്തോളം അനുരണനം ചെയ്യുന്നുണ്ടെന്നത് ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നു.

Related Articles