Current Date

Search
Close this search box.
Search
Close this search box.

നബിതിരുമേനിയുടെ യുദ്ധത്തിനുള്ള കാരണങ്ങള്‍

war.jpg

‘തന്നോട് യുദ്ധം ചെയ്തവനോടല്ലാതെ മുസ്‌ലിം യുദ്ധം ചെയ്യുകയില്ല’

പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് കൃത്യമായി പറഞ്ഞാല്‍ 1665ലാണ് മലേഷ്യക്ക് മേല്‍ ബ്രിട്ടീഷുകാരുടെ അധിനിവേശം ആരംഭിക്കുന്നത്. ഈ കൊളോണിയല്‍ ആധിപത്യം ഏകദേശം മൂന്ന് നൂറ്റാണ്ടുകളോളം നില നിന്നു. 1957ലാണ് മലേഷ്യ സ്വാതന്ത്ര്യം നേടുന്നത്. ഇത്രയും ചെറിയ ഒരു രാജ്യത്തെ ആക്രമിക്കാനും കീഴ്‌പ്പെടുത്താനും അവര്‍ക്കുണ്ടായിരുന്ന പ്രചോദനമെന്തായിരുന്നു. എന്നല്ല സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് അവര്‍ ഒരു നിലക്കും ഭീഷണിയായിരുന്നുമില്ല.

ഇത് സാമ്രാജ്യത്വത്തിന്റെ രീതി. എന്നാല്‍ ഇസ്‌ലാം ഇതില്‍ നിന്നും വ്യത്യസ്തമാണ്. സൈന്യത്തെ യാത്രയയക്കുമ്പോള്‍ പ്രവാചകന്‍(സ) ഇപ്രകാരം പറയും. അല്ലാഹുവിനോട് നിങ്ങള്‍ സൗഖ്യം തേടുക. ഒരിക്കലും ശത്രുവിനെ കണ്ട് മുട്ടാന്‍ നിങ്ങള്‍ ആഗ്രഹിക്കരുത്.’
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വാര്‍ത്തെടുത്ത മുസ്‌ലിം ഒരു നിലക്കും യുദ്ധവും, രക്തച്ചൊരിച്ചിലും ഇഷ്ടപ്പെടുകയില്ല. അതിനാല്‍ തന്നെ ആരുമായും അവന്‍ യുദ്ധം തുടങ്ങിവെക്കുകയില്ല. എല്ലാ നിലക്കും അവയില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള ശ്രമമായിരിക്കും അവന്‍ നടത്തുക. വിശുദ്ധ ഖുര്‍ആനിലെ ധാരാളം വചനങ്ങള്‍ ഈ ആശയം അരക്കിട്ടുറപ്പിക്കുന്നുണ്ട്. മുസ്‌ലിംകള്‍ കഠിനമായ ആക്രമണത്തിന് വിധേയമായതിന് ശേഷമാണ് യുദ്ധത്തിന് അനുമതി ലഭിച്ചത്. സ്വന്തം ജീവനും ദീനും സംരക്ഷിക്കേണ്ട സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. അല്ലാത്ത പക്ഷം അത് ഭീരുത്വമായിരുന്നു. അപ്പോഴാണ് വിശുദ്ധ വേദം ഇപ്രകാരം പറഞ്ഞത്. ‘യുദ്ധം ചെയ്യപ്പെട്ടര്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നു. കാരണം അവര്‍ മര്‍ദ്ദിക്കപ്പെട്ടവരാണ്. അവരെ സഹായിക്കുവാന്‍ അല്ലാഹു കഴിവുറ്റവനാകുന്നു. അന്യായമായി തങ്ങളുടെ വീടുകളില്‍ നിന്നും പുറത്താക്കപ്പെട്ടവരാണവര്‍. ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്നല്ലാതെ മറ്റൊന്നും അവര്‍ ചെയ്തിട്ടില്ലായിരുന്നു.’ (ഹജ്ജ്: 39,40)

യുദ്ധത്തിനുള്ള കാരണം ഇവിടെ വളരെ വ്യക്തമാണ്. മുസ്‌ലിംകള്‍ അക്രമിക്കപ്പെടുകയും സ്വഗേഹങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും ചെയ്തുവെന്നതാണ് അത്. വിശുദ്ധ ഖുര്‍ആന്റെ മറ്റൊരു വചനം കാണുക. ‘നിങ്ങളോട് യുദ്ധം ചെയ്തവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ പോരാടുക. പക്ഷെ ഒരിക്കലും അതിര് വിടരുത്. കാരണം അത്തരക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’ (അല്‍ ബഖറ: 190) ഇമാം ഖുര്‍ത്വുബി വിശദീകരിക്കുന്നു ‘യുദ്ധം അനുവദിച്ച് കൊണ്ടവതരിച്ച പ്രഥമ ആയത്താണിത്. ഹിജ്‌റക്ക് മുമ്പ് യുദ്ധം നിഷിദ്ധമായിരുന്നുവെന്നതിന് രണ്ടഭിപ്രായമില്ല. ‘ഏറ്റവും ഉത്തമമായത് കൊണ്ട് പ്രതിരോധിക്കുക, അവര്‍ക്ക് പൊറുത്തു കൊടുക്കുകയും അവരോട്ട് വിട്ട് വീഴ്ച കാണിക്കുകയും ചെയ്യുക’ തുടങ്ങിയവയായിരുന്നു മക്കയില്‍ അവതരിച്ച സൂക്തങ്ങള്‍. എന്നാല്‍ ഹിജ്‌റ പോയതിന് ശേഷം യുദ്ധം അനുവദിച്ചു.’ മുസ്‌ലിംകളോട് യുദ്ധം ചെയ്യുന്നവരോട് മാത്രം പോരാടുവാനാണ് ഖുര്‍ആനിക കല്‍പന. അത് പോലും അതിര് കടക്കാത്ത വിധത്തില്‍ ആയിരിക്കുകയും വേണം.
അത് കൊണ്ട് തന്നെ ഇസ്‌ലാം അനുവദിക്കുന്ന യുദ്ധം നിബന്ധനകള്‍ക്ക് വിധേയമാണ്. മുശ്‌രിക്കുകള്‍ ഒന്നിച്ച് യുദ്ധം ചെയ്യുന്നിടത്താണ് അവരോട് ഒന്നിച്ച് നിന്ന് യുദ്ധം ചെയ്യണമെന്ന് ഖുര്‍ആന്‍ പറയുന്നത്. തന്നോട് യുദ്ധം തുടങ്ങാത്തവന് നേരെ ആയുധമുയര്‍ത്താന്‍ മുസ്‌ലിമിന് അവകാശമില്ല. ഇസ്‌ലാമിക സമൂഹത്തിന് തടസ്സം സൃഷ്ടിക്കുക, അവരെ ആപത്തില്‍ പെടുത്തുക, അവരുടെ അവകാശങ്ങള്‍ അപഹരിക്കുക തുടങ്ങിയവ ഈ കാരണത്തില്‍ ഉള്‍പെടുന്നവയാണല്ലോ.

 

ഇപ്പറഞ്ഞ കാരണങ്ങളായിരുന്നു മുശ്‌രിക്കുകളുമായി നടന്ന യുദ്ധങ്ങള്‍ക്ക് കാരണമായത്. അവര്‍ ഇപ്രകാരം ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍ യുദ്ധം അനുവദനീയമാവുകയുണ്ടാകുമായിരുന്നില്ല. നബി തിരുമേനിയുടെ വിയോഗത്തിന്‍ ശേഷം അധികാരത്തില്‍ വന്ന ഖുലഫാഉര്‍റാശിദുകളുടെ ചരിത്രം ഇതിന് അടിവരയിടുന്നു. മുസ്‌ലിംകള്‍ തങ്ങള്‍ നേരിട്ട എല്ലാ രാജ്യങ്ങളുമായും യുദ്ധം ചെയ്യിട്ടില്ല. എന്നല്ല വിജയിച്ച നാടുകളില്‍ പോലും തങ്ങളോട് പോരാടിയവരോട് അവര്‍ യുദ്ധം ചെയ്തില്ല.
എല്ലാ വിജയങ്ങളിലും നാം വായിച്ചെടുത്തത് ഈ യാഥാര്‍ത്ഥ്യമാണ്. ബഹുദൈവ വിശ്വാസിയായി എന്ന കാരണത്താല്‍ കൊല്ലപ്പെട്ട ഒരാളെയും ചരിത്രത്തില്‍ കാണാവതല്ല.
അബ്‌സീനിയക്കാരുമായി മുസ്‌ലിംകള്‍ സ്വീകരിച്ച സമീപനം മാത്രം മതി ഇക്കാര്യം വ്യക്തമാക്കാന്‍. അവര്‍ മുസ്‌ലിംകളുടെ ഓരത്തായിരുന്നുവല്ലോ താമസം. എന്ന് മാത്രമല്ല യുദ്ധ തന്ത്രങ്ങളെക്കുറിച്ച പ്രാഥമിക വിജ്ഞാനം പോലും അവര്‍ക്കുണ്ടായിരുന്നില്ല. എന്നിട്ടും അവരോട് യുദ്ധം ചെയ്യുകയോ അതിനെ കുറിച്ച് ചിന്തിക്കുകയോ പോലും മുസ്‌ലിംകള്‍ ചെയ്തില്ല. കാരണം അവര്‍ മുസ്‌ലിംകളോട് യുദ്ധം ചെയ്തിട്ടില്ലായിരുന്നു. എന്നല്ല ദീനുമായി അഭയം തേടിയ മുസ്‌ലിംകളെ ഒരു കാലത്ത് അവര്‍ സഹായിക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിക പ്രബോധനത്തിന് അവര്‍ തടസ്സം നിന്നതായോ, മുസ്‌ലിംകളെ പീഢിപ്പിച്ചതായോ ചരിത്രത്തില്‍ കാണാന്‍ സാധിക്കുന്നതല്ല. മുസ്‌ലിംകളുടെ യുദ്ധം ആധിപത്യത്തിനും സാമ്രാജ്യ വികാസത്തിനും വേണ്ടിയുള്ളതായിരുന്നുവെങ്കില്‍ അബ്‌സീനിയയെ ആയിരിക്കും ആദ്യമായി ആക്രമിക്കുക.

പ്രവാചക യുദ്ധങ്ങളുടെ പ്രേരകങ്ങള്‍
മുഖൗഖിസ് രാജാവിനയച്ച കത്തില്‍ നബി തിരുമേനി (സ) ഇപ്രകാരം എഴുതി. ‘താങ്കള്‍ െ്രെകസതവനാണ്. അതിനേക്കാള്‍ നല്ല ഒരു ദര്‍ശനത്തിന് വേണ്ടിയെല്ലാതെ താങ്കള്‍ അതുപേക്ഷിക്കുകയുമില്ല. അതാവട്ടെ ഇസ്‌ലാമാണ് താനും. ഈസാ പ്രവാചകനെ കൊണ്ട് മൂസാ പ്രവാചകന്‍ സന്തോഷ വാര്‍ത്ത അറിയിച്ചതിന് തുല്യമാണ് മുഹമ്മദ് നബി (സ) യെ കൊണ്ട് ഈസാ പ്രവാചകന്‍ സന്തോഷ വാര്‍ത്ത അറിയിച്ചതും ഒരു പോലെയാണ്. ഞങ്ങള്‍ ഒരിക്കലും മസീഹിന്റെ ദീനില്‍ നിന്നും താങ്കളെ തടയുകയല്ല ചെയ്യുന്നത്. മറിച്ച് അത് മുറുകെ പിടിക്കാന്‍ കല്‍പിക്കുകയാണ്.’
ഓരോ സമൂഹവും വിവിധങ്ങളായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് യുദ്ധം ചെയ്യാറ്. ഗ്രീക്ക്‌റോമാ സാമ്രാജ്യങ്ങളെ പോലെ ആധിപത്യം നേടാനും ശക്തി അടിച്ചേല്‍പിക്കാനും യുദ്ധം ചെയ്യുന്നവരുണ്ട്. വെള്ളവും പുല്ലും നേടിയെടുക്കാന്‍ വന്യമായ ആക്രമണം നടത്തുന്ന അറബികളുണ്ടായിരുന്നു. യഹൂദികളെ പോലെ മതത്തിന്റെ പേരില്‍ യുദ്ധം ചെയ്യുന്നവരുമുണ്ടായിരുന്നു. െ്രെകസ്തവരെ പോലെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരുമുണ്ടായിരുന്നു.
പക്ഷെ ഇവയൊന്നും പ്രവാചകന്റെ യുദ്ധങ്ങള്‍ക്ക് ഒരിക്കലും കാരണമായി ഭവിച്ചിട്ടില്ല. ഇസ്‌ലാമിക നിയമങ്ങള്‍ മനുഷ്യന്റെ പ്രകൃതിയെയും അഭിരുചിയെയും ചെത്തിമിനുക്കി. സ്വയം പ്രതിരോധിക്കാനുള്ള അവകാശം അവന് നല്‍കി. മറ്റുള്ളവരുടെ അവകാശങ്ങള്‍ അപഹരിക്കുന്നതില്‍ നിന്നും അവനെ തടഞ്ഞു. അത് കൊണ്ട് തന്നെ മറ്റ് സമൂഹങ്ങളുടെ യുദ്ധവും ഇസ്‌ലാമിന്റെ യുദ്ധവും തമ്മില്‍ അടിസ്ഥാനപരമായി ഈ വ്യത്യാസം ഉണ്ടായിരുന്നു.
ഒരു യുദ്ധത്തിന് നിമിത്തമാവുന്ന കാരണങ്ങളായി പ്രവാചകന്‍ വിശേഷിപ്പിച്ചവ നിക്ഷ്പക്ഷമതികളായ ആരും അംഗീകരിക്കുന്നവയായിരുന്നു. എന്നല്ല ശത്രുക്കള്‍ പോലും അവ അംഗീകരിക്കുന്നതുമാണ്.
പ്രവാചകനൊരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ല. ശത്രുക്കളെ വധിക്കലും അദ്ദേഹത്തിന്റെ ലക്ഷ്യമല്ല. അദ്ദേഹമവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയാണ് ചെയ്തിരുന്നത്. യുദ്ധത്തിന്റെ തുടക്കമായി ഇസ്‌ലാം ചെയ്യുന്ന ഏര്‍പാടല്ല ഇത്. ഇസ്‌ലാം സ്വീകരിക്കുന്നതിന് നിര്‍ബന്ധിക്കാനുള്ള ശ്രമവുമല്ല. യുദ്ധം തീരുമാനമായ ശേഷം, ഇരു വിഭാഗവും രണാങ്കണത്തില്‍ ഹാജരായതിന് ശേഷം രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ പ്രവാചകന്‍ നടത്തിയ ശ്രമമായിരുന്നു അത്. കാരുണ്യത്തിന്റെ ഏറ്റവും മനോഹരമായ രൂപം. കാരണം യുദ്ധത്തിനുള്ള എല്ലാ സാഹചര്യവും നിലനില്‍ക്കുന്നു. വിട്ട് വീഴ്ചക്ക് യാതൊരു അവസരവുമില്ല. പ്രവാചകന്‍ ഇപ്രകാരം ആവശ്യപ്പെടുന്നത് പോലും തന്റെ കയ്യില്‍ ശക്തിയുണ്ടായിരിക്കുമ്പോഴാണ്. ഒരൊറ്റ വാക്കു കൊണ്ട് തന്റെ മുന്നിലുള്ളവരെ നശിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. പക്ഷെ എന്നിട്ടും അദ്ദേഹം കരുണ കാണിക്കുന്നു.
ഇത് ഇസ്‌ലാം രൂപപ്പെടുത്തിയ മഹത്തായ സ്വഭാവ മൂല്യങ്ങളില്‍ പെട്ടതാണ്. ഈ ഒരു ഔന്നിത്യത്തിലേക്ക് ഇസ്‌ലാമിന് മുമ്പോ ശേഷമോ ലോകത്തെ ഒരു സമൂഹവും ഉയര്‍ന്ന് വന്നിട്ടില്ല. മറ്റുള്ള മതത്തിന്റെ അനുയായികള്‍ തങ്ങളുടെ ശത്രുക്കളെ വഞ്ചിക്കുന്നതിനും നശിപ്പിക്കുന്നതിനും അവസരം കാത്തിരിക്കുകയും ചെയ്യുന്നവരാണ്.
ചിലയാളുകള്‍ ചോദിക്കാറുണ്ട്. പ്രവാചകന്‍ ഇത്രയേറെ യുദ്ധ വിരോധിയായിരുന്നുവെങ്കില്‍ പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന്റെ ജീവതകാലത്ത് ഇത്രയധികം യുദ്ധങ്ങള്‍ സംഭവിച്ചത്? പ്രവാചകന്‍ (സ)യുടെ കാലത്ത് ധാരാളം യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. അവയിയൊരിക്കലും പ്രവാചകന്‍ തുടങ്ങി വെച്ചതോ, ഭൗതിക സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി നടത്തിയതോ ആയിരുന്നില്ല. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും അക്രമത്തില്‍ നിന്നുള്ള മോചനത്തിനും വേണ്ടിയായിരുന്നു അവ.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മ്മഗിരി

Related Articles