Current Date

Search
Close this search box.
Search
Close this search box.

ഇഖ്‌വാനികളുടെയും സലഫികളുടെയും പ്രയാണത്തിലെ വഴിത്തിരിവ്

brotherhood.jpg

1928-ലാണ് ഇമാം ഹസനുല്‍ ബന്ന ഇഖ്‌വാനിന് രൂപം നല്‍കുന്നത്. പ്രഗല്‍ഭരായ പല പണ്ഡിതരും ഈ കാലയളവില്‍ അതിന്റെ അണിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയുണ്ടായി. മുഹമ്മദുല്‍ ഗസ്സാലി, അബ്ദുല്‍ ഖാദിര്‍ ഔദ, ബഹിയ്യ് അല്‍ ഖൗലി, മുസ്ത്വഫാ സിബാഈ, അബ്ദുല്‍ കരീം സൈദാന്‍ തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. എന്നാല്‍ ഇഖ്‌വാനിന്റെ കാഴ്ച്ചപ്പാടില്‍ കാതലായ പരിഷ്‌കരണം നടത്തിയ മഹാനുഭാവന്‍ ശഹീദ് സയ്യിദ് ഖുത്വുബ് ആയിരുന്നു. ജനാധിപത്യം, ദേശീയത, അറബ് ഇസ്‌ലാമിക ലോകം എന്നീ വിഷയങ്ങളില്‍ അദ്ദേഹം വിവിധങ്ങളായ ആശയങ്ങള്‍ സമര്‍പ്പിച്ചു.

സയ്യിദ് ഖുത്വുബിന്റെ വാചകങ്ങളില്‍ നിന്നും ചിലര്‍ തെറ്റായി വായിച്ചെടുത്ത ചില ആശയക്കുഴപ്പം മാറ്റി നിര്‍ത്തിയാല്‍, അക്കാലത്ത് ഈജിപ്തില്‍ പ്രയോഗത്തിലുണ്ടായിരുന്ന ജനാധിപത്യത്തെയും ദേശീയതയെയും സംബന്ധിച്ച് ഇമാം ഹസനുല്‍ ബന്ന സമര്‍പ്പിച്ച ചിന്തകളെ അദ്ദേഹം ചെത്തി മിനുക്കുകയും അവയിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തതായി കാണാവുന്നതാണ്. ദേശത്തിനും സമുദായത്തിനും അത്യാദരവ് നല്‍കുന്ന ആധുനിക ബിംബങ്ങളായാണ് ദേശീയതയെയും സാമുദായികതയെയും അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു വിശ്വാസി അവയെക്കാള്‍ പ്രധാനമായി വിശ്വാസ സാഹോദര്യമാണ് കാത്ത് സൂക്ഷിക്കേണ്ടത്.
സലഫികളാവട്ടെ ലോകമെങ്ങും അനുയായികളും സ്വന്തമായി രീതിശാസ്ത്രവുള്ള വിഭാഗമാണല്ലോ. പുരാതന പൈതൃകങ്ങളിലുള്ള അവഗാഹമാണ് അവരുടെ ശക്തി കേന്ദ്രവും. സുന്നത്ത് മുറുകെ പിടിക്കുന്നതിലും ദുര്‍ബലമായ ഹദീസുകള്‍ മാറ്റിവെച്ച് ശരിയായവമാത്രം സ്വീകരിക്കുന്നതിലും അഖീദയെ കണിശമായി കൈകാര്യം ചെയ്യുന്നതിലും അവര്‍ ജാഗരൂകരണാണ്. എന്നാല്‍ സംഭവലോകത്തെ കുറിച്ച അജ്ഞതയാണ് അവരുടെ ദൗര്‍ബല്യം. ഇസ്‌ലാമിക ശരീഅത്ത് ശരിയായ വിധത്തില്‍ നടപ്പിലാക്കുന്നതില്‍ അവര്‍ അബദ്ധത്തില്‍ പെടുന്നത് ഈ കാരണത്താലാണ്. എന്നല്ല ഇത് അവരെ സംഭവലോകത്ത് നിന്ന് അടര്‍ത്തിയെടുക്കുക കൂടി ചെയ്തു. മുസ്‌ലിം ഉമ്മത്തിന്റെ യഥാര്‍ത്ഥ പ്രയാണത്തില്‍ നിന്നും വിദൂരത്താവുകയും അത് മുഖേന ചില ഭരണകൂടങ്ങളും ഭരണാധികാരികളും അവരെ ദുരുപയോഗപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ഈയിടെയായി സലഫി പ്രസ്ഥാനം ഈ ദൗര്‍ബല്യത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവലോകത്തെ സംബന്ധിച്ച് അവബോധം അവരില്‍ രൂപപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഈജിപ്തിലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള തീരുമാനവും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 25% സീറ്റുകള്‍ നേടിയെടുത്തതും അതിനുദാഹരണമാണ്.
ഏറ്റവും ഉന്നതമായതിലേക്കുള്ള ഇഖ്‌വാനിന്റെയും സലഫികളുടെയും ഈ മാറ്റങ്ങളോടൊപ്പം അവയുടെ ഭാവിയെയും പരസ്പരമുള്ള ബന്ധത്തെയും കുറിച്ച് ഉയര്‍ന്ന് വരുന്ന ചില ചോദ്യങ്ങളുണ്ട്.
ഈജിപ്തിലെ പാര്‍ലമെന്‍ തെരഞ്ഞെടുപ്പില്‍ ഇഖ്‌വാനിന് 47%വും സലഫികള്‍ക്ക് 25%വും സീറ്റുകള്‍ ലഭിച്ചതും തുനീഷ്യയില്‍ നഹ്ദയും മൊറോക്കോയിലെ ജസ്റ്റിസ് ആന്റ് ഡെവലെപ്‌മെന്റ് പാര്‍ട്ടിയും ഭൂരിപക്ഷം നേടിയതയും ജനങ്ങളുടെ മനസ്സില്‍ ഇസ്‌ലാം വേരൂന്നിയിരിക്കുന്നു എന്നതിന് തെളിവാണ്. ഇസ്‌ലാമിന്റെയും അതിന്റെ വക്താക്കളുടെയും ചരിത്രം വികലമാക്കുന്നതിനും അടിസ്ഥാനങ്ങളുടെ പ്രാമാണികതയില്‍ സംശയമുണ്ടാക്കുകയും ജനഹൃദയങ്ങളില്‍ നിന്നും അതിനെ പറിച്ചെടുക്കുന്നതിനും വേണ്ടി നിരന്തരമായ പരിശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇതെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒന്നാം ലോക നശീകരണ യുദ്ധത്തിന് ശേഷം ത്വാഹാ ഹുസൈന്‍, അലി അബ്ദുര്‍റാസിഖ് തുടങ്ങിയവരും ജമാല്‍ അബ്ദുന്നാസറിന്റെ സോഷ്യലിസവും ലോകത്ത് പണിയെടുത്തതെല്ലാം വിഫലമായെന്ന് ചുരുക്കം.
മുസ്‌ലിം ഉമ്മത്ത് ഇസ്‌ലാമിസ്റ്റുകളിലേക്ക് ചായുന്നുവെന്നും തെരഞ്ഞെടുപ്പ് തെളിയിച്ചു. അവര്‍ക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കിയാല്‍ ഇസ്‌ലാമിസ്റ്റുകളെയാണ് തെരഞ്ഞെടുക്കുക എന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കാരണം തങ്ങളുടെ അസ്തിത്വത്തെയും, താല്‍പര്യത്തെയും, വേദനകളെയുമാണ് ഇസ്‌ലാമിസ്റ്റുകള്‍ പ്രതിനിധാനം ചെയ്യുന്നത് അവര്‍ മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ തങ്ങളുടെ വിജയത്തിന്റെ അംഗീകാരം മുഖ്യമായും മടങ്ങുന്നത് തങ്ങളുടെ ജനതയിലേക്കാണെന്ന് ഇഖ്‌വാനികളും സലഫികളും മുഖ്യമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ യഥാര്‍ത്ഥ മൂല്യം കുടികൊള്ളുന്നത് തെരഞ്ഞെടുപ്പ് വിജയത്തിലല്ല. മറിച്ച് ഉമ്മത്തിന്റെയും ദീനിന്റെയും സുരക്ഷിതമായ നിലനില്‍പിനും, പ്രശ്‌നമുക്തമായ സാമൂഹിക ക്രമത്തിനും വേണ്ടിയുള്ള നടപടികളിലും നയനിലപാടുകളിലുമാണ് അത് നിലകൊള്ളുന്നത്. സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-സാംസ്‌കാരിക-സൈനിക മേഖലകളിലുള്ള പുരോഗതി ഇതിന് അനിവാര്യവുമാണ്.
കൂടാതെ കഴിഞ്ഞ മൂന്ന് ദശകങ്ങളിലെ അനുഭവങ്ങളില്‍ നിന്നും ഇരു ഇസ്‌ലാമിക പ്രസ്ഥാനങ്ങളും പാഠമുള്‍കൊള്ളേണ്ടതുണ്ട്. സുഡാനിലെ ഹസനുത്തുറാബിയുടെയും അഫ്ഗാനിലെ ഈയടുത്ത ജിഹാദിലെയും പരീക്ഷണങ്ങളില്‍ നിന്നുമുണ്ടായ അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങളെ ക്രിയാത്മകമായി അപഗ്രഥിക്കേണ്ടതുണ്ട്.

1989-ലാണ് തുറാബി അധികാരത്തിലെത്തുന്നത്. സാമ്പത്തിക അഭിവൃദ്ധി കൊണ്ട് ലോക ഇസ്‌ലാമിക നവജാഗരണത്തിന് സുഡാന്‍ മാതൃകയാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷെ തന്റെ സ്വപ്നങ്ങളൊന്നും തന്നെ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. എന്നല്ല അദ്ദേഹത്തിന്റെ ഭരണം സുഡാന്റെ നാശത്തിനാണ് വഴിയൊരുക്കിയത്. സുഡാന്‍ തെക്കന്‍ ഭാഗത്തേക്കും വടക്കന്‍ ഭാഗത്തെക്കും ശിഥിലമാക്കപ്പെട്ടു. തെക്കന്‍ ക്രൈസ്തവ രാഷ്ട്രം അതില്‍ നിന്നും വേര്‍പെട്ടു. പടിഞ്ഞാറന്‍ ദാര്‍ഫൂര്‍ സ്റ്റേറ്റ് വേര്‍പെടാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. തുറാബി ഭരണമേറ്റെടുക്കുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ശോചനീയമാണ് മത സാംസ്‌കാരിക സാമൂഹിക സാമ്പത്തിക മേഖലകളില്‍ സുഡാന്റെ ഇപ്പോഴത്തെ അവസ്ഥ. ഈയൊരു പതനത്തിന്റെ ഒന്നാമത്തെ ഉത്തരവാദി തുറാബിയാണെന്നതില്‍ സന്ദേഹമില്ല. അദ്ദേഹത്തിന്റെ കൂടെ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പെട്ടവര്‍ക്കാണ് ബാക്കിയുള്ള ചുമതല.

അഫ്ഗാന്‍ ജിഹാദിലെ അനുഭവമാണ് മറ്റൊന്ന്. ഹിക്മത്‌യാര്‍, സയ്യാഫ്, റബ്ബാനി തുടങ്ങിയ പടനായകര്‍ക്ക് പൂര്‍ണ പിന്തുണ മുസ്‌ലിം ഉമ്മത്ത് നല്‍കിയത്. സമ്പത്തിന്റെയോ, ആയുധത്തിന്റെയോ, സൈനികരുടെയോ കാര്യത്തില്‍ യാതൊരു പിശുക്കും കാണിച്ചില്ല. പക്ഷെ എന്തായിരുന്നു ഫലം? അമേരിക്കയുടെയും അവര്‍ക്ക് അനുഭാവമുള്ളവരുടെയും കയ്യിലെ പാവയാവാനുള്ള ദുര്യോഗമാണ് അഫ്ഗാനുണ്ടായത്. സാമ്പത്തികവും സാമൂഹികവുമായ തലങ്ങളില്‍ കനത്ത വിലയാണ് അഫ്ഗാനില്‍ മുസ്‌ലിം ഉമ്മത്തിന് നല്‍കേണ്ടി വന്നത്. നമുക്കിവിടെ ചോദിക്കാനുള്ളത് ഇത്രമാത്രമാണ്. മേല്‍സൂചിപ്പിച്ച രണ്ട് അനുഭവങ്ങളില്‍ നിന്നും ഇഖ്‌വാനിനും സലഫികള്‍ക്കും എന്തെല്ലാം ഗുണപാഠമാണുള്ളത്?
സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലും നാഗരിക നിര്‍മാണത്തിലുമുള്ള സന്നദ്ധതയിലും പരിശ്രമത്തിലുമാണ് യഥാര്‍ത്ഥ മൂല്യം കുടികൊള്ളുന്നത്. അധികാരം നേടിയെടുക്കല്‍ മാത്രമല്ല മഹത്തരമായത്. വിജയത്തിന് ശേഷമുള്ള പരാജയത്തിന് നാം കനത്ത വില നല്‍കേണ്ടി വരും. അത് കൊണ്ടുണ്ടാവുന്ന ദുരന്തങ്ങള്‍ ഈ രണ്ട് പ്രസ്ഥാനങ്ങള്‍ക്ക് മാത്രം പരിമിതമായിരിക്കില്ല.
ശത്രുക്കള്‍ തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് അശ്രാന്ത പരിശ്രമം നടത്തുന്നതെന്ന് ഇവര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ തങ്ങള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കല്ല അവര്‍ ശ്രദ്ധ നല്‍കേണ്ടത്. ഒരു ഉമ്മത്തിലെ തന്നെ രണ്ട് വിഭാഗങ്ങളാണ് തങ്ങളെന്ന് അവര്‍ക്ക് ബോധ്യമുണ്ടാവണം. ഒരു കുടുംബത്തിലുണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പോലെ അവയെ മനസ്സിലാക്കാനും പരിഹരിക്കാനും സാധിക്കേണ്ടിയിരിക്കുന്നു.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles