Current Date

Search
Close this search box.
Search
Close this search box.

അല്ല, ഫലസ്തീനികളെ ഇനിയും നാം പീഡിപ്പിക്കണോ ?

ഏഴ് ഈജിപ്ഷ്യന്‍ സൈനികരെ റാഞ്ചിയ പ്രശ്‌നത്തില്‍ ഗസ്സക്ക് ഒരു പങ്കുമില്ല എന്ന് ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ ഔദ്യോഗിക വക്താവ് പരസ്യമായി പ്രസ്താവനയിറക്കിയിരിക്കെ കഴിഞ്ഞ ആറ് ദിവസങ്ങളായി ഈജിപ്തിനും ഫലസ്തീനിനും ഇടയിലുള്ള റഫാ അതിര്‍ത്തി എന്തിന് അടച്ചു എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. യഥാര്‍ഥത്തില്‍ പ്രശ്‌നം സീനായുമായി ബന്ധപ്പെട്ടതാണ്. കേന്ദ്ര സുരക്ഷ സേന തങ്ങളുടെ ഏഴ് സൈനികരെ തട്ടിക്കൊണ്ടു പോയതില്‍ കുപിതരാകുന്നതും പ്രതിഷേധിക്കുന്നതും എല്ലാവര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്, അതിന് അവര്‍ക്ക് പൂര്‍ണമായ അവകാശവുമുണ്ട്. പക്ഷെ, അവരെ സംരക്ഷിക്കാന്‍ റഫാ അതിര്‍ത്തി എന്തിന് അടച്ചു എന്നതിന് ഒരു വിശദാംശവും എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സീനായിലെവിടെയെങ്കിലും അല്ലെങ്കില്‍ ഈജിപ്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ എന്തു പ്രശ്‌നമുണ്ടായാലും അത് ഫലസ്തീനിന്റെയും ഹമാസിന്റെയും തലയില്‍ വെച്ച് കെട്ടി കൈകഴുകി രക്ഷപ്പെടുന്ന പരമ്പരാഗത ശൈലിയായിരിക്കാം ഇത്തവണയും സീനായില്‍ സൈനികരെ തട്ടിക്കൊണ്ടുപോയ ഉടനെ റഫാ അതിര്‍ത്തി ദ്രുതഗതിയില്‍ അടച്ചുപൂട്ടാന്‍ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. പക്ഷെ, സംശയത്തിന്റെ നിഴലില്‍ നിന്നും നിജസ്ഥിതി വന്നിരിക്കെ എന്തിന് ഇപ്പോഴും അത് അടഞ്ഞുതന്നെ കിടക്കുന്നു!. ഇതുമൂലം ബന്ധികളുടെ വിഷയത്തില്‍ വല്ല പുരോഗതിയോ ഭരണകൂടത്തിന്റെ മേല്‍ സമ്മര്‍ദ്ദമോ ചെലുത്താന്‍ സാധിക്കാതിരിക്കെ എന്തിനാണ് ഈ മറിമായങ്ങള്‍. പ്രശ്‌നങ്ങളുടെ നിജസ്ഥിതി പുറത്ത് കൊണ്ട് വരാതെ ഭാവന ലോകത്ത് നിഴല്‍ യുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണ് ഇതിന് പിന്നില്‍.

ലോകത്തിന്റെ നാനാ ഭാഗത്തേക്ക് പലായനം ചെയ്തവരെ പോലെ രക്ഷപ്പെടാതെ, തങ്ങളുടെ മണ്ണും വിണ്ണും സംരക്ഷിക്കുന്നതിനായി  ശത്രുക്കളില്‍ നിന്നും സ്വന്തക്കാരില്‍ നിന്നും വര്‍ഷങ്ങളായി കടുത്ത പീഢനങ്ങളും വേദനകളും തിന്നുകഴിയാന്‍ വിധിക്കപ്പെട്ട ഫലസ്തീനികളെ ഒന്നു കൂടി ശിക്ഷിക്കുക എന്നതു മാത്രമാണ് ഇതുമൂലം സംഭവിക്കുന്നത്. ചികിത്സക്കും വിദ്യാഭ്യാസത്തിനും മറ്റു അത്യാവശ്യകാര്യങ്ങള്‍ക്കുമായി വന്ന 3000ത്തിലധികം ഫലസ്തീനികള്‍ തങ്ങളുടെ കുടുംബക്കാരിലേക്ക് പോകാനായി റഫാ അതിര്‍ത്തിക്ക് മുമ്പില്‍ പ്രയാസങ്ങള്‍ സഹിച്ചുകൊണ്ട് കഴിഞ്ഞുകൂടുന്ന എന്ന കാര്യം അവര്‍ക്കറിയാഞ്ഞിട്ടല്ല. ഇവരെ ഇങ്ങനെ തടഞ്ഞുനിര്‍ത്തിയതിലൂടെ സൈനികരുടെ വിഷയത്തില്‍ എന്തുപരിഹാരമാണ് ഉണ്ടാകുക എന്നും നാം അന്വേഷിക്കേണ്ടതുണ്ട്.

ഇത് മാത്രമല്ല, ഈ വിഷയത്തില്‍ അതിശയോക്തിയായിട്ടുള്ളത്. യഥാര്‍ഥത്തില്‍ ഈ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച സൈനികര്‍ പോലും ഇപ്പോള്‍ ഈ വിഷയം ഒഴിവാക്കിയിരിക്കുന്നു. മാത്രമല്ല, ഈജിപ്തിലെ ഒരാള്‍ പോലും റഫാ അതിര്‍ത്തി അടച്ചതുമൂലം പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നുമില്ല. സത്യത്തില്‍ തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പ്രശ്‌നത്തില്‍ നിരപരാധികളായ പതിനായിരങ്ങള്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഈ വിഷയത്തില്‍ സൈനിക മേധാവികളും സംഘടനകളും എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നത് കൂടുതല്‍ സംശയങ്ങള്‍ക്കിടവരുത്തുകയും ചെയ്യുന്നുണ്ട്. ‘ഈജിപ്തിന്റെ സുരക്ഷക്ക് ഗസ്സ ഭീഷണിയാണ്’ എന്ന ഫലസ്തീനികളോട് ഒരു സ്‌നേഹവുമില്ലാത്ത മുന്‍ഭരണാധികാരികളുടെയും വ്യവസ്ഥയുടെയും അവശിഷ്ടങ്ങളാണ് ഈ നിലപാടുകള്‍ക്ക് പിന്നില്‍ എന്നതാണ് ഏറെ രസകരം. ഇതിലെ രാഷ്ട്രീയം എവിടെയാണ് എന്നാണ് ചിലര്‍ അന്വേഷിക്കുന്നത്. തങ്ങളുമായി ഒരു ബന്ധമില്ലാത്ത ഒരു കുറ്റകൃത്യത്തിന്റെ പേരില്‍ ഒരു ജനതയെ ഒന്നടങ്കം പീഢിപ്പിക്കുന്നതിന്റെ മനശ്ശാസ്ത്രം മനസ്സിലാക്കാന്‍ വലിയ ബുദ്ധിയോ നിരീക്ഷണമോ ആവശ്യമില്ല. കേന്ദ സുരക്ഷാ സേനയെ കുറ്റപ്പെടുത്താന്‍ നമുക്ക് സാധിക്കുകയില്ല. പക്ഷെ, നിഷ്‌കളങ്കരായ പതിനായിരക്കണക്കിന് ഫലസ്തീനികളെ ആറ് ദിവസത്തോളം ബന്ധികളാക്കി പീഢിപ്പിക്കുന്നതിനെതിരെ ഉത്തരവാദിത്തപ്പെട്ടവരുടെ മൗനത്തിന് ഒരു ന്യായീകരണവുമില്ല. ഇതിന്റെ മറവില്‍ സൈന്യം മറ്റു കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നു എന്നാണ് ഇതിന്റെ അനന്തര ഫലം.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles