Current Date

Search
Close this search box.
Search
Close this search box.

അറബികളും ഇറാനും തമ്മില്‍ എന്താണ് പ്രശ്‌നം ?

ഇറാനുമായുള്ള ബന്ധത്തിലെ പ്രശ്‌നത്തിന്റെ അടിസ്ഥാനം സുന്നീ-ശിയാ ഭിന്നതയില്‍ മാത്രം പരിമിതപ്പെടുത്തുന്നത് ശരിയല്ല. ഇറാനില്‍ തന്നെ വലിയൊരു വിഭാഗം സുന്നികളുണ്ട്. ഇസ്‌ലാമിക ലോകത്തെ ഭൂരിപക്ഷവും സുന്നികള്‍ തന്നെയാണ്.  ലോകമുസ്‌ലിംകളുടെ ഹൃദയമായ അറബ് സമൂഹത്തിലും അവരാണുള്ളത്. പ്രമുഖ ശിയാ മദ്ഹബായ ജഅ്ഫരീ അഭിപ്രായങ്ങളനുസരിച്ച് ഇബാദത്ത് അനുഷ്ടിക്കല്‍ അനുവദനീയമാണെന്നാണ് അസ്ഹര്‍ നല്‍കിയിട്ടുള്ള ഫത്‌വ.

ചില ശിയാ വിശ്വാസങ്ങള്‍ ഇസ്‌ലാമിക വിശ്വാസ ദര്‍ശനത്തിന്റെ പരിശുദ്ധിക്ക് മുറിവേല്‍പിക്കുന്നതാണെന്നത് ശരി തന്നെയാണ്. പക്ഷെ നമ്മുടെ ദീനും, വിശുദ്ധ വേദവും, ഒരേ ഖിബ്‌ലയിലേക്കുള്ള നമസ്‌കാരവും നമ്മെ ഒരുമിച്ച് നിര്‍ത്തുന്നതാണ്. ശിയാക്കളുമായുള്ള ഇമാമതിന്റെ കാര്യത്തിലുള്ള ഭിന്നത മതപരം എന്നതിനേക്കാളുപരിയായി ചരിത്രപരമാണ്. ഇസലാമിക ഖിലാഫത്തിന് കീഴില്‍ അവഗണിക്കപ്പെട്ട ശിയാക്കളുടെ പ്രത്യേക സാഹചര്യം സൃഷ്ടിച്ച ഒരു കെട്ടുകഥയായിരുന്നു അത്. അതേ സാഹചര്യം തന്നെയായിരുന്നു ശിയാക്കളെ ‘തുഖ്‌യ’ എന്ന നിലപാടിലേക്കും ശരീഅത്ത് ഇമാമതിന് സമാനമായ മറ്റൊരു നേതൃത്വത്തെ സ്ഥാപിക്കുന്നതിലേക്കും ശരിയായ ഇസലാമിക വിശ്വാസം അംഗീകരിക്കാത്ത മറ്റൊരു ആത്മീയ നേതൃത്വത്തെ രൂപപ്പെടുത്തുന്നതിലേക്കും നയിച്ചത്. കൂടാതെ ചില ശിയാ വിഭാഗങ്ങളില്‍ ഇതിന്റെ പരിണിതി കൂടുതല്‍ തീവ്രമായിരുന്നു. അവര്‍ പ്രവാചകാനുചരന്മാരെ ആക്ഷേപിക്കുകയും, പ്രവാചക പത്‌നി ആഇശ(റ)യെ നിന്ദിക്കുകയും ചെയ്തു. സാധാരണ ബുദ്ധിയുള്ള ശിയാക്കള്‍ മാറി നില്‍ക്കുന്ന കാര്യങ്ങളാണ് അവ. മഹാനായ അലി ബിന്‍ അബീത്വാലിബ് മാറി നിന്നത് പോലെ. അദ്ദേഹം പറഞ്ഞല്ലോ ‘ഞങ്ങള്‍ പരസ്പരം പോരടിച്ചിരിക്കുന്നു. എന്നാലും ഞങ്ങളുടെ നാഥനും, പ്രവാചകനും, ദൈവിക മാര്‍ഗത്തിലേക്കുള്ള പ്രബോധനവും ഒന്ന് തന്നെയാണ്.’ ഞങ്ങള്‍ മതത്തില്‍ ഭിന്നതയുണ്ടായിട്ടില്ല, മറിച്ച് ഭരണകാര്യത്തിലാണ് അത് സംഭവിച്ചത്.

നമ്മുടെ ലോകത്തേക്ക് മടങ്ങി വരാം. ഇവിടെ ഇറാനോടുള്ള യോജിപ്പിന്റെയും, വിയോജിപ്പിന്റെയും മാനദണ്ഡം മതമല്ല, രാഷ്ട്രീയമാണ് ആവേണ്ടത്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയം നമ്മുടെ രാഷ്ട്രീയ മണ്ഡലത്തില്‍ ഉണ്ടാവരുത്. വൃത്തികെട്ട മദ്ഹബി പക്ഷപാതിത്വത്തിലേക്ക് നാം വഴിതെറ്റരുത്. ഇറാനിലെ അഹ്‌ലുസ്സുന്ന വല്‍ ജമാഅത്തിനോട് നീതി കാണിക്കാന്‍ അറബ് ലോകം കാണിക്കുന്ന ത്വര അതിന് തടസ്സമല്ല. കാരണം അവര്‍ സുന്നികളായത് കൊണ്ടല്ല അറബ് ലോകം അതാവശ്യപ്പെടുന്നത്. മറിച്ച് അവരില്‍ ഭൂരിഭാഗവും മുന്‍കാലത്ത് പേര്‍ഷ്യന്‍ ഭരണത്തിന് കീഴില്‍ പ്രയാസങ്ങള്‍ അനുഭവിച്ചവരായത് കൊണ്ടാണ്. തങ്ങളുടെ അസ്തിത്വം മായ്ച് കളയാനുള്ള ശ്രമത്തിന് വിധേയരായ അവര്‍ അധിനവേശത്തിന്റെ പിടിയില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് ഉറ്റുനോക്കുകയായിരുന്നു. ഇറാനില്‍ ശിയാ രാഷ്ട്രം രൂപപ്പെടുന്നതിന് മുമ്പ് തന്നെ ദുരിതമനുഭവിക്കുന്നവരാണ് അവര്‍.
ചുരുക്കത്തില്‍ ഉമ്മത്തിലെ ഭിന്നത വംശപരമോ, വര്‍ഗപരമോ അല്ല എന്ന കാഴ്ചപ്പാടാണ് ശരി. അറബ് രാഷ്ട്രങ്ങളിലെ ശിയാക്കളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനുതകുക ഈ സമീപനമാണ്. എന്ത് തന്നെയായാലും അവര്‍ അറബികളാണ്. സൗദിയിലും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലുമുള്ള ശിയാക്കള്‍, സുന്നികളെപ്പോലെ തന്നെ അറബികളാണ്. ബഹ്‌റൈനിലെയും ഇറാഖിലെയും ശിയാക്കളും തഥൈവ. ഇറാഖിന്റെ കാര്യത്തില്‍ ഇറാന്റെ അബദ്ധം അവര്‍ അവിടത്തെ ശിയാക്കളുടെ അറബീയത വിസ്മരിക്കുകയും പേര്‍ഷ്യന്‍ രാഷ്ട്രത്തിന്റെ സന്തതികളെപ്പോലെ അവരെ കണക്കാക്കുകയും ചെയ്തുവെന്നതാണ്. എല്ലാ നിലക്കും ശത്രുതാപരമായ സമീപനമാണത്. അമേരിക്കന്‍ ആക്രമണം ഇറാഖില്‍ ബാക്കിയാക്കിയ വിടവ് സജീവമാക്കുന്നതായിരുന്നു അത്. ഇറാഖിന്റെ ഉത്ഥാനത്തിന് തടയിടാന്‍ ഇറാന്‍ അത് മുറുകെ പിടിക്കുകയും ചെയ്തു. അഹങ്കാരം, അടിച്ചമര്‍ത്തല്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍ തങ്ങളുടെ ‘ഇസ്‌ലാമിക’ രാഷ്ട്രീയത്തില്‍ ഇറാന്‍ ഇടക്കിടെ പ്രയോഗിക്കുന്നവയാണെങ്കില്‍ ഇന്ന് ഇറാഖില്‍ അവര്‍ ചെയ്തുകൂട്ടുന്നവയാണ് യഥാര്‍ത്ഥത്തിലുള്ള അഹങ്കാരം. ഇറാഖിലെ ശിയാക്കളുടെ അറബീയതയെ മായ്ച് കളയാന്‍ ശ്രമിച്ചും, സ്വാതന്ത്ര്യത്തിന് വേണ്ടി ഇറാഖില്‍ നടന്ന് കൊണ്ടിരിക്കുന്ന വിപ്ലവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശിയാക്കളെ തടഞ്ഞും ഇറാന്‍ രംഗത്ത് സജീവമാണിന്ന്്. ഇറാഖില്‍ നടന്ന് കൊണ്ടിരിക്കുന്ന വിപ്ലവഗതിയെക്കുറിച്ച ചര്‍ച്ചക്കുള്ള വേദിയല്ല ഇത്. മറിച്ച് ഇറാനുമായുള്ള വിയോജിപ്പിന്റെ പ്രകൃതം വ്യക്തമാക്കുകയാണ് ചെയ്യുന്നത്. അതായത് ഇറാന്‍ ഒരു ശിയാ രാഷ്ട്രമല്ല, മറിച്ച് ബഹുസ്വരതയുള്ള വിവിധ വിഭാഗങ്ങളുള്ള രാഷ്ട്രമാണത്. 40% മാത്രമാണ് അവിടെ പേര്‍ഷ്യന്‍ വംശജരുള്ളത്. ഇറാനികളില്‍ മതപരമായി ശിയാക്കളാണ് ഭൂരിപക്ഷമെന്ന് മാത്രം. അത് കൊണ്ടാണ് ആഭ്യന്തര ഭദ്രതക്ക് ശീയിസത്തെ ഉപയോഗപ്പെടുത്തുന്നത്.

Related Articles