Current Date

Search
Close this search box.
Search
Close this search box.

Middle East, Politics

അമേരിക്കയുടെയും ഇറാഖിന്റെയും പരസ്പര പഴിചാരല്‍

അമേരിക്കയുടെയും ഇറാഖിന്റെയും പരസ്പരം പഴിചാരലുകളും കുറ്റപ്പെടുത്തലുകളും വലിയൊരു വഞ്ചനയെ മറച്ചു വെക്കുന്നുണ്ട്. അങ്ങേയറ്റം നിന്ദാപരവും ദുഖകരവുമാണിത്. ഒരിക്കല്‍ ചവിട്ടേറ്റ് വീണ് പിന്നേയും സ്‌കൂള്‍ കുട്ടികളെ പോലെ തങ്ങളുടെ ദുരാഗ്രഹങ്ങള്‍ക്ക് വേണ്ടി ഇറങ്ങിതിരിച്ച അമേരിക്കയെയും, ഇറാനെയും ബാഗ്ദാദിലെ അവരുടെ ശിങ്കിടികളായ ഭരണകൂടത്തെയും കാണുമ്പോള്‍ അതാണ് തോന്നുന്നത്. തങ്ങളുടെ സൈനിക ശേഷിക്കുറവിന്റെ അടിത്തട്ടില്‍ വര്‍ത്തിക്കുന്ന ബാലിശവും പാപ്പരത്തം നിറഞ്ഞതുമായ രാഷ്ട്രീയത്തെയാണ് റമാദി ഭരണകൂടത്തിന്റെ പതനത്തോടെ ഉടലെടുത്ത പരസ്പര പഴിചാരലുകളും കുറ്റപ്പെടുത്തലുകളും വെളിവാക്കുന്നത്.

തിരിച്ചടിയുടെ ഭീകരത എത്രത്തോളമാണ്? ഇപ്പോള്‍ അമേരിക്കന്‍ സൈനിക നേതൃത്വം കാണിക്കുന്ന വല്ലായ്മ ഒത്തുകളിയാണോ അതല്ല ഒബാമ പറയുന്നത് പോലെ തന്ത്രപൂര്‍വ്വമായ പിന്തിരിയലാണോ? മുഴുനാണക്കേടിലേക്കുള്ള പതനത്തിന്റെ ആഴമെത്രയാണ്? അന്‍ബാറിനെ മോചിപ്പിക്കാനുള്ള യഥാര്‍ഥ യുദ്ധം ഒടുവില്‍ തുടങ്ങിയോ? അതല്ല ബാഗ്ദാദിനെ പ്രതിരോധിക്കാനാണോ ഇപ്പോഴത്തെ യുദ്ധം?

യുദ്ധത്തിന് കെല്‍പില്ലാത്തവര്‍
കഴിഞ്ഞ വാരാന്ത്യത്തില്‍ ഈയടുത്തുണ്ടായ തിരിച്ചടികള്‍ക്ക് കാരണം ഇറാഖി സൈന്യത്തിന്റെ ആത്മവിശ്വാസക്കുറവാണെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊടുന്നനെയാണ് ഇറാന്‍, ഇറാഖ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. ഇറാന്റെ കുര്‍ദു സേനയുടെ തലവന്‍ ജനറല്‍ ഖാസിം സുലൈമാനി, ഇഛാശക്തിയില്ലാത്തത് വാഷിങ്ടണിനാണെന്നാണ് തിരിച്ചടിച്ചത്. വാഷിങ്ടണ്‍ ഒത്തുകളിയാണെന്നാണ് ഇറാനിയന്‍ ജനറലിന്റെ വാദം. ഐസിസുമായി അമേരിക്ക ഗൂഢാലോചന നടത്തുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

ഇറാഖിലെ പ്രത്യേകസേനയുടെ തലവനായിരുന്ന ബ്രിഗേഡിയര്‍ ജനറല്‍ കര്‍ട് ക്രിറ്റസര്‍ പറയുന്നത് മിക്ക ഇറാഖി സൈനികസംഘങ്ങളും വിശ്വസിക്കുന്നത് അമേരിക്ക രഹസ്യമായി ഐസിസിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നാണത്രേ. പൊതുനയതന്ത്രത്തിലുള്ള പാളിച്ചയാണ് ഇത്തരം തെറ്റിദ്ധാരണകള്‍ പരക്കാന്‍ കാരണമെന്ന് ജനറല്‍ സമ്മതിക്കുന്നതോടൊപ്പം, തങ്ങളുടെ സ്വാഭാവികസഖ്യത്തില്‍ നിന്നു തന്നെ പ്രത്യാക്രമണങ്ങള്‍ അമേരിക്കന്‍ സൈന്യത്തിന് ഇതിനാല്‍ നേരിടേണ്ടി വരുമെന്നും കരുതുന്നു.

സെപ്തമ്പര്‍ 11ന് ശേഷം അമേരിക്കയുടെ പ്രചരണയുദ്ധത്തിന്റെ ജയപരാജയങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ വ്യാപകമാണ്. എന്നാല്‍ ലോകത്തെങ്ങുനിന്നുമുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില്‍ ഐസിസ് വിജയിക്കുന്നുവെന്ന പ്രതീതിയുണ്ടായതോടെ അത്തരം ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടു.

ഭീകര പരാജയങ്ങള്‍
കഷ്ടം, ഇത് ഒന്നാമത്തെയോ, രണ്ടാമത്തെയോ, മൂന്നാമത്തേതോ പോലുമല്ല. വാഷിങ്ടണിനെയും ബാഗ്ദാദിനെയും ഞെട്ടിച്ച് കൊണ്ട് മൊസുലിന്റെ അധികാരം ഐസിസ് കൈയ്യടക്കിയിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. അന്നാരംഭിച്ച തേരോട്ടം ഇന്ന് അന്‍ബാര്‍ പ്രവിശ്യയുടെ റമാദിയും കീഴടക്കി തുടരുകയാണ്.

ഒരിക്കല്‍ കൂടി പെന്റഗണ്‍ ഞെട്ടിയിരിക്കുന്നു; ഇറാഖിലെ ശിങ്കിടികള്‍ സ്തംഭിച്ചിരിക്കുന്നു. എന്നാല്‍ അപ്രതീക്ഷിതവും, നിനച്ചിരിക്കാത്തതുമാണ് ആക്രമണമെങ്കില്‍ ഐസിസ് അതിന്റെ പ്രയാണം ഇപ്പോഴും അതേപടി തുടരുന്നതെങ്ങനെ? ഈയിടെയായി ഐഎസ്‌ഐഎലിനെ പരാജയപ്പെടുത്താന്‍ സമയമെടുക്കുമെന്നാണ് വാഷിങ്ടണും ബാഗ്ദാദും പറയുന്നത്. അവരുടെ മുന്നേറ്റം തടയാന്‍ തങ്ങള്‍ക്കായിട്ടുണ്ടെന്നും അവര്‍ പറയുന്നു. പക്ഷെ രണ്ടും നടക്കില്ലെന്നല്ലെ കരുതേണ്ടത്?

ശക്തമായ അമേരിക്കന്‍ സൈനിക സഹായത്തിനും, അന്‍ബാര്‍ പ്രവിശ്യയില്‍ നിര്‍ണായകമായ സൈനികനീക്കങ്ങള്‍ക്കും, അമേരിക്ക ഐഎസ്‌ഐഎല്ലിനെതിരെ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങള്‍ക്കും, ഐസിസിനെ പരാജയപ്പെടുത്തുന്നത് പോയിട്ട് തടയിടുന്നതിന് പോലുമായിട്ടില്ലെന്നതല്ലേ ശരി? ഏതെങ്കിലും കാട്ടിനുള്ളിലോ പര്‍വ്വതക്കൂട്ടങ്ങള്‍ക്കുള്ളിലോ ഒളിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ക്കെതിരിലല്ല വാഷിങ്ടണിന്റെയും ബാഗ്ദാദിന്റെയും യുദ്ധമെന്നതാണ് കൗതുകകരമായ കാര്യം. തുറന്ന മരുഭൂമിയില്‍ ഔദ്യോഗിക സേനകളെ പോലെ, സൈനിക ബേസുകളും പട്ടണങ്ങളും കൈയ്യടക്കി തങ്ങളുടെതായ സേവനവും ഭരണരീതിയും സ്ഥാപിച്ചാണ് ഐസിസ് മുന്നേറുന്നത്. റമാദിയിലും മൗസിലിലും പരസ്യമായ പരേഡുകള്‍ വരെ അവര്‍ നടത്തുന്നു.

രാഷ്ട്രീയ ഇഛാശക്തിയില്ലായ്മ
ഇഛാശക്തിയില്ലായ് സൈനികമോ മാനസികമോ മാത്രമല്ല; രാഷ്ട്രീയപരം കൂടിയാണ്. ഐസിസിനെ അധിക്ഷേപിക്കുന്നത് പോലെ സുന്നികളെ അധിക്ഷേപിക്കുന്ന ശിയാ ഭരണകൂടത്തിന്റെ സൈന്യമെന്തിനാണ് സുന്നികളെ വിമോചിപ്പിക്കാന്‍ തുനിഞ്ഞിറങ്ങുന്നത്? ഹൈദര്‍ അല്‍-അബാദിയുടെയും നൂരി അല്‍ മാലികിയുടെയും കീഴില്‍ വിഭജിച്ചു കിടക്കുന്ന സൈന്യമെന്തിന് യുദ്ധം ചെയ്യാന്‍ തയാറാവണം? തങ്ങള്‍ ചെയ്യേണ്ടുന്നത് ഇറാന്റെ പിന്തുണയുള്ള പോരാളികളും അമേരിക്കന്‍ ബോംബര്‍ വിമാനങ്ങളും ചെയ്യുമ്പോള്‍ പണക്കൊതിയന്മാരും സൈന്യത്തില്‍ ഉന്നതസ്ഥാനീയരുമായ അവരെന്തിന് യുദ്ധത്തിന് ഇറങ്ങിത്തിരിക്കണം?

ഐസിസിനെതിരായ യുദ്ധത്തിന് സുന്നി-ശിയാ ഐക്യം അനിവാര്യമാണെന്ന് ബാഗ്ദാദിലെയും വാഷിങ്ടണിലെയും വിവേകമുള്ള ഏതൊരാള്‍ക്കും വ്യക്തമാവുന്ന കാര്യമാണ്. വംശീയവിഭാഗീയതക്ക് അറുതി വരുത്താനാവാഞ്ഞതും അത് വര്‍ധിക്കാനിട വരുത്തിയതുമാണ് മാലികിയെ മാറ്റി അബ്ബാദി അധികാരത്തിലേറാന്‍ കാരണം. തന്റെ രാഷ്ട്രീയ നിലനില്‍പ് ഭദ്രമാക്കാനും ഐസിസിനെതിരായ സൈനിക നീക്കങ്ങളെ ശക്തിപ്പെടുത്താനും വാഷിങ്ടണിന്റെ പിന്തുണയോടെ അബാദി ശ്രമിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.

ഐസിസിനെതിരെ പുതിയ ഇറാഖ് സര്‍ക്കാര്‍ തിരിച്ചടിക്കുന്നുണ്ടെന്ന് കുറച്ച് നാളത്തേക്കെങ്കിലും, പ്രത്യേകിച്ച് തിക്‌രീതില്‍, തോന്നിച്ചിരുന്നു. ആ മുന്നേറ്റം തുടരുമെന്നും രാഷ്ട്രീയപരമായ വിലപേശലുകള്‍ക്ക് ഇടംനല്‍കാതെ ശീട്ടുകൊട്ടാരം പോലെ ആ വീഴ്ച ഐസിസിന്റെ പൂര്‍ണ പതനം കൊണ്ടുവരുമെന്നും കരുതപ്പെട്ടു. അതിനെ തുടര്‍ന്ന് ഏപ്രിലില്‍ വാഷിങ്ടണില്‍ ഉച്ചകോടി നടത്തി, ഇറാന്റെ സഹായങ്ങള്‍ സ്വീകരിക്കരുതെന്നും വിഭാഗീയപ്രവണതകള്‍ക്ക് അറുതിവരുത്തേണ്ടത് പ്രധാനമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് തന്നെ ഇറാഖ് പ്രധാനമന്ത്രിയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരിച്ച്, കൂടുതല്‍ മുന്തിയ ആയുധങ്ങളും തുടര്‍ന്നുള്ള സൈനികപിന്തുണയുമാണ് ഇറാഖ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. രണ്ടും സംഭവിച്ചില്ല.

നാണംകെടുത്തുന്ന പരാജയമെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കില്‍, നടുക്കുന്ന തിരിച്ചടിയായിരുന്നു കൊടിയ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ റമാദി ഐസിസിന്റെ കൈകളിലായത്. അത്രയുമാണോ നടന്നത്? ഇനിയെന്താണ് നടക്കാനിരിക്കുന്നത്?

ഇറാഖിലെ കലാശക്കളി
വാഷിടണിനും ഇറാനും ഇറാഖിലെ കളി അവസാനത്തെ കളിയായിരിക്കുകയില്ല. ആത്മഹത്യാപരമായ, അപകടം നിറഞ്ഞ ഒന്നായിരിക്കുമത്. പരസ്യമായ കുറ്റപ്പെടുത്തലുകള്‍ക്കപ്പുറം, രണ്ട് പക്ഷവും ഇല്ലാതാകുംവരെ ഇറാന്‍ പിന്തുണക്കുന്ന സായുധപോരാളികളും ഐസിസും തമ്മില്‍ നടക്കുന്ന യുദ്ധത്തെ അത്രമേല്‍ ദുഖത്തോടെയല്ല പെന്റഗണ്‍ നോക്കിക്കാണുന്നത്. ഒബാമ തന്റെ അഭിപ്രായം മാറ്റി ഇറാന്റെ പിന്തുണ തേടാന്‍ അബാദിക്ക് അനുമതി കൊടുത്തതെന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള പാതിവിശദീകരണമതിലുണ്ട്.

എന്നാല്‍ ഇറാനാകട്ടെ, പശ്ചിമേഷ്യയില്‍ അമേരിക്ക ഇടപെടുമ്പോഴൊക്കെ അതിന് തിരിച്ചടി നേരിടേണ്ടി വരുന്നതിനെയും അത്ര ദുഖത്തോടെയല്ല കാണുന്നത്. സംശയമുളവാക്കുന്ന രീതിയില്‍ രണ്ട് കൂട്ടരും തങ്ങളുടെ ശത്രുക്കള്‍ക്കെതിരെ ഘോരമായ ആക്രമണങ്ങള്‍ക്കായി ആഹ്വാനം ചെയ്യുന്നുണ്ട്. തല്‍ക്കാലത്തേക്കാണെങ്കിലും ശത്രുവിന്റെ ശത്രു തന്റെ മിത്രമെന്ന നിലപാടാണ് രണ്ട് കക്ഷികളും പുലര്‍ത്തുന്നത്. ഇപ്പോള്‍ രണ്ട് കൂട്ടരെയും നാണിപ്പിക്കുന്നതാണ് ഐസിസിന്റെ വിജയപരമ്പരകള്‍. അതേസമയം തന്നെ കൊല്ലപെടാനും നരകിക്കാനും വിധിക്കപ്പെട്ടവരായി ഇറാഖികള്‍ അവരുടെ ജീവിതം തുടരുന്നു. സിറിയയിലും സ്ഥിതി വ്യത്യസ്തമല്ല.

ശരി, ഇനി നമുക്ക് സത്യസന്ധമായി കാര്യങ്ങളെ കാണാം. റമാദിയിലെയും, പാല്‍മിറയിലെയും ജനജീവിതത്തെ കുറിച്ച് യഥാര്‍ത്ഥത്തില്‍ വാഷിങ്ടണും തെഹ്‌റാനും വല്ല വിചാരങ്ങളുമുണ്ടോ? നയതന്ത്ര നിലപാടുകള്‍ രൂപീകരിക്കുന്നതിനും രാഷ്ട്രീയലാഭങ്ങളുണ്ടാക്കുന്നതിനും അപ്പുറത്ത് മൗസിലിലെയും റഖയിലെയും ജനങ്ങളെക്കുറിച്ച് ഒരുവേള ചിന്തിക്കാന്‍ അവര്‍ തയാറാവുമോ?

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles