Current Date

Search
Close this search box.
Search
Close this search box.

Articles, History, Human Rights, Palestine

ഫലസ്തീനികള്‍ മലയാളത്തില്‍ സംസാരിക്കുമ്പോള്‍

1948 ലാണ് ഫലസ്തീനികളുടെ ഭൂമിയില്‍ പാശ്ചാത്യന്‍ രാഷ്ട്രങ്ങളുടെ പിന്തുണയാല്‍ ഇസ്രായേല്‍ എന്ന രാഷ്ട്രം പിറക്കുന്നത്. ഇന്ത്യ സ്വതന്ത്രമായിട്ട് അന്ന് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. അധിനിവേശത്തിന്റെ കെടുതികളും സ്വതന്ത്ര പോരാട്ടങ്ങളുടെ വിലയും തൊട്ടനുഭവിച്ചവരായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ശില്പികള്‍. അതിനാല്‍ മഹാത്മാഗാന്ധിക്കും ജവഹര്‍ലാല്‍ നെഹ്‌റുവിനും ഫലസ്തീന്‍ വിഷയത്തില്‍ നിലപാടെടുക്കാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. ഇസ്രായേല്‍ എന്ന രാഷ്ട്രത്തെക്കുറിച്ച ചര്‍ച്ചകള്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ തന്റെ നിലപാട് ഗാന്ധിജി പ്രഖ്യാപിച്ചിട്ടുണ്ട്.

‘ഇംഗ്ലീഷുകാര്‍ക്ക് ഇംഗ്ലണ്ട് പോലെയും ഫ്രഞ്ചുകാര്‍ക്ക് ഫ്രാന്‍സ് പോലെയും അറബികളുടെ സ്വന്തമാണ് ഫലസ്തീന്‍’ എന്നായിരുന്നു 1938 നവംബര്‍ 20ന് ഹരിജനില്‍ ഗാന്ധിജി എഴുതിയത്. ‘അറബികളെ ഇല്ലാതാക്കി ജൂതന്മാര്‍ ഫലസ്തീനെ ഭാഗികമായോ പൂര്‍ണമായോ ദേശീയ ഇടമാക്കി മാറ്റുന്നത് മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണ്’ എന്നും ഗാന്ധിജി. ജവഹര്‍ലാല്‍ നെഹ്‌റു ഗാന്ധിയുടെ ഈ നിലപാടാണ് സ്വീകരിച്ചത്. അതിനാല്‍ അറബികള്‍ക്കും ജൂതന്മാര്‍ക്കുമായി ഫലസ്തീനിനെ വിഭജിക്കുന്ന യു.എന്‍ പ്രമേയം 181 എതിരെയാണ് ഇന്ത്യ അന്ന് വോട്ട് ചെയ്തത്.

രാഷ്ട്രശില്പികളുടെ ഈ നിലപാടുകള്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല സാഹിത്യത്തിലും അക്കാലം മുതലേ പ്രതിഫലിച്ചിരുന്നു. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവുമധികം വിവര്‍ത്തനം ചെയ്യപ്പെട്ട ആധുനിക അറബി കവിതകളിലൊന്ന് ഫലസ്തീന്‍ കവികളുടെതായത് അങ്ങനെയാണ്. അറബ് നാടുമായും അവിടത്തെ സാംസ്‌കാരിക വിനിമയങ്ങളുമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ബന്ധമുള്ളവരാണ് കേരളീയര്‍. അതിനാല്‍ ഫലസ്തീന്‍ സാഹിത്യങ്ങളുടെ വിവര്‍ത്തനങ്ങള്‍ അര നൂറ്റാണ്ട് മുമ്പെങ്കിലും മലയാളത്തിലാരംഭിച്ചിട്ടുണ്ട്. ഫലസ്തീനെ കുറിച്ച മലയാള കവികളുടെ ഐക്യദാര്‍ഢ്യ രചനകള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇങ്ങനെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ചില കവികളുടെ ഏതാനും വരികള്‍ മാത്രം പങ്കുവെക്കുകയാണീ കുറിപ്പില്‍.

മഹമൂദ് ദര്‍വീശാണ് മലയാളത്തിലെ ഏറ്റവുമധികം വായിക്കപ്പെട്ട ഫലസ്തീനിയന്‍ കവി. ചിന്താ പബ്ലിഷേഴ്‌സ് ദര്‍വീശിന്റെ കവിതകള്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അജീര്‍ കുട്ടിയാണ് വിവര്‍ത്തകന്‍. 1990ല്‍ പി.കെ പാറക്കടവ് ചെയ്ത മഹ്‌മൂദ് ദര്‍വീശ് അടക്കമുള്ള ഫലസ്തീന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ കവികളുടെ ശ്രദ്ധേയ രചനകള്‍ ഉള്‍പ്പെടുത്തിയ കാവ്യസമാഹാരം എന്‍.പി.എസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തില്‍ സുന്ദരമായി ദര്‍വീശിന്റെതടക്കമുള്ള ഫലസ്തീന്‍ കവിതകള്‍ വിവര്‍ത്തനം ചെയ്ത പ്രമുഖനാണ് കവി സച്ചിദാനന്ദന്‍. ദര്‍വീശിന്റെ ഏറ്റവും പ്രശസ്തമായ ഐഡന്റി കാര്‍ഡ് എന്ന കവിതക്ക് ഒന്നിലധികം മലയാള വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ കവിതയിലെ ഏറ്റവുമധികം പ്രചാരം ലഭിച്ച വരികളുടെ സച്ചിദാനന്ത മൊഴിമാറ്റം താഴെ.

ഐഡന്റിറ്റി കാര്‍ഡ്

രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
എന്റെ കാര്‍ഡ് നമ്പര്‍ അമ്പതിനായിരം
എനിക്ക് എട്ടു മക്കള്‍
ഒമ്പതാമത്തേത് വരും, വേനല്‍ കഴിഞ്ഞ്.
കോപിക്കാനെന്തിരിക്കുന്നു?
രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
കല്ലുവെട്ടാംകുഴിയില്‍ അധ്വാനിക്കുന്ന
സഖാക്കള്‍ക്കൊപ്പം പണി.
എനിക്ക് എട്ടു മക്കള്‍
അവര്‍ക്കായി ഞാന്‍ പാറക്കല്ലില്‍നിന്ന്
അപ്പക്കഷണം പിടിച്ചെടുക്കുന്നു,
ഉടുപ്പുകളും നോട്ടുബുക്കുകളും.
നിങ്ങളുടെ വാതില്‍ക്കല്‍ വന്ന്
ഞാന്‍ പിച്ച തെണ്ടുന്നില്ല.
നിങ്ങളുടെ വാതിലോളം തരം താഴുന്നില്ല.
കോപിക്കാനെന്തിരിക്കുന്നു?

രേഖപ്പെടുത്തൂ:
ഞാന്‍ അറബി
ഞാന്‍ ബഹുമതികളൊന്നുമില്ലാത്ത വെറും പേര്
എല്ലാം കോപച്ചുഴിയില്‍ കഴിയുന്ന
ഒരു നാട്ടില്‍ ക്ഷമയോടെ കഴിയുന്നവന്‍
എന്റെ വേരുകളുറച്ചു
കാലത്തിന്റെ പിറവിക്കും മുമ്പ്,
യുഗങ്ങള്‍ പൊന്തിവരും മുമ്പ്,
ദേവതാരുവിനും ഒലീവു മരങ്ങള്‍ക്കും മുമ്പ്,
കളകളുടെ പെരുക്കത്തിനും മുമ്പ്.
എന്റെ ഉപ്പ നുകത്തിന്റെ കുടുംബത്തില്‍നിന്ന്
ഊറ്റം കൂടിയ തറവാടുകളില്‍നിന്നല്ല
എന്റെ ഉപ്പൂപ്പാ കൃഷിക്കാരനായിരുന്നു
കുലവും വംശാവലിയുമില്ലാത്തവന്‍
എന്റെ വീട് കാവല്‍ക്കാരന്റെ കൂര,
കമ്പും മുളയുംകൊണ്ട് കൂട്ടിയത്.
എന്റെ പദവികൊണ്ട് തൃപ്തിയായോ ആവോ?
വീട്ടുപേരില്ലാത്ത വെറും പേരാണു ഞാന്‍
രേഖപ്പെടുത്തൂ:
ഞാന്‍ അറബി.

മുടിയുടെ നിറം: മഷിക്കറുപ്പ്
മണ്ണിന്റെ നിറം: തവിട്ടുനിറം
തിരിച്ചറിയാനുള്ള അടയാളങ്ങള്‍:
എന്റെ തലയില്‍ക്കെട്ടിനു മീതേ ചരടുകള്‍,
തൊടുന്നവനെ മാന്തുന്നവ.
എന്റെ വിലാസം:
ഞാന്‍ നാട്ടിന്‍പുറത്തുനിന്നാണ്.
അകലെ, മറക്കപ്പെട്ട ഒന്ന്
അതിന്റെ തെരുവുകള്‍ക്ക് പേരില്ല
ആളുകളൊക്കെ വയലിലും മടയിലും
കോപിക്കാനെന്തിരിക്കുന്നു?
രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
നിങ്ങളെന്റെ മുത്തുപ്പാമാരുടെ
മുന്തിരിത്തോപ്പുകള്‍ തട്ടിപ്പറിച്ചു,
ഞാന്‍ ഉഴാറുള്ള കണ്ടങ്ങള്‍,
ഞാനും എന്റെ മക്കളും
എനിക്കും പേരക്കിടാങ്ങള്‍ക്കും
നിങ്ങള്‍ ബാക്കിയിട്ടത് ഈ പാറകള്‍ മാത്രം
കേള്‍ക്കും പോലെ അവയും
നിങ്ങളുടെ സര്‍ക്കാര്‍
എടുത്തുകൊണ്ടുപോകുമോ?
അപ്പോള്‍
ഒന്നാം പേജിന്നു മുകളില്‍തന്നെ
രേഖപ്പെടുത്തൂ:
എനിക്ക് ജനങ്ങളോടു വെറുപ്പില്ല
ഞാനാരുടെയും സ്വത്ത് കൈയേറുന്നുമില്ല
എങ്കിലും എനിക്ക് വിശന്നാല്‍
അതിക്രമിയുടെ ഇറച്ചി ഞാന്‍ തിന്നും
സൂക്ഷിച്ചിരുന്നോളൂ, എന്റെ വിശപ്പിനെ സൂക്ഷിക്കൂ,
എന്റെ കോപത്തെയും!

സച്ചിദാനന്ദന്‍ തന്നെ വിവര്‍ത്തനം ചെയ്ത ദര്‍വീശിന്റെ ശിരസ്സും അമര്‍ഷവും എന്ന കവിതയിലെ വരികള്‍:

ശിരസ്സും അമര്‍ഷവും

എന്റെ ജന്മനാടേ!
ഈ മരയഴികളിലൂടെ
തീക്കൊക്കുകള്‍ എന്റെ മിഴിയിലാഴ്ത്തി
തണുപ്പിക്കുന്ന ഗരുഡന്‍ നാടേ!
എനിക്ക് മരണത്തിന് മുന്നിലുള്ളത്
ഒരു ശിരസ്സും ഒരമര്‍ഷവും മാത്രം.

എന്റെ മരണപത്രത്തില്‍
ഞാനപേക്ഷിച്ചിട്ടുണ്ട്
എന്റെ ഹൃദയം ഒരു
വൃക്ഷമായി വെച്ചുപിടിപ്പിക്കണമെന്ന്,
എന്റെ നെറ്റി
ഒരു വാനമ്പാടിക്കു വീടായും.
ഹേ, ഗരുഡന്‍, നിന്റെ ചിറകുകള്‍
ഞാനര്‍ഹിക്കുന്നില്ല.
എനിക്കിഷ്ടം ജ്വാലയുടെ കിരീടം.

ഇസ്രയേല്‍ ഏജന്റുമാര്‍ കാര്‍ബോംബ് വെച്ച് കൊലപ്പെടുത്തിയ ഗസാന്‍ ഗനഫാനിയുടെ രചനകളും മലയാളത്തില്‍ ഏറെ വായിക്കപ്പെട്ടവയാണ്. മുരീദ് ബര്‍ഗൂത്തിയുടെ വരികളും മലയാളത്തില്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അനിത തമ്പി വിവര്‍ത്തനം ചെയ്ത ബര്‍ഗൂത്തിയുടെ ‘റാമല്ല ഞാന്‍ കണ്ടു’ എന്നത് മലയാളത്തിലെ ശ്രദ്ധേയ വിവര്‍ത്തന സാഹിത്യങ്ങളിലൊന്നാണ്.

മുകളില്‍ പരാമര്‍ശിച്ച ചിലരുടെ പരിഭാഷപ്പെടുത്തപ്പെട്ട ഏതാനും വരികള്‍ മാത്രം താഴെ പകര്‍ത്തുന്നു.

ഗസാന്‍ കനാഫാനി

അടുത്ത മുറിയില്‍നിന്ന് നീ നിന്റെ ഉമ്മിയോട് ചോദിക്കുന്നത് ഞാന്‍ കേട്ടു. ഉമ്മീ, ഞാനൊരു ഫലസ്തീനിയാണോ? നിന്റെ ഉമ്മി ‘അതേ’ എന്ന് മൊഴിഞ്ഞപ്പോള്‍ ഭീകരമായൊരു നിശബ്ദത നമ്മുടെ വീടാകെ നിറഞ്ഞുനിന്നു. നമ്മുടെ തലക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്ന എന്തോ ഒന്ന് താഴെ വീണ് വിസ്ഫോടനം ഉണ്ടാക്കിയത് പോലെ. പിന്നെ നിശബ്ദത. പിന്നെ നീ കരയുന്നത് ഞാന്‍ കേട്ടു. എനിക്ക് ചലിക്കാനായില്ല. അകലെ നമ്മുടെ ജന്മഭൂമി വീണ്ടും പിറക്കുന്നത് ഞാനറിഞ്ഞു. കുന്നുകളും സമതലങ്ങളും ഒലീവ് തോട്ടങ്ങളും ജഡങ്ങളും കീറിപ്പറിഞ്ഞ ബാനറുകളും ഒരു കുട്ടിയുടെ ഓര്‍മകളിലേക്ക് പുനര്‍ജനിക്കുന്നു’.

സമീഹ് അല്‍ഖാസിമി

എന്റെ ഇടുങ്ങിയ ജയിലറുടെ ജാലകത്തിലൂടെ മരങ്ങള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നതും പുരപ്പുറത്ത് എന്റെ കുടുംബത്തിന്റെ തിക്കും തിരക്കും ഞാന്‍ കാണുന്നു. ജാലകങ്ങള്‍ തേങ്ങിക്കരയുന്നതും എനിയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതും ഞാന്‍ കാണുന്നു. എന്റെ ഇടുങ്ങിയ ജയിലറയുടെ
ജാലകത്തില്‍ നിന്ന്, നിന്റെ വലിയ ജയിലറ ഞാന്‍ കാണുന്നു.

മുരീദ് ബര്‍ഗൂത്തി

കൂട്ടിലെ പറവകള്‍
അനുഗ്രഹിക്കപ്പെട്ടവരാണ്
അവയ്ക്ക് കുറഞ്ഞ പക്ഷം
സ്വന്തം തടവറയുടെ
അതിര്‍ത്തികള്‍ അറിയാം

ഫദി ജൗദാ

എന്റെ മകള്‍
ആ ചിലന്തിയെ
നോവിക്കില്ല

അവളുടെ സൈക്കിളിന്റെ കൈപ്പിടിക്കിടയില്‍
കൂടുകെട്ടിയ
ആ ചിലന്തിയെ
അവള്‍ നോവിക്കില്ല.

രണ്ടാഴ്ച അവള്‍ കാത്തിരുന്നു
ആ ചിലന്തി സ്വയമേവ അവിടം വിടുംവരെ

ഞാനവളോട് പറഞ്ഞു,
ആ വല നീ മുറിച്ചുകളഞ്ഞിരുന്നെങ്കില്‍
ഇത് വീടല്ല എന്ന്
ആ ചിലന്തി അറിയുമായിരുന്നു
ഇതിനെ
വീടെന്ന് വിളിക്കാന്‍ പറ്റില്ല
എന്നറിയുമായിരുന്നു.
നിന്റെ സൈക്കിള്‍
നിന്‍േറതുമാത്രമാവുമായിരുന്നു

അവള്‍ എന്നോട് പറഞ്ഞു,
‘ഇങ്ങനെയാണല്ലേ അപ്പാ
ഭൂമിയില്‍ അഭയാര്‍ത്ഥികള്‍ ഉണ്ടാവുന്നത്’

എന്റെ മകള്‍
ആ ചിലന്തിയെ
നോവിക്കില്ല

(വിവര്‍ത്തനം: ഡോ. യാസര്‍ അറഫാത്ത് )

ഫലസ്ത്വീനിയന്‍ കവി ലെന ഖലാഫ് ടുഫാഫിന്റെ ‘താക്കീതാണ്, കടന്നു പോ….’ കവിത ശ്രദ്ധേയമാണ്. (വിവര്‍ത്തനം: സരിത മോഹനന്‍വര്‍മ.) നാലു ഭാഗവും അടഞ്ഞ ഗസ്സയെന്ന തുറന്ന ജയിലില്‍ ബോംബിടുംമുമ്പ് ഇസ്രയേല്‍ വിമാനങ്ങള്‍ സിവിലിയന്മാര്‍ക്ക് രക്ഷപ്പെടാന്‍ സൈറണ്‍ മുഴക്കി അറിയിക്കുന്ന മുന്നറിയിപ്പ് എന്ന യുദ്ധചടങ്ങിന്റെ പരിഹാസ്യത വിളിച്ചുപറയുന്ന കവിതയുടെ ചില വരികള്‍ പകര്‍ത്തി ഈ ചെറുകുറിപ്പ് അവസാനിപ്പിക്കുന്നു.

ദേ അവരിപ്പോ ഞങ്ങളെ വിളിച്ചു,
ബോംബിടും മുമ്പേ.
‘ഓട്, രക്ഷപ്പെട്,
ഈ സന്ദേശത്തിനുശേഷം നിങ്ങള്‍ക്ക്
കിറുകൃത്യം 58 നിമിഷങ്ങളുണ്ട്.
അടുത്തത് നിങ്ങളുടെ വീടാണ്.
അവര്‍ക്കിതെന്തോ കുന്ത്രാണ്ടം
യുദ്ധോപചാരമാണുപോലും!
തുരത്തിവിട്ടാല്‍ ഓടിക്കേറാന്‍
ഒരിടവുമില്ലെന്നൊന്നും വിഷയമല്ല;
അതിര്‍ത്തികള്‍ കൊട്ടിയടച്ചിരിക്കുന്നു എന്നത്
അവര്‍ക്ക് ഒന്നുമല്ല;
സര്‍വതും, സര്‍വരേയും
അടുക്കിപ്പെറുക്കി ഒത്തുകൂട്ടാന്‍
ഇനിയുള്ള 58 നിമിഷങ്ങള്‍ക്ക് നീളം പോരേ?
ഒരു കാര്യവുമില്ല നിങ്ങള്‍ എന്തൊക്കെ പദ്ധതിയിട്ടിട്ടും
ഒരു കാര്യവുമില്ല!
നിങ്ങള്‍ ആരായിട്ടും ഒരു കാര്യവുമില്ല
നിങ്ങള്‍ മനുഷ്യനാണെന്ന് കാട്ടിത്താ…
ഇരുകാലിയാണെന്ന് കാട്ടിത്താ…
ഒന്നു പോ, കടന്നു പോ…

Related Articles