Current Date

Search
Close this search box.
Search
Close this search box.

‘ധീരനും, പ്രിയപ്പെട്ടവനും’: മിലാദിന്റെ ജീവിതവും സ്വപ്‌നവും തകര്‍ത്ത ഇസ്രായേലിന്റെ ബുള്ളറ്റ്

‘ഭാവിയില്‍ വലിയ ഫുട്‌ബോള്‍ താരമാകണമെന്ന സ്വപ്‌നം കണ്ടു നടന്നിരുന്ന വളര്‍ന്നു വരുന്ന പ്രതിഭയായിരുന്നു മിലാദ് അല്‍ റാഇയെന്ന്’ കരഞ്ഞുകൊണ്ടാണ് അവന്റെ സുഹൃത്തുക്കള്‍ പറഞ്ഞത്. സെപ്റ്റംബര്‍ ഒമ്പതിനാണ് 16കാരനായ മിലാദിനെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊല്ലുന്നത്. അധിനിവിഷ്ട വെസ്റ്റ്ബാങ്ക് നഗരമായ ഹിബ്രോണിലെ അല്‍ അറൂബ് അഭയാര്‍ത്ഥി ക്യാംപിന് സമീപം വെച്ചായിരുന്നു വെടിവെപ്പ്.

എല്ലാവരും അറിയപ്പെടുന്ന ഫുട്‌ബോളറാകണമെന്ന ആഗ്രഹം മനസ്സില്‍ കൊണ്ടുനടക്കുന്ന അവന്‍ അതിനുവേണ്ടിയുള്ള പരിശ്രമത്തിന്റെ പാതയിലായിരുന്നു. തന്റെ ഇഷ്ട ടീമായ റയല്‍ മാഡ്രിഡിന്റെ മത്സരം കാണാന്‍ സ്‌പെയിനിലെ സാന്റിയാഗോ ബെര്‍ണാബെ സ്‌റ്റേഡിയത്തിലേക്ക് പോകണമെന്ന ആഗ്രഹവും ഒരു നാള്‍ അവര്‍ക്കുവേണ്ടി കളിക്കണമെന്ന മോഹവും മനസ്സിലേറ്റി നടക്കുന്നതിനിടെയാണ് മിലാദിന്റെ സ്വപ്‌നങ്ങളെ തകര്‍ത്തുകൊണ്ട് ഇസ്രായേല്‍ സൈന്യത്തിന്റെ ആ ബുള്ളറ്റ് തന്റെ ശരീരത്തില്‍ തുളച്ചുകയറുന്നത്.

അല്‍ അറൂബ് ക്യാമ്പിന്റെ പ്രവേശന കവാടത്തിലെ സൈനിക വാച്ച് ടവറില്‍ നിന്ന് ഒരു ഇസ്രായേല്‍ സൈനികന്‍ മിലാദിന്റെ പുറകില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ക്യാംപിന് സമീപമുള്ള താഴ്‌വരയില്‍ ഗ്രില്ലിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു മിലാദ്.

ക്യാമ്പിലെ മുഴുവന്‍ അംഗങ്ങളും അവനെ സ്‌നേഹിച്ചിരുന്നു. അവനുമായി തമാശ പറഞ്ഞതും സംസാരിച്ചിരുന്നതും ഓര്‍ത്തുകൊണ്ട് അല്‍-അറൂബ് ക്യാമ്പിലെ താമസക്കാരനായ അബ്ദുള്‍ഖാദര്‍ ബദാവി പറഞ്ഞു. ആ സംഘത്തിലെ ഒരാളെ ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്. അവിടെ സുഹൃത്തുക്കളോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന മിലാദിനെ ഇപ്പോള്‍ മിസ്സ് ചെയ്യുകയാണ്- അദ്ദേഹം പറഞ്ഞു.

മേഖലയിലെ സൈനിക വാച്ച് ടവറിന്റെ സാന്നിധ്യം വര്‍ഷങ്ങളായി സംഘര്‍ഷത്തിന്റെ ഒരു പോയിന്റായിരുന്നുവെന്ന് ഫലസ്തീനിയന്‍ ഫോറം ഫോര്‍ ഇസ്രയേല്‍ സ്റ്റഡീസിലെ (ങഅഉഅഞ) ഗവേഷകന്‍ പറഞ്ഞു. ഈ വര്‍ഷം ഇസ്രായേലിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്ന 47-ാമത്തെ ഫലസ്തീന്‍ ബാലനാണ് മിലാദ്. ഈ വര്‍ഷം മാത്രം 230-ലധികം ഫലസ്തീനികളെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. 2005ല്‍ ഫലസ്തീനികളുടെ മരണസംഖ്യ കണക്കാക്കാന്‍ ആഗോള ഫോറം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും മാരകമായ വര്‍ഷമാണിതെുന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു.

ക്യാംപില്‍ കളിക്കാനുള്ള സ്ഥലപരിമിതി മൂലം മിലാദും അവന്റെ സുഹൃത്തുക്കളും തെരുവില്‍ വെച്ചായിരുന്നു ഫുട്‌ബോള്‍ കളിക്കാറുണ്ടായിരുന്നത്. അത് ഇസ്രായേലികള്‍ കൈവശപ്പെടുത്തിയിരുന്ന തെരുവായിരുന്നു, എന്നാല്‍ സൈനിക ടവറില്‍ നിന്ന് കുറച്ച് മീറ്റര്‍ അകലെയായിരുന്ന ഇവിടെ വെച്ച് എല്ലാ ദിവസവും ഫുട്‌ബോള്‍ കളിക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞിരുന്നില്ല. പട്ടാളത്തിന്റെയും ക്യാമ്പിന് ചുറ്റുമുള്ള യഹൂദ കുടിയേറ്റക്കാരുടെയും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇസ്രായേല്‍ സൈന്യം ടവര്‍ സ്ഥാപിച്ചത്.

ഇസ്രായേല്‍ സൈനികന്‍ മിലാദിനുനേരെ ബോധപൂര്‍വം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകനും അല്‍-അറൂബ് ക്യാമ്പ് നിവാസിയുമായ തേര്‍ അല്‍-ഷരീഫ് പറഞ്ഞു. ‘ബട്ടര്‍ഫ്‌ലൈ ബുള്ളറ്റ്’ കൊണ്ടാണ് മിലാദിനെ സൈന്യം കൊലപ്പെടുത്തിയതെന്ന് ഡോക്ടര്‍മാര്‍ പിന്നീട് സ്ഥിരീകരിച്ചു. ബട്ടര്‍ഫ്‌ളൈ വെടിയുണ്ട ശരീരത്തിലേക്ക് തുളച്ചുകയറുകയും അത് ശരീരത്തിലെ കോശഘടനകള്‍, ധമനികള്‍, എല്ലുകള്‍ എന്നിവ പൊടിച്ച് ആന്തരിക പരിക്കുകള്‍ ഉണ്ടാക്കുന്നു. പുറത്തേക്ക് രക്തം ഒഴുകുകയുമില്ല. അതുകൊണ്ടാണ് വെടിയേറ്റിടത്ത് മിലാദ് പെട്ടെന്ന് കുഴഞ്ഞുവീഴുകയോ രക്തം പുറത്തേക്ക് ഒഴുകുകയോ ചെയ്യാതിരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

‘ഇവിടെ നിരവധി ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും നേരെ ലൈവ് വെടിയുണ്ടകളും കണ്ണീര്‍ വാതകവും ഇസ്രായേലി സൈന്യം പ്രയോഗിക്കാറുണ്ടെന്നും മിലാദിനെ വെടിവെച്ച് വീഴ്ത്തുന്നത് കണ്ട അതേ നിമിഷം തന്നെ ചെറിയ ബോംബ് പൊട്ടുന്ന പോലെയുള്ള ശബ്ദം കേട്ടതായും ദൃക്സാക്ഷികള്‍ പറയുന്നു. ക്യാമ്പിനോട് ചേര്‍ന്നുള്ള സൈനിക പോസ്റ്റിലെ സൈനികര്‍ക്ക് നേരെ ഭീകരര്‍ നാടന്‍ കൈബോംബ് എറിഞ്ഞെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്.

‘റയല്‍ മാഡ്രിഡിനായി കളിക്കാന്‍ മിലാദ് ആഗ്രഹിച്ചു, എന്നാല്‍ ഇസ്രായേല്‍ അധിനിവേശത്തിന്റെ വെടിയുണ്ടകള്‍ അദ്ദേഹത്തിന് തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരം നല്‍കിയില്ല.’ ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം എക്‌സില്‍ കുറിച്ചു.

കുടുംബത്തിലെ മൂന്ന് സഹോദരന്മാരില്‍ രണ്ടാമനായിരുന്നു മിലാദ്. അവന്‍ വലിയ സംഗീതപ്രേമിയും ഗായകനുമായിരുന്നെന്നും പിതാവ് പറഞ്ഞു. റാപ്പ് സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയ മിലാദ് അറബിയില്‍ സ്വന്തമായി റാപ്പുകള്‍ എഴുതിയിരുന്നു. ‘എന്റെ ശബ്ദം ഉച്ചത്തിലുള്ളതാണ്, എന്റെ സമയം വിലപ്പെട്ടതാണ്, അതുകൊണ്ടാണ് ഞാന്‍ പറക്കുന്നതായി സ്വപ്നം കാണുന്നു,’ അവന്‍ ഒരിക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അധിനിവേശം മാത്രം കണ്ടും അനുഭവിച്ചും വളര്‍ന്ന മിലാദ് ഫലസ്തീനെ മോചിപ്പിച്ച് അഭയാര്‍ത്ഥികളെ അവരുടെ വീടുകളിലേക്ക് തിരിച്ചയക്കാനാണ് സ്വപ്നം കണ്ടിരുന്നതെന്നും പിതാവ് ഷെരീഫ് പറഞ്ഞു. ‘മാതൃരാജ്യത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും പ്രത്യാശയെക്കുറിച്ചും സ്നേഹത്തോടെ പാടിയ മനോഹരമായ, ഊഷ്മളമായ ഒരു ശബ്ദം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ഫലസ്തീനിയന്‍ സായുധ പ്രതിരോധ പോരാളികളെ, പ്രത്യേകിച്ച് യുദ്ധത്തില്‍ മരിച്ചവരെ വീരപുരുഷന്മാരായാണ് മിലാദ് കണ്ടിരുന്നതത്. കഴിഞ്ഞ വര്‍ഷം ഇസ്രായേലി വെടിലവെപ്പില്‍ കൊല്ലപ്പെട്ട ജെനിന്‍ ക്യാമ്പില്‍ നിന്നുള്ള മതീന്‍ ദബായ അവനെ വളരെയധികം സ്വാധീനിച്ചിരുന്നു.അദ്ദേഹം പറഞ്ഞു.

മിലാദിന് വെടിയേറ്റ വിവരം അറിയുന്ന സമയം 46 കാരനായ പിതാവ് മുന്‍തര്‍ അല്‍-ഷെരീഫ് ബാര്‍ബറിന്റെ അടുത്തായിരുന്നു. ഫോണ്‍ വന്ന ഉടനെ ഞാന്‍ ക്ലിനിക്കിലേക്ക് ഓടിയെത്തി, അവന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഡോക്ടര്‍മാരെ കണ്ടു. ഞാന്‍ അവന്റെ കണ്ണുകളിലേക്ക് നോക്കി, അവന്‍ പോയി എന്ന് എനിക്ക് മനസ്സിലായി. താന്‍ ഏറെ ആരാധിക്കുന്ന രക്തസാക്ഷിത്വം മിലാദ് കൈവരിച്ചിരിക്കുന്നു’ പിതാവ് കരഞ്ഞുകൊണ്ട് പറഞ്ഞു. ‘ഒരു രക്തസാക്ഷിക്ക് ശേഷം മറ്റൊരാള്‍. ഒരു പക്ഷെ അടുത്തത് നമ്മളാകും’ ഫേസ്ബുക്കിലെ തന്റെ അവസാന പോസ്റ്റില്‍, മിലാദ് എഴുതി.

Related Articles