Current Date

Search
Close this search box.
Search
Close this search box.

അഭയാർത്ഥി ദിനാഘോഷങ്ങളിലെ വിരോധാഭാസം

മെഡിറ്ററേനിയൻ കടലിന്റെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ കുടിയേറ്റ ബോട്ട് ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി അതിജീവിച്ച സിറിയൻ കൗമാരക്കാരനാണ് ഫാദി; ചുരുണ്ട മുടി, മുഖക്കുരു പൊതിഞ്ഞ മുഖം.

750 അഭയാർഥികളുമായി പുറപ്പെട്ട ബോട്ട് തീരദേശ പട്ടണമായ പൈലോസിന് സമീപമുള്ള തുറന്ന കടലിൽ ഇക്കഴിഞ്ഞ ജൂൺ 13 ന് കീഴ്മേല്‍ മറിഞ്ഞു. 750 ൽ നിന്ന് 104 പേരെ മാത്രമേ രക്ഷപ്പെടുത്താൻ സാധ്യമായുള്ളൂ.

നിർജീവമായ ഒരുപറ്റം മൃതദേഹങ്ങൾ ജലോപരിതലത്തിലേക്ക് പൊങ്ങിവന്നു. ചിലത് ഒഴുക്കിനൊപ്പം കരയിലടിഞ്ഞു. പലരെയും കണ്ടെത്തിയില്ല. 30 മീറ്റർ ആഴത്തിൽ ബോട്ടിനകത്ത് കുരുങ്ങിക്കിടകുന്ന നൂറുകണക്കിന് ആളുകളാണുള്ളത്.

ഭാഗ്യവശാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതാണ് ഫാദി. ഗ്രീസിലെ കലമാത തുറമുഖത്ത് ഓടിയെത്തിയ സിറിയൻ യുവാവ് മുഹമ്മദ്, അനുജൻ ഫാദിയെ കണ്ടുമുട്ടിയപ്പോഴുള്ള ഹൃദയഭേദകമായ രംഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രക്ഷപ്പെട്ടവർക്കായി നിർമ്മിച്ച കെട്ടിടത്തിന്റെ ഇരുമ്പു വേലിക്കിരുവശവും പരസ്പരം പുണരാനാവാതെ നിൽക്കുന്ന കാഴ്ച്ച ദയനീയമായിരുന്നു.

ഏറ്റവും പുതിയ ബോട്ട് ദുരന്തം, വാർത്തകളിൽ നിന്ന് ദൃശ്യമായതിനേക്കാൾ ദുരന്തപൂർണമാണ്. യുദ്ധത്തിന്റെയും ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും നിരാശയുടെയും തുടർക്കഥകളാണിവ. കടലിൽ മരിച്ചവരുടെ മേല്‍വിലാസം കഥയുടെ ഉത്ഭവത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്നു. അവർ സിറിയ, ഫലസ്തീൻ, അഫ്ഗാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണവർ. അതിജീവനത്തിന് വേണ്ടി സുരക്ഷിതമായൊരിടം തേടിയിറങ്ങിയതാണിവർ.

എല്ലാ വർഷവും ജൂൺ 20 ന് നടക്കുന്ന ലോക അഭയാർത്ഥി ദിനം ‘ആഘോഷിക്കാൻ’ ഐക്യരാഷ്ട്രസഭ സജ്ജമാകുന്നതിന് കൃത്യം ഒരാഴ്ച മുമ്പാണ് ഈ അനന്തമായ ഭീകരതയുടെ ഏറ്റവും പുതിയ എപ്പിസോഡ് നടന്നത് എന്നതാണ് സങ്കടകരമായ വിരോധാഭാസം.

യുഎൻ, യുഎന്നുമായി ബന്ധപ്പെട്ട സംഘടനകൾ, ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര ചാരിറ്റികൾ എന്നിവയുടെ ഈ ദിവസത്തെ മിക്ക പരാമർശങ്ങളും അഭയാർത്ഥികളുടെ ശാക്തീകരണത്തിനും പോസിറ്റിവിറ്റിക്കും ഊന്നൽ നൽകുന്നതായിരുന്നു. “ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ ബഹുമാനിക്കുന്നു” എന്നും അഭയാർത്ഥികളുടെ “ശക്തിയും ധൈര്യവും ആഘോഷിക്കുന്ന” ദിനമാണ് ഇതെന്നും യുഎൻ അഭയാർത്ഥി ഏജൻസിയുടെ (യുഎൻഎച്ച്സിആർ) പ്രസ്താവനയും വന്നു.

അഭയാർത്ഥികളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിലെ വൈരുദ്ധ്യങ്ങൾ സുവ്യക്തമാണ്. എങ്കിലുമത് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. ലോകമെമ്പാടുമുള്ള പല പാശ്ചാത്യ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും എംബസികളിലും അഭയാർഥികളുടെ പേരിൽ സുഭിക്ഷമായ വിരുന്നൊരുക്കുന്നു, നയതന്ത്രജ്ഞരും ഉന്നതമായ ശമ്പളം പറ്റുന്ന ബുദ്ധിജീവികളും ഒരുമിച്ച് കൂടി ഭരണകൂടങ്ങളുടെയും സിവിൽ സമൂഹങ്ങളുടെയും ധാർമ്മിക ഉത്തരവാദിത്തങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നു, നടപടി ആവശ്യപ്പെടുന്നു. വലിയ കരഘോഷം മുഴക്കി ബിസിനസ് കാർഡുകൾ കൈമാറി പിരിയുകയും ചെയ്യുന്നു. പക്ഷെ, ഇവകളൊന്നും കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നില്ല.

2014 നും 2022 നും ഇടയിൽ യൂറോപ്യൻ തീരങ്ങളിൽ എത്താൻ ശ്രമിക്കുന്നതിനിടെ 23,000-ത്തിലധികം അഭയാർത്ഥികൾ മുങ്ങിമരിക്കുകയോ അല്ലെങ്കിൽ കാണാതാവുകയോ ചെയ്തിട്ടുണ്ട്. ജീവൻ പണയം വെച്ചുള്ള ഇത്തരം യാത്രകൾ പുറപ്പെടുന്ന സമയത്ത് ഉണ്ടാകുന്നവരുടെ ഔദ്യോഗിക രേഖകൾ ഇല്ലാത്തതിനാൽ യഥാർത്ഥ കണക്ക് രേഖകളിൽ കാണുന്നതിനേക്കാൾ വളരെ കൂടുതലായിരിക്കുമെന്നാണ് നിഗമനം. “ഒരു കപ്പലപകടം നടന്നതായി വാർത്തകളിൽ ഇല്ലാത്ത സാഹചര്യത്തിൽ പോലും നൂറു കണക്കിന് മൃതദേഹങ്ങൾ ഒഴുകിയെത്തിയെന്ന് തെളിയിക്കുന്ന രേഖകൾ ഞങ്ങളുടെ പക്കലുണ്ട്” എന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പ്രതിനിധി ജൂലിയ ബ്ലാക്ക് ബിബിസിയുടെ ‘ടുഡേ പ്രോഗ്രാമി’നോട് തുറന്നുപറഞ്ഞിരുന്നു.

അതിജീവനത്തിനായി വംശീയ വിവേചനമുൾപ്പെടെ വലിയ പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കാവുന്ന യൂറോപ്യൻ രാജ്യങ്ങളിൽ എത്താൻ വേണ്ടി ആളുകൾ എന്തിനാണ് അപകടസാധ്യതകൾ നിറഞ്ഞ ഇത്തരം വഴികൾ തെരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള ഒരു സൂചനയാണ് അവരുടെ മേൽവിലാസം. സിറിയക്കാർ, ഫലസ്തീനികൾ, അഫ്ഗാനികൾ, സുഡാനികൾ….

പക്ഷെ, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന യഥാർത്ഥ കുറ്റവാളികൾ അഭിമുഖീകരിക്കപ്പെടുന്നില്ല; സൈനിക ഇടപെടലുകളും, സംഘട്ടനങ്ങളും സൃഷ്ടിക്കുകയും അവയെ കൂടുതൽ വഷളാക്കുകയും ചെയ്യുന്ന ആയുധ നിർമ്മാതാക്കളും രാഷ്ട്രീയ ഇടനിലക്കാരുമാണ് ഇതിന് പിന്നിൽ. ഈ വ്യക്തികളും ഗവൺമെന്റുകളും മിഡിൽ ഈസ്റ്റിനെയും ആഫ്രിക്കയെയും മറ്റ് ആഗോള ദക്ഷിണ ഭാഗങ്ങളെയും ഭൗമരാഷ്ട്രീയ കിടമത്സരങ്ങൾ, വിലകുറഞ്ഞ അസംസ്കൃത വസ്തുക്കൾ, മാനുഷിക-സാമ്പത്തിക ചൂഷണം എന്നിവയ്ക്കുള്ള ഇടങ്ങളായി മാത്രമാണ് കാണുന്നത്.

ഇത്തരം അപകടകരമായ നയങ്ങളുടെ അനന്തരഫലമായി പാശ്ചാത്യ സമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക ഘടനകളിൽ വളരെ ചെറിയ തോതിൽ മാത്രമാണ് ബാധിക്കുന്നതെങ്കിലും, ആശയറ്റ അഭയാർത്ഥികളാണ് വില്ലന്മാരായി മാറുന്നത്. അവർ കുടിയൊഴിപ്പിക്കപ്പെടുന്നു, അവഗണിക്കപ്പെടുന്നു, തടവിലാക്കപ്പെടുന്നു, നാടുകടത്തപ്പെടുന്നു.

വാസ്‌തവത്തിൽ, 100 ദശലക്ഷത്തിലധികം വരുന്ന ലോക അഭയാർഥികൾ ‘ആഘോഷിക്കപ്പെടുകയല്ല’, മറിച്ച് കൂടുതൽ അധിക്ഷേപങ്ങൾക്ക് പാത്രമാവുകയാണ്. അവരുടെ പലായനത്തിലേക്ക് നയിച്ച പഴയതും പുതിയതുമായ അടിസ്ഥാന പ്രശ്‌നങ്ങളെ ഇന്നും അഭിമുഖീകരിക്കാനും പരിഹരിക്കാനുമായില്ല, അതിലുപരി അവരെ ഒരു ഭാരമായാണ് ലോകം കാണുന്നത്.

തീവ്ര വലതുപക്ഷത്തിന്റെ വക്താവായ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ എന്നിവർക്കൊപ്പം ജൂൺ 11 ന് ടുണീഷ്യ സന്ദർശിക്കുമ്പോൾ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ അഭയാർത്ഥികളുടെ ദുരന്തത്തെ മറ്റെന്തോ ആയി വക്രീകരിക്കുകയായിരുന്നു.

അവരുടെ സംയുക്ത പ്രസ്താവനയിൽ, ഉയർന്ന റാങ്കിലുള്ള യൂറോപ്യൻ രാഷ്ട്രീയക്കാർ “കടത്തുകാരുടെ ബിസിനസ്സ് മോഡൽ” തകർക്കുമെന്ന് പ്രതിജ്ഞയെടുത്തു, കാരണം “അവർ ലാഭത്തിനായി മനഃപൂർവ്വം മനുഷ്യജീവനെ അപകടപ്പെടുത്തുകയാണ്.” യൂറോപ്പിലെ ഏറ്റവും കൂടുതൽ വളർന്നു കൊണ്ടിരിക്കുന്ന ബിസിനസ്സ് മോഡലുകളിലൊന്നാണ് ആയുധ വ്യവസായമെന്നത് കണക്കിലെടുക്കുമ്പോൾ, അത്തരം പരാമർശങ്ങളുടെ വിരോധാഭാസം വ്യക്തമാവും.

ഫലസ്തീനിയൻ ജനതയുടെ ജീവിത യാതനകൾ ഈ കൃത്യങ്ങളിലെ പാശ്ചാത്യ പങ്കിനെ കൂടുതൽ കൃത്യമായി ചിത്രീകരിക്കുന്നുണ്ട്. ഇസ്രായേലിന്റെ ഭീകരമായ യുദ്ധങ്ങളിൽ നിന്നും ഉപരോധങ്ങളിൽ നിന്നും രക്ഷപെടുന്നതിനിടയിൽ ആയിരക്കണക്കിന് മനുഷ്യർ ചേതനയറ്റ് വീണിട്ടുണ്ട്. 1947-48 കാലഘട്ടത്തിൽ സയണിസ്റ്റ് പോരാളികൾ പലസ്തീനിൽ ആസൂത്രിതമായ വംശീയ ഉന്മൂലനം ആരംഭിച്ചപ്പോൾ തന്നെ അവർ വലിയ തോതിൽ മരിച്ചുവീണു.

75 വർഷത്തെ കടുത്ത യാതനകളുടെയും വേദനയുടെയും ചരിത്രങ്ങൾ അവഗണിച്ച്, പാശ്ചാത്യ രാജ്യങ്ങൾ ഇസ്രായേലിനെ പിന്തുണയ്ക്കാനും ഫലസ്തീനികളെ കുറ്റപ്പെടുത്താനും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു.

അഭയാർത്ഥി പ്രശ്നങ്ങളുടെ കാതൽ എന്താണെന്ന് മനസിലാക്കാനുള്ള ശ്രമങ്ങളാകണം അഭയാർത്ഥി ദിനാചരണ പരിപാടികളുടെ കാമ്പ്. അടുത്തയിടെ തുർക്കിയിലേക്കുള്ള ഒരു യാത്രയിൽ, ഞാൻ പലസ്തീൻ അഭയാർത്ഥികളെ കണ്ടുമുട്ടി, കൂടുതലും ഗാസയിൽ നിന്നുള്ളവരാണ്. 1948-ലും 1967-ലും നടന്ന ഇസ്രായേൽ നടപടികളായിരുന്നു അവരുടെ കുടുംബങ്ങളെ അഭയാർത്ഥികളാക്കിയത്. ഈ യുവജനങ്ങൾ കടൽ കടന്ന് ഗ്രീസിലേക്കും തുടർന്ന്, ജോലി തേടി ഇതരയൂറോപ്യൻ രാജ്യങ്ങളിലേക്ക് കടക്കാനുള്ള അവസരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഒമ്പതു തവണഗ്രീസിലെത്താൻ ശ്രമിച്ചിരുന്നുവെന്നും “അവസാനമായി എന്നെ പിടികൂടിയപ്പോൾ, എന്നെ കഠിനമായി മർദിക്കുകയും ഒരു ഇരുണ്ട വനത്തിൽ ജീവച്ഛവമായ നിലയിൽ ഉപേക്ഷിക്കുകയും” ചെയ്തുവെന്നും മുഹമ്മദ് ബി. പറഞ്ഞു. “എങ്കിലും, ഞാൻ വീണ്ടും ശ്രമിക്കും.” എന്നാണ് അവന്റെ ഭാഷ്യം.

മുഹമ്മദിന്റെ അമ്മാവനെ ഒന്നാം ‘ഇൻതിഫാദ’യിൽ ഇസ്രായേൽ കൊലപ്പെടുത്തി; സൈനിക ഉപരോധത്തിൽ അകപ്പെട്ട് മരുന്ന് ലഭിക്കാതെ അദ്ദേഹത്തിന്റെ കുടുംബത്തിലെ നിരവധി അംഗങ്ങൾ മരണം വരിച്ചു. കൂടാതെ കുടുംബത്തിലെ 35 ഓളം അംഗങ്ങൾ -കൂടുതലും കുട്ടികൾ- താമസിക്കുന്ന മൂന്ന് കിടപ്പുമുറികൾ മാത്രമുള്ള വീട്ടിൽ രണ്ട് തവണയാണ് ഇസ്രായേലിന്റെ ബോംബ് വർഷിച്ചത്. മുഹമ്മദും അദ്ദേഹത്തെപ്പോലുള്ള ദശലക്ഷക്കണക്കിന് ആളുകളും വില്ലന്മാരല്ല. അവർ ഇരകളാണ്.

ലോക അഭയാർത്ഥി ദിനം സങ്കീർണ്ണവും നിലനിൽക്കുന്നതുമായ പ്രശ്നങ്ങളുടെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യണം. സത്യസന്ധവും ആഴത്തിലുള്ളതുമായ തിരിച്ചറിവ് തന്നെയാണ് അർത്ഥവത്തായ സംഭാഷണങ്ങളുടെയും ഫലവത്തായ പ്രവർത്തനങ്ങളുടെയും അടിസ്ഥാന ശിലയാകുന്നത്.

വിവ. മുജ്തബ മുഹമ്മദ്‌

Related Articles