Current Date

Search
Close this search box.
Search
Close this search box.

ഫെമിനിസ്റ്റുകളേ, ഗസ്സയെ കുറിച്ച് ഇനിയും നിങ്ങൾ നിശബ്ദരായിക്കൂടാ..!

ലോകമെമ്പാടുമുള്ള പലരെയും പോലെ ഞാനും വൈകാരികമായി തളർന്നിരിക്കുന്നു. ഉണർന്നിരിക്കുന്ന സമയങ്ങളിൽ ഭൂരിഭാഗവും ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ദുരന്തവാർത്തകളെ കുറിച്ച് വായിക്കുകയും ഗസ്സയിലെ നിലക്കാത്ത യുദ്ധത്തിന് ശാശ്വതമായ ഒരു അന്ത്യമുണ്ടാവാൻ കൊതിച്ച് കഴിയുകയുമാണ്. ഞാനും ശാരീരികമായി തളർന്നിരിക്കുന്നു. നമ്മൾ നിരന്തരമായി തെരുവിലിറങ്ങി സംസാരിക്കുകയാണെങ്കിൽ, ഒരു പക്ഷെ നമ്മുടെ കൂട്ടായ ശബ്ദം നമ്മുടെ നേതാക്കളെ ശാശ്വതമായ വെടിനിർത്തലിന് ആഹ്വാനം ചെയ്യാൻ പ്രേരിപ്പിച്ചേക്കാം എന്ന നിരാശാജനകമായ പ്രതീക്ഷയാൽ വാരാന്ത്യങ്ങളിലെല്ലാം ഞാൻ മാർച്ചുകളിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്.

എന്നാൽ ശാരീരികവും വൈകാരികവുമായ ഈ തളർച്ചയ്‌ക്കപ്പുറം, ഗസ്സയിലെ സ്ത്രീകളുടെ കഷ്ടപ്പാടുകളിൽ തീർത്തും താൽപ്പര്യമില്ലാത്തവരായി നിൽക്കുന്ന എന്റെ രാജ്യത്തെയും യു.കെയിലെയും അതിനപ്പുറവുമുള്ള ഫെമിനിസ്റ്റുകളോടുള്ള കടുത്ത ദേഷ്യവും നിരാശയും എന്നെ വല്ലാതെ അലട്ടുന്നു.

ഒക്‌ടോബർ 7-ലെ ആക്രമണത്തിനിടെ ഇസ്രായേൽ സ്ത്രീകളോടുള്ള ഹമാസിന്റെ നികൃഷ്ടമായ നടപടികളെയും അതിന്റെ അനന്തരഫലമായി സ്ത്രീകളെ ബന്ദിയാക്കിയതിനെയും ന്യായമായി അപലപിക്കുന്ന ഫെമിനിസ്റ്റുകളുടെ അഭിപ്രായങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും ഞാൻ ദിവസവും കാണാറുണ്ട്.  ഈ വാദങ്ങളും പ്രസ്താവനകളും നിസ്സംശയം സാധുതയുള്ളതും ആവശ്യവുമാണ്.  സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങൾ, ആർക്കെതിരെയായാലും ഒരിക്കലും അവഗണിക്കുകയോ ക്ഷമിക്കുകയോ മറക്കുകയോ ചെയ്യരുത്. എന്നിട്ടും, അതേ വ്യക്തികൾ, ഈ സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകൾ തന്നെ ഫലസ്തീൻ സ്ത്രീകൾക്കെതിരായ ഇസ്രായേലിന്റെ സമാനമായ നികൃഷ്ട നടപടികളെക്കുറിച്ച് നിശബ്ദത പാലിക്കുന്നു.

ഇസ്രായേലിന്റെ ഗസ്സയിലെ സമ്പൂർണ ഉപരോധത്തിലും തരാതരം നോക്കാത്ത ബോംബാക്രമണത്തിലും ഇതിനകം പതിനായിരക്കണക്കിന് ഫലസ്തീൻ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുകയും അംഗവൈകല്യം സംഭവിക്കുകയും അവശിഷ്ടങ്ങൾക്കിടയിൽ അപ്രത്യക്ഷമാവുകയും ചെയ്തു.  അനേകമാളുകൾ കുടിയൊഴിപ്പിക്കപ്പെടുകയും ആവശ്യത്തിനുള്ള പാർപ്പിടവും സാധനസാമഗ്രികളും ഇല്ലാതെ കഠിനമായ തണുപ്പിനെ നേരിടാനാവാതെ കഴിയുകയും ചെയ്യുന്നു. 

ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും അഭാവത്തോടൊപ്പം ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഏതാണ്ട് പൂർണ്ണമായ തകർച്ചയും കാരണം ഗസ്സയിൽ ഏകദേശം 45,000 ഗർഭിണികളും 68,000 മുലയൂട്ടുന്ന അമ്മമാരും വിളർച്ച, രക്തസ്രാവം, മരണം എന്നിവ നേരിടുന്നു. അതേസമയം, അധിനിവേശ വെസ്റ്റ്ബാങ്കിലെ നൂറുകണക്കിന് ഫലസ്തീൻ സ്ത്രീകളും കുട്ടികളും ഇപ്പോഴും തടവിലാണ്, പലരും വിചാരണ കൂടാതെ നിന്ദ്യമായ സാഹചര്യങ്ങളിലാണ് കഴിയുന്നത്. ഈ ദാരുണസംഭവങ്ങളെല്ലാം  പരസ്യമായാണ് നടക്കുന്നത്. എന്നിട്ടും ബ്രിട്ടനിലെ ഭൂരിപക്ഷം ഫെമിനിസ്റ്റുകൾക്കും, പൊതുവെ പാശ്ചാത്യ രാജ്യങ്ങളിലുള്ളവർക്കും ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല.

എന്തുകൊണ്ടാണ് ഫലസ്തീൻ സ്ത്രീകളുടെ കഥകൾ അവഗണിക്കപ്പെടുന്നത്?  എന്തുകൊണ്ടാണ് ഫലസ്തീനിലെ സ്ത്രീകളുടെയും കുട്ടികളുടെയും പോരാട്ടങ്ങൾ ഒരേ തലത്തിലുള്ള ആശങ്കയ്ക്ക് അർഹമല്ലാത്തത്?  ഇത് കേവലം അശ്രദ്ധ മാത്രമല്ല, മനപ്പൂർവ്വമുള്ള അന്ധതയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നന്നാക്കാനാകാത്തവിധം തകർന്നേക്കാവുന്ന ഒരു ധര്‍മ്മബോധത്തിൻ്റെ അനന്തരഫലമാണിത്.

കഴിഞ്ഞ മൂന്ന് മാസങ്ങളായിട്ട് ഞാൻ ഈ ചോദ്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചുകൊണ്ടിരിക്കുന്നു. ഒരിക്കൽ വളരെ ബഹുമാനിച്ചിരുന്ന എഴുത്തുകാരുടെ “ഫെമിനിസ്റ്റ്” ഗ്രന്ഥങ്ങളിൽ ഞാൻ മുഴുകി. ഫെമിനിസത്തെക്കുറിച്ചുള്ള അവരുടെ വ്യാഖ്യാനം മനസ്സിലാക്കാനും അതിൽ ഫലസ്തീനിയൻ സ്ത്രീകളെ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും അറിയണമായിരുന്നു.

ഫലസ്തീനിയൻ സ്ത്രീകളെ അടിച്ചമർത്തുന്നത് പ്രാഥമികമായി ഇസ്രായേലോ മറ്റേതെങ്കിലും ബാഹ്യശക്തികളോ അല്ല, മറിച്ച് ഫലസ്തീനിയൻ പുരുഷന്മാരാണെന്നാണ് ഈ ബ്രാൻറ് ഫെമിനിസം നിരീക്ഷിക്കുന്നതെന്ന് ക്രമേണയുള്ള വായനയിൽനിന്നും ഞാൻ മനസ്സിലാക്കി. അവരെ സംബന്ധിച്ചിടത്തോളം, ഫലസ്തീനിയൻ സ്ത്രീകൾക്ക് ഒരു ഏജൻസിയും ഇല്ല, മാത്രമല്ല ലിംഗാധിഷ്ഠിത അക്രമം വേരാഴ്ത്തിയ ഒരു സമൂഹത്തിന്റെ നിത്യ ഇരകളുമാണ് അവർ.  കൂടാതെ, അവരുടെ ദൃഷ്ടിയിൽ, ഫലസ്തീനിയൻ പുരുഷന്മാർ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയും അടിച്ചമർത്തുകയും ചെയ്യുന്ന ഹമാസ് പോലുള്ള പുരുഷാധിപത്യ-മത-സാമൂഹിക-യാഥാസ്ഥിതിക ഗ്രൂപ്പുകളുടെ പര്യായമാണ്. അങ്ങനെ, ഗസ്സയ്‌ക്കെതിരായ ആക്രമണം ഫലസ്തീനിയൻ സ്ത്രീകളെ ഹമാസിന്റെ പിടിയിൽ നിന്ന് “വിമോചിപ്പിക്കാൻ” സഹായിക്കുമെന്ന ഇസ്രായേലിന്റെ അവകാശവാദങ്ങളെ ഈ “ഫെമിനിസ്റ്റുകൾ” വിലമതിക്കുകയും യുദ്ധം അവർക്ക് യഥാർഥത്തിൽ

വരുത്തിവച്ചിരിക്കുന്ന ഗുരുതരമായ ദ്രോഹത്തെ അവഗണിക്കുകയും ചെയ്യുന്നു.

ഈ സമീപനം അസ്വസ്ഥജനകമായ ചരിത്ര മാതൃകയുടെ ഭാഗമാണ്

കൊളോണിയൽ-സാമ്രാജ്യത്വ മുൻവിധികളും ഭാവനകളും നിറഞ്ഞ ഫെമിനിസത്തിന്റെ ഒരു രൂപം. അഫ്ഗാനിസ്ഥാനിലെ യു.എസ് അധിനിവേശത്തെ “ഫെമിനിസ്റ്റുകൾ” പിന്തുണച്ചു. കാരണം “അഫ്ഗാൻ സ്ത്രീകളെ മോചിപ്പിക്കുക” എന്നതായിരുന്നല്ലോ യു.എസിൻ്റെ ലക്ഷ്യം. എന്നാൽ ഇസ്രയേലിലെ പുരുഷാധിപത്യ-മതപര സമൂഹങ്ങളിൽ ജീവിക്കുന്ന ജൂത സ്ത്രീകളുടെ ശക്തമായ “വിമോചന”ത്തിനായി അവർ ഒരിക്കലും വാദിക്കുന്നില്ല.

ഫെമിനിസത്തിന്റെ ഈ ബ്രാൻഡിൽ, സഹാനുഭൂതിയും രോഷവും സാർവത്രിക ഫെമിനിസ്റ്റ് തത്ത്വങ്ങളായ എല്ലാ സ്ത്രീകൾക്കും കര്‍തൃത്വവും അധികാരവും നൽകാനുള്ള ആഗ്രഹവുമായല്ല, മറിച്ച്  വ്യക്തിപരമായ സ്വത്വവുമായും രാഷ്ട്രീയ ബന്ധങ്ങളുമായാണ് ഒത്തുചേരുന്നത്.  ഇത് ഒരുതരത്തിലുള്ള അധികാരക്രമം സൃഷ്ടിക്കുന്നു. ചില ഫെമിനിസ്റ്റ് പോരാട്ടങ്ങൾക്ക് – പ്രത്യേകിച്ച് മുസ്ലീം, ബ്രൗൺ പുരുഷന്മാർക്കെതിരായവ – മറ്റുള്ളവയെക്കാൾ മുൻഗണന നൽകുകയും സ്ത്രീകളുടെ വിമോചനത്തിനു വേണ്ടിയുള്ള പ്രസംഗങ്ങൾ പലപ്പോഴും അടിച്ചമർത്തപ്പെട്ടവരുടെ ചെലവിൽ ശക്തരുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനോട് സഹകരിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിൽ, ഗസ്സയിൽ വെടിനിർത്തലിന്റെ ആവശ്യകതയെക്കുറിച്ചുള്ള പാശ്ചാത്യ ഫെമിനിസ്റ്റ് മൗനം ധാർമ്മിക വീഴ്ചയെ മാത്രമല്ല, അവരുടെ രാഷ്ട്രീയത്തെയും പ്രതിനിധീകരിക്കുന്നു.  സംരക്ഷണത്തിന്റെ മറവിൽ ചരിത്രപരമായി ലോകത്ത് പല ദോഷവും വരുത്തിയ കൊളോണിയൽ, സാമ്രാജ്യത്വ ശക്തി ഘടനകളുമായി ഇഴചേർന്ന ഫെമിനിസത്തിന്റെ ഒരു ബ്രാൻഡിനെ അത് നിലനിർത്തുന്നു.

ഈ നിശ്ശബ്ദത ആധുനിക “കൊളോണിയൽ ഫെമിനിസത്തിന്റെ” പ്രതീകമാണ്. “സ്ത്രീകളെ വിമോചിപ്പിക്കുക” എന്ന വാചാടോപം ഉപയോഗിച്ച്  ആഴത്തിലുള്ള അക്രമപ്രവർത്തനങ്ങൾ അത് മറയ്ക്കുന്നു. സഹായത്തിന്റെ മറവിൽ അധിനിവേശങ്ങളെയും കുടിയേറ്റങ്ങളെയും ഇത് ന്യായീകരിക്കുന്നു. ഫലസ്തീനിയൻ സ്ത്രീകളെ മോചനം ആവശ്യമുള്ള ഇരകളായി ചിത്രീകരിക്കുമ്പോൾ തന്നെ പ്രതിരോധിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കുന്നു.  ആത്യന്തികമായി, പാശ്ചാത്യ ഫെമിനിസ്റ്റുകളുടെ തിരഞ്ഞെടുത്ത സഹാനുഭൂതി അക്രമം തുടർന്നുകൊണ്ടേയിരിക്കുന്ന അധികാര ഘടനകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

അതേസമയം, എൽ.ജി.ബി.ടി അവകാശങ്ങളെക്കുറിച്ചുള്ള ഫലസ്തീൻ സമൂഹത്തിന്റെ സങ്കീർണ്ണമായ നിലപാടിൻ്റെ പേരിലാണ് ചില ഫെമിനിസ്റ്റുകൾ വെടിനിർത്തലിന് ആഹ്വാനം ചെയ്യാതിരിക്കുന്നതിനെ ന്യായീകരിക്കുന്നത്. ഹമാസ് എൽ.ജി.ബി.ടി വ്യക്തികളെ തടവിലാക്കുകയോ അവരോട് മോശമായി പെരുമാറുകയോ ചെയ്യുന്നു, അതിനാൽ ഹമാസിനെ പൂർണ്ണമായും ഇല്ലാതാക്കുന്നത് വരെ യുദ്ധം തുടരണമെന്ന് അവർ പറയുന്നു.

ഫെമിനിസ്റ്റ് വ്യവഹാരത്തിൽ പലപ്പോഴും പ്രഖ്യാപിക്കപ്പെടുന്ന ഇന്റർസെക്ഷണാലിറ്റി’യെന്ന ഒരു നിർണായക ഘടകത്തെയാണ് ഈ വ്യാഖ്യാനം അവഗണിക്കുന്നത്. ഹമാസിന്റെ ഭരണത്തിനുകീഴിൽ ഗസ്സയിലെ എൽ.ജി.ബി.ടി സമൂഹം നേരിടുന്ന വെല്ലുവിളികൾ പ്രധാനപ്പെട്ടതാണെങ്കിലും, വെടിനിർത്തലിന് വേണ്ടി വാദിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഇവ ഉപയോഗിക്കുന്നത് അതിലും വലിയ മാനുഷിക പ്രതിസന്ധിയെ മാറ്റിനിർത്തലാണ്. അത്തരം ഒരു സെലക്ടീവ് സമീപനം ദിനേന അക്രമങ്ങളും അടിച്ചമർത്തലുകളും സഹിക്കുന്ന ആയിരക്കണക്കിന് സ്ത്രീകളുടെയും കുട്ടികളുടെയും അടിയന്തിര ആവശ്യങ്ങൾ അവഗണിക്കുക മാത്രമല്ല, നിലവിൽ ഉരുവംകൊണ്ട സഹാനുഭൂതിയുടെ പ്രവണതയെ നിഷേധിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഇസ്രായേലിന്റെ ആയുധങ്ങൾ എൽ.ജി.ബി.ടി ഫലസ്തീനികളെ കൊല്ലുകയും അംഗവൈകല്യം വരുത്തുകയും ചെയ്യുന്നു എന്ന വസ്തുതയെ അവഗണിക്കുന്നു.

ഫലസ്തീൻ സമൂഹവും എൽ.ജി.ബി.ടി കമ്മ്യൂണിറ്റിയോടുള്ള ഹമാസിന്റെ വിദ്വേഷവും കാരണം വെടിനിർത്തലിനുള്ള പിന്തുണ തടഞ്ഞുവയ്ക്കുന്നത് യഥാർഥത്തിൽ എല്ലാ സ്ത്രീകളെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെയും അവരുടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കാതെ സംരക്ഷിക്കാനും ഉന്നമിപ്പിക്കാനുമുള്ള പ്രതിബദ്ധതയെന്ന ഫെമിനിസ്റ്റ് ഐക്യദാർഢ്യത്തിന്റെ കാതലായ തത്വത്തെ തകർക്കുകയാണ്.

വെടിനിർത്തലിനുള്ള പിന്തുണ തടയുന്നതിലൂടെ കൂടുതൽ ജീവനാശവും ദുരിതവും തടയുന്നതിനുള്ള അടിയന്തിര ആവശ്യത്തിന് മുകളിൽ പ്രത്യയശാസ്ത്രപരമായ വിശുദ്ധിയെ അവർ സ്ഥാപിക്കുന്നു. യഥാർത്ഥ ഫെമിനിസ്റ്റ് ആക്ടിവിസം ഭൗമരാഷ്ട്രീയ പക്ഷപാതങ്ങളെ മറികടക്കണം, ജീവിതപശ്ചാത്തലമോ സാമൂഹിക സാഹചര്യങ്ങളുടെ സങ്കീർണ്ണതയോ പരിഗണിക്കാതെ എല്ലാ സ്ത്രീകളുടെയും ദുർബല വിഭാഗങ്ങളുടെയും അവകാശങ്ങളും അന്തസ്സും ഉയർത്തിപ്പിടിക്കണം.

ഹമാസും ഫലസ്തീൻ സമൂഹവും സ്ത്രീകളെ അടിച്ചമർത്തുന്നതും എൽ.ജി.ബി.ടി സമൂഹത്തിനെതിരായ പ്രകടമായ മുൻവിധികളും ചൂണ്ടിക്കാണിക്കുന്നവർക്കു പുറമെ വെടിനിർത്തലിനുള്ള ആഹ്വാനത്തെ അംഗീകരിക്കാത്തതിന്റെ കാരണങ്ങളായി “സങ്കീർണ്ണമായ” പ്രശ്നത്തിൽ “നിഷ്പക്ഷത” കാത്തുസൂക്ഷിക്കുന്നുവെന്ന നിലപാടിൽ ഈ വിഷയത്തിൽ മൗനം പാലിക്കുന്ന ഫെമിനിസ്റ്റുകളും ഉണ്ട്. ഒരുപക്ഷേ ഈ നിലപാട് മറ്റെന്തിനെക്കാളും എന്നെ ആശയക്കുഴപ്പത്തിലാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു. ഇത്രയും ഭീകരമായ ഭീകരതയ്ക്ക് മുന്നിൽ ഒരിക്കലും നിഷ്പക്ഷതയുണ്ടാകില്ല.

ഫെമിനിസത്തിന്റെ അടിസ്ഥാന മൂല്യങ്ങളെപ്പോലും വെല്ലുവിളിക്കുന്ന ഭീകരതയിലൂടെയാണ് ഇന്ന് ഫലസ്തീൻ സ്ത്രീകൾ കടന്നുപോയികൊണ്ടിരിക്കുന്നത്. അമ്മമാർ മക്കളെ വെറും കൈയോടെ കുഴിച്ചിടുന്നു; ബോംബു വർഷങ്ങൾക്കടിയിൽ പട്ടിണി സഹിച്ച് നഷ്ടപ്പെട്ട വീടുകളെയും തകർന്ന ജീവിതത്തെയുമോർത്ത് കുടുംബങ്ങൾ സങ്കടപ്പെടുന്നു.

ഈ സാഹചര്യത്തിൽ നിശബ്ദത ഒരു നിഷ്പക്ഷ നിലപാടല്ല. നിശബ്ദത തുടർന്നുകൊണ്ടിരിക്കുന്ന ദുരന്തത്തിന്റെ നിഷ്ക്രിയമായ അംഗീകാരമാണ്.  ജാഗ്രതയോടെ രാഷ്ട്രീയമായി “നിഷ്പക്ഷത പുലർത്തുന്ന” ഈ ഫെമിനിസ്റ്റുകൾ വെടിനിർത്തലിന് ആഹ്വാനം ചെയ്യാനുള്ള ധൈര്യം കണ്ടെത്തുന്നതിന് മുമ്പ് ഇനിയും എത്രയെത്ര ജീവിതങ്ങൾ തകർക്കപ്പെടണം?  ഉയരുന്ന മരണസംഖ്യ വെറുമൊരു കണക്കല്ല;  അത് ഓരോ ജീവിതത്തെയും ഇല്ലാതാക്കിയ ഭാവിയെയും ഫെമിനിസം അടിവരയിടുന്ന തത്വങ്ങളോടുള്ള നേരിട്ടുള്ള വെല്ലുവിളിയെയും പ്രതിനിധീകരിക്കുന്നു. ഇന്ന്, പറയപ്പെടാത്തതിന് പറഞ്ഞതിനുള്ളത് പോലെ തന്നെ പ്രാധാന്യവും സ്വാധീനവുമുണ്ട്.

ലിംഗഭേദം, ലൈംഗികത, സമൂഹം തുടങ്ങിയവയെ കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളിൽ എല്ലായ്പ്പോഴും ശബ്ദമുയർത്തുന്ന പ്രമുഖ “ഫെമിനിസ്റ്റ്” ശബ്ദങ്ങൾ ഇപ്പോഴും ഫലസ്തീൻ സ്ത്രീകളുടെ പോരാട്ടങ്ങളെക്കുറിച്ച് വ്യക്തമായ മൗനത്തിലാണ്.  നിർണായക പ്രശ്‌നങ്ങൾ വെളിച്ചത്ത് കൊണ്ടുവരാനുള്ള ശക്തി അവർക്കുള്ളതോടൊപ്പം തന്നെ മറ്റുള്ളവരെ അരികുകളിലേക്ക് തള്ളിവിടാനുള്ള സൂക്ഷ്മമായ ശക്തിയും അവർക്കുണ്ട്.  പാശ്ചാത്യേതര സ്ത്രീകളുടെ ആശങ്കകൾ അവരെക്കുറിച്ച് എഴുതാനും സംസാരിക്കാനുമുള്ള ഈ ഉയർന്ന പ്രൊഫൈലുള്ള ആക്ടിവിസ്റ്റുകളുടെ വിമുഖത കാരണം പുറംതള്ളപ്പെടുന്നതായി പലപ്പോഴും നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

ഈ സെലക്ടീവ് നിശബ്ദത ഫെമിനിസ്റ്റ് ഐക്യദാർഢ്യത്തിന്റെ സാർവത്രികതയെ വെല്ലുവിളിക്കുന്നു.  പ്രത്യേകിച്ച് മറ്റു പലരും ഉറ്റുനോക്കുന്ന പ്രമുഖ ഫെമിനിസ്റ്റുകളിൽ നിന്നാകുമ്പോൾ നിശബ്ദത ഒരു സങ്കീർണ്ണതയായി മാറുന്നു.  ഫലസ്തീൻ സ്ത്രീകളുടെ ദുരന്തത്തെക്കുറിച്ചുള്ള നിങ്ങളുടെ മൗനം ശ്രദ്ധിക്കപ്പെടാതെ പോയി എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?  നിങ്ങളോട് ഈ അപ്രിയകാര്യം പറയുന്നത് എന്നിൽ വെറുപ്പുണ്ടാക്കുന്നുണ്ട്, പക്ഷേ നിങ്ങളുടെ നിശബ്ദത ചെവി പൊട്ടുമാറ് ഉച്ചത്തിലുള്ളതാണ്, മാത്രമല്ല നിങ്ങളുടെ ജോലിക്ക് പലരുടെയും മുമ്പിലുള്ള വിശ്വാസ്യത ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു.

ഫലസ്തീനിയൻ സ്ത്രീകളുടെ കഷ്ടപ്പാടുകളെക്കുറിച്ച് സംസാരിക്കാത്ത അല്ലെങ്കിൽ ഗസ്സയിൽ വെടിനിർത്തലിനുള്ള ആഹ്വാനത്തെ അംഗീകരിക്കാത്ത “ഫെമിനിസ്റ്റുകളിൽ” ഒരാളാണ് നിങ്ങളെങ്കിൽ, എന്തുതന്നെയായാലും എനിക്ക് നിങ്ങളോട് വളരെ ലളിതമായ ഒരു ആവശ്യമുണ്ട്.  ഗസ്സയിൽ നിന്നും പുറത്തുവരുന്ന ഫോട്ടോകൾ നോക്കൂ.  നിങ്ങൾ അവ ഒഴിവാക്കുകയും അവ കേവലം പ്രചാരണമായി തള്ളുകയും ചെയ്‌തിരിക്കാം – എന്നാൽ ഒരു നിമിഷം, നിങ്ങളുടെ പക്ഷപാതങ്ങളും ന്യായമായ ഒഴികഴിവുകളും ഉപേക്ഷിച്ച് അവയിലേക്ക് നോക്കുക. മക്കളുടെ ചേതനയറ്റ, രക്തം പുരണ്ട ശരീരങ്ങൾ തൊട്ടിലിൽ കിടത്തിയാട്ടുന്ന അമ്മമാരുടെ ചിത്രങ്ങൾ നോക്കൂ. കൈകാലുകളും മാംസവും നഷ്ടപ്പെട്ട് ആശുപത്രി നിലങ്ങളിൽ ഒറ്റയ്ക്ക് കിടക്കുന്ന ആശയക്കുഴപ്പത്തിലായ പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നോക്കൂ. 

തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നഷ്ട ജീവിതത്തെയും നഷ്ടബന്ധങ്ങളെയും തിരയുന്ന ചലനമറ്റ കണ്ണുകളുള്ള യുവതികളുടെ ചിത്രങ്ങൾ നോക്കൂ.  ആ ചിത്രങ്ങൾ ശരിക്കും നോക്കൂ, എന്നിട്ട് “ഇപ്പോൾ വെടിനിർത്തൽ ആവശ്യപ്പെടുന്നത് ശരിയല്ല” എന്ന് നിങ്ങൾ കരുതുന്നത് എന്തുകൊണ്ടാണെന്ന് എന്നോട് വിശദീകരിക്കുക.  ആ ചിത്രങ്ങൾ കണ്ടതിന് ശേഷവും നിങ്ങൾക്ക് “നിഷ്പക്ഷത” പാലിക്കാനോ നിശബ്ദത പാലിക്കാനോ “ഇസ്ലാമിസ്റ്റ് അടിച്ചമർത്തൽ”, “എൽ.ജി.ബി.ടി അസഹിഷ്ണുത” എന്നിവയെക്കുറിച്ച് സംസാരിക്കാനോ ആഗ്രഹമുണ്ടെങ്കിൽ, നിങ്ങൾ സ്വയം ഒരു ഫെമിനിസ്റ്റ് എന്ന് വിളിക്കരുത്.  കാരണം നിങ്ങൾ അതല്ല.

വിവ: ഹിറ പുത്തലത്ത് 

അവലംബം: അൽ ജസീറ

Related Articles