Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ മാധ്യമ പ്രവർത്തകർ

ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ ഗസ്സക്ക് മേലുള്ള ഇസ്രായേലിന്റെ ആക്രമണം 75 ദിവസങ്ങൾക്കപ്പുറവും തുടർന്നുകൊണ്ടിരിക്കുകയാണ് . ആയിരക്കണക്കിന് കുട്ടികളുടെ ശ്മശാനം എന്ന് യു.എൻ വിശേഷിപ്പിച്ച വടക്കൻ ഗസ്സ നിരന്തരമായ വ്യോമക്രമണത്താൽ നിരപ്പാക്കപ്പെട്ടിരിക്കുകയാണ്. നിർത്താതെ തുടർന്നുകൊണ്ടിരിക്കുന്ന ബോംബിങ്ങിലൂടെ അവിടെ ഗസ്സൻ ജനത കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നു. ഗുരുതരമായി പരിക്കേറ്റ പതിനായിരക്കണക്കിന് രോഗികളുള്ള ആശുപത്രികളെയടക്കം തങ്ങളുടെ ടാർഗറ്റ് ആക്കി കൊണ്ടാണ് “ഇസ്രായേലിന് സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉണ്ട്“ എന്ന അമേരിക്കൻ കണ്ണുനീരിന് മുന്നിൽ ഐ.ഡി.എഫ് ആക്രമണം തുടർന്നുകൊണ്ടിരിക്കുന്നത്.

ആശുപത്രികൾക്കും ഡോക്ടർമാർക്കും പുറമേ നിരന്തരമായ ടാർഗറ്റിങ്ങിന്  വിധേയമായി കൊണ്ടിരിക്കുകയാണ് ഗസ്സയിലെ മാധ്യമപ്രവർത്തകർ. ഗസ്സ മുനമ്പിൽ ഉണ്ടായിരുന്ന ഒട്ടുമിക്ക മാധ്യമ സ്ഥാപനങ്ങളും ഇതിനകം തന്നെ ഇസ്രായേൽ ബോംബിങ്ങിലൂടെ തകർത്തുകളഞ്ഞിട്ടുണ്ട്. ഹമാസിന്റെ നേതൃത്വത്തിലുള്ള തൂഫാനുൽ അഖ്സ തുടങ്ങിയതിനുശേഷം മൂന്നു ദിവസങ്ങൾക്കകം തന്നെ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം ഗസ്സയിലേക്കുള്ള വളരെ പ്രാഥമിക ഘടകങ്ങളായ വെള്ളം, ഭക്ഷണം, മെഡിക്കൽ എയിഡ്, വൈദ്യുതി തുടങ്ങിയവ നിരോധിക്കുന്നതിനോടൊപ്പം തന്നെ ഇന്റെർനെറ്റും പൂർണ്ണമായി നിർത്തലാക്കിയിട്ടുണ്ടായിരുന്നു. ഇത് ഗസ്സയിലെ  മാധ്യമപ്രവർത്തനത്തിനു നേരെ കൂടുതൽ വെല്ലുവിളികൾ തുറന്നു. അവിടെയാണ് ‘അനോണിമസ്’ അടക്കമുള്ള സൈബർ ഹാക്കർമാർ ഗസ്സയിലെ ജേർണലിസ്റ്റുകൾക്കായി  ലോകത്തിൻറെ വിവിധ കോണുകളിൽ നിന്ന് അണിനിരക്കുന്നത്.

ഒരു മാധ്യമ പ്രവർത്തകൻ ആയി തുടരാൻ വളരെ ബുദ്ധിമുട്ടുള്ള മേഖലയാണ് ഗസ്സ . നിരന്തരമായ ഒഴിപ്പിക്കലുകൾക്കും സർവൈലൻസിനും സെൻസർഷിപ്പിനും ഒക്കെ നടുവിലാണ് നേരത്തെ തന്നെ അവിടുത്തെ മാധ്യമപ്രവർത്തകർ. വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന തങ്ങളുടെ തന്നെ ഉറ്റവരുടെ കൊലപാതകങ്ങളും അറസ്റ്റും ഇസ്രായേലിന്റെ പീഡനങ്ങളും തങ്ങളുടെ ജന്മനാടിന് മേലുള്ള അതിക്രമങ്ങളും ഒക്കെയാണ് അവർക്ക് ലോകത്തിന് മുന്നിൽ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കേണ്ടത്. അങ്ങനെയുള്ള ജേർണലിസ്റ്റുകളെയാണ് നിലവിൽ ഇസ്രായേൽ നിരന്തരമായി ടാർഗറ്റ് ചെയ്യുകയും കൊല്ലുകയും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് മറ്റെല്ലാ മേഖലയും പോലെ തന്നെ ഗസ്സയിലെ മാധ്യമപ്രവർത്തനത്തെയും കൂടുതൽ പ്രതിസന്ധി നിറഞ്ഞതാക്കുന്നു. അവിടെ ജേണലിസ്റ്റുകളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന അന്താരാഷ്ട്ര നിയമമൊന്നും ഇസ്രായേലിനെ ബാധിക്കുന്നില്ല.

 ഒക്ടോബർ 7ന് ഇസ്രായേലിന്റെ ആക്രമണം ആരംഭിച്ചത് മുതൽ ഗസ്സയിലുടനീളമുള്ള മാധ്യമപ്രവർത്തകരും മാധ്യമങ്ങളും ഒരുതരത്തിലുള്ള ഭീതിതമായ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഗസ്സക്ക് മേൽ നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ ആക്രമണം ലോകത്തിനു മുമ്പിൽ തുറന്നുവെക്കുന്നതിന് ഇസ്രായേൽ സൃഷ്ടിക്കുന്ന ഈ പ്രതികൂല അന്തരീക്ഷം ഗസ്സൻ ജേണലിസ്റ്റുകളെ വളരെയധികം ബാധിക്കുന്നുണ്ട്.

65 ജേണലിസ്റ്റുകൾ ആണ് സി.പി.ജെ (Committee to Protect Journalists) യുടെ ഇതുവരെയുളള കണക്കുകൾ പ്രകാരം കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ 58 പേരും ഫലസ്തീനിയൻ മാധ്യമപ്രവർത്തകരാണ്. ഇക്കഴിഞ്ഞ വെടിനിർത്തലിന് ശേഷം ഗസ്സൻ ജേണലിസ്റ്റുകളുടെ മരണസംഖ്യ വളരെയധികം ഉയർന്നിട്ടുണ്ട്. നിലവിൽ ഒരു ദിവസം ഒന്നിലധികം ജേണലിസ്റ്റുകൾ എന്ന രീതിയിൽ ഗസ്സയിലെ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമ ഗവേഷകർ  വെളിപ്പെടുത്തുന്നത്.   

കൊല്ലപ്പെട്ടവരിൽ നാല് പേർ ഇസ്രായേലി മാധ്യമപ്രവർത്തകരാണ്. മൂന്ന് ലബനീസ് ജേണലിസ്റ്റുകൾ ആണ് 65 പേരിൽ  ബാക്കിയുള്ളവർ . ഇസ്രായേലിന്റെ ഷെല്ലാക്രമണത്തിലൂടെയാണ് ഇവർ കൊല്ലപ്പെടുന്നത്. പതിമൂന്നിലധികം മാധ്യമപ്രവർത്തകർ ഗുരുതരമായ പരിക്കുകളോടു കൂടിയാണ് റിപ്പോർട്ടിംഗ് തുടർന്നുകൊണ്ടിരിക്കുന്നത് എന്നാണ് സി.പി.ജെ യുടെ കണക്ക്. ഇവരെല്ലാവരും തന്നെ റിപ്പോർട്ടിങ്ങിനിടയിൽ പരിക്കേറ്റവരാണ്. ഡിസംബർ 15 നാണ് അൽ ജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹിന് മിസൈൽ ആക്രമണത്തിൽ പരിക്കേൽക്കുന്നത്. ഒക്ടോബർ 25 ന്  അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അടക്കം ഉറ്റ ബന്ധുക്കൾ നുസ്റത്ത് റെഫ്യൂജി ക്യാസിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

പകരം വെക്കാൻ ആകാത്ത ധീരതയും നിശ്ചയദാർഢ്യവുമാണ് ഗസ്സയിലെ ഓരോ കുട്ടിയിൽ നിന്നും എന്നപോലെ മാധ്യമപ്രവർത്തകരിൽ നിന്നും ലോകത്തിന് കാണാൻ കഴിയുന്നത്. കഴിഞ്ഞ ഡിസംബർ 15 ന് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ദഹ്‌ദൂഹിനെ സോഷ്യൽ മീഡിയ തങ്ങളുടെ ഹീറോ എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹം ഒരു ഫലസ്തീനിയൻ പത്രപ്രവർത്തകൻ അല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന് എപ്പോഴോ പുലിസ്റ്റർ പ്രൈസ് കിട്ടിയിട്ടുണ്ടാകുമായിരുന്നു എന്ന് യഖീൻ ഇൻസ്റ്റിറ്റ്യൂട്ടിൻറെ സ്ഥാപക ചെയർമാൻ ഒമർ സുലൈമാൻ ട്വീറ്റ് ചെയ്തത് ശ്രദ്ധേയമാണ്.

ദഹ്ദൂഹ് ആക്രമണത്തിനിരയായ ദിവസം തന്നെയാണ് അൽ ജസീറയുടെ ക്യാമറമാനായ സമർ അബുദാഖ ഖാൻ യൂനിസിലെ ഫർഹാന സ്കൂളിൽ റിപ്പോട്ടിങ്ങിനിടെ  മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പരിക്കേറ്റതിന് ശേഷം അഞ്ചു മണിക്കൂറിലധികം രക്തം വാർന്നാണ് അദ്ദേഹം മരിക്കുന്നത്. പരിക്കേറ്റ ദാഖയുടെ അടുത്തേക്ക് എത്തിയ പാരാമെഡിക്കൽ ടീമിന്  ‘ഇസ്രായേൽ സ്നിപ്പേഴ്സ്’ തടസ്സം സൃഷ്ടിച്ചു എന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നുണ്ട്. മാധ്യമപ്രവർത്തകർ കാണാതാക്കപ്പെടുക കൂടി ചെയ്യുന്ന മേഖലയാണ് ഗസ്സ . നിലവിൽ ഒരുപാട് മാധ്യമപ്രവർത്തകരെ കാണാനില്ല എന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. ഇതിനുപുറമേ പത്തൊമ്പതിലധികം ജേണലിസ്റ്റുകളെ ഇസ്രായേൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതൊന്നും കൂടാതെ നിരന്തരമായി  ഇസ്രായേലിന്റെ മിലിട്ടറി ഭീഷണികൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് ഗസ്സയിലെ ജേണലിസ്റ്റുകൾ. റിപ്പോർട്ടിങ്ങിൽ നിന്ന് പിന്തിരിഞ്ഞിട്ടില്ലെങ്കിൽ തങ്ങളുടെ കുടുംബങ്ങളെ ഇല്ലാതാക്കും എന്നതാണ് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കൊണ്ട് റിപ്പോർട്ടിംഗ് തുടർന്നുകൊണ്ടിരിക്കുന്ന ധീരരായ ഗസ്സൻ മാധ്യമപ്രവർത്തകർക്ക് നേരെ ഇസ്രായേൽ ഉപയോഗിക്കുന്ന പ്രധാന ഭീഷണി. അത് പക്ഷെ വെറും ഭീഷണി ആയിട്ടല്ല നിലനിൽക്കുന്നത്. പല മാധ്യമപ്രവർത്തകർക്കും തങ്ങളുടെ കുടുംബങ്ങളെ നഷ്ടപ്പെട്ടു കഴിഞ്ഞു.

 ഇസ്രായേൽ പട്ടാളക്കാർ ഗസൻ മാധ്യമപ്രവർത്തകരുടെ ലൊക്കേഷനുകൾ ട്രേസ് ചെയ്തുകൊണ്ട് വാട്സ്ആപ്പ് സന്ദേശങ്ങളായി അവർക്ക് തന്നെ അയച്ചു കൊടുക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. സെൻസർഷിപ്പിനും സൈബർ അറ്റാക്കുകൾക്കും പുറമേ ഇത്തരത്തിൽ എല്ലാ രീതിയിലും അവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ഉള്ള ശ്രമങ്ങളും ഇസ്രായേൽ സൈന്യം തുടർന്നുകൊണ്ടിരിക്കുന്നുണ്ട്.

ഡിസംബർ 13 ന് ലബനാൻ സതേൺ അതിർത്തിയിൽ നടന്ന ആക്രമണത്തിൽ റോയിട്ടേഴ്സ് ജേർണലിസ്റ്റായ ഇസ്സാം അബ്ദുള്ള കൊല്ലപ്പെടുകയും ആറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതൊരു  ഡയറക്ട് അറ്റാക്ക് ആയിരുന്നു എന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളായ ആംനസ്റ്റി ഇൻറ്റർനാഷനലും ഹ്യൂമൻ റൈറ്റ്സ് വാച്ചും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അഭിപ്രായപ്പെടുന്നത്. ഹിസ്ബുല്ലയുടെ മിസൈലുകൾക്ക് പ്രതികരിക്കുകയായിരുന്നു എന്നാണ് ഇതിനെ ന്യായീകരിച്ചുകൊണ്ട് ഇസ്രായേൽ പറഞ്ഞത്.

എന്നാൽ, അബ്ദുല്ലയും സഹപ്രവർത്തകരും തുറന്ന സ്ഥലത്തായിരുന്നുവെന്നും, അവരുടെ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, വാഹനം എന്നിവ ‘പ്രസ്സ്’ എന്ന് വ്യക്തമായി അടയാളപ്പെടുത്തിയിരുന്നതായും ഒരു മണിക്കൂറിന് മുമ്പ് ഒരു ഇസ്രായേലി ഹെലികോപ്റ്റർ അവർക്ക് മുകളിലൂടെ ഇടവിട്ട് പറന്നതായും ആർ.ഡബ്ള്യൂ.ബി (Reporters Without Borders) പ്രസ്താവിക്കുന്നു.  അതായത് ഇസ്രായേൽ സൈന്യത്തിന് അവരെ മാധ്യമപ്രവർത്തകരാണെന്ന് തിരിച്ചറിയാൻ സമയമുണ്ടായിരുന്നു! മാത്രമല്ല അവർ ഹിസ്ബുല്ല സൈന്യത്തിൻറെ കൂടെ അയക്കപ്പെട്ട മാധ്യമ പ്രവർത്തകർ  (Embedded Journalists) ആയിരുന്നില്ല എന്നതും ഇസ്രായേലിന്റെ യഥാർത്ഥ ചിത്രം വ്യക്തമാക്കുന്നുണ്ട്.

നവംബർ 13 ന്, ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റ് യാസർ ഖുദ്ഹിന്റെ എട്ട് കുടുംബാംഗങ്ങൾ തെക്കൻ ഗസ്സയിലെ അവരുടെ വീടിന് നേരെയുണ്ടായ വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയും ദി ഗാർഡിയനും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാലു മിസൈലുകൾ തൻറെ വീട്ടിൽ പതിച്ചു എന്നാണ് സംഭവത്തിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ഖുദ്ഹ് പറയുന്നത്.

ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെക്കുറിച്ച് ഖുദ്ഹിനും ഗസ്സ ആസ്ഥാനമായുള്ള  മറ്റ് മൂന്ന് ഫോട്ടോഗ്രാഫർമാർക്കും മുൻകൂർ അറിവുണ്ടായിരുന്നോ എന്ന ചോദ്യം ഇസ്രായേൽ മാധ്യമ കവറേജിനെ മുൻനിർത്തി പ്രോ ഇസ്രായേൽ മീഡിയ വാച്ച് ഡോഗ് ആയ ‘Honest Reporting’ നവംബർ 8-ന് റിപ്പോർട്ട് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമാണ് ആക്രമണം. റോയിട്ടേഴ്‌സ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ ഈ അവകാശവാദങ്ങൾ നിരസിക്കുന്നുണ്ട്.

അന്താരാഷ്ട്ര സമൂഹങ്ങളിൽ നിന്ന് വസ്തുനിഷ്ഠമായ ചോദ്യങ്ങൾ നേരിടേണ്ടി വന്ന Honest Reporting തങ്ങളുടെ ആരോപണങ്ങൾ പിന്നീട് പിൻവലിച്ചെങ്കിലും ആ ഫോട്ടോഗ്രാഫർമാർ ‘മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളിൽ’ പങ്കാളികളാണെന്നാണ് ഇസ്രായേൽ കമ്മ്യൂണിക്കേഷൻ മിനിസ്റ്റർ ശോൽമൊ കഹായ് റിപ്പോർട്ടിനെ ഉദ്ധരിച്ച് മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്റ്റേറ്റ്മെൻറ് ട്വീറ്റ് ചെയ്യുന്നത്. സി.എൻ.എൻ, ന്യൂയോർക്ക് ടൈംസ്, റോയിട്ടേഴ്സ് എന്നീ അമേരിക്കൻ മാധ്യമ സ്ഥാപനങ്ങൾക്ക് തങ്ങളുടെ റിപ്പോർട്ടർമാരും തീവ്രവാദ  സംഘടനയായ ഹമാസും തമ്മിലുള്ള ബന്ധം ഉടൻ അന്വേഷിക്കണമെന്ന് പറഞ്ഞുള്ള ഒരു കത്ത് ആയിരുന്നു ട്വീറ്റ് ചെയ്യപ്പെട്ടത്. ഇസ്രായേലി യുദ്ധ കാബിനറ്റ് അംഗം ബെന്നി ഗാന്റ്സ് ഇത് ഉപയോഗിച്ചാണ് മാധ്യമപ്രവർത്തകരെ തീവ്രവാദികളായി മുദ്രകുത്തിയത്.

മാധ്യമപ്രവർത്തകരെ ടാർഗറ്റ് ചെയ്യുന്നില്ല എന്നാണ് ഇസ്രായേൽ ഇപ്പോഴും വാദിച്ചു കൊണ്ടിരിക്കുന്നത്. നിരന്തരമായ ഇസ്രായേൽ ബോംബിങ്ങിലൂടെ ഇരുപതിനായിരത്തോളം സിവിലിയന്മാർ  കൊല്ലപ്പെട്ട ഗസ്സയിൽ അവരിൽ ചിലർ മാധ്യമപ്രവർത്തകരായി പോയി എന്ന സാധാരണത്വമല്ല നിലനിൽക്കുന്നത്. മറിച്ച് തങ്ങൾ കൃത്യമായ ടാർഗറ്റിങ്ങിന് ഇരയാണ് എന്നാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഓരോ ജേർണലിസ്റ്റുകളും ഗുരുതരമായ പരിക്കുകളോടെ റിപ്പോർട്ടിംഗ് തുടർന്നുകൊണ്ടിരിക്കുന്ന അവരുടെ സഹപ്രവർത്തകരും ലോകത്തിനുമുന്നിൽ തുറന്നു കാണിച്ചു കൊണ്ടേയിരിക്കുന്നത്. 

ഹാബ്‍സൊറ; ഇസ്രായേൽ വാർ ‘ഫാക്ടറി’

ഗസ്സയിലെ ഓരോ കോണും തങ്ങളുടെ ടെക്നോളജിക്കൽ സർവൈലൻസ് പരിധിക്കുള്ളിലാണ് കാലങ്ങളായി ഇസ്രായേൽ കൊണ്ട് നടക്കുന്നത്. ഇസ്രായേലിന്റെ ഓരോ മിസൈലുകളും ഗസ്സയിൽ എവിടെയെങ്കിലും പതിച്ചു കൊള്ളട്ടെ എന്ന ലാഘവത്തോടെയല്ല തൊടുത്തുവിടുന്നതെന്ന് നമ്മൾ കൃത്യമായി മനസ്സിലാക്കണം.

ഗോസ്‍പെൽ (Gospel) എന്ന ആർടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനം ഉപയോഗിച്ച് എങ്ങനെയാണ് അവർ ടാർഗറ്റ് സെറ്റ് ചെയ്യുന്നത് എന്നത് ദി ഗാർഡിയൻ വാരികയുടെ  ഡിഫെൻസ‍സ് ആൻറ് സെക്യൂരിറ്റി എഡിറ്റർ ആയ ദാൻ സബ്ബാഗ് തൻറെ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടേഴ്സിലൂടെ അന്വേഷിക്കുന്നുണ്ട്.

സാങ്കേതിക വിദ്യയിലെ മുന്നേറ്റം കൊണ്ട് പ്രശസ്തമാണ്  വളരെക്കാലമായി ഐ.ഡി.എഫ്.  അതുകൊണ്ട് കൂടിയാണ് ഒക്ടോബർ 7 ലെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തെ ഇസ്രായേലിനെയും അമേരിക്കയെയും ഇത്രമേൽ ഞെട്ടിച്ചത്. തങ്ങൾ കൂടുതൽ ടെക്നോളജികൾ സൈന്യത്തിൻറെ ഭാഗമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന ഐ.ഡി.എഫ് പ്രസ്താവനകൾ വന്നിട്ടുണ്ടായിരുന്നു. 2021 മെയ് മാസത്തിൽ ഗസ്സയിൽ നടന്ന 11 ദിവസത്തെ ‘യുദ്ധ’ത്തിന് ശേഷം, മെഷീൻ ലേണിംഗും അഡ്‌വാൻസ്ഡ്  കമ്പ്യൂട്ടിംഗും ഉപയോഗിച്ച് ഇസ്രായേൽ “ആദ്യത്തെ എ.ഐ യുദ്ധം” നടത്തിയതായി അവർ അവകാശപ്പെടുന്നു.

നിലവിലെ ‘യുദ്ധം’ ഇസ്രായേലിന് തങ്ങളുടെ ടെക്നിക്കൽ ടൂൾസ് കൂടുതൽ വിപുലമായ പരിധിയിൽ ഉപയോഗിക്കുന്നതിനുള്ള അവസരമാണ്. പ്രത്യേകിച്ചും, ഹാബ്‍സൊറ (Habsora) എന്ന് വിളിക്കപ്പെടുന്ന ഒരു എ.ഐ ടാർഗെറ്റ്-ക്രിയേഷൻ പ്ലാറ്റ്‍ഫോം വിന്യസിക്കാനുള്ള അവസരം കൂടിയാണ് ഐ.ഡി.എഫിന് ലഭിച്ചത്. ഇത് ഒരു ‘ഫാക്ടറി’ പോലെ ടാർഗെറ്റുകളുടെ മാരകമായ മാസ് പ്രൊഡക്ഷനാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതായത് ഒരു വർഷത്തെ 50 ടാർഗറ്റ് എന്നതിന് പകരം ഒരു ദിവസം 100 ടാർഗറ്റുകൾ എന്ന ഉയർച്ചയാണ് ഗോസ്‍പെൽ ഐ.ഡി.എഫിന് നൽകിയത്.

അന്താരാഷ്‌ട്ര നിയമപ്രകാരം, പത്രപ്രവർത്തകർ സിവിലിയന്മാരിൽ നിന്ന് വേറിട്ട് പ്രത്യേകമായ ഒരു സംരക്ഷിത വിഭാഗമായി മാറുന്നില്ല. പക്ഷെ, മനഃപൂർവം സിവിലിയന്മാരെ ടാർഗെറ്റ് ചെയ്യുന്നതോ സൈന്യവും  സാധാരണക്കാരും തമ്മിൽ വേർതിരിവില്ലാത്ത ആക്രമണം നടത്തുന്നതോ നിയമവിരുദ്ധമായതുപോലെ തന്നെ, മാധ്യമപ്രവർത്തകരെ മനഃപൂർവം ലക്ഷ്യമിടുന്നതും നിയമവിരുദ്ധമാണ്. ഇൻറർനാഷനൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിൻറെ (International Committee of Red Cross)  അഭിപ്രായത്തിൽ, “സൈനിക നടപടിക്ക് ഫലപ്രദമായ സംഭാവന” നൽകുകയോ അല്ലെങ്കിൽ “യുദ്ധക്കുറ്റങ്ങൾ, വംശഹത്യകൾ, അക്രമ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രേരണ നൽകുകയോ ചെയ്യുന്നില്ലെങ്കിൽ” പ്രോപഗണ്ട പ്രചാരണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ പോലും മാധ്യമങ്ങളെ സൈനികരെ പോലെ കണക്കാക്കാനാവില്ല.

പക്ഷേ ഇസ്രായേൽ കാലങ്ങളായി തന്നെ മാധ്യമപ്രവർത്തകരെ മിലിട്ടറി ടാർഗറ്റ് ആക്കുന്നുണ്ട് എന്നാണ് സ്വതന്ത്ര അന്വേഷണ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. ഇസ്രായേൽ ഫലസ്തീൻ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ യുദ്ധകുറ്റം ചെയ്തെന്ന് ആരോപിച്ച് ആർ.ഡബ്ള്യൂ.ബി (Reporters Without Borders) അടുത്തിടെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പരാതി നൽകി. 2018 മുതൽ അവർ നൽകുന്ന മൂന്നാമത്തെ പരാതിയായിരുന്നിട്ടും ഇസ്രായേൽ ഇതിനെതിരെ ഒരു നടപടിയും തങ്ങളുടെ മിലിട്ടറി ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ചില്ല എന്ന് മാത്രമല്ല, പരാതി തള്ളിക്കളയുകയും ചെയ്തു. ഐക്യരാഷ്ട്രസഭയിലെ 193 ൽ 138 അംഗങ്ങളും ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിട്ടും ഫലസ്തീൻ ഒരു സ്വതന്ത്ര രാഷ്ട്രമല്ല എന്ന് വാദിച്ചു കൊണ്ടാണ് ഇസ്രായേൽ ഈ പരാതികളെ എതിർത്തത്.

2018 ൽ Great return March റിപ്പോർട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട യാസിർ മുർതജ്,  അഹമ്മദ് അബൂ ഹുസൈൻ എന്നീ മാധ്യമപ്രവർത്തകർ ഇസ്രായേലിന്റെ ബോധപൂർവമായ വെടിവെപ്പിന് വിധേയമായവരാണ് എന്നാണ് യു.എൻ അന്വേഷണ കമ്മീഷൻ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നത്. 2022 ൽ കൊല്ലപ്പെട്ട അൽ ജസീറയുടെ റിപ്പോർട്ടർ  ഷിറീൻ അബൂ അഖ്ലെ ആണ് മറ്റൊരു പ്രധാന ഇസ്രായേൽ ടാർഗെറ്റഡ് കില്ലിംഗിന്റെ ഇര .  അതിൻറെ സ്മരണാർത്ഥം അൽ ജസീറ ഗസ്സയിൽ നിർമ്മിച്ച സ്മാരകം കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ ബോംബിട്ട് തകർത്തു.

ലോകത്ത് നടന്ന മറ്റ് യുദ്ധങ്ങളിലേതിനേക്കാൾ വളരെ മാരകമായ തോതിൽ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥയാണ് നിലവിലെ ഇസ്രായേൽ ആക്രമണത്തിൽ ഉള്ളത്. 2022 തുടങ്ങിയ റഷ്യ ഉക്രൈൻ യുദ്ധത്തിൽ 17 മാധ്യമപ്രവർത്തകർ മാത്രമാണ് അത്രയും കാലയളവിൽ മരിച്ചത്. 2003 ൽ തുടങ്ങിയ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തിൽ കൂടുതൽ ജേണലിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. 

2003 മുതൽ തുടങ്ങിയ സംഭവത്തിൽ 283 ജേണലിസ്റ്റുകളാണ് ഇതുവരെയായി മരണപ്പെട്ടത്. അത് പക്ഷേ ഗസ്സയിൽ ഇപ്പോൾ നടക്കുന്നതു പോലെ, വളരെ കുറഞ്ഞ സമയം കൊണ്ടുള്ള ഉയർന്ന കൊലപാതക സംഖ്യയല്ല. പാലസ്തീനിയൻ മാധ്യമപ്രവർത്തകരുടെ മരണസംഖ്യ ഇനിയും ഉയരാൻ തന്നെയാണ് സാധ്യത എന്നാണ് അന്വേഷണ സംഘടനകൾ വ്യക്തമാക്കുന്നത്. ആധുനികലോകം കണ്ട ഏറ്റവും ക്രൂരമായ യുദ്ധം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് രണ്ടാം ലോകമഹായുദ്ധമാണ്. ആറു വർഷത്തോളം നീണ്ടുനിന്ന യുദ്ധത്തിൽ 69 മാധ്യമപ്രവർത്തകർ മാത്രമാണ് കൊല്ലപ്പെട്ടത്.

അമ്പതിലധികം മാധ്യമ സ്ഥാപനങ്ങൾ ഇതുവരെയായി തകർക്കപ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനർത്ഥം അൽ ജസീറ മാധ്യമപ്രവർത്തകർക്ക് സുരക്ഷിതമായി മാധ്യമപ്രവർത്തനം നടത്താനുള്ള സാഹചര്യം ആദ്യമേ ഇല്ലാതായിട്ടുണ്ട് എന്നാണ്. അവരുടെ അടിസ്ഥാന ആവശ്യങ്ങളായ വൈദ്യുതി, ഇൻറർനെറ്റ്, ചാർജറുകൾ, ക്യാമറ തുടങ്ങിയവ വളരെ ബുദ്ധിമുട്ടിയാണ് അവർ കണ്ടെത്തുന്നത്. അവരുടെ റിപ്പോർട്ടിംഗ് ഉപകരണങ്ങൾ ഇസ്രായേൽ നശിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നും റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. ഇതിനൊക്കെ പുറമേ സൈന്യത്തിൻറെ കൂടെ അയക്കപ്പെടുന്ന ജേണലിസ്റ്റുകൾക്ക് നിർബന്ധമായും നൽകപ്പെടേണ്ട പി.പി.ഇ (personal Protection Equipment) കിറ്റുകളും ഫലസ്തീനിലെ മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്നില്ല.

സുരക്ഷ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് മരിച്ചു വീഴുന്ന മാധ്യമപ്രവർത്തകരുള്ള ഗസ്സയിൽ   പക്ഷെ, പി.പി.ഇ വെറുതെയാണ് എന്നാണ് അവർ പറയുന്നത്. “ഇതൊരു സംരക്ഷണവും നൽകുന്നില്ല. ഈ പ്രൊട്ടക്ഷൻ ഗിയർ വെറുതെയാണ്. ഒരു അന്താരാഷ്ട്ര സംരക്ഷണ നിയമവും നിലനിൽക്കുന്നില്ല. ഇത് (P.P.E) ഇനി ഞാൻ ഉപയോഗിക്കുന്നില്ല. ഞങ്ങൾ ഓരോരുത്തരും ഞങ്ങളുടെ ഊഴം കാത്തിരിക്കുകയാണ്“ എന്ന് പലസ്തീൻ ടി.വി റിപ്പോർട്ടർ സൽമാൻ ബാശിർ തൻറെ സഹപ്രവർത്തകൻ മുഹമ്മദ് അബൂ അതാബിൻറെ മരണം റിപ്പോർട്ട് ചെയ്യുമ്പോൾ ലൈവ് ടെലികാസ്റ്റിൽ കണ്ണീരോടുകൂടി തൻറെ പ്രൊട്ടക്ഷൻ ഗിയർ ഊരി മാറ്റുന്നത് ലോകം കണ്ടതാണ്.

അന്താരാഷ്ട്ര മാധ്യമപ്രവർത്തകർ ഗസ്സയിൽ കടക്കുന്നത് ഇസ്രായേൽ നിരോധിച്ചിട്ടുണ്ട്. അവിടെ എത്തിച്ചേർന്ന ഇൻറർനാഷണൽ റിപ്പോർട്ടർമാരോട് തങ്ങളുടെ സംരക്ഷണം ഉറപ്പിക്കാൻ ആകില്ല എന്നും അതിനു വേണ്ട എല്ലാ മുൻകരുതലും അവർ തന്നെ എടുക്കണം എന്നതും റോയിറ്റേഴ്സ് അടക്കമുള്ള അമേരിക്കൻ മാധ്യമ സ്ഥാപനങ്ങളോട് ഇസ്രായേലിന്റെ പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് യഥാർത്ഥത്തിൽ തങ്ങളുടെ റിപ്പോർട്ടർമാരെ അവിടുന്ന് പിൻവലിക്കുകയും അൽ ജസീറ മാധ്യമപ്രവർത്തനം നിർത്തുകയും ചെയ്യണം എന്നുള്ള സന്ദേശമാണ് എന്നാണ് അവർ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ താൽക്കാലിക വെടിനിർത്തലിനെ മുൻനിർത്തി ഇസ്രായേൽ-യു.എസ് അഡ്മിനിസ്ട്രേഷന് ചില പ്രധാന ആശങ്കകൾ ഉണ്ടായിരുന്നുവെന്ന് പൊളിറ്റികൊ (Politico) റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സീസ് ഫയർ കൂടുതൽ ജേണലിസ്റ്റുകൾ പ്രവേശിക്കുന്നതിന് കാരണമാകും എന്നും അങ്ങനെ സ്ഥിതിഗതികൾ വിലയിരുത്തി ഇസ്രായേലിനെതിരെ ഒരു പൊതുജനാഭിപ്രായം ഉണ്ടാകാൻ സാധ്യതയുണ്ടെന്നതുമായിരുന്നു അവരുടെ പ്രധാന ആശങ്ക എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അന്താരാഷ്ട്ര മാധ്യമപ്രവർത്തകരുടെ മേൽ ഇസ്രായേൽ തീർത്ത ഈ വിലക്ക് വെസ്റ്റ് ബാങ്കിലും നിലനിൽക്കുന്നുണ്ട്. അത് കൊണ്ടുതന്നെ ഫലസ്തീനിൽ നിലവിലുള്ള എല്ലാ മാധ്യമപ്രവർത്തകരും പലസ്തീനികളാണ്. അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വേണ്ടി അവരാണ് നിരന്തരമായി ഫീൽഡിൽ ഉള്ളത്. മോതാസ് അസാസിയ, ഹിന്ദ്, ബൈസാൻ തുടങ്ങിയ ഒരുപാട് ചെറുപ്പക്കാരാണ് അവിടെ നിരന്തരമായ റിപ്പോർട്ടിങ്ങുമായി ഫീൽഡിലുള്ളത്.

അതായത് ഇസ്രായേലിന്റെ ‘എയർ പോസ്റ്റ്മാൻ’ വിതരണം ചെയ്യുന്ന ഡ്രോണ്‍ കത്തുകൾക്കനുസരിച്ച് ഓരോ സ്ഥലങ്ങളിൽ നിന്നും പാലായനം ചെയ്തുകൊണ്ടിരിക്കുന്ന, ഉപരോധത്താൽ വിശന്നിരിക്കുന്ന, അനസ്തേഷ്യയില്ലാതെ കീറിമുറിക്കപ്പെടുന്ന ‘ഗസ്സയിലെ പുതിയ സാധാരണത്വ’ത്തിൽ ഉൾപ്പെടുന്നവരാണ് നമ്മൾ കാണുന്ന ഈ മാധ്യമപ്രവർത്തകരും. അത്തരത്തിലുള്ള സാഹചര്യങ്ങളോട് പൊരുതിക്കൊണ്ടാണ് അവർക്ക് അവിടെ നടക്കുന്ന വിവരങ്ങളെ പുറത്തെത്തിക്കേണ്ടി വരുന്നത്.

 “ഗസ്സയിൽ വിവരം (Information) കൊലചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്” എന്നാണ്  അടിയന്തിര വെടിനിർത്തലിന് ആവശ്യപ്പെട്ടുകൊണ്ട് ജേണലിസ്റ്റ് ഫെഡറേഷൻ പറഞ്ഞത്. ഇനിയും എത്ര ദിവസങ്ങളാണ് അവർക്ക് ഇങ്ങനെ തുടരാൻ ആവുക എന്നത് അടിസ്ഥാനപരമായ ഒരു ചോദ്യമാണ്. അവരെ ഒന്നൊന്നായി ഇല്ലാതാക്കി കഴിഞ്ഞാൽ ആരാണ് ആ വിവരങ്ങളെ പുറംലോകത്ത് എത്തിക്കുക എന്നതും ആലോചിക്കേണ്ട വസ്തുതയാണ്.

യഥാർത്ഥത്തിൽ ഫലസ്തീനിയൻ ജേർണലിസ്റ്റുകൾക്ക് അവരർഹിക്കുന്ന അംഗീകാരം ഇനിയും എത്ര വൈകിയാണ് അന്താരാഷ്ട്ര മാധ്യമ സംഘടനകൾ നൽകുക എന്നത് ഉയർന്നുവരേണ്ട ഒരു ചോദ്യമാണ്. ഇൻറർനാഷണൽ മീഡിയ കമ്മ്യൂണിറ്റി നിരന്തരമായി അവർക്കുവേണ്ടി വാദിച്ചുകൊണ്ടേയിരിക്കണം.

Related Articles