Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുൽ അഖ്സ നിർമിച്ചതാരാണ് ?

ഇബ്രാഹീം നബി ( അ ) വിശുദ്ധ കഅ്ബയും ബൈതുൽ ഹറാമും പണിതശേഷം ബൈതുൽ മുഖദ്ദസിന്റെ നിർമാണത്തിനായി അല്ലാഹു അദ്ദേഹത്തോട് കൽപ്പിച്ചു എന്നും അങ്ങനെ ഇബ്രാഹീം നബി നിർമ്മിച്ചു എന്നുമാണ് പ്രബലാഭിപ്രായം. അല്ല, യഅ്ഖൂബ് നബി ( അ ) യാണ് പണിതതെന്ന് മറ്റൊരു അഭിപ്രായവുമുണ്ട്. മസ്ജിദുൽ ഹറാമിനും മസ്ജിദുൽ അഖ്സക്കുമിടയിൽ നാൽപ്പത് വർഷത്തെ നിർമാണ വ്യത്യാസമുണ്ടന്നും പറയപ്പെടുന്നു. ഇമാം ബുഖാരിയും മുസ് ലിമും അബൂദർറിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം : ” പ്രവാചകൻ (സ) യോട് ഞാൻ ചോദിച്ചു, പ്രവാചകരെ അല്ലാഹുവിന്റെ ഭൂമിയിൽ ആദ്യമായി സ്ഥാപിച്ച പള്ളി ഏതാണ്? പ്രവാചകൻ പറഞ്ഞു: മസ്ജിദുൽ ഹറാം. ഞാൻ ചോദിച്ചു: പിന്നെ ഏതാണ്? പ്രവാചകൻ പറഞ്ഞു: മസ്ജിദുൽ അഖ്സ. ഞാൻ ചോദിച്ചു: അവരണ്ടിനുമിടയിൽ എത്ര കാലവ്യത്യാസമുണ്ട്? പ്രവാചകൻ പറഞ്ഞു: നാൽപ്പത് വർഷം. പ്രവാചകൻ (സ) പറഞ്ഞു അബൂദർറെ, നമസ്കാരത്തിന് എവിടെവച്ചാണോ സമയമാവുന്നത് അവിടെ നമസ്കരിക്കുക.”

എന്നാൽ മസ്ജിദുൽ അഖ്സ സുലൈമാൻ നബിയുടെ നിർമ്മിതിയാണന്ന വാദവും ചിലർ ഉന്നയിക്കാറുണ്ട്. ഇമാം നസാഈ അബ്ദുല്ലാഹിബ്നു ഉമറിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസാണ് അവർ തെളിവായി പറയുന്നത് – ” സുലൈമാൻ നബി വിശുദ്ധ ഭവനം (ബൈതുൽ മുഖദ്ദസ്) പണിതപ്പോൾ അല്ലാഹുവിനോട് മൂന്ന് കാര്യങ്ങൾ ചോദിച്ചു: ഒന്നാമതായി അപേക്ഷിച്ചത് ഏറ്റവും നല്ല ഭരണാധികാരത്തിനായിരുന്നു . അല്ലാഹു അത് നൽകുകയും ചെയ്തു. തനിക്കുശേഷം മറ്റാർക്കും ലഭിക്കാൻ ഇടയില്ലാത്ത ഒരു അധികാര രാജ്യമാണ് രണ്ടാമതായി ചോദിച്ചത്. അല്ലാഹു അതും നൽകി. ഇവിടെ വന്ന് നമസ്കരിക്കുന്നവരുടെ മുഴുവൻ പാപങ്ങളും പൊറുത്ത് കൊടുത്ത് മാതാവ് പ്രസവിച്ച ദിവസത്തെ പരിശുദ്ധിയോടെ പാപത്തിൽനിന്നുള്ള മോചനമാണ് മൂന്നാമതായി ചോദിച്ചത്. അല്ലാഹു അതും അം​ഗീകരിച്ച് കൊടുത്തു. ”

ഇബ്രാഹീം നബിക്കും സുലൈമാൻ നബിക്കുമിടയിൽ ആയിരത്തിലധികം വർഷങ്ങളുടെ കാലവ്യത്യാസമാണ് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ഇവിടെ ചേർത്ത് വായിക്കണം.

എന്നാൽ സുലൈമാൻ നബി ഈ പ്രാർഥനക്ക് മുമ്പ് നിർവഹിച്ചത് ബൈതുൽ മുഖദ്ദസിന്റെ ആദ്യ നിർമ്മിതിയല്ലന്നും, മറിച്ച് മുമ്പ് സ്ഥാപിച്ചതിന്റെ നവീകരണവും വിപുലീകരണവുമാണന്നും ആധികാരിക രേഖകളിൽനിന്ന് വായിച്ചെടുക്കാം. ഇബ്രാഹീം നബി കഅ്ബ പണിത് നാൽപ്പത് വർഷത്തിന് ശേഷമാകാം ബൈതുൽ മുഖദ്ദസ് പണിതതെന്നാണ് ചരിത്രകാരൻമാരുടെ പക്ഷം. അതല്ല അദ്ദേഹത്തിന്റെ ചെറുമകൻ യഅ്ഖൂബ് നബിയാണ് പണിതതെന്ന് അഭിപ്രായമുള്ളവരും ഉണ്ട്.

മേൽപറഞ്ഞ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ, ഈ ഹദീസുകൾ ചരിത്രത്തിനോ യാഥാർത്ഥ്യത്തിനോ വിരുദ്ധമാകുന്നില്ല, കാരണം പ്രവാചകൻ ഉദ്ദേശിച്ചത് ബൈത്തുൽ മുഖദ്ദസിന്റെ ആദ്യ സ്ഥാപകനെയാണ്, നവീകരണവും വിപുലീകരണവും നിർവഹിച്ചവരെയല്ല. (സാദുൽ മആദ്).

( കടപ്പാട് )

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles