Current Date

Search
Close this search box.
Search
Close this search box.

രണ്ടാം ഇൻതിഫാദ; ഗസ്സയിൽ നിന്നും ഇസ്രായേൽ പിൻമാറുന്നു

ചർച്ചകളുടെ സ്തംഭനാവസ്ഥയും വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലും വർധിച്ചു വരുന്ന സെറ്റിൽമെന്റ് നിർമാണ പ്രവർത്തനങ്ങളും കടുത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചു. 2000 സെപ്റ്റംബർ അവസാനത്തോടെ ഈ സംഘർഷാവസ്ഥ ഒരു പൊട്ടിത്തെറിയായി രൂപാന്തരം പ്രാപിച്ചു. ഏരിയൽ ഷാരോണിന്റെ അൽഅഖ്സ മസ്ജിദ്, ഹറം ശരീഫ് (നോബ്ൾ സാങ്ച്ച്വറി) സന്ദർശനത്തോടെ ആളിപ്പടർന്ന രണ്ടാം ഇൻതിഫാദ (അൽഅഖ്സ ഇൻതിഫാദ എന്നും അറിയപ്പെടുന്നു) കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫലസ്തീൻ അതോറിറ്റി കെട്ടിപ്പടുത്തതെല്ലാം നാമാവശേഷമാക്കി.

ഏത് ഉടമ്പടി ഉണ്ടായാലും ഹറം ശരീഫ് എക്കാലത്തും ഇസ്രായേലി പരാമാധികാരത്തിനും നിയന്ത്രണത്തിനും കീഴിൽ നിലനിൽക്കുമെന്ന് പ്രസ്താവിക്കുന്നതിന് വേണ്ടിയാണ് നൂറുകണക്കിന് സായുധ സൈനികരുടെ അകമ്പടിയോടെ, ഫലസ്തീനികളെ സംബന്ധിച്ച് സ്വബ്റ-ഷാത്തീലയുടെ കശാപ്പുകാരൻ എന്നറിയപ്പെടുന്ന ഏരിയൽ ഷാരോൺ അൽഅഖ്സ മസ്ജിദ് സന്ദർശിച്ചത്. ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് മൂന്നാമത്തെ വിശുദ്ധസ്ഥലവും, ഫലസ്തീനികളെ സംബന്ധിച്ച് സവിശേഷ പ്രാധാന്യവുമുള്ള മസ്ജിദുൽ ഹറമിൽ ഏരിയൽ ഷാരോൺ സന്ദർശനം നടത്തിയത് ഫലസ്തീനികളെ പ്രകോപിപ്പിക്കാൻ ബോധപൂർവ്വം ഉദ്ദേശിച്ച് തന്നെയായിരുന്നു. തുടർന്നുണ്ടാകുന്ന പ്രതികരണങ്ങളെ അടിച്ചമർത്തുന്നതിലൂടെ ചർച്ചകളിൽ ഇസ്രായേലിന് മേധാവിത്വം ഉറപ്പിക്കാനും, ഫലസ്തീൻ അതോറിറ്റി രാഷ്ട്രീയ ആവശ്യങ്ങളെ പരിമിതപ്പെടുത്താനും കഴിയുമെന്ന് കരുതപ്പെട്ടു.

ഒന്നാം ഇൻതിഫാദയ്ക്ക് സമാനമായി, വലിയ പ്രതിഷേധങ്ങളും നിയമലംഘന പ്രവർത്തനങ്ങളും ബഹിഷ്കരണങ്ങളും പ്രതിരോധത്തിന്റെ മറ്റു രൂപങ്ങളും ഫലസ്തീനികൾ സംഘടിപ്പിച്ചു. എന്നാൽ, ഇസ്രായേലിനെ അത്ഭുതപ്പെടുത്തിയ ഒന്നാം ഇൻതിഫാദയിൽ നിന്ന് വ്യത്യസ്തമായി, അടിച്ചമർത്തൽ കൂടുതൽ കഠിനവും അക്രമാസക്തവുമായിരുന്നു. യഥാർഥ വെടിയുണ്ടകൾ ഉപയോഗിച്ച് ഇസ്രായേൽ നിഷ്കരുണം വെടിവെയ്ക്കുകയും ഫലസ്തീനികളെ ക്രൂരമായി അടിച്ചമർത്തുകയും ചെയ്തു. തുടക്കത്തിൽ, സമാധാനപരമായി മുന്നോട്ടു പോയ ഒരു ജനകീയ പ്രസ്ഥാനമായിരുന്നെങ്കിലും, ഇസ്രായേലിന്റെ പ്രതികരണം കഠിനമായതോടെ അത് ക്രമേണ സൈനികവത്കരിക്കപ്പെട്ടു. ജനകീയ പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നും മുന്നോട്ടുപോയി, എന്നാൽ ഇത്തവണ അതോടൊപ്പം ഗറില്ല യുദ്ധവും ചാവേറാക്രമണങ്ങളും മറ്റു തന്ത്രങ്ങളും ഉണ്ടായിരുന്നു.

അധികം താമസിയാതെ, ഇൻതിഫാദക്ക് കാരണക്കാരനായ അതേ ഏരിയൽ ഷാരോൺ ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി മാറി, ഫലസ്തീനികളെ അടിച്ചമർത്തിയതിന്റെ വിപുലമായ ചരിത്രമുള്ള അദ്ദേഹം കൂടുതൽ അക്രമപ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. നാബുലസ്, റാമല്ല പോലെയുള്ള വലിയ ജനവാസകേന്ദ്രങ്ങൾ അടക്കം, ഫലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിന് കീഴിലുണ്ടായിരുന്ന എല്ലാ ഫലസ്തീൻ പ്രദേശങ്ങളും ഏരിയൽ ഷാരോൺ കടന്നാക്രമിക്കുകയും തിരിച്ചുപിടിക്കുകയും ചെയ്തു. ഇസ്രായേലിന്റെ കുപ്രസിദ്ധമായ വിഭജന മതിൽ നിർമിക്കാൻ തുടങ്ങുന്നതിനുള്ള ഒരു കാരണമായി അത് ഉപയോഗിക്കപ്പെട്ടു, ഈ നടപടി നിയമവിരുദ്ധമാണെന്ന് വ്യാപകമായി അപലപിക്കപ്പെട്ടു.

ഇത് നിലവിലെ സ്ഥിതിയെ വലിയതോതിൽ പിടിച്ചുകുലുക്കി; വെസ്റ്റ് ബാങ്കും ഗസ്സയും പരസ്പരവും ഫലസ്തീനിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും പൂർണമായി വിച്ഛേദിക്കപ്പെട്ടു. ഫലസ്തീൻ അതോറിറ്റിയുടെ സുരക്ഷാസേനയുടെ ഭൂരിഭാഗവും ഇല്ലാതാക്കപ്പെട്ടു, അധിനിവേശ പ്രദേശങ്ങളിൽ ഇസ്രായേൽ ശക്തമായി പിടിമുറുക്കി. സ്വാഭാവികമായും, ഈ കാലയളവിൽ സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനും നിലവിലെ അവസ്ഥ മാറ്റാനും നിരവധി ശ്രമങ്ങൾ നടന്നെങ്കിലും, അവയെല്ലാം പരാജയത്തിൽ കലാശിക്കുകയാണ് ഉണ്ടായത്.

രണ്ടാം ഇൻതിഫാദയിലെ പ്രധാന സംഭവങ്ങളിലൊന്നാണ് ഗസ്സയിൽ നിന്നുള്ള ഇസ്രായേലിന്റെ പിന്മാറ്റം. ഫലസ്തീനികളുടെ ശക്തമായ ചെറുത്തുനിൽപ്പ് കാരണം 2005ൽ ഇസ്രായേലി സൈന്യവും കുടിയേറ്റക്കാരും ഗസ്സയിൽ നിന്ന് പിൻമാറി എന്നത് ശരിയാണെങ്കിലും, അധിനിവേശം അവസാനിച്ചു എന്ന് അതിനർഥമില്ല, കാരണം ഗസ്സയുടെ മേൽ ഇപ്പോഴും ഇസ്രായേൽ നിയന്ത്രണം തുടരുന്നുണ്ട്. ഐക്യരാഷ്ട്രസഭ, ആംനസ്റ്റി ഇന്റർനാഷണൽ, ഇന്റർനാഷണൽ റെഡ്ക്രോസ്, മറ്റനേകം മനുഷ്യാവകാശ സംഘടനകൾ തുടങ്ങിയവ ഇത് ശരിവെക്കുന്നു.

എന്നാൽ, ഗസ്സ അധിനിവേശമുക്തമായി എന്ന വാദം ഇസ്രായേലിനെ സംബന്ധിച്ച് വളരെ ഉപകാരപ്രദമായിരുന്നു, കാരണം സമാധാന സ്ഥാപനത്തിനു വേണ്ടി ഇസ്രായേൽ വളരെയധികം ത്യാഗം ചെയ്തു എന്ന പ്രചാരണത്തിന് അത് ശക്തിയേകി, യഥാർഥ ചരിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നായിരുന്നു അത്. ഗസ്സയിൽ നിന്നുള്ള ഇസ്രായേലി പിന്മാറ്റത്തിന് പിന്നിൽ അവർ പ്രചരിപ്പിക്കുന്നതു പോലെയുള്ള യാതൊരുവിധ ത്യാഗമനസ്ഥിതിയും ഉണ്ടായിരുന്നില്ല. അന്നത്തെ പ്രധാനമന്ത്രി ഏരിയൽ ഷാരോണിന്റെ പ്രധാന സഹായി ഡോവ് വെയ്സ്ഗ്ലാസിന്റെ വാക്കുകളിൽ നിന്ന് ഇത് വ്യക്തമാകും:

“സമാധാന പ്രക്രിയ മരവിപ്പിക്കുക എന്നതായിരുന്നു പിൻവാങ്ങൽ പദ്ധതിയുടെ പ്രധാന ഉദ്ദേശം, സമാധാന പ്രക്രിയ മരവിപ്പിക്കുന്നതിലൂടെ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനാണ് തടയിടുന്നത്, അതുപോലെ അഭയാർഥികൾ, അതിർത്തികൾ, ജറൂസലേം എന്നിവയെ കുറിച്ചുള്ള ചർച്ചയും തടയുന്നു. പ്രായോഗികതലത്തിൽ, ഫലസ്തീൻ രാഷ്ട്രം എന്ന് വിളിക്കപ്പെടുന്ന മുഴുവൻ സംഗതിയും ഞങ്ങളുടെ അജണ്ടയിൽ നിന്ന് എന്നന്നേക്കുമായി നീക്കംചെയ്യപ്പെട്ടു. എല്ലാവിധ അധികാരത്തോടെയും അനുമതിയോടെയുമായിരുന്നു അത് ചെയ്തത്. അതിന് പ്രസിഡന്റിന്റെ എല്ലാവിധ അനുഗ്രഹാശ്ശിസുകളും കോൺഗ്രസിലെ ഇരുസഭകളുടെ അംഗീകാരവും ഉണ്ടായിരുന്നു.

അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. ഉദാഹരണത്തിന്, ഇസ്രായേലിന്റെ കടുംപിടുത്തത്തെയോ, വെസ്റ്റ് ബാങ്കിലെ പുതിയ സെന്റിൽമെന്റ്, കോളനിവത്കരണ പദ്ധതികളേയോ ഫലസ്തീൻ അതോറിറ്റി വിമർശിക്കുമ്പോഴെല്ലാം, ഞങ്ങൾ ഗസ്സ വിട്ടുകൊടുത്തു, സമാധാനത്തിനായി വളരെയധികം ത്യാഗം ചെയ്തു എന്ന വാദം കൊണ്ട് ഇസ്രായേൽ തിരിച്ചടിക്കും. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിമർശനങ്ങളെ ഒഴിവാക്കാനും വിട്ടുവീഴ്ച ചെയ്യേണ്ട ഉത്തരവാദിത്തം ഫലസ്തീനികളുടെ തലയിൽ കെട്ടിവെക്കാനും ഇസ്രായേലിന് ഇതൊരു ഫലപ്രദമായ മാർഗമായിരുന്നു. ഇവിടെ, വെസ്റ്റ് ബാങ്കിന്റെ ബഹുഭൂരിഭാഗവും നിർലജ്ജം കോളനിവത്കരിക്കുന്നതിനെ നിരുപാധികം അംഗീകരിക്കുക എന്നതാണ് “വിട്ടുവീഴ്ച” എന്നതു കൊണ്ട് അർഥമാക്കുന്നത്.

കൂടാതെ, ഗസ്സയുടെ മേലുള്ള നിയന്ത്രണം യഥാർഥത്തിൽ ഉപേക്ഷിക്കുകയായിരുന്നില്ല, മറിച്ച് അധിനിവേശം എങ്ങനെ പ്രവർത്തിക്കുകയും നോക്കികാണപ്പെടുകയും ചെയ്യുന്നുവെന്നതിനെ പുനഃക്രമീകരിക്കുകയായിരുന്നു ഇസ്രായേൽ. പുതിയ രൂപം സ്വീകരിച്ചെങ്കിലും, അധിനിവേശത്തിനെതിരെ ഗസ്സയിൽ നിന്നും ചെറുത്തുനിൽപ്പ് ഉണ്ടാകുമെന്ന് ഇസ്രായേലിന് നന്നായിട്ടറിയാമായിരുന്നു. ഭൂമി വിട്ടുകൊടുത്ത് ഫലസ്തീനികളുമായി സമാധാനം ഉണ്ടാക്കുക അസാധ്യമായ കാര്യമാണെന്നതിന്റെ തെളിവായി ഇസ്രായേലിന് ഈ ചെറുത്തുനിൽപ്പിനെ ഉപയോഗിക്കാൻ കഴിയും, കാരണം, എന്തായാലും ഫലസ്തീനികൾ ഇസ്രായേലിനെതിരെയുള്ള ആക്രമണം തുടരുക തന്നെ ചെയ്യും. എന്തുകൊണ്ടാണ് ഈ ദിവസം വരേക്കും വെസ്റ്റ് ബാങ്കിൽ നിന്ന് ഒരിഞ്ചു പോലും പിൻവാങ്ങാത്തത് എന്നതിന്റെ പ്രധാന ഉത്തരമായി ഇസ്രായേൽ ഉയർത്തുന്നതും അതുതന്നെയാണ്.

രണ്ടാം ഇൻതിഫാദ, അതിന്റെ സായുധ സ്വഭാവം കാരണം, അവസാനിക്കുമ്പോൾ ഏകദേശം 5000 ഫലസ്തീനികളും 1000 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു. ഇത് ഫലസ്തീനിലെ അന്നത്തെ അവസ്ഥയിൽ മാറ്റത്തിന് കാരണമായി, മുൻവർഷങ്ങളിൽ ഫലസ്തീൻ അതോറിറ്റി നടപ്പിലാക്കിയ ഭൂരിഭാഗം പ്രവർത്തനങ്ങളെയും അത് റദ്ദു ചെയ്തു. ഇതോടൊപ്പം ഫലസ്തീൻ അതോറിറ്റിയുടെയും പി.എൽ.ഓയുടെയും നേതാവ് യാസർ അറഫാത്തിന്റെ മരണം ഫലസ്തീൻ അതോറിറ്റിയിലും ഫലസ്തീൻ നേതൃത്വത്തിൽ പൊതുവെയും മാറ്റങ്ങൾക്ക് തുടക്കമിട്ടു. ഫലസ്തീൻ അതോറിറ്റി കൂടുതൽ വിധേയത്വവും അനുസരണയും കാണിക്കുന്ന ഒരു സ്ഥാപനമായി പുനഃസംഘടിപ്പിക്കപ്പെട്ടു, ഇസ്രായേലിന്റെ കോളനിവത്കരണ ശ്രമങ്ങൾ ദ്രുതഗതിയിലായി, ഫലസ്തീൻ പ്രശ്നത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിക്കുകയും ചെയ്തു. ഈ ഘട്ടമാണ് ഇന്നും തുടർന്നു കൊണ്ടിരിക്കുന്നത്. ( തുടരും )

Related Articles