Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീൻ മാൻഡേറ്റ്

ഒന്നാം ലോകയുദ്ധത്തിലേറ്റ പരാജയത്തോടെ, ഓട്ടോമൻ സാമ്രാജ്യം തകരുകയും പ്രവിശ്യകൾ വിവിധ യൂറോപ്യൻ കൊളോണിയൽ ശക്തികൾക്കിടയിൽ വീതംവെക്കപ്പെടുകയും വിഭജിക്കപ്പെടുകയും ചെയ്തു. ഫലസ്തീനും ജോർദാനും ബ്രിട്ടീഷ് ഭരണത്തിനും സിറിയയും ലെബനാനും ഫ്രഞ്ച് ഭരണത്തിനും കീഴിലായി. 1917ൽ ബ്രിട്ടീഷുകാർ ജറൂസലേമിൽ പ്രവേശിക്കുകയും 1922ൽ ഫലസ്തീൻ ഔദ്യോഗികമായി ബ്രിട്ടീഷ് മാൻഡേറ്റിനു (ഭരണാവകാശം) കീഴിലായി മാറുകയും ചെയ്തു.

ഒരു “ക്ലാസ് എ” മാൻഡേറ്റായാണ് ഫലസ്തീൻ പരിഗണിക്കപ്പെട്ടത്, അതായത് താൽക്കാലികമായി സ്വതന്ത്രമായി കണക്കാൻ കഴിയും വിധം ഭരണപരമായ ശേഷിയും വിപുലമായ അടിസ്ഥാന സൗകര്യങ്ങളും ഫലസ്തീനിനുണ്ടായിരുന്നെങ്കിലും പൂർണമായ സ്വാതന്ത്ര്യപദവിക്കു പ്രാപ്തമാണെന്ന് കണക്കാക്കപ്പെടുന്നത് വരേക്കും സഖ്യശക്തികളുടെ നിയന്ത്രണത്തിന് കീഴിൽ തന്നെ തുടരും എന്നാണ് ക്ലാസ് എ മാൻഡേറ്റു കൊണ്ട് അർഥമാക്കുന്നത്. പൂർണമായ സ്വാതന്ത്ര്യപദവി ഒരിക്കലും നടക്കാത്ത കാര്യമായിരുന്നു.

ഫലസ്തീനിലെ ബ്രിട്ടീഷ് മാൻഡേറ്റ് സയണിസ്റ്റ് പ്രസ്ഥാനത്തിന് അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള സുവർണാവസരം പ്രദാനം ചെയ്തു. സയണിസ്റ്റ് ലക്ഷ്യങ്ങളോട് ബ്രിട്ടീഷുകാർ അനുകൂല സമീപനം വെച്ചുപുലർത്തി, ഫലസ്തീനിൽ “ജൂതജനതക്കു വേണ്ടി ഒരു ദേശീയഗേഹം” സ്ഥാപിക്കുമെന്ന വാഗ്ദാനം ബാൾഫർ പ്രഖ്യാപനത്തിലൂടെ അവർ നേരത്തെ തന്നെ നടത്തിയിരുന്നു:

“ജൂത ജനവിഭാഗത്തിന് ഒരു രാഷ്ട്രമുണ്ടാക്കാനുള്ള ആശയത്തെ പരമോന്നത ബ്രിട്ടീഷ് ഭരണകൂടം അനുകൂലിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തും. ഫലസ്തീനിൽ നിലവിലുള്ള ജൂതേതര സമുദായങ്ങളുടെ മത-പൗരാവകാശങ്ങളെയും, മറ്റു രാജ്യങ്ങളിൽ ജൂതർ അനുഭവിക്കുന്ന രാഷ്ട്രീയ പദവികൾ, അവകാശങ്ങൾ എന്നിവയെയും ദോഷകരമായി ബാധിക്കുന്ന ഒന്നും ചെയ്യില്ലെന്ന് വ്യക്തമായി മനസ്സിലാക്കുന്നു.”

ബാൾഫർ പ്രഭുവിന്റെ വാക്കുകൾ മഹത്തരമെന്ന് തോന്നുമെങ്കിലും, ആഗോളവ്യാപകമായി ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഒരു കൊളോണിയൽ സാമ്രാജ്യം പരോപകാരമനസ്ഥിതിയിൽ നിന്നല്ല പ്രചോദനം ഉൾക്കൊള്ളുന്നത് എന്ന് വ്യക്തം. ചരിത്രപരമായി അടിച്ചമർത്തൽ നേരിടുന്ന ജൂതജനതയുടെ ദുരിതങ്ങളോട് ബ്രിട്ടീഷുകാർക്കുണ്ടായിരുന്നത് യഥാർഥ സഹാനുഭൂതിയായിരുന്നില്ല; മറിച്ച്, ലെവാന്റിലേയും സൂയസിലേയും തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും നടപ്പിലാക്കാനും ഉതകുന്ന ഒരു ഉപകരണമായിട്ടാണ് സയണിസ്റ്റ് പ്രസ്ഥാനത്തെ ബ്രിട്ടീഷുകാർ നോക്കിക്കണ്ടത്.

ബാൾഫർ പ്രഖ്യാപനത്തിന്റെയും ബ്രിട്ടീഷ് ഗവർണമാരുടെ അനുകൂല സമീപത്തിന്റെയും തണലിൽ ശക്തിപ്രാപിച്ച സയണിസ്റ്റ് പ്രസ്ഥാനം അതിന്റെ കോളനിവത്കരണ ഉദ്യമങ്ങൾ വർധിപ്പിക്കുകയും ഫലസ്തീനിൽ ഒരു താൽക്കാലിക രാഷ്ട്ര-മാതൃക സ്ഥാപിക്കുകയും ചെയ്തു, യിഷുവ് എന്നായിരുന്നു പ്രസ്തുത രാഷ്ട്ര-മാതൃകയുടെ നാമം. ബ്രിട്ടീഷുകാരുമായുള്ള യിഷുവിന്റെ ബന്ധത്തിൽ ഉയർച്ചതാഴ്ച്ചകൾ ഉണ്ടായിരുന്നെങ്കിലും, അതിന്റെ വളർച്ചക്കാവശ്യമായ സഹായങ്ങൾ പരസ്യമായും രഹസ്യമായും സയണിസ്റ്റുകൾക്ക് ബ്രിട്ടീഷുകാർ പ്രദാനം ചെയ്തു. അതേസമയം, സയണിസ്റ്റുകളുടെ കുടിയേറ്റ വ്യാപനത്തിനു നേരെ കണ്ണടച്ച ബ്രിട്ടീഷുകാർ ഫലസ്തീനികളുടെ സംഘാടനത്തെയും പ്രസ്ഥാനങ്ങളെയും നിഷ്ഠൂരമായി അടിച്ചമർത്തി. ഇത് പിന്നീട്, ബ്രിട്ടീഷ് മാൻഡേറ്റിന്റെ അവസാനത്തോടെ നൂറുകണക്കിന് വരുന്ന ഫലസ്തീൻ ഗ്രാമങ്ങളെയും പട്ടണങ്ങളെയും കൂട്ടത്തോടെ തകർക്കാനും അധിനിവേശം നടത്താനും സയണിസ്റ്റുകൾക്ക് സഹായകരമായി വർത്തിച്ചു.

ഇവയെല്ലാമാണ് ഫലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്ത്, ഫലസ്തീൻ സമൂഹങ്ങളെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കി ഇസ്രായേൽ എന്ന ഭീകരരാഷ്ട്രത്തിന്റെ സ്ഥാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവങ്ങളും. ( തുടരും )

Related Articles