Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍ യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍

സുഡാനിലെ ആഭ്യന്തരയുദ്ധം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍, രാജ്യത്തിന്റെ ഭൂരിഭാഗവും തകര്‍ന്ന നിലയിലാണ്, മരണസംഖ്യ ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഹെമിതി എന്നറിയപ്പെടുന്ന ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോയുടെ നേതൃത്വത്തിലുള്ള അര്‍ദ്ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍.എസ്.എഫും) ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ നേതൃത്വത്തിലുള്ള സുഡാനീസ് സായുധ സേനയും (എസ്.എ.എഫ്) തമ്മിലുള്ള യുദ്ധം 2023 ഏപ്രില്‍ 15 നാണ് ആരംഭിച്ചത്.

സംഘര്‍ഷത്തിന്റെ ഓരോ കഥകള്‍ക്കും ചിത്രങ്ങള്‍ക്കും പിന്നില്‍ സ്ഥിതിവിവരക്കണക്കുകള്‍ വളരെ കഠിനമാണ്.

യുണൈറ്റഡ് നേഷന്‍സ് ഉദ്ധരിച്ച സായുധ സംഘട്ടന ഡാറ്റ അനുസരിച്ച്, ഒരു വര്‍ഷത്തിനിടെ യുദ്ധത്തില്‍ 15,550-ലധികം ‘മരണങ്ങള്‍’ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത് യഥാര്‍ത്ഥ മരണസംഖ്യയേക്കാള്‍ വളരെ കുറവായാണ് കണക്കാക്കപ്പെടുന്നത്. അക്രമങ്ങളില്‍ ഭൂരിഭാഗവും തലസ്ഥാനമായ ഖാര്‍ത്തൂമിലാണ്. സുഡാനിലെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ സാധാരണക്കാരെ വലിയ രീതിയില്‍ ബാധിച്ചത് ദാര്‍ഫറിന് നേരെ നടന്ന ആക്രമണമാണ്. റിപ്പോര്‍ട്ട് ചെയ്ത സിവിലിയന്‍ മരണങ്ങളില്‍ 32 ശതമാനവും നേരത്ത തന്നെ അസ്വസ്ഥമായ പടിഞ്ഞാറന്‍ മേഖലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പടിഞ്ഞാറന്‍ ദാര്‍ഫറിന്റെ തലസ്ഥാനമായ എല്‍-ജെനീനയില്‍ മാത്രം 10,000 മുതല്‍ 15,000 വരെ ആളുകള്‍ കൊല്ലപ്പെട്ടതായി യു.എന്‍ പറഞ്ഞു. കറുത്ത വര്‍ഗ്ഗക്കാരായ ആഫ്രിക്കന്‍ മസാലിത്ത് സമൂഹത്തിലെ അംഗങ്ങളെ ലക്ഷ്യമിട്ട് ജൂണ്‍, നവംബര്‍ മാസങ്ങളില്‍, RSF-ഉം സഖ്യകക്ഷിയായ അറബ് മിലിഷ്യകളും കൂട്ടക്കൊലകളെക്കുറിച്ചും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, നോര്‍വീജിയന്‍ അഭയാര്‍ത്ഥി കൗണ്‍സിലിന്റെ കണക്കനുസരിച്ച്, യുദ്ധം 10.7 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സിറിയന്‍ യുദ്ധത്തിന് ശേഷം ഈ നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ മാറ്റിപ്പാര്‍പ്പിക്കലാണിത്. ഇവരില്‍ 1.7 ദശലക്ഷവും ചാഡ്, ഈജിപ്ത് തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്കാണ് കുടിയേറിയത്. ഈ സംഘര്‍ഷം 25 ദശലക്ഷം സുഡാനികളെ പട്ടിണിയിലേക്കും പോഷകാഹാരക്കുറവിലേക്കും നയിച്ചു. രാജ്യത്തുടനീളം പട്ടിണി മൂലം നിരവധി കുട്ടികളാണ് മരിച്ചുവീഴുന്നത്.

കുട്ടികളെ ബാധിക്കുന്ന ‘ദുരന്തം’

ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഏജന്‍സിയായ യൂണിസെഫ്, സുഡാനിലെ ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള നിരവധി സ്ഥിതിവിവരക്കണക്കുകള്‍ പുറത്തിറക്കി, പ്രത്യേകിച്ചും യുദ്ധം കുട്ടികളില്‍ യുദ്ധം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച്. 8.9 ദശലക്ഷം കുട്ടികള്‍ നിലവില്‍ കടുത്ത ഭക്ഷ്യ പ്രതിസന്ധി നേരിടുന്നുണ്ടെന്നും 4.9 ദശലക്ഷം പേര്‍ ഇപ്പോള്‍ ഭക്ഷ്യ അടിയന്തരാവസ്ഥയില്‍ എത്തിയിട്ടുണ്ടെന്നും യൂണിസെഫ് പറഞ്ഞു. അഞ്ച് വയസ്സിന് താഴെയുള്ള നാല് ദശലക്ഷത്തില്‍ താഴെ കുട്ടികള്‍ ഈ വര്‍ഷം പോഷകാഹാരക്കുറവ് നേരിടുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഏകദേശം 730,000 കുട്ടികള്‍ ജീവന് തന്നെ ഭീഷണിയായ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുമെന്നും പ്രതീക്ഷിക്കുന്നു. മാത്രവുമല്ല, വിദ്യാര്‍ത്ഥി പ്രായത്തിലുള്‌ല രാജ്യത്തെ 19 ദശലക്ഷം കുട്ടികളില്‍ 90 ശതമാനത്തിലധികം പേര്‍ക്ക് ഔപചാരിക വിദ്യാഭ്യാസത്തിന് രാജ്യത്ത് സൗകര്യമില്ല. ‘ഈ ക്രൂരമായ യുദ്ധവും ക്ഷാമവും കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുന്നതിനുള്ള അപകടകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു,” യുണിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടെഡ് ചൈബാന്‍ കഴിഞ്ഞ തിങ്കളാഴ്ച പറഞ്ഞു.

‘ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളില്‍ പകുതിയോളം പേരും എത്തിച്ചേരാന്‍ പ്രയാസമുള്ള ഉള്‍പ്രദേശങ്ങളിലാണ്, അവിടെ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. ഇത് അവരുടെ അവസ്ഥകള്‍ കൂടുതല്‍ മോശമാക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള 3.5 ദശലക്ഷം കുട്ടികള്‍ താമസിക്കുന്ന സുഡാനിലെ ഏറ്റവും ദുര്‍ബലമായ 93 സ്ഥലങ്ങളില്‍ ഭക്ഷ്യക്ഷാമം തടയാന്‍ അടുത്ത ആറ് മാസത്തേക്ക് 240 മില്യണ്‍ ഡോളര്‍ അടിയന്തരമായി ആവശ്യപ്പെടുന്നതായും യുണിസെഫ് പറഞ്ഞു.

നോര്‍ത്ത് ദാര്‍ഫറിലെ സംസാം ഡിസ്പ്ലേസ്മെന്റ് ക്യാമ്പില്‍ മാത്രം ഓരോ രണ്ട് മണിക്കൂറിലും ഒരു കുട്ടിയെങ്കിലും മരിക്കുന്നതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (എംഎസ്എഫ്) എന്ന സംഘടന പറഞ്ഞു. ‘അടുത്ത ഏതാനും ആഴ്ചകള്‍ക്കോ, മാസങ്ങള്‍ക്കോ ഉള്ളില്‍ 222,000 കുട്ടികള്‍ പട്ടിണി മൂലം മരിക്കാം’ എന്നും ‘ഈ വര്‍ഷം ആകെ 700,000ത്തിലധികം കുട്ടികള്‍’ ഇങ്ങനെ മരണപ്പെടാം എന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കി.

സുഡാനിലേക്കുള്ള സഹായത്തിന്റെ ഒഴുക്ക്

സുഡാനില്‍ സഹായ വിതരയണത്തിന് 2.7 ബില്യണ്‍ ഡോളര്‍ ആവശ്യമാണെന്നും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്ന അയല്‍ രാജ്യങ്ങളിലേക്കുളശ സഹായ വിതരണത്തിന് 1.4 ബില്യണ്‍ ഡോളര്‍ ആവശ്യമാണെന്നും ഐക്യരാഷ്ട്ര സഭ പറഞ്ഞു. പാരീസില്‍ നടക്കുന്ന സഹായ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങള്‍ ‘ഒരു ബില്യണ്‍ യൂറോ’ വാഗ്ദാനം ചെയ്യുമെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.യൂറോപ്യന്‍ യൂണിയന്‍ 350 മില്യണ്‍ യൂറോയും ഫ്രാന്‍സ് 110 മില്യണ്‍ യൂറോയും അമേരിക്ക 147 മില്യണ്‍ ഡോളറും ഇതിനായി നിക്ഷേപിക്കും. ജര്‍മ്മനി 244 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തിട്ടുണ്ട്.

സുഡാന്‍ വിഷയത്തിലുള്ള അന്താരാഷ്ട്ര പ്രതികരണത്തെ ‘ദയനീയം’ എന്നാണ് യു.എസ് പ്രത്യേക ദൂതന്‍ ടോം പെരിയേല്ലോ കഴിഞ്ഞയാഴ്ച പറഞ്ഞത്. ‘ ആകെ സഹായം ആവശ്യമായ തുകയുടെ അഞ്ച് ശതമാനം മാത്രമാണ് ഞങ്ങള്‍ക്ക് ഇതുവരെ ലഭിച്ചത്’ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ‘അതിഭീകരമായ ഭക്ഷ്യക്ഷാമ ദുരന്തം ഒഴിവാക്കാന്‍ നമുക്ക് ഒരുമിച്ച് നിന്നാല്‍ നേരിടാന്‍ കഴിയും, എന്നാല്‍ നമ്മള്‍ ഇപ്പോള്‍ തന്നെ ഒരുമിച്ച് സജീവമായാല്‍ മാത്രം,” ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് പറഞ്ഞു.

 

 

അവലംബം: മിഡിലീസ്റ്റ് ഐ
വിവ: സഹീര്‍ അഹ്‌മദ്

 

Related Articles