Current Date

Search
Close this search box.
Search
Close this search box.

ഹമാസിന്റെ ആക്രമണം മിഡിൽ ഈസ്റ്റിനെ മാറ്റിമറിക്കുമ്പോൾ

ഒക്‌ടോബർ 7 ന് ഫലസ്തീൻ സായുധ പ്രതിരോധ ഗ്രൂപ്പായ ഹമാസ് ഇസ്രായേലിനെ അമ്പരപ്പിച്ച് നടത്തിയ ആക്രമണം ഇസ്രായേലി സൈനിക സംവിധാനത്തിന് വരുത്തിയ പോറലുകളും പരിക്കും ചില്ലറയല്ല. ഏകദേശം 1,400 ഇസ്രായേലികളാണ് അന്ന് മരണപ്പെട്ടത്.

​ഗസ്സക്കെതിരെ മറ്റൊരു തീവ്ര പ്രതികാരത്തിനും സമ്പൂർണ്ണ ഉപരോധം ഏർപ്പെടുത്തിയും സിവിലിയൻ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നിരന്തരം ബോംബെറിഞ്ഞും അതിക്രൂരമായ നടപടികളിലൂടെയാണ് ഇസ്രായേൽ ഇതിനോട് പ്രതികരിച്ചത്. രണ്ടായിരത്തിലധികം കുട്ടികൾ ഉൾപ്പെടെ 6,500-ലധികം ഫലസ്തീനികൾ ഇതിനകം കൊല്ലപ്പെട്ടുവെന്നത് കണക്ക് മാത്രമാണ്.

ഹമാസ് ആക്രമണം ഫലസ്തീൻ-ഇസ്രായേൽ സംഘർഷം എന്നതിനപ്പുറം, മിഡിൽ ഈസ്റ്റിന്റെ ​ഗതിവി​ഗതികളെ തന്നെ മാറ്റിമറിച്ചിരിക്കുന്നു. ഇത് മേഖലയിലെ യുഎസ് തന്ത്രത്തിനേറ്റ കടുത്ത തിരിച്ചടികൂടിയായി പരിണമിച്ചിരിക്കയാണിപ്പോൾ. ഇത് അറബ് ഭരണകൂടങ്ങളെയും ഇറാനെയും വിഷമകരമായ ഒരവസ്ഥയിലാക്കിയതോടെ, മേഖലയിൽ ചൈനയുടെയും റഷ്യയുടെയും ശക്തമായ ഇടപെടലിനുള്ള വാതിലും തുറന്നു കിട്ടിയിരിക്കുന്നു.

അട്ടിമറിയുന്ന യുഎസ് തന്ത്രം
കഴിഞ്ഞ മൂന്ന് വർഷമായി, ചൈനയെ ഒതുക്കുന്നതിന്റെ ഭാ​ഗമായി മിഡിൽ ഈസ്റ്റിന് പകരം ഏഷ്യയിലെ പങ്കാളിത്ത വർധനവിലാണ് ബൈഡൻ ഭരണകൂടത്തിന്റെ കാര്യമായ ശ്രദ്ധയുണ്ടായിരുന്നത്.

സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കിയും ഇറാനുമായുള്ള ബന്ധം കൂടുതൽ വഷളാക്കിയും മേഖലയിലെ പിരിമുറുക്കം “തണുപ്പിക്കാൻ” സാധിക്കുമെന്നായിരുന്നു അമേരിക്ക പ്രതീക്ഷിച്ചത്. ഇന്ത്യയെയും മിഡിൽ ഈസ്റ്റിനെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഒരു സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിലൂടെ ഈ മേഖലയിലെ ചൈനീസ് സ്വാധീനത്തെ വെല്ലുവിളിക്കാനും ഇന്ത്യയുടെ ശക്തി വർദ്ധിപ്പിക്കാനും സാധിക്കുമെന്ന വലിയ കണക്ക്കൂട്ടലുകൾക്കാണ് പിഴവ് സംഭവിച്ച് കൊണ്ടിരിക്കുന്നത്.

നിർദിഷ്ട പദ്ധതിക്ക് രണ്ട് ഭാഗങ്ങളാണുള്ളത്: ഇന്ത്യയെ അറബ് ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴിയാണ് ഒന്ന്. ജോർദാൻ ഇസ്രായേൽ വഴി ഗൾഫ് രാജ്യങ്ങളെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴി മറ്റൊന്നും. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനോടുള്ള അമേരിക്കയുടെ പ്രതികാര പ്രതികരണം ഇങ്ങനെയാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

ഹമാസിന്റെ ആക്രമണം ഈ പദ്ധതികൾക്ക് പെട്ടെന്നുള്ള വിരാമമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിലെ സാധാരണവൽക്കരണം എന്ന പ്രക്രിയയെ ഏറെ ഫലപ്രദമായി മരവിപ്പിച്ചു എന്നതാണ് ഒന്നാമത്തെ കാര്യം. പ്രാദേശിക സുരക്ഷാ ക്രമീകരണത്തിന്റെ കാര്യത്തിൽ ഇത്തരം ഇടനാഴികൾ ഉണ്ടക്കുന്ന പൊല്ലാപ്പുകളും ചില്ലറയാവില്ലല്ലോ.

രണ്ടാമതായി, ഐ എസ് ഐ എസിനെതിരായ യുദ്ധത്തിന് ശേഷം ഏറ്റവും വലിയ സൈനിക സന്നാഹത്തിന് ഉത്തരവിട്ടുകൊണ്ട് മേഖലയിലെ സൈനിക സാന്നിധ്യം കുറയ്‌ക്കുക എന്ന നയം മാറ്റാൻ ഹമാസിന്റെ ആക്രമണങ്ങൾ യുഎസിനെ പ്രേരിപ്പിച്ചിരിക്കയാണിപ്പോൾ. പെന്റഗൺ ഒരു വിമാനവാഹിനിക്കപ്പൽ കിഴക്കൻ മെഡിറ്ററേനിയനിൽ വിന്യസിച്ചു കഴിഞ്ഞു. മറ്റൊന്ന് ഗൾഫിലേക്ക് അയച്ചിരിക്കുന്നു. ആക്രമണ ശേഷിയുള്ള 100-ലധികം വിമാനങ്ങളും ടോമാഹോക്ക് മിസൈലുകൾ ഘടിപ്പിച്ച ക്രൂയിസറുകളും ഡിസ്ട്രോയറുകളും അന്തർവാഹിനികളും അമേരിക്ക നൽകുന്ന വമ്പൻ സഹായങ്ങളാണ്. ഇസ്രായേലിനെതിരെ ഒരു മൂന്നാം കക്ഷി മറ്റൊരു മുന്നണി തുറക്കുന്നത് തടയാനാണ് ഈ കോപ്പുകളെല്ലാം എന്നാണ് വാഷിംഗ്ടൺ പറയുന്ന ന്യായം.

മൂന്നാമതായി, ഇറാനുമായുള്ള സംഘർഷം കുറയ്ക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളും അവസാനിച്ചിരിക്കയാണ്. ഒരു മാസം മുമ്പ്, ഇരു രാജ്യങ്ങളും തടവുകാരെ കൈമാറുന്നതിനും മരവിപ്പിച്ച ആറ് ബില്യൺ ഡോളറിന്റെ ഇറാനിയൻ സ്വത്തുക്കൾ വിട്ട്കൊടുക്കുന്നതിനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. സിറിയയിലെയും ഇറാഖിലെയും യുഎസ് സൈന്യത്തിനെതിരെ കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടുന്നതിൽ നിന്ന് ഇറാനെ തടയാൻ ഈ കരാർ സഹായിക്കുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്.

എന്നാൽ, കഴിഞ്ഞ ആഴ്ചയിലെ സംഭവവികാസങ്ങൾ തെളിയിക്കുന്നത് ഇത്തരം ക്രമീകരണങ്ങളൊന്നും വിജയിച്ചിട്ടില്ല എന്ന് തന്നെയാണ്. സിറിയയിലെയും ഇറാഖിലെയും ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും നിരവധി യുഎസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന വാർത്തകളും നാം വായിക്കുകയുണ്ടായി. വടക്കൻ ചെങ്കടലിലെ യുഎസ് സേന യെമനിൽ ഹൂതികൾ വിക്ഷേപിച്ച ഡ്രോണുകളും മിസൈലുകളും തടഞ്ഞതായും യുഎസ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ട്.

അറബ്, ഇറാനിയൻ മത്സരം
ഹമാസിന്റെ ആക്രമണവും ​ഗസ്സക്കെതിരായ ഇസ്രായേൽ യുദ്ധവും അറബ് സർക്കാരുകളെ വല്ലാതെ വിഷമത്തിലാക്കിയിട്ടുണ്ട്. ഒരു വശത്ത്, ഹമാസിനെ അപലപിക്കാൻ അമേരിക്ക അതിന്റെ അറബ് സഖ്യകക്ഷികളിൽ സമ്മർദ്ദം ചെലുത്തുന്നു, അവരിൽ പലരും ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കിയവരാണന്നും അറിയണം. യു എ ഇയും ബഹ്‌റൈനും മാത്രമാണ് അത്തരമൊരു പ്രസ്താവന ഇതിനകം പുറപ്പെടുവിച്ചത്.

മറുവശത്ത്, ഫലസ്തീൻ പൗരന്മാരെ ഇസ്രായേൽ വിവേചനരഹിതമായി കൊലപ്പെടുത്തുന്നത് അറബ് രാജ്യങ്ങളിലെ പൊതുജനങ്ങളിൽ വലിയ രോഷമുണ്ടാക്കുകയും ഫലസ്തീനികളോട് ഐക്യദാർഢ്യപ്പെടാൻ സർക്കാരുകൾക്ക് മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു വരുന്നതും വലിയ മാറ്റം തന്നെയാണ്. പൊതുജനാഭിപ്രായത്തിന്റെ ഭാരം അറബ് നേതാക്കളെ അമേരിക്കയുടെ ആഗ്രഹത്തിന് വിരുദ്ധമായി നീങ്ങാൻ പ്രേരിപ്പിക്കുന്നതിന്റെ സൂചനകൾ ഇതിനകം തന്നെ പ്രകടമായിതുടങ്ങിയിട്ടുമുണ്ട്.

ഒക്ടോബർ 17-ന് അൽ-അഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ നടന്ന കൂട്ടക്കൊലയെ യുഎഇ, ബഹ്‌റൈൻ എന്നിവയുൾപ്പെടെയുള്ള അറബ് രാജ്യങ്ങൽ നിശിതമായാണ് അപലപിച്ചത്. ഒക്‌ടോബർ 21-ന് കെയ്‌റോ സമാധാന ഉച്ചകോടിയിൽ, 1994-ൽ ഇസ്രായേലുമായി സമാധാന ഉടമ്പടി ഒപ്പുവെച്ച ജോർദാനിലെ അബ്ദുല്ല രാജാവ് രണ്ടാമൻ, ഇസ്രായേൽ നയങ്ങളെ അപലപിച്ചുകൊണ്ട് ഏറ്റവും ശക്തമായ പ്രസംഗമാണ് നടത്തിയത്.

​ഗസ്സയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ഒക്‌ടോബർ 24-ന് നടന്ന യുഎൻ സെക്യൂരിറ്റി കൗൺസിൽ യോ​ഗത്തിൽ ഈജിപ്ത്, ജോർദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ – എല്ലാവരും അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളാണ് – ഇസ്രായേലിനെ ശക്തമായി അപലപിക്കുകയും ഉടൻ വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും വേണമെന്ന് ആവശ്യപ്പട്ടതും നാം കണ്ടു. മാത്രവുമല്ല, ഒരു ദിവസത്തിനുശേഷം, യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടാത്ത യുഎസ് പ്രമേയം വീറ്റോ ചെയ്യുന്നതിനായി യു‌എഇ ചൈനയെയും റഷ്യയെയും മുന്നിൽ നിർത്തി എന്നതും ശ്രദ്ധേയമത്രെ.

തൽക്കാലം, അമേരിക്കൻ അനുകൂല അറബ് സർക്കാരുകൾ ജനരോഷം ശമിപ്പിക്കാൻ ശക്തമായ വാക്ചാതുര്യം അവലംബിക്കുന്നു എന്നാണങ്കിൽ, ഇസ്രായേൽ ​ഗസ്സക്കെതിരായ മാരക ആക്രമണം തുടരുകയുമാണെങ്കിൽ, വാക്കുകൾ മതിയാകില്ല – ഇസ്രായേലുമായുള്ള തുടർ ബന്ധങ്ങളിലും അവർ നടപടിയെടുക്കേണ്ടിവരും എന്നതാണ് വസ്തുത. ഇത് അമേരിക്കയെ രോഷാകുലരാക്കുമെന്നതിലും സംശയമില്ല.

ഫലസ്തീനികളെ സംരക്ഷിക്കാൻ അറബ് നേതാക്കൾ നടപടിയെടുക്കാത്തത് പ്രാദേശിക അസ്ഥിരതയുടെ പുതിയ വഴികളിലേക്ക് നയിച്ചേക്കാം. പരാജയപ്പെട്ട സാമ്പത്തിക നയങ്ങളാൽ അറബ് പൊതുജനങ്ങൾ ഇപ്പോൾതന്നെ രോഷാകുലരാണ്. ഫലസ്തീനികളുടെ വിവേചനരഹിതമായ കൂട്ടക്കൊല കൂടുതൽ പ്രകോപിപ്പിക്കും. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾക്കുള്ള യുഎസ് പിന്തുണ ഒരിക്കൽ കൂടി അറബ് ഭരണകൂടങ്ങളുടെ പിന്തുണയ്ക്ക് ഊഷ്മളത കുറക്കുമെന്നുറപ്പാണ്.

വ്യത്യസ്ത കാരണങ്ങളാൽ ഇറാനും പ്രയാസകരമായ അവസ്ഥയിലാണുള്ളത്. ഒക്‌ടോബർ 7-ലെ ഹമാസിന്റെ ആക്രമണത്തെ ഇറാൻ നേതൃത്വം പ്രശംസിച്ചെങ്കിലും അതിനപ്പുറത്തേക്ക് അവരും കടന്നിട്ടില്ല.

ഇസ്രായേലുമായോ സഖ്യകക്ഷിയായ അമേരിക്കയുമായോ നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാൻ ടെഹ്‌റാൻ ശ്രദ്ധാപൂർവ്വം ശ്രമിക്കുന്നുണ്ട്. അതേസമയം ഹമാസിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഗസ്സക്കെതിരായ തങ്ങളുടെ യുദ്ധത്തിന്റെ ലക്ഷ്യമായി ഇസ്രായേൽ പ്രഖ്യാപിച്ചിരിക്കുന്നത് ഫലസ്തീനിയൻ റെസിസ്റ്റൻസ് ഗ്രൂപ്പിനെ എന്നന്നേക്കുമായി നശിപ്പിച്ച് ഇല്ലാതാക്കുക എന്നതാണ്. ഇതിനർത്ഥം മേഖലയിൽ ഒരു പ്രധാന സഖ്യകക്ഷിയെ ടെഹ്‌റാന് നഷ്ടമാകുമെന്നാണല്ലോ.

അങ്ങനെ, നിഷ്ക്രിയമായി നിൽക്കാനും ഹമാസിനെ ഇസ്രായേൽ ദുർബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് കാണാനും ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ളയെ രം​ഗത്തിറിക്കി വടക്ക് ഇസ്രായേലിന്മേൽ സമ്മർദ്ദം ചെലുത്താനുമെല്ലാമുള്ള ഏറെ പ്രയാസകരമായ ഒരു തിരഞ്ഞെടുപ്പിനെയാണ് തെഹ്റാൻ അഭിമുഖീകരിക്കുന്നത്.

ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇസ്രായേലും അമേരിക്കയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസിന്റെ പൂർണ പിന്തുണ ലഭിച്ചതിനാൽ, ലെബനീസ് ഗ്രൂപ്പിനെ ആക്രമിക്കാൻ ഇസ്രായേൽ ഈ അവസരം ഉപയോഗിച്ചേക്കാമെന്നും കരുതാം. ഇത് തീർച്ചയായും ലെബനാനെ അസ്ഥിരപ്പെടുത്തും. അതാവട്ടെ ഇറാന്റെ താൽപ്പര്യത്തിന് നിരക്കാത്തതുമാണ്.

റഷ്യൻ, ചൈനീസ് കണക്ക്കൂട്ടലുകൾ
മിഡിൽ ഈസ്റ്റിലെ മറ്റൊരു സംഘട്ടനത്തിൽ അമേരിക്കയുടെ പങ്കാളിത്തവും അറബ് രാജ്യങ്ങളുമായുള്ള സഖ്യം ദുർബലമാകുന്നതും മോസ്കോയ്ക്കും ബീജിംഗിനും സ്വാഗതാർഹമായ സംഭവം തന്നെയാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മിഡിൽ ഈസ്റ്റിലെ വാഷിംഗ്ടണിന്റെ രക്തരൂക്ഷിതമായ ഇടപെടലുകളിൽ നിന്ന് ഇരു രാജ്യങ്ങളും വലിയ അളവിൽ പ്രയോജനം നേടുകയും ചെയ്തിട്ടുണ്ട്. യുഎസ് നേതൃത്വത്തിലുള്ള “ഭീകരതയ്‌ക്കെതിരായ യുദ്ധം” ഈ മേഖലയിൽ അമേരിക്കക്ക് വരുത്തിവച്ച ചീത്തപ്പേര് ചില്ലറയല്ല. അതാവട്ടെ മുസ്ലിം രാജ്യങ്ങൾക്കിടയിൽ റഷ്യയെയും ചൈനയെയും കുറിച്ചുള്ള നല്ല ധാരണകളും ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രണ്ട് വൻ ശക്തികൾക്ക് അവരുടെ അയൽപക്കങ്ങളിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള ഇടമാണ് ഇതിലൂടെ തരപ്പെട്ട് കിട്ടിയത്.

ഇവിടന്നിങ്ങോട്ടാണ് റഷ്യയും ചൈനയും അമേരിക്കയുടെ സമ്മർദ്ദം അനുഭവിക്കാൻ തുടങ്ങിയത്. ഇന്ത്യയെയും മിഡിൽ ഈസ്റ്റിനെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി ഒരുക്കാനും നാറ്റോ സഖ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമെല്ലാം അമേരിക്കയെ പ്രേരിപ്പിച്ചത് അങ്ങനെയാണ്. അതിലാണിപ്പോൾ ഇടങ്കോൽ വീണിരിക്കുന്നത്.

മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക സന്നാഹം, ഇസ്രായേൽ സൈന്യത്തിന് കൂടുതൽ സഹായം, ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച യുഎസ് നയതന്ത്രം എന്നിവയെല്ലാം അർത്ഥമാക്കുന്നത് യുക്രെയിനിലെ യുദ്ധശ്രമങ്ങളെ സഹായിക്കാനും ഏഷ്യയിലെ സഖ്യകക്ഷികളെ പിന്തുണയ്ക്കാനും കുറച്ച് സൈനിക, സാമ്പത്തിക, നയതന്ത്ര വിഭവങ്ങൾ അമേരിക്ക ഒരുക്കുന്നുവെന്നാണ്. ഇതാവട്ടെ ചൈനീസ് സമ്മർദങ്ങളെ ചെറുക്കാനാണ് താനും.

​ഗസ്സയിലെ ഫലസ്തീൻ സിവിലിയൻമാരെ ഇസ്രായേൽ കൂട്ടക്കൊല ചെയ്യുന്നതിനുള്ള നിരുപാധികമായ അമേരിക്കൻ പിന്തുണ ഇസ്ലാമിക ലോകത്ത് അമേരിക്കയുടെ സ്ഥാനം കൂടുതൽ ദുർബലപ്പെടുത്തുകയും റഷ്യയെയും ചൈനയെയും അവരുമായി കൂടുതൽ അടുപ്പിക്കുകയുമാണ് ചെയ്യുക. ​ഗസ്സക്കെതിരായ യുദ്ധത്തിൽ ഉടനടി വെടിനിർത്തലിന് റഷ്യയും ചൈനയും ആഹ്വാനം ചെയ്തതും ശ്രദ്ധേയമാണ്. “വിനാശകരമായ” സംഘർഷത്തിന് അമേരിക്കയെ അവർ കുറ്റപ്പെടുത്തുകയും ചെയ്തു. അമേരിക്ക സ്വന്തം കാലിലേക്കാണ് വെടിയുതിർക്കുന്നതെന്ന് എങ്ങിനെ കുറ്റപ്പെടുത്താതിരിക്കും. കാരണം, മിഡിൽ ഈസ്റ്റിൽ ചൈനയെയും റഷ്യയെയും ഉൾക്കൊള്ളുന്നതിനുപകരം, അമേരിക്ക അവരുടെ താൽപര്യങ്ങൾ ശക്തിപ്പെടുത്താനായി രൂപപ്പെടുത്തിയ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉൾപ്പെടെയുള്ള സ്വന്തം പദ്ധതികളെ പരാജയപ്പെടുത്താനും മാത്രമല്ലേ ഇതെല്ലാം സഹായിക്കുകയുലള്ളൂ.

ഇസ്രയേലിനെതിരായ ഹമാസിന്റെ ഒക്ടോബർ 7 ആക്രമണം മിഡിൽ ഈസ്റ്റിൽ ഉരുത്തിരിയുന്ന പൊളിച്ചെഴുത്തുകൾ ചെറുതാവില്ലന്ന് സാരം. ഈ മാറ്റങ്ങളുടെ വ്യാപ്തി നിർണ്ണയിക്കുന്നത് ഇസ്രായേലിനെ നിയന്ത്രിക്കാനുള്ള അമേരിക്കയുടെ കഴിവും സന്നദ്ധതയും അനുസരിച്ചായിരിക്കും എന്ന് മാത്രം. ​ഗസ്സക്കെതിരായ യുദ്ധം അവസാനിപ്പിക്കാനും ഉപരോധം പിൻവലിക്കാനും ഫലസ്തീനുമായി ചർച്ചകൾ ആരംഭിക്കാനും ഇസ്രായേൽ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുന്നില്ലെങ്കിൽ, പ്രദേശം മുഴുവൻ കത്തിയമരുകതന്നെ ചെയ്യും.

ലെബനൻ, സിറിയ, യെമൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് സംഘർഷം പടരുകയും, അത് അറബ് ലോകത്തെ മറ്റ് ഭാഗങ്ങളിൽ വലിയ പ്രക്ഷോഭത്തിന് കാരണമാവുകയും ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാവതല്ല. ഇത് അമേരിക്കയുടെ പ്രാദേശിക സഖ്യങ്ങളെ വളരെ ദോഷകരമായി ബാധിക്കും. മാത്രവുമല്ല, ഈ മേഖലയിൽ റഷ്യയുടെയും ചൈനയുടെയും ആഴത്തിലുള്ള ഇടപെടലിനുള്ള വാതിലുകൾ അതുവഴി തുറന്നിടുകയും ചെയ്യും.

വിവ. അബൂ ഫിദ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles