Current Date

Search
Close this search box.
Search
Close this search box.

വായിച്ചു വാനോളം ഉയരുക

ദൈവനാമത്തില്‍ വായിച്ചു വാനോളമുയരാന്‍ ആഹ്വാനം ചെയ്തുകൊണ്ട് അവതീര്‍ണമായ വേദഗ്രന്ഥത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാണല്ലോ നാം. വിശുദ്ധ ഖുര്‍ആന്റെ ഈ ആഹ്വാനം അതിന്റെ പ്രഥമ അഭിസംബോധിതര്‍ പൂര്‍ണാര്‍ഥത്തില്‍ നെഞ്ചേറ്റിയപ്പോഴാണ് ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ചിരുന്ന സമൂഹം രാഷ്ട്രങ്ങളുടെ കടിഞ്ഞാണ്‍ പിടിക്കുന്നവരായി ചരിത്രത്തില്‍ എഴുന്നേറ്റു നിന്നത്. യൂറോപ്പ് അജ്ഞതയുടെ കൂരിരുട്ടില്‍ കഴിയുമ്പോള്‍ വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും നാഗരികതയുടെയും കളിത്തൊട്ടിലായി പരിലസിക്കാന്‍ കൊര്‍ദോവക്കും ബാഗ്ദാദിനും സാധിച്ചത് ഡമസ്‌കസ്, കൊര്‍ദോവ, ബഗ്ദാദ്, ഗ്രാനഡ, ഇശ്ബീലിയ, ട്രിപ്പോളി, മദീന, ഖുദുസ് തുടങ്ങിയ ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ നിലനിന്നിരുന്ന ലോകോത്തര ലൈബ്രറികളിലൂടെയും വിജ്ഞാന കേന്ദ്രങ്ങളിലൂടെയുമായിരുന്നു. സേച്ഛാധിപതികളായ ഭരണകൂടങ്ങള്‍ പ്രസ്തുത രാഷ്ട്രങ്ങളില്‍ അധിനിവേശം നടത്തിയപ്പോള്‍ ആദ്യം ചെയ്തത് അവിടത്തെ ഗ്രന്ഥശാലകള്‍ ചുട്ടെരിക്കുകയാണ്. വിറകുവെട്ടുകാരും വെള്ളംകോരികളുമായിരുന്ന ഒരു സമുദായം മെച്ചപ്പെട്ട സൗകര്യങ്ങളും ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നേടി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഭരണകൂടം നിയമത്തിന്റെ നൂലാമാലകള്‍ സൃഷ്ടിച്ച് എ.സി കോച്ചുകളില്‍ കല്‍ക്കരി പാടത്തേക്കും ബാലവേലക്കുമായി തിരിച്ചയച്ചത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

അറിവിന്‍രെ അക്ഷയഖനികള്‍ എത്തിപ്പിടിക്കാനുള്ള താക്കോലാണ് വായന. നമ്മുടെ ആയുസ്സിനോടൊപ്പം അനേകായിരം ആയുസ്സുകള്‍ ചേര്‍ത്തു വെക്കാന്‍ വായനയിലൂടെ കഴിയുന്നു എന്ന അബ്ബാസ് മഹ്മൂദ് അഖാദിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. എഴുത്തുകാര്‍, ചിന്തകന്‍മാര്‍, പണ്ഡിതന്‍മാര്‍, ശാസ്ത്രജ്ഞര്‍, തത്വചിന്തകര്‍ തുടങ്ങിയവര്‍ അവരുടെ ആയുസ്സിന്റെ സിംഹഭാഗം ഉപയോഗിച്ച് പഠനമനനങ്ങളിലൂടെ കണ്ടെത്തിയ കാര്യങ്ങളാണ് വായനയിലൂടെ നമുക്ക് സ്വാംശീകരിക്കാന്‍ കഴിയുന്നത്. അതിനാല്‍ തന്നെ ഒരു വായനക്കാരന്‍ സാധാരണക്കാരേക്കാള്‍ സഹസ്രാബ്ദങ്ങള്‍ ഈ ഭൂമുഖത്ത് ജീവിക്കുകയും ജീവിച്ചു എന്നതിന് തെളിവുകള്‍ അവശേഷിപ്പിക്കുകയും ചെയ്യുന്നു.

ശരീരത്തിന്റെ ശരിയായ വളര്‍ച്ചക്ക് പോഷകങ്ങളടങ്ങിയ ആഹാരം ആവശ്യമായതു പോലെ നമ്മുടെ ധിഷണക്കും വളരാനും വികസിക്കാനുമുള്ള വിഭവങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അത് വായനയിലൂടെയാണ് ലഭ്യമാകുന്നത്. അതിനാലാണ് ഫറോവമാര്‍ ചരിത്രത്തില്‍ തങ്ങളുടെ ആദ്യത്തെ ലൈബ്രറി സ്ഥാപിച്ചപ്പോള്‍ അതിന്റെ കവാടത്തില്‍ ‘ഇത് ആത്മാവിനുള്ള ആഹാരവും ധിഷണക്കുള്ള ഔഷധവുമാണ്’ എന്ന് കൊത്തിവെച്ചത്. വായനയിലൂടെ അസുഖം ഭേദമാക്കുന്ന ‘ബിബ്ലിയോ തെറാപ്പി’ എന്ന ചികിത്സാരീതി വരെ ആധുനിക ലോകത്ത് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്നു, മറ്റു മേഖലകളിലെ അപചയം പോലെ വായനാരംഗത്തും ചില അപചയങ്ങള്‍ ഉണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല ആധുനിക സാങ്കേതിക വിദ്യയുടെ വികാരം വായനയെ കൂടുതല്‍ സമ്പന്നമാക്കുകയാണ് ചെയ്തത്. എഡിറ്ററുടെ കത്രികയോ നിരസ്‌കരണമോ ഭയപ്പെടാതെ സ്വന്തം രചനകള്‍ പ്രകാശിപ്പിക്കാനുള്ള വേദികളാണ് ബ്ലോഗുകളും സോഷ്യല്‍ നെറ്റ്‌വര്‍കുകളും. അവ ഒരുക്കുന്ന ലോകത്ത് ഏത് വിജ്ഞാനവും ഒരു വിരല്‍ തുമ്പിലൂടെ പരതിയെടുക്കാന്‍ നമുക്ക് സാധിക്കുന്നു. മുന്‍കാലങ്ങളില്‍ ഒരു പുസ്തകം ലഭിക്കണമെങ്കില്‍ കാതങ്ങള്‍ സഞ്ചരിച്ച് ദിവസങ്ങള്‍ പരതികണ്ടെത്തണമെങ്കില്‍ ഇന്ന് നിമിഷ നേരം കൊണ്ട് ഏത് വിജ്ഞാനവും നമുക്ക് ആര്‍ജിക്കാന്‍ കഴിയും. സെലക്ടീവ് റീഡിങിനുള്ള അനന്തസാധ്യതകളാണ് ഇന്റര്‍നെറ്റ് നമുക്ക് മുമ്പില്‍ തുറന്നിടുന്നത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ കുത്തിയിരുന്ന് സമയം കൊല്ലുന്നു എന്നതാണ് പുതിയ തലമുറയെ കുറിച്ചുള്ള പ്രധാന ആക്ഷേപം. അതേസമയം ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കുളാണ് ഇന്ന് മിക്ക പോരാട്ടങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും വേഗത കൂട്ടുന്നതെന്ന് നമുക്ക് കാണാന്‍ കഴിയും. നല്ല വായനക്കാര്‍ക്ക് മാത്രമേ ഫേസ്ബുക്കിലും ബ്ലോഗിലുമെല്ലാം നല്ല സ്റ്റാറ്റസുകളും പ്രതികരണങ്ങളുമിട്ടി ശോഭിക്കാന്‍ കഴിയൂ എന്ന യാഥാര്‍ത്ഥ്യവും മിക്കവരും വിസ്മരിക്കുകയാണ് കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കുകയും നൂതനമായ സാങ്കേതിക വിദ്യകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുമാണ് നാം സന്നദ്ധരാകേണ്ടത്.

ഇന്റര്‍നെറ്റിലെ ഇസ്‌ലാമിക വായനയെ കൂടുതല്‍ വൈവിധ്യവും സമ്പന്നവുമാക്കുക എന്ന ലക്ഷ്യത്തോടെ മലയാളത്തില്‍ ആരംഭിച്ച സംരഭമാണ് ഇസ്‌ലാം ഓണ്‍ലൈവ്. ‘ജീവനുള്ള ഇസ്‌ലാമിനെ’ അതിന്റെ എല്ലാ വൈവിധ്യങ്ങളോടെയും അവതരിപ്പിക്കുന്ന ഈ സംരഭത്തിന് മലയാളത്തിലെ ഇ-വായനാ സമൂഹം വലിയ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. പരിമിതികളുണ്ടെങ്കിലും ദേശീയ അന്തര്‍ദേശീയ തലങ്ങളിലെ മുസ്‌ലിം സമൂഹങ്ങളുടെ സ്പന്ദനങ്ങള്‍ അറിയിക്കുന്നതോടൊപ്പം ഒരു മുസ്‌ലിന്റെ വ്യക്തി, കുടുംബ, സാമൂഹിക ജീവിതത്തില്‍ മാര്‍ഗദര്‍ശനമാകുന്ന ലേഖനങ്ങള്‍ക്കും ഈ സംരംഭം വലിയ അളവില്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇസ്‌ലാമിനെ അതിന്റെ തനിമയില്‍ അവതരിപ്പിക്കാനുള്ള ഒരു സംരംഭം എന്ന നിലയില്‍ നിങ്ങളുടെ പൂര്‍ണ പിന്തുണയും പ്രാര്‍ഥനയും ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. വായിച്ചു വാനോളം ഉയരാനുള്ള ഒരു നിമിത്തമാകട്ടെ ഈ വായാനാദിനം എന്ന് ആശംസിക്കുകയും ചെയ്യുന്നു.

Related Articles