Current Date

Search
Close this search box.
Search
Close this search box.

ലൗ ജിഹാദും ദീന്‍ വളര്‍ത്തലും

കേരളത്തിലും കര്‍ണാടകയിലും ലൗ ജിഹാദ് നടക്കുന്ന എന്ന പ്രചാരണങ്ങള്‍ 2009-ല്‍ വളരെയധികം ശക്തിയില്‍ തന്നെ ഉയര്‍ത്തപ്പെട്ട വിഷയമാണ്. പിന്നീട് പ്രസ്തുത റിപോര്‍ട്ടുകള്‍ മുത്തശ്ശി പത്രങ്ങളുടെ ഭാവനാ സൃഷ്ടിയാണെന്ന് ജനങ്ങള്‍ തിരിച്ചറിയുകയും ലൗ ജിഹാദ് നടക്കുന്നു എന്ന പ്രചരണത്തെ കോടതി പോലും അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തതോടെ വിഷയം കെട്ടടങ്ങുകയായിരുന്നു. എന്നാല്‍ ലോകസഭാ തെരെഞ്ഞെടുപ്പിന് ശേഷമുള്ള സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ വര്‍ഗീയ ശക്തികള്‍ പഴയ ആ ആയുധം ഒന്നു കൂടി പുറത്തെടുത്തിരിക്കുന്നു. തങ്ങളുടെ വാദത്തിന് പിന്‍ബലമേകുന്ന വ്യാജകണക്കുകളും കെട്ടുകഥകള്‍ക്കും യാതൊരു പഞ്ഞവും അവര്‍ക്കില്ല എന്നാണ് അവരിറക്കുന്ന ലഘുലേഖകകളും പോസ്റ്ററുകളും വ്യക്തമാക്കുന്നത്. തങ്ങള്‍ തന്നെ ‘സൃഷ്ടിച്ചെടുത്ത’ ലൗ ജിഹാദിനെ നേരിടാനുള്ള ‘ലൗ ത്രിശ്ശൂല്‍’ കാമ്പയിനും തുടങ്ങി കഴിഞ്ഞു. ഒരു സാങ്കല്‍പിക ശത്രുവിനെ സൃഷ്ടിച്ചെടുത്ത് തങ്ങള്‍ക്ക് പിന്നില്‍ ആളെക്കൂട്ടുക എന്ന തന്ത്രം തന്നെയാണ് ഇതിന് പിന്നില്‍.

പൊതുസമുഹത്തിന്റെ ഇസ്‌ലാമിനെ കുറിച്ച അജ്ഞത മുതലെടുത്താണ് ലൗ ജിഹാദ് പോലുള്ള പ്രചരണങ്ങള്‍ നടക്കുന്നത്. അവര്‍ മനസ്സിലാക്കിയിട്ടുള്ള ഇസ്‌ലാം അറബി പേരിലോ, വസ്ത്രധാരണ ശൈലിയിലോ അതല്ലെങ്കില്‍ പ്രകടമായ ഏതെങ്കിലും ചിഹ്നങ്ങളിലോ പരിമിതപ്പെട്ടു കിടക്കുന്നതാണ്. ഒരു മുസ്‌ലിമിനെ വിവാഹം ചെയ്ത് പേരും വസ്ത്രധാരണ രീതിയും മാറ്റുന്നതോടെ ഒരു മുസ്‌ലിമായി എണ്ണപ്പെടുന്നതും അതുകൊണ്ട് തന്നെ. പ്രലോഭനത്തിലൂടെയെ നിര്‍ബന്ധിച്ചോ ഒരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പറ്റുന്ന ഒന്നാണ് ഇസ്‌ലാമെന്ന് പലരും ധരിച്ചിരിക്കുന്നു. ‘ദീനില്‍ നിര്‍ബന്ധമില്ല’ എന്ന് പഠിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആനും അതിന്റെ വിശദീകരണമായ പ്രവാചകചര്യക്കും ഒട്ടും നിരക്കാത്ത സങ്കല്‍പമാണിത്. വിശ്വാസമെന്നത് ഒരാള്‍ മനസ്സിലാക്കി സ്വയം ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമുണ്ടാവുന്ന ഒന്നാണെന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ വിസ്മരിക്കപ്പെടുന്നത്.

മുസ്‌ലിം ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ഒരു പ്രൊജക്ടായിട്ടാണ് ലൗ ജിഹാദിനെ അതിന്റെ ഉപജ്ഞാതാക്കള്‍ പരിചയപ്പെടുത്തുന്നത്. അവര്‍ ആരോപിക്കുന്നത് പോലെ വഞ്ചനയിലൂടെ ഇസ്‌ലാമിലെത്തിക്കപ്പെട്ട പെണ്‍കുട്ടികളെ കൊണ്ട് എന്ത് ഉപകാരമാണ് മുസ്‌ലിം സമുദായത്തിനും ഇസ്‌ലാമിനുമുള്ളത്? സ്വയം തെരെഞ്ഞെടുക്കേണ്ട മതവിശ്വാസം അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ അവരെ കൊണ്ട് യാതൊരു ഉപകാരവുമുണ്ടാകില്ലെന്ന് മാത്രമല്ല ഒട്ടേറെ ദോഷങ്ങള്‍ ഉണ്ടാക്കാനും അത് കാരണമാകും. ഒരു മുസ്‌ലിം പുരുഷന്‍ വിവാഹം ചെയ്ത് തന്റെ ഭാര്യയാക്കി വെക്കുന്നതോടെ അതുവരെ വെച്ചു പുലര്‍ത്തിയിരുന്ന വിശ്വാസം കൈവെടിഞ്ഞ് ഇസ്‌ലാമിക വിശ്വാസം സ്വീകരിക്കുമെന്നത് മൂഢ സങ്കല്‍പം മാത്രമാണ്. അങ്ങനെ വൈവാഹിക ബന്ധത്തിലൂടെ ഒരാളുടെ വിശ്വാസം മാറ്റാന്‍ സാധ്യമായിരുന്നെങ്കില്‍ പ്രവാചകന്‍മാരായ നൂഹ് നബിക്കും ലൂത് നബിക്കും അത് സാധിക്കേണ്ടിയിരുന്നു. എന്നാല്‍ നിഷേധികളുടെ ഉദാരണമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവരുടെ ഭാര്യമാരെ പരിചയപ്പെടുത്തുന്നത്. അതേസമയം വിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് കൊടിയ ധിക്കാരിയും നിഷേധിയുമായിരുന്ന ഫിര്‍ഔന്റെ ഭാര്യയെയാണ്. ഇസ്‌ലാമിക വിശ്വാസമെന്നത് ഒരാള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന ഒന്നല്ല എന്നാണിതെല്ലാം വ്യക്തമാക്കുന്നത്. പൊതുസമൂഹം ഈ യാഥാര്‍ഥ്യം തിരിച്ചറിയുന്നതോടെ ലൗ ജിഹാദെന്ന ആയുധം എടുത്തു വെക്കാന്‍ അതിന്റെ ആളുകള്‍ നിര്‍ബന്ധിതരാവുമെന്നതില്‍ സംശയം വേണ്ട.

Related Articles