Current Date

Search
Close this search box.
Search
Close this search box.

മനുഷ്യരാണോ നാം?

കഴിഞ്ഞയാഴ്ച്ച നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ദൗമ കൂട്ടക്കൊല, യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടില്ലെന്ന ഒരു സിറിയന്‍ സര്‍ക്കാര്‍ വക്താവിന്റെ പ്രസ്താവന നിങ്ങളെ ഒരുവേള ചിന്തിപ്പിക്കും. സിറിയന്‍ സര്‍ക്കാറിന്റെ വ്യോമസേന ഒരു സിറിയന്‍ മാര്‍ക്കറ്റിന് നേര്‍ക്ക് നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ ഭീകരദൃശ്യങ്ങള്‍ക്കും തകര്‍ച്ചക്കും ഒരുപാടാളുകള്‍ സാക്ഷികളാണ്. പക്ഷെ ഈ സംഭവം പ്രസ്തുത സര്‍ക്കാര്‍ വക്താവിനെ സംബന്ധിച്ചിടത്തോളം- വിദേശകാര്യ മന്ത്രി – കേവലം ‘മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട വ്യാജവാര്‍ത്ത’ മാത്രമാണ്.

എന്നിരുന്നാലും, ‘ഭീകരവാദികള്‍’ സിവിലിയന്‍മാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു എന്ന് പറഞ്ഞതിന് ശേഷമാണ് മേല്‍സൂചിപ്പിച്ച പ്രസ്താവന അദ്ദേഹം നടത്തിയത്. അദ്ദേഹത്തിന്റെ പ്രസ്താവനയിലെ ഏത് ഭാഗമാണ് സത്യം? ‘ഭീകരവാദികള്‍’ സിവിലിയന്‍മാരെ മനുഷ്യകവചങ്ങളായി ഉപയോഗിച്ചത് കൊണ്ടാണോ അവര്‍ അവിടം ബോംബിട്ട് തകര്‍ത്തത്? അല്ലെങ്കില്‍ ഇതെല്ലാം മീഡിയ വ്യാജമായി കെട്ടിച്ചമച്ചതാണോ? എങ്കില്‍ ആര്, എന്തിന് വേണ്ടി ഇത് ചെയ്തു?

ദൗമയില്‍ കഴിഞ്ഞ ശനിയാഴ്ച്ച വ്യോമസേന വീണ്ടും ബോംബാക്രണം നടത്തുകയുണ്ടായി. ഒരുപാട് സിവിലിയന്‍മാര്‍ അന്നും കൊല്ലപ്പെട്ടു. ഇതിനെ കുറിച്ച് സിറിയന്‍ ഭരണകൂടത്തിലെ മന്ത്രിക്കും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. ഇതും മാധ്യമങ്ങളുടെ ഭാവനയില്‍ വിരിഞ്ഞ കെട്ടുകഥ മാത്രമാണോ? അതോ, ഭീകരവാദികളെ ബോംബിട്ട് നശിപ്പിക്കുന്നതിനിടെ സാധാരണ സംഭവിക്കുന്നതോ?

അതേ ആഴ്ച്ച തന്നെ, ഈജിപ്തിലെ റാബിഅ അദവിയ്യ കൂട്ടക്കൊലയുടെ വാര്‍ഷികം നടക്കുന്ന സമയത്ത്, കാണാതായ ആളുകളെ സംബന്ധിച്ച പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍, വക്കീലും, മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഒരാള്‍, ആളുകളെ കാണാതാകുന്ന പ്രതിഭാസത്തെ മൊത്തത്തില്‍ നിഷേധിക്കുന്നത് ഞാന്‍ കേള്‍ക്കാനിടയായി. ആളുകളെ കാണാതാവുന്നു എന്നത് ‘ബ്രദര്‍ഹുഡ്’ കെട്ടിയുണ്ടാക്കുന്ന കഥകള്‍ മാത്രമാണെന്നാണ് അയാളുടെ വാദം. അയാളുടെ വാദം ഇവിടെ അവസാനിക്കുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവര്‍ കാണാതായെന്ന് തെളിയിക്കാന്‍ അയാള്‍ അവരുടെ കുടുംബങ്ങളോട് ആവശ്യപ്പെട്ടു. ഈ ബുദ്ധിമാനെ സംബന്ധിച്ചിടത്തോളം, കാണാതായ ആളുകള്‍, കാണാതായെന്ന് തെളിയിക്കേണ്ടത് കുടുംബാംഗങ്ങളുടെ ബാധ്യതയാണ്. കാണാതായവരെ തട്ടിക്കൊണ്ടു പോയതിനും, കൊന്നതിന്റെയും പേരില്‍ കുറ്റാരോപിതരായ ഭരണകൂടം, അവരെ തിരഞ്ഞ് പോകേണ്ടതില്ലെന്നാണ് ആ ബുദ്ധിമാന്റെ അഭിപ്രായം. എന്നുവെച്ചാല്‍ അവരെ തിരഞ്ഞ് കണ്ടുപിടിക്കേണ്ട ചുമതല ഭരണകൂടത്തിനില്ലെന്ന്.

ഏത് രാജ്യത്ത് നിന്നാണ് ഈ മനുഷ്യന്‍ നിയമം പഠിച്ചതെന്ന് എനിക്കറിയില്ല. ഒരു വ്യക്തിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍, പോലിസും മറ്റു സുരക്ഷാ സംവിധാനങ്ങളും ചേര്‍ന്ന് ആ വ്യക്തിക്ക് വേണ്ടി തിരച്ചില്‍ നടത്തണമെന്നും, കാണാതായതിനുള്ള കാരണത്തെ കുറിച്ച് അന്വേഷിക്കണമെന്നുമുള്ളത് ഏതൊരു നിയമ വ്യവസ്ഥയിലും പ്രയോഗത്തിലുള്ള കാര്യമാണ്. എന്നാല്‍, ഈ കടമ നിര്‍വഹിക്കാന്‍ ഈജിപ്ഷ്യന്‍ ഭരണകൂട സ്ഥാപനങ്ങള്‍ വിസമ്മതിക്കുന്നു.

തന്റെ തലസ്ഥാന നഗരിയുടെ പ്രാന്തപ്രദേശങ്ങളില്‍ നടന്ന ബോംബാക്രമണങ്ങളില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ട കാര്യമൊന്നും സിറിയന്‍ വിദേശകാര്യ മന്ത്രി അറിയുന്നില്ല എന്നതില്‍ എനിക്ക് സംശയമുണ്ട്. ആരാണ് അവരെ കൊന്നത്, അല്ലെങ്കില്‍ ആരാണ് അവരെ ‘മനുഷ്യകവച’ങ്ങളായി ഉപയോഗിച്ചത് എന്ന പ്രശ്‌നം തല്‍ക്കാലം മാറ്റിവെക്കാം. എന്നിട്ട് അവരും സിറിയന്‍ പൗരന്മാരാണ് എന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ച് സംസാരിക്കാം. വിദേശകാര്യ മന്ത്രി പ്രതിനിധാനം ചെയ്ത് സംസാരിക്കുന്ന സിറിയന്‍ സര്‍ക്കാറിന് അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിതത്തില്‍ നിന്നും ഒരിക്കലും ഒഴിഞ്ഞ് മാറാന്‍ കഴിയില്ല.

അതുപോലെ, റാബിയ അദവിയ്യ കൂട്ടക്കൊലയില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടെന്നും, അവരുടെ മൃതദേഹങ്ങള്‍ അഗ്നിക്കിരയാക്കിയെന്നും, ഓരോ ദിവസവും ഡസന്‍ കണക്കിന് ആളുകളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്നുണ്ടെന്നും, പീഡനത്തിനിരയാക്കുന്നുണ്ടെന്നും ഈജിപ്തിലെ ആ ‘മനുഷ്യാവകാശ പ്രവര്‍ത്തകനായ വക്കീലിന്’ നല്ലപോലെ അറിയാം. ഈ കുറ്റകൃത്യങ്ങളില്‍ ഏറിയപങ്കിന്റെയും ഉത്തരവാദിത്തം ഭരണകൂടത്തിനാണെന്ന് അയാള്‍ അറിയും. ഇരകള്‍ക്ക് ചിലപ്പോള്‍ മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടായെന്നിരിക്കാം, അത് പക്ഷെ അവര്‍ ഈജിപ്ഷ്യന്‍ പൗരന്മാരാണെന്ന വസ്തുതയെ നിരാകരിക്കുന്നില്ല. പൗരന്‍മാര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ ബാധ്യതയാണ്. കാണാതായ പൗരന്‍മാര്‍ക്ക് വേണ്ടി ഭരണകൂടം നിര്‍ബന്ധമായും അന്വേഷണം നടത്തേണ്ടതുണ്ട്. ‘മതപരിത്യാഗി’ എന്ന പദം ഐസിസ് എങ്ങനെയാണോ ഉപയോഗിക്കുന്നത് അതേ രീതിയിലും അര്‍ത്ഥത്തിലുമാണ് ഈജിപ്ഷ്യന്‍ ഭരണകൂടം ‘ബ്രദര്‍ഹുഡ്’ എന്ന വാക്ക് ഉപയോഗിക്കുന്നത്.

അല്‍ അസ്ഹര്‍ സര്‍വകലാശാലാ പ്രസിഡന്റിന്റെ ഒരു പ്രസ്താവന കുറിപ്പ് ഞാന്‍ വായിക്കുകയുണ്ടായി. ജൂതന്‍മാരെ താന്‍ ഉന്മൂലനം ചെയ്‌തെന്ന് ഹിറ്റലര്‍ പൊങ്ങച്ചം പറഞ്ഞത് പോലെ, തന്റെ സര്‍വകലാശാലയില്‍ നിന്നും ബ്രദര്‍ഹുഡിനെ താന്‍ തുടച്ച് നീക്കിയതായി അദ്ദേഹം പ്രസ്തുത കുറിപ്പില്‍ വീമ്പ് പറയുന്നുണ്ട്. ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന പേരില്‍ 500 വിദ്യാര്‍ത്ഥികളെ പുറത്താക്കിയതിലും, ഒരുപറ്റം പ്രൊഫസര്‍മാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലും പ്രസിഡന്റ് അതിയായി സന്തോഷിക്കുന്നു. അല്‍അസ്ഹറിലേക്ക് ബ്രദര്‍ഹുഡിന് ഒരിക്കലും മടങ്ങിവരാന്‍ കഴിയില്ലെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു.

തന്റെ അഭിപ്രായത്തില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായം വിദ്യാര്‍ത്ഥികള്‍ വെച്ചുപുലര്‍ത്തിയതിന്റെ പേരില്‍ മാത്രം അവരെ പുറത്താക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുക എന്നത് ഒരു അധ്യാപകന് ചേര്‍ന്ന സ്വഭാവമാണോ? അപ്പോള്‍ പിന്നെ ലോകത്തിലെ ഏറ്റവും ഉന്നതമായ ഇസ്‌ലാമിക സര്‍വകലാശാലയുടെ പ്രസിഡന്റിന്റെ കാര്യമോ? ഏതെങ്കിലും ഈജിപ്ഷ്യന്‍ പൗരന് ചേര്‍ന്നതാണോ അതുപോലെയുള്ള പ്രസ്താവനകള്‍? എല്ലാറ്റിനുമുപരി മനുഷ്യര്‍ക്ക് ചേര്‍ന്ന വര്‍ത്തമാനങ്ങളാണോ അവ?

രാഷ്ട്രീയമായി വ്യത്യസ്ത നിലപാട് വെച്ചുപുലര്‍ത്തുന്നവര്‍ക്ക് പൗരാവകാശങ്ങള്‍, മാനുഷിക പരിഗണന, നിലനില്‍പ്പ് എന്നിവ നിഷേധിക്കുന്നത് ഇത്തരം വിരോധികളുടെ മനുഷ്യത്വരാഹിത്യവും, മനസാക്ഷിയില്ലായ്മയെയും മാത്രമല്ല തുറന്ന് കാണിക്കുന്നത്. മുഴുലോകവും നേര്‍കണ്ണു കൊണ്ട് കണ്ട കാര്യങ്ങള്‍ക്ക് നേരെ മനപ്പൂര്‍വ്വം കണടച്ച് ഇരുട്ടാക്കുന്ന അവരുടെ സ്വഭാവത്തെയും അത് തുറന്ന് കാണിക്കുന്നുണ്ട്. കണ്ണടച്ച് ഇരുട്ടാക്കുന്നതില്‍ നിന്നും വിട്ട്, യഥാര്‍ത്ഥത്തില്‍ അന്ധത ബാധിച്ച അവസ്ഥയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിട്ടുള്ളത്. ഒരു എഴുത്തുകാരന്റെ കാര്യം ഇതിന് തെളിവാണ്. ബൈറൂത്തില്‍ ഡസന്‍ കണക്കിന് വരുന്ന ‘നിഷ്‌കളങ്കരും, സമാധാനപ്രിയരുമായ’ പ്രകടനക്കാര്‍ക്ക് പരിക്കേറ്റു എന്ന വാര്‍ത്തയോട് അദ്ദേഹം പ്രകടിപ്പിച്ച വേദനയും, നടുക്കവും കഴിഞ്ഞ ദിവസം ഞാന്‍ കേള്‍ക്കാനിടയായി. അതേ സമയം, സിറിയയില്‍ പതിനായിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടിട്ടും, ദശലക്ഷകണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളായി മാറിയിട്ടും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിറിയയില്‍ ഒരു നിരപരാധി പോലും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലബനാന്‍ അതിര്‍ത്തി കടന്നെത്തിയ 1.5 ദശലക്ഷം വരുന്ന സിറിയന്‍ പൗരന്‍മാരെല്ലാം തന്നെ, തന്റെ രാജ്യത്തിന്റെ ഭംഗി ആസ്വദിക്കാന്‍ എത്തിയ വിനോദസഞ്ചാരികളാണെന്നാണ് ഈ ‘രാഷ്ട്രീയ നയതന്ത്രജ്ഞന്‍’ കരുതുന്നത്. കാഴ്ച്ചക്ക് ഇത്രത്തോളം അന്ധത ബാധിച്ചിട്ടുണ്ടെങ്കില്‍, ഇതൊരു മാരക രോഗം തന്നെയാണ്.

അറബ് ലോകത്ത്, ചില പ്രത്യേക താല്‍പര്യക്കാരെയും, ഉദ്ദേശങ്ങല്‍ വെച്ചുപുലര്‍ത്തുന്നവരെയും മാത്രമല്ല ഇത്തരം അന്ധത ബാധിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങളെയും, ദുര്‍ഭരണത്തെയും, മര്‍ദ്ദകരെയും പിന്തുണക്കുന്നതിലൂടെ നേട്ടം കൊയ്യുന്നവരെയും അന്ധത ബാധിച്ചിട്ടുണ്ട്. നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നതിലും, ജനങ്ങളുടെ തലക്ക് മുകളില്‍ ബോംബിട്ട് അവരുടെ വാസസ്ഥലങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുന്നതിലും, നിരപരാധികളെ മരണം വരെ പീഢിപ്പിക്കുന്നതിലും യാതൊരു തെറ്റും, കുഴപ്പവും കാണാത്തവരാണ് ഒരു വലിയ വിഭാഗം ജനങ്ങള്‍.

നിരപരാധികളെയും, അടിച്ചമര്‍ത്തപ്പെട്ടവരെയും സംരക്ഷിക്കുന്നതിന് വേണ്ടി സ്വന്തം നാടും വീടും ഉപേക്ഷിച്ച് ഇറങ്ങി പുറപ്പെട്ടവരെ മുന്‍കാലങ്ങളില്‍ നാം കണ്ടിട്ടുണ്ട്. പക്ഷെ, മര്‍ദ്ദകരെ സഹായിക്കുന്നതിനും, നിരപരാധികളെ കൊന്നുതള്ളുന്നതില്‍ ആന്ദനം കണ്ടെത്തുന്നതിനും വേണ്ടി സ്വന്തം വീടുകളില്‍ നിന്നും ആഘോഷപൂര്‍വ്വം ഇറങ്ങിപ്പുറപ്പെടുന്ന ആളുകളെ കുറിച്ച് നാം ഇന്നുവരെ കേട്ടിട്ടില്ല. മേഖലയില്‍ പ്ലേഗ് പോലെ പടര്‍ന്ന് നില്‍ക്കുന്ന സായുധ മിലീഷ്യകളുടെ കാര്യം ഇപ്പറഞ്ഞതു പോലെയാണ്.

അടിച്ചമര്‍ത്തല്‍, അനീതി, ദുര്‍ഭരണം എന്നിവക്കെതിരെ വിപ്ലവം നടത്തുന്നവരെ കുറിച്ചും നാം കേട്ടിട്ടുണ്ട്. പക്ഷെ, സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവക്കെതിരെ ‘വിപ്ലവം’ നടത്തുന്ന, നിരപരാധികളെ കൊന്നുതള്ളുന്നതിനും, പീഢിപ്പിക്കുന്നതിനും വേണ്ടി ആര്‍പ്പുവിളികൂട്ടുന്നവരെ കുറിച്ച് നാം ഇതുവരെ കേട്ടിട്ടില്ല.

നൂറ്റാണ്ടുകളോളം, തങ്ങള്‍ക്ക് പരിഷ്‌കൃത ലോകത്തിനൊപ്പമെത്താന്‍ സാധിക്കുന്നില്ലെന്ന് അറബികള്‍ പരാതിപ്പെട്ടിരുന്നു. ഇതൊരിക്കലും സാംസ്‌കാരികോന്നതിയെയോ, പുരോഗതിയെയോ കുറിച്ച ചോദ്യമല്ല, മറിച്ച് മാനവകുലവുമായി ബന്ധപ്പെട്ട ചോദ്യമാണിത്. അറബ് ലോകത്തുടനീളം നിരപരാധികള്‍ക്കെതിരെ അരങ്ങേറിയ കുറ്റകൃത്യങ്ങള്‍ ചെയ്തത് ഉറച്ച ധാര്‍മിക ബോധമുള്ള മനുഷ്യരാവന്‍ സാധ്യതയില്ല. മര്‍ദ്ദകര്‍ക്ക് ഓശാന പാടുന്ന ഇക്കൂട്ടര്‍, മനുഷ്യര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുവാന്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

സംസ്‌കാരം, ധാര്‍മികത, മതം എന്നിവയല്ല ഇപ്പോഴത്തെ പ്രശ്‌നം ; ആഗ്രഹാഭിലാഷങ്ങള്‍ ഒരുപാടുണ്ട്. കുറച്ച് ആളുകളെയെങ്കിലും മനുഷ്യഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയും എന്നതാണ് ഇപ്പോള്‍ നമ്മുടെ ഏക പ്രതീക്ഷ. നാം കരുതിയിരിക്കേണ്ടതുണ്ട്. ഒരു രാഷ്ട്രം അതിലെ പൗരന്‍മാരോട് മനുഷ്യത്വരഹിതമായി പെരുമാറാന്‍ തുടങ്ങിയാല്‍, ആ രാഷ്ട്രം തകര്‍ന്നടിയുമെന്ന കാര്യത്തില്‍ സംശയമില്ല.

ആധുനികയുഗത്തിലെ ഫറോവമാരേക്കാള്‍ എത്രയോ ഭേദം പൗരാണിക ഈജിപ്തിലെ ഫറോവ തന്നെയാണെങ്കിലും, മൂസയുടെ കാലഘട്ടത്തിലെ ഫറോവയെ എല്ലാ മര്‍ദ്ദകര്‍ക്കുമുള്ള ഒരു പാഠമായി ദൈവം തമ്പുരാന്‍ മാറ്റുകയുണ്ടായി. നിരപരാധികളെ കഠിനമായി പീഡിപ്പിച്ചതടക്കം താന്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ ഒന്നുപോലും ഫറോവ നിഷേധിച്ചിരുന്നില്ല; മറിച്ച് താന്‍ ചെയ്ത ക്രൂരകൃത്യങ്ങള്‍ അദ്ദേഹം തുറന്ന് സമ്മതിക്കുകയും, തന്റെ ചെയ്തികളില്‍ അഭിമാനം കൊള്ളുകയും ചെയ്തു. ‘അവരുടെ ആണ്‍മക്കളെ നാം കൊന്നുതള്ളും, അവരുടെ സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യും,’ ‘തീര്‍ച്ചയായും, അവര്‍ക്ക് മേല്‍ ആധിപത്യമുള്ളവരാണ് ഞങ്ങള്‍’ ഫറോവയുടെ വാക്കുകളാണിത്.

ഫറോവയുടെ കാലത്ത് ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഒരു ‘അതീതശക്തി’യും ഉണ്ടായിരുന്നില്ലെന്ന കാര്യം ഓര്‍മക്കേട് അലങ്കാരമായി കൊണ്ടുനടക്കുന്നവരെ ഞാന്‍ ഓര്‍മപ്പെടുത്തുന്നു. പക്ഷെ, മറ്റൊരു ശക്തിയും ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഇല്ലായിരുന്ന സമയത്താണ് ആകാശലോകത്തെ ആത്യന്തികശക്തി ഇടപെട്ടത്. ഏതെങ്കിലും സമൂഹത്തെ നശിപ്പിക്കാന്‍ ദൈവങ്ങള്‍ തീരുമാനിച്ചാല്‍, ആദ്യം അവരില്‍ അന്ധത പടര്‍ത്തുന്നതാണ് ദൈവിക നടപടിക്രമമെന്ന് ഒരുപാട് ദൈവങ്ങളില്‍ വിശ്വസിക്കുന്ന ഗ്രീക്കുകാര്‍ക്ക് പോലും അറിയാം. ഇത്തരത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന അന്ധതക്ക് നാമിന്ന് സാക്ഷികളാണ്. ഇനി ദൈവിക നടപടിക്രമമനുസരിച്ചുള്ള സര്‍വ്വനാശം മാത്രമേ വരാന്‍ ബാക്കിയുള്ളു.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles