Current Date

Search
Close this search box.
Search
Close this search box.

പാപികള്‍ തന്നെയാണിന്ന് കല്ലുകള്‍ എറിയുന്നത്

ജോര്‍ദാന്‍ പോര്‍വിമാന പൈലറ്റ് മുആദ് കസാസിബയെ വധിച്ചതിനെതിരെയും വധിച്ച രീതിക്കെതിരെയും ലോകനേതാക്കള്‍ രംഗത്ത് വരികയും സംഭവത്തെ അപലപിക്കുകയും ചെയ്തിരുന്നു. ശത്രുക്കളെ പ്രതിരോധിക്കാനും ഞെട്ടിപ്പിക്കാനുമുള്ള ശ്രമങ്ങളില്‍ ഐ.എസ്.ഐ.എസ് മുന്നേറിക്കൊണ്ടിരിക്കുകയാണ്. വ്യക്തിപരമായി, തികച്ചും അനിസ് ലാമികമായ വധശിക്ഷ ചിത്രീകരിച്ചിരിക്കുന്ന വൃത്തികെട്ട ആ നീലചിത്രം കാണാന്‍ ഞാന്‍ മിനക്കെട്ടിട്ടില്ല. കാരണം മനുഷ്യശരീരത്തെ തീവിഴുങ്ങുന്നത് ജീവിതത്തില്‍ ആദ്യമായി കണ്ട മാത്രയില്‍ തന്നെ അത് എത്രത്തോളം അസഹ്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നു.

ജോര്‍ദാന്‍ പൈലറ്റിനെ ഐ.എസ്.ഐ.എസ് തീകൊളുത്തി കൊന്ന സംഭവത്തെ കുറിച്ച് പറയപ്പെട്ടതും എഴുതപ്പെട്ടതുമായ എല്ലാത്തില്‍ നിന്നും രണ്ട് ആളുകളുടെ എഴുത്തുകള്‍ വേറിട്ടുനിന്നു. അതില്‍ ഒരാള്‍ കിഴക്കിനെയും, മറ്റേയാള്‍ പടിഞ്ഞാറിനേയും പ്രതിനിധീകരിക്കുന്നു. സര്‍ക്കാര്‍ ഭവനങ്ങളില്‍ നിന്നും, കൊട്ടാരങ്ങളില്‍ നിന്നും ഉയര്‍ന്ന് കേട്ട ഭ്രാന്താവേശത്തോടെയുള്ള ശബ്ദകോലാഹലങ്ങളില്‍ തികച്ചും വ്യത്യസ്തമായിരുന്നു അവര്‍ രണ്ടുപേരുടെ ശബ്ദം.

അല്‍ജസീറ അവതാരകന്‍ മഹ്മൂദ് മുറാദാണ് രണ്ടു പേരില്‍ ഒന്നാമന്‍, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രതികരണം ഇങ്ങനെയായിരുന്നു: ‘ജീവനോടെ തീകൊളുത്തി കൊല്ലുക എന്ന രീതി ഐ.എസ്.ഐ.എസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഈജിപ്തില്‍ നടന്നിരുന്നു! ഈ ചിത്രങ്ങള്‍ കാരണം ആരുടെയെങ്കിലും മനസ്സ് വേദനിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമചോദിക്കുന്നു. പക്ഷെ നിങ്ങളുടെ ഈ കാപട്യത്തെ താങ്ങുവാന്‍ എന്റെ ചെറിയ ഹൃദയത്തിന് ശേഷിയില്ല.’

രണ്ടാമത്തേത് ട്വിറ്ററില്‍ @Mr.LV426 എന്ന പേരില്‍ അക്കൗണ്ടുള്ള അമേരിക്കന്‍ പൗരന്റെ ട്വീറ്റാണ്. ‘നിങ്ങള്‍ ഒരാളെ പച്ചക്ക് കത്തിച്ച് കൊല്ലാന്‍ പോകുകയാണെങ്കില്‍, ഒരു വീഡിയോ ഗെയിം കണ്‍സോളില്‍ നിന്നും ആയിരക്കണക്കിന് മൈല്‍ അകലെ വിജനമായ ഒരിടത്ത് വെച്ച് അത് ചെയ്യാനുള്ള സാമാന്യമര്യാദ നിങ്ങള്‍ക്കുണ്ടാകണം’.

സ്വന്തം നേതൃത്വത്തില്‍ നടന്ന സൈനികനടപടികളുടെ തിക്തഫലങ്ങളുടെയും, സ്വന്തം കൈകളാല്‍ ആളുകളെ പച്ചക്ക് കത്തിച്ച് കൊന്നതിന്റെയും വീഡിയോകള്‍ പൊതുജനങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ധൈര്യംകാണിക്കാത്ത ലോകനേതാക്കളുടെ വാക്കുകളിലെ ഇരട്ടതാപ്പാണ് ഈ രണ്ട് പ്രതികരണങ്ങളും തുറന്ന്കാട്ടുന്നത്.

ആയിരക്കണക്കിന് നിരപരാധികളെ കൊന്ന്‌കൊലവിളിച്ചു കൊണ്ട് പട്ടാള അട്ടിമറിയിലൂടെ ഈജിപ്തിന്റെ പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്ത അബ്ദുല്‍ ഫത്താഹ് സീസിയുടെ ഇരത്താപ്പിനെയാണ് മുറാദ് ലക്ഷ്യം വെക്കുന്നത്. 2013 ആഗസ്റ്റില്‍ റാബിഅ അദവ്വിയ്യയില്‍ സംഘടിച്ച പ്രക്ഷോഭകരില്‍ ചിലരെ സീസിയുടെ ആജ്ഞപ്രകാരം ഈജിപ്ഷ്യന്‍ സൈന്യം ജീവനോടെ അഗ്നിക്കിരയാക്കി കൊന്നിരുന്നു.

അമേരിക്കയുടെ കൊലയാളി ഡ്രോണുകളില്‍ നിന്നും പാഞ്ഞുവരുന്ന ഹെല്‍ഫയര്‍ മിസൈലുകള്‍ പതിച്ച് കത്തിയമരുന്ന വീടുകള്‍ക്കുള്ളില്‍ കിടന്ന് വെന്തുമരിക്കാന്‍ വിധിക്കപ്പെട്ട നിരപരാധികളായ നൂറുകണക്കിന് പാകിസ്ഥാന്‍ പൗരന്‍മാരിലേക്കാണ് അമേരിക്കന്‍ പൗരന്റെ ട്വീറ്റ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ചെറിയ കുഞ്ഞുങ്ങളടക്കമുളള മിസൈല്‍ ആക്രമണത്തെ അതിജീവിച്ച ഇരകളൊക്കെ തന്നെ ഗുരുതമായി പൊള്ളലേറ്റ ശരീരഭാഗങ്ങളുമായും, ശാരീരിക വൈകല്യങ്ങളുമായും ദുരിതജീവിതം നയിച്ചുകൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹങ്ങള്‍ ചിന്നഭിന്നമാവാറാണ് പതിവ്.

മനുഷ്യശരീരഭാഗങ്ങളെ ഉരുക്കിക്കളയുന്ന വൈറ്റ് ഫോസ്ഫറസ് ബോംബുകളടക്കമുള്ള എല്ലാവിധ കെമിക്കല്‍ ബോബുകളും ഉപയോഗിച്ച് 2004-ല്‍ ഇറാഖ് പൗരന്‍മാരുടെ മേല്‍ക്ക് ‘തീമഴ’ പെയ്യിച്ച ഫല്ലൂജയിലെ അമേരിക്കന്‍ അധിനിവേശ സേനയുടെ ലീലാവിലാസങ്ങളിലേക്കും @Mr.LV426 ന്റെ ട്വീറ്റ് സൂചനനല്‍കുന്നുണ്ട്. (http://www.independent.co.uk/news/world/americas/the-fog-of-war-white-p… നോക്കുക). ടൈഗ്രീസ് നദിയുടെയും സദ്ദാം കനാലിന്റെയും മേലെ നപാം ബോംബുകളോട് സദൃശ്യമുള്ള ഫ്യുവല്‍ ജെല്‍ മിശ്രിതം ഉള്‍ക്കൊള്ളുന്ന മാര്‍ക് 77 ബോംബുകളും, കൂട്ടനശീകരണ ബോബുകളും ഇറാഖ് യുദ്ധത്തിന്റെ തുടക്കത്തില്‍ ഉപയോഗിച്ചിരുന്നതായി മടിച്ചിട്ടാണെങ്കിലും അമേരിക്കന്‍ ജനറല്‍മാര്‍ക്ക് സമ്മതിക്കേണ്ടി വന്നിരുന്നു.

ജീവനോടെ ചുട്ടുക്കൊല്ലുന്നത് ഐ.എസ്.ഐ.എസ് തുടങ്ങിവെച്ച പുതിയൊരു സമ്പ്രദായമല്ലായെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. പക്ഷെ ഒരു വ്യത്യാസമുണ്ട്; ഒബാമയും സീസിയുമൊക്കെ അവര്‍ നേതൃത്വം നല്‍കി നടപ്പാക്കിയ കൂട്ടക്കൊലകള്‍ പൊതുജനങ്ങളില്‍ നിന്നും മറച്ചുവെച്ചപ്പോള്‍, ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന് പറയപ്പെടുന്നവര്‍ അവരുടെ മനുഷ്യത്വരഹിതമായ ക്രൂരകൃത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ബോധപൂര്‍വ്വം തന്നെ വിതരണം ചെയ്തു. സംഗതി എല്ലാവരെയും ഞെട്ടിച്ചു, വെറുപ്പ് കലര്‍ന്ന പ്രതികരണമായിരുന്നു എല്ലാവരില്‍ നിന്നും ഉണ്ടായത്. പക്ഷെ എന്തിനാണ് വൈറ്റ് ഹൗസ് ആശ്ചര്യപ്പെട്ടതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു, കാരണം ഇത്തരത്തിലുള്ള ക്രൂരതകളെ കുറിച്ച് ഒബാമക്ക് നല്ലപോലെ അറിവുണ്ട്. ഒബാമയുടെയും അദ്ദേഹത്തിന്റെ മുന്‍ഗാമി ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെയും മേല്‍നോട്ടത്തില്‍ സി.ഐ.എ യും സൈന്യവും ചേര്‍ന്ന് നടത്തിയ പീഢനപരമ്പരകള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകളും ഫോട്ടോകളും രഹസ്യസൂക്ഷിപ്പ് പുരകളിള്‍ ഒളിപ്പിക്കുന്ന തിരക്കിലാണ് ഇപ്പോഴും ഒബാമ.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും ലോകത്തിന്റെ മറ്റു ഇരുണ്ടയിടങ്ങളിലും തങ്ങള്‍ പാര്‍പ്പിച്ചിരിക്കുന്ന തടവുകാര്‍ക്കെതിരെ അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിയ കൊടുംക്രൂരതകള്‍ കൃത്യമായി വിശദീകരിക്കുന്ന ആയിരക്കണക്കിന് ചിത്രങ്ങള്‍  നിലവിലുണ്ട്. അവ അത്രക്ക് ഭീകരമായതിനാലാണ്, ഒബാമ ആ ചിത്രങ്ങള്‍ പുറത്ത് വിടുകയാണെങ്കില്‍ ബാഗ്ദാദ് കത്തിയെരിയുമെന്ന് മുന്‍ ഇറാഖ് പ്രധാനമന്ത്രി നൂരി മാലികി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതേ വീക്ഷണം പെന്റഗണിലെ മുതിര്‍ന്ന ജനറല്‍മാരും പങ്കുവെച്ചിരുന്നു. രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ആ ഫയലുകളില്‍ എന്തുതന്നെയാണെങ്കിലും ശരി, പൊതുസ്വീകാര്യതയുള്ള എല്ലാ സാംസ്‌കാരിക ബോധങ്ങളെയും, ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളെയും, മനുഷ്യമഹത്വത്തെ കുറിച്ചുള്ള കാഴ്ച്ചപാടുകളെയും അവ ഒന്നിപ്പിക്കുമെന്ന ധ്വനിയാണ് അവരുടെ വാക്കുകള്‍ നല്‍കുന്നത്.

സിവിലിയന്‍മാരെ ലക്ഷ്യം വെച്ച് ആക്രമണങ്ങള്‍ നടത്തുന്നതും അവരെ ജീവനോടെ ചുട്ടെരിക്കുന്നതും കേവലം അമേരിക്കയും ഈജിപ്തും മാത്രമല്ലെന്ന് തീര്‍ച്ചയാണ്. രണ്ടാം ലബനാന്‍ യുദ്ധത്തിലും, ഗസ്സ മുനമ്പില്‍ ഉപരോധത്തില്‍ കഴിയുന്ന ഫലസ്തീന്‍ സിവിലിയമാര്‍ക്കെതിരെ നടന്ന 2008-ലെ യുദ്ധത്തിലും അമേരിക്കയുടെ അടുത്ത കൂട്ടാളിയായ ഇസ്രായേല്‍ വൈറ്റ് ഫോസ്ഫറസ് ഷെല്ലുകള്‍ ഉപയോഗിച്ചിരുന്നു. നിര്‍ഭാഗ്യവാനായ ജോര്‍ദാന്‍ പൈലറ്റ് കസാസിബയെ പോലെത്തന്നെ, ഗസ്സയിലെയും ലബനാനിലെയും പാവങ്ങള്‍ക്ക് ആളിപ്പടര്‍ന്ന അഗ്നിനാളങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചില്ല. ഗസ്സയില്‍ ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ചത് ഇസ്രായേല്‍ ആദ്യം നിഷേധിച്ചെങ്കിലും, തങ്ങളുടെ നുണകളെ പൊളിച്ചടുക്കുന്ന തെളിവുകളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍, അന്താരാഷ്ട്ര നിയമം അനുസരിച്ചുള്ള ആയുധങ്ങളാണ് ഉപയോഗിച്ചത് എന്നായി പിന്നീട് അവരുടെ വാദം.

ഗസ്സയില്‍ നിന്നും ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് കണ്ടെടുത്ത എല്ലാ വൈറ്റ് ഫോസ്ഫറസ് ഷെല്ലുകളും 1989-ല്‍ അമേരിക്കയിലെ തിയോകോള്‍ എയറോസ്‌പെയിസില്‍ വെച്ച് നിര്‍മിച്ചതാണ്. ലൂസിയാനാ ആര്‍മി അമ്മ്യൂണിഷന്‍ പ്ലാന്റ് ആ സമയത്ത് നടത്തിക്കൊണ്ട് പോയിരുന്നതും അക്കൂട്ടരായിരുന്നു. ഇസ്രായേലിന് കൂട്ടനശീകരണ ശേഷിയുള്ള മാരകമായ രാസായുധങ്ങള്‍ അമേരിക്കന്‍ സര്‍ക്കാറാണ് വിതരണം ചെയ്തത്.

ഉസ്‌ബെകിസ്ഥാന്‍ പ്രസിഡന്റ് ഇസ്‌ലാം കാരിമോവാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റൊരു സുഹൃത്ത്. രാഷ്ട്രീയ എതിരാളികളെ ജീവനോടെ തിളച്ച വെള്ളത്തിലിട്ട് കൊല്ലുന്നതായിരുന്നു മൂപ്പരുടെ രീതി. താഷ്‌കന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്‌കുലിക് (നന്മ) എന്ന മനുഷ്യാവകാശ സംഘടനയുടെ വക്താവ് അബ്ദു റഹ്മാന്‍ തഷാനോവ് നല്‍കിയ വിവരമനുസരിച്ച് എതിരാളികളെ മരണം വരെ തണുപ്പിലിട്ട് മരവിപ്പിക്കുകയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ശൈലി. റേഡിയോ ലിബര്‍ട്ടിക്ക് നല്‍കിയ അഭിമുഖത്തില്‍ തഷാനോവ് പറഞ്ഞത് തന്റെ പക്കല്‍ ‘പ്രത്യേക പീഢന സെല്ലുകളെ കുറിച്ചുള്ള വിവരങ്ങളുണ്ട്. കഠിനമായ തണുപ്പാണ് അതിനുള്ളില്‍. തടവുകാരുടെ ദുരിതം ഏറ്റുവാന്‍ വേണ്ടി ഉള്ളിലെ തണുപ്പിന് പുറമെ അവര്‍ തറയില്‍ തണുത്ത വെള്ളം ഒഴിക്കും’.

ജോര്‍ദാന്‍ പൈലറ്റിനെ വധിക്കുന്ന വീഡിയോകള്‍ ഐ.എസ്.ഐ.എസ് എന്തിനാണ് പുറത്തുവിട്ടത് എന്നത് ഒരു ചര്‍ച്ചാവിഷയം തന്നെയാണ്. പക്ഷെ പാശ്ചാത്യരാഷ്ട്രങ്ങളിലെ നേതാക്കള്‍ വെച്ചുപുലര്‍ത്തുന്ന ഇരട്ടത്താപ്പിനെയും കപടമുഖത്തെയും വെളിച്ചത് കൊണ്ടുവരാന്‍ ആ വീഡിയോക്ക് സാധിച്ചിട്ടുണ്ട്. ഐ.എസ്.ഐ.എസ് നടത്തുന്ന ക്രൂരകൃത്യങ്ങളെയും, പീഢനങ്ങളെയും, ബന്ദികളെ ജീവനോടെ കത്തിച്ച് കൊല്ലുന്നതിനെയും, കഴുത്തറുക്കുന്നതിനെയും വിമര്‍ശിക്കാനും അപലപിക്കാനുമുള്ള ധാര്‍മിക യോഗ്യത കിഴക്കും പടിഞ്ഞാറുമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ല എന്ന് വളരെ സങ്കടത്തോടെ തന്നെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

എല്ലാ മതങ്ങളും യുദ്ധങ്ങളില്‍ ബന്ദികളായി പിടിക്കപ്പെടുന്നവരോട് ദയാവായ്‌പോടെയും കനിവോടെയും പെരുമാറണമെന്നു തന്നെയാണ് നിര്‍ദേശിക്കുന്നത്, ഇസ്‌ലാമും ഇത് വ്യക്തമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ ഈ മൂല്യം എനിക്ക് വ്യക്തിപരമായി അനുഭവിച്ചറിയാന്‍ സാധിച്ചതാണ്. 2001 ഒക്ടോബറില്‍ അഫ്ഗാന്‍ താലിബാന്റെ പിടിയിലകപെട്ട ഞാന്‍ ഒരു പോറലുമേല്‍ക്കാതെ ആരോഗ്യവതിയായി തന്നെയാണ് പിന്നീട് പുറത്തുവന്നത്. 2006-ല്‍ ഗസ്സ അതിര്‍ത്തിയില്‍ ടാങ്കുമായി എത്തിയ ഇസ്രായേല്‍ സൈനികന്‍ ഗിലാദ് ഷാലിതിനെ ഫലസ്തീന്‍ ചെറുത്ത്‌നില്‍പ്പ് പ്രസ്ഥാനമായ ഹമാസിന്റെ പോരാളികള്‍ ബന്ദിയായി പിടിച്ച് 5 വര്‍ഷം അവരുടെ അടുക്കല്‍ പാര്‍പ്പിക്കുകയുണ്ടായി. ഗിലാദ് ഷാലിതിനും ഇക്കാര്യം ഉറപ്പ് പറയാന്‍ സാധിക്കും.

ഇത്തരം വിഷയങ്ങളില്‍ സ്വന്തം ധാര്‍മികതയെയും മൂല്യബോധത്തെയും ഒന്ന് ആഴത്തില്‍ വിശകലനം ചെയ്ത് വിലയിരുത്താന്‍ ലോക നേതാക്കള്‍ തയ്യാറാവേണ്ടതുണ്ട്. ഐ.എസ്.ഐ.എസ് എന്ന് സ്വയം വിശേഷിപ്പിച്ച് രംഗത്ത് വന്ന തെമ്മാടികളും മേല്‍സൂചിപ്പിച്ച ലോകനേതാക്കളും തമ്മില്‍ വളരെ കുറച്ച് അന്തരം മാത്രമേയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

മൊഴിമാറ്റം: മുര്‍ഷിദ കാളാച്ചാല്‍

Related Articles