Current Date

Search
Close this search box.
Search
Close this search box.

ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ഭീകരവാദികളാക്കുമ്പോള്‍

arnab-goswamy.jpg

2008-ലെ ബട്‌ലാ ഹൗസ് ഏറ്റുമുട്ടലിന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട എന്റെ സംശയങ്ങള്‍ ഉന്നയിക്കാന്‍ നല്ലൊരു അവസരം ലഭിക്കും എന്ന പ്രതീക്ഷയോടെയാണ് തിങ്കളാഴ്ച്ച ഞാന്‍ ടൈംസ് നൗ സ്റ്റുഡിയോയില്‍ എത്തിയത്. ഏറ്റുമുട്ടലിനിടെ അന്ന് രക്ഷപ്പെട്ടവരില്‍ ഒരാളെന്ന് സംശയിക്കപ്പെടുന്നയാള്‍, അടുത്തിടെ ഐ.എസ് ഭീകരവാദികള്‍ പുറത്ത് വിട്ട വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ബട്‌ലാ ഹൗസ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട എന്റെ മാധ്യമപ്രവര്‍ത്തനവും, സംഭവവുമായി ബന്ധപ്പെട്ട പോലിസ് ഭാഷ്യത്തിലെ വൈരുദ്ധ്യങ്ങളും പഴുതുകളും കാരണമായി അതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന് ഞാന്‍ വിശ്വസിക്കുന്നതും കാരണമായിരിക്കാം ചര്‍ച്ചയിലേക്ക് ഈയുള്ളവന്‍ ക്ഷണിക്കപ്പെട്ടത്.

ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാര്‍ത്ഥിയെന്ന നിലയില്‍, ഏറ്റുമുട്ടല്‍ സംഭവത്തെ കുറിച്ച് സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്ന നിരവധി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതൊക്കെയായിരിക്കാം ഒരുപക്ഷെ, ഉമര്‍ ഖാലിദിനോടും അദ്ദേഹത്തിന്റെ സഖാക്കളോടും ചെയ്തത് പോലെ, ഒരു ‘മുസ്‌ലിം’ യുവാവിനെതിരെ മറ്റൊരു വില്ലന്‍വല്‍ക്കരണ കാമ്പയില്‍ നടത്താന്‍ ടൈംസ് നൗവും, അതിന്റെ നാര്‍സിസ്റ്റ് അവതാരകനായ അര്‍നാബ് ഗോസ്വാമിയും എന്നെ തെരഞ്ഞെടുക്കാന്‍ കാരണം.

ബട്‌ലാ ഹൗസ് ഏറ്റുമുട്ടലിന്റെ ആധികാരികതയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉന്നയിക്കാന്‍ ധൈര്യം കാണിച്ചതിന്റെ പേരില്‍, എന്നെ ഇന്ത്യന്‍ മുജാഹിദീന്റെ ആളാണെന്ന് വിളിക്കാന്‍ അര്‍നബ് യാതൊരു മടിയും കാണിച്ചില്ല. ഏറ്റുമുട്ടലിന്റെ ആധികാരികതയെ ചോദ്യം ചെയ്യുമ്പോഴും, അന്ന് കൊല്ലപ്പെട്ടവരെല്ലാം നിരപരാധികളാണെന്ന് ഞാനൊരിടത്തും പറഞ്ഞിട്ടില്ല. അത് തീരുമാനിക്കേണ്ടത് ജൂഡീഷ്യറിയാണെന്നാണ് ഈയ്യുള്ളവന്‍ വിശ്വസിക്കുന്നത്. ഞാനൊരു സുപ്രധാന കാര്യം വിട്ടുപോയി; അര്‍നബ് ഗോസ്വാമിയുടെ ‘കോടതിയില്‍’, ജഡ്ജിയും, പ്രോസിക്ക്യൂട്ടറുമെല്ലാം അയാള്‍ തന്നെയാണ്.

ഐ.എസ് പുറത്ത് വിട്ട വീഡിയോ ദൃശ്യത്തിന്റെ ആധികാരികതയെ ഞാന്‍ ശക്തമായി ചോദ്യം ചെയ്തിരുന്നു. അതില്‍ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമെന്ന മുന്നറിയിപ്പുമായി ഒരു സാജിദ് ബാഡ പ്രത്യക്ഷപ്പെടുന്നുണ്ട്. വിരോധാഭാസമെന്ന് പറയട്ടെ, ഈ സാജിദ് ബാഡ മരണപ്പെട്ടതായി മുമ്പ് മൂന്ന് തവണ നമ്മുടെ മാധ്യമങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

ഇതുതന്നെയായിരുന്നു പ്രസ്തുത വീഡിയോയുടെ ആധികാരികതയെ കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള എന്റെ വാദത്തിന്റെ അടിസ്ഥാനവും. അതോടെ അര്‍നബ് ഗോസ്വാമിയുടെ സമനില തെറ്റി. കോടതി വിചാരണ നേരിടുന്ന ഒരു ക്രിമിനല്‍ കേസ് പ്രതിയോടെന്ന പോലെ അയാള്‍ എനിക്ക് നേരെ ഉച്ചത്തില്‍ ആക്രോശിക്കാന്‍ തുടങ്ങി.

അപ്പോഴേക്കും, പാനല്‍ ചര്‍ച്ചയില്‍ ഉണ്ടായിരുന്ന രത്തന്‍ ശര്‍ദ എന്നെ ഭീകരവാദ സംഘടനകളുടെ മുന്നണിപ്പോരാളി എന്ന് വിളിച്ച് കൊണ്ട് രംഗത്ത് വന്നു. ഞാനതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. അയാളുടെ ആരോപണത്തിന് മറുപടി പറയാന്‍ എനിക്ക് അവസരം തരുന്നതിന് പകരം, എന്നോട് അടങ്ങിയിരിക്കാനാണ് ‘ന്യായാധിപന്‍’ അര്‍നബ് പറഞ്ഞത്. ഇത് എനിക്കെതിരെ വായില്‍ തോന്നിയ ആരോപണങ്ങള്‍ അഴിച്ച് വിടാന്‍ ശര്‍ദ്ദക്ക് അവസരം നല്‍കി.

ഒരു ആക്രമണം നടത്തുന്നതിന് മുമ്പ് സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ അനുകൂലാഭിപ്രായം നേടിയെടുക്കുന്നതിനായി ഭീകരവാദ സംഘടനകള്‍ക്ക് വേണ്ടി രഹസ്യപ്രവര്‍ത്തിക്കുന്ന സ്ലീപ്പര്‍ സെല്ലുകളോടാണ് പാനലിലെ മറ്റുള്ളവര്‍ ഞങ്ങളുടെ വാദങ്ങളെ ഉപമിച്ചത്. ഇത്തരം അത്യന്തം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും അവരെ തടയാന്‍ അര്‍നബ് ഒരിക്കലും ശ്രമിച്ചില്ല. പക്ഷെ എന്നെ നിശബ്ദനാക്കി ഇരുത്തുന്നതില്‍ അയാള്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ ചര്‍ച്ചയില്‍ വേണ്ട വിധം ഇടപെടാന്‍ എനിക്ക് കഴിഞ്ഞില്ല. അവസാനം, ചര്‍ച്ചയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചെങ്കിലും, അത് ചര്‍ച്ച അവസാനിപ്പിക്കാന്‍ വേണ്ടിയായിരുന്നു എന്ന് മാത്രം.

എന്നെ സംബന്ധിച്ചിടത്തോളം, അര്‍നബും അയാളുടെ പാനലിസ്റ്റുകളും എത്രമാത്രം പരിഹാസ്യരാണ് എന്ന് അനുഭവിച്ചറിഞ്ഞ ആദ്യ സന്ദര്‍ഭമാണിത്. മുസ്‌ലിംകള്‍ക്ക് മേല്‍ ഭീകരവാദ ആരോപണം കെട്ടിവെക്കാന്‍ എന്ത് വൃത്തികേട് ചെയ്യാനും അവര്‍ തയ്യാറാണ്.

അവരെ സംബന്ധിച്ചിടത്തോളം, ബട്‌ലാ ഹൗസ് ഏറ്റുമുട്ടലിനെ സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്നതും, ചോദ്യങ്ങള്‍ ചോദിക്കുന്നതും, ‘ഇന്ത്യന്‍ മുജാഹിദീനെയും’ ഐ.എസ്സിനെയും പിന്തുണക്കുന്നതിന് തുല്ല്യമായ കാര്യമാണ്. എന്നിരുന്നാലും, എന്റെ സഹപ്രവര്‍ത്തകര്‍ അര്‍നബ് ഗോസ്വാമിയെ കുറിച്ച് മുമ്പ് പറഞ്ഞ പരാതികള്‍ നേരിട്ട് അനുഭവിച്ചറിയാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്.

അര്‍നബ് ഇത് വായിക്കുന്നുണ്ടെങ്കില്‍, ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബട്‌ലാ ഹൗസ് ഏറ്റുമുട്ടലിനെ കുറിട്ടുള്ള പോലിസ് ഭാഷ്യത്തില്‍ ഒരുപാട് വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്ന നിലപാടില്‍ ഞാന്‍ ഉറച്ച് തന്നെ നില്‍ക്കുന്നു. ചിന്തിക്കാന്‍ ശേഷിയുള്ള എല്ലാവരും പോലീസ് ഭാഷ്യത്തിന്റെ ആധികാരികതയെ കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കുക തന്നെ ചെയ്യും. അര്‍നാബിന് അത് ഇല്ലെങ്കില്‍, അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles