Current Date

Search
Close this search box.
Search
Close this search box.

എര്‍ദോഗാന്‍ രാഷ്ട്രങ്ങള്‍ക്ക് മാതൃക കാണിക്കുമ്പോള്‍

erdogan.jpg

ഈ ചൊവ്വാഴ്ച തുര്‍ക്കി സമൂഹത്തിന് വളരെ അഭിമാനാര്‍ഹവും ചരിത്രപരവുമായ സുദിനമാണ്. അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്)ല്‍ നിന്നും തുര്‍ക്കി വാങ്ങിയ മുഴുവന്‍ കടവും തിരിച്ചടക്കാന്‍ എര്‍ദോഗാന്‍ ഗവണ്‍മെന്റിന് സാധിച്ചു എന്നത് ചരിത്രപരമായ നേട്ടമാണ് ഇതിന് നിദാനം.  ‘നീണ്ട കാലങ്ങള്‍ക്കു ശേഷം തുര്‍ക്കി അന്താരാഷ്ട്ര നാണയ നിധിയിലെ മുഴുവന്‍ കടങ്ങളും അടച്ചു തീര്‍ത്തിരിക്കുന്നു. നമ്മുടെ രാഷ്ട്രത്തിന്റെ പുരോഗതിക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു’ തുര്‍ക്കി സെന്‍ട്രല്‍ ബാങ്കിന്റേതായി അവശേഷിച്ചിരുന്ന 412 മില്യണ്‍ ഡോളര്‍ കൂടി അടച്ചതോടെ അന്താരാഷ്ട്ര സംഘടനയുമായുള്ള എല്ലാ പണമിടപാടുകളും അവസാനിച്ചിരിക്കുകയാണ്.1958 മുതല്‍ പല ആവശ്യങ്ങള്‍ക്കായി നാണയ നിധിയില്‍ നിന്നും തുര്‍ക്കി കടം വാങ്ങിയിട്ടുണ്ട്.  സാമ്പത്തിക സംരംഭങ്ങളില്‍ തങ്ങളുടെ വരുമാനം നിക്ഷേപിക്കാനുളള ശേഷി ഇപ്പോള്‍ തുര്‍ക്കി കൈവരിച്ചിരിക്കുന്നു’- ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസിലാണ് പ്രധാനമന്ത്രി എര്‍ദോഗാന്‍ ഇത് വ്യക്തമാക്കിയത്.

യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഓരോന്നായി സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതികള്‍ അഭിമുഖീകരിക്കുകയും സാമ്പത്തിക നില തകരാറിലാകുകയും അതില്‍ നിന്ന് കരകയറാന്‍ പുതിയ മാര്‍ഗങ്ങളെ കുറിച്ച് ആലോചിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് എര്‍ദോഗാന്‍ രാഷ്ട്രത്തിലെ മുന്‍ഭരണാധികാരികള്‍ വരുത്തിത്തീര്‍ത്ത കടം തിരിച്ചടക്കാനുള്ള സാമ്പത്തിക ശേഷി നേടിയെടുത്തത്. തുര്‍ക്കിയുടെ അയല്‍ രാഷ്ട്രവും ആജന്മ ശത്രുവുമായ ഗ്രീസ് സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണ്. തങ്ങളുടെ നിലവിലെ പരിതാപകരമായ സാമ്പത്തിക നില കാരണം ഗ്രീസിനെ സഹായിക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ് മറ്റു യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍. യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാഷ്ട്രങ്ങളും ഈ പ്രതിസന്ധിയെ മറികടക്കാനുള്ള തീവ്രപരിചരണത്തിലാണ് ഇപ്പോഴുളളത്.

15 മില്യണ്‍ ജനങ്ങളുള്ള ഇസ്തംബൂള്‍ പട്ടണത്തില്‍, സന്ദര്‍ശകരുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുയരുന്ന തരത്തില്‍ മൂന്നാമതൊരു വിമാനത്താവളം കൂടി പണിയാന്‍ തുര്‍ക്കിക്ക് ഉദ്ദേശമുണ്ട്. 2002 മുതല്‍ 2008 വരെയും 2010 ല്‍ പോലും, പുതിയ കടം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നാണയനിധി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല. രണ്ടുവര്‍ഷത്തെ ശക്തമായ വളര്‍ച്ചക്ക് ശേഷം 2012 -ല്‍,   കഴിഞ്ഞവര്‍ഷങ്ങളിലുണ്ടായ ആഭ്യന്തര വളര്‍ച്ചാ നിരക്കായ 8.8% ല്‍ നിന്നും 2.2% ത്തിലേക്ക് തുര്‍ക്കി കൂപ്പുകുത്തിയിരുന്നു. പക്ഷെ അതൊന്നും തുര്‍ക്കി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നില്ലെന്ന്, കഴിഞ്ഞയാഴ്ച ഇസ്തംബൂളില്‍ നടന്ന  യൂറോപ്യന്‍ ബാങ്കിന്റെ വാര്‍ഷിക സംഗമം അഭിപ്രായപ്പെട്ടിരുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കാന്‍ തുര്‍ക്കി തയാറാണെന്ന് വരെ കടം തിരിച്ചടക്കല്‍ പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ഉപപ്രധാന മന്ത്രി അലി ബാബകാന്‍ പ്രഖ്യാപിക്കുകയുണ്ടായി.

ഇസ്തംബൂള്‍ പള്ളിയിലെ ബാങ്ക് വിളിക്കാരനും വത്തക്ക കച്ചവടക്കാരനുമായിരുന്ന റജബ് ത്വയ്യിബ് എര്‍ദോഗാന്റെ കഴുത്തില്‍ തുര്‍ക്കി ജനത ചാര്‍ത്തിയ മെഡലായിരുന്നു യഥാര്‍ഥത്തിതല്‍ ഈ സാമ്പത്തിക അഭിവൃദ്ധി. ഉസ്മാനിയ ഖിലാഫത്തിന്റെ പതനത്തിന് ശേഷം ഇസ്‌ലാമിക ലോകത്ത് വിജയകരമായ പരീക്ഷണങ്ങളിലൂടെ ശ്രദ്ദേയമായ നേതാവാണ് എര്‍ദോഗാന്‍. എര്‍ദോഗാന്‍ കൈവരിച്ച നേട്ടങ്ങളും എര്‍ദോഗാന്‍ മോഡലും അറബ് ഭരണാധികാരികള്‍ക്ക് തങ്ങളുടെ ജനതയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതാണ്.

എര്‍ദോഗാന്‍ സാമ്പത്തികവും രാഷ്ട്രീയവും വൈജ്ഞാനികവുമായ  അപചയത്തില്‍ നിന്നും രാഷ്ട്രത്തെ തന്റെ ഭരണപാടവം കൊണ്ട് ക്രമേണ ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. മുന്‍സിപ്പാലിറ്റിയിലെയും ഗ്രാമങ്ങളിലെയും പ്രശ്‌നങ്ങളെ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം പരിഹരിക്കുകയുണ്ടായി. മികവിനുള്ള അംഗീകാരമായിട്ടാണ് ജനത രാഷ്ട്ര്ത്തിന്റെ കടിഞ്ഞാണ്‍ അദ്ദേഹത്തെ ഏല്‍പിച്ചത്. സാമ്പത്തിക സുസ്ഥിതിയുടെ കാര്യത്തില്‍ മാത്രമല്ല, ഭരണതന്ത്രത്തിന്റെ എല്ലാ മേഖലകളിലും ഇസ്‌ലാമിക രാജ്യങ്ങള്‍ക്ക് തുര്‍ക്കി മാതൃകയാണ്. ഇസ്‌ലാമിന്റെ ഛിഹ്നങ്ങള്‍ ഒന്നൊന്നായി പിഴുതെറിഞ്ഞ കമാലിസ്റ്റ് ഭരണത്തില്‍ നിന്നുമാണ് അദ്ദേഹം യുക്തിപൂര്‍വം തുര്‍ക്കിയെ മോചിപ്പിച്ചെടുത്തതും ആധുനിക ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കും മതേതര രാഷ്ട്രങ്ങള്‍ക്കും മാതൃകയായി മുമ്പില്‍ നടന്നതും.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles