Current Date

Search
Close this search box.
Search
Close this search box.

അവര്‍ അഭയാര്‍ഥികളെ ഏറ്റെടുക്കുന്നു; നാം കണ്ണീരൊഴുക്കുന്നു

അന്‍പത് സിറിയന്‍ അഭയാര്‍ഥി കുടുംബങ്ങളെ സ്വീകരിച്ച് ടൊറന്റോക്ക് അടുത്തുള്ള കനേഡിയന്‍ നഗരമായ ഗ്വേള്‍ഫില്‍ (Guelph) അവര്‍ക്ക് താമസം ഒരുക്കുന്നതിന് ഒരു കനേഡിയന്‍ ബിസിനസ്സുകാരന്‍ 15 ലക്ഷം ഡോളര്‍ ചെലവഴിക്കാന്‍ തീരുമാനിച്ചു. മുമ്പ് ഒരു വരനും വധുവും വിവാഹാഘോഷങ്ങള്‍ വേണ്ടെന്ന് വെച്ച് അതിന് മാറ്റിവെച്ചിരുന്ന പണം സിറിയന്‍ അഭയാര്‍ഥി കുടുംബത്തെ കാനഡയില്‍ താമിസിപ്പിക്കുന്നതിനായി ചെലവഴിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. കനേഡിയന്‍ മാധ്യമങ്ങള്‍ അതിന്റെ വിശദാംശങ്ങളോടെ അത് റിപോര്‍ട്ട് ചെയ്തിരുന്നു.

സിറിയന്‍ അഭയാര്‍ഥികളുടെ ചിത്രങ്ങളും അവരുടെ ദുരിതത്തിന്റെ കഥകളും ജിം എസ്റ്റില്‍ എന്ന കോടീശ്വരനെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെയാണ് 50 സിറിയന്‍ കുടുംബങ്ങളെ അധിവസിപ്പിക്കാനുള്ള വീടുകള്‍ നിര്‍മിച്ചു കൊടുക്കുക എന്ന ചിന്ത കൂട്ടുകാരുടെയും ബന്ധുക്കളുടെയും അടുക്കല്‍ അദ്ദേഹം അവതരിപ്പിച്ചത്. കാനഡയിലെ അതിശൈത്യത്തില്‍ നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കുന്ന വസ്ത്രങ്ങള്‍ ശേഖരിക്കാനും കൂട്ടുകാരോട് അദ്ദേഹം ആവശ്യപ്പെട്ടു. അഭയാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളെ കുറിച്ചും അദ്ദേഹം അന്വേഷിച്ചു. അതായത്, തന്റെ ധീരമായ തീരുമാനം പ്രഖ്യാപിക്കുക മാത്രമല്ല അയാള്‍ ചെയ്തത്. പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളും അദ്ദേഹം ചെയ്തു. കാരണം 50 കുടുംബങ്ങളെ അധിവസിപ്പിക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല. കനേഡിയന്‍ നിയമപ്രകാരം അവരുടെ ഉത്തരവാദിത്വം വഹിക്കുന്നതിന് പുറമെ അവരെ രാജ്യത്തിനകത്ത് എത്തിക്കാനുള്ള ചെലവുകളും (ഒരു കുടുംബത്തിന് 3000 ഡോളര്‍) അവരെ പാര്‍പ്പിക്കലും ആഹാരം കണ്ടെത്തലും തൊഴില്‍ സംഘടിപ്പിക്കല്‍ വരെ അദ്ദേഹത്തിന്റെ ഉത്തരവാദിത്വമായി മാറുന്നു. അവരെ താമസിപ്പിക്കുന്നതിന് വേണ്ട മറ്റു നടപടിക്രമങ്ങളും അതോടൊപ്പം ചെയ്യേണ്ടതുണ്ട്. ജിം എസ്റ്റില്‍ തനിക്ക് വഹിക്കാന്‍ കഴിയുന്ന തുക പ്രഖ്യാപിച്ചു. തന്റെ പദ്ധതിക്ക് ആവശ്യമായ ചെലവുകള്‍ തനിക്ക് ഒറ്റക്ക് വഹിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ പദ്ധതി വിജയിപ്പിക്കുന്നതിന് ഗ്വേള്‍ഫ് എന്ന കൊച്ചു നഗരത്തിലെ ജനങ്ങളുടെ പിന്തുണ അദ്ദേഹം തേടി. അവിടത്തുകാര്‍ അദ്ദേഹത്തെ ഒട്ടു നിരാശപ്പെടുത്തിയില്ല. അവര്‍ സാമ്പത്തികമായും വസ്ത്രങ്ങളും കുടുംബങ്ങളെ താമസിപ്പിക്കുമ്പോള്‍ ആവശ്യമായി വരുന്ന മറ്റ് സൗകര്യങ്ങളും നല്‍കി സഹായിച്ചു.

ജിം എസ്റ്റില്‍ എന്ന ബിസിനസ്സുകാരന്‍ തന്റെ പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് വിവാഹാഘോഷത്തിന് നീക്കി വെച്ചിരുന്ന പണം അഭയാര്‍ഥികള്‍ക്കായി ചെലവഴിക്കാന്‍ തീരുമാനിച്ച വധൂവരന്‍മാരുടെ വാര്‍ത്ത മാധ്യങ്ങളില്‍ വന്നത്. സാമന്ത ജാക്‌സണും ഭര്‍ത്താവ് ഫാര്‍സിന്‍ യൂസൊഫിയാനുമാണ് ആ ദമ്പതികള്‍. അടുത്ത മാര്‍ച്ചില്‍ വിവാഹാഘോഷങ്ങള്‍ നടത്താനായിരുന്നു അവര്‍ തീരുമാനിച്ചിരുന്നത്. അതിനായി ഹാള്‍ വരെ അവര്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ സിറിയന്‍ അഭയാര്‍ഥികളുടെ ദുരിതം അവരുടം മനസ്സുകളെ നൊമ്പരപ്പെടുത്തി. കടലില്‍ മുങ്ങിമരിച്ച സിറിയന്‍ കുഞ്ഞ് ഐലാന്‍ കുര്‍ദിയുടെ ചിത്രമാണ് വിവാഹാഘോഷം വീട്ടില്‍ വെച്ച് നടത്തുന്ന ലളിതമായ ചടങ്ങില്‍ ഒതുക്കാന്‍ അവരെ പ്രേരിപ്പിച്ചത്. 17,500 ഡോളര്‍ മാത്രമായിരുന്നു അവരുടെ പക്കലുണ്ടായിരുന്നത്. ഒരു സിറിയന്‍ കുടുംബത്തെ സ്വീകരിക്കാന്‍ അത് മതിയായിരുന്നില്ല. തങ്ങളുദ്ദേശിക്കുന്ന കാര്യം നടത്തുന്നതിന് പതിനായിരം ഡോളര്‍ കൂടി ആവശ്യമുണ്ടെന്ന് അവര്‍ മനസ്സിലാക്കി. ഇരുവരുടെയും സുഹൃത്തുക്കള്‍ അതേറ്റെടുക്കാന്‍ തയ്യാറായി. അതേ സമയം വാന്‍കോവര്‍ നഗരത്തിലെ റിയല്‍ എസ്‌റ്റേറ്റ് & റെസ്‌റ്റോറന്റ് കമ്പനിയുടെ മാനേജര്‍ ഇയാന്‍ ഗില്ലെസ്പി സിറിയന്‍ അഭയാര്‍ഥികള്‍ക്കായി 12 ഫഌറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായി. ഫര്‍ണിഷിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് അഭയാര്‍ഥികള്‍ക്കുള്ള ഫഌറ്റുകള്‍ അദ്ദേഹം വാന്‍കോവറിലെ ഇമിഗ്രന്റ് സര്‍വീസ് സൊസൈറ്റിക്ക് കൈമാറി. തങ്ങളുടെ മണ്ണിലെത്തുന്ന സിറിയക്കാരെയും ഇറാഖികളെയും ഐക്യരാഷ്ട്രസഭയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്നെ അഭയാര്‍ഥികളായി പരിഗണിക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. സിറിയന്‍ അഭയാര്‍ഥികളെ എങ്ങനെയെല്ലാം സഹായിക്കാമെന്നതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാറിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

ഒരെ സമയം സന്തോഷിപ്പിക്കുന്നതും ദുഖിപ്പിക്കുന്നതുമാണ് ഈ റിപോര്‍ട്ടുകള്‍. നന്മയുടെ ഉറവകള്‍ എല്ലായിടത്തും വറ്റിയിട്ടില്ലെന്ന കാര്യമാണ് സന്തോഷം നല്‍കുന്നത്. എന്നാല്‍ നാം അതിലേക്ക് എത്തി അതിനെ ഉണര്‍ത്തി സജീവമാക്കേണ്ടതുണ്ട്. ഇതിനെ അറബ് ലോകവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ദുഖം അനുഭവപ്പെടുന്നത്. വളരെ ഉദാരന്‍മാരാണ് അവരെന്ന് നമുക്ക് നന്നായി അറിയാം. സഹായങ്ങളും സല്‍പ്രവര്‍ത്തനങ്ങളും ചെയ്യുന്നതില്‍ അവരുടെ പങ്കിനെ നിഷേധിക്കാനാവില്ല എന്നതും വസ്തുതയാണ്. എന്നാല്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ അറബ് സമ്പന്നരുടെ ഭാഗത്തു നിന്നും നല്ല ഒരു നിലപാട് നമുക്ക് കാണാന്‍ സാധിച്ചില്ല. ഈജിപ്ഷ്യന്‍ ബിസിനസുകാരന്‍ നജീബ് സാവിറിസ് സിറിയന്‍ അഭയാര്‍ഥികള്‍ക്കായി മെഡിറ്ററേനിയനില്‍ കടയില്‍ ഒരു ദ്വീപ് വാങ്ങാമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ ആ തീരുമാനം എവിടെയും എത്തിയില്ല. അഭയാര്‍ഥികള്‍ക്ക് വേണ്ട് ഫണ്ട് ശേഖരിക്കുകയും സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന സംഘടനകളെ സുരക്ഷാ വിഭാഗങ്ങള്‍ തളര്‍ത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവയുടെ പ്രവര്‍ത്തനങ്ങളും മന്ദീഭവിച്ചിരിക്കുന്നു. ഭരണകൂടങ്ങള്‍ ആ ബാധ്യത നിര്‍വഹിച്ചില്ലെന്ന് മാത്രമല്ല, മറ്റുള്ളവരെ അതിന് അനുവദിച്ചതുമില്ല. മറ്റുള്ളവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യടിക്കലിലും, ദുഖപ്രകടനത്തിലും ഇരകളുടെ പേരിലുള്ള കണ്ണീരൊഴുക്കലിലും മാത്രമായി നമ്മുടെ പങ്ക് ചുരുങ്ങി. ലോകം അതിവേഗം ഓരോ മേഖലയിലും മുന്നോട്ടു കുതിക്കുമ്പോള്‍ ഓരോ ദിവസവും നാം പിന്നോട്ടടിച്ചു കൊണ്ടിരിക്കുകയാണ്.

മൊഴിമാറ്റം: നസീഫ്

Related Articles