Current Date

Search
Close this search box.
Search
Close this search box.

ഓപ്പറേഷൻ അൽ അഖ്സ ഫ്ളഡ്; ഫലസ്ത്വീൻ രാഷ്ട്രീയത്തിലെ ഗതി മാറ്റങ്ങൾ

കഴിഞ്ഞ ശനിയാഴ്ച രാവിലെ ഇസ്രായേലിന്റെ കര – നാവിക- വായു മേഖലകളിലെല്ലാം കൂടി ആക്രമണം നടത്തിയ ഹമാസിന്റെ നടപടി, ഫലസ്തീൻ -ഇസ്രയേൽ സംഘർഷത്തിന് പുതിയ മാനങ്ങൾ നൽകുന്നുണ്ട്. ലോകത്തിൽ ഏറ്റവും സുരക്ഷിതമായ സൈനിക ശക്തിയെന്നതും മികച്ച രഹസ്യാന്വേഷണ ഏജൻസിയുള്ള രാഷ്ട്രമെന്നതുമുൾപ്പെടെയുള്ള ഇസ്രായേലിന്റെ വാദത്തെ തകർക്കാൻ ഹമാസിനു കഴിഞ്ഞു. ശക്തമായ പ്രത്യാക്രമണം ഇസ്രായേൽ നടത്തുമെന്ന് പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് ‘ഓപ്പറേഷൻ അൽ അഖ്‌സ ഫ്ളഡ്’ എന്ന പേരിൽ ഹമാസ് ആക്രമണത്തിന് തുനിഞ്ഞത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇസ്രായേൽ മസ്ജിദുൽ അഖ്‌സയിലും വെസ്റ്റ് ബാങ്കിലും നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും അറസ്റ്റുകളും കുടിയൊഴിപ്പിക്കലുകളും ലോകം അവഗണിക്കുകയാണുണ്ടായത്. വെസ്റ്റ് ബാങ്കിൽ ദിനേന ഇസ്രായേൽ നടത്തുന്ന കൊലപാതകങ്ങളും ആക്രമണ പരമ്പരകളും ഓസ്ലോ കരാർ പ്രകാരം ഫതഹ് നേതൃത്വത്തിന് തടയാൻ കഴിയില്ല. കൂടാതെ ഫലസ്തീനികളെ തന്നെ ഇസ്രായേൽ ആവശ്യപ്പെടുമ്പോഴൊക്കെ അറസ്റ്റു ചെയ്തുകൊടുക്കാൻ നിർബന്ധിതരായതും ഫലസ്തീനിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ഹമാസിന് അനുകൂല സാഹചര്യം സൃഷ്ടിക്കാനും വഴിയൊരുക്കിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലും അഖ്‌സയിലും അനുസ്യൂതം തുടരുന്ന ഇസ്രായേൽ അക്രമണങ്ങൾക്കുള്ള മറുപടി എന്ന നിലയിലാണ് ഹമാസ് ഈ സൈനിക നടപടിക്ക് മുന്നിട്ടിറങ്ങുന്നത്.

ഈ വർഷത്തിൽ തന്നെ ഇരുന്നൂറിലധികം ഫലസ്തീനികളെ ഇസ്രായേൽ വധിക്കുകയും അതിലധികം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023 ലേത് ഉൾപ്പെടെ അയ്യായിരത്തിലധികം പേര് ഇസ്രായേൽ ജയിലിൽ പീഡനം അനുഭവിക്കുന്നുണ്ട്. അങ്ങേയറ്റം ക്രൂരമായ ഈ വസ്തുതകളൊന്നും ലോക മാധ്യമങ്ങൾക്കു വർത്തയല്ലാതിത്തീരുന്നു എന്നതും ഹമാസിന്റെ സൈനിക നടപടിക്ക് ഹേതുവായിട്ടുണ്ട്.

ഇസ്രായേൽ പൗരന്മാരെ ഗസ്സയിലേക്ക് കടത്തികൊണ്ടുപോകുന്നതിൽ ഹമാസ് വിജയിച്ചത് സിയോണിസ്റ് ഭരണകൂടത്തിന്റെ അതിക്രമങ്ങളുടെ തോത് കുറക്കുന്നതിൽ കാരണമായേക്കും. ഫലസ്തീൻ പൗരന്മാരെ സ്വാതന്ത്രരാക്കാൻ ഇസ്രായേൽ സൈനികരെയും പൗരന്മാരെയും ഉപയോഗിച്ച് വിജയകരമായി വിലപേശിയ ചരിത്രം ഹമാസിനുണ്ട്.

1987, 2000 വർഷങ്ങളിൽ നടന്ന ഫലസ്തീൻ ഇൻതിഫാദകൾ , ഇസ്രായേൽ അതിക്രമങ്ങളെ ലോക സമൂഹത്തിനു മുൻപിൽ വെളിച്ചത്ത് കൊണ്ടുവരുന്നതിൽ സഹായിച്ചിരുന്നു. അറബ് – ഇസ്രായേൽ കരാറുകളുടെ പശ്ചാത്തലത്തിൽ ഹമാസിന്റെ ഈ നടപടിക്ക് പ്രാദേശിക പ്രസക്തിയേറെയാണ്. സൗദി അറേബ്യ അടക്കമുള്ള രാഷ്ട്രങ്ങൾ ഇസ്രയേലുമായി ചർച്ചകൾക്ക് സാധ്യത തുറക്കുന്ന സാഹചര്യത്തിൽ ഈ നീക്കം ഒരു പുനർചിന്തക്ക് പ്രേരിപ്പിക്കുമെന്നു പ്രതീക്ഷിക്കാം.

ജി.സി.സി ഇസ്രായേൽ കരാർ വാണിജ്യ താൽപര്യങ്ങൾക്കപ്പുറം മറ്റൊരു ലക്ഷ്യവുമില്ലായിരുന്നു എന്നത് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. എങ്കിലും അധികാരികളുടെ കൽപനകൾക്കപ്പുറം വിരലുകളനാക്കാത്ത മൂക സാക്ഷികളായ കൊട്ടാര പണ്ഡിതരുടെ നിലപാടുകളെയും ചോദ്യം ചെയ്യാൻ ഈ സംഭവം സാധ്യതയൊരുക്കുന്നുണ്ട്. ലോക രാഷ്ട്രങ്ങളുടെ പ്രതികരണങ്ങളിലും മാറ്റങ്ങൾ ദൃശ്യമാണ്.

പൊതുവെ ഫലസ്തീൻ അനുകൂല സമീപനം സ്വീകരിച്ചു വന്ന ഇന്ത്യ, നിരുപാധികമായി ഇസ്രായേലിനു പിന്തുണ പ്രഖ്യാപിച്ചതിൽ ബി.ജെ.പി യുടെ ദേശീയ രാഷ്ട്രീയ നയങ്ങളുടെ ഭാഗമാണെന്നതിൽ സംശയമില്ല. ഇറാനിന്റെയും തീവ്രവാദികളുടെയും ഭീഷണിയെ തടുക്കാൻ ഇസ്രായേൽ ആവശ്യമാണെന്ന റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർഥി നിക്കി ഹാലിയുടെ അഭിപ്രായം അമേരിക്കൻ വിദേശ നയം വ്യക്തമാക്കിത്തരുന്നുണ്ട്.

നിരന്തരമായി മസ്ജിദുൽ അഖ്‌സയുടെ പരിസരങ്ങളിൽ അക്രമം നടത്തിയതിന്റെ പരിണതിയാണിതെന്നും അതിനാൽ തന്നെ മുഴുവൻ ഉത്തരവാദിത്തവും ഇസ്രായേലിനാണെന്ന ഖത്തറിന്റെ പ്രസ്താവന ഫലസ്തീനികളോടുള്ള അവരുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. തുർക്കിഷ് പ്രസിഡണ്ട് റജബ് ത്വയ്യിബ് എർദോഗാനും ഇസ്രായേലിന്റെ മസ്ജിദുൽ അഖ്‌സ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ എതിർത്തിരുന്നു. ചുരുക്കത്തിൽ ഫലസ്ത്വീനികളുടെ വിമോചന പോരാട്ട ചരിത്രത്തിലെ നിർണായക അധ്യായങ്ങളിലൊന്നാണ് ഓപ്പറേഷൻ അൽ അഖ്സ ഫ്ളഡ്.

Related Articles