Current Date

Search
Close this search box.
Search
Close this search box.

യു.പി തെരഞ്ഞെടുപ്പ്: യോഗിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം

നിയമസഭ തെരഞ്ഞെടുപ്പിന് ഒന്‍പത് മാസം മാത്രം അവശേഷിക്കെ കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലുള്ള കെടുകാര്യസ്ഥത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനും ബി.ജെ.പിക്കും പുതിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. യോഗിയുടെ നേതൃത്വത്തെയും ഭരണരംഗത്തെ കഴിവുകേടും ചോദ്യം ചെയ്യപ്പെടുകയാണിപ്പോള്‍.

അടുത്ത തെരഞ്ഞെടുപ്പിന് ബി.ജെ.പിയെ നയിക്കാന്‍ അദ്ദേഹം യോഗ്യന്‍ അല്ല എന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള നിരവധി പേര്‍ ഇതിനോടകം പരസ്യമായി പ്രതികരിച്ചത്. അതിനാല്‍ തന്നെ യോഗിയെ സംസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നിന്നും മാറ്റണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ബിജെപിയുടെ ദേശീയ പ്രസിഡന്റിനെയും സന്ദര്‍ശിക്കാന്‍ ആദിത്യനാഥ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ദില്ലിയിലെത്തിയതിന് പിന്നാലെ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും മുതിര്‍ന്ന നേതാക്കളും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗിയെ ഡല്‍ഹിയിലേക്ക് ‘വിളിപ്പിക്കുക’യായിരുന്നു. ഇതിന് ഒരു ദിവസം കഴിഞ്ഞ് പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജിതിന്‍ പ്രസാദ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തെ പ്രമുഖ ബ്രാഹ്മണ മുഖമായിട്ടാണ് ബി.ജെ.പി പ്രൊജക്റ്റ് ചെയ്യുന്നത്.

യോഗി ആദിത്യനാഥിന് നിയമസഭാ സാമാജികര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമിടയിലും ജനപ്രീതി നഷ്ടപ്പെടുന്നതിനെക്കുറിച്ചും സംസ്ഥാനത്തെ പാര്‍ട്ടിയുടെ സഖ്യകക്ഷികള്‍ക്ക് ഇതില്‍ അതൃപ്തരാണെന്നും ഇക്കാര്യത്തില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഉന്നത നേതൃത്വത്തിന് ആശങ്കയുണ്ടെന്നുമാണ് തുടര്‍ച്ചയായി ഡല്‍ഹിയില്‍ നടന്ന ഉന്നത യോഗങ്ങളുടെ സംഗ്രഹം.

പിന്നാലെ ഗുജറാത്തില്‍ നിന്നുള്ള മുന്‍ ബ്യൂറോക്രാറ്റും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമായ എ.കെ ശര്‍മ യു.പിയിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (എം.എല്‍.സി) അംഗമായി സ്ഥാനമേറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. യോഗി സര്‍ക്കാരില്‍ ഇദ്ദേഹത്തിന് മന്ത്രിസ്ഥാനം നിഷേധിക്കുകയും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്് യോഗി തള്ളുകയും ചെയ്തിരുന്നു. യു.പി ഭരണകൂടം ബ്യൂറോക്രസിയുടെ പിടിയിലാണെന്നും ജനപ്രതിനിധികളെ അരികുവത്കരിച്ചതായും ആരോപണമുണ്ട്.

ഇതിനിടെയാണ്, ലോകത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് മൃതദേഹങ്ങള്‍ കൂട്ടമായി ഗംഗയിലൂടെ ഒഴുകിനടന്നതതും ശ്മാശനങ്ങളില്‍ കത്തുന്ന എണ്ണമറ്റ ചിതകളും, ആഴമില്ലാത്ത ശവക്കുഴികള്‍ നിന്ന് മഴയെത്തുടര്‍ന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തുവന്നതുമെല്ലാം പരസ്യമായത്. ഇതോടെ കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടതായി വിലയിരുത്തപ്പെട്ടു.

സംസ്ഥാനത്ത് ഓക്‌സിജന്റെ കുറവും ആശുപത്രി കിടക്കകള്‍, മരുന്നുകള്‍ എന്നിവയുടെ ദൗര്‍ലഭ്യതയും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും മരണസംഖ്യ വര്‍ദ്ധിക്കുകയും ചെയ്തതോടെ, എം എല്‍ എമാരും എം പിമാരും മന്ത്രിമാരും വേഗത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനിടയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തകര്‍പ്പന്‍ തോല്‍വി ഏറ്റുവാങ്ങി. മനസ്സില്ലാ മനസ്സോടെ തെരഞ്ഞെടുപ്പിനെ നേരിട്ട സമാജ്വാദി പാര്‍ട്ടി അപ്രതീക്ഷിതമായി വിജയവും കൈവരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ ലഖ്നൗ, അയോദ്ധ്യ, വാരണാസി തുടങ്ങിയയിടങ്ങളില്‍ ബി ജെ പിക്ക് കനത്ത പ്രഹരമേറ്റു.

എന്നാല്‍, മാധ്യമങ്ങളിലായാലും പാര്‍ട്ടിക്കുള്ളിലായാലും വിമര്‍ശനങ്ങളില്‍ നിസ്സംഗത പുലര്‍ത്തുകയാണ് യോഗി ആദിത്യനാഥ് ചെയ്തത്.
അദ്ദേഹം സംസ്ഥാന പര്യടനം ആരംഭിക്കുകയും പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ പി.ആര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നയങ്ങളും സജീവമായ ഇടപെടലുമാണ് കോവിഡ് രണ്ടാം തരംഗത്തെ നിയന്ത്രണത്തിലാക്കിയത് എന്ന് വ്യാപകമായി പ്രചരിപ്പിച്ചു. മാധ്യമങ്ങളിലും പരസ്യങ്ങളും അഭിമുഖങ്ങളും ‘സ്‌പോണ്‍സര്‍ ചെയ്ത വാര്‍ത്തകളും’ എല്ലാം യു.പിയില്‍ ഭരണം മികച്ചതാണെന്ന് പ്രഖ്യാപിക്കുകയും യോഗിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അസാധാരണമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തുവെന്നും പ്രചരിപ്പിച്ചു. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്കിടയിലും ബി.ജെ.പിക്കും സംസ്ഥാന സര്‍ക്കാരിനുമിടയില്‍ ഒരുപാട് മാറ്റങ്ങള്‍ വരാനിരിക്കുന്നുവെന്ന വ്യാപകമായ ഊഹാപോഹങ്ങളും നിലനില്‍ക്കുന്നുണ്ട്.

ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും രാഷ്ട്രീയ കുടയല്‍ തുടരുന്നതിനിടെ യു.പി തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ സുരക്ഷിതമായി വിജയിക്കില്ലെന്നാണ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം കൂടി പുറത്തുവന്നതോടെ വലതുപക്ഷ അണികള്‍ കണക്കുകൂട്ടുന്നത്. ബംഗാളിലെ ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് ക്യാംപയിനര്‍ യോഗിയായിരുന്നു. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളായ ത്രിപുര, കേരള, തെലങ്കാന എന്നിവിടങ്ങളിലും അദ്ദേഹം തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിച്ചിരുന്നു. ഹിന്ദിയിലായിരുന്നു അവിടങ്ങളിലെല്ലാം പ്രസംഗിച്ചത്. യു.പിക്ക് പുറത്തുള്ള ഒരു ജനപ്രിയ നേതാവായും പൊതുസമ്മതനുമായാണ് ബി.ജെ.പി അദ്ദേഹത്തെ ചിത്രീകരിച്ചത്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ആദിത്യനാഥ് നിരവധി റാലികളെ അഭിസംബോധന ചെയ്തിരുന്നു.

കോവിഡ് -19 ന്റെ രണ്ടാം തരംഗം മൂലമുണ്ടായ വ്യാപകമായ കെടുകാര്യസ്ഥതയും കൂടാതെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നിരാശാജനകമായ പ്രകടനവും കാര്യങ്ങള്‍ മാറ്റിമറിച്ചു. ഭാവിയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ വരെ സാധ്യത കണക്കാക്കുന്ന യോഗി ആദിത്യനാഥിന് 2022 മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ ശക്തികേന്ദ്രം സംരക്ഷിക്കാന്‍ കഴിയുമോ എന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ബംഗാളിലെ പരാജയം ബിജെപിയ്ക്ക് കനത്ത പ്രഹരമാണ് ഏല്‍പിച്ചത്. അവരുടെ ആത്മവിശ്വാസത്തിന് ഇളക്കം സംഭവിച്ചു.
യു.പി തെരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ബി.ജെ.പി ശ്രദ്ധാപൂര്‍വ്വമാണ് മുന്നോട്ടുള്ള പടികള്‍ ചവിട്ടുക. തല്‍ഫലമായി, കോവിഡ് 19ന്റെ രണ്ടാം തരംഗം മൂലമുണ്ടായ നാശത്തില്‍ നിന്നും കരകയറുന്നതില്‍ സംസ്ഥാന ഭരണകൂടം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണെങ്കിലും അതിന്റെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ സജീവമായി മുന്നോട്ട് പോകുന്നുണ്ട്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതിനുമുമ്പ് നേരിട്ട കടുത്ത മത്സരത്തെക്കുറിച്ച് ബിജെപിക്ക് നന്നായി അറിയാം.

പാര്‍ട്ടിക്ക് ജാര്‍ഖണ്ഡ് നഷ്ടമായി, ബീഹാറിലെ ജനതാദളു(യുണൈറ്റഡ്)മായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും, ബി.ജെ.പിയും ജെ.ഡി.യുവും തമ്മിലുള്ള വിള്ളല്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. അസമില്‍ തിരിച്ചുവരവ് നടത്താന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും ഹരിയാനയിലും ബിജെപിക്ക് സഖ്യസര്‍ക്കാര്‍ രൂപീകരിക്കേണ്ടി വന്നു. ഇതെല്ലാം അവരുട നില പരുങ്ങുന്നതായാണ് കാണുന്നത്. അതിനാല്‍ തന്നെ മൂന്ന് വര്‍ഷത്തിനപ്പുറം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനും അടുത്ത വര്‍ഷം നടക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിനും രാഷ്ട്രീയ തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയാന്‍ ബി.ജെ.പി ഇപ്പോഴേ ശ്രമം തുടങ്ങിയിട്ടുണ്ട്. അതിന് ഏത് വഴിയും അവര്‍ സ്വീകരിക്കുമെന്നതാണ് നമ്മുടെ മുന്‍ അനുഭവങ്ങള്‍.

അവലംബം: thewire.in
വിവ: സഹീര്‍ വാഴക്കാട്

Related Articles