Current Date

Search
Close this search box.
Search
Close this search box.

ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്തുകൊണ്ടാണ് അക്രമാസക്തമാകുന്നത് ?

പശ്ചിമ ബംഗാളിലെ ഗ്രാമീണ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, അക്രമരഹിത തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ വേണ്ടി കല്‍ക്കത്ത ഹൈക്കോടതി വന്‍തോതില്‍ കേന്ദ്ര അര്‍ദ്ധസൈനികരെ വിന്യസിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട്് സുപ്രധാനമായ ജുഡീഷ്യല്‍ ഇടപെടല്‍ ഉണ്ടായിരുന്നു.

നിലവിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കീഴിലും മുമ്പ് ഇടതുപക്ഷത്തിന് കീഴിലുമായി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെല്ലാം കാര്യമായ തോതില്‍ അക്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍, ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് ഹൈക്കോടതിയുടെ ഇടപെടല്‍ നടത്തിയ പ്രതീക്ഷകളെയെല്ലാം തെറ്റിച്ചു. ഏകദേശം 60,000 അര്‍ദ്ധസൈനികരെ വിന്യസിച്ചിരുന്നെങ്കിലും രൂക്ഷമായ അക്രമങ്ങളാല്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു. വോട്ടര്‍ ഭീഷണിപ്പെടുത്തുന്നതായ വ്യാപകമായ റിപ്പോര്‍ട്ടുകളുടെ കൂടെ തന്നെ 20 പേര്‍ കൊല്ലപ്പെട്ടു.

രാഷ്ട്രീയ അക്രമങ്ങള്‍ ഇന്ത്യയ്ക്ക് അപരിചിതമല്ല. കലാപങ്ങള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍, ആക്രമണങ്ങള്‍ എന്നിവ ഇവിടെ പതിവായി സംഭവിക്കുന്നു, ഇതിനെല്ലാം പലപ്പോഴും ശക്തമായ രാഷ്ട്രീയ ശക്തികളുടെ പിന്തുണയുമുണ്ടാകാറുണ്ട്. എങ്കിലും, ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും പശ്ചിമ ബംഗാളില്‍ കാണുന്ന രീതിയിലുള്ള അതിക്രമങ്ങള്‍ ഉണ്ടാവാറില്ല. പ്രത്യേകിച്ചും വോട്ടിംഗുമായി ബന്ധപ്പെട്ടുള്ള വ്യാപക അക്രമങ്ങള്‍. ഗ്രാമീണ തിരഞ്ഞെടുപ്പുകളിലാണ് ബംഗാളില്‍ ഇത്രയധികം അക്രമങ്ങള്‍ ഉണ്ടാകാറുള്ളത്. ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായി, മറ്റ് പല സംസ്ഥാനങ്ങളിലെയും ഗ്രാമീണ തെരഞ്ഞെടുപ്പുകളിലെ അക്രമണങ്ങളെ വളരെ താഴ്ന്ന നിലയിലാണ്.

പശ്ചിമ ബംഗാളിലെ ഗ്രാമീണ തെരഞ്ഞെടുപ്പുകള്‍ ഇത്രമാത്രം അക്രമാസക്തമാകുന്നതിന്റെ വസ്തുത എന്തൊക്കെയാണ് ?

ഗ്രാമീണ പടയൊരുക്കത്തിന്റെ ചരിത്രം

എന്തുകൊണ്ടാണ് ഗ്രാമീണ ബംഗാളില്‍ ഇത്രയധികം അക്രമങ്ങള്‍ ഉണ്ടാകുന്നത് എന്ന് മനസിലാകണമെങ്കില്‍ അവിടുത്തെ രാഷ്ട്രീയത്തിന്റെ ഒരു ചെറിയ ചരിത്രം നമുക്ക് പരിശോധിക്കേണ്ടതുണ്ട്. 1937-ല്‍ ബ്രിട്ടീഷ് രാജ് പ്രവിശ്യാ ഗവണ്‍മെന്റിനായി ജനാധിപത്യ വോട്ടിംഗ് ഏര്‍പ്പെടുത്തിയത് മുതല്‍ ബംഗാളി കര്‍ഷകര്‍ അവിടുത്തെ രാഷ്ട്രീയത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ച് പോരുന്നുണ്ട്. 1937-ല്‍ ബംഗാളിലെ ആദ്യത്തെ മുഖ്യമന്ത്രിയായ എ.കെ ഫസലുല്‍ ഹഖ് കര്‍ഷക അധിഷ്ഠിതമായ ഒരു പാര്‍ട്ടിയില്‍ നിന്നാണ് അധികാരത്തിലെത്തിയത്. അതുവരെ നാട്ടിന്‍പുറങ്ങളില്‍ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന ജമീന്ദാര്‍മാരെ എതിര്‍ത്തിരുന്ന കൃഷിക് പ്രജാ പാര്‍ട്ടി എന്ന കര്‍ഷക അധിഷ്ഠിത പാര്‍ട്ടിയില്‍ നിന്നാണ് എ.കെ. ഫസലുല്‍ ഹഖ് വരുന്നത്.

കൃഷി ഭൂമിയിലെ വിളവെടുപ്പിന്റെ പകുതിയില്‍ നിന്ന് മൂന്നിലൊന്നായി ഭൂവുടമയുടെ വിഹിതം പരിമിതപ്പെടുത്തുന്ന ഒരു പുതിയ നിയമം ലംഘിക്കാനുള്ള ജമീന്ദാര്‍മാരുടെ ശ്രമങ്ങളെ ബംഗാളി പാട്ടക്കാര്‍(കൃഷിഭൂമി പാട്ടത്തിനെടുത്തവര്‍) വിജയകരമായി എതിര്‍ത്തു. ഈ പുതിയ നിയമമായ തേഭാഗ അഥവാ മൂന്നിലൊന്ന് നിയമം കൊണ്ടുവന്നത് മുസ്ലീം ലീഗ് സര്‍ക്കാരാണ് എങ്കിലും ഭൂവുടമകളുടെ നേതൃത്വത്തിലുള്ള ഗുണ്ടകളുടെ സായുധമായ എതിര്‍പ്പിനെയൊന്നും വകവെക്കാതെ അത് നടപ്പിലാക്കിയത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്.

പുതുതായി സൃഷ്ടിച്ച പശ്ചിമ ബംഗാള്‍ പ്രവിശ്യയില്‍ ബംഗാളിലെ യാഥാസ്ഥിതിക പാര്‍ട്ടിയായ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ പഴയ ഗ്രാമീണ ഉത്തരവ് ഭാഗികമായി പുനഃസ്ഥാപിച്ചു. എന്നിരുന്നാലും, തേഭാഗ പ്രസ്ഥാനം ആരംഭിച്ച ഗ്രാമീണ മുന്നേറ്റം ശക്തിയാര്‍ജിച്ചുകൊണ്ടോയിരുന്നു. 1960-കളോടെ, സായുധരായ തീവ്ര കമ്മ്യൂണിസ്റ്റുകള്‍ ഒരു പ്രസ്ഥാനത്തിന് കീഴില്‍ അണിനിരന്ന് ഭൂമി പുനര്‍വിതരണം നടത്തണമെന്ന് വാദിച്ചു. 1977ല്‍ ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോള്‍ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നു, കൃഷിചെയ്യുന്ന ഭൂമിയില്‍ പാട്ടക്കാര്‍ക്ക് അവകാശം നല്‍കി. ഈ സുസ്ഥിരമായ ഗ്രാമീണ സമാഹരണത്തിന്റെ അനന്തരഫലങ്ങള്‍ അര്‍ത്ഥമാക്കുന്നത് ഭൂപരിഷ്‌കരണങ്ങള്‍ ഇന്ത്യയിലെ മറ്റെവിടെത്തെക്കാളും പശ്ചിമ ബംഗാളില്‍ വിജയം കൈവരിച്ചു എന്നാണ്. രാജ്യത്തെ വന്‍കിട ഇടത്തരം ഭൂവുടമകളുടെ ഏറ്റവും കുറഞ്ഞ അനുപാതമുള്ള സംസ്ഥാനമാണിത്.

ഈ കര്‍ഷക അടിത്തറ വളരെ ശക്തമായിരുന്നു, വാസ്തവത്തില്‍, സംസ്ഥാനത്തിന് ആവശ്യമായ വ്യവസായം കൊണ്ടുവരാന്‍ 2000-കളുടെ അവസാനത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ നിര്‍ബന്ധിതമായി കൃഷിഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് കഴിഞ്ഞില്ല. 1960കളിലെ സംഭവവികാസങ്ങളില്‍ നിന്നും വിപരീതമായി, കൃഷിഭൂമി കര്‍ഷകരില്‍ നിന്നും ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് സായുധ കേഡറുകള്‍ കര്‍ഷകരെ ബലപ്രയോഗത്തിലൂടെ നേരിട്ടു. ഒടുവില്‍ ഈ സംഭവങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ 2011 ലെ ഇടതുമുന്നണി സര്‍ക്കാരിന്റെ പതനത്തിലേക്കാണ് അത് നയിച്ചത്.

പഞ്ചായത്തിലെ അധികാരകൈമാറ്റം

ഈ ഗ്രാമീണ മുന്നേറ്റത്തിന് സമാന്തരമായി 1978-ല്‍ ഇടതുപക്ഷം ശക്തമായ ഗ്രാമീണ പ്രാദേശിക ഭരണസംവിധാനം കൊണ്ടുവന്നു. നിയമപരമായി, ഈ പഞ്ചായത്തുകളിലേക്ക് ഗണ്യമായ അളവില്‍ അധികാരം വിനിയോഗിക്കപ്പെട്ടു, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പശ്ചിമ ബംഗാള്‍ ഒരിക്കലും പ്രാദേശിക തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ വീഴ്ച വരുത്തിയിരുന്നില്ല.

2007ല്‍ യു.എസിലെ കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ശുഭം ചൗധരിയുടെ ഒരു പഠനത്തില്‍, പ്രാദേശിക തലത്തിലേക്ക് അധികാരം വിഭജിക്കുന്ന കാര്യത്തില്‍ പശ്ചിമ ബംഗാള്‍ മുന്നിലാണെന്ന് കണ്ടെത്തിയിരുന്നു. കേരളവും ബംഗാളും മാത്രമാണ് ‘കാര്യമായ അധികാരവിഭജനം ഏറ്റെടുത്തിട്ടുള്ള ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങള്‍’ എന്ന് ചൗധരി കണ്ടെത്തി.

കടലാസില്‍, ഈ പഞ്ചായത്തുകള്‍ക്ക് കാര്യമായ അധികാരമുണ്ടെങ്കിലും, വളരെ ശക്തമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയുടെ പ്രത്യേക സാഹചര്യം അര്‍ത്ഥമാക്കുന്നത് പലപ്പോഴും യഥാര്‍ത്ഥ നിയന്ത്രണം നിലനിന്നിരുന്നില്ല എന്നാണ്. എന്നാല്‍ 2011ല്‍ ഇടതുപക്ഷം വീണു. അധികാരത്തിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സംഘടനയുടെ പിന്‍ബലവും ഇല്ലായിരുന്നു, മമതാ ബാനര്‍ജിയുടെ വ്യക്തിത്വമാണ് അധികാരത്തിലെത്തിച്ചത്. ഇടതുപക്ഷത്തിന്റെ സംഘടനാ തത്വത്തിന്റെ വിപരീത ധ്രുവമായിരുന്നു അത്.

മൈക്രോമാനേജ് ചെയ്യാന്‍ പാര്‍ട്ടി സംഘടനകളൊന്നുമില്ലാതെ തന്നെ തൃണമൂലിന്റെ കീഴില്‍ പഞ്ചായത്തുകള്‍ എല്ലാം സ്വന്തമാക്കി. ഇടതുപക്ഷം വിനിയോഗിച്ച അധികാരങ്ങളുടെ മുഴുവന്‍ യഥാര്‍ത്ഥ ശക്തിയും അവര്‍ പെട്ടെന്ന് നേടിയെടുത്തു. ഇവിടുത്തെ വിജയകരമായ അധികാരവിഭജനം അര്‍ത്ഥമാക്കുന്നത്, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആരാണ് സംസ്ഥാനം ഭരിക്കുന്നത് എന്ന് തീരുമാനിക്കുന്നതിന് പശ്ചിമ ബംഗാളിലെ പഞ്ചായത്തുകളുടെ നിയന്ത്രണം നിര്‍ണായകമാണ്. വാസ്തവത്തില്‍, അപകടസാധ്യത വളരെ ഉയര്‍ന്നതാണ്, രാഷ്ട്രീയ മത്സരങ്ങള്‍ പലപ്പോഴും അക്രമത്തിലേക്ക് കടക്കുന്നു. ബംഗാളി കര്‍ഷകര്‍ക്കിടയിലെ ഒരു നൂറ്റാണ്ടോളമായി ഈ ഗ്രാമീണ സംഘട്ടന പ്രവണത നിലനിന്നു പോരുന്നു.

ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള നിയന്ത്രണം

കൊല്‍ക്കത്തയിലെ ഭരണാധികാരികള്‍ പലപ്പോഴും ഈ ഗ്രാമീണ രാഷ്ട്രീയ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും യഥാര്‍ത്ഥത്തില്‍ അതില്‍ നിന്നും പ്രയോജനം നേടുകയും ചെയ്തിട്ടുണ്ട് എന്നതില്‍ സംശയമില്ല. ഉദാഹരണത്തിന്, ഇടതുപക്ഷം കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഇത് ഉപയോഗിച്ചു. പ്രതിപക്ഷത്തെ തുടച്ചു നീക്കാന്‍ തൃണമൂലും ഇത് ഉപയോഗിച്ചു.

എന്നിരുന്നാലും, ഒരു പരിധിക്കപ്പുറം, ഈ ഗ്രാമീണ ഇടം നിയന്ത്രിക്കുന്നത് കൊല്‍ക്കത്തയില്‍ നിന്ന് സാധ്യമല്ല. 2000-കളുടെ അവസാനത്തില്‍ നിര്‍ബന്ധിതമായി ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടതുപക്ഷം വളരെ പ്രയാസകരമായ പാഠം പഠിച്ചു. അതുപോലെ, തൃണമൂല്‍ ഹൈക്കമാന്‍ഡിനും ഗ്രാമീണ അക്രമങ്ങളില്‍ പരിമിതമായ നിയന്ത്രണമേ ഉള്ളൂ. അവിശ്വസനീയമെന്നു പറയട്ടെ, 2023ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൊല്ലപ്പെട്ട തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും യഥാര്‍ത്ഥത്തില്‍ ഭരണകക്ഷിയില്‍ നിന്നുള്ളവരാണ്.

ചില സന്ദര്‍ഭങ്ങളില്‍, തൃണമൂല്‍ ഈ ആക്രമണങ്ങള്‍ക്ക് പ്രതിപക്ഷത്തെയും പ്രത്യേകിച്ച് ഇടതുപക്ഷ-കോണ്‍ഗ്രസ് സഖ്യത്തെയും കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവയില്‍ പലതും ഉള്‍പാര്‍ട്ടി വിഭാഗീയതയുടെ ഫലമാണെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കേന്ദ്ര നേതൃത്വം ഭീഷണി ഉപയോഗിച്ച് വിഭാഗീയത നിയന്ത്രിക്കാന്‍ ശ്രമിച്ചു. പഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് തന്റെ സര്‍ക്കാരില്‍ നിന്നാണ് വരുന്നതെന്നും അതിനാല്‍ ഔദ്യോഗിക തൃണമൂല്‍ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ച് ഒരു പഞ്ചായത്തില്‍ വിജയിച്ചതുകൊണ്ട് കാര്യമായ പ്രയോജനമില്ലെന്നും ഒരു അഭിമുഖത്തില്‍, മുഖ്യമന്ത്രി ബാനര്‍ജി വിമതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നിരുന്നാലും, മുകളില്‍ നിന്നുള്ള ഭീഷണികള്‍ പരിമിതമായ സ്വാധീനമാണ് ചെലുത്തിയത്.

മാത്രവുമല്ല, ജുഡീഷ്യറിയുടെ ഉത്തരവനുസരിച്ച് വിന്യസിച്ചിരുന്ന കേന്ദ്ര അര്‍ദ്ധസൈനിക സേനയും ഉപയോഗശൂന്യമാണെന്നാണ് പശ്ചിമ ബംഗാളിലെ വലിയ ജനസംഖ്യയ്ക്കൊപ്പമുള്ള അക്രമത്തിന്റെ വ്യാപ്തി അര്‍ത്ഥമാക്കുന്നത്. ഫലത്തില്‍, ബംഗാളിലെ ഗ്രാമീണ രാഷ്ട്രീയ അക്രമങ്ങള്‍ വിരോധാഭാസമെന്നു പറയട്ടെ, ശക്തമായ കര്‍ഷകരുടെയും ശക്തമായ പ്രാദേശിക അധികാര വികേന്ദ്രീകരണത്തിന്റെയും ഫലമാണ്.

ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ അക്രമാസക്തമാണെങ്കിലും, തങ്ങളുടെ ഗ്രാമീണ സര്‍ക്കാരുകളെ തിരഞ്ഞെടുക്കാന്‍ വന്‍തോതിലുള്ള പൗരന്മാരുടെ കാര്യമായ പങ്കാളിത്തവും ഉണ്ടെന്നാണ് ഈ പസില്‍ വിശദീകരിക്കുന്നത്. 2023ലെ പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പോളിങ് 81% ആയിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ദേശീയ പോളിങ് ശതമാനം 67 ശതമാനം മാത്രമായിരുന്നു.

 

അവലംബം: ദി സ്‌ക്രോള്‍
വിവ: സഹീര്‍ വാഴക്കാട്

Related Articles