Current Date

Search
Close this search box.
Search
Close this search box.

ധിഷണയിൽ ചാലിച്ച ജീവിതം

പ്രിയ ഗുരുവര്യൻ ടി.കെ അബ്ദുല്ല സാഹിബിനെ ആദ്യമറിയുന്നതും നേരിട്ട് കാണുന്നതും, 1995ലോ മറ്റോ എസ്.ഐ.ഒ കോഴിക്കോട് ജില്ല കൊയിലാണ്ടിയിൽവെച്ച് നടത്തിയ സമ്മേളനത്തിലാണ്. അന്ന് ഉപ്പയോടൊപ്പം സമ്മേളനത്തിൽ പങ്കെടുത്ത ഞാൻ, ഒന്നും തിരിഞ്ഞില്ലെങ്കിലും ആ പ്രതിഭയുടെ വാഗ്ധോരണികൾ സാകൂതം ശ്രവിച്ചു. പിന്നീടങ്ങോട്ട് പലപ്പോഴായി പലയിടങ്ങളിൽവെച്ച് ആ സാന്നിധ്യത്തെ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തു. 2000ലോ മറ്റോ പെരുമ്പിലാവിൽ നടന്ന ജമാഅത്ത് പ്രവർത്തകരുടെ സമ്മേളനത്തിൽ ടി.കെ നടത്തിയ പ്രസംഗത്തിന്റെ റെക്കോഡ് ചെയ്ത കാസറ്റ് പുറത്തിറങ്ങിയിരുന്നു. കേരള ജമാഅത്തിനെ മൂന്ന് ഘട്ടങ്ങളായി വിഭജിച്ച്, അത് കടന്നുവന്ന നാൾവഴികളും മറ്റും വിവരിക്കുന്ന ഉജ്ജ്വലമായ ചിന്തകളാണ് പ്രസംഗത്തിന്റെ ഉള്ളടക്കം. ആ പ്രസംഗം പലതവണയാണ് കേട്ടത്. ഓരോ കേൾവിയും ഒരുതരം ആവേശവും രോമാഞ്ചവുമായിരുന്നു ഉള്ളിലുണർത്തിയത്. പിന്നെ, ‘പ്രബോധനം’ വാരികയിൽ വരാറുള്ള പ്രസ്ഥാന ചിന്തകൾ എന്ന ശീർഷകത്തിലുള്ള ടി.കെയുടെ കുറിപ്പുകളും വളരെയേറെ ഹൃദ്യമായാണ് തോന്നിയത്.

ടി.കെയെ കൂടുതൽ അടുത്തറിയുന്നത് ശാന്തപുരം അൽജാമിഅയയിലെ പഠനകാലത്താണ്. ശാന്തപുരത്തെ പഠനകാലം ജീവിതത്തിൽ ലഭിച്ച വലിയ സൗഭാഗ്യമായി മാത്രമേ ഓർക്കാനാവുള്ളൂ. കെ.ടി അബ്ദുർറഹീം സാഹിബ്, അബ്ദുല്ല ഹസൻ സാഹിബ്, വി.കെ അലി സാഹിബ്, ഹൈദരലി ശാന്തപുരം, ഇ.എൻ മുഹമ്മദ് മൗലവി…… എന്നിങ്ങനെ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ വലിയൊരു പണ്ഡിതനിരയിൽനിന്ന് വിജ്ഞാനം അവിടെനിന്ന് നുകരാനായി. ടി.കെ അബ്ദുല്ല സാഹിബും ശാന്തപുരത്ത് ക്ലാസെടുക്കാറുണ്ടായിരുന്നു. രസകരവും നർമം നിറഞ്ഞതുമായിരുന്നു ആ ക്ലാസുകൾ. ഇസ്ലാം, മുസ്ലിം, ഇസ്ലാമികപ്രസ്ഥാനം, ഇസ്ലാമേതരദർശനങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകൾ ആ ജിഹ്വയിൽനിന്ന് നിർഝരിച്ചു. ക്ലാസിനുശേഷം, സംശയനിവാരണങ്ങൾ നടന്നു. എങ്ങനെയൊക്കെ ബുദ്ധി വ്യായാമങ്ങൾ നടത്തി ടി.കെയെ ഉത്തരം മുട്ടിക്കാൻ ശ്രമിച്ചാലും, അതിനൊക്കെ കൃത്യവും ധൈഷണികവുമായ ഉത്തരങ്ങൾ ടി.കെയുടെ അടുത്ത് ഉണ്ടാകുമായിരുന്നു. വിദ്യാർഥികളെ അലട്ടിക്കൊണ്ടിരിക്കുന്ന സമസ്യകൾ നേരത്തേതന്നെ എഴുതിവാങ്ങി, അവയെ മുൻനിർത്തികൊണ്ടായിരുന്നു ചില ക്ലാസുകൾ നടക്കാറുണ്ടായിരുന്നത്. പ്രവാചകന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിലനിന്ന സംശയങ്ങൾ എഴുതിക്കൊടുത്തതും ടി.കെ ആ വിഷയത്തിൽ സംസാരിച്ചതുമൊക്കെ ഇപ്പോഴും ഓർക്കുന്നു.

കോഴിക്കോട് ഹിറാ സെന്ററിൽ ജോലിയായതിനുശേഷം, ടി.കെയുമായുള്ള ബന്ധം ഊഷ്മളമായി. ചെറിയ കാര്യങ്ങൾക്കും വലിയ കാര്യങ്ങൾക്കും അങ്ങോട്ടും ഇങ്ങോട്ടുമുള്ള ബന്ധമുണ്ടായി. അദ്ദേഹം ഹിറയിൽ വരുന്ന സമയത്ത് ചിലപ്പോൾ, അദ്ദേഹത്തിന്റെ റൂമിലേക്ക് എന്നെ വിളിക്കും. പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കും; പുസ്തകങ്ങളിൽനിന്ന് ചില ഭാഗങ്ങൾ വായിപ്പിക്കും. അദ്ദേഹവുമായുള്ള സംസാരങ്ങളിൽ ഗനൂഷിയുടെ തുനീഷ്യൻ രാഷ്ട്രീയവും സ്വത്വരാഷ്ട്രീയവും ലിബറലിസവുമൊക്കെ കടന്നുവന്നു.

ടി.കെ അബ്ദുല്ല സാഹിബിന്റെ ജീവിതത്തിൽ കാണാവുന്ന മൂന്ന് മാതൃകകൾ താഴെ ചേർക്കുന്നു.

ഒന്ന്, എല്ലാവരുമായും തുറന്ന് സംസാരിക്കാനുള്ള വലിയ മനസ്. ചെറിയവരോടും വലിയവരോടും അദ്ദേഹം സംവദിച്ചു; ജമാഅത്തിന്റെ ഇളംതലമുറയോടും മുതിർന്ന തലമുറയോടും സംവദിച്ചു; സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവരോട് സംവദിച്ചു. അക്കാര്യത്തിൽ ഒരുതരത്തിലുള്ള പിശുക്കും അദ്ദേഹം കാണിച്ചില്ല. തന്നെയുമല്ല, സമയവും സാഹചര്യവും ഒത്തുവന്നാൽ ഏതൊരു വ്യക്തിയുമായുള്ള സംസാരം അദ്ദേഹത്തിന് കൂടുതൽ ആവേശം പകർന്നതേയുള്ളൂ.

രണ്ട്, വിജ്ഞാനത്തോടും ചിന്തയോടുമുള്ള ഒടുങ്ങാത്ത അഭിനിവേശം. ധൈഷണികമേഖലയായിരുന്നു ടി.കെ അബ്ദുല്ല സാഹിബിന്റെ തട്ടകം. ദാർശനികൻ, ചിന്തകൻ, പണ്ഡിതൻ……. തുടങ്ങി ഒട്ടനവധി സവിശേഷതകൾ അദ്ദേഹത്തിന് ചേരും. ഇസ്ലാമിനെ കാലാനുസൃതമായി പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും ജനങ്ങൾക്ക് മുമ്പിൽ സമർപ്പിച്ചു. സയ്യിദ് മൗദൂദിയുടെ ഇസ്ലാമിക നവോത്ഥാന ആശയങ്ങളും അല്ലാമാ ഇഖ്ബാലിന്റെ ദാർശനിക ചിന്തകളുമാണ് ടി.കെയുടെ ധിഷണയുടെ കാതലായി വർത്തിച്ചത്. ടി.കെയുടെ വിജ്ഞാനത്തോടുള്ള അഭിനിവേശം തൊണ്ണൂറ്റിനാലാം വയസിലും തുടർന്നു. ലോക്ഡൗണിന് മുമ്പുള്ള കാലയളവിൽ പല വ്യക്തികളെയും തന്റെ അരികിലേക്ക് വിളിച്ചുവരുത്തി വൈജ്ഞാനിക വിഷയങ്ങൾ ചർച്ച ചെയ്യാറുണ്ടായിരുന്നു.

മൂന്ന്, നർമബോധവും ചെറിയ കാര്യങ്ങളിൽവരെയുള്ള സൂക്ഷമതയും. കാര്യങ്ങൾ മുഴുവൻ നർമത്തിൽ ചാലിച്ചാണ് ടി.കെ അബ്ദുല്ല സാഹിബ് അവതരിപ്പിച്ചത്. മൂന്ന് വർഷംമുമ്പ് ഒരിക്കൽ അദ്ദേഹവുമായി സംസാരിക്കുമ്പോൾ, ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു: ‘ഞാനിപ്പോൾ ഏറ്റവുമധികം ചിന്തിച്ചുകൊണ്ടിരിക്കുന്ന കാര്യം നിനക്കറിയുമോ?’. ജമാഅത്തിന്റെ ഭാവിപോലുള്ള പലപല കാര്യങ്ങളായിരിക്കും താങ്കൾ ചിന്തിക്കുന്നതെന്ന് ഞാൻ മറുപടി നൽകി. ഒടുവിൽ സ്വതസിദ്ധമായി ചിരിച്ചുകൊണ്ട് ടി.കെ പറഞ്ഞു: ‘എന്നാൽ, അതൊന്നുമല്ല ഞാൻ ചിന്തിക്കുന്നത്. പ്രായത്തിന്റെ ഈ അവശതയിൽ എങ്ങനെ വീഴാതിരിക്കണമെന്ന കാര്യത്തെക്കുറിച്ചാണ് ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. പ്രായംചെന്നവർക്ക് സംഭവിക്കുന്ന ഏതൊരു വീഴ്ചയും അവരെ എല്ലാ അർഥത്തിലും തളർത്തിക്കളയും’, ടി.കെ പറഞ്ഞുനിർത്തി. ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽപോലുമുള്ള സൂക്ഷമത ടി.കെയെ മറ്റെല്ലാവരിൽ നിന്നും വേറിട്ടുനിർത്തി.

അവസാനമായി ഒരുവട്ടംകൂടി ആ സുന്ദരമുഖം കണ്ടു, ചില്ലുജാലകത്തിൽ കിടന്ന് പുഞ്ചിരി തൂവുന്ന മുഖം. മരണത്തിന് അദ്ദേഹം എന്നോ ഒരുങ്ങിക്കഴിഞ്ഞിരുന്നു, ഇമാം ഗസ്സാലിയും അല്ലാമാ ഇഖ്ബാലുമൊക്കെ തങ്ങളുടെ അവസാനക്കാലത്ത് മരണത്തിന് ഒരുങ്ങിയത് പോലെ. ഏതു നിമിഷവും അത് സംഭവിക്കാമെന്ന് ടി.കെ വിശ്വസിച്ചു. എന്നാൽ, മരണത്തെ ഒട്ടും ഭയപ്പെട്ടില്ല.

ശാന്തിനേടിയ ആത്മാവായിട്ട് സ്വർഗത്തിന്റെ ശീതളിമയിൽ ടി.കെ അബ്ദുല്ല സാഹിബ് പറന്നുല്ലസിക്കട്ടെയെന്ന പ്രാർഥന മാത്രം.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles