Current Date

Search
Close this search box.
Search
Close this search box.

ഇത് അഭിപ്രായസ്വാതന്ത്ര്യമല്ല, വിദ്വേഷ പ്രചരണമാണ്

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, യൂറോപ്പിൽ ഇസ്ലാമോഫോബിക് നീക്കങ്ങൾ തുടർക്കഥയായി മാറിയിരിക്കുകയാണ്. ജനശ്രദ്ധ പിടിച്ചുപറ്റാനും വിവാദമുണ്ടാക്കാനുമായി ചില തീവ്ര വലതുപക്ഷ വ്യക്തികൾ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്‌ലിംകളെ എതിർക്കാൻ വേണ്ടി ഖുർആൻ കത്തിക്കൽ അടക്കമുള്ള ആസൂത്രിത പ്രവർത്തങ്ങൾ നടത്തുന്നുണ്ട്.

ഇത്തരം വിഷയങ്ങളുടെ ഗൗരവത്തെ കുറിച്ച് മുസ്‌ലിംകൾ ഓർമ്മിപ്പിക്കുകയും അതിനെ വിദ്വേഷ പ്രചരണമായി പരിചയപ്പെടുത്തുകയും ചെയ്യുമ്പോൾ, അധികാരികളുടെ പിന്തുണയോടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇതിനെ ന്യായീകരിക്കുന്നതാണ് നാം കാണുന്നത്.

കഴിഞ്ഞ ആഴ്ച്ച ഡാനിഷ്-സ്വീഡിഷ് തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ റാസ്മസ് പലുദാൻ, മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ കത്തിച്ച നീചവൃത്തിയിലും ഇതായിരുന്നു സംഭവിച്ചത്. പ്രസ്തുത സംഭവത്തിന് ദിവസങ്ങൾക്ക് ശേഷം തന്നെ മറ്റൊരു യൂറോപ്യൻ തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരനും സമാനരീതി ആവർത്തിച്ചിരുന്നു. തീവ്ര വലതുപക്ഷ പ്രസ്ഥാനമായ PEGIDAയുടെ തലവനായ ഡച്ചുകാരൻ എഡ്വിൻ വാഗൻസ്വെൽഡ്, തീയിടുന്നതിന് മുമ്പ് വിശുദ്ധ ഗ്രന്ഥത്തിൽ നിന്ന് പേജുകൾ കീറിക്കളയുകയും ചെയ്തിരുന്നു.

വംശീയവെറിയിൽ മുമ്പ് കുറ്റാരോപിതനായ പലൂഡനും മറ്റ് തീവ്ര വലതുകക്ഷികളും തങ്ങളുടെ വിദ്വേഷപ്രകടനത്തിന് ഖുർആൻ തെരഞ്ഞെടുത്തത് യാദൃശ്ചികമായിരുന്നില്ല. മറിച്ച്, ശതകോടിക്കണക്കിന് മുസ്‌ലിംകളുടെ ജീവിതത്തിലും സ്വത്വത്തിലും വിശുദ്ധ ഗ്രന്ഥം വഹിക്കുന്ന ഭാഗഥേയത്തെ കുറിച്ചുള്ള കൃത്യമായ ബോധ്യമാണ് ഈ നീക്കത്തിന് പിന്നിലുള്ളത്.

മുസ്‌ലിംകളെ നിരോധിക്കുന്നതിനും പുറത്താക്കുന്നതിനും ആവശ്യപ്പെടുകയും “തിന്മയും പ്രാകൃതവുമായ മതമായി” ഇസ്‌ലാമിനെ വിശേഷിപ്പിക്കുകയും ചെയ്തതുൾപ്പെടെ വംശീയ, ഇസ്‌ലാമോഫോബിക് പ്രചാരണങ്ങൾ പാലുഡാനിന്റെ പതിവാണ്.
ഖുർആനെ “ഏറ്റവും വലിയ വേശ്യാ പുസ്തകം” എന്ന് വിളിക്കുകയും “അതിൽ മൂത്രമൊഴിക്കാൻ അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്തു” എന്ന് എക്‌സ്‌ട്രീമിസ്റ്റ് മോണിറ്ററിംഗ് അനാലിസിസ് നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇത്തരത്തിലുള്ള സുവ്യക്തമായ മുസ്ലീം വിരുദ്ധ വീക്ഷണങ്ങൾ കണക്കിലെടുക്കുമ്പോൾ, ഖുർആൻ കത്തിക്കാനുള്ള പലൂഡന്റെ തീരുമാനം ഇസ്ലാമോഫോബിക് വിദ്വേഷത്തിന്റെ പ്രതിഫലനമാണെന്നത് തീർച്ചയാണ്. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശം മുസ്‌ലിംകൾക്ക് നേരെയുള്ള നീചപ്രവർത്തിയിലൂടെയാണ് അയാൾ പ്രകടിപ്പിച്ചത്.

പ്രതീകാത്മക കൊലപാതകം

പ്രൊഫസർ ഫരീദ് ഹഫീസ് അടുത്തിടെ അഭിപ്രായപ്പെട്ടത് പോലെ ഈ സാഹചര്യത്തിൽ മുസ്‌ലിംകളുടെ വിശുദ്ധ ഗ്രന്ഥം കത്തിക്കുന്നത് “പ്രതീകാത്മക കൊലപാതകമോ പ്രതീകാത്മക നശീകരണമോ ആണ്”. ഖുർആനിന്റെ പേജുകൾ കീറുക, കത്തിക്കുക, അല്ലെങ്കിൽ ടോയ്‌ലറ്റുകളിൽ കഴുകുക (ഗ്വാണ്ടനാമോ ബേയിൽ യുഎസ് സൈനിക ഉദ്യോഗസ്ഥർ ചെയ്തത് പോലെ) പോലുള്ള പ്രവർത്തനങ്ങൾ മുസ്‌ലിംകൾക്ക് അത്യധികം വേദനയുണ്ടാക്കണമെന്ന പ്രത്യേക ലക്ഷ്യത്തോടെയും ഉദ്ദേശ്യത്തോടെയുമാണ്. ഇത്തരം നീക്കങ്ങൾ അഭിപ്രായ സ്വാതന്ത്ര്യമല്ല, മറിച്ച് ആസൂത്രിതമായ വിദ്വേഷ പ്രചരണമാണ്.

ഇസ്‌ലാമോഫോബിക് ആക്രോശങ്ങളെയും ഖുർആൻ കത്തിക്കുന്നതിനെയും സംബന്ധിയായ സംസാരങ്ങൾ കേവലം അപലപനങ്ങളിൽ അവസാനിക്കുകയും പകരം ആവിഷ്‌കാര സ്വതന്ത്രത്തെക്കുറിച്ചുള്ള പുതിയ സംവാദങ്ങളിലേക്ക് വഴിതിരിച്ചുവിടുകയുമാണ് ചെയ്യുന്നത്.

അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്. സുരക്ഷിതവും നീതിയുക്തവുമായ ഒരു സമൂഹം ഉറപ്പാക്കാൻ ഇത്തരം നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ആവശ്യമാണ്.

ഇന്ന് സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശവും അതിന്റെ പേരിൽ സംരക്ഷിക്കപ്പെടുന്നവരും വ്യക്തിനിഷ്ഠമാണ്. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണ് പലപ്പോഴും എന്താണ് അനുവദിനീയം, അനുവദിനീയമല്ലാത്തത് എന്ന് തീരുമാനിക്കുന്നത്. ഫലസ്തീനിലെ ഇസ്രയേലിന്റെ വംശീയ അതിക്രമങ്ങളെ പൊതുജനങ്ങളിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതിന്റെ പേരിൽ നിശ്ശബ്ദരാക്കപ്പെടുകയോ അക്രമങ്ങൾ നേരിടുകയോ ചെയ്ത മാധ്യമപ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, അവകാശ പ്രവർത്തകർ എന്നിവരുമായി ബന്ധപ്പെട്ട കേസുകളുടെ ഒരു ചെറിയ അവലോകനം തന്നെ ഈ കാര്യം കൃത്യമായി വ്യക്തമാക്കുന്നുണ്ട്.

ഈ പ്രവണതയുടെ ഏറ്റവും പുതിയ ഉദാഹരണങ്ങളിലൊന്നാണ് ഇക്കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യയിൽ നടന്നത്. 2002-ലെ മാരകമായ മുസ്ലീം വിരുദ്ധ ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററിയെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്യാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ സമ്മർദ്ദത്തിന് ട്വിറ്ററും YouTube-ഉം വഴങ്ങുകയായിരുന്നു.

യൂറോപ്പിൽ, ഇസ്‌ലാമോഫോബിക് വീക്ഷണങ്ങൾ പുലർത്തുന്ന പല നേതാക്കൾക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനവും സ്വീകാര്യമല്ലാത്തതും എന്താണെന്നും നിർണ്ണയിക്കാനുള്ള അധികാരമുണ്ട്. ഖുറാൻ കത്തിക്കുന്നതിൽ പങ്കെടുക്കുന്നവർ പലപ്പോഴും വെള്ളക്കാരാണ് എന്നതും യാദൃശ്ചികമല്ല. നിലവിലുള്ള വ്യവസ്ഥിതികളിൽ വെള്ളക്കാരായ വ്യക്തികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതൽ പദവികളും അവകാശങ്ങളും നൽകുന്നുണ്ട്.

പരിമിതിമായ ‘അഭിപ്രായസ്വാതന്ത്ര്യം’

മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ, ഹിജാബിന്റെ വർദ്ധിച്ചുവരുന്ന നിയന്ത്രണങ്ങൾ, സമ്പൂർണ നിരോധനങ്ങൾ തുടങ്ങിയവ ഇന്ന് യൂറോപ്പിൽ സ്ഥിരമാണ്. പള്ളികൾക്കെതിരായ നശീകരണ പ്രവർത്തനങ്ങളും തീവെപ്പുകളും പലപ്പോഴും നടക്കുന്നുണ്ട്. പല രാജ്യങ്ങളിലും അധികാരികൾ മുസ്‌ലിം സിവിൽ സമൂഹത്തെ കുറ്റക്കാരാക്കി, സംഘടനകളും പള്ളികളും അടച്ചുപൂട്ടാനും വ്യക്തികളെ തടവിലാക്കാനും കാര്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇസ്‌ലാമോഫോബിയയെ ന്യായീകരിക്കാൻ ഉപയോഗിക്കുന്ന ആവിഷ്‌കാരസ്വാതന്ത്ര്യം, മുസ്‌ലിംകളുടെ അവകാശങ്ങൾ അവഗണിക്കപ്പെടുമ്പോൾ അപ്രത്യക്ഷമാവുകയാണ്. രാഷ്ട്രീയരംഗത്ത് സജീവമായ, ഇസ്‌ലാമോഫോബിക് നയങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്ന മുസ്‌ലിംകളെ “തീവ്രവാദികളും” “തീവ്രവാദ അനുഭാവികളു”മായി കണക്കാക്കുകയും അവരെ ക്രിമിനൽ കുറ്റങ്ങൾക്ക് വിധേയരാക്കുകയും ചെയ്യുന്നു.
ഇസ്‌ലാമോഫോബിയയെ കുറിച്ച് പഠനം നടത്തുന്ന മുസ്‌ലിം അക്കാദമിക് വിദഗ്ധർ പോലും ഈ ആരോപണങ്ങളിൽ നിന്ന് സുരക്ഷിതരല്ല. പ്രൊഫസർ ഹഫീസിനു നേരെയുള്ള ഓസ്ട്രിയൻ അധികാരികളുടെ നീക്കങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്.

ഇത്തരം സംഭവങ്ങളിലൊന്നും തന്നെ അഭിപ്രായപ്രകടനത്തിനുള്ള മുസ്‌ലിംകളുടെ അവകാശത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നില്ല. ഒരു വശത്ത് ഇത്തരം അനിഷേധ്യമായ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും, മറുവശത്ത് ഈ അവകാശങ്ങളുടെ ദുരുപയോഗം കൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ട, ദുർബല വിഭാഗങ്ങൾ വെല്ലുവിളി നേരിടുകയും ചെയ്യുകയാണ്.

വിശുദ്ധ ഖുർആൻ കത്തിക്കുന്നത് പോലുള്ള വിദ്വേഷകരമായ പ്രവൃത്തികൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് മുസ്ലീങ്ങൾ തങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിക്കുമ്പോഴും ഇസ്ലാമോഫോബിക് നീക്കങ്ങൾ സജീവമാവുന്നു.
ഈ എതിർശബ്ദങ്ങളെ മാധ്യമങ്ങൾ ശത്രുതയോടെ സമീപിക്കുകയും “തീവ്രവാദപ്രവർത്തന”മാക്കി ചിത്രീകരിച്ച് മുസ്ലിം വിരുദ്ധകക്ഷികളുടെ സഹായികളാവുകയുമാണ് അവർ ചെയ്യുന്നത്.

സ്വീഡന്റെ വിദേശകാര്യ മന്ത്രി, ടോബിയാസ് ബിൽസ്ട്രോം, പാലുഡന്റെ പ്രവൃത്തിയെ “ഭീകരം” എന്ന് വിശേഷിപ്പിച്ചുവെങ്കിലും ഭരണഘടനയിലെ അഭിപ്രായസ്വാതന്ത്ര്യ പ്രകടനത്തിനുള്ള രാജ്യത്തിന്റെ “ശക്തമായ സംരക്ഷണം” കാരണമാണ് അധികാരികൾ നടപടി സ്വീകരിക്കാത്തതെന്ന് പരാമർശിക്കുകയുണ്ടായി.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. ഈ പ്രവൃത്തിയെ “കനത്ത അനാദരവ്” എന്ന് വിശേഷിപ്പിച്ച് അപലപനത്തിൽ ചുരുക്കി. പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം സംഭവങ്ങളെ വിദ്വേഷപ്രേരിതവും അപകടകരവുമായി കാണുന്നതിൽ അധികാരികൾ പരാജയപ്പെടുന്നുവെന്നത് തീർച്ചയാണ്.

ചുരുക്കത്തിൽ, ഖുർആൻ കത്തിക്കുന്നത് മുസ്ലീങ്ങൾക്കെതിരായ അക്രമത്തിന്റെ പ്രതീകാത്മക ആഹ്വാനമാണ്. മുസ്ലീം വിരുദ്ധ മതഭ്രാന്താണ് ഇതിനു പ്രചോദനമാവുന്നത്. ഒരു മതവിഭാഗത്തെ ശത്രുക്കളാക്കാനും ഉപദ്രവിക്കാനും ലക്ഷ്യമിട്ടുള്ള പ്രകോപനപരമായ പ്രവർത്തനങ്ങളിൽ സ്ഥിരാംഗങ്ങളായ വ്യക്തികളാണ് ഇത് നടപ്പിലാക്കുന്നത്.

മുസ്ലീങ്ങളുടെ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ലോകമെമ്പാടും പരിമിതപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ “അഭിപ്രായസ്വാതന്ത്ര്യം” എന്ന ലേബലിൽ നടത്തുന്ന പരാമർശങ്ങൾ മുസ്‌ലിം വിരുദ്ധ വീക്ഷണങ്ങൾക്കുള്ള മറ മാത്രമാണ്.

ഇത്തരം വിദ്വേഷകരമായ സംഭവങ്ങളെ ഗൗരവത്തിൽ കൈകാര്യം ചെയ്യുന്നതിലുള്ള അഭാവം ഇസ്‌ലാമോഫോബിയ കൂടുതൽ സാധാരണമാക്കുകയും മുസ്‌ലിംകൾക്ക് പ്രതികൂലവും അപകടകരവുമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.

വിവ: മുജ്തബ മുഹമ്മദ്‌

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles