Current Date

Search
Close this search box.
Search
Close this search box.

2022ല്‍ ഫലസ്തീനില്‍ എന്തെല്ലാം സംഭവിച്ചു ?

സംഘര്‍ഷം, റെയ്ഡുകള്‍, ഫലസ്തീനിലെ ഏറ്റവും ആദരണീയനായ ഒരു മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം എന്നിങ്ങനെ 2022-ല്‍ ഇസ്രായേലിലും ഫലസ്തീനിലും സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളില്‍ ചിലത് മാത്രമാണ്. 2006ന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളുടെ ഏറ്റവും മാരകമായ വര്‍ഷമായി 2022നെ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. വര്‍ദ്ധിച്ചുവരുന്ന ഇസ്രായേലിന്റെ ബലപ്രയോഗവും രാജ്യം തീവ്ര വലതുപക്ഷത്തേക്ക് കൂടുതല്‍ മാറിക്കൊണ്ടിരിക്കുന്നതിനുമിടയിലാണിത്.

2022ല്‍ ഫലസ്തീനെ രൂപപ്പെടുത്തിയ ആറ് പ്രധാന സംഭവവികാസങ്ങള്‍:

ഗാസയില്‍ വീണ്ടും സംഘര്‍ഷം

ഗാസ മുനമ്പില്‍ മുമ്പ് ഇസ്രായേല്‍ ബോംബാക്രമണം നടത്തി 15 മാസത്തിനുള്ളിലാണ് ഉപരോധ ഗസ്സയില്‍ ഓഗസ്റ്റ് ആദ്യത്തില്‍ മൂന്ന് ദിവസം ഇസ്രായേല്‍ യുദ്ധവിമാനങ്ങളുടെ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ 17 കുട്ടികള്‍ ഉള്‍പ്പെടെ 49 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് (PIJ) നേതാവിനെ വെസ്റ്റ് ബാങ്കില്‍ വെച്ച് ഇസ്രയേലി സൈന്യം അറസ്റ്റ് ചെയ്തത് സംഘര്‍ഷം രൂക്ഷമാകുമെന്ന ഭീതി ഉയര്‍ത്തി, ഇത് ഇസ്രയേലിനും ഗാസയ്ക്കും ഇടയിലുള്ള അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലേക്ക് നയിച്ചു.

ആഗസ്റ്റ് 5ന്, ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ഗാസയില്‍ വീണ്ടും വ്യോമാക്രമണം നടത്തി, ഇസ്രായേലിന് നേരെ റോക്കറ്റ് തൊടുത്തുവിട്ടുകൊണ്ടാണ് PIJ ഇതിനോട് പ്രതികരിച്ചത്. PIJ കമാന്‍ഡര്‍മാരുടെ കൊലപാതകത്തെത്തുടര്‍ന്ന്, ഇരു വിഭാഗവും തമ്മില്‍ പോരാട്ടം പൊട്ടിപ്പുറപ്പെടുന്നത് നീണ്ടുനില്‍ക്കുന്ന സംഘട്ടനത്തിലേക്ക് നയിക്കുമെന്ന് ഭയം ഉണ്ടായിരുന്നെങ്കിലും, ഈജിപ്ഷ്യന്‍ മധ്യസ്ഥതയിലുള്ള ചര്‍ച്ച പ്രാബല്യത്തില്‍ വന്നതിന് ശേഷം മൂന്ന് ദിവസത്തിന് ശേഷം സംഘര്‍ഷം അവസാനിച്ചു.

15 വര്‍ഷമായി ഗാസ ഭരിക്കുന്ന ഹമാസ് പോരാട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനമാണ് സംഘര്‍ഷം രൂക്ഷമാകാതിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. എന്നിരുന്നാലും, ഗാസയില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്, 2021ലെ 11 ദിവസത്തെ സംഘര്‍ഷത്തിന് ശേഷം ഇവയൊന്നും പുനര്‍നിര്‍മ്മിച്ചിട്ടില്ല. എന്നിരുന്നാലും മറ്റൊരു പൊട്ടിത്തെറിയുടെ ഭീഷണി ഇപ്പോഴും നീങ്ങിയിട്ടില്ല.

വളര്‍ന്നു വരുന്ന ഫലസ്തീന്‍ സായുധ പ്രതിരോധം

2022ല്‍ വെസ്റ്റ് ബാങ്കിലുണ്ടായ പ്രധാന മാറ്റങ്ങളിലൊന്ന് വടക്കന്‍ നഗരങ്ങളായ ജെനിന്‍, നബ്ലസ് എന്നിവ കേന്ദ്രീകരിച്ചുള്ള ചെറിയ സായുധ പ്രതിരോധ ഗ്രൂപ്പുകളുടെ വളര്‍ച്ചയാണ്. ജൂണില്‍ ഫലസ്തീന്‍ പോരാളിയായ ജമീല്‍ അല്‍-അമൂറിയെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് നഗരത്തിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജെനിന്‍ ബ്രിഗേഡ്‌സ് എന്ന ആദ്യ ഗ്രൂപ്പിന്റെ രൂപീകരണത്തോടെ 2021 സെപ്റ്റംബറിലാണ് ഈ പ്രതിഭാസത്തിന് തുടക്കമായത്.

2022ല്‍ നബ്ലസ് ബ്രിഗേഡുകള്‍, ലയണ്‍സ് ഡെന്‍, ബാലാറ്റ ബ്രിഗേഡുകള്‍, തുബാസ് ബ്രിഗേഡുകള്‍, യബാദ് ബ്രിഗേഡുകള്‍ എന്നിവയാണ് ഇതില്‍ ചിലത്. വിവിധ പരമ്പരാഗത ഫലസ്തീനിയന്‍ പാര്‍ട്ടികളിലെ അംഗങ്ങളാണ് ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നതെങ്കില്‍, പുതിയ ഗ്രൂപ്പുകള്‍ ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയുമായോ പ്രസ്ഥാനവുമായോ തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് വിസമ്മതിക്കുന്നു.

ഇത്തരം ഗ്രൂപ്പുകള്‍ അവരുടെ കഴിവുകളുടെ കാര്യത്തില്‍ പരിമിതമാണെങ്കിലും, പ്രതിദിന റെയ്ഡുകള്‍ക്ക് മറുപടിയായി ഇസ്രായേല്‍ സേനയുമായി ഏറ്റുമുട്ടുന്നതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, കൂടാതെ അവര്‍ ഇസ്രായേലി സൈനിക ചെക്ക്പോസ്റ്റുകളില്‍ വെടിവയ്പ്പ് നടത്തുകയും ചെയ്തു. ഇസ്രായേല്‍ സൈനികരെയും കുടിയേറ്റക്കാരെയും കൊലപ്പെടുത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തവും അവര്‍ ഏറ്റെടുത്തിട്ടുണ്ട്. രണ്ടാം ഇന്‍തിഫാദയ്ക്ക് (2005) ശേഷം ആദ്യമായാണ് സംഘടിത ഗ്രൂപ്പുകള്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സേനയോട് പോരാടുന്നത്. ഇന്‍തിഫാദ അല്ലെങ്കില്‍ പ്രക്ഷോഭത്തിന്റെ അവസാനം, പ്രദേശത്തെ മിക്ക ആയുധങ്ങളും ഫലസ്തീന്‍ അതോറിറ്റിയുടെ (PA) കൈവശമായിരുന്നു.

ദിവസേനയുള്ള റെയ്ഡുകളും കൊലപാതകങ്ങളും

ജെനിന്‍, നബ്ലസ് എന്നിവ കേന്ദ്രീകരിച്ച് വെസ്റ്റ്ബാങ്കില്‍ ദിവസേനയുള്ള റെയ്ഡുകളും കൂട്ട അറസ്റ്റുകളും കൊലപാതകങ്ങളും ഉള്‍പ്പെടുന്ന ‘ബ്രേക്ക് ദ വേവ്’ എന്ന പേരില്‍ ഇസ്രായേല്‍ ഒരു സൈനിക ക്യാമ്പയിന്‍ തന്നെ ആരംഭിച്ചു. മാര്‍ച്ചില്‍ ഇസ്രായേലില്‍ നടന്ന വ്യക്തിഗത ആക്രമണങ്ങളുടെ പരമ്പരയെതുടര്‍ന്നായിരുന്നു ഇത്.

റെയ്ഡുകളില്‍ ഇസ്രായേല്‍ സൈന്യത്തെ നേരിടുന്ന സിവിലിയന്മാരും നിരപരാധികളും കൊല്ലപ്പെട്ടു, അതുപോലെ തന്നെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിലും സായുധ ഏറ്റുമുട്ടലുകളിലും ഫലസ്തീന്‍ പോരാളികളും കൊല്ലപ്പെട്ടു. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച്, 30ലധികം കുട്ടികള്‍ ഉള്‍പ്പെടെ ഇസ്രായേല്‍ സൈന്യം 2022-ല്‍ വെസ്റ്റ് ബാങ്കില്‍ 170 ഫലസ്തീനികളെ കൊല്ലുകയും കിഴക്കന്‍ ജറുസലേം പിടിച്ചടക്കുകയും ചെയ്തു. 9,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കൊലപാതകങ്ങളുടെ പരമ്പര ഫലസ്തീനികള്‍ക്കിടയില്‍ പ്രത്യേക രോഷത്തിന് കാരണമായി. കഴിഞ്ഞ ഡിസംബര്‍ 12 ന്, ജെനിനില്‍ 16 വയസ്സുകാരി തന്റെ വീടിന്റെ മേല്‍ക്കൂരയില്‍ നില്‍ക്കുമ്പോള്‍ ഇസ്രായേല്‍ റെയ്ഡില്‍ വെടിയേറ്റ് മരിച്ചിരുന്നു. ഡിസംബര്‍ 2ന് 23 കാരനായ ഒരു ഫലസ്തീനിയെയും ഇസ്രായേല്‍ സൈനികന്‍ പരസ്യമായി കൊലപ്പെടുത്തി. കൊലപാതകം ചിത്രീകരിക്കുകയും ഫലസ്തീനികള്‍ അതിനെ ‘വധശിക്ഷ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

നിരീക്ഷകരും നയതന്ത്രജ്ഞരും അവകാശ ഗ്രൂപ്പുകളും ഈ വര്‍ഷം വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ അമിതമായ മാരകശക്തി ഉപയോഗിച്ചതില്‍ ‘ആശങ്ക’ പ്രകടിപ്പിച്ചു, ഇത് കൊലപാതകങ്ങള്‍ ഉയരാന്‍ ഇടയാക്കിയെന്നും അവര്‍ പറഞ്ഞു.

ഷിറീന്‍ അബു അഖ്‌ലയുടെ കൊലപാതകം

മെയ് 11ന്, ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ സൈനിക റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മുതിര്‍ന്ന അല്‍ ജസീറ ജേര്‍ണലിസ്റ്റ് ഷിറീന്‍ അബു അഖ്‌ലയെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നത്. 25 വര്‍ഷത്തിലേറെയായി ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ അധിനിവേശം റിപ്പോര്‍ട്ട് ചെയ്ത 51 കാരിയായ അബു അഖ്‌ല അല്‍ ജസീറ അറബിക്കിന്റെ ഫലസ്തീന്‍-അമേരിക്കന്‍ ടി.വി റിപ്പോര്‍ട്ടറായിരുന്നു. അവളുടെ കൊലപാതകം അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധത്തിന് കാരണമാവുകയും ലോകമെമ്പാടും ഞെട്ടലുണ്ടാക്കുകയും ചെയ്തു.

കിഴക്കന്‍ ജറുസലേമില്‍, അവളുടെ മൃതദേഹവുമായി വന്ന വിലാപയാത്രക്കാരെയും ഇസ്രായേല്‍ സൈന്യം ആക്രമിച്ചു. അവളുടെ കൊലപാതകത്തിന് ഉത്തരവാദി ഇസ്രായേല്‍ ആണെന്ന് ഒന്നിലധികം അന്വേഷണങ്ങള്‍ കണ്ടെത്തി, ഒടുവില്‍ തങ്ങളുടെ സൈനികരിലൊരാള്‍ അബു അഖ്‌ലയെ കൊലപ്പെടുത്തിയതാകാന്‍ ‘ഉയര്‍ന്ന സാധ്യത’ ഉണ്ടെന്ന് ഇസ്രായേല്‍ സെപ്റ്റംബറില്‍ സമ്മതിച്ചു. എന്നാല്‍ ക്രിമിനല്‍ അന്വേഷണം നടത്താന്‍ ഇസ്രായേല്‍ അധികൃതര്‍ വിസമ്മതിച്ചു.

തീവ്ര വലതുപക്ഷത്തിന്റെ ഉദയം

2022ല്‍, നാല് വര്‍ഷത്തിനുള്ളില്‍ അഞ്ചാമത്തെ ഇസ്രായേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. സുസ്ഥിരമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഇസ്രായേലിന്റെ ദീര്‍ഘകാല കഴിവില്ലായ്മയുടെ ഫലങ്ങള്‍ താല്‍ക്കാലികമായി അവസാനിച്ചതായാണ് കരുതുന്നത്. രാജ്യത്തിന്റെ 74 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ ഗവണ്‍മെന്റിന്റെ രൂപീകരണത്തിന് അത് കാരണമായി. നിയുക്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ ലിക്കുഡ് പാര്‍ട്ടിയും 120 അംഗ നെസറ്റില്‍ 64 ഭൂരിപക്ഷം നേടിക്കൊണ്ട് മത സയണിസ്റ്റ്, തീവ്ര ഓര്‍ത്തഡോക്‌സ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി.

തെരഞ്ഞെടുപ്പിലെ മൂന്നാമത്തെ വലിയ സഖ്യം മത-സയണിസ്റ്റ് സഖ്യമായിരുന്നു. ബെസാലെല്‍ സ്‌മോട്രിച്ചിന്റെ നേതൃത്വത്തിലുള്ള അതേ പേരിലുള്ള പാര്‍ട്ടിയുടെ ലയനവും ഇറ്റാമര്‍ ബെന്‍-ഗ്വിറിന്റെ നേതൃത്വത്തിലുള്ള ജൂത പവര്‍ പാര്‍ട്ടിയും തമ്മിലായിരുന്നു ഇത്.
രണ്ട് വിവാദ വ്യക്തികളും ഫലസ്തീനികള്‍ക്കെതിരെ നിരന്തരം അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് പേരുകേട്ടവരാണ്, കൂടാതെ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേല്‍ സെറ്റില്‍മെന്റ് കെട്ടിടത്തിന്റെ നിര്‍മാണം വേഗത്തിലാക്കാനുള്ള അവരുടെ ഉദ്ദേശ്യങ്ങള്‍ പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം, സ്‌മോട്രിച്ച് ഇസ്രായേലിലെ ഫലസ്തീനികള്‍ ‘അബദ്ധവശാല്‍ ഇവിടെയുണ്ട് – കാരണം ധമുന്‍ പ്രധാനമന്ത്രിപ ബെന്‍-ഗുറിയോണ്‍ ജോലി പൂര്‍ത്തിയാക്കിയില്ല’ എന്നും അവരെ 1948-ല്‍ പുറത്താക്കുകയും ചെയ്തു. ഇസ്രായേലിനോട് അവിസ്വാസ്യത കാണിക്കുന്ന ഫലസ്തീന്‍ പൗരന്മാരെ നാടുകടത്തണമെന്ന് മുമ്പ് ബെന്‍-ഗ്വീര്‍ ആവശ്യപ്പെട്ടിരുന്നു. തോക്കുകള്‍ കൈവശം വയ്ക്കാന്‍ ഇസ്രായേല്‍ കുടിയേറ്റക്കാരോട് ആഹ്വാനം ചെയ്യുകയും ഫലസ്തീനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉപയോഗിക്കാത്തതിന് ഇസ്രായേലി സൈന്യത്തെയും സര്‍ക്കാരിനെയും പതിവായി വിമര്‍ശിക്കുകയും ചെയ്തിരുന്നു ഇവര്‍.

വെസ്റ്റ് ബാങ്കിന്റെ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പോകുന്ന രാഷ്ട്രീയക്കാരുടെ നയങ്ങളും കാഴ്ചപ്പാടുകളും, അവിടെ ഇതിനകം സംഘര്‍ഷഭരിതമായ സാഹചര്യത്തെ കൂടുതല്‍ ആളിക്കത്തിക്കാന്‍ ഒരുങ്ങുകയാണ്.

കുടിയേറ്റക്കാരുടെ ആക്രമണം വര്‍ധിച്ചു

വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ വര്‍ധിക്കുകയും 2022-ല്‍ ഇത് കൂടുതല്‍ ധിക്കാരപരവും ഏകോപന സ്വഭാവത്തിലുള്ളതുമായി. ഈ വര്‍ഷം കുറഞ്ഞത് മൂന്ന് ഫലസ്തീനികളെ കുടിയേറ്റക്കാര്‍ കൊലപ്പെടുത്തി. ഈ ആക്രമണങ്ങളില്‍ ചിലത് ഇസ്രായേല്‍ സൈനിക സേന നോക്കിനില്‍ക്കെയാണ്.

ഇസ്രായേല്‍ സൈന്യം സ്ഥിരമായി കുടിയേറ്റക്കാരുടെ ആക്രമണങ്ങളെ സഹായിക്കുകയും പിന്തുണയ്ക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്യുന്നതിന്റെ തെളിവുകള്‍ ഉണ്ട്. ഇത് മൂലം ഇസ്രായേലി കുടിയേറ്റക്കാരും ഭരണകൂട അക്രമവും തമ്മില്‍ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാക്കുന്നു,” ഡിസംബര്‍ 15 ന് യു.എന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണങ്ങളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വാര്‍ഷിക വര്‍ദ്ധനവിന്റെ ആറാം വര്‍ഷമാണ് 2022′ പ്രസ്താവന തുടര്‍ന്നു.

സായുധരും മുഖംമൂടി ധരിച്ചവരുമായ ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീനികളെ അവരുടെ വീടുകളില്‍ ചെന്ന് ആക്രമിക്കുകയും സ്‌കൂളിലേക്കുള്ള വഴിയില്‍ കുട്ടികളെ ആക്രമിക്കുകയും സ്വത്ത് നശിപ്പിക്കുകയും ഒലിവ് തോട്ടങ്ങള്‍ കത്തിക്കുകയും ചെയ്യുന്നു, കൂടാതെ മുഴുവന്‍ സമൂഹങ്ങളെയും ഭയപ്പെടുത്തുകയും ചെയ്യുന്നു.

വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ചിതറിക്കിടക്കുന്ന 250 അനധികൃത സെറ്റില്‍മെന്റുകളിലായി 6,00,000 നും 750,000 നും ഇടയില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

Related Articles